ലക്സ് സോപ്പിൻറെ പരസ്യങ്ങൾ ഓർമ്മ വെച്ച കാലത്തിൽ തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു. അതാതു കാലത്തെ സിനിമാ താരങ്ങൾ പത നിറച്ച വെള്ളത്തൊട്ടിയിൽ കിടന്നുകൊണ്ട് തിളങ്ങുന്ന തങ്ങളുടെ മേനിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു മിക്ക പരസ്യങ്ങളും. സിനിമാ താരങ്ങൾക്കൊപ്പം ആ സോപ്പ് മാത്രം ഉപയോഗിച്ചിരുന്ന മറ്റൊരു താരവും ഉണ്ടായിരുന്നു വീട്ടിൽ. എൻ്റെ അച്ഛൻ.
അങ്ങിനെ നോക്കുമ്പോൾ ഞാൻ ആദ്യമായി തേക്കാൻ തുടങ്ങിയ സോപ്പും താരങ്ങളുടെ സോപ്പ് തന്നെയാവണം. പിന്നീട് തിരിച്ചറിവ് തുടങ്ങിയ കാലത്ത് ഇത്ര വിലകുറഞ്ഞ സോപ്പ് ഈ താരങ്ങളൊക്കെ ഉപയോഗിക്കുമോ എന്നൊരു സംശയവും ഉണ്ടായി. പക്ഷെ മറു വശം ആലോചിച്ചപ്പോൾ ഇത്ര വലിയ താരങ്ങൾ പോലും വിലകുറഞ്ഞ ഈ സോപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അത്ര കേമം തന്നെയാവണം എന്നും തോന്നി.
ഇടയ്ക്ക് അച്ഛനോട് ചോദിച്ചിരുന്നു സിനിമ കാണുകയേ ചെയ്യാത്ത അച്ഛൻ എന്തിനാണ് സിനിമാ താരങ്ങളുടെ സോപ്പ് മാത്രം വാങ്ങുന്നത് എന്ന്. "അതിന് നല്ല മണാഡോ."
മണമാണ് കാര്യം. പിന്നെ പതയും.
പുലാപ്പറ്റയിൽ സോപ്പിന്റെ സൂക്ഷിപ്പും വിതരണവും വല്യമ്മയായിരുന്നു. കോണിച്ചോട്ടിലെ അറയുടെ ജനൽ കമ്പികൾക്കിടയിലൂടെ ആവശ്യക്കാർക്ക് അത് വിതരണം ചെയ്യും. സോപ്പ് എന്ന് പറഞ്ഞാൽ അന്ന് മിക്കവാറും കോൾ ടാർ ബാർ സോപ്പ് മുറിച്ച് കഷ്ണങ്ങളാക്കിയതായിരിക്കും. അതിൽ ഒരു കഷ്ണമാണ് ഒരാൾക്ക്. കുളത്തിലെ വെള്ളത്തിൽ എത്ര തേച്ചാലും പതയോ മണമോ വരാത്ത ഒരു നിർഗ്ഗുണ സോപ്പ്. തേച്ചു തേച്ചു അത് ഇനിയും തേക്കാൻ പറ്റാത്ത പരുവത്തിലായാൽ വല്യമ്മയെ അത് കാണിച്ച് ബോധ്യപ്പെടുത്തി അടുത്ത കഷ്ണം വാങ്ങാം. "നായിന്റെ നാവു പോലെ തേഞ്ഞ സോപ്പ്" എന്ന് എംടിയുടെ കർക്കിടകത്തിലെ ഒരു വരി വായിച്ചപ്പോൾ കോൾ ടാറിന്റെ ഓർമ്മകൾ പതഞ്ഞു വന്നു.
ബാലരാമമ്മാമ തേക്കുന്നത് രാധാസ് സോപ്പായിരുന്നു. മലപ്പുറത്തുനിന്ന് സഹോദങ്ങൾ വന്നാൽ ആ സോപ്പ് പെട്ടിയാണ് കുളത്തിലേക്ക് കൊണ്ട് വരിക. അവരുടെ കൂടെ ഞാനും കൈയ്യിട്ട് ആ സോപ്പ് എടുക്കും. അതിൻ്റെ ഒരു മണവും പതയും... ഹൗ. പതഞ്ഞു പതഞ്ഞു കൊണ്ടുള്ള ആറാട്ട് ശരിക്കും തിമിർക്കും.
