ആദ്യമായി ജോലി കിട്ടി അമേരിക്കയിലേക്ക് പോകുമ്പോൾ ഇളയ സഹോദരൻ അപ്പൻ എന്നോട് ചോദിച്ചു: ഇനി വരുമ്പോൾ കൃഷ്ണേട്ടന്ന് എന്താ കൊണ്ട് വരേണ്ടത്? അക്കാലത്ത് ഇറങ്ങിയ സൽമാൻ റഷ്ദിയുടെ "സാത്തന്റെ വചനങ്ങൾ" എന്ന പുസ്തകമായിരുന്നു ഞാൻ ആവശ്യപ്പെട്ടത്. ഇന്ത്യയടക്കം പല രാജ്യങ്ങളും പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചിരുന്ന പശ്ചാത്തലത്തിൽ എനിക്ക് വേറെ ഒന്നും ആവശ്യപ്പെടാൻ ഉണ്ടായിരുന്നില്ല.
"അർദ്ധരാത്രിയുടെ സന്തതികൾ" വായിച്ചത് മുതൽ എനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥാകൃത്തായിരുന്നു റഷ്ദി. പിന്നീട് ഇറങ്ങിയ നോവലുകൾ ലഭ്യത പോലെ വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ആ നോവലിന്റെ വായനാസുഖം മറ്റ് നോവലുകളിൽ നിന്ന് കിട്ടിയില്ല. കുറച്ചെങ്കിലും അതിനടുത്ത് എത്തിയത് "മൂർസ് ലാസ്റ്റ് സൈ" എന്ന നോവലായിരുന്നു. ("ജോസെഫ് ആൻറ്റൻ" എന്ന അപരനാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങൾ വിവരിക്കുന്ന അതെ പേരിലുള്ള പുസ്തകം ഒരു നല്ല അനുഭവമായിരുന്നു.)
ലഭ്യമായ രാജ്യങ്ങളിൽ നിന്ന് പുസ്തകത്തെ വാനോളം വാഴ്ത്തുന്ന ലേഖനങ്ങൾ വായിക്കുമ്പോൾ ഒക്കെ ഞാൻ അപ്പൻ നാട്ടിലേക്ക് വരാൻ കാത്തിരിക്കുകയായിരുന്നു. അങ്ങിനെ അപ്പൻ വന്നു. പുസ്തകം കൈപ്പറ്റി. വായിക്കാനും തുടങ്ങി. പക്ഷെ എന്ത് കൊണ്ടോ വായന മുന്നോട്ടു പോയില്ല. വിരസത അനുഭവപ്പെടാൻ തുടങ്ങി. അർദ്ധ രാത്രിയിലെ സന്തതികളുടെ ദുർബലമായ ഒരു ആഖ്യാന ശൈലി എനിക്ക് അനുഭവപ്പെട്ടു. അതിന്റെ തന്നെ അച്ചിൽ വാർക്കപ്പെട്ട ഒരു നോവൽ. തുടങ്ങി വായന മുഴുമിപ്പിക്കാതെ മാറ്റി വെച്ച അപൂർവം പുസ്തകങ്ങളിൽ ഒന്നായി അത് ഇന്നും അലമാരിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. (ഇത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം ആണ്. പുസ്തകം ഇഷ്ടപ്പെട്ട ആളുകളായിരിക്കാം ഭൂരിപക്ഷവും.)
ഇത് പോലെയുള്ള അനുഭവമായിരുന്നു തസ്ലിമ നസ്റിന്റെ "ലജ്ജ"യും നൽകിയത്. അത് പക്ഷെ മുഴുമിപ്പിച്ചു. നിരോധനം ഇല്ലായിരുന്നെകിൽ ഈ പുസ്തകങ്ങളുടെ വിധി എന്താവുമായിരുന്നു എന്ന് ഓർത്ത് പോയി.
പുസ്തകങ്ങൾ ആശയങ്ങളാണ്. ഹിതമല്ലാത്തത് നിരോധിക്കുന്ന രീതിയ്ക്ക് മനുഷ്യ സംസ്കാരത്തോളം പഴക്കമുണ്ട്.
പാരഡി സിനിമകളുടെ തലതൊട്ടപ്പനായി കരുതപ്പെടുന്ന മെൽ ബ്രൂക്ക്സ് എന്ന സംവിധായകന്റെ "ഹിസ്റ്ററി ഓഫ് ദി വേൾഡ്" എന്ന സിനിമയിൽ ഒരു രംഗമുണ്ട്. പ്രവാചകനായ മോശയുടെ മുന്നിൽ അശരീരിയായ ദൈവം പ്രത്യക്ഷപ്പെടുന്നു. മനുഷ്യകുലത്തിന്റെ നന്മക്കായി മൂന്ന് ഫലകങ്ങളിലായി പതിനഞ്ച് കൽപ്പനകൾ ഏൽപ്പിച്ച് അത് പ്രചരിപ്പിക്കാൻ ആജ്ഞാപിക്കുന്നു. ദൈവം ഈ മഹദ്‌കൃത്യത്തിന്ന് തന്നെ തിരഞ്ഞെടുത്തതിൽ ആഹ്ളാദിച്ച് നടക്കുന്നതിനിടയിൽ അതിലെ ഒരു ഫലകവും ഒപ്പം അഞ്ച് കല്പനകളും താഴെ വീണ് പൊടിഞ്ഞു പോകുന്നു. അങ്ങിനെയാണ് കൽപ്പനകളുടെ എണ്ണം പത്തായതത്രെ.
