Saturday, 30 December 2023

ഒരു ഉരിയാടൽ (അഥവാ) നൻ പകൽ നേരത്ത് മയക്കം

 









(photo courtesy: lakshmi & saraswathi, by pradeesh k raman)



മധ്യാഹ്ന വിരസതയിൽ ആണ്ടു കിടക്കുന്ന പ്രപഞ്ച മണ്ഡലങ്ങൾ. സരണികളിൽ അനക്കമില്ല. 

അലസമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ലക്ഷ്മീദേവി താൻ കാണുന്നത് പ്രപഞ്ചത്തിന്റെ ടാബ്ലോ ആണോ എന്ന് സംശയിച്ച് പോയി. 

അസാദ്ധ്യ ചൂടും. ഭൂമിയിലെ ഈ പഹയന്മാർ കാണിക്കുന്ന അക്രമം കാരണം ഇവിടെയും ജീവിക്കാൻ പറ്റാതാവുന്നലോ. 

മയക്കത്തിൽ കിടക്കുന്ന നാഥനെ ഉണർത്താതെ അനന്തശയ്യയിൽ നിന്ന് മെല്ലെ ഇറങ്ങി. കുറെ യുഗങ്ങളായിട്ടുണ്ടാവും ആരോടും മിണ്ടാതെ ആരെയും കാണാതെയുള്ള ഈ ഇരിപ്പ്.

ബ്രഹ്മലോകം വരെ ഒന്ന് പോയ് നോക്കിയാലോ... അവിടെ പക്ഷെ സമയം ഇതാവില്ലലോ.. എന്തായാലും പോയി നോക്കാം. ദേവി കണ്ണടച്ചു ബോധതരംഗങ്ങളെ തൊടുത്തു വിട്ടു.  

അലസമായി വീണ ഞരമ്പുകളിൽ വിരലോടിച്ചുകൊണ്ടിരുന്ന വാണീദേവി ഒരു കൂട്ടിന്റെ ഉത്സാഹത്തിൽ ഒന്ന് നിവർന്നിരുന്നു. 

കുറെ ആയല്ലോ, ഇന്ന് എന്ത് പറ്റി അന്വേഷണത്തിന്ന്.

ഒന്നൂല്യ. സംസാരിച്ചിട്ട് കുറെ ആയെന്ന ഒരു തോന്നൽ. 

ശരിയാ. ഞാൻ ഇവിടെ ഈ വീണക്കമ്പിയിൽ തലോടിക്കൊണ്ട് ഇരിക്കുമ്പോ നിങ്ങടെ ഒക്കെ കാര്യം ആലോചിക്കാറുണ്ട്.

അപ്പൊ എനിയ്ക്ക് മാത്രല്ല തോന്നലുകൾ (ചിരി)

(ചിരി) അങ്ങ് ഭൂമിയിലെ കാര്യങ്ങൾ ഒക്കെ ആലോചിക്കാതിരിക്കുന്നതാ നല്ലത് ലെ.. ശ്രേഷ്ഠ ജന്മങ്ങൾ എന്ന് വിശേഷിപ്പച്ച മനുഷ്യർ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. ഇവിടുന്ന് ഇടയ്ക്കിടയ്ക്ക് പിറുപിറുക്കുന്നത് കേൾക്കാം "വേണ്ടീർന്നില്ല"... മനുഷ്യരുടെ കാര്യം പറഞ്ഞപ്പോളാ ഞാൻ ഒരു കാര്യം ചോദിക്കണംന്ന് നിരീച്ചിട്ട് ശ്ശി കാലായി. നമ്മൾ രണ്ടാളും കൂടി ഒരു സ്ഥലത്ത് ണ്ടാവില്ല ന്നാണല്ലോ അവര് പറഞ്ഞോണ്ട് നടക്കണത്. അതെന്താ ന്നെ സഹിക്കാൻ പറ്റില്ലേ..

(പുഞ്ചിരി) കുസൃതി ഒക്കെ മനസ്സിലാവുന്നുണ്ട്. അതിൻ്റെ ഉത്തരവും ഞാൻ പറയാതെ തന്നെ അറിയാം. ന്നാലും ചോദിച്ച അവസ്ഥയ്ക്ക് പറയാ: അത് വെറുതെയാന്ന് ഞാൻ തന്നെ പറയണോ.. മനുഷ്യന്മാരുടെ പോരായ്മയ്ക്ക് നമ്മളെ പഴി ചാരി നോക്കീട്ട് കാര്യണ്ടോ.

