Saturday, 22 August 2020

ഒരു അനുസ്മരണം

കാഠ്മണ്ഡു വാസം കഴിഞ്ഞ് തിരിച്ചെത്തി തേരാ പാരാ നടക്കുന്ന സമയം എന്റെ ഒരു സുഹൃത്ത് ഇടയ്ക്ക് തമാശയ്ക്ക് ചോദിക്കാറുണ്ട്: "ങ്ങാ.. നീ ഇനിം പോയില്ലേ?" അത് കഴിഞ്ഞ് കർണ്ണാടകത്തിലെ ഗുൽബർഗ്ഗയിൽ ജോലി ആരംഭിച്ചത് മുതൽ നാട്ടിൽ വരവ് നന്നേ കുറഞ്ഞു. പിന്നീട് കോഴിക്കോട് എത്തി.. കല്യാണം പ്രാരാബ്ദം എന്നൊക്കെ ആയപ്പോൾ വരവ് തീരെ കുറഞ്ഞു. അപ്പോഴൊക്കെ അവൻ ചോദിക്കാറുള്ളത്, നിന്നെ ഇപ്പൊ തീരെ കാണാൻ കിട്ടുന്നില്ലാലോ എന്നാണ്.


പുലാപ്പറ്റയിലേക്കുള്ള വരവ് കുറഞ്ഞു. എങ്കിലും വരുന്ന സമയത്തതൊക്കെ കണ്ട് മുട്ടാറുള്ള മൂന്ന് പേരുണ്ട്. വേറെ ആരെ കണ്ടില്ലെങ്കിലും എവിടെയെങ്കിലും വെച്ച് ഇവരെ കാണാതിരുന്നിട്ടില്ല. 


മേലെ മഠം ജാനകിയമ്മ. എനിയ്ക്ക് ഓർമ്മ വെച്ച കാലം മുതൽ കാണാറുള്ള രൂപത്തിന്ന് അവസാനം കാണുന്നത് വരെ ഒരു മാറ്റവും സംഭവിച്ച് കണ്ടില്ല. അവരെ ഞാൻ എവർഗ്രീൻ ജാനകിയമ്മ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പ്രസരിപ്പും ഒട്ടും കുറവായിരുന്നില്ല. ചിരിച്ചു കൊണ്ടല്ലാതെ അവരെ കണ്ടത് ഓർമ്മയിലില്ല. ഗോപുരത്തിലെ ആൽ മരം പോലെ അവരും ഒരു നിത്യ വൃക്ഷമാണ് എന്ന് ഞാൻ കരുതി. പക്ഷെ ഇടയ്ക്കെപ്പോഴോ അവർ വിളക്ക് കെടുത്തി യാത്രയായി എന്നറിഞ്ഞു. 


ചിന്നക്കുട്ടൻ നായർ. ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ്മിപ്പിക്കുന്ന ശരീര പ്രകൃതം.ഇല്ലാത്ത കുംഭ കുലുക്കിയുള്ള തുറന്ന ചിരി. ഞങ്ങളുടെ നാട്ടിൻപുറത്ത് വെയിലും മഴയും കൊണ്ട് നടക്കുമ്പോൾ ചിന്നക്കുട്ടൻ നായർക്ക് അതിനെയെല്ലാം പ്രതിരോധിക്കാൻ ഒരു മുണ്ടും മേൽ മുണ്ടായി ഒരു തോർത്തും ധാരാളം മതിയായിരുന്നു. (അമ്പലത്തിലേക്കാണെങ്കിൽ അത് നേരിയ കസവുള്ള ഉത്തരീയമാവും). ആശുപത്രി വാസത്തിന്ന് ശേഷം കിടപ്പിൽ ആയിരുന്ന കാലത്ത് കണ്ടിരുന്നു. തീരെ വയ്യാത്ത അവസ്ഥയിലും ചിരിക്കാൻ മറന്നില്ല.


