Tuesday, 28 May 2024

കവിത

pic courtesy: https://www.dreamstime.com/stock-photo-poetry-word-cloud-vintage-paper-old-yellow-brown-stains-book-image62475791

ഇന്ന് വലിയ എഴുത്തുകാരായി അറിയപ്പെടുന്ന പലരും തുടങ്ങിയത് കവിത എഴുതിക്കൊണ്ടാണ് എന്ന് വായിച്ചിട്ടുണ്ട്. വലിയ എഴുത്തുകാർ മാത്രമല്ല ചെറിയ എഴുത്തുകാരും. എഴുത്തുകാർ ആയി തീരുകയേ ചെയ്യാത്ത ഒരു പാട് പേരും തുടങ്ങിയത് കവിത എഴുതിക്കൊണ്ടാവണം. അല്ലെങ്കിൽ കവിതയാണ് എന്ന് വിശ്വസിച്ച് എഴുതിക്കൊണ്ടാവണം. 

ലിസ്യു സ്കൂളിൽ ഏഴിൻറെയും എട്ടിന്റെയും ക്‌ളാസ്സുകൾക്കിടയിൽ എപ്പോഴോ ആയിരിക്കണം ഞാൻ നോട്ടുബുക്കുകളിൽ തമിഴ് വരികൾ സ്വന്തമായി കുറിച്ചിടാൻ തുടങ്ങിയത്. ആരെങ്കിലും അത് കണ്ടിരുന്നെങ്കിൽ തന്നെ കണ്ടതായി ഭാവിച്ചിരുന്നില്ല. 

അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു കഴിവും പ്രകടിപ്പിക്കാത്ത, മാഷമ്മാരുടെ കൈയിൽ നിന്നു ഇടയ്കിടയ്ക് അടി ഇരന്നു വാങ്ങുന്ന, അതിസാധാരണ ബാല്യം പിന്നിട്ട്, കൗമാരത്തിന്റെ തുടക്കത്തിലാണ് ഞാൻ സ്റ്റെയ്ൻസ് സ്‌കൂളിൽ എത്തുന്നത്. എത്തിപെട്ടതാകട്ടെ സ്ത്രീഗന്ധമേൽക്കാത്ത ഋശ്യശൃംഗൻമാരുടെ താവളമായ ബി ഡിവിഷനിലായിരുന്നു. എ ഡിവിഷനിൽ നിന്ന് ഇടവേളകളിൽ സ്വപ്ന ശാരികകൾ കണക്കെ പുറത്തേക്കും പിന്നീട് അകത്തേക്കും ഒഴുകി നടക്കുന്ന പെൺകുട്ടികളെ നിർനിമേഷമായി നോക്കിയിരിക്കാൻ വിധിക്കപ്പെട്ടവർ.    

അതിനിടയിൽ എപ്പോഴോ വീണ്ടും മുളപൊട്ടി. ഞാൻ വരികൾ കുറിച്ചിടാൻ തുടങ്ങി. തമിഴിൽ തന്നെയായിരുന്നു. ഇത്തവണ പക്ഷെ വരികൾ പിടിക്കപ്പെടുകയും ക്‌ളാസ്സിലാകെ പാട്ടാവുകയും ചെയ്തു. അങ്ങിനെ ഞാൻ ക്‌ളാസ്സിലെ "കവിഞ്ഞൻ" ആയി. മിക്കതും കൗമാര ചാപല്യങ്ങളുടെ പ്രകാശനങ്ങളായതു കൊണ്ട് ക്‌ളാസ്സിലെ മിക്കവരും വായനക്കാരായി. മെല്ലെ ചില മാഷമ്മാര് വഴി അദ്ധ്യാപകർക്കിടയിലും ഞാൻ ഒരു പദ്യക്കാരനാണെന്ന അഭിപ്രായം ഉണ്ടായി. 

ക്‌ളാസ്സിലെ ഏറ്റവും ഉയരംകൂടിയ നമ്പിരാജനായിരുന്നു എൻ്റെ കവിതകളുടെ പ്രധാന പ്രോത്സാഹകനും  പ്രചാരകനും. അവൻ എൻ്റെ കവിതകൾ വീട്ടിലേക്ക് കൊണ്ടുപോവാൻ തുടങ്ങി. നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അവൻ്റെ പെങ്ങൾക്ക് എന്റെ കവിതയിൽ മതിപ്പ് തോന്നുകയും കോളേജിലെ സുഹൃത്തുക്കളുമായി അത് പങ്കു വെക്കുകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ അവർ കവിഞ്ഞനെ ഒന്ന് നേരിട്ട് കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം മടിച്ച് നിന്ന എന്നെ ഒരു ദിനം നമ്പിരാജൻ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയപ്പോളാണ് എൻ്റെ സഭാകമ്പത്തിന്റെ വ്യാപ്തി ഞാൻ ശരിക്കും മനസിലാക്കുന്നത്. അവരെ ഒന്ന് നേരെ നോക്കുക പോലും ചെയ്യാതെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങിയോടി. 