പിന്നീട് കർണാടകത്തിൽ ജോലി നോക്കുന്ന കാലത്താണ് മൈസൂർ ചന്ദന സോപ്പ് പരിചയമാവുന്നത്. ഗൃഹസ്ഥാശ്രമം പൂകുന്നത് വരെ അതായിരുന്നു എൻ്റെ പ്രിയ സോപ്പ്. ഞാൻ സ്ഥിരമായി വാങ്ങുന്നുണ്ടെന്ന് മനസിലാക്കിയാവണം കമ്പനി അതിൻ്റെ വില കുത്തനെ കൂട്ടികൊണ്ടിരുന്നു. ഞാനും അത് വാങ്ങികൊണ്ടിരുന്നു. മുതലാവില്ല എന്ന് തോന്നിത്തുടങ്ങിയത് ഞാൻ നടേ പറഞ്ഞ കാലം തൊട്ടാണ്. എന്നാലും ഇപ്പോഴും ഇടയ്ക്ക് ഒരു സോപ്പ് വാങ്ങി നോക്കും. കേരളത്തിന്റെ ചന്ദന സോപ്പ് അതിൻ്റെ ഒരു ദുർബല അനുകരണം മാത്രമായേ തോന്നിയിട്ടുള്ളൂ.
ബാബിലോണിൽ ക്രി മു 2800 - ലാണത്രെ ആദ്യമായി സോപ്പിന്റെ ഉപയോഗം രേഖപെടുത്തിയിട്ടുള്ളത്. ആദ്യ കാലത്തൊക്കെ സോപ്പ് കമ്പിളി കഴുകി വൃത്തിയാക്കാനാണത്രെ ഉപയോഗിച്ചിരുന്നത്. പിന്നീട് അത് മനുഷ്യന്റെ തൊലിപ്പുറത്തെ അഴുക്ക് കളയാനും ഉപയോഗിച്ച് തുടങ്ങി. ഇന്ന് കാണുന്നത് പോലുള്ള സുഗന്ധമുള്ള ഉറച്ച കട്ടയായിട്ടുള്ള സോപ്പ് ആദ്യമായി അറബ് നാടുകൾ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ പ്രദേശങ്ങളിലാണത്രെ പ്രചാരത്തിൽ വന്നത്.
സോപ്പിന്റെ ഉപയോഗം നല്ലതല്ല എന്നും പറഞ്ഞ് ചെറുപയറുപൊടിയും മറ്റും നിർദേശിക്കുന്നവർ ഉണ്ട്. പ്രകൃതിയുടെ സർവ്വ ഗുണങ്ങളും അറിയാവുന്ന വൈദ്യൻ തന്നെ ലക്സ് സോപ്പിന്റെ ആരാധകനാവുമ്പോൾ എനിയ്ക്ക് മറിച്ച് ചിന്തിക്കേണ്ട കാര്യമില്ല.
* * *

രാമനാഥപുരത്തെ ചികിത്സാലയത്തിന്റെ മതിലിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ശങ്കുണ്ണി നായരുടെ ക്ഷവരക്കട അഥവാ സലൂൺ.കുറ്റിത്തലമുടിയും ചെവിപ്പൂടയുമുള്ള കുറുകിയ ഒരു മനുഷ്യനായിരുന്നു പ്രസ്തുത നായർ. അച്ഛനായിരുന്നു എന്നെ അങ്ങോട്ട് കൊണ്ടുപോയിരുന്നത്. ചെന്ന പാടേ കസേരയുടെ കൈകൾക്ക് കുറുകെ ഒരു പലക വെച്ച് എന്നോട് അതിന് മേൽ കയറി ഇരിക്കാൻ പറയും. എന്നിട്ട് മണ്ടയിൽ ഹെയർ ക്ലിപ്പർ കൊണ്ട് ഒരു പ്രയോഗമാണ്. അത് കഴിയുമ്പോഴേക്കും തലയിലാകെ കുറ്റിമുടികൾ മാത്രമാവും ഉണ്ടാവുക. മാസത്തിൽ ഒരു ദിവസം എന്തായാലും ഉണ്ടാവും ഈ ചടങ്ങ്. ഞാൻ പറഞ്ഞ് വന്നതിന്റെ സാരം ഇതാണ്: ബാല്യത്തിന്റെ ആദ്യ പകുതിയിൽ ചീപ്പിൻ്റെ ഉപയോഗം കാര്യമായി ഉണ്ടായിരുന്നില്ല.
