Saturday, 26 September 2020

പുസ്തകങ്ങൾക്ക് ഒരു വക്കാലത്ത്

 

pic courtesy



ആദ്യമായി ജോലി കിട്ടി അമേരിക്കയിലേക്ക് പോകുമ്പോൾ ഇളയ സഹോദരൻ അപ്പൻ എന്നോട് ചോദിച്ചു: ഇനി വരുമ്പോൾ കൃഷ്ണേട്ടന്ന് എന്താ കൊണ്ട് വരേണ്ടത്? അക്കാലത്ത് ഇറങ്ങിയ സൽമാൻ റഷ്ദിയുടെ "സാത്തന്റെ വചനങ്ങൾ" എന്ന പുസ്തകമായിരുന്നു ഞാൻ ആവശ്യപ്പെട്ടത്. ഇന്ത്യയടക്കം പല രാജ്യങ്ങളും പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചിരുന്ന പശ്ചാത്തലത്തിൽ എനിക്ക് വേറെ ഒന്നും ആവശ്യപ്പെടാൻ ഉണ്ടായിരുന്നില്ല. 

"അർദ്ധരാത്രിയുടെ സന്തതികൾ" വായിച്ചത് മുതൽ എനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥാകൃത്തായിരുന്നു റഷ്ദി. പിന്നീട് ഇറങ്ങിയ നോവലുകൾ ലഭ്യത പോലെ വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ആ നോവലിന്റെ വായനാസുഖം മറ്റ് നോവലുകളിൽ നിന്ന് കിട്ടിയില്ല. കുറച്ചെങ്കിലും അതിനടുത്ത് എത്തിയത് "മൂർസ് ലാസ്റ്റ് സൈ" എന്ന നോവലായിരുന്നു. ("ജോസെഫ് ആൻറ്റൻ" എന്ന അപരനാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങൾ വിവരിക്കുന്ന അതെ പേരിലുള്ള പുസ്തകം ഒരു നല്ല അനുഭവമായിരുന്നു.) 

ലഭ്യമായ രാജ്യങ്ങളിൽ നിന്ന് പുസ്തകത്തെ വാനോളം വാഴ്ത്തുന്ന ലേഖനങ്ങൾ വായിക്കുമ്പോൾ ഒക്കെ ഞാൻ അപ്പൻ നാട്ടിലേക്ക് വരാൻ കാത്തിരിക്കുകയായിരുന്നു. അങ്ങിനെ അപ്പൻ വന്നു. പുസ്തകം കൈപ്പറ്റി. വായിക്കാനും തുടങ്ങി. പക്ഷെ എന്ത് കൊണ്ടോ വായന മുന്നോട്ടു പോയില്ല. വിരസത അനുഭവപ്പെടാൻ തുടങ്ങി. അർദ്ധ രാത്രിയിലെ സന്തതികളുടെ ദുർബലമായ ഒരു ആഖ്യാന ശൈലി എനിക്ക് അനുഭവപ്പെട്ടു. അതിന്റെ തന്നെ അച്ചിൽ വാർക്കപ്പെട്ട ഒരു നോവൽ. തുടങ്ങി വായന മുഴുമിപ്പിക്കാതെ മാറ്റി വെച്ച അപൂർവം പുസ്തകങ്ങളിൽ ഒന്നായി അത് ഇന്നും അലമാരിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. (ഇത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം ആണ്. പുസ്തകം ഇഷ്ടപ്പെട്ട ആളുകളായിരിക്കാം ഭൂരിപക്ഷവും.) 

ഇത് പോലെയുള്ള അനുഭവമായിരുന്നു തസ്ലിമ നസ്റിന്റെ "ലജ്ജ"യും നൽകിയത്. അത് പക്ഷെ മുഴുമിപ്പിച്ചു. നിരോധനം ഇല്ലായിരുന്നെകിൽ ഈ പുസ്തകങ്ങളുടെ വിധി എന്താവുമായിരുന്നു എന്ന് ഓർത്ത് പോയി. 

പുസ്തകങ്ങൾ ആശയങ്ങളാണ്. ഹിതമല്ലാത്തത് നിരോധിക്കുന്ന രീതിയ്ക്ക് മനുഷ്യ സംസ്കാരത്തോളം പഴക്കമുണ്ട്. 