പക്ഷെ ആലോചിച്ചു നോക്കുമ്പോ അതിലിത്തിരി സത്യല്ല്യേ ന്നൊരു തോന്നൽ...

അത് ഇവിടെ വെറുതെ ഇരിക്കുമ്പോ ഓരോന്ന് ആലോചിച്ചു കൂട്ടണതാ (ചിരി) നമ്മളെ തെറ്റിക്കാൻ വേണ്ടി മനുഷ്യന്മാർ പറഞ്ഞുണ്ടാക്കുന്ന കഥകളിൽ നമ്മൾ തന്നെ വീഴണോ 

(മൂളൽ) ഞാൻ എൻ്റെ എല്ലാ കനിവും നിർലോഭം നൽകിയിട്ടുള്ള മിക്കവരും ദരിദ്രരായി അന്യന്റെ കനിവിലല്ലേ ജീവിച്ച് പോന്നത് 

താൻ പാതി നമ്മൾ പാതി എന്നല്ലേ ആദ്യ പാഠം. അവരുടെ പാതി കൂടി ഉണ്ടെങ്കിലല്ലേ ഇതൊക്കെ നടക്കു.

കാളിദാസന്റെ കാര്യം നോക്കൂ.. ഇന്നും അയാൾ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പറഞ്ഞിട്ടെന്താ കാര്യം. രാജകാരുണ്യം ഒന്ന് കൊണ്ട് മാത്രമല്ലെ ജീവിച്ച് പോന്നത്. അവിടെ ഒന്ന് പോയിനോക്കാതിരുന്നിലെ..

ആ രാജകാരുണ്യം പിന്നെ എങ്ങിനെയാ വന്നേ.. സദാ സമയവും കവിത മാത്രം ആലോചിച്ച് നടക്കുന്ന ആളുടെ കൈയ്യിൽ നിധി ഏൽപിച്ചിട്ട് വല്ല കാര്യവുമുണ്ടോ.. അത് കൊണ്ടല്ലേ രാജാവിന്റെ കൂടെ നിന്നത്..അത് പോലെ ചിത്രങ്ങൾ മാത്രം സ്വപ്നം കണ്ട് നടന്ന വാൻഗോഗിന്റെ ഏട്ടന്റെ കൂടെ കട്ടയ്ക്ക് നിന്നില്ല.. അത് ആർക്കു വേണ്ടിയായിരുന്നു.. ധനമായാലും കലയായാലും അത് കൊണ്ട് നടക്കാൻ കഴിവുള്ളവരുടെ അടുത്ത് കൊടുക്കുന്നതല്ലേ ധർമ്മം.. 

പക്ഷെ കവിതയും കലയും മാത്രം ഉപാസിച്ച് നടന്ന കുഞ്ഞിരാമന്റെ കാര്യമോ പരമ ദാരിദ്ര്യത്തിലല്ലേ കഴിഞ്ഞിരുന്നത്... അയാളോട് ഒരു മേലന്വേഷണം പോലും ഉണ്ടായില്ലലോ 

വള്ളത്തോളും ഒരു ഉപാസകനായിരുന്നില്ലെ.. പരസ്യത്തിന്ന് പോലും കവിത എഴുതിക്കൊടുത്ത് വരികളുടെ എണ്ണം പറഞ്ഞ് പ്രതിഫലം മേടിച്ചില്ലെ.. അവനവൻറെ വിലയും നിലനിൽപ്പും അവനവൻ തന്നെ തീരുമാനിക്കേണ്ടതല്ലെ.. അവിടത്തെ ഉപാസകർ എന്നെ സ്‌മരിക്യ പോലും ചെയ്യാറില്ല എന്നതല്ലേ വസ്തുത.. വേണ്ടാത്തിടത്ത് വലിഞ്ഞു കയറിച്ചെല്ലാൻ നമ്മൾ മനുഷ്യരല്ലലോ.. നമ്മുടെ ധർമ്മം നമ്മൾ പാലിക്കേണ്ട..

വാണി: (ചിന്തയിലാണ്ട ഒരു മൂളൽ) അതും ശരിയാ.. നമക്കാ കൃഷ്ണദാസിന്റെ അടുത്തൊന്നു പോയാലോ 

ലക്ഷ്മി: ഞാനില്ല.. രണ്ടാളും പോണ്ട..



