പുതിയ ഒരു അമ്പലത്തിലേക്ക് അമ്മ പുറപ്പെട്ടാൽ അച്ഛന്ന് ആധി തുടങ്ങുകയായി. "ദാ.. ഇനി ഫോട്ടോ വാങ്ങിവന്നാൽ തൂക്കാൻ സ്ഥലല്യ ട്ടോ.. വീട് വേറെ നോക്കേണ്ടിവരും."
അമ്മ അങ്ങിനെയാണ്. അമ്പലങ്ങളും അതിലെ ദൈവങ്ങൾക്കുമാണ് എന്നും മുൻതൂക്കം. ഓരോ അമ്പലത്തിൽ പോയാലും ഓരോ ഫോട്ടോ എങ്കിലും വാങ്ങും. വാടക വീട്ടിലെ ചുമരിൽ ആണിയടിച്ചു തൂക്കേണ്ട ജോലി അച്ഛന്ന്. ഒരേ ചുമരിൽ തന്നെ ഒരേ ദൈവത്തിന്റെ വിവിധ ചിത്രങ്ങൾ തിക്കിത്തിരക്കി തൂങ്ങിക്കിടക്കുന്നത് കാണാം. മുറിയുടെ ദൈവ കോണിൽ ചുമർ കാണുകയേ ഇല്ല. ജനൽ മാത്രം. ഓരോ ചിത്രത്തിന്ന് മുന്നിലും കുറച്ചു നേരമെങ്കിലും നിന്നുള്ള പ്രാർത്ഥനയും ഉണ്ട്. ഗണപതിയുടെ മൂന്ന് ചിത്രങ്ങൾക്ക് മുന്നിൽ മൂന്ന് വട്ടം ഏത്തമിടുന്ന അമ്മയുടെ വ്യായാമം ഇതൊക്കെയായിരിക്കും.
കോയമ്പത്തൂരിലെ അമ്പലങ്ങളിൽ ഇടയ്ക്ക് പോകും. പക്ഷെ നാട്ടിലെ ദൈവങ്ങളോടാണ് കൂടുതൽ ഇഷ്ടം. അത് കൊണ്ട് തന്നെ പലപ്പോഴും കാരണങ്ങൾ ഉണ്ടാക്കി പുലാപ്പറ്റയിലേക്ക് പുറപ്പെടും. എനിക്ക് ഏകദേശം ഒരു പത്ത് വയസ്സ് ആവുന്നത് വരെ അച്ഛൻറെ ലീവടിസ്ഥാനമാക്കിയാണ് പോക്ക്. പിന്നീട് കൂട്ടിന്ന് ഞാൻ മാത്രം മതി എന്നായപ്പോൾ പുലാപ്പറ്റയിലേക്കുള്ള യാത്ര ഇടയ്കിടയ്ക്കായി.
വന്ന ദിവസം തൊട്ട് തുടങ്ങും മൂന്ന് കുടുംബക്ഷേത്രങ്ങളിലും കുറച്ചകലെയുള്ള ക്ഷേത്രങ്ങളിലേക്കും ഉള്ള യാത്ര. രാവിലെ കുളത്തിൽ നിന്ന് ഈറൻ മാറാതെ ഒരു ആറരയ്ക്ക് തുടങ്ങുന്ന യാത്ര ചിലപ്പോൾ ഒമ്പതും പത്തും മണിയ്ക്കാണ് തീരുക. അത് കഴിഞ്ഞ് മാത്രം ജലപാനം.
നാട്ടിലേയ്ക്ക് വരുന്ന വഴി ബസ്സിൽ ഇരിക്കുമ്പോൾ കാണുന്ന അമ്പലങ്ങളിലേക്ക് നോക്കി കൈ കൂപ്പും. ആനകൾ ഗണപതിയുടെ അവതാരങ്ങളാണ് എന്നാണ് സങ്കല്പം. അത് കൊണ്ട് വഴിയിലൂടെ പോകുന്ന ആനകളെ നോക്കിയും കൈ കൂപ്പും. പണ്ട് എന്നെ കൊണ്ടും ചെയ്യിപ്പിച്ചിരുന്നു.
അമ്മയുടെ സിനിമ കാണൽ അപൂർവ്വമായെങ്കിലും നടക്കാറുണ്ട്. മിക്കവാറും ഭക്തി സിനിമകളാവും. അക്കാലത്തു തമിഴിൽ അത് ധാരാളമായിരുന്നു താനും. സ്വാമി അയ്യപ്പൻ കാണുമ്പോൾ സിനിമയിലെ ശരണം വിളി ഏറ്റ് വിളിച്ചും അവസാന രംഗത്ത് നട തുറക്കുന്ന ദൃശ്യം തെളിയുമ്പോൾ എണീറ്റു നിന്ന് ഉറക്കെ ശരണം വിളിച്ചു തൊഴുതു നിന്നും തിയറ്ററിലെ താരമായിത്തീർന്നു.
