രാത്രി.
പഴുത്തളിഞ്ഞ ഭാഷയിൽ പറഞ്ഞാൽ സമയം അർദ്ധരാത്രി. പത്തായപ്പുരയുടെ തളത്തിലെ മണിതൂങ്ങിയ ഘടികാരം പന്ത്രണ്ടടിച്ചു. കൃഷ്ണ കൃഷ്ണ എന്ന് ആരോ മന്ത്രസ്ഥായിയിൽ വിളിക്കുന്നത് കേട്ട് കണ്ണ് തുറന്നു. അടുത്ത് കിടക്കുന്ന ജേഷ്ഠൻ എന്നെ തട്ടി വിളിക്കുകയായിരുന്നു. "ദാ.. ആ ജനലിന്റെ അവിടെ നോക്ക്.. രണ്ട് ചുവന്ന കണ്ണുകൾ.." നേരെ കാണുന്ന ജനലിന്റെ ഭാഗത്തേക്ക് ഒന്നേ നോക്കിയുള്ളൂ. പെട്ടെന്ന് പുതപ്പ് തലയ്ക്ക് മീതെ വലിച്ചു മൂടി കോസറിയിൽ ചുരുണ്ട് കൂടി കിടന്നു.
ഇംഗ്ലീഷിൽ കസിൻസ് എന്ന് വിളിക്കാവുന്ന സഹോദരങ്ങൾ ധാരാളമുള്ള വലിയ ഒരു സംവിധാനമാണ് ഞങ്ങളുടെ കുടുംബം. തറവാടും പരിസരവും സജീവമാവുന്ന കാലമാണ് അവധിക്കാലം. അമ്മാവന്മാരുടെ മക്കളും ചെറിയമ്മ വലിയമ്മമാരുടെ മക്കളുമായി കുറെ പേർ പരീക്ഷപൂട്ടിന്റെ കാലത്ത് പുലാപ്പറ്റയിൽ എത്തും. കൂട്ടത്തിൽ ഞാനുമുണ്ടാവും. രാത്രി ആൺ കുട്ടികൾ എല്ലാവരും പത്തായപ്പുരയിലെ തളത്തിലും പെൺകുട്ടികൾ മുകളിലെ തെക്കേമുറിയിലുമായാണ് ഉറങ്ങുക. വിവിധ പ്രായത്തിലുള്ള ഞങ്ങൾ ആറ് കുട്ടികളും, കുട്ടികളോടൊപ്പം കട്ടയ്ക്ക് കട്ട പിടിക്കുന്ന ഒരു അമ്മാവൻ എന്നിങ്ങനെ ഏഴ് പേർ തളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരത്തിയ കോസറികളിലാണ് കിടക്കാറുള്ളത്. കൂട്ടത്തിൽ തികഞ്ഞ പേടിത്തൊണ്ടനായ എനിയ്ക്ക് ധൈര്യം വെക്കാൻ വേണ്ടി സഹോദരങ്ങൾ കണ്ടെത്തിയ വിനോദമായിരുന്നു മേൽ വിവരിച്ചത്.
ഈ വിനോദം കുറച്ച് നാൾ തുടർന്നു. പേടി മാറിയില്ല എന്ന് മാത്രമല്ല അതിന്ന് ശേഷം എവിടെ കിടന്നാലും രാത്രി കൃത്യം പന്ത്രണ്ട് മണിയ്ക്ക് ഞാൻ ഞെട്ടി ഉണരുക പതിവായി. ഏത് ഉഷ്ണകാലത്തും തലയടക്കം പുതപ്പ് മൂടി കിടന്നാലെ ഉറങ്ങാൻ പറ്റൂ എന്നായി. അത് കൊണ്ട് രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു മാത്രം ഉറങ്ങുക ശീലമാക്കി. ബിരുദാനന്തര കാലത്തും ഇത് തുടർന്നു.
ഇരുട്ട് കാണാതെ കോയമ്പത്തൂരിലെ വെളിച്ചം നിറഞ്ഞ രാവുകൾ കണ്ട് ശീലിച്ച എനിയ്ക്ക് പുലാപ്പറ്റയിലെ മഷിക്കറുപ്പാർന്ന രാവുകൾ ഭയത്തിൻറെ പ്രേതഭൂമികളായിരുന്നു. കോയമ്പത്തൂരിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഒറ്റയ്ക്ക് കറങ്ങിനടന്ന എനിയ്ക്ക് പുലാപ്പറ്റയിൽ സന്ധ്യയ്ക്ക് ശേഷം ഒറ്റയ്ക്ക് ഇരിക്കാൻ പോലും പേടിയായിരുന്നു. ഇരുട്ടിന്ന് ഭീകരതയുടെ ഭാവം നൽകുന്ന കഥകൾക്കും ക്ഷാമമുണ്ടായിരുന്നില്ല.