പാരഡി സിനിമകളുടെ തലതൊട്ടപ്പനായി കരുതപ്പെടുന്ന മെൽ ബ്രൂക്ക്സ് എന്ന സംവിധായകന്റെ "ഹിസ്റ്ററി ഓഫ് ദി വേൾഡ്" എന്ന സിനിമയിൽ ഒരു രംഗമുണ്ട്. പ്രവാചകനായ മോശയുടെ മുന്നിൽ അശരീരിയായ ദൈവം പ്രത്യക്ഷപ്പെടുന്നു. മനുഷ്യകുലത്തിന്റെ നന്മക്കായി മൂന്ന് ഫലകങ്ങളിലായി പതിനഞ്ച് കൽപ്പനകൾ ഏൽപ്പിച്ച് അത് പ്രചരിപ്പിക്കാൻ ആജ്ഞാപിക്കുന്നു. ദൈവം ഈ മഹദ്‌കൃത്യത്തിന്ന് തന്നെ തിരഞ്ഞെടുത്തതിൽ ആഹ്ളാദിച്ച് നടക്കുന്നതിനിടയിൽ അതിലെ ഒരു ഫലകവും ഒപ്പം അഞ്ച് കല്പനകളും താഴെ വീണ് പൊടിഞ്ഞു പോകുന്നു. അങ്ങിനെയാണ് കൽപ്പനകളുടെ എണ്ണം പത്തായതത്രെ. 

കൽവെട്ടുകളിലായും മറ്റും അറിവ് സൂക്ഷിക്കപെടുമ്പോൾ അത് ഇല്ലാതാക്കാൻ എളുപ്പമാണ്. തന്റേത് അല്ലാത്ത വിശ്വാസങ്ങൾ ഒരു ഭരണ കൂടവും പ്രോത്സാഹിപ്പിക്കാറില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്ന് കീഴ്‌പെടുമ്പോൾ ആദ്യം ചെയ്യുക അവിടുത്തെ വിജ്ഞാന കേന്ദ്രങ്ങൾ നശിപ്പിക്കുക എന്നതാണ്. വിജ്ഞാനത്തിന്റെ പ്രോത്സാഹനത്തിന്നായി ലോകത്ത് ലഭ്യമായ പുസ്തകങ്ങൾ എല്ലാം പകർത്തി സൂക്ഷിക്കാൻ ഏർപ്പാടാക്കിയ വത്തിക്കാൻ തന്നെ നിരോധിത പുസ്തകങ്ങളുടെ ഒരു ഔദ്യോഗിക പട്ടിക ഇന്നും സൂക്ഷിച്ച് പോരുന്നു എന്നത് രസകരമായ ഒരു വസ്തുതയാണ്. 

ഓരോ കാലത്തും നിരോധിക്കപ്പെടുന്ന പുസ്തകങ്ങൾ പിന്നീട് ലോക ക്‌ളാസ്സിക്കുകളായി വാഴ്ത്തപ്പെടുന്നതിൽ നിന്ന് തന്നെ നിരോധനത്തിന്റെ വ്യർത്ഥത നമ്മൾക്ക് മനസിലാക്കാം. ഫലകങ്ങൾ പൊടിച്ച് കളയാം. വാമൊഴിയിൽ പകരുന്ന അറിവ് നാവു മുറിച്ച് ഇല്ലാതാക്കാം. ഓലകൾ തീയിലിട്ടു നശിപ്പിക്കാം. പക്ഷെ അച്ചടി വന്ന ശേഷം പുസ്തകങ്ങൾ അമരത്വം നേടി എന്ന് പറയാം. ആയിരക്കണക്കിന്ന് പകർപ്പുകൾ അച്ചടിക്കുന്ന പുസ്തകങ്ങൾ ചിലത് തിരഞ്ഞു പിടിച്ച് നശിപ്പിച്ചാലും ബാക്കിയുള്ളവ എവിടെയെങ്കിലും ശേഷിച്ചിട്ടുണ്ടാവും. അനുകൂല സാഹചര്യത്തിൽ അവ വീണ്ടും വെട്ടത്ത് എത്തുകയും ചെയ്യും.
 
എല്ലാ പുസ്തകവും എല്ലാവർക്കും ഹിതമാവണം എന്നില്ല. പക്ഷെ എല്ലാവരും ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ലോകമല്ലലോ നമ്മുടേത്. ഇഷ്ടമല്ലാത്തത് വായിക്കാതിരിക്കാനോ വായിച്ച് അതിനെ വിമർശിക്കാനോ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ അത് നശിപ്പിക്കാനോ, ആശയം അവതരിപ്പിച്ച വ്യക്തിയെ  ഇല്ലാതാക്കാനോ, നോക്കുന്നത് വിഫലമായ ഒരു ശ്രമമാണ്. എന്നിരുന്നാലും ഹിംസയുടെ ദണ്ഡ് ഉപയോഗിച്ച് രാഷ്രീയമായ (മതവും ഒരു രാഷ്ട്രീയമാണ്) അധികാരത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടി ഈ ഉന്മൂലന ശ്രമങ്ങൾ ഇന്നും തുടർന്ന് പോരുന്നു. 