Sunday, 23 July 2023

കർക്കടകം

 

 

(ചിത്രത്തിൽ: ചെറിയമ്മയും ചാഴൂർ അമ്മാമയും)

ചെറിയമ്മമാർ ഏറെ ഉണ്ട്. ഇപ്പോൾ വല്യമ്മമാരാണ് എണ്ണത്തിൽ തീരെ കുറവ്. 

മുമ്പ് വല്യമ്മമാരും ഏറെ ഉണ്ടായിരുന്നു. കാലം പോകെ പോകെ വല്യമ്മമാർ കുറയുകയും ചെറിയമ്മമാരെല്ലാം  വല്യമ്മമാരുടെ പ്രായത്തിലേക്ക് എത്തുകയും ചെയ്തു. 

ചെറിയമ്മമാരിൽ എല്ലാവരെയും അവരുടെ പേരു ചേർത്താണ് വിളിക്കുന്നത്. (ചില ചെറിയമ്മമാരെ ഓപ്പോൾ എന്നും വിളിക്കാറുണ്ട്.) പേരു ചേർക്കാതെ ചെറിയമ്മ എന്ന് മാത്രം വിളിക്കുന്ന ഒരേ ഒരു ആളെ എനിയ്ക്കുള്ളു. അമ്മയുടെ സ്വന്തം അനിയത്തിയായ ശ്രീദേവി ചെറിയമ്മ. 

ചെറിയമ്മയെ കുറിച്ച് വിശേഷിപ്പിക്കാൻ ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് അമ്മയുടെ നിഴൽ പോലെ എന്ന പദസമുച്ചയമാണ്. മരിയ്ക്കുന്നത് വരെ അമ്മയിൽ നിന്ന് വേർതിരിച്ച് കാണാൻ ആവാത്ത വ്യക്തിത്വമായിരുന്നു ചെറിയമ്മയുടേത്. മറ്റുള്ളവർക്ക് ഒരു പക്ഷെ അങ്ങിനെ തോന്നിയിരിക്കണം എന്നില്ല എന്നതും ഞാൻ അംഗീകരിക്കുന്നു. 

ചെറിയമ്മയെ കല്യാണം കഴിച്ചത് ചാഴൂർ അമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന (ചാഴൂർ കോവിലകം) സി കെ ഗോദവർമ്മ രാജയാണ്. അദ്ദേഹം കുറച്ച് കാലം ഈറോഡിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് കോയമ്പത്തൂരിൽ താമസിച്ചിരുന്ന ഞങ്ങളുടെ വീട്ടിലേക്ക് അവരും ഞങ്ങൾ തിരിച്ച് അങ്ങോട്ടും ഇടയ്ക്ക് വന്നു പോയിരുന്നു. ഈറോഡിലെ അവരുടെ വീടിനെ കുറിച്ചുള്ള എൻ്റെ ഓർമ്മ വലുപ്പമുള്ള മുറിയുടെ തുറന്നിട്ട, പച്ച പെയ്ൻറ്റ് അടിച്ച, ജനലിലൂടെ അകത്തേയ്ക്ക് പ്രവഹിക്കുന്ന സൂര്യ വെളിച്ചം മാത്രമാണ്. അത് തന്നെ എത്രയ്ക്ക് ശരിയാണ് എന്ന് അറിയില്ല. 

അങ്ങിനെ ചെറിയമ്മ കോയമ്പത്തൂരിലെ ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്തെ ഒരു സംഭവം മാത്രമാണ് ഓർമ്മയിലുള്ളത്.