പാലപൂത്ത മണം പരന്നാൽ അരയിളക്കി ഒഴുകിവരുന്ന യക്ഷിയുടെ
യാമമായി. വാൽ മുറിഞ്ഞ പട്ടിയോ ചെവി മുറിഞ്ഞ പശുവോ ഒടിയന്റെ രൂപാന്തരമാവാം. തീതുപ്പി
നീങ്ങുന്ന പിശാചുക്കൾ. രാവുകളിൽ മരണത്തിന്റെ ദൂതുമായി പറക്കുന്ന കാലൻകോഴികൾ. കോട്ടയിൽ
നിന്ന് കടവിലേക്ക് കുളിക്കാൻ ചിലമ്പിളക്കി ഇറങ്ങിവരുന്ന ഭഗവതി. ഇത് കൂടാതെ ബ്രഹ്മരക്ഷസ്സുകൾ
കാരണവന്മാരുടെ ആത്മാക്കൾ എന്നിങ്ങനെ ഭീതിയുടെ സമ്പന്നമായ രാത്രികളായിരുന്നു പുലാപ്പറ്റയിൽ.
പ്രായം ഇരുപതായിട്ടും പോത്തു പോലെ വളർന്നിട്ടും പുലാപ്പറ്റയിലെ പേടിയ്ക്ക് വലിയ കുറവ് ഉണ്ടായിരുന്നില്ല. രാത്രി ഒറ്റയ്ക്ക് ഉറങ്ങുന്ന പ്രശ്നമേ ഉണ്ടായിരുന്നില്ല. സഹോദരങ്ങളോ അമ്മാവന്മാരോ ഉണ്ടെങ്കിൽ അവരുടെ അടുത്ത് കോസറി വിരിക്കും. അല്ലെങ്കിൽ വരാന്തയിൽ സരള ഓപ്പോൾ കിടക്കുന്നതിന്റെ മറുഭാഗത്തു കോസറിവിരിച്ച് കിടക്കും. രാത്രി ഇലയനക്കം കേട്ടാൽ പോലും ടോർച്ചെടുത്ത് പരിശോധിക്കാൻ നടക്കുന്ന സരള ഓപ്പോളുടെ പിന്നാലെ ഞാനും കൂടും. ഒറ്റയ്ക്ക് കിടക്കാൻ പേടിച്ചിട്ടാണ് കേട്ടോ.
പക്ഷെ പുലാപ്പറ്റയിൽ സ്ഥിരതാമസം ആയപ്പോൾ തെളിഞ്ഞു വരുന്ന ആകാശം പോലെ പേടി മെല്ലെ മെല്ലെ മാറിത്തുടങ്ങി. പിൻനിലാ കാലത്തെ ഇരുട്ടും അമാവാസിയിലെ കൂരിരുട്ടും ഭയപ്പെടുത്തിയിരുന്നു. എങ്കിലും, നിലാവെട്ടത്തിലും നക്ഷത്രങ്ങളുടെ അരണ്ട വെളിച്ചത്തിലും മിന്നി നിൽക്കുന്ന രാത്രിയുടെ മാദകത്വം ആസ്വദിക്കാം എന്നായി. രാപ്പക്ഷികളുടെ ചിലപ്പും കൂമൻറെ നീട്ടി വലിച്ച മൂളലും രാത്രികളുടെ നിഗൂഢ വശ്യതയ്ക്ക് മാറ്റ് കൂട്ടി.
മനോട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന മനോജേട്ടൻ, ഭീകര കഥകൾ പറഞ്ഞ് ഫലിപ്പിക്കാൻ മിടുക്കനായിരുന്നു. ഉണ്ട കണ്ണും ഉരുട്ടി പതിഞ്ഞ ശബ്ദത്തിൽ പറയുന്ന കഥകൾ കേട്ട് രാത്രി ഉറങ്ങില്ല എന്ന് അറിയാമായിരുന്നിട്ടും ഞങ്ങൾ കഥകൾ കേൾക്കാൻ ആർത്തി കാണിച്ചു. അങ്ങിനെ പറഞ്ഞ സിനിമാക്കഥകൾ പിന്നീട് കണ്ടപ്പോൾ പേടി തോന്നിയില്ല എന്നതാണ് വാസ്തവം.