അമ്മയെ പറ്റിയ്ക്കാൻ എളുപ്പമാണ് എന്ന് എനിയ്ക്ക് തോന്നിയിരുന്നു. പരീക്ഷയ്ക്ക് തൊട്ട് മുമ്പ് മാത്രം പഠിയ്ക്കുന്ന ശീലമായിരുന്നു എനിയ്ക്ക്. പാഠ പുസ്തകത്തിനുള്ളിൽ നോവൽ വെച്ച് വായിച്ചിരുന്ന എന്നെ കുറിച്ച് അമ്മ പറഞ്ഞ് നടന്നിരുന്നത് ഞാൻ രാത്രി ഏറെ നേരം ഇരുന്ന് പഠിക്കാറുണ്ട് എന്നാണ്. ഒരിയ്ക്കൽ ഗാന്ധിപുരത്ത് ബസ്സ് കാത്ത് വരിയിൽ നിൽക്കുമ്പോൾ സിഗരറ്റു വലിയ്‌ക്കാൻ എനിയ്ക്ക് മുട്ട് തോന്നി. വയറിന്റെ അസ്വസ്ഥത അഭിനയിച്ച എന്നോട് അമ്മ കാരണം തിരക്കി. സിഗരറ്റു വലിയ്ക്കാത്തത് കൊണ്ടുള്ള വേദനയാണ് എന്ന് പറഞ്ഞപ്പോൾ എന്നാൽ വേഗം പോയി വലിച്ച് വന്നോളൂ എന്ന് പറഞ്ഞ അമ്മയുടെ നിഷ്ക്കളങ്കത ഞാൻ പലപ്പോഴും മുതലാക്കിയിട്ടുണ്ട്. പക്ഷെ അത് അമ്മയുടെ അറിയായ്മയായിരുന്നോ, അതോ അനുകമ്പയുടെ വിശാല മനസ്സായിരുന്നോ.
അപാര ക്ഷമയായിരുന്നു അമ്മയ്ക്ക്. അച്ഛന്റെയും എന്റെയും നിരന്തര കളിയാക്കലും നാട്ടിൽ വന്നാൽ ഞങ്ങളുടെ വട്ടം കൂടിയുള്ള കളിയാക്കലുകളും അമ്മ നേരിട്ടത് ഒരു സ്ഥിതപ്രജ്ഞന്റെ പുഞ്ചിരിയോടെയാണ്.
എന്നിരുന്നാലും അപരിചിതരോട് പോലും കൂസാതെ സംസാരിക്കാനുള്ള മിടുക്ക് അമ്മയ്ക്കുണ്ടായിരുന്നു. പത്തായപ്പുരയിലെ മുകളിലെ വരാന്തയിൽ ഇരിയ്ക്കുന്ന സമയം ആരെങ്കിലും പടിപ്പുര കടന്ന് വന്നാൽ ഏടത്തിയും അനിയത്തിയും അമ്മയോട് അന്വേഷിക്കാൻ പറയും: "സൗദാമിനി... അയാളോട് എന്താ വേണ്ടത് എന്ന് ചോദിയ്ക്കു." കോയമ്പത്തൂരിലെ ജീവിതം നേടി കൊടുത്ത തന്റേടമാവാം അത്.
അമ്മ മുപ്പത് കൊല്ലത്തോളം കോയമ്പത്തൂരിൽ ഉണ്ടായത് കൊണ്ട് മലയാളത്തിന്ന് നേട്ടമുണ്ടായി. ഞങ്ങളുടെ പരിസര വാസികളും പച്ചക്കറിക്കാരും പീടികക്കാരും എന്ന് വേണ്ട, നഗരസഭയിലെ തൂപ്പുകാർ പോലും മലയാളം പഠിച്ചു. അവിടുന്ന് വരുന്ന വരെ ഒരക്ഷരം പോലും തമിഴ് അമ്മ പഠിച്ചില്ല.