ബിരുദത്തിന് പാലക്കാട് വിക്ടോറിയയിൽ ചേർന്നപ്പോൾ തമിഴും എൻ്റെ കൂടെ വന്നു. ക്‌ളാസിൽ തമിഴ് വായിക്കാൻ അറിയുന്ന ഒന്ന് രണ്ടുപേരിൽ പ്രഭ സ്ഥിരം വായനക്കാരിയായി മാറി. അതിനിടയ്ക്ക് കോളേജ് മത്സരത്തിന്ന് തമിഴ് കവിതയ്ക്ക് സമ്മാനം കിട്ടുകയും, തുടർന്ന് സോൺ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച് ഇന്റർസോണിൽ മത്സരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. 

അങ്ങിനെ വിജയിച്ച വിവരം കുളക്കടവിൽ വെച്ച് മുരളിയേട്ടൻ വിളംബരപ്പെടുത്തി. നാരായണൻ അമ്മാമ എന്ന കെ സി യെൻ അഭിനന്ദിക്കുന്നതോടൊപ്പം എനിയ്ക്ക് ആ കുളക്കടവിൽ വെച്ച് തന്നെ ഒരു ബിരുദവും സമ്മാനിച്ചു: സാഹിത്യ കശ്മലൻ. അത് പിന്നീട് കശ്മല കുമാരനെന്നും കശ്മലൻ എന്നും ഒക്കെയായി ഒടുവിൽ ലോപിച്ച് കശ്കൂ എന്നുമൊക്കെയുള്ള ഇരട്ടപ്പേരായി മാറി കുറച്ചു കാലത്തേക്ക്. 

ആ സദസ്സിൽ വെച്ച് തന്നെ, വിജയിച്ചതിൻ്റെ വക "ചെലവ്" ഒരു പൊതു ആവശ്യമായി മാറി. എന്റെ പക്കൽ അതിനുള്ള പൈസ ഇല്ല എന്ന ഏറ്റുപറച്ചിൽ കേട്ട് നാരായണൻമാമ അനുഗ്രഹം അരുൾ ചെയ്തു: "നിസ്വൻ." അത് കേട്ട പാടെ കുളത്തിലേക്ക് എടുത്തു ചാടി മറഞ്ഞതാണ് എൻ്റെ ലക്ഷ്മി. പിന്നീട് ഇക്കാലമത്രയും കണ്ടില്ല എന്ന് മാത്രമല്ല തേടി പോയപ്പോഴെല്ലാം ഞാൻ കുളത്തിലാവുകയേ ഉണ്ടായിട്ടുള്ളൂ.

സമ്മാനാർഹമായ കവിത കോളേജ് മാഗസിനിൽ അച്ചടിച്ച് വന്നു. അത് വായിച്ച് ഏതാനും പെൺകുട്ടികൾ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അന്വേഷിച്ച് വന്നപ്പോൾ ഞാനും ജോയും പതിവുപോലെ ക്യാന്റീനിലായിരുന്നിരിക്കണം. താമസിയാതെ ക്ലാസ്സിലേക്കെത്തിയ എന്നോട് സുധ കാര്യം പറഞ്ഞു. അവർ വരാന്തയുടെ ഒരു ഭാഗത്ത് നിൽക്കുന്നുണ്ടായിരുന്നു. നമ്പിരാജന്റെ വീട്ടിൽ വെച്ചുള്ള സഭാകമ്പത്തിന്റെ തനിയാവർത്തനമായിരുന്നു പിന്നെ. അവരെ കണ്ടു എന്ന് നടിച്ച് ഞാൻ വേഗം താഴേക്കിറങ്ങിപ്പോയി. സുധ എന്നെ കണക്കിന്ന് ചീത്തപറഞ്ഞു. കാണാൻ വന്നവരോട് അല്പം പോലും മര്യാദ കാണിക്കാത്തതിന്ന്. 

അതിനിടയിലാണ് മലയാളം വായന കാര്യമായി തുടങ്ങുന്നത്. പ്രഭാകര വർമ്മ വഴി. ഒരു കണക്കിൽ പറഞ്ഞാൽ എന്റെ മലയാളം കടപ്പെട്ടിരിക്കുന്നത് പ്രഭ എന്ന് വിളിക്കുന്ന പ്രഭാകര വർമ്മയോടാണ്. ചുള്ളിക്കാടിന്റെ പതിനെട്ട് കവിതകളിൽ തുടങ്ങി സച്ചിദാനന്ദൻ അയ്യപ്പ പണിക്കർ വഴി കടമ്മനിട്ടയിൽ എത്തിയ ഞാൻ മലയാളത്തിന്റെ ചൂരറിഞ്ഞു. ഗദ്യത്തെക്കാൾ ഭാഷയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി കവിത തന്നെയാണ്. പിന്നെ വായനശാലയിൽ നിന്ന് മാരാരുടെ വിവർത്തനത്തിൽ കാളിദാസൻ കൂടിയായതോടെ എനിയ്ക്ക് മലയാളം വഴങ്ങും എന്ന സ്ഥിതിയായി. 

ക്ലബ്ബിന്റെ കൈയെഴുത്തു മാസികയുടെ ചുമതല എനിയ്ക്ക് നൽകപ്പെടുകയും മേല്പറഞ്ഞ കവികളുടെ സ്വാധീനത്തോടെയുള്ള എൻ്റെ ആദ്യ മലയാള കവിത അതിൽ ഉൾപ്പെടുകയും ചെയ്തതോടു കൂടി എൻ്റെ മലയാളത്തിനും അംഗീകാരം കിട്ടിയതായി ഞാൻ കരുതി. ഇടയ്ക്ക് ഇംഗ്ലീഷിലും കുറിക്കാറുണ്ടായിരുന്നു. വായനക്കാരില്ലാത്ത തമിഴ് വിരളമായി. എങ്കിലും ഇടയ്ക്ക് തമിഴിൽ എഴുതുമ്പോൾ ഒരു സുഖം തോന്നാറുണ്ട്: എന്നെ തമിഴ് ഉപേക്ഷിച്ചിട്ടില്ല. 