കൽവെട്ടുകളിലായും മറ്റും അറിവ് സൂക്ഷിക്കപെടുമ്പോൾ അത് ഇല്ലാതാക്കാൻ എളുപ്പമാണ്. തന്റേത് അല്ലാത്ത വിശ്വാസങ്ങൾ ഒരു ഭരണ കൂടവും പ്രോത്സാഹിപ്പിക്കാറില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്ന് കീഴ്‌പെടുമ്പോൾ ആദ്യം ചെയ്യുക അവിടുത്തെ വിജ്ഞാന കേന്ദ്രങ്ങൾ നശിപ്പിക്കുക എന്നതാണ്. വിജ്ഞാനത്തിന്റെ പ്രോത്സാഹനത്തിന്നായി ലോകത്ത് ലഭ്യമായ പുസ്തകങ്ങൾ എല്ലാം പകർത്തി സൂക്ഷിക്കാൻ ഏർപ്പാടാക്കിയ വത്തിക്കാൻ തന്നെ നിരോധിത പുസ്തകങ്ങളുടെ ഒരു ഔദ്യോഗിക പട്ടിക ഇന്നും സൂക്ഷിച്ച് പോരുന്നു എന്നത് രസകരമായ ഒരു വസ്തുതയാണ്.
ഓരോ കാലത്തും നിരോധിക്കപ്പെടുന്ന പുസ്തകങ്ങൾ പിന്നീട് ലോക ക്‌ളാസ്സിക്കുകളായി വാഴ്ത്തപ്പെടുന്നതിൽ നിന്ന് തന്നെ നിരോധനത്തിന്റെ വ്യർത്ഥത നമ്മൾക്ക് മനസിലാക്കാം. ഫലകങ്ങൾ പൊടിച്ച് കളയാം. വാമൊഴിയിൽ പകരുന്ന അറിവ് നാവു മുറിച്ച് ഇല്ലാതാക്കാം. ഓലകൾ തീയിലിട്ടു നശിപ്പിക്കാം. പക്ഷെ അച്ചടി വന്ന ശേഷം പുസ്തകങ്ങൾ അമരത്വം നേടി എന്ന് പറയാം. ആയിരക്കണക്കിന്ന് പകർപ്പുകൾ അച്ചടിക്കുന്ന പുസ്തകങ്ങൾ ചിലത് തിരഞ്ഞു പിടിച്ച് നശിപ്പിച്ചാലും ബാക്കിയുള്ളവ എവിടെയെങ്കിലും ശേഷിച്ചിട്ടുണ്ടാവും. അനുകൂല സാഹചര്യത്തിൽ അവ വീണ്ടും വെട്ടത്ത് എത്തുകയും ചെയ്യും.
എല്ലാ പുസ്തകവും എല്ലാവർക്കും ഹിതമാവണം എന്നില്ല. പക്ഷെ എല്ലാവരും ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ലോകമല്ലലോ നമ്മുടേത്. ഇഷ്ടമല്ലാത്തത് വായിക്കാതിരിക്കാനോ വായിച്ച് അതിനെ വിമർശിക്കാനോ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ അത് നശിപ്പിക്കാനോ, ആശയം അവതരിപ്പിച്ച വ്യക്തിയെ ഇല്ലാതാക്കാനോ, നോക്കുന്നത് വിഫലമായ ഒരു ശ്രമമാണ്. എന്നിരുന്നാലും ഹിംസയുടെ ദണ്ഡ് ഉപയോഗിച്ച് രാഷ്രീയമായ (മതവും ഒരു രാഷ്ട്രീയമാണ്) അധികാരത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടി ഈ ഉന്മൂലന ശ്രമങ്ങൾ ഇന്നും തുടർന്ന് പോരുന്നു.
നിങ്ങൾ പുസ്തകങ്ങൾ കത്തിച്ച്‌കൊൾക. കടലാസ്സ് ചാമ്പലാവും. ആത്മാക്കളെപ്പോലെ, അതിലെ ആശയങ്ങൾ അമൂർത്ത സത്വങ്ങളായി, ഒഴിയാബാധകളായി, ഭൂമിയിൽ വിഹരിക്കും. കാലാതീതമായി.
ചിരഞ്ജീവികളായി.
അനേകം ആയിരം തലമുറകളെ ആവേശിച്ചുകൊണ്ട്.
(( സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ ലോകം നിരോധിത പുസ്തക വാരം ആചരിക്കുന്നു. ഈ കുറിപ്പ് അതിലേക്കാണ്.)

No comments:
Post a Comment