മീനാക്ഷികുട്ടിയമ്മ. ഞങ്ങളുടെ തറവാടുമായി ഏറെ അടുപ്പമുള്ള കുടുമ്പം ആയിരുന്നു അവരുടേതും. മൂച്ചിത്തറയിൽ ബസ്സിറങ്ങി ചർക്ക ക്‌ളാസ്സിന്റെ മുന്നിലൂടെ കുടുംബത്തിലേക്ക് നടക്കുമ്പോൾ ആ വഴിക്കരികിലുള്ള വീടിന്റെ മുന്നിൽ മിക്കവാറും അവർ ഉണ്ടാവും. നമ്മുടെ കുടുംബത്തിന്റെ ഏതു വിശേഷത്തിനും ശ്രമക്കാരുടെ കൂടെ അവർ ഉണ്ടാവും. 


നാട്ടുകാർ വിശേഷം അന്വേഷിക്കുമ്പോഴാണ് നമ്മൾ നാട്ടുകാരനാണ് എന്ന തോന്നൽ ഉണ്ടാവുന്നത്. 

മൂവരിൽ അവസാനത്തെ ആളായി മീനാക്ഷിയമ്മയും ഇപ്പോൾ പോയി. ഇനി?

 

Sunday, 9 August 2020

വാർഷ സ്‌മൃതി

രണ്ട് കൊല്ലങ്ങൾക്ക് മുമ്പത്തെ ആഗസ്റ്റ്. അതിവർഷം പെയ്തുകൊണ്ടിരുന്നു. മദമിളകിയപോലെ വെള്ളം ആകാശത്തോളം പരപ്പിൽ കുത്തിയൊഴുകി. ഒരു പിരികയറിന്റെ വണ്ണത്തിൽ ഒരു ചാല് ഞങ്ങൾ താമസിക്കുന്ന വീടിന്ന് അരികിലൂടെ ഒഴുകുന്നുണ്ട്. പ്രളയ ഭീഷണി ചുറ്റും മുഴങ്ങുമ്പോഴും ഞാൻ സ്വയം സമാധാനിച്ചു. പുഴ ഇത്ര ദൂരം കയറിവരില്ല. അയൽക്കാരോട് സമുദ്രനിരപ്പിനെക്കുറിച്ച് ക്‌ളാസ്സ് എടുത്തുകൊണ്ട് അവരെ സമാധാനിപ്പിക്കാൻ നോക്കി. പക്ഷെ പുഴയ്ക്ക് ശാസ്ത്രമില്ല. ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു വന്ന് അത് വീടിനെ ചുറ്റി വരിഞ്ഞപ്പോഴാണ് എന്റെ അന്ധവിശ്വാസം മാറി പ്രാണനുംകൊണ്ട് സകുടുംബം ഓടിപ്പോയത്. 

മഴയുമായി എനിക്ക് ഒരു ആയുസ്സിന്റെ ബന്ധമുണ്ട്. എന്നെ ഏറ്റവും അധികം പ്രലോഭിപ്പിച്ച പ്രതിഭാസമാണ് മഴ. നഗരങ്ങളിലെ മഴ പരിഷ്കാരിയാണ്. കോയമ്പത്തൂരിലെ മഴയ്ക്ക് ചാറ്റൽ മഴയുടെ സ്വാഭാവമാണ്. മഴയുടെ സ്വരൂപം വെളിവാകുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. തടസ്സങ്ങളറിയാത്ത കാട്ടുകുതിര പോലെ അത് മദിച്ചു പെയ്യും. അത് കൊണ്ട് തന്നെ ധാരാളം ഒഴുവിടങ്ങൾ ഉള്ള പുലാപ്പറ്റയിലെ ഏറ്റവും വലിയ ആകർഷണം മഴയായിരുന്നു. 