തലച്ചോറിന്റെ വലത് ഗോളാർദ്ധമത്രെ സർഗ്ഗശക്തിയുടെ വിളനിലം. ഭാവനയുടെ കലകളുടെ കവിതയുടെ കേദാരഭൂമി. ഇടത് യുക്തിയാണ്. കണക്കാണ്. ശാസ്ത്രമാണ്.

അകാരമാണ് എല്ലാ എഴുത്തുകളുടെയും ആരംഭം (അകര മുതല എഴുത്തെല്ലാം - തിരുവള്ളുവർ) എന്നത് പോലെ സകല ആശയങ്ങളുടെയും തുടക്കം ഭാവനയിലാണ്, വലതുവശത്താണ്, കവിതയിലാണ്. പക്ഷികളെ നോക്കി സ്വയം പറക്കുന്ന ഭാവനയിൽ നിന്നാണ് വിമാനങ്ങളും ആകാശ വീഥികളിൽ അപഥസഞ്ചാരം നടത്തുന്ന ഉപഗ്രഹങ്ങളും ഉണ്ടാവുന്നത്. ഭാവനയിൽ ആദ്യം മിന്നുന്നതാണ് പിന്നീട് ശാസ്ത്രമായി പ്രയോഗത്തിൽ വരുന്നത്. കവിതയിൽ നിന്നാണ് ശാസ്ത്രം ഉണ്ടാവുന്നത് എന്ന് സാരം. 

സ്പർശം കൊണ്ട് വെള്ളം വീഞ്ഞാക്കിയപ്പോൾ അത്ഭുതം കാണിച്ചത് ഈശോ അല്ല, തൻ്റെ നാഥനെ കണ്ടുമുട്ടിയ ജലം ലജ്ജാവിവശയായി എന്നെഴുതിയ കവിയാണ്. (the water met its Master, and blushed - Lord Byron)

എത്തിപ്പിടിക്കാനാവാത്ത ദൂരത്തിൽ ചെന്നിരിക്കുന്നതതായി സങ്കല്പിക്കാതെ, കാരണം എന്റേത് കൈകളല്ല, കവിതകളാണ് എന്ന് കാമുകിയോട് ആത്മവിശ്വാസത്താടെ പറയാൻ ഒരു കവിക്ക് മാത്രമേ കഴിയൂ. (തമിഴ് കവി, മു മേത്ത.) 

എല്ലാം അറിയുമെന്നാകിൽ ജീവിതം എത്ര വിരസമാവും. സ്വപ്നത്തിൻ ശാദ്വല ഭൂമികൾ ഇല്ലെങ്കിൽ മരുഭൂമി, ഹാ, കഠിനോൽക്കഠിനം. 

ശാസ്ത്രജ്ഞൻ ചന്ദ്രനിലെ ഗർത്തങ്ങൾ എണ്ണിക്കൊണ്ടിരിക്കുമ്പോൾ കവി ചന്ദ്രന്റെ മടിയിലെ മുയൽകുഞ്ഞിനെ താലോലിച്ചുകൊണ്ടിരിക്കുന്നു. ഉയരെയുള്ള പഞ്ഞിമേഘങ്ങൾ ശാസ്ത്രജ്ഞന് പരൽരൂപം പൂണ്ട ജലകണങ്ങൾ. 

കവിക്ക് അത് പഞ്ഞിമെത്ത. നീണ്ട് നിവർന്ന് മലർന്ന് കിടന്ന് നക്ഷത്ര സംഗീതം കേൾക്കാനുള്ള പഞ്ഞിമെത്ത.

എനിയ്ക്ക് കവിയായാൽ മതി. 



 






Tuesday, 2 April 2024

ഇന്ദ്രവിലാപം (ആത്മഗതം)

 






(pic source: wiki)


കണ്ണ് കൊണ്ടോ കാലം കൊണ്ട് തന്നെയോ കാണാനോ അളക്കാനോ പറ്റാത്തത്ര താരാപഥങ്ങൾ ഗർത്തങ്ങൾ ഗ്രഹങ്ങൾ പരന്നു കിടക്കുന്ന അനന്തതയുടെ നിഴൽ വീണ ഒരു മൂലയിൽ കൂനിക്കൂടി കഴിയുന്ന ഒരു സ്വത്വം. പാലാഴിയോ അനന്ത കോസറിയോ ഇല്ല. ഹിമശൃംഗങ്ങൾ ഇല്ല. ഒരു താമര പോലുമില്ല. ഒരു കാലത്ത് ഈ കാണുന്ന സകലതിന്റെയും  അതെല്ലാം കാക്കുന്ന സർവ്വരുടേയും അധിപനായിരുന്നു. 

ഞാൻ, ഇന്ദ്രൻ. 