പിന്നീട് സ്വയം മുടിവെട്ടാൻ പോകാൻ തുടങ്ങിയപ്പോൾ എന്റെ ഇഷ്ടത്തിന്ന് മുറിക്കാൻ തുടങ്ങി. ആദ്യമൊക്കെ ശങ്കുണ്ണി നായർ സമ്മതിച്ചില്ല: "അച്ഛൻ അങ്ങിനെയല്ലലോ പറഞ്ഞെ." അതിന്ന് എന്റെ ഇഷ്ടം പോലെ ചെയ്തു കൊടുക്കാൻ അച്ഛൻ നേരിട്ട് വന്ന് പറയേണ്ടി വന്നു.
മണ്ടയുടെ ഇടത്തെ അറ്റത്തിൽനിന്നു വലത്തോട്ട് പതിച്ച് വെച്ച് ചീകുന്നതായിരുന്നു അന്നത്തെ രീതി. അമ്മയുടെ കൈയിൽ നിന്ന് ചീപ്പ് മേടിച്ച് സ്വയം ചീകാൻ തുടങ്ങിയപ്പോഴും അതിൽ മാറ്റമുണ്ടായിരുന്നില്ല.
അതിനിടയിലാണ് കുരുവിക്കൂട് എന്ന് പറയുന്ന ഒരു പുതിയ രീതി പ്രചാരത്തിൽ വന്നത്. മുൻവശത്തെ മുടി ചുരുട്ടിക്കൂട്ടി ഒരു കൂടു പോലാക്കും. അതിൽ ഒരു മുട്ട കൂടി വെക്കാൻ തോന്നുന്ന അത്രയ്ക്ക് രസമായ ഒരു കൂട്. ക്വാർട്ടേസിൽ താമസിക്കുന്ന ഉണ്ണിയേട്ടൻറെ തലയിൽ ആയിരുന്നു അത് ആദ്യം കണ്ടത്. അതിൽ ആകൃഷ്ടനായ ഞാൻ അങ്ങിനെ ഒരു കൂടു എൻ്റെ മണ്ടയിലും പണിയാൻ നോക്കി. അതിനു മുടി ചുരുണ്ടു കിട്ടണമല്ലോ. മുൻ വശത്തെ മുടി ചുരുട്ടി ചുരുട്ടി വരുന്നതിനിടയിൽ ചീപ്പ് എടുക്കാൻ പറ്റാതായി. അവസാനം മുടി മുറിച്ച് ചീപ്പ് എടുക്കേണ്ടി വന്നു. അന്ന് മുറിഞ്ഞ രോമങ്ങൾ പിന്നെ വളർന്നിട്ടേ ഇല്ല.
പിന്നീട് സ്റ്റെപ് കട്ട് എന്നൊക്കെ പറഞ്ഞ് ഓരോ രീതികൾ വന്നപ്പോഴും എന്റെ തലയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. പ്രഭാകര വർമ്മയൊക്കെ സ്റ്റെപ് കട്ടുമായി വിലസിനടക്കുമ്പോഴും മുറിഞ്ഞു പോയ മുടി എന്നെ മറ്റ് പരീക്ഷണങ്ങളിൽ നിന്ന് വിലക്കികൊണ്ടിരുന്നു.
തലയുടെ വശങ്ങളിൽ മാത്രം കുറച്ചു മുടിയുള്ള നെറുകയിൽ നാലേ നാലു രോമങ്ങൾ ഉള്ള ശ്വശുരൻ ചീപ്പ് കൊണ്ട് ശ്രദ്ധാപൂർവം ആ നാല് മുടിയിഴ ചീകുന്നത് കണ്ടിട്ടുണ്ട്. (മകൾ തൻ്റെ അനിമേഷൻ ചിത്രത്തിൽ ഈ രംഗം പകർത്തിയിട്ടുണ്ട്.) നാല് ഇഴയെ ഉള്ളു എങ്കിലും അത് ഒതുക്കത്തിൽ ഇരിക്കെണ്ടേ.