പത്തായപ്പുരയുടെ പടിയിലോ ചാരുകസേരയിലോ ഇരുന്ന് നോക്കുമ്പോൾ രാജമന്ദിരത്തിന്റെ നെറുകിലൂടെ ഒരു അഭ്യാസിയെപ്പോലെ മഴ ചാടിവീഴും. കന മഴയ്ക്ക് മുമ്പേ തെറിച്ച് വരുന്ന ഒരു ചാറ്റൽ ഉണ്ട്. പെരപ്പുറത് മണൽവാരി എറിയുന്ന പോലെ ശബ്ദമുണ്ടാക്കികൊണ്ടാണ് അതിന്റെ വരവ്. ഒരു വികൃതി ബാലനെ പിടിക്കാൻ വരുന്ന അമ്മയെപ്പോലെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിന്നാലെ ഉണ്ടാവും കന മഴ. 

വർഷക്കാലം ഉന്മാദത്തിന്റെ കാലമാണ്. മനസ്സിലാകെ ഒരു  മയിലാട്ടം. അകത്തിരുന്നു മഴ കാണാം. പുറത്തിറങ്ങി അതിൽ കുതിരാം. തയ്യൽ യന്ത്രത്തിന്ന് അടിയിലെന്ന പോലെ കുളത്തിൽ മലർന്ന് കിടന്ന് ആയിരം സൂചികുത്തിന്റെ സുഖമറിയാം. വെള്ളം തെറിപ്പിച്ച് കൊണ്ട് ഇടവഴികളിലൂടെ ചാടി ഇറങ്ങാം. മഴ  പെയ്തു പോയ ശേഷം ഒരു വീണ്ടുവിചാരം പോലെ വീഴുന്ന ഇലമഴ നനയാം. കൂനിക്കൂടിയ കിളികൾ നനഞ്ഞ തൂവൽ കുടഞ്ഞ് ഇരിക്കുന്നത് കാണാം. രാത്രി മഴ സംഗീതമാവുന്നത് അത് കാണാൻ പറ്റാത്തത് കൊണ്ടാണ്. ശത തന്ത്രിയുടെ സംഗീതം പോലെ..  

പകൽ മഴയ്‌ക്കാണ്‌  സൗന്ദര്യം. നാട്ടിൻപുറങ്ങളിലെ മഴയ്ക്ക് അഭൗമ സൗന്ദര്യമാണ്. 

മഴവിവരണങ്ങളിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടം കാളിദാസന്റെയും ടാഗോറിന്റെയും വിവരണങ്ങളാണ്. അതിലൂടെ സഞ്ചരിക്കുമ്പോൾ പെയ്യാ മഴയിൽ കുതിർന്നു പോവാറുണ്ട്. നിയന്ത്രണം വിട്ടു കുതിച്ചു വരുന്ന നദി, കരയിലെ മൺ തിട്ടകളെ തട്ടി വീഴ്ത്തി പോകുന്ന കാഴ്ചകൾ ടാഗോറിന്റെ പല കഥകളിലും ഉണ്ട്. നദി ബ്രഹ്മപുത്രയാണ് എന്നറിയുമ്പോൾ ആ രൗദ്രം നമ്മൾ മനസിലാക്കുന്നു. 

പ്രളയാനന്തരം മഴ ഒരു പേടിയായി മാറുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എല്ലാ ആഗസ്റ്റ് മാസവും ഭീതിയുടെ കാലമായ് മാറുമോ? 

ഇപ്പോഴും മഴയോടുള്ള ആസക്തി കുറഞ്ഞിട്ടില്ല. എഴുന്നള്ളത്തിന്ന് മുമ്പേ വഴി തെളിക്കാൻ ധൃതിപ്പെട്ട് വരുന്നയാളെപ്പോലെ മഴയ്ക്ക് മുമ്പേ ഗമിക്കുന്ന ഒരു കാറ്റുണ്ട്. ഭക്തരെ തള്ളിമാറ്റികൊണ്ട് പോകുന്ന പോലെ വഴിയിലെ മരങ്ങളെ തള്ളിനീക്കാൻ കാറ്റു ശ്രമിക്കുമ്പോൾ ബാധ കയറിയ പോലെ മരങ്ങൾ തലവിരിച്ച് ആടും. അപ്പോഴെല്ലാം എന്റെ മനസ്സിൽ തികട്ടി വരിക ബാല്യത്തിൽ വായിച്ച ഒരു കവിതയാണ്. മു. മേത്ത എന്ന കവിയുടെ സംഗീതം എന്ന ശീർഷത്തിൽ:

"സഹിക്കാനാവാത്ത സന്തോഷത്തിൽ മരങ്ങൾ തലയാട്ടുന്നല്ലോ 
ഭൂമിയ്ക്കടിയിൽ വേരുകൾ പുല്ലാംകുഴൽ വായിക്കുന്നുവോ?"