ഇന്ദ്രാണി എവിടെപ്പോയെന്ന് അറിയില്ല. ഐതിഹാസിക യുദ്ധങ്ങളിൽ അഗ്രിമസ്ഥാനത്ത് നിന്ന് കാണുന്നവരിൽ ഭയവും അത്ഭുതവും അസൂയയും ഉണ്ടാക്കിയ ഐരാവതം ഏതോ ഗ്രഹത്തിൽ ഏതോ തൊഴുത്തിൽ ഉണക്ക വൈക്കോലും ചവച്ചുകൊണ്ടിരിക്കുന്നു. സർവ്വരിലും ഭീതിയുണർത്തിയിരുന്ന വജ്രായുധം എന്നോ എനിയ്ക്ക് കൈമോശം വന്നു.

ഞാൻ ഇന്ദ്രൻ. ഇന്ദ്രിയങ്ങളുടെയും അതീന്ദ്രിയങ്ങളുടെയും അധിപൻ. 

ഇന്ന് പശ പോയ ഒട്ടു പടം പോലെ ചുരുണ്ടുകൂടി ഒരു മൂലയിൽ... ആരും ഓർക്കാതെ ആർക്കും വേണ്ടാതെ.

ഞാനായിരുന്നു സർവ്വാധിപൻ. ചലിക്കുന്നതും ചലിക്കാത്തതും, ജനിക്കുന്നതും ജനിക്കാത്തതും, ഋതവും അനൃതവും, ഋതുക്കളും, എന്തിനധികം, മഹാകാലം തന്നെ എനിയ്ക്ക് കീഴ്പെട്ടു നിന്നു. വേദങ്ങളും ഗീതങ്ങളും എന്നെ കൊണ്ടാടി. സത്വ രജ പാലനവും തമോനിഗ്രഹവും എൻ്റെ ധർമ്മങ്ങളായിരുന്നു. 

ഞാൻ ഇന്ദ്രൻ. തകർന്നടിഞ്ഞ വിഗ്രഹത്തിന്റെ നുറുങ്ങുകളായി കാലത്തിന്റെ വഴിത്താരയിൽ ചിതറിപ്പോയ സത്വം. 

വേദങ്ങൾ മാറിയപ്പോൾ സമവാക്യങ്ങളും മാറി. കീഴ്മേൽ മറിയുന്ന കാലത്തിൻ ജാലത്തിൽ കീഴുള്ളത് മേലും മേലുള്ളത് കീഴും മറിയും എന്ന സത്യം സ്മരിക്കാതെ പോയി. എൻ്റെ വെൺകൊറ്റ കുടയ്ക്ക് കീഴിലെ സുരക്ഷയിൽ പൈതങ്ങളെ പോലെ കളിച്ചുല്ലസിച്ച് കഴിഞ്ഞിരുന്ന സർവ്വ ചരാചരങ്ങൾക്ക് ഇന്ന് വിദൂര സ്മരണയിൽ പോലും ഞാനില്ല. 

എനിയ്ക്ക് കീഴിലായിരുന്ന ശക്തികളും അവയുടെ  അവതാരങ്ങളും ഇന്ന് പ്രപഞ്ചാധിപരായി വാഴ്ത്തപ്പെടുന്നു. 

എൻ്റെ നേരിട്ടുള്ള ആജ്ഞാനുവർത്തിയായിരുന്നു വരുണൻ. ഇന്നോ? സൃഷ്ടിയുടെ ചുമതലയുള്ളയാൾ പറയുന്നു ജലമാണ് ജീവൻ എന്നും അത് കൊണ്ട് വരുണാധിപൻ താനാണെന്നും. പരിപാലനത്തിന്റെയാൾ പറയുന്നു ജലമാണ് നിലനിൽപ്പ് എന്നതിനാൽ തൻ്റെ കീഴിൽ വരുമെന്ന്. ഇത് കേട്ട് സംഹാരത്തിന്റെയാൾ മെല്ലെ ചിരിച്ചത് ഇടക്കിടെ ഉണ്ടാക്കുന്ന പ്രളയങ്ങളുടെ കഥയോർത്തിട്ടാവാം. ഇതിനിടയിൽ പെട്ട്  വരുണൻ കുറച്ചൊന്നുമല്ല നട്ടം തിരിയുന്നത്. ഞാൻ എത്ര കൃത്യതയോടെയാണ് എല്ലാം ചെയ്തിരുന്നത്. ഇതെല്ലാം ആരോർക്കാൻ. 

അമൃതം ചിലപ്പോൾ വിഷമാകുമെന്നത് സത്യം തന്നെയാണ്. കടഞ്ഞെടുത്ത അമൃത് മുഴുവൻ എന്റെ പ്രജകൾക്ക് കൊടുത്തതും ഇത്തിരി ആർത്തി കൂടി നല്ലൊരു പങ്ക് ഞാൻ തന്നെ കഴിച്ചതും വിനയായി. മൃതി ഇല്ലാതായി. മൃതി ഇല്ലാത്തത് കൊണ്ട് സ്‌മൃതിയും വേണ്ടാതായി. ഇപ്പോ ജീവിതവും ഇല്ലാതെയായി. പണിയില്ലാതെയായ എന്നെ പോലുള്ളവർക്ക് തണൽ വീടുകൾ പോലും ഇല്ല. 

