Wednesday, 26 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (4)

 








image courtesy:

https://www.canstockphoto.com/old-man-singing-like-a-rock-star-vector-74473535.html



ചിന്നമണി അമ്മായിക്ക് അമ്മയെ വലിയ കാര്യമായിരുന്നു. അവർ താമസിച്ചിരുന്ന ബംഗ്ലാവിൽപോക്ക് ഇടയ്കിടയ്ക്കുള്ള ഒരു പരിപാടിയായിരുന്നു. അങ്ങിനെ ഞാനും ഇടയിക്കിടയ്ക്ക് അവിടെ പോകും. അമ്മ കിടപ്പിലായപ്പോഴും ഞാൻ എൻ്റെ സന്ദർശനങ്ങൾ തുടർന്നു. അപ്പോഴേക്കും പോകാൻ വേറെ ഒരു പ്രധാന കാരണവും ഉണ്ടായി. സംഗീതം. 

ഒരു കുടുംബം മുഴുവൻ സംഗീതക്കാർ ആവുക എന്ന അപൂർവതയാണ് അവിടെ കണ്ടത്. സംഗീതം പൊഴിക്കുന്ന മക്കളും അമ്മായിയും അത് കേട്ട് തലകുലുക്കി രസിക്കുന്ന അമ്മാവനും. അമ്മുച്ചേച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന സുകുമാരി നരേന്ദ്ര മേനോൻ, ഉണ്ണിയേട്ടൻ എന്ന മണ്ണൂർ രാജകുമാരൻ ഉണ്ണി, തങ്ക ചേച്ചിയായ മാലിനി രവിവർമ്മ, അനിയേട്ടൻ എന്ന മണ്ണൂർ രാംദാസ് എന്നിവർ വായ്പ്പാട്ടിലും അനിയത്തി ഏടത്തിയെന്ന നർമ്മദാ മാധവനുണ്ണി, ശ്യാമളച്ചേച്ചി എന്ന ശ്യാമളാ രാധാകൃഷ്ണൻ എന്നിവർ വയലിനിലും പ്രാഗൽഭ്യം തെളിയിച്ചവരാണ്. 

മിക്കവാറും ഉച്ചയൂണ് കഴിഞ്ഞാൽ അവിടെ എത്തും. പിന്നെ വൈകീട്ട് ക്ലബ്ബിലേക്ക് പോകുന്ന വരെ അവിടെത്തന്നെയാണ്. പലപ്പോഴും സംഗീതം വിഷയമാവാറുണ്ട്. ഞാൻ വിളിച്ച് പറയുന്ന പൊട്ടത്തരങ്ങളൊക്കെ അവർ ക്ഷമയോടെ കേട്ടിരിക്കും. വൈകുന്നേരത്തെ ബസ്സിന്റെ സമയമാവുന്ന വരെ ഉണ്ണിയേട്ടനും ഉണ്ടാവും. ചായയും പലഹാരവും തരുന്നതിൻറെ കൂടെ ഇടയ്ക്കൊക്കെ അമ്മായി എനിക്ക് സംഗീതജ്ഞാനം പകരുവാനും നോക്കി. വീണയിലൂടെയാണ് അമ്മായിയുടെ സംഗീതം പ്രത്യക്ഷമായി വന്നത്. രണ്ട് തവണ എന്നെ പൂജാമുറിയിലേക്ക് കൊണ്ട് പോയി വീണാ വായന പഠിപ്പിച്ച് തരാൻ നോക്കി. പക്ഷെ ഞാൻ വഴുതിപ്പോയി. 

ഹിന്ദി ഹിന്ദുസ്ഥാനി എന്നിങ്ങനെ എൻ്റെ സംഗീത ആസ്വാദനം വികസിക്കുന്നത് അനിയേട്ടനിലൂടെയാണ്. റാഫിയുടെ കടുത്ത ആരാധകനായിരുന്നു അനിയേട്ടൻ പല റാഫി അനുസ്മരണങ്ങളിലും പ്രധാന ഗായകനായിരുന്നു. സൈഫു എന്ന സുഹൃത്താണ് ആദ്യമായ് എനിക്ക് റാഫിയെ പരിചയപ്പെടുത്തിയതെങ്കിലും അനിയേട്ടൻ വഴിയാണ് ഹിന്ദുസ്ഥാനിയിലേക്ക് എത്തി പെട്ടത്. ഗസലും റാഫിയുടെ പാട്ടുകളും എന്നെ പാടി കേൾപ്പിക്കുമായിരുന്നു. കേൾക്കാൻ കൂടെ ചിലപ്പോഴൊക്കെ പ്രസാദും ഉണ്ടാവും. 

എൻ്റെ സംഗീതാഭിരുചി രൂപീകരിക്കുന്നതിൽ ഈ ഘട്ടം പ്രാധാന്യമുള്ളതായിരുന്നു. 