Saturday, 1 August 2020

അമ്മാവനും കാങ്ക്രസും

ഒത്തമോൾ (ഒത്ത മുകൾ) എന്ന് ഞങ്ങൾ വിളിക്കുന്നത് പത്തായപ്പുരയിലെ രണ്ടാം നിലയ്ക്കാണ്. അതിന്ന് മുകളിൽ തട്ടുമ്പുറം. ഒത്തമോളിലുള്ള രണ്ട് അറകളിൽ ഒന്ന് ഞാൻ കൈയ്യടക്കി വെച്ചിരുന്നു. വായന ഉറക്കം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള മുറി. അതിഥികൾ വരുമ്പോൾ അവർ കട്ടിലിൽ കിടക്കും. ഞാൻ നിലത്ത് കോസറി വിരിച്ചു കിടക്കും. 

അങ്ങിനെ ഒരു ദിവസം തറയിലെ കോസറിയിൽ കിടക്കുകയായിരുന്നു. പുലർച്ചെ കൃത്യം അഞ്ചര മണിക്ക് തന്നെ കട്ടിലിൽ കിടന്നിരുന്ന അമ്മാവൻ എഴുന്നേറ്റു. കാൽ പെരുമാറ്റം കേട്ട് ഞാൻ ഉണർന്നു എന്ന് മനസിലാക്കി. "കിടന്നോളു.. ഞാൻ ഒന്ന് പല്ലു തേച്ചിട്ട് വരട്ടെ" എന്ന് പറഞ്ഞ് താഴേക്ക് ഇറങ്ങിപ്പോയി. പോയ ഉടൻ തന്നെ തിരിച്ച് മുറിയിലേയ്ക്ക് കയറി വന്നു. "ഞാൻ പല്ലെടുക്കാൻ മറന്ന് പോയെടോ." ഒരു ചിരിയോടെ ഗ്ലാസിൽ ഇട്ടു വെച്ചിരുന്ന പല്ല് സെറ്റ് എടുത്തു വീണ്ടും കോണിയിറങ്ങി പോയി. 

അമ്പ്യാരമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ വല്യമ്മാവനായിരുന്നു അത്. എൻ്റെ അമ്മയുടെ മൂത്ത ജേഷ്ഠൻ. പേര് അംബികാചരൻ തമ്പാൻ എന്നാണ്. അംബിയാരൻ അതിൻ്റെ ലോപരൂപം. 

ഞങ്ങളുടെ തറവാട്ടിലെ മരുമക്കത്തായ വ്യവസ്ഥയിൽ കോയമ്പത്തൂർ ഉള്ള കാലത്തോളം സ്ക്കൂൾ രേഖകളിലെ രക്ഷിതാവ് അമ്മാവനായിരുന്നു. പിന്നീട് അദ്ദേഹം ഗൂഡല്ലൂർക്ക് താമസം മാറി. അച്ഛനുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തോട് ചോദിച്ചിട്ടേ എൻ്റെ കാര്യങ്ങളിൽ തീരുമാനം ഉണ്ടാവാറുള്ളു.