അന്ന് ഞാൻ സായിബാബ കോളനിയിലെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് എന്നാണ് ഓർമ്മ. സ്‌ക്കൂൾ വാർഷിക ദിനത്തിൽ ഒരു മലയാള നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. "ഇരുപത്തഞ്ച് രൂപ" എന്നതായിരുന്നു നാടകത്തിന്റെ പേര്. അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ശ്രീദേവി എന്ന കഥാപാത്രമായിരുന്നു എനിയ്ക്ക്. അച്ഛന്ന് പണ്ടേ ഈ വക കാര്യങ്ങളിൽ താല്പര്യമില്ല. പെൺവേഷത്തിൽ എന്നെ കാണുവാനുള്ള ആഗ്രഹംകൊണ്ട് കൂടിയാവണം അമ്മയും ചെറിയമ്മയും സ്‌കൂളിൽ വന്നു നാടകം കാണാൻ തീരുമാനിച്ചു. സ്‌കൂളിലെ റിഹേഴ്സൽ കഴിഞ്ഞെത്തി ഊണ് കഴിച്ച് ഞാൻ അവരെ കൊണ്ട് പോകും എന്നതായിരുന്നു ധാരണ. നാടകം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പറ്റില്ല എന്നത് കൊണ്ട് സായിബാബ കോളനിയിലുള്ള ഞങ്ങളുടെ ബന്ധു ശാന്തോപ്പോളുടെ വീട്ടിൽ അന്ന് രാത്രി താമസിക്കാനും തീരുമാനമായി. 

പക്ഷെ റിഹേഴ്‌സൽ എന്ന് പറഞ്ഞ് ഞാൻ പോയത് സിനിമ കാണാനായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ സമയം പോയി. ടൗണിൽ നിന്ന് ഓട്ടോ പിടിച്ച് വീട്ടിലെത്തി ഊണ് കഴിക്കാൻ നിൽക്കാതെ അതെ ഓട്ടോവിൽ അവരെയും കൂട്ടി സ്‌കൂളിൽ ചെന്ന് ഇറങ്ങുമ്പോൾ ഏകദേശം അഞ്ചു മണിയായി. പ്രധാന നടൻ (നടി) എത്താത്ത അങ്കലാപ്പിലായിരുന്ന സഹപാഠികൾ എന്നെ ശകാരം കൊണ്ട് പൊതിഞ്ഞു. അപ്പോഴും ചെറിയമ്മയ്ക്ക് ഒരൊറ്റ കാര്യത്തിലായിരുന്നു സങ്കടം - എനിയ്ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ കായഉപ്പേരി (മെഴുക്കുപുരട്ടി) കൂട്ടി ഊണ് കഴിക്കാതെ വന്നല്ലോ.  

പിന്നീട് പുലാപ്പറ്റയിൽ സ്ഥിരതാമസമാക്കിയപ്പോളും ചെറിയമ്മയുടെ വിചാരങ്ങളും ശീലങ്ങളും അമ്മയുടേത് തന്നെയായിരുന്നു. ഒന്ന് രണ്ട് കാര്യത്തിൽ വ്യത്യാസം ഇല്ലാതില്ല. പല്ലുകളെല്ലാം പറിച്ച് കളഞ്ഞ് ചെറിയമ്മ വെപ്പ് പല്ലു വെച്ചിരുന്നു. അമ്മയാണെങ്കിൽ വായിൽ ആകെ ഒരു പല്ലു മാത്രം ബാക്കിയായ നിലയിലായിരുന്നു. വറുത്ത പലഹാരങ്ങൾ കറുമുറാ കടിച്ച് തിന്നാൻ ഇഷ്ടമുണ്ടായിരുന്ന അമ്മ അതോട് കൂടി പലഹാരങ്ങൾ വായിലിട്ടു കുതിർത്ത് തിന്നുവാൻ തുടങ്ങി. അപ്പോൾ ചെറിയമ്മ പറഞ്ഞു, ഏടത്തിയ്ക്ക് എൻ്റെ പോലെ പല്ലു വെച്ചുടെ. അതിന്ന് അമ്മയുടെ ഉത്തരം ഇങ്ങനെയായിരുന്നു: "ഒരു പല്ലേ ഉള്ളുവെങ്കിലും അത് എൻ്റെയാണ്." 

അമ്മയ്ക്കും ചെറിയമ്മയ്ക്കും ഉറക്കം തൂങ്ങുന്ന പതിവുണ്ടായിരുന്നു. അമ്മ ഇരുന്നു ഉറക്കം തൂങ്ങുമ്പോൾ ചെറിയമ്മ നിന്ന നിൽപ്പിലും അത് ചെയ്യും. 