ജോലി കിട്ടിയാൽ എല്ലാ മാസവും ഒരു പുസ്തകവും ഒരു കാസറ്റും വാങ്ങുക എന്നതായിരുന്നു എൻ്റെ തീരുമാനം. അങ്ങിനെ ഗുൽബർഗയിൽ വെച്ചാണ് ആ തീരുമാനം നടപ്പായത്. കേൾക്കുവാനുള്ള സൗകര്യം ഇല്ലെങ്കിലും കാസറ്റുകൾ വാങ്ങാൻ തുടങ്ങി. മലയാളത്തിലെ പഴയ ഗാനങ്ങളെ കൂടാതെ ഹിന്ദുസ്ഥാനി വാദ്യ സംഗീതം പിന്നെ പാശ്ചാത്യ സിംഫണികൾ എന്നിങ്ങനെ അഭിരുചികൾ വളർന്നു. 

എൻ്റെ താൽപര്യം കണ്ട് നന്ദകുമാരേട്ടൻ താൻ ഉപയോഗിച്ചിരുന്ന വാക് മാൻ എനിക്ക് തന്നു. പിന്നീട് ഞാൻ സ്വന്തമായി ഒരു കാസറ്റ് പ്ലയെർ വാങ്ങി. അവധിക്ക് വരുമ്പോഴെല്ലാം സൈഫുവിന്റെ കൂടെ പാലക്കാട് നഗരത്തിൽ പോയി പാട്ടുകൾ തിരഞ്ഞെടുത്തത് ടേപ്പിലാക്കുന്ന പതിവും ഉണ്ടായി. അങ്ങിനെ തരക്കേടില്ലാത്ത ഒരു ശേഖരം ഉണ്ടായി. 

തേനിൽ ഊറിക്കിടക്കുന്ന നെല്ലിക്ക തനിയെ തേൻ ചുരുക്കുന്ന പോലെ ഞാൻ അറിയാതെ പാട്ടുകൾ പുറത്ത് വരാൻ തുടങ്ങി. അതിന് പറ്റിയ പശ്ചാത്തലം ഉണ്ടായത് കോഴിക്കോട് രാജാസ് സ്‌കൂളിൽ വാദ്ധ്യാരായി എത്തിയപ്പോഴാണ്. ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ ക്യാമ്പസിന്റെ ഒരറ്റത്തായിരുന്നു. അതിലെ കുളിമുറിയിൽ കയറി ഷവർ തുറന്നാൽ ആരും പാടിപ്പോവാറുണ്ട് - മുഹമ്മദാലി മുതൽ ഹിലാൽ വരെ പാടിപ്പോകും. പിന്നെ ഞാനായിട്ട് എന്തിന്ന് മടിക്കണം. കൂട്ടത്തിലെ ഗായകൻ ഹരീഷ് ആയിരുന്നു. എങ്കിലും യാതൊരു സഭാകമ്പവും ഇല്ലാതെ ഏറ്റവും ഉച്ചത്തിൽ പാടാൻ തുടങ്ങുന്നത് അവിടെ മുതലായിരുന്നു. 

കുളിമുറി എന്ന റെക്കോർഡിങ് റൂമിൽ ബക്കറ്റിലേക്ക് വീഴുന്ന ജലധാര ശ്രുതിയാക്കി ഞാൻ എന്റെ ഗാന സപര്യ തുടങ്ങി. സിനിമാ പാട്ടിൽ തുടങ്ങി പിന്നെ കേട്ട് പരിചയിച്ച ശാസ്ത്രീയം വരെ പയറ്റാൻ തുടങ്ങി. ഒരു പട്ടുപാട്ടുകാരന്റെ പിറവി അങ്ങിനെയാണ് സംഭവിച്ചത്. 

പിന്നീട് ഇത് വരെ അത് നിർത്തിയിട്ടില്ല. ഒരു തവണ വർത്തമാനത്തിനിടയിൽ ഗായിക ചിത്ര എന്നോട് ചോദിച്ചു. പാട്ടുകാർ ഏറ്റവും ഭയക്കേണ്ടത് എന്തിനെയാണ് എന്നറിയാമോ. അവർ തന്നെ ഉത്തരവും പറഞ്ഞു. ഗ്യാസ്. പാടിവരുന്നതിനിടയിൽ വയറിൽ നിന്ന് ഒരു വായു ഉരുള കേറി വന്നാൽ സകല ശ്രുതിയും തെറ്റും. അത് നൂറു ശതമാനം ശരിയാണ് എന്ന് സമർത്ഥിക്കാൻ തക്കവണ്ണമുള്ള അനുഭവ ജ്ഞാനം ഉണ്ടായി. 

പിന്നീട് ചേവായൂരിലെ വാടക വീടുകളിലും വെള്ളയിലെ ഫ്ലാറ്റിലും എറണാകുളത്തെ വാടക വീടുകളിലും ഇപ്പോഴുള്ള വീട്ടിലും, സാധകം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. മഹാ നഗരങ്ങളിലോ പുറം രാജ്യങ്ങളിലോ ആയിരുന്നെങ്കിൽ ശബ്ദ ശല്യത്തിന്ന് എന്നോ കേസ് ആയേനെ. ഇവിടെ പിന്നെ ആളുകൾ അടുത്ത വീട്ടിൽ താമസിക്കുന്ന ലേശം അസ്‌കിത ഉള്ളയാളെ സഹിക്കുന്ന പോലെ എന്നെയും സഹിച്ച് കൊണ്ടിരിക്കുന്നു. വീട്ടിനുള്ളിൽ അസഹ്യമാവുബോൾ ഭാര്യ ഇടയ്ക്കു ദേഷ്യപ്പെടാറുണ്ട്. പക്ഷെ ചട്ടിയും കലവും പോലെ എന്നാണല്ലോ പ്രമാണം. 