നല്ല നീണ്ട് നിവർന്ന ശരീരം. ഖദർ പാൻറ്റ്സും ഖദർ ഷർട്ടും വേഷം. നടക്കുമ്പോൾ കൂട്ടിന്ന് അമ്മാവനെ പോലെ തന്നെ നടു നിവർന്ന് കൂടെ നടക്കുന്ന ഒരു കാലൻ കുട. നടത്തത്തിൽ അദ്ദേഹത്തിൻ്റെ കൂടെ നടന്നെത്താൻ പാട് പെടും. ആരോടും വിദ്വേഷം ഇല്ലാത്തത്കൊണ്ട് മുഖത്തു എപ്പോഴും പ്രസന്നത. അടുത്ത് വരുമ്പോൾ പുറകോട്ട് ചീകിയ തലമുടിയിൽ നിന്നുള്ള നേരിയ ഹെയർ ഓയിൽ ഗന്ധം. വീട്ടിലാണെങ്കിലും എപ്പോഴും വൃത്തിയുള്ള ഖദർ മുണ്ടും കൈയ്യില്ലാത്ത ഖദർ ബനിയനും. (ഞങ്ങൾ കുട്ടികൾ അതിനെ അമ്പ്യാരമ്മാമയുടെ ഷിമ്മീസ് എന്ന് ഇടയ്ക്ക് പറഞ്ഞ് ചിരിക്കാറുണ്ട്.) കൃത്യം അഞ്ചരയ്ക്ക് ഉണരും. യാതൊരു ദുശ്ശീലവും ഇല്ലാത്ത തികഞ്ഞൊരു ഗാന്ധിയൻ.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൂന്ന് തവണ ജയിലിൽ കിടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കെല്ലാം ഒരു സഹായിയുടെ കൂടെ ഇന്ത്യക്കകത്ത് എവിടെയും ഫസ്റ്റ് ക്‌ളാസിൽ പോയി വരാവുന്ന സൗജന്യ റെയിൽവേ പാസ്സ് പിന്നീട് അനുവദിച്ചപ്പോൾ, അമ്മാവനെപ്പോലെ അത് ഉപയോഗിച്ചിട്ടുള്ളവർ വേറെ ഉണ്ടാവും എന്ന് തോന്നുന്നില്ല. സ്വതവേ യാത്രാ പ്രിയനായ അമ്മാവൻ ഇന്ത്യക്കകത്ത് പോയി വരാത്ത സ്ഥലങ്ങലില്ല. 

തികഞ്ഞ കോൺഗ്രസ്സുകാരനായിരുന്നു. ഗാന്ധിക്ക് ശേഷം നെഹ്രു പിന്നീട് ഇന്ദിരാ ഗാന്ധി എന്ന കണക്കിൽ കോൺഗ്രസ്സിലെ നേതാക്കളെ ആദരിച്ചു പോന്നു. പ്രായത്തിന്ന് മുമ്പേ മൂപ്പെത്തിയ എനിക്ക് രാഷ്ട്രീയവും സജീവ വായനാ വിഷയമായിരുന്നു. അമ്മാവനുമായി ഇടയ്ക്കൊക്കെ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്. കാലം മാറുന്നതിന്ന് അനുസരിച്ച് കോൺഗ്രസ്സും മാറി വന്നു. ഇടയിക്കിടയ്ക്ക് ഞാൻ അമ്മാവനോട് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് : ഇന്നത്തെ ഇന്ത്യ കാണുമ്പോൾ സ്വാതന്ത്ര്യത്തിന്ന് വേണ്ടി അന്ന് കഷ്ടപ്പെട്ടത് വെറുതെയായി എന്ന് തോന്നുന്നുണ്ടോ? ആദ്യകാലങ്ങളിലെല്ലാം ഹേ, ഇല്ല എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ് ക്രൂരതയുടെ കഥകൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോൾ വീണ്ടും ചോദിച്ചു. ഇല്ല എന്ന് പറഞ്ഞെങ്കിലും ശബ്ദത്തിന്ന് ഒരു ഉറപ്പ് പോരാ എന്ന് തോന്നി. ഇന്ദിരയോടുള്ള കൂറ് അപ്പോഴും തീർന്നിരുന്നില്ല. പക്ഷെ വൻമരം വീണപ്പോൾ ഉണ്ടായ കൂട്ടക്കുരുതി അമ്മാവന്ന് ദഹിക്കുന്നുണ്ടായിരുന്നില്ല. അതിന്ന് ശേഷമുള്ള എൻ്റെ ചോദ്യങ്ങൾക്ക് മൗനമോ ദീർഘ നിശ്വാസമോ ഒക്കെയായിരുന്നു മറുപടി.