നിങ്ങൾ  പുസ്തകങ്ങൾ കത്തിച്ച്‌കൊൾക. കടലാസ്സ് ചാമ്പലാവും. ആത്മാക്കളെപ്പോലെ, അതിലെ ആശയങ്ങൾ അമൂർത്ത സത്വങ്ങളായി, ഒഴിയാബാധകളായി, ഭൂമിയിൽ വിഹരിക്കും. കാലാതീതമായി. 
ചിരഞ്ജീവികളായി. 
അനേകം ആയിരം തലമുറകളെ ആവേശിച്ചുകൊണ്ട്.


(( സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ ലോകം നിരോധിത പുസ്തക വാരം ആചരിക്കുന്നു. ഈ കുറിപ്പ് അതിലേക്കാണ്.) 


Saturday, 19 September 2020

ധൂമ പർവ്വം

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലി, വലിക്കുന്നവന്റെയും വലിക്കുന്നവന്ന് ചുറ്റുമുള്ള നിരപരാധികളുടെയും, ആരോഗ്യത്തിന്ന് ഹാനികരമാണ് എന്ന് അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. 


ഓരോ തെരുവിലും അമ്പലങ്ങളും വിഗ്രഹങ്ങളും ഉള്ള നഗരമായിരുന്നു കോയമ്പത്തൂർ എങ്കിലും രാമനാഥപുരത്ത് സ്ഥിതി ചെയുന്ന ചികിത്സാലയത്തിലെ അന്തേവാസികളായ ഞങ്ങൾക്ക് രണ്ട് ആഘോഷങ്ങളായിരുന്നു പ്രധാനം. ഒന്ന്, അടുത്തുള്ള സുബ്രഹ്മണ്യൻ കോവിലിൽ സ്‌കന്ദ ഷഷ്ടി ദിനത്തിൽ അരങ്ങേറുന്ന ശൂര സംഹാരം. രണ്ട്, തൊട്ടടുത്ത പള്ളിയിലെ തിരുനാൾ ആഘോഷം. കാഴ്ചപ്പൊലിമ ഉള്ളതായിരുന്നു രണ്ടും. ചികിത്സാലയത്തിലെ ജീവനക്കാരും ക്വാർട്ടേഴ്സിലെ അന്തേവാസികളും രോഗികൾക്ക് കൂട്ടിരിക്കാൻ വന്നവരും, എല്ലാവരും ഉണ്ടാവും ഗേറ്റിൽ നിരന്നു നിൽക്കാൻ. 

ആറാം ക്‌ളാസ്സ് പഠിക്കുന്ന കാലത്തെ ജനുവരിയിൽ പള്ളിപെരുന്നാൾ നോക്കി നിൽക്കുകയായിരുന്നു എല്ലാവരും. ഞാനും രാജനും മുതിർന്നവരുടെ ശകാരങ്ങൾ വകവെക്കാതെ ഗേറ്റിന്ന് പുറത്ത് നിന്ന് കാഴ്ചകൾ കാണുകയായിരുന്നു. ധാരാളം ആളുകൾ നിന്നും നടന്നും പോയിരുന്നതിനിടയിൽ ഒരാൾ ഒരു സിഗരറ്റു കുറ്റി ഞങ്ങൾക്ക് തൊട്ടു മുമ്പിലായി വലിച്ചെറിഞ്ഞു പോയി. ഞാനും രാജനും പരസ്പരം ഒന്ന് നോക്കി. ഞൊടിയിടയിൽ അതെടുത്ത് ഞാൻ ആഞ്ഞൊരു വലിവലിച്ചു. തലയ്ക്കകത്ത് ഒരു പെരുപെരുപ്പ്. പിന്നെ രാജന് കൊടുത്തു. അവനും ഒന്ന് വലിച്ചു. തൊട്ടു പിന്നിലായി ഞങ്ങളുടെ വീട്ടിൽ ഉള്ളവരടക്കം ചികിത്സാലയത്തിലെ സകല ആളുകളും ഉണ്ടായിരുന്നത് ഞങ്ങൾ മറന്നു പോയിരുന്നു. അടുത്ത വലിക്ക് കുറ്റി ചുണ്ടിൽ എത്തുന്നതിന് മുമ്പേ എവിടെ നിന്നാണ് എന്റെ തലയ്ക്ക് പ്രഹരം വന്നത് എന്നറിയില്ല. കുറ്റി കൈയിൽ നിന്ന് തെറിച്ചു പോയി. 