പാടിക്കൊണ്ടിരിക്കുമ്പോൾ മൃതി പുൽകണം എന്നാഗ്രഹിക്കാൻ ഞാൻ ഒരു പാട്ടുകാരനൊന്നുമല്ല. പക്ഷെ, സ്‌മൃതി അണഞ്ഞു ഉടൽ വലിഞ്ഞ് അന്ധകാരനാഴിയിൽ മുങ്ങി താഴുന്ന സമയത്തും, ഉള്ളാഴങ്ങളിൽ നിന്ന് ഒരു നേർത്ത മൂളക്കം കേൾക്കുന്നുണ്ടാവും - തുള വീണ ശംഖിലൂടെ ഒരു ചെറു കാറ്റ് കടന്നു പോകുന്നപോൽ..






Saturday, 22 May 2021

ഒരു വിളക്ക് കൂടി...

 












photograph credit: Right Livelihood Foundation

https://www.rightlivelihoodaward.org/laureates/the-chipko-movement/


ചില മരണങ്ങൾ അങ്ങിനെയാണ്. മരിച്ച് കഴിയുമ്പോഴാണ് ആൾ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് ഓർമ്മ വരിക. "ഞാൻ ഇയാൾ എന്നോ മരിച്ചു എന്ന ധാരണയിലായിരുന്നു" എന്ന് പറയുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല. കാലം അങ്ങിനെയാണ്. പഴയ ദീപസ്തംബങ്ങൾ പിഴുതെടുത്ത് പുതിയ വിളക്കുകാലുകൾ നട്ടു പിടിപ്പിക്കുന്നതിനിടയിൽ ഇതെല്ലം സ്വാഭാവികം.

ഞങ്ങൾ വളർന്ന് വന്ന കാലഘട്ടത്തിന്ന് വെളിച്ചം പകർന്ന കുറച്ച് മനുഷ്യരുണ്ടായിരുന്നു. അവർ ഞങ്ങൾക്ക് ഭൂതകാലം പറഞ്ഞു തന്നു. ദൂരെ ദൂരെ ഭാവിയിൽ സഹസ്രാബ്ദങ്ങൾക്ക് അപ്പുറത്തെ ഭൂമിയെ കാണിച്ച് തന്നു. മനുഷ്യന്റെ നിലനിൽപ്പ് മറ്റ്‌ ജീവജാലങ്ങളുമായ് ഇഴുകിച്ചേർന്നിരിക്കുന്നത് എങ്ങിനെയാണ് എന്നവർ മനസിലാക്കി തന്നു. ക്ഷണികമായ ആയുസ്സിന്ന് അപ്പുറത്ത് കണ്ണെത്താത്തിടം വരെ പരന്നു കിടക്കുന്ന വിസ്തൃതിയായ ജീവിതമെന്ന അനന്തതയെ മനസിലാക്കി തന്നു. ജന്തുലതാതികൾക്കെല്ലാം ഒരു പോലെ ബാധകമായ ജീവിതം. 

അത് ചിലപ്പോൾ വാക്കിലൂടെ. ചിലപ്പോൾ പ്രവർത്തിയിലൂടെ. നിഗൂഢ വനങ്ങൾക്ക് വേണ്ടി അവർ നിരാഹാരമിരുന്നു. സ്വാർത്ഥ മഴുവിന്ന് മുന്നിൽ സ്വന്തം ജീവൻ കാഴ്ച വെച്ച് അവർ മരങ്ങളെ പുണർന്ന് നിന്നു. വരണ്ടുണങ്ങിയ മനുഷ്യ മനസ്സുകളിലെ അവശേഷിച്ച തുരുത്തുകൾക്ക് അവർ കാവലിരുന്നു. അങ്ങിനെയും ഒരു കാലം. 

ബാല്യത്തിലെ ഓർമ്മകൾ കയറി ഇരുന്നു വിലസിയിരുന്ന മരങ്ങളിൽ ബദാമിന്ന് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. അതിന്നടുത്ത് നിന്നിരുന്ന അരിനെല്ലി മരത്തിൽ നിന്ന് പറിച്ച നെല്ലിക്കായ്കളും താഴെ നിന്നു പെറുക്കി കാ ചതച്ചെടുത്ത പരിപ്പും ചവച്ച് അതിന്റെ ശാഖിയിൽ എത്രയോ അലസ അപരാഹ്നങ്ങൾ ചിലവാക്കിയിട്ടുണ്ട്. ആ ഓർമ്മകൾക്കൊരു സ്‌മാരകം എന്നോണം ക്ലബ്ബിലെ വൃക്ഷതൈ വിതരണത്തിനിടയിൽ അടിച്ചു മാറ്റിയ ബദാം ചെടി പത്തായപ്പുരയുടെ മുൻവശത്ത് തന്നെ നട്ടു. നാട് വിട്ട് പോകുമ്പോൾ ഞാൻ ലതയെ ഒരൊറ്റ കാര്യം മാത്രമാണ് ഏൽപ്പിച്ചത്: ഈ ചെടി വാടാതെ നോക്കണം. അവൾ വെള്ളമൊഴിച്ച് പരിപാലിച്ച് അതിനെ വലിയ ഒരു മരമാക്കി വളർത്തി. അടുത്തുണ്ടായിരുന്ന കൂവളം പോയപ്പോഴും ഇതങ്ങനെ തണൽ വിരിച്ച് പരന്നു നിന്നു. ഒരു കാലം കഴിഞ്ഞ് കാടു വെട്ടി തെളിക്കൽ നടപ്പു രീതിയായ് മാറിയപ്പോൾ ബദാമും വേരോടെ പിഴുതെറിയപ്പെട്ടു. ലതയോട് ആരും ചോദിച്ചില്ല. ഞാൻ ഒട്ട് അറിഞ്ഞുമില്ല. 