അക്കാലത്ത് ഇറങ്ങിയ "എക്‌സോർസിസ്റ്റ്" "ഒമെൻ" എന്നീ രണ്ട് സിനിമകൾ കണ്ട് ആളുകൾ തീയേറ്ററിൽ ബോധംകെട്ടു വീണതും ഒന്ന് രണ്ട് പേർ ഹൃദയസ്തംഭനം വന്ന് മരിച്ചതും വാർത്തയായിരുന്നു. തീ തൻ്റെ മരണമാണെന്ന് അറിഞ്ഞിട്ടും തീരാത്ത കൗതുകത്താൽ അതിലേക്ക് പാഞ്ഞു ആത്മാഹൂതി നടത്തുന്ന ഈയലുകൾ പോലെ, അപകടമായേക്കാം എന്നറിഞ്ഞും ഞാൻ ആ സിനിമകൾ കോയമ്പത്തൂരിൽ വന്ന പുതുക്കത്തിൽ തന്നെ പോയി കണ്ടു. പക്ഷെ അത്ഭുതം എന്ന് പറയാം എനിയ്ക്ക് ഒട്ടും പേടിതോന്നിയില്ല. അറിയാത്തതിനെ നാം ഭയക്കുന്നു. ഭയപ്പെടുന്നതെന്തോ അത് മുന്നിൽ കണ്ട് കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് രക്ഷപെടാൻ മാത്രമാകും ശ്രമം.
ഭയം ഭാവനയുടെ സന്തതിയാണ്. ഭാവന കൂടുതൽ ഉള്ളവരിൽ ഭയവും കൂടുതലാവും.
അറിയാത്തതിനെ നാം ഭയക്കുന്നു. മൃഗങ്ങളിലും മനുഷ്യരിലും ഒരു പോലെ പ്രകടമാകുന്ന ഭയം അതിജീവനത്തിൻറെ സൂത്രം കൂടിയാണ്. അപകടം എന്ന് തോന്നുന്ന എന്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു.
ഭയത്തെ വെല്ലാൻ ഉള്ള വഴി അതിനെ നേരിടുക എന്നതാണ്. ഭയം തോന്നുന്ന എന്തും നേരാം വണ്ണം പരിശോധിക്കാൻ തുടങ്ങി. രാത്രി ഒറ്റയ്ക്ക് കുളത്തിൽ പോയി കുളിക്കുക എന്നത് തികച്ചും പേടിപ്പിക്കുന്ന കാര്യമായിരുന്നു. ആദ്യം വിളക്ക് കത്തിച്ചു വെച്ചും പിന്നീട് അത് ഇല്ലാതെയും കുളിച്ച് നോക്കി. കുളത്തിൽ ഇറങ്ങി കരയിലേക്ക് നോക്കിയപ്പോൾ അടുക്കളത്തൊടിയിൽ വെളുത്ത് ആടുന്നത് വെള്ള ചേല ചുറ്റിയ യക്ഷിയല്ല നിലാവെട്ടത്തിലെ വാഴയിലായാണ് എന്ന് കരയിലേക്ക് കയറി നോക്കിയപ്പോൾ ബോധ്യമായി.
മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങാം എന്ന നിലയായി. കൈയ്യിൽ ടോർച്ചോ വിളക്കോ ഉണ്ടെങ്കിൽ ഇറങ്ങി നടക്കാം എന്നായി.
പക്ഷെ ഇപ്പോഴും ഭയത്തിൽ നിന്ന് പൂർണമായും മുക്തനായി എന്ന് തോന്നുന്നില്ല. വീട്ടിലാണെങ്കിലും ഒറ്റയ്ക്ക് കിടക്കുമ്പോൾ ഒരു ലൈറ്റ് ഇപ്പോഴും വേണം. ഭാവന നിയന്ത്രണത്തിൽ തന്നെ ആവണം. കൂരിരുട്ടിൽ കണ്ണ് ഒന്ന് തുറന്ന് ഭാവന കെട്ടഴിഞ്ഞ് പായുമ്പോൾ ഇപ്പോഴും പേടിച്ച് പണ്ടാരമടങ്ങും.