സ്വാതന്ത്ര്യ ലബ്ദിയോടെ കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ ദൗത്യം പൂർത്തിയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ഉടൻ കോൺഗ്രസ്സ് പിരിച്ചു വിടണം എന്ന് ഗാന്ധി അന്ന് പറഞ്ഞത് അതിൻ്റെ ഭാവിയിലെ പതനം മുൻകൂട്ടി കണ്ടിട്ടാവണം. സ്വാതന്ത്ര്യ സമരം ലക്ഷ്യമാക്കി കോൺഗ്രസ്സ് എന്ന വലിയ കുടക്കീഴിൽ അണിനിരന്നവർ വ്യത്യസ്ഥ ചിന്താധാരയിൽ പെട്ടവരായിരുന്നു. ഇടത് പക്ഷ ചിന്തയുള്ള സോഷ്യലിസ്റ്റുകളും വലതുപക്ഷ ചിന്തയുള്ള ഹിന്ദു മുസ്ലിം മതസ്ഥരും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അവർ എല്ലാം അംഗീകരിച്ച ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ്സിന്റെ പ്രസക്തി സ്വാതന്ത്ര്യത്തോട് കൂടി ഇല്ലാതായി. കൂടെ നിന്നവർ വ്യത്യസ്ഥ വിശ്വാസധാരയുടെ ഭാഗമാവാൻ തിരിച്ച് പോയി. ആദർശത്തിൽ ഊന്നിയ തലമുറ കഴിഞ്ഞപ്പോഴേക്കും അധികാരത്തിൽ ഊറിപ്പോയ കോൺഗ്രസ്സും സ്വന്തം നേട്ടങ്ങൾക്ക് പിന്നാലെ പോകാൻ തുടങ്ങി. സ്വജന പക്ഷപാതവും അഴിമതിയും മൂത്തു സർവ്വാധികാരത്തിന്റെ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴാണ് പുതിയ കോൺഗ്രസ്സിന്റെ പൊള്ളത്തരം ആളുകൾക്ക് ബോധ്യമായത്. 

ഈ മാറ്റങ്ങൾ അമ്മാവനും മനസ്സിലാക്കിയിരുന്നു. പിന്നീട് രാഷ്ട്രീയം സംസാരിക്കാൻ വലിയ ഉത്സാഹം കാണിച്ചിട്ടില്ല. യാത്രകളും കുടുംബക്കാരുമായുള്ള സൗഹൃദം പുതുക്കലുമൊക്കെയായി ശിഷ്ടകാലം.

എൻ്റെ കുടുംബത്തിലെ രണ്ടാമത്തെ അർബുദ രോഗിയായി മാറിയ ശേഷം യാത്രകൾ ഇല്ലാതായി. തൃശ്ശൂരുള്ള മൂത്ത മകളുടെ വീട്ടിൽ വെച്ച് അന്ത്യം വരിക്കുന്നതിന്ന് മുമ്പ് രണ്ട് മൂന്ന് തവണ കാണാൻ പോയിരുന്നു. 

വിശ്വാസങ്ങൾക്കതീതമായി ആളെ കൊണ്ട് പോകുന്ന അർബുദം എന്ന രോഗം പോലെത്തന്നെയാണ് അധികാരത്തിൽ ഉറച്ച് പോയ കൂട്ടങ്ങളുടെ കഥയും. അലക്കിത്തേച്ച പ്രതീക്ഷയുടെ നാമ്പുമായ്‌ വളർന്ന് വലുതായി വിരിഞ്ഞു നിൽക്കുമ്പോൾ വേരുകളിൽ കാർന്ന് തിന്നുന്ന ഞണ്ടുകളെ ശ്രദ്ധിച്ചെന്ന് വരില്ല. പിന്നീട് അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോഴും ഞാൻ ഓർത്തത് മഹാപ്രസ്ഥാനങ്ങളുടെ തകർച്ചയെ കുറിച്ചാണ്.