കോയമ്പത്തൂരിനെ അപേക്ഷിച്ച് പുലാപ്പറ്റയെ ഞാൻ കൂടുതലായി ഇഷ്ടപെടാനുള്ള കാരണം അവിടുത്തെ പച്ചപ്പും ജലധാനങ്ങളുമായിരുന്നു. പത്തായപ്പുരയിലെ അടക്കം, തൊടികളിലെല്ലാം ധാരാളം ഫലവൃക്ഷങ്ങളും കളകളും വളർന്നിരുന്നു. കിളികൾ എന്ന പോലെ അതിന്മേലെല്ലാം അവകാശം സ്ഥാപിച്ച് കഴിഞ്ഞു കൂടിയിരുന്ന കുരങ്ങന്മാരുടെ ഒരു സമൂഹവും അവിടെ ഉണ്ടായിരുന്നു. ഫലവൃക്ഷങ്ങൾ മുറിച്ച് മാറ്റിയാൽ അവയുടെ ഉപദ്രവം ഇല്ലാതാവും എന്ന തത്വപ്രകാരം ആദ്യം ഫലവൃക്ഷങ്ങളെല്ലാം മുറിച്ച് മാറ്റി. കാലം തെറ്റാതെ ഞങ്ങൾക്ക് വേണ്ടി മധുരമുള്ള കുഞ്ഞു മാങ്ങകൾ പൊഴിച്ച് തന്നിരുന്ന തെക്കേ തൊടിയിലെ കൂറ്റൻ മാവും ചുളപറിക്കൽ ചടങ്ങുകൾക്ക് രുചി പകർന്നിരുന്ന തേൻവരിക്ക പ്ലാവും ഓർമ്മയായി. 

ഫലമില്ലാത്ത മരങ്ങളിൽ ഒളിച്ചിരുന്നു കുരങ്ങന്മാർ അടുക്കളയിൽ കയറി ഇഡ്ഡലി മോഷ്ടിച്ച് തിന്നാൻ തുടങ്ങി. ഉച്ചക്ക് മുതിരയുപ്പേരി കൂട്ടി ചോറുണ്ണുന്നത് ശീലമാക്കി. ഫലമില്ലാത്ത മരങ്ങളും ഇല്ലാതാക്കിയതോടെ അവർ പുലാപ്പറ്റ അങ്ങാടിയിൽ കയറി താമസമുറപ്പിച്ച് നമ്മളെപ്പോലെ കടകളിൽ നിന്നുള്ള അരിയാഹാരം ശീലിച്ച് തുടങ്ങി. കുറെ കഴിയുമ്പോൾ അവർക്ക് റേഷൻ കാർഡ് കൂടി നൽകേണ്ടി വരുമോ? 

നാലുകെട്ടിന്ന് ചുറ്റുമുള്ള ദേവസ്വം ഭൂമിയിൽ തേക്കും പ്ലാവും പേരറിയാ ചെടികളും മരങ്ങളും ധാരാളമായി ഉണ്ടായിരുന്നു. ഒരുനേരം ഇരുട്ടി വെളുത്തപ്പോൾ അതെല്ലാം പോയ്  ഞങ്ങളുടെ കോട്ടയിലമ്മ റബ്ബർ തോട്ട മുതലാളിയായി. നടവരവ് ഇല്ലാതായ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായുള്ള അവസാനത്തെ അടവ് എന്നത് ന്യായം. 

കളകൾ എന്ന് നമ്മൾ പറഞ്ഞ് തള്ളുന്ന ഓരോ ചെടിക്കും പ്രകൃതിയുടെ നടത്തിപ്പിൽ അതിൻറെതായ പ്രാധാന്യം ഉണ്ട്. പരസ്പര പൂരകങ്ങളായ അതിജീവന സമവാക്യങ്ങൾ അവയില്ലാതെ തുല്യത നേടില്ല. ഓരോ മണൽത്തരിയും രൂപപ്പെട്ടു വരാൻ സഹസ്രാബ്ദങ്ങൾ വേണ്ടിവരും എന്നാണ് കണക്ക്. ഓരോ വിത്തും വളർന്ന് വന്മരമായി വരാൻ നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് വേണ്ടിവരും. വെറും അറുപത് കൊല്ലത്തെ ആയുസ്സ് പോലും അവകാശപ്പെടാനില്ലാത്ത മനുഷ്യൻ എത്ര വേഗമാണ് ഇതെല്ലം ഇല്ലാതാക്കുന്നത്. കാലങ്ങൾ കഴിഞ്ഞ് വരുന്ന ഒരു തലമുറ ഇതിനെല്ലാം നമ്മളെ വിചാരണ ചെയ്യുമ്പോൾ അതിന്ന് ഉത്തരം പറയാൻ ഞാൻ ഉണ്ടാവില്ല എന്നതാണ് ഇതെല്ലാം ഓർക്കുമ്പോൾ തോന്നുന്ന ഏക ആശ്വാസം.