സിഗരറ്റു വലിക്കുന്നവരും അവർ ഊതിത്തള്ളുന്ന പുകയും എനിക്ക് കുട്ടിക്കാലം തൊട്ടു തന്നെ കൗതുകമായിരുന്നു. സിഗരറ്റു വലിക്കുമ്പോൾ ചുവന്നു മിന്നുന്ന അഗ്രം, വലിച്ചു കഴിഞ്ഞു മൂക്കിൽ നിന്നും നേർത്തു ഒഴുകി വരുന്ന പുക.. രാവിലെ തെക്കേപത്തായപ്പുരയിലെ അടുക്കള ഓടിന്റെ ഇടയിലൂടെ പുറത്തു വരുന്ന പുക പോലെ.. 

എന്റെ കൗതുകം കണ്ട് കണ്ണിലേക്കു തന്നെ സൂക്ഷിച്ച് നോക്കിയാൽ കണ്ണിൽക്കൂടി പുകവരുന്നത് കാണാം എന്ന് പറഞ്ഞ്, ഞാൻ കണ്ണ് നോക്കി ഇരിക്കുന്നതിനിടയിൽ സിഗരറ്റിന്റെ കനലറ്റം കൊണ്ട് കൈ പൊള്ളിക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു.

കുളപ്പുര മാളികയുടെ പടിയിൽ ഇരുന്നു സിഗരറ്റു വലിക്കുന്ന അപ്പോട്ടമാമ ഒരു സംഭവമായിരുന്നു. വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായും കളിയും കാര്യവും പറഞ്ഞിരിക്കുന്നതിനിടയിൽ ഇടയ്ക്കൊരു സിഗരറ്റ് കൊളുത്തും. എന്നിട്ട് ആഞ്ഞു ഒരു വലിയാണ്. സിഗരറ്റിന്റെ കാൽഭാഗം അപ്പോഴേക്കും ചാരമായിട്ടുണ്ടാവും. എന്നിട്ടു ഞങ്ങളെ നോക്കി ചിരിച്ചു വാ തുറക്കും. "പൊക എവിടെ?" ഞാൻ അന്തം വിട്ടു നിൽക്കും. പുക എവിടെ? 

രാജനും എന്നെപ്പോലെത്തന്നെ പുകവലി ഒരു വലിയ കൗതുകമായിരുന്നു. എന്തായാലും ഒന്ന് വലിച്ച് നോക്കാൻ തീരുമാനിച്ചിരുന്നതിന്റെ പരിണിത ഫലമാണ് മേൽ വിവരിച്ചത്. 

പിന്നീട് വലി മെല്ലെ ശീലമാക്കി. അതല്ലെങ്കിലും അങ്ങിനെയാ.. അരുതാത്തത് ചെയ്യാൻ വലിയ ഉത്സാഹമായിരുന്നു. വലിക്കുമ്പോൾ തലയ്ക്കകത്ത് കിട്ടുന്ന പെരുപ്പ് ഒരു ആകർഷണവും. അച്ഛന്റെ പക്കൽ നിന്ന് അടിച്ച് മാറ്റുന്ന ചില്ലറ തുട്ടുകൾ കൊണ്ട് ബീഡി വാങ്ങാൻ തുടങ്ങി. എന്നിട്ട് ചികിത്സാലയത്തിലെ കുളിമുറിയിൽ കയറി വലിച്ച് ഒന്നും അറിയാത്ത പോലെ പുറത്ത് വരും. ചില്ലറത്തുട്ടുകളിൽ നിന്ന് നോട്ടുകളിലേക്ക് വളർന്നപ്പോൾ ബീഡിയ്ക്ക് പകരം സിഗരറ്റ് തന്നെയായി. അഞ്ച് പൈസയ്ക്ക് കിട്ടിയിരുന്ന ബ്ലൂ ബേഡ്, ഫ്ലൈറ്റ് എന്നീ ബ്രാൻഡുകൾ മുതൽ സിസർ, ഗോൾഡ് ഫ്‌ളേക്, വിൽസ് ചാർമിനാർ എന്നിങ്ങനെ അന്ന് ലഭ്യമായ പ്രമുഖ സിഗരറ്റുകൾ എല്ലാം വലിച്ച് നോക്കി. 