പിന്നീട് ഇടുപ്പെല്ല് മാറ്റിവെക്കാൻ പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അമ്മയോടൊപ്പം ചെറിയമ്മയും ഉണ്ടായിരുന്നു. അങ്ങേയറ്റം സഭാകമ്പമുള്ള ചെറിയമ്മ, ഡോക്റ്റർ പരിശോധനയ്ക്ക് വരുന്ന സമയങ്ങളിൽ മുറിയ്ക്ക് പുറത്ത് കടന്നിട്ടുണ്ടാവും. ഒരു ദിവസം ചെറിയമ്മ തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് ഡോക്റ്റർ കയറി വന്നത്. ആകെ അന്ധാളിച്ച് പോയ ചെറിയമ്മ ശബ്ദം ഉണ്ടാക്കാതെ ചുമരിനോട് പറ്റിപ്പിടിച്ച് നടന്ന് കുളിമുറിയിൽ കയറി കതകടച്ചത് ഇന്നും എനിയ്ക്ക് നല്ല ഓർമ്മയുണ്ട്. 

അന്ന് ആശുപത്രിയിൽ കിടന്നുകൊണ്ടാണ് അമ്മ ആദ്യമായും അവസാനമായും എൻ്റെ ഒപ്പം താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഞാൻ ഗുൽബർഗ്ഗയിൽ ജോലി ചെയ്തിരുന്ന സമയമായിരുന്നു. "നമുക്ക് ശ്രീദേവിയെയും കൂടെ കൊണ്ട് പോണം. ശ്രീദേവിയ്ക്ക് വേറെ ആരും ഇല്ലല്ലോ."

അത് നടന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. അമ്മ മരിച്ച് കഴിഞ്ഞപ്പോൾ ചെറിയമ്മ ശരിക്കും നങ്കൂരം നഷ്ടപെട്ടപോലെ ആയിരുന്നിരിക്കണം. 

ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു പിറന്നാൾ ഉണ്ണാൻ എല്ലാവരും വലിയടുക്കളയിൽ നിരന്നിരിക്കയായിരുന്നു. അതിനിടയിൽ ചെറിയമ്മയ്ക്ക് എക്കിൾ എടുക്കാൻ തുടങ്ങി. വെള്ളംകുടിച്ച് നോക്കിയെങ്കിലും എക്കിൾ ശമിച്ചില്ല. ഇലയ്ക്ക് മുന്നിൽ നിന്ന് എണീറ്റ് ഉണ്ണാനിരിക്കുന്നവരുടെ  മുന്നിലൂടെ അസ്വസ്ഥയായി നടക്കുന്ന ചെറിയമ്മയെ മറക്കാൻ പറ്റില്ല. കണ്ണുകളിൽ ഒരു ചെറു നനവുണ്ടായിരുന്നോ?

അതിനു ശേഷമാണ് ചെറിയമ്മയുടെ ദുരിതപർവ്വം തുടങ്ങുന്നത്. ആദ്യം ഭാസ്കരൻ ഡോക്റ്ററുടെ ചികിത്സയിൽ തുടങ്ങി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ രോഗം അർബുദം ആണെന്ന് കണ്ടെത്തി.

അങ്ങിനെയാണ് കർക്കടകം കുടുംബത്തിൽ കയറി വരുന്നത്. 

രോഗത്തെ കുറിച്ച് ഞാനും കൂടുതൽ ബോധവാനാവുന്നത് അപ്പോളാണ്. അത് വരെ അർബുദം സിനിമകളിൽ നായകനോ നായികയ്‌ക്കോ മരിക്കുവാനുള്ള കാരണം മാത്രമായിരുന്നു. അടുത്തതും അകന്നതുമായ ബന്ധങ്ങളിലും സൗഹൃദങ്ങളിലും കർക്കടകത്തിന്റെ പകർന്നാട്ടം കാണുവാനും ശ്രദ്ധിക്കുവാനും തുടങ്ങിയത് പിന്നീടാണ്. അമ്മയുടെ മൂത്ത സഹോദരൻ അമ്പ്യാരമ്മാമയും ഈ രോഗത്തിന്റെ പിടിയിലായി. 