വിദൂരമല്ലാത്ത ഭാവിയിൽ കടലെടുത്ത കരയുടെ ഒരറ്റത്ത് നിന്ന് ഒരു മുത്തശ്ശി താൻ അവിടെയെല്ലാം ഓടിനടന്ന കഥകൾ തൻ്റെ പേരക്കിടാങ്ങൾക്ക് പറഞ്ഞ് കൊടുക്കും. കണ്ണെത്താത്ത ഉയരത്തിലുള്ള കോൺക്രീറ്റ് കൂട്ടിൽ ഇരുന്ന് ഒരു മുത്തശ്ശൻ താഴെ താൻ കളിച്ച് ജീവിച്ച കാലത്തെ അയവിറക്കും. ഒരു അത്ഭുത കഥയെന്നോണം തലമുറകൾ ആ കഥകൾ കേട്ടുകൊണ്ടിരിക്കും. കാലമെത്രയായാലും കഥകൾക്ക് കേൾവിക്കാർ ഉണ്ടാവും. കഥയ്ക്കുള്ള കാരണങ്ങൾ അപ്പോൾ ഉണ്ടാവില്ലെങ്കിലും. 

ഞാൻ പറയാൻ വന്നത് ഇത്രയേ ഉള്ളു. സുന്ദർ ലാൽ ബഹുഗുണ മരിച്ചു. ആദരാഞ്ജലികൾ. 

Thursday, 20 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (3)











pic courtesy


താളത്തിൽ പെട്ടുപോയി എന്നുള്ളത് കൊണ്ട് രാഗ പരീക്ഷണങ്ങൾ തീരെ ഉണ്ടായില്ല എന്ന് പറയാൻ പറ്റില്ല. 

സായിബാബ കോളനിയിലെ സ്‌കൂളിൽ ഞങ്ങൾക്ക് ആർട്സ് & ക്രാഫ്റ്റ്‌സ് എന്നോ മറ്റോ വിശേഷിപ്പിക്കപ്പെട്ട ഒരു പിരീഡ് ഉണ്ടായിരുന്നു. വ്യാഴാച്ചകളിൽ ഉച്ച കഴിഞ്ഞായിരുന്നു എന്നാണ് ഓർമ്മ. ഇതിൽ വരുന്ന അധ്യാപകർ മിക്കവാറും എല്ലാവരെയും പാടിച്ചിരുന്നു. അങ്ങിനെയാണ് നാലാളുകളുടെ മുമ്പിൽ പാടുവാനുള്ള ശ്രമം തുടങ്ങുന്നത്. നാരായണൻ നായരുടെ റേഡിയോ വഴി കേട്ട ചില മലയാളം പാട്ടുകൾ പരീക്ഷിച്ച് നോക്കി. ഏറ്റില്ല. 

അന്നൊക്കെ താരം ജോസഫ് മാർട്ടിനായിരുന്നു. അന്ന് പ്രസിദ്ധിയുടെ കൊടുമുടിയിൽ നിന്നിരുന്ന ഉണ്ണിമേരി എന്ന അഭിനേത്രിയുടെ അനിയനായിരുന്നു എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ മാർട്ടിൻ. 

ആകെ രണ്ട് പാട്ടുകളെ അവന്ന് അറിയുമായിരുന്നുള്ളു. അവൻ്റെ ചേച്ചി അഭിനയിച്ച് കേരളത്തിൽ എന്ന പോലെ തമിഴ് നാട്ടിലും ജനപ്രീതി നേടിയ പിക്‌നിക്‌ എന്ന സിനിമയിലെ രണ്ട് പാട്ടുകൾ. 

അവനെ പാടാൻ വിളിച്ചാൽ ക്‌ളാസ്സിന്റെ മുന്നിലേക്ക് വന്നു നിന്ന് അവൻ നീട്ടി വിളിക്കും: മാലൈ...  അടുത്ത ദിവസം വന്ന് നിന്ന് : കസ്തൂരി മണക്കുന്നല്ലോ.. അസൂയ മൂത്ത് ഞാൻ ചോദിക്കും: എടാ വേറെ ഒരു പാട്ടും നിനക്കറിയില്ലേ.. അസൂയയോടെയാണങ്കിലും അവൻ്റെ പാട്ട് നന്ന് എന്ന് ഞാനും സമ്മതിച്ചിരുന്നു. 