മറ്റു ദേവന്മാരുടെ കാര്യവും വിഭിന്നമല്ല. ഞാൻ കൃത്യമായി ഉത്തരവാദിത്വങ്ങൾ പകുത്ത് കൊടുത്തിരുന്നു. ഇന്ന് കാര്യങ്ങൾ എല്ലാം മൂവർ തന്നെ നേരിട്ട് നടത്തുമ്പോൾ ഇവർക്കെല്ലാം ഒരു പണിയുമില്ലാതായി. അതിൻ്റെ പരിണിത ഫലമാണ് ദേവന്മാർ വികൃതി പിള്ളേരെപ്പോലെ കുസൃതി ഒപ്പിച്ച് നടക്കുന്നത്. 

ഒരു നാൾ ഉലാത്തുമ്പോൾ കുറച്ച് ദേവന്മാർ തലമപ്പന്ത് കളിക്കുന്നത് കണ്ടു. വഴിയേ പോയ ഒരു ഗ്രഹമെടുത്ത് പന്താക്കി കളിക്കുകയായിരുന്നു അവർ. വഴക്ക് പറഞ്ഞ് അവരെ ഓടിച്ച് വിട്ട് ഗ്രഹമെടുത്ത് വീണ്ടും അതിന്റെ ഭ്രമണപഥത്തിൽ വയ്‌ക്കേണ്ട ചുമതല എനിയ്ക്കായി. ഭാഗ്യത്തിന്ന് ഞാൻ പറഞ്ഞപ്പോ അവർ കേട്ടൂ എന്നെ പറയാൻ പറ്റൂ. പഴയ പേടിയൊന്നും ആർക്കും ഇല്ലെന്നേ. 

ദേവന്മാരുടെ കാര്യം പറഞ്ഞപ്പോ ഒരു കാര്യം ഓർമ്മ വന്നു. ഒരിക്കൽ ഇത് പോലെ ഉലാത്തുമ്പോൾ ഒരു ദേവൻ എൻ്റെ വഴിയിൽ കേറി നിന്ന് ഒരൊറ്റ ചോദ്യം: "ങ്ങടെ ശരിക്കുള്ള പേര് സീയൂസ്ന്നാണോ?" ആരാ പറഞ്ഞത് എന്ന് ചോദിച്ച നേരം അപ്പുറത്തുള്ള ദേവനെ ചൂണ്ടികാണിച്ച്‌: "ഇയ്യാള്." സ്വർണ മുടിയും നീലക്കണ്ണുകളുമായി ഒരു യവന ദേവൻ വന്ദിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ചിരിച്ചു പോയി. 

കാലം മാറി. കഥകളും മാറി. എൻ്റെ വീര ചരിതങ്ങൾക്ക് പകരം ഇന്ന് പാടി പ്രചരിപ്പിക്കുന്നത് കുറെയധികം ഇല്ലാകഥകളാണ്. എന്റെ അബദ്ധങ്ങളും എന്നിൽ വന്നു ചേർന്ന ശാപങ്ങളും വൻ തമാശകളായി ആഘോഷിക്കപ്പെടുമ്പോൾ സർവ്വാധിപൻ കേവലം കോമാളിയായി മാറുന്നു. ഈ അഹല്യയുടെ കാര്യമൊക്കെ എങ്ങിനെയാണ് ലീക്കായതാവോ?

എന്തായാലും മൃതിയില്ലാത്തത് കൊണ്ട് ഒരു മെച്ചം ഉണ്ട്. കീഴ് മേൽ മറിഞ്ഞ് എന്നെ അധമനാക്കിയ കാലം വീണ്ടും മറിയും. കാര്യങ്ങൾ വീണ്ടും മാറി വരും. അപ്പോൾ ആരെന്നും എന്തെന്നും ആരറിയും. അത് കാണാൻ പക്ഷെ ഞാൻ ഉണ്ടാവും.

അധികാരത്തിൽ ഉള്ളവരെല്ലാം ഒരു പാഠം ഓർത്താൽ നല്ലത്. സിംഹാസനങ്ങൾ ശാശ്വതമല്ല. ചെങ്കോലും. 




Saturday, 17 February 2024

സോപ്പ്, ചീപ്പ്, കണ്ണാടി

 







ലക്സ് സോപ്പിൻറെ പരസ്യങ്ങൾ ഓർമ്മ വെച്ച കാലത്തിൽ തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു. അതാതു കാലത്തെ സിനിമാ താരങ്ങൾ പത നിറച്ച വെള്ളത്തൊട്ടിയിൽ കിടന്നുകൊണ്ട് തിളങ്ങുന്ന തങ്ങളുടെ മേനിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു മിക്ക പരസ്യങ്ങളും. സിനിമാ താരങ്ങൾക്കൊപ്പം ആ സോപ്പ് മാത്രം ഉപയോഗിച്ചിരുന്ന മറ്റൊരു താരവും ഉണ്ടായിരുന്നു വീട്ടിൽ. എൻ്റെ അച്ഛൻ.

അങ്ങിനെ നോക്കുമ്പോൾ ഞാൻ ആദ്യമായി തേക്കാൻ തുടങ്ങിയ സോപ്പും താരങ്ങളുടെ സോപ്പ് തന്നെയാവണം. പിന്നീട് തിരിച്ചറിവ് തുടങ്ങിയ കാലത്ത് ഇത്ര വിലകുറഞ്ഞ സോപ്പ് ഈ താരങ്ങളൊക്കെ ഉപയോഗിക്കുമോ എന്നൊരു സംശയവും ഉണ്ടായി. പക്ഷെ മറു വശം ആലോചിച്ചപ്പോൾ ഇത്ര വലിയ താരങ്ങൾ പോലും വിലകുറഞ്ഞ ഈ സോപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അത്ര കേമം തന്നെയാവണം എന്നും തോന്നി. 