അപ്പോഴേയ്ക്കും എന്റെ ഖ്യാതി വാളയാർ ചുരം കടന്ന് നാട്ടിൽ എത്തിയിരുന്നു. ഒരിക്കൽ ചാഴൂർ അമ്മാവൻ എന്നെ കളിപ്പിക്കാൻ ‌വേണ്ടി അദ്ദേഹം വലിച്ചിരുന്ന സിഗരറ്റിന്റെ പായ്ക്കറ്റ് നീട്ടി ചോദിച്ചു : "വലിയ്ക്കുന്നോ?" ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് ഒരു വാശി തോന്നി. പാസിംഗ് ഷോ എനിയ്ക്ക് താല്പര്യമുള്ള ബ്രാൻഡ് ആയിരുന്നില്ല. എങ്കിലും പെട്ടെന്ന് അതിൽ നിന്ന് ഒരു സിഗരറ്റു വലിച്ചെടുത്ത് കൊളുത്തി.

അമ്മാവൻ അത് തീരെ പ്രതീക്ഷിച്ചില്ല. ആ സിഗരറ്റ് എന്റെ ചുണ്ടിൽ നിന്ന് തട്ടിമാറ്റാൻ നോക്കി. ഞാൻ വലിച്ച്‌ കൊണ്ട് പത്തായപ്പുരയ്ക്ക് ചുറ്റും ഓടി. പിന്നാലെ അദ്ദേഹവും. സിഗരറ്റ് മുഴുവൻ വലിച്ച് കഴിഞ്ഞിട്ടേ നിന്നുള്ളൂ. "എന്താ ഈ കാണിച്ചത്" എന്ന് ദേഷ്യത്തിൽ ചോദിച്ചതല്ലാതെ അന്നെനിക്ക് തല്ലുകൊണ്ടില്ല. സൗമ്യനായ അമ്മാവൻ അത് ചെയ്യില്ല എന്ന ഉറപ്പ് എനിയ്ക്കുണ്ടായിരുന്നു. 

ചെയ്തിരുന്ന എന്തും പരസ്യമായി ചെയ്തിരുന്ന ആളായിരുന്നു ഞാൻ. അത് കൊണ്ട് സിഗരറ്റ് വലി ഞാൻ സ്ഥിരമായി കൊണ്ട് നടക്കുന്ന ഒരു ദുസ്സ്വഭാവമായി മാറി. അമ്മാവന്മാർ വേണുവേട്ടൻ അച്ഛൻ എന്നിവരുടെ മുന്നിൽ വെച്ച് മാത്രം വലിച്ചിരുന്നില്ല. മറ്റുള്ളവർ ആര് കണ്ടാലും കൂസലില്ലാതെയായി. അതനുസരിച്ച് വലിച്ചിരുന്ന സിഗററ്റുകളുടെ എണ്ണം കൂടി. ഒറ്റയ്ക്കും ഇരട്ടയ്ക്കും വാങ്ങിയിരുന്നത് നിർത്തി പായ്ക്കറ്റ് കണക്കിലായി വാങ്ങൽ. ബസ് സ്റ്റോപ്പിലും ബസ്സിലും കോളേജിലും എന്ന് വേണ്ട എല്ലായ്പ്പോഴും വലി തുടങ്ങി. 

കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ സ്ഥിരം സാബു സാറിന്റെ സ്പെഷ്യൽ ക്‌ളാസിൽ ഇരിക്കാറുണ്ട്. ഉച്ച കഴിഞ്ഞാവും അത്. ക്‌ളാസ്സ് തുടങ്ങി ഏകദേശം ഒരു മണിക്കൂർ ആവുമ്പോൾ ഞാൻ അസ്വസ്ഥനാവാൻ തുടങ്ങും. അത് ശ്രദ്ധിച്ച് സാർ ചോദിക്കും: എന്താടോ വലിയ്ക്കാറായോ? ഞാൻ തലയാട്ടുമ്പോൾ സാർ പുറത്ത് പോയി വരും. ഈ അവസരം മുതലാക്കി ജോയും ഒന്ന് വലിയ്ക്കും. ഈ കാര്യത്തിൽ അവനും എന്നെ പോലെ ആയിരുന്നു. അക്കാലത്തെ ഞങ്ങളുടെ അവസ്ഥ അവൻ വിവരിച്ച പോലെത്തന്നെ ആയിരുന്നു: "രണ്ട് സിഗരറ്റ് വലിച്ചാൽ വായ കക്കൂസ് പോലെയാവും. അപ്പൊ ക്യാൻറ്റിനിൽ പോയി ഒരു ചായ കുടിക്കും. ചായ കുടിച്ചാൽ പിന്നെ സിഗരറ്റ് വലിയ്ക്കണ്ടേ?"