സായിബാബ കോളനിയിലെ സുനിലിന്റെ വീട് ഞങ്ങളുടെ ഒരു താവളമായിരുന്നു. പാട്ടുകളോട് ഏറെ കമ്പമുള്ള അവന്റെ വീട്ടിൽ വെച്ചായിരുന്നു "കിച്ചൻ ഓർക്കസ്ട്ര" എന്ന പേരിൽ ഞങ്ങൾ ബഹളമുണ്ടാക്കിയിരുന്നത്. അവന്റെ വീട്ടിലുള്ള സകല പാത്രങ്ങളും പാട്ടകളും ഉപയോഗിച്ച് എന്തൊക്കെയോ ഞങ്ങൾ ചെയ്തിരുന്നു. അന്ന് റേഡിയോവിൽ കേൾക്കാറുണ്ടായിരുന്ന വാദ്യവൃന്ദം എന്ന പരിപാടി ആയിരുന്നു പ്രചോദനം. അക്കാലത്തു ഹിറ്റ് ആയിരുന്ന "രാജീവ നയനെ നീ ഉറങ്ങു" എന്ന പാട്ടു പാടി കഴിഞ്ഞപ്പോ മൂക്കത്ത് വിരൽ വെച്ച് അവൻ ചോദിച്ചു: എന്തൊരു ശോകമാടാ നീ.."

മലയാള പാട്ടുകൾ പാടുമ്പോൾ നാട്ടിലുള്ളവർ പറയും: "കൃഷ്ണന്ന് തമിഴ് പാട്ടാണ് നല്ലത്". കോയമ്പത്തൂരിൽ വെച്ച് കേൾക്കുന്നത്: "നീ മലയാളമേ പാട് ഡാ." അങ്ങിനെയാണ് രണ്ട് ഭാഷയിലും എന്നെ പാടാൻ കൊള്ളില്ല എന്ന് മനസിലാക്കുന്നത്. 

ശങ്കരാഭരണം സിനിമ ഇറങ്ങിയ കാലം. അതിലെ പാട്ടുകൾ ദക്ഷിണേന്ത്യയിൽ തരംഗമായിരുന്ന കാലം. രവിമ്മാമ താമസിച്ചിരുന്ന ഗൂഡലൂരിലെ എസ്റ്റേറ്റ് ബംഗ്ളാവിന്റെ സ്വീകരണ മുറിയിൽ മഞ്ഞച്ച വിളക്കിനു താഴെ സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ അമ്മായി പറഞ്ഞു, എന്നാൽ നിങ്ങൾ ഓരോ പാട്ട് പാടു. നിങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എൻ്റെ അനിയനും സന്തത സഹചാരിയുമായിരുന്ന പ്രസാദിനെയും എന്നെയുമാണ്. പ്രസാദ് വായ തുറക്കുന്നതിന്ന് മുമ്പേ ഞാൻ ചാടിക്കേറി തുടങ്ങി: ഓം കാര നാദാനു.. പിന്നീട് പ്രസാദിന്റെ ഊഴം. ഏഴു കട്ടയിൽ പിടിച്ച് തുടങ്ങി: ശങ്കരആആ... അങ്ങിനെ കാവിലെ പാട്ട് മത്സരവും പ്രസാദ് കൊണ്ട് പോയി. 

പതുക്കെ ഇത്തരം പരീക്ഷണങ്ങൾ ഞാൻ കുറച്ചു. പ്രത്യേകിച്ച് പത്തായപ്പുരയിൽ തന്നെ ലക്ഷണമൊത്തൊരു പാട്ടുകാരൻ ഉള്ളപ്പോൾ ഞാൻ പാടാതിരിക്കുന്നതാവും ഭംഗി എന്ന് തോന്നി. വേണുവേട്ടൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ താരമായിരുന്നത്രെ. 

വിജയേട്ടൻ ലണ്ടനിൽ ഒക്കെ പോയി വന്നപ്പോ കൂടെ ഒരു ടേപ്പ് റെക്കോർഡറും കൊണ്ട് വന്നിരുന്നു. നാട്ടിലെ ആദ്യ ടേപ്പ് റെക്കോർഡർ ആയിരുന്നു അത്. അതിൽ ആദ്യമായി റെക്കോർഡ് ചെയുന്നത് വേണു ഏട്ടന്റെ പാട്ടായിരിക്കണം എന്ന് പറഞ്ഞ് ബലരാമൻ അമ്മാമയുടെ മുറിയിൽ കയറി കതകടച്ചു. വേണുവേട്ടൻ പാടി: ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും.. നമ്മൾക്കൊക്കെ അപകർഷതാ ബോധം ഉണ്ടാവുന്ന ചില മുഹൂർത്തങ്ങൾ ഉണ്ടാവുമല്ലോ?

പാടുന്നത് നിർത്തി എങ്കിലും പാട്ടിനോട്, സംഗീതത്തോട്, തോന്നിയ അഭിനിവേശം ഒട്ടും കുറഞ്ഞില്ല. 

(ഇനിയും)



വകുപ്പുണ്ടോ സഖാവേ ഒരു മന്ത്രിയെടുക്കാൻ?

(note: this was an occasional piece which was meant to be posted and shared on facebook. since this does not go in tune with the nature of this blog, i have not shared it. this finds its place here just for the purpose of storage.) 


എന്ത് കണ്ടിട്ടാണ് ആളുകൾ ഈ ബഹളമൊക്കെ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഈ ബഹളക്കാർക്കൊക്കെ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതാണ് കാര്യം. ഈ സത്യം എത്ര തവണ ഞങ്ങൾ പറഞ്ഞാലും തിരിയുന്നില്ലലോ?