ഇടയ്ക്ക് അച്ഛനോട് ചോദിച്ചിരുന്നു സിനിമ കാണുകയേ ചെയ്യാത്ത അച്ഛൻ എന്തിനാണ് സിനിമാ താരങ്ങളുടെ സോപ്പ് മാത്രം വാങ്ങുന്നത് എന്ന്. "അതിന് നല്ല മണാഡോ."

മണമാണ് കാര്യം. പിന്നെ പതയും. 

പുലാപ്പറ്റയിൽ സോപ്പിന്റെ സൂക്ഷിപ്പും വിതരണവും വല്യമ്മയായിരുന്നു. കോണിച്ചോട്ടിലെ അറയുടെ ജനൽ കമ്പികൾക്കിടയിലൂടെ ആവശ്യക്കാർക്ക് അത് വിതരണം ചെയ്യും. സോപ്പ് എന്ന് പറഞ്ഞാൽ അന്ന് മിക്കവാറും കോൾ ടാർ ബാർ സോപ്പ് മുറിച്ച് കഷ്ണങ്ങളാക്കിയതായിരിക്കും. അതിൽ ഒരു കഷ്ണമാണ് ഒരാൾക്ക്. കുളത്തിലെ വെള്ളത്തിൽ എത്ര തേച്ചാലും പതയോ മണമോ വരാത്ത ഒരു നിർഗ്ഗുണ സോപ്പ്. തേച്ചു തേച്ചു അത് ഇനിയും തേക്കാൻ പറ്റാത്ത പരുവത്തിലായാൽ വല്യമ്മയെ അത് കാണിച്ച് ബോധ്യപ്പെടുത്തി അടുത്ത കഷ്ണം വാങ്ങാം. "നായിന്റെ നാവു പോലെ തേഞ്ഞ സോപ്പ്" എന്ന് എംടിയുടെ കർക്കിടകത്തിലെ ഒരു വരി വായിച്ചപ്പോൾ കോൾ ടാറിന്റെ ഓർമ്മകൾ പതഞ്ഞു വന്നു. 

ബാലരാമമ്മാമ തേക്കുന്നത് രാധാസ് സോപ്പായിരുന്നു. മലപ്പുറത്തുനിന്ന് സഹോദങ്ങൾ വന്നാൽ ആ സോപ്പ് പെട്ടിയാണ് കുളത്തിലേക്ക് കൊണ്ട് വരിക. അവരുടെ കൂടെ ഞാനും കൈയ്യിട്ട് ആ സോപ്പ് എടുക്കും. അതിൻ്റെ ഒരു മണവും പതയും... ഹൗ. പതഞ്ഞു പതഞ്ഞു കൊണ്ടുള്ള ആറാട്ട് ശരിക്കും തിമിർക്കും.

പിന്നീട് കർണാടകത്തിൽ ജോലി നോക്കുന്ന കാലത്താണ് മൈസൂർ ചന്ദന സോപ്പ് പരിചയമാവുന്നത്. ഗൃഹസ്ഥാശ്രമം പൂകുന്നത് വരെ അതായിരുന്നു എൻ്റെ പ്രിയ സോപ്പ്. ഞാൻ സ്ഥിരമായി വാങ്ങുന്നുണ്ടെന്ന് മനസിലാക്കിയാവണം കമ്പനി അതിൻ്റെ വില കുത്തനെ കൂട്ടികൊണ്ടിരുന്നു. ഞാനും അത് വാങ്ങികൊണ്ടിരുന്നു. മുതലാവില്ല എന്ന് തോന്നിത്തുടങ്ങിയത് ഞാൻ നടേ പറഞ്ഞ കാലം തൊട്ടാണ്. എന്നാലും ഇപ്പോഴും ഇടയ്ക്ക് ഒരു സോപ്പ് വാങ്ങി നോക്കും. കേരളത്തിന്റെ ചന്ദന സോപ്പ് അതിൻ്റെ ഒരു ദുർബല അനുകരണം മാത്രമായേ തോന്നിയിട്ടുള്ളൂ.

ബാബിലോണിൽ ക്രി മു 2800 - ലാണത്രെ ആദ്യമായി സോപ്പിന്റെ ഉപയോഗം രേഖപെടുത്തിയിട്ടുള്ളത്. ആദ്യ കാലത്തൊക്കെ സോപ്പ് കമ്പിളി കഴുകി വൃത്തിയാക്കാനാണത്രെ ഉപയോഗിച്ചിരുന്നത്. പിന്നീട് അത് മനുഷ്യന്റെ തൊലിപ്പുറത്തെ അഴുക്ക് കളയാനും ഉപയോഗിച്ച് തുടങ്ങി. ഇന്ന് കാണുന്നത് പോലുള്ള സുഗന്ധമുള്ള ഉറച്ച കട്ടയായിട്ടുള്ള സോപ്പ് ആദ്യമായി അറബ് നാടുകൾ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ പ്രദേശങ്ങളിലാണത്രെ പ്രചാരത്തിൽ വന്നത്. 