ബന്ധങ്ങൾ ആഘോഷിക്കുന്ന കാര്യത്തിലും അമ്മയ്ക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു. പുലാപ്പറ്റയിൽ നിന്ന് മുമ്പേ മാറി താമസം തുടങ്ങിയ ബന്ധുക്കൾ പലരും ഇന്നും എന്നെ അറിയുന്നത് അമ്മ കാരണമാണ്. യാത്രകളും അമ്മയ്ക്ക് ഇഷ്ടമായിരുന്നു. കോയമ്പത്തൂരിലെ വിവിധ അമ്പലങ്ങൾക്കുള്ള യാത്രകൾക്ക് പുറമെ ആർ എസ്സ് പുരത്തെ പാത്രക്കടയിലേക്കുള്ള യാത്ര അമ്മ മുടക്കാറില്ല. തവണ വ്യസ്ഥയിൽ സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കൂട്ടും. ഓരോന്നിലും പേര് എഴുതിയ്ക്കും. ഒരു തവണ അച്ഛന്റെ പേര് ആണ് എഴുതിക്കുന്നതെങ്കിൽ അടുത്ത തവണ എന്റെ. എഴുപതുകളിൽ അമ്മ വാങ്ങി വെച്ച സ്റ്റീൽ പാത്രങ്ങൾ ഇന്നും ഞങ്ങൾ ഇവിടെ ഉപയോഗിക്കുന്നു. കോയമ്പത്തൂരിൽ നിന്ന് വരുമ്പോൾ ഞങ്ങളുടെ കുടുംബത്തിൻറെ ഏക സമ്പാദ്യവും ഇത് മാത്രമായിരുന്നു.
അച്ഛന്റെ വിരമിക്കലോടുകൂടി അമ്മ സ്ഥിരമായി പുലാപ്പറ്റയിൽ താമസമായി. അപ്പോഴേക്കും ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചുള്ള ജോലിയും യാത്രകളുമായി കെട്ടുകൾ അഴിഞ്ഞ ജീവിതത്തിലേക്ക് നീങ്ങി. നാട്ടിലേക്ക് അവധിയ്ക്ക് വരുന്ന വിരുന്നുകാരനായി മാറിയ എന്നെക്കാളും ആവശ്യ കാലത്ത് അമ്മയ്ക്ക് താങ്ങും കൂട്ടുമായിരുന്നത് അമ്മയുടെ സഹോദരിമാർ ആയിരുന്നു, പ്രത്യേകിച്ച് സരള ഓപ്പോൾ. പുലാപ്പറ്റ വിട്ടൊരു ജീവിതം അമ്മ ആഗ്രഹിച്ചിരുന്നതായി ഞാൻ വിചാരിച്ചിരുന്നില്ല.
എന്നാൽ അങ്ങിനെ അല്ല എന്ന് ഒരു തവണ തോന്നിയ സന്ദർഭം ഉണ്ടായി. പാലക്കാട്ടെ ആശുപത്രിയിൽ ഇടുപ്പെല്ല് മാറ്റി വെച്ച ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുമ്പോൾ അമ്മ പറഞ്ഞു: ഇനി നീ പോവുമ്പോൾ ഞാനും വരാം. എനിയ്ക്ക് കുറച്ച് കാലം നിൻറെ കൂടെ ജീവിക്കണം. പോകുമ്പോൾ ശ്രീദേവിയെയും കൂട്ടണം. (ശ്രീദേവി - അമ്മയുടെ ഇളയ സഹോദരിയും സന്തത സഹചാരിയും.) ഗുൽബർഗ്ഗയിലെ ഹോസ്റ്റലിൽ മെസ്സ് ഉണ്ട് ജീവിക്കുന്ന എനിയ്ക്ക് എവിടെയും തൊടാതെ ചിരിച്ചു മാറാൻ മാത്രമേ പറ്റിയുള്ളൂ.
എന്റെ മൂത്ത മകൾ ജനിച്ച് ഇരുപത്തിയെട്ടിന്റെ ആഘോഷങ്ങൾക്ക് നാട്ടിൽ നിന്ന് ബന്ധുക്കൾ വന്നിരുന്നു. കിടപ്പിലായിരുന്ന അമ്മയ്ക്ക് വരാൻ പറ്റിയില്ല. ബന്ധുക്കൾ തിരിച്ച് ചെന്ന് വിശേഷങ്ങൾ പറഞ്ഞപ്പോൾ എല്ലാം കേട്ട് അമ്മ പറഞ്ഞത്രേ: പേരിടുന്ന കാര്യമൊന്നും ഞാൻ ചോദിച്ചില്ല.. അമ്മ ഒരു പേര് മനസ്സിൽ കരുതിയിരുന്നത്രെ. അവർ തിരിച്ചെത്തിയ ദിവസത്തിന്റെ പിറ്റേന്ന് അമ്മ ജീവിതം മതിയാക്കി.
എനിയ്ക്ക് കൃഷ്ണൻ എന്ന പേര് ഇടാനുള്ള കാരണം അമ്മ പറയാറുണ്ട്: മരിയ്ക്കുന്ന സമയത്ത് വിളി കേൾക്കാൻ ഞാൻ ഇല്ലെങ്കിലും ഭഗവാനെങ്കിലും ഉണ്ടാവുമല്ലോ.
ദീർഘ ദർശിയായിരുന്നു അമ്മ.
മരിയ്ക്കുന്ന സമയം ഞാൻ ഉണ്ടായിരുന്നില്ല. മറ്റേ ആൾ വിളി കേട്ടിട്ടുണ്ടാവും. അല്ലെ?