ഞങ്ങൾക്ക് വലുത് പാർട്ടിയാണ്. പാർട്ടിയെന്ന മഹാപുരുഷനിലെ സൂക്ഷ്മ കോശങ്ങൾ മാത്രമാണ് ഞങ്ങൾ. മഹാ പുരുഷൻ എന്നാണ് പറഞ്ഞതെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ? ഇതിന്ന് പുറത്തൊരു ലോകം ഞങ്ങൾക്കില്ല. ഇതിൽ തെളിയാത്തതൊന്നും ഞങ്ങൾക്ക് സത്യമല്ല. സത്യമല്ലാത്തത് കേൾക്കേണ്ട കാര്യവുമില്ലലോ? ഞങ്ങളുടെ ഭരണഘടനയും കോടതിയും, ശിക്ഷകനും രക്ഷകനും, പാർട്ടിതന്നെയാണ്.

ഇക്കഴിഞ്ഞ ദുരിതങ്ങളിലൂടെ നിങ്ങളെ നയിച്ചത് പാർട്ടിയാണ്. പാർട്ടി പറയുന്നതാണ് വകുപ്പ് മേധാവികൾ നടപ്പാക്കുന്നത്. വകുപ്പ് മേധാവി എങ്ങിനെയാണ് പാർട്ടിയേക്കാൾ വലുതാവുന്നത്? വലുതാവുന്നു എന്ന് തോന്നിയ ക്ഷണത്തിൽ തന്നെ പൊതു ജന സമ്പർക്കം പാർട്ടി നേരിട്ട് ഏറ്റെടുത്തില്ലേ?

ജനം എന്നാൽ എന്താണ്. പാർട്ടി തന്നെയല്ലേ. അതിൽ ഉൾക്കൊള്ളാത്തവർ ജനങ്ങളാവുന്നത് എങ്ങിനെ? അവരുടെ കാര്യങ്ങളോ അഭിപ്രായങ്ങളോ ഞങ്ങൾ എന്തിന്ന് ശ്രദ്ധിക്കണം? കേരളത്തിലെ ജനസംഖ്യ എന്നാൽ ഞങ്ങൾക്ക് പാർട്ടി കാർഡ് ഉള്ള പത്തു പന്ത്രണ്ട് ലക്ഷം ആളുകളാണ്. അവരുടെ ക്ഷേമല്ലേ ഞങ്ങൾ നോക്കേണ്ടത്. ദുരിത സമയത്ത് അവർ ഇത്തിരി ആശ്വാസം വീതിച്ചെടുത്തതിന്ന് എന്തൊരു ബഹളമായിരുന്നു.

അമേരിക്കയിലെ കുത്തക മാധ്യമങ്ങളും നാട്ടിലെ പാർട്ടി വിരുദ്ധരും കൂടി പാർട്ടിയെ തകർക്കാൻ ഒരു ശ്രമം നടത്തി എന്നത് സത്യമാണ്. വിജയങ്ങൾ മുഴുവൻ ഒരാൾക്ക് ചാർത്തികൊടുത്ത് പാർട്ടിയിൽ മറ്റൊരു ദൈവത്തെ വളർത്തികൊണ്ടുവരാനുള്ള ശ്രമങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു.

ഞങ്ങൾ എന്നും ഏകദൈവ വിശ്വാസികളാണ്. ആ ദൈവത്തെ ചിലപ്പോ ഞങ്ങൾ സഖാവ് എന്ന് വിളിക്കും. ചിലപ്പോ മറ്റെന്തെങ്കിലും. അതിന്ന് നിങ്ങൾക്കെന്താ?

മറ്റൊരു ദൈവത്തെയും ഞങ്ങൾ പൊറുപ്പിക്കില്ല. അത് ഇപ്പൊ കണ്ണൂർ ആയാലും, ആലപ്പുഴയായാലും. പുരയ്ക്ക് മീതെ വളരാൻ ശ്രമിച്ച ഒരു മരം ഇപ്പോഴും ഞങ്ങളുടെ അട്ടത്തുണ്ട്. മറിച്ച് വിശ്വസിക്കുന്നത് ചരിത്രം അറിയാത്തവർ. ഈ പരിപാടി ഞങ്ങൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.

പിന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ കാര്യം. അതിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല എന്നതാണ് പരമാർത്ഥം. പിന്നെ എന്തിന്ന് ഞങ്ങൾ അത് മുഖവിലയ്‌ക്കെടുക്കണം.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഈ ബഹളമൊക്കെ എന്തിനാണ്? പണ്ടത്തെ ഒരു മുദ്രാവാക്യം പൊടിതട്ടി പരിഷ്കരിച്ച് വീണ്ടും ഇതാ ഞങ്ങൾ ചോദിക്കുന്നു: ഞങ്ങടെ മന്ത്രിയെ ഞങ്ങള് തള്ളിയാ നിങ്ങക്കെന്താ മാളോരേ?