സോപ്പിന്റെ ഉപയോഗം നല്ലതല്ല എന്നും പറഞ്ഞ് ചെറുപയറുപൊടിയും മറ്റും നിർദേശിക്കുന്നവർ ഉണ്ട്. പ്രകൃതിയുടെ സർവ്വ ഗുണങ്ങളും അറിയാവുന്ന വൈദ്യൻ തന്നെ ലക്സ് സോപ്പിന്റെ ആരാധകനാവുമ്പോൾ എനിയ്ക്ക് മറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. 

* * *






രാമനാഥപുരത്തെ ചികിത്സാലയത്തിന്റെ മതിലിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ശങ്കുണ്ണി നായരുടെ ക്ഷവരക്കട അഥവാ സലൂൺ.കുറ്റിത്തലമുടിയും ചെവിപ്പൂടയുമുള്ള കുറുകിയ ഒരു മനുഷ്യനായിരുന്നു പ്രസ്തുത നായർ. അച്ഛനായിരുന്നു എന്നെ അങ്ങോട്ട് കൊണ്ടുപോയിരുന്നത്. ചെന്ന പാടേ കസേരയുടെ കൈകൾക്ക് കുറുകെ ഒരു പലക വെച്ച് എന്നോട് അതിന് മേൽ കയറി ഇരിക്കാൻ പറയും. എന്നിട്ട് മണ്ടയിൽ ഹെയർ ക്ലിപ്പർ കൊണ്ട് ഒരു പ്രയോഗമാണ്. അത് കഴിയുമ്പോഴേക്കും തലയിലാകെ കുറ്റിമുടികൾ മാത്രമാവും ഉണ്ടാവുക. മാസത്തിൽ ഒരു ദിവസം എന്തായാലും ഉണ്ടാവും ഈ ചടങ്ങ്. ഞാൻ പറഞ്ഞ് വന്നതിന്റെ സാരം ഇതാണ്: ബാല്യത്തിന്റെ ആദ്യ പകുതിയിൽ ചീപ്പിൻ്റെ ഉപയോഗം കാര്യമായി ഉണ്ടായിരുന്നില്ല. 

പിന്നീട് സ്വയം മുടിവെട്ടാൻ പോകാൻ തുടങ്ങിയപ്പോൾ എന്റെ ഇഷ്ടത്തിന്ന് മുറിക്കാൻ തുടങ്ങി. ആദ്യമൊക്കെ ശങ്കുണ്ണി നായർ സമ്മതിച്ചില്ല: "അച്ഛൻ അങ്ങിനെയല്ലലോ പറഞ്ഞെ."  അതിന്ന്  എന്റെ ഇഷ്ടം പോലെ ചെയ്തു കൊടുക്കാൻ അച്ഛൻ നേരിട്ട് വന്ന് പറയേണ്ടി വന്നു.
 
മണ്ടയുടെ ഇടത്തെ അറ്റത്തിൽനിന്നു വലത്തോട്ട് പതിച്ച് വെച്ച് ചീകുന്നതായിരുന്നു അന്നത്തെ രീതി. അമ്മയുടെ കൈയിൽ നിന്ന് ചീപ്പ് മേടിച്ച് സ്വയം ചീകാൻ തുടങ്ങിയപ്പോഴും അതിൽ മാറ്റമുണ്ടായിരുന്നില്ല.

അതിനിടയിലാണ് കുരുവിക്കൂട് എന്ന് പറയുന്ന ഒരു പുതിയ രീതി പ്രചാരത്തിൽ വന്നത്. മുൻവശത്തെ മുടി ചുരുട്ടിക്കൂട്ടി ഒരു കൂടു പോലാക്കും. അതിൽ ഒരു മുട്ട കൂടി വെക്കാൻ തോന്നുന്ന അത്രയ്ക്ക് രസമായ ഒരു കൂട്. ക്വാർട്ടേസിൽ താമസിക്കുന്ന ഉണ്ണിയേട്ടൻറെ തലയിൽ ആയിരുന്നു അത് ആദ്യം കണ്ടത്. അതിൽ ആകൃഷ്ടനായ ഞാൻ അങ്ങിനെ ഒരു കൂടു എൻ്റെ മണ്ടയിലും പണിയാൻ നോക്കി. അതിനു മുടി ചുരുണ്ടു കിട്ടണമല്ലോ. മുൻ വശത്തെ മുടി ചുരുട്ടി ചുരുട്ടി വരുന്നതിനിടയിൽ ചീപ്പ് എടുക്കാൻ പറ്റാതായി. അവസാനം മുടി മുറിച്ച് ചീപ്പ് എടുക്കേണ്ടി വന്നു. അന്ന് മുറിഞ്ഞ രോമങ്ങൾ പിന്നെ വളർന്നിട്ടേ ഇല്ല. 

പിന്നീട് സ്റ്റെപ് കട്ട് എന്നൊക്കെ പറഞ്ഞ് ഓരോ രീതികൾ വന്നപ്പോഴും എന്റെ തലയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. പ്രഭാകര വർമ്മയൊക്കെ സ്റ്റെപ് കട്ടുമായി വിലസിനടക്കുമ്പോഴും മുറിഞ്ഞു പോയ മുടി എന്നെ മറ്റ് പരീക്ഷണങ്ങളിൽ നിന്ന് വിലക്കികൊണ്ടിരുന്നു. 