കുടുംബത്തോടും എന്നോടും ഉള്ള സ്നേഹം കൊണ്ട് ബസ് സ്റ്റാൻഡിൽ കട നടത്തിയിരുന്ന ശ്രീകുമാരൻ നായർ എനിയ്ക്ക് നിർലോഭം സിഗരറ്റ് തന്നിരുന്നു - പറ്റായിത്തന്നെ. പത്തു പൈസ വരുമാനം ഇല്ലാത്ത എനിയ്ക്ക് ആ കടം വീട്ടാൻ സഹായിച്ചത് രണ്ട് ആത്മമിത്രങ്ങൾ ആണ്. പട്ടാളത്തിൽ ആയിരുന്ന "സൗധം" മുരളിയും, പിന്നെ എന്റെ അനുജനും സുഹൃത്തുമായ അശോകനും. 

കാഠ്മണ്ഡുവിൽ എത്തി ജോലി ആയപ്പോൾ വലിയ്ക്കുന്ന സിഗരറ്റിന്റെ എണ്ണം പിന്നെയും കൂടി. ഒരു ദിവസം മൂന്ന് പായ്ക്കറ്റിൽ അധികമായി വലി. ഗുൽബർഗയിൽ എത്തി അധ്യാപനത്തിൽ ആയപ്പോഴേക്കും വലിയ്ക്കാൻ പറ്റാതെ ആയി. കിതയ്ക്കും എന്ന് മാത്രമല്ല, ശബ്ദം ഇടയിക്കിടയ്ക്ക് അടഞ്ഞും പോകും. 

അങ്ങിനെ ഒരു ദിവസം എനിയ്ക്ക് ബ്രോങ്കൈറ്റിസ് പിടിപെട്ടു. എന്റെ സുഹൃത്ത് കൂടിയായ ഡോക്ടറുടെ ചികിത്സ. സിഗരറ്റ് വലി നിർത്തണോ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. അതിന്ന് സാറിന് നിർത്താൻ പറ്റുമോ എന്ന് ഡോക്ടറും. അപ്പോഴേക്കും വലിച്ച് മടുത്തിരുന്ന എനിയ്ക്ക് അത് ഒരു പ്രചോദനമായി. രോഗത്തിന്റെ പേരിൽ ഞാൻ വലി നിർത്തി. അവസാന സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ മതിയാക്കി വലിച്ചെറിഞ്ഞ ദിവസം ഞാൻ ഇന്നും ഓർക്കുന്നു: 1990 ഡിസംബർ 15. പിന്നീട് ഇത് വരെ വലിയ്ക്കാൻ തോന്നിയിട്ടില്ല. 

സിഗരറ്റ് വലി നിർത്തിയപ്പോഴാണ് എന്റെ വലി മറ്റുള്ളവർക്ക് എത്ര ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാവും എന്ന് ഞാൻ മനസ്സിലാക്കിയത്. 





Wednesday, 9 September 2020

വാർത്താനേരം

 

വായനയുടെ ശീലം തന്നെയാവും എന്നെ വാർത്തകളുടെ തീരത്തടുപ്പിച്ചത്. അന്ന് പത്രങ്ങളായിരുന്നു വാർത്താവാഹകർ. ചികിത്സാലയത്തിൽ വരുത്തിയിരുന്ന മലയാള ദിനപത്രമായിരുന്നു ആദ്യ പത്രവായനാനുഭവം. മാസ്ററ് ഹെഡ് മുതൽ ഓരോ അക്ഷരങ്ങളായി അച്ഛനോട് ചോദിച്ച് വായിച്ചതോർമയുണ്ട്. ആദ്യം വലിയ തലക്കെട്ടുകൾ പിന്നെ ചെറുത് എന്നിങ്ങനെയുള്ള ക്രമത്തിൽ. എന്റെ മലയാള പഠനം അത് മാത്രമായിരുന്നു. 