രവിച്ചേട്ടൻ എന്ന് ഞങ്ങൾ പൊതുവിൽ വിളിക്കുന്ന രവിമ്മാമ്മ രോഗത്തിന്റെ പിടിയിലായി. ജീവിതത്തെ ലാഘവത്തോടെ കാണുകയും നർമ്മബോധം കൊണ്ട് എന്തിനെയും നേരിടുകയും ചെയ്ത രവിച്ചേട്ടൻ ഏകദേശം അവസാനം വരെ അങ്ങിനെ തന്നെയായിരുന്നു. തിരക്കുള്ള ഉദ്യോഗത്തിൽ ആയിരുന്നിട്ടും മകൻ അപ്പൻ എല്ലാ ഘട്ടത്തിലും രവിച്ചേട്ടന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഒടുവിൽ എല്ലാം അവസാനിച്ച ശേഷമുള്ള ഒരു ദിവസം സംസാരമധ്യേ ഇന്ദിരചെറിയമ്മ പറയുകയുണ്ടായി: രവിച്ചേട്ടൻ ഇല്ലാത്തതിൽ എനിയ്ക്ക് നല്ല വിഷമം ഉണ്ട്. പക്ഷെ അതുമായി പൊരുത്തപ്പെടുവാനുള്ള മനസികാവസ്ഥയ്ക്ക് എന്നെ എത്തിച്ചത് (എന്റെ മകൻ) അപ്പനാണ്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും എന്റെ കൂടെ ഉണ്ടാവുകയും കാര്യങ്ങൾ പൂർണമായി എന്നെ പറഞ്ഞു മനസിലാക്കി തരികയും ചെയ്തിരുന്നു.  

ഒരു മകന് കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരമായാണ് ഞാൻ അതിനെ കാണുന്നത്. 

അർബുദത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന സിദ്ധാർഥ് മുഖർജിയുടെ "വ്യാധികളുടെ ചക്രവർത്തി" (The Emperor of Maladies) എന്ന പുസ്തകം വാങ്ങിവായിക്കാൻ പ്രേരകമായതും ഈ അനുഭവങ്ങളാണ്. നാളെ ഞാനും ഇതിന്റെ വലയത്തിൽ ആവില്ല എന്ന് ഉറപ്പില്ലലോ. പ്രതിയോഗിയെ അറിഞ്ഞിരിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. അപ്പൻ ഈ പുസ്തകം വളരെ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു എന്നത് പറയേണ്ടതില്ലലോ.

അർബുദം സ്ഥിരീകരിച്ച ശേഷം ചെറിയമ്മ കൊരട്ടിയിലെ സരസ്വതിയോപ്പോളുടെ അടുത്തായിരുന്നു. ഇടയ്ക്കൊക്കെ ഞാൻ കാണാൻ പോകുമായിരുന്നു. ഏറെ വേദന സഹിച്ചായിരുന്നു ചെറിയമ്മയുടെ അന്ത്യം. 

ശേഷം അഗ്നിയിൽ ചെറിയമ്മ ലയിച്ച് ഇല്ലാതാവുമ്പോൾ ഞാൻ ആലോചിച്ചു: അമ്മ നേരത്തെ പോയി. ഇപ്പൊ ഇതാ അമ്മയുടെ നിഴലും ഇല്ലാതായി. 


Tuesday, 30 May 2023

ഇദം ശരീരം

 











picture courtesy


പുലർച്ചെ നാലര മണിയോട് കൂടി പ്രകാശ് എൻ്റെ വീട്ടിൽ എത്തും. എന്നിട്ട് ഞങ്ങൾ രണ്ട് പേരും കൂടി ജയകൃഷ്ണന്റെ വീട്ടിൽ പോകും. അവിടെ നിന്ന് തുടങ്ങും ഞങ്ങളുടെ വ്യായാമ നടത്തം. രാമനാഥപുരത്തു നിന്നും തുടങ്ങി ട്രിച്ചി റോഡിലൂടെ സിംഗാനലൂരും കഴിഞ്ഞു പോകും. എന്നിട്ട് തിരിച്ചും. 

ആറു മണി കഴിഞ്ഞായിരിക്കും ജയകൃഷ്ണന്റെ വീട്ടിലേക്ക് മടങ്ങി എത്തുന്നത്. അവിടെ അവൻ്റെ അമ്മ ഉണ്ടാക്കിത്തരുന്നതാണ് ഞങ്ങളുടെ ആദ്യ ചായ. 

ജോഗിങ് എന്ന് പറയുന്ന ഓട്ടമായാണ് ഞങ്ങൾ തുടങ്ങിയത്. പക്ഷെ രണ്ട് മൂന്ന് തവണ ഞങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടിട്ടെന്നപോലെ തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പിന്നാലെ ഓടാൻ തുടങ്ങിയപ്പോൾ അത് നടത്തമായി മാറി. 