തലയുടെ വശങ്ങളിൽ മാത്രം കുറച്ചു മുടിയുള്ള നെറുകയിൽ നാലേ നാലു രോമങ്ങൾ ഉള്ള ശ്വശുരൻ ചീപ്പ് കൊണ്ട് ശ്രദ്ധാപൂർവം ആ നാല് മുടിയിഴ ചീകുന്നത് കണ്ടിട്ടുണ്ട്. (മകൾ തൻ്റെ അനിമേഷൻ ചിത്രത്തിൽ ഈ രംഗം പകർത്തിയിട്ടുണ്ട്.) നാല് ഇഴയെ ഉള്ളു എങ്കിലും അത് ഒതുക്കത്തിൽ ഇരിക്കെണ്ടേ.

ഇപ്പോൾ വീണ്ടും ഞാൻ തുടങ്ങിയേടത്ത് തന്നെയാണ്. ശങ്കുണ്ണി നായരുടെ കൈകൾക്ക് പകരം ഒരു ഹിന്ദിക്കാരൻ്റെ കൈകളാണെന്ന് മാത്രം. പറ്റെ വെട്ടുന്ന മുടിക്ക് ചീപ്പിൻ്റെ ആവശ്യമില്ല. എങ്കിലും ഒരു തവണ കണ്ണാടി നോക്കി തലയിലൂടെ ചീപ്പ് ഓടിച്ച് പോകാറുണ്ട്. അതിന്റെ പല്ലുകൾ മണ്ടയിൽ കുത്തും എങ്കിലും..

* * *










യവന സുന്ദരനായ നാര്സിസസ് തൻ്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായവരിൽ നിന്നെല്ലാം മാറി നടന്നു. ഒടുവിൽ തെളിഞ്ഞ ജലാശയത്തിൽ തൻ്റെ രൂപത്തിന്റെ പ്രതിഫലനം കണ്ട് അതിനോട് പ്രണയത്തിലായി എന്നാണ് കഥ. കണ്ണാടി ഒരു കണക്കിൽ ആത്മപ്രേമത്തിൻ്റെ ഉപകരണമാണ്. 

കണ്ണാടി ഉണ്ടാക്കുന്നതിന്റെ മുമ്പ് ജലാശയങ്ങൾ തന്നെ ആയിരിക്കണം 
മുഖം നോക്കാൻ ആശ്രയം. പൊതുവെ ആണുങ്ങളേക്കാൾ പെണ്ണുങ്ങളാണ് കണ്ണാടിക്ക് മുമ്പിൽ കൂടുതൽ സമയം ചെലവാക്കുന്നത് എന്നൊരു ധാരണ ഉണ്ട്. പക്ഷെ അതിന്ന് അപവാദങ്ങളും ഉണ്ട്. 

എന്തായാലും കണ്ണാടി എന്റെ അത്യാവശ്യ വസ്തുക്കളിൽ ഒന്നല്ല. മുടി ചീകുവാൻ ഒരു തവണ എന്നതൊഴിച്ചാൽ കണ്ണാടിയുടെ മുമ്പിൽ ഞാൻ അങ്ങിനെ നിന്ന് കൊടുക്കാറില്ല. സ്വയം ക്ഷവരം ചെയ്‌തിരുന്ന കാലത്ത് കുറച്ചു നേരം കണ്ണാടിയുടെ മുമ്പിൽ നിൽക്കേണ്ടി വരാറുണ്ട്. എന്നിട്ടും മുഖം നിറയെ പരിക്കുകളായിരിക്കും. അത് കൊണ്ട് സലൂണിൽ പോകുമ്പോൾ മാത്രം ക്ഷവരവും പതിവാക്കി. 

എന്നാൽ ഉന്മാദം ഇളകിയ ചില നിമിഷങ്ങളിൽ കുളിമുറിയിലെ കണ്ണാടിയിൽ നോക്കി ആത്മനിന്ദയുടെ ഗോഷ്ടികളും വാക്കുകളും പതിവുണ്ട് എന്നത് ഇത് വരെ ഞാൻ മാത്രം അറിഞ്ഞ രഹസ്യമാണ്. അപ്പോൾ എനിയ്ക്ക് ദിവോദാസമ്മാമയെ ഓർമ്മ വരും.

അപരന്റെ ജീവിതത്തോട് തന്റെ ജീവിതം തുലനം ചെയ്തു നിരാശയിൽ കഴിയുന്ന മനുഷ്യർക്ക് അക്കര എന്നും പച്ചയാണ്. ഈ ഒരു അവസ്ഥയെ കുറിച്ചുള്ള ഒരു പാട്ടുണ്ട് തമിഴിൽ. അക്കരപ്പച്ച എന്ന സിനിമയിൽ. ഇക്കരയ്ക്ക് അക്കരെ പച്ചെ എന്ന് തുടങ്ങുന്ന ആ ഗാനത്തിൽ, അക്കരയിൽ മാത്രം പച്ച കാണുന്ന മനുഷ്യാവസ്ഥ സംക്ഷേപമായി വിവരിക്കുന്നുണ്ട് ഒരൊറ്റ വരിയിൽ:

"എന്റെ വീട്ടിലെ കണ്ണാടി എൻ്റെ മുഖമല്ല കാണിക്കുന്നത്"  (എൻ വീട്ട് കണ്ണാടി എൻ മുഖത്തെ കാട്ടവില്ലയ്)

_____