തമിഴ് പത്രങ്ങളോട് അന്ന് പൊതുവെ മതിപ്പ് കുറവായിരുന്നു. അന്ന് ഏറ്റവും പ്രചാരമുള്ള തമിഴ് പത്രമായിരുന്നു "ദിനത്തന്തി."  തമിഴിൽ കുറെ ഏറെ പേർക്ക് സാക്ഷരത പകർന്നു എന്ന ഖ്യാതി ആ പത്രത്തിന്ന് ഉണ്ടായിരുന്നു. ആകർഷകമായ നിറങ്ങളിൽ വലിയ അക്ഷരങ്ങളിൽ അച്ചടിച്ച് വന്നിരുന്ന ആ പത്രത്തിന്ന് കാഴ്ച്ചാ സുഖം ഉണ്ടായിരുന്നു. പക്ഷെ വാർത്തകൾ അവതരിപ്പിക്കുന്നത് മിക്കവാറും കഥാരൂപത്തിൽ. സിനിമ ഷൂട്ടിങ്ങിലെ വിശേഷങ്ങൾ വാർത്തകളായി അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്ന് ഇന്ന സിനിമാതാരം വിവാഹമോചിതനായി എന്ന തലക്കെട്ട് കണ്ട് വായിക്കുന്നവർ അതിന്റെ അവസാനമാണ് ആ താരം അഭിനയിച്ച ഒരു സിനിമാ രംഗത്തിന്റെ വിവരണം ആയിരുന്നു അതെന്ന് അറിയുക. തമിഴ് പത്രങ്ങൾ ഇന്നും തുടരുന്ന ഒരു ശീലം ഉണ്ട്. പത്രം വിൽക്കുന്ന കടകളിലെല്ലാം മുൻവശത്തായി ആ പത്രങ്ങളിലെ പ്രധാന വാർത്തകൾ വലിയ അക്ഷരത്തിൽ അച്ചടിച്ച ഒരു കടലാസ്സ് തൂക്കിയിട്ടിരിക്കുന്നത് കാണാം. തമിഴ് നാട്ടിൽ ഏറെ നാശം വിതച്ച ഒരു കൊടുങ്കാറ്റ് അകന്ന് പോയതിന്റെ പിറ്റേ ദിവസം ആ കടലാസിൽ അച്ചടിച്ച് തൂക്കിയിരുന്നത് ഇന്നും ഓർമ്മയുണ്ട്: "തമിഴ് നാട്ടിൽ കൊടുങ്കാറ്റ് ഭീഷണി..." (അത് കഴിഞ്ഞു മൂന്ന് കുത്തുകളും ഉണ്ടായിരുന്നു.) പത്രം വാങ്ങി നോക്കിയ ഞാൻ കണ്ടത് കൊടുങ്കാറ്റ്‌ ഭീഷണി ഇല്ല എന്നാണ്. 

വൻപ്രചാരമുള്ള സായാഹ്ന പത്രങ്ങൾ ഉണ്ടായിരുന്നു തമിഴിൽ. ദിനപത്രങ്ങളേക്കാൾ വിലകുറച്ച് പൊതുസ്ഥലങ്ങളിൽ കൂവിനടന്ന് വിറ്റ് തുടങ്ങിയ ആ പത്രങ്ങൾ പിന്നീട് ദിനപത്രങ്ങളോളം വളർന്നത് ചരിത്രത്തിന്റെ ഭാഗമാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ "മുരസൊലി" മാരൻറെ "മാലൈ മുരശ്" ആണ് അതിൽ ആദ്യം വന്നത്. ഇവയെല്ലാം തന്നെ തികഞ്ഞ മസാലക്കൂട്ടുകളുമായി വാർത്തകൾ അവതരിപ്പിച്ചിരുന്നു. പത്രം എന്നതിനേക്കാൾ ടാബ്ലോയ്‌ഡ്‌ എന്ന വിശേഷണമാവും അവയ്ക്ക് യോജിച്ചത്. അന്ന് ഒരു ദിനപത്രത്തിന്റെ സ്വഭാവം പ്രകടിപ്പിച്ചത്  ഇന്ത്യൻ എക്സ്പ്രസ്സ്  കുടുംബത്തിൽ നിന്നുള്ള ദിനമണി എന്ന പത്രം മാത്രമായിരുന്നു. പക്ഷെ പ്രചാരത്തിന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞ പത്രങ്ങളുടെ നിലയിലേക്ക് അത് വളർന്നില്ല. 

ഇംഗ്ലീഷിൽ പത്രങ്ങൾ വായിക്കാൻ കിട്ടിയിരുന്നില്ല. പകരം ആഴ്ചപ്പതിപ്പുകൾ വാങ്ങുന്ന ശീലം ഉണ്ടായി. അച്ഛന്റെ പോക്കറ്റിൽ നിന്ന് ചോർത്തിയെടുക്കുന്ന പണമായിരുന്നു എന്റെ മൂലധനം. ഇന്ത്യ ടുഡേയുടെ ആരംഭകാലം മുതൽ ഞാൻ അത് വാങ്ങിയിരുന്നു. ഔട്ട് ലുക്കിന്റെ ആദ്യ ലക്കം മുതൽ കുറെ കാലം അത് വാങ്ങിയിരുന്നു. വാർത്താ വായനയുടെ ഹരത്തിൽ സുഹൃത്തായ പ്രകാശും ഞാനും ചേർന്ന് പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ "നിയമസഭയിൽ ഇന്ന്" എന്ന പേരിൽ ഒരു ആക്ഷേപ ഹാസ്യ നാടകം അവതരിപ്പിച്ചത് ഓർമ്മയുണ്ട്. സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ആയിരുന്നു അതിൽ ഏറെയും ഉൾപ്പെടുത്തിയിരുന്നത്. 