വഴിയിലുടനീളം വർത്തമാനം പറഞ്ഞും കാഴ്ചകൾ കണ്ടും നടക്കും. അന്ന് ട്രിച്ചി റോഡ് വലിയ തിരക്കുള്ള റോഡ് ആയി തീർന്നിട്ടില്ല. അത് കൊണ്ട് അധികം വാഹനങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നില്ല. തെരുവിളക്കുകൾ കത്തികൊണ്ടിരുന്ന വഴിയേ, നേർത്ത മഞ്ഞിന്റെ ആവരണം ഭേദിച്ചുകൊണ്ടുള്ള ആ നടത്തം എൻ്റെ കൗമാരകാലത്തെ ഓർമ്മകൾക്ക് പൊലിമയേകി.

ആദ്യകാലങ്ങളിൽ ദക്ഷിണേന്ത്യയിലെ പ്രധാന സിനിമാ കേന്ദ്രം കോയമ്പത്തൂരായിരുന്നു. അമ്പതുകളിലും അറുപതുകളിലും തമിഴ്  (മലൈക്കള്ളൻ) ഹിന്ദി (ആസാദ്) തെലുങ്കു മലയാളം (കാഞ്ചന, തസ്കരവീരൻ) എന്നീ ഭാഷകളിൽ കുറെ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച പക്ഷിരാജാ സ്റ്റുഡിയോ ഞങ്ങൾ നടക്കുന്ന വഴിയെയാണ്. അപ്പോഴേക്കും അത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എങ്കിലും ഞങ്ങൾ അതിന്റെ അടഞ്ഞ ഗേറ്റിനു മുമ്പിൽ നിന്ന് കൊണ്ട് സ്റ്റുഡിയോയുടെ പ്രതാപകാലം ഭാവന ചെയ്തു നോക്കാറുണ്ട്. 

കുറച്ച് മാസങ്ങൾ മാത്രമേ ഈ വ്യായാമം നീണ്ടുള്ളൂ. 

അക്കാലത്തു ജിമ്മുകൾ കുറവായിരുന്നു. ശരീര സൗന്ദര്യ മത്സരങ്ങൾക്ക് പോകുന്നവരൊക്കെയാണ് പ്രധാനമായും ജിമ്മിൽ പോയിരുന്നത്. പ്രകാശിന്റെ വീടിനടുത്തെ മാരിയമ്മൻ കോവിലിന്ന് സമീപമുള്ളതായിരുന്നു ആ പ്രദേശത്തെ ഏക ജിം. രാവിലത്തെ നടത്തം നിന്ന് പോയ സ്ഥിതിക്ക് അവിടെ ഒന്ന് ചേർന്ന് നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. മടിച്ചുമടിച്ചാണ് ജിമ്മിലെക്ക് കേറിച്ചെന്നത്. 

അന്ന് ഞങ്ങൾ മൂന്ന് പേർക്കും തീരെ തടിയില്ല. അതിലും പ്രകാശിന്ന് ശരീരത്തിൽ മാംസം ഉള്ളതായേ തോന്നില്ല. ജിമ്മിലെ പരിശീലകൻ ഞങ്ങളെയൊന്ന് ആകമാനം നോക്കി. എന്നിട്ട് എന്തിനാണ് നിങ്ങൾ ഇവിടെ ചേരുന്നത് എന്ന് ചോദിച്ചു. ഉറച്ച മാംസപേശികൾ സ്വപ്നം കണ്ടു നടന്നിരുന്ന ഞങ്ങൾക്ക് അയാൾ എന്തായാലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവേശനം അനുവദിച്ചു. രണ്ട് ദിവസം ഞങ്ങൾ തികച്ചില്ല. നേരാംവണ്ണം പുഷ് അപ്പ് ചെയ്യാൻ പോലും ആവാതെ വന്നപ്പോൾ  ഞങ്ങൾക്ക് പറ്റിയ പണിയല്ല ഇതെന്ന് പരിശീലകൻ വിധിയെഴുതി. 

ശരീര വ്യായാമത്തിന്റെ ആദ്യപരീക്ഷണങ്ങൾക്ക് അതോടെ തിരശ്ശീല വീണു.

ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ സിനിമാതാരങ്ങളാണ് യുവതയ്ക്ക് പ്രചോദനമാകുന്നത് എന്നൊരു വിശ്വാസം പൊതുവിൽ ഉണ്ട്. അന്നത്തെ താരങ്ങൾക്ക് ഇന്ന് കാണുന്നത് പോലുള്ള സിക്സ് പായ്ക്ക് ഒന്നും ഉണ്ടായിരുന്നില്ല. തമിഴിൽ കൊടി പറത്തികൊണ്ടിരുന്ന ശിവാജി ഗണേശന്ന് ചാർത്തപ്പെട്ട ഇരട്ട പേരുകളിൽ ഒന്ന് 'തൊന്തി' (കുടവയർ) ഗണേശൻ എന്നായിരുന്നു. മലയാളത്തിലും സ്ഥിതി വിഭിന്നമായിരുന്നില്ല. പക്ഷെ അതൊന്നും താരങ്ങളുടെ മാറ്റ് കുറയാൻ കാരണമായിരുന്നില്ല. കുടവയർ പുരുഷ ലക്ഷണങ്ങളിൽ ഒന്നായി കരുതപ്പെട്ടിരുന്ന കാലം കഴിഞ്ഞുള്ള അടുത്ത തലമുറയായിരുന്നു ഞങ്ങളുടേത് എന്ന് കൂടി ഓർക്കണം. 

അന്നൊന്നും പ്രത്യേക വ്യായാമങ്ങൾ ഒരു ആവശ്യമായി തോന്നിയിരുന്നില്ല. തടി അനക്കികൊണ്ടുള്ള ജീവിതരീതിയായിരുന്നു പൊതുവിൽ. നടത്തം ജീവിതത്തിന്റെ ഭാഗമായതിനാൽ അതിനു പ്രത്യേക ചടങ്ങു ആവശ്യമായിരുന്നില്ല. ഞങ്ങൾ മൂന്ന് പേരും ആവശ്യത്തിലധികം നടക്കുന്നവരുമായിരുന്നു. 

പുലാപ്പറ്റയിൽ നീണ്ട നടത്തങ്ങൾക്ക് പുറമെ നീന്തൽ ഉണ്ടായിരുന്നു. അവിടുത്തെ കുളത്തിൽ സംഘമായി നടത്തിയിരുന്ന ജലകേളി ഒന്നോ രണ്ടോ മണിക്കൂറോളം നീളും. മുതിർന്ന ശേഷവും, ചിട്ടയായുള്ള വ്യായാമം ഇല്ലെങ്കിലും, നടത്തിന്ന് കുറവുണ്ടായിരുന്നില്ല. 

പുലാപ്പറ്റയിൽ ഞങ്ങളുടെ സുഹൃദ്‌വലയത്തിൽ ആ കാലത്ത് മസിലൻമാർ കുറവായിരുന്നു. മണികണ്ഠൻ ഗണേശൻ ശങ്കരൻ എന്നിവരായിരുന്നു മസിലൻമാരുടെ ഗണത്തിൽ പെടുത്താവുന്നവർ. ശങ്കരൻ മുണ്ട് മടക്കി കുത്തുന്നത് ആളുകളെ, പ്രത്യേകിച്ച് അനിയൻ ഗണേശനെ, കാൽവണ്ണയിലെ ഉണ്ട കാണിച്ച് പേടിപ്പിച്ച് നിർത്താനാണ് എന്ന് മുരളിയേട്ടൻ പറയാറുണ്ടായിരുന്നു.

ഇടയ്ക്ക് വീണ്ടും വ്യായാമം ചെയ്‌തു നോക്കാതിരുന്നില്ല. കോഴിക്കോടും പിന്നീട് എറണാകുളത്തും രാവിലെ നടക്കാൻ പോയിരുന്നു. വീട്ടിനുള്ളിൽ തന്നെ ചില വ്യായാമ മുറകളും ചെയ്തു നോക്കിയിരുന്നു. പക്ഷെ ഒന്നും മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടില്ല. 

പഠനങ്ങൾ പറയുന്നത് ദക്ഷിണേഷ്യൻ ജനതയുടെ ജനിതകമായ പ്രത്യേകതകളുടെ ഭാഗമാണ് കുടവയർ എന്നാണ്. കുടവയർ പ്രകൃതമാണെങ്കിൽ അത് കുറയ്ക്കാൻ വേണ്ടി യത്നിക്കുന്നത് അതിനു വിരുദ്ധമാകില്ലേ. പണ്ടേ ഞാൻ പ്രകൃതി വിരുദ്ധനല്ല.