ഇപ്പോൾ വീണ്ടും ഞാൻ തുടങ്ങിയേടത്ത് തന്നെയാണ്. ശങ്കുണ്ണി നായരുടെ കൈകൾക്ക് പകരം ഒരു ഹിന്ദിക്കാരൻ്റെ കൈകളാണെന്ന് മാത്രം. പറ്റെ വെട്ടുന്ന മുടിക്ക് ചീപ്പിൻ്റെ ആവശ്യമില്ല. എങ്കിലും ഒരു തവണ കണ്ണാടി നോക്കി തലയിലൂടെ ചീപ്പ് ഓടിച്ച് പോകാറുണ്ട്. അതിന്റെ പല്ലുകൾ മണ്ടയിൽ കുത്തും എങ്കിലും..
* * *

യവന സുന്ദരനായ നാര്സിസസ് തൻ്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായവരിൽ നിന്നെല്ലാം മാറി നടന്നു. ഒടുവിൽ തെളിഞ്ഞ ജലാശയത്തിൽ തൻ്റെ രൂപത്തിന്റെ പ്രതിഫലനം കണ്ട് അതിനോട് പ്രണയത്തിലായി എന്നാണ് കഥ. കണ്ണാടി ഒരു കണക്കിൽ ആത്മപ്രേമത്തിൻ്റെ ഉപകരണമാണ്.
കണ്ണാടി ഉണ്ടാക്കുന്നതിന്റെ മുമ്പ് ജലാശയങ്ങൾ തന്നെ ആയിരിക്കണം
മുഖം നോക്കാൻ ആശ്രയം. പൊതുവെ ആണുങ്ങളേക്കാൾ പെണ്ണുങ്ങളാണ് കണ്ണാടിക്ക് മുമ്പിൽ കൂടുതൽ സമയം ചെലവാക്കുന്നത് എന്നൊരു ധാരണ ഉണ്ട്. പക്ഷെ അതിന്ന് അപവാദങ്ങളും ഉണ്ട്.
എന്തായാലും കണ്ണാടി എന്റെ അത്യാവശ്യ വസ്തുക്കളിൽ ഒന്നല്ല. മുടി ചീകുവാൻ ഒരു തവണ എന്നതൊഴിച്ചാൽ കണ്ണാടിയുടെ മുമ്പിൽ ഞാൻ അങ്ങിനെ നിന്ന് കൊടുക്കാറില്ല. സ്വയം ക്ഷവരം ചെയ്‌തിരുന്ന കാലത്ത് കുറച്ചു നേരം കണ്ണാടിയുടെ മുമ്പിൽ നിൽക്കേണ്ടി വരാറുണ്ട്. എന്നിട്ടും മുഖം നിറയെ പരിക്കുകളായിരിക്കും. അത് കൊണ്ട് സലൂണിൽ പോകുമ്പോൾ മാത്രം ക്ഷവരവും പതിവാക്കി.
എന്നാൽ ഉന്മാദം ഇളകിയ ചില നിമിഷങ്ങളിൽ കുളിമുറിയിലെ കണ്ണാടിയിൽ നോക്കി ആത്മനിന്ദയുടെ ഗോഷ്ടികളും വാക്കുകളും പതിവുണ്ട് എന്നത് ഇത് വരെ ഞാൻ മാത്രം അറിഞ്ഞ രഹസ്യമാണ്. അപ്പോൾ എനിയ്ക്ക് ദിവോദാസമ്മാമയെ ഓർമ്മ വരും.
അപരന്റെ ജീവിതത്തോട് തന്റെ ജീവിതം തുലനം ചെയ്തു നിരാശയിൽ കഴിയുന്ന മനുഷ്യർക്ക് അക്കര എന്നും പച്ചയാണ്. ഈ ഒരു അവസ്ഥയെ കുറിച്ചുള്ള ഒരു പാട്ടുണ്ട് തമിഴിൽ. അക്കരപ്പച്ച എന്ന സിനിമയിൽ. ഇക്കരയ്ക്ക് അക്കരെ പച്ചെ എന്ന് തുടങ്ങുന്ന ആ ഗാനത്തിൽ, അക്കരയിൽ മാത്രം പച്ച കാണുന്ന മനുഷ്യാവസ്ഥ സംക്ഷേപമായി വിവരിക്കുന്നുണ്ട് ഒരൊറ്റ വരിയിൽ:
"എന്റെ വീട്ടിലെ കണ്ണാടി എൻ്റെ മുഖമല്ല കാണിക്കുന്നത്" (എൻ വീട്ട് കണ്ണാടി എൻ മുഖത്തെ കാട്ടവില്ലയ്)
_____