എൺപതുകളിൽ വീഡിയോ തരംഗം തുടങ്ങിയപ്പോൾ ഇന്ത്യ ടുഡേ അവതരിപ്പിച്ച "ന്യൂസ്ട്രാക്" എന്ന ന്യൂസ് മാഗസിൻ ആവണം ഇന്ത്യയിലെ ദൃശ്യ മാധ്യമ സംസ്കാരത്തിന്ന് തുടക്കം കുറിച്ചത്. വീഡിയോ കാസറ്റുകളായി അവ തപാൽ വഴി അയച്ച് കൊടുക്കുന്ന രീതിയായിരുന്നു എന്നാണ് എന്റെ ഓർമ്മ. 

പിന്നീട് വാർത്തകൾ ടെലിവിഷൻ വഴി ലഭ്യമായപ്പോൾ സ്ഥിരമായി കാണാൻ താല്പര്യപ്പെട്ടിരുന്നത് പ്രണയ് റോയ് ദൂരദർശനിൽ അവതരിപ്പിച്ചിരുന്ന "വേൾഡ് ദിസ് വീക്ക്" എന്ന ആഴ്ചപ്പതിപ്പായിരുന്നു. പിന്നീട് സ്റ്റാർ ടീവിയുടെ കണ്ടെന്റ് പ്രൊവൈഡർ ആയി മാറി അത് കഴിഞ്ഞ് സ്വന്തമായി ചാനൽ തുടങ്ങിയപ്പോഴും ഇന്ത്യൻ ടെലിവിഷനിൽ ഞാൻ മാതൃകയായി കണ്ടത് എൻഡിടിവി ആയിരുന്നു. അന്ന് വാർത്തകൾ അവതരിപ്പിക്കുന്നവർക്ക് ഒരു ഉത്തരവാദിത്ത ബോധം ഉണ്ടായിരുന്നു എന്നാണ് തോന്നിയത്. 

മലയാളത്തിലെ ആദ്യ വാർത്താചാനൽ ആയ ഇന്ത്യ വിഷനിൽ എത്തിയപ്പോൾ വാർത്തകളോടുള്ള അഭിനിവേശം കുറഞ്ഞിരുന്നില്ല. പത്രപ്രവർത്തനം പഠിക്കാത്തത് കൊണ്ട് അവിടെ വാർത്തകളുടെ അരികു ചാരി നിന്നു. പിന്നീട് സെബിൻ ഒരു പത്രം തുടങ്ങാൻ വിളിച്ചപ്പോൾ ഉത്സാഹത്തോടെ അതിന്ന് പിന്നാലെ പോയത് വാർത്തകളോടുള്ള ഈ അഭിനിവേശം കൊണ്ടായിരുന്നു. ഏകദേശം എട്ട് മാസങ്ങൾ നീണ്ട "ഓവർ വ്യൂ" എന്ന സ്ഥിരം പംക്തി എഴുതുക വഴി ഒരു കോളമെഴുത്തുകാരന്റെ പത്രാസും എനിക്ക് കിട്ടി. 

നടന്നു വന്ന വഴികളുടെ ദോഷം കൊണ്ടാവാം വാർത്തകൾക്കും അതിന്റെ അവതരണത്തിലും ഒക്കെ ചില ധർമ്മങ്ങൾ ആചരിക്കപ്പെടേണ്ടതുണ്ട് എന്ന് ഇപ്പോഴും തോന്നുന്നത്. വിവേകത്തോടെ കാര്യങ്ങൾ കാണാനുള്ള കഴിവ് നഷ്ടപ്പെടുത്തി വികാരത്തിന്ന് പിന്നാലെ നമ്മൾ പായുന്നതിൽ പത്രങ്ങൾക്കും നല്ലൊരു പങ്കില്ലേ എന്ന് ആലോചിച്ചുപോകുന്നു. രാപ്പകൽ ഭേദമന്യേ നമ്മൾ വിളമ്പുന്നത് അശാന്തിക്കുള്ള വിത്തുകളല്ലേ എന്ന് ശങ്കിച്ച് പോകുന്നു. ദീപസ്തംഭത്തിന്റെ കാര്യവും ക്ഷീരമുള്ള അകിടിൻചുവട്ടിലെ കൊതുകിന്റെ കാര്യവുമെല്ലാം വെറുതെ ഓർത്തു പോകുന്നു. 


https://en.wikipedia.org/wiki/History_of_newspaper_publishing#/media/File:Newspaper_market,_Paris_1848.JPG