Sunday, 9 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (2)

 







picture courtesy




രാഗത്തെക്കാൾ താളത്തിലായിരുന്നു ഞാൻ ആദ്യം ആകൃഷ്ടനായത്. അത് സ്വാഭാവികമാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പൊതുജനപ്രീതി നേടിയ പാട്ടുകളുടെ പട്ടിക നോക്കിയാൽ, അത് ഏതു ഭാഷയിലാണെങ്കിലും, മികച്ച താളക്രമമാവും അതിന്റെയെല്ലാം  സവിശേഷത. "എന്നടി രാക്കമ്മ പല്ലാക്ക് നെളിപ്പ്" എന്ന പാട്ട് ആ സിനിമയിൽ തന്നെ ശോക സന്ദർഭത്തിൽ പതിഞ്ഞ താളത്തിൽ വീണ്ടും പാടുന്നുണ്ട്. പക്ഷെ അത് എത്ര പേർക്ക് അറിയാം?" ഫുട്ട് ടാപ്പിംഗ്" (foot tapping) എന്ന് വിശേഷിപ്പിക്കും സായിപ്പ്.

താളത്തിൽ തന്നെയായിരുന്നു എൻ്റെ ആദ്യ പരീക്ഷണവും. അറിയാതെ എപ്പോഴോ പാട്ട് കേൾക്കുന്നതിനിടയിൽ നാരായണൻ നായരുടെ മേശപ്പുറത്ത് അഭ്യാസം തുടങ്ങിയിട്ടുണ്ടാവും. പാട്ടുകൾ കേൾക്കുമ്പോൾ അതിലെ താളവിന്യാസത്തിലായിരുന്നു ശ്രദ്ധ. കേൾക്കുന്ന താളങ്ങൾ അത് പോലെ മേശപ്പുറത്ത് അനുകരിക്കാൻ നോക്കും. അക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളത് കൊട്ടിനാണ്. എവിടെയും എപ്പോഴും യോജിച്ച ഒരു പ്രതലം കണ്ടാൽ അതിൽ കൊട്ടാൻ തുടങ്ങും. പാത്രങ്ങൾ, മേശപ്പുറം, കസേരകൈയ്യ് എന്ന് മാത്രമല്ല കുളിക്കാൻ കയറുമ്പോൾ ബക്കറ്റിൻറെ പുറത്തും കപ്പിന്റെ പുറത്തും വരെ പരീക്ഷിക്കും. (ബക്കറ്റിൽ ഒരു മുക്കാൽ ഭാഗം വെള്ളം നിറച്ച് കപ്പ് അതിന്റെ മുകളിലെ പ്രതലത്തിൽ കമഴ്ത്തിപ്പിടിച്ച് കൊട്ടി നോക്കുക...)  കോയമ്പത്തൂരിലെ സുനിലിന്റെ വീട്ടിലെ കിച്ചൻ ഓർകെസ്ട്രയിലും പുലാപ്പറ്റയിലെ ഭജനയിലും കൊട്ടുകാരൻ ഞാൻ തന്നെ. 

ചിറ്റ് ചോറ് എന്ന ഹിന്ദി സിനിമയും അതിലെ യേശുദാസിന്റെ പാട്ടുകളും തരംഗമായിരുന്ന കാലത്തായിരുന്നു ഗായിക ഹേമലതയുടെ ചികിത്സയ്ക്ക് രവീന്ദ്ര ജെയിൻ വൈദ്യശാലിയിൽ വന്നത്. ഫാർമസിയുടെ രജത ജൂബിലി ആഘോഷവും അപ്പോഴായിരുന്നു. രവീന്ദ്ര ജെയിനിന്റെ നേതൃത്വത്തിൽ ഒരു ഗാനമേള ഒരുക്കാൻ തീരുമാനിച്ചു. അതിൻ്റെ പരിശീലനം വൈദ്യശാലയുടെ ഹാളിലായിരുന്നു. അന്ന് കോയമ്പത്തൂരിൽ പേരെടുത്ത് വരുന്ന മല്ലിശ്ശേരി ഓർക്കസ്ട്രയ്ക്കായിരുന്നു വാദ്യങ്ങളുടെ ചുമതല. ആ രണ്ട് ദിവസവും ഞാൻ അവിടെ ചുറ്റിപറ്റി നിന്നു. ട്രിപ്പിൾ കോങ്കോസും ബൊങ്കോസും കൊട്ടി നോക്കി. 

അക്കാലത്താണ്  ജയകൃഷ്ണൻ മൃദംഗം പഠിക്കാൻ തുടങ്ങിയത്. സുരേഷ് എന്നായിരുന്നു മാഷുടെ പേര് എന്നാണ് ഓർമ്മ. ഒരു ദിവസം ഞാൻ അവൻ്റെ മൃദംഗം എടുത്ത് എൻ്റെ കൈത്തരിപ്പ് തീർക്കുന്ന സമയം അവിടെ മാഷും ഉണ്ടായിരുന്നു. എത്ര കാലമായി പഠിക്കുന്നു എന്ന മാഷുടെ ചോദ്യത്തിന്ന് പഠിക്കുന്നില്ല എന്ന് പറഞ്ഞു. എൻ്റെ വിരൽ ചലനങ്ങളെ അനുമോദിച്ചു എന്നെ പഠിപ്പിക്കാം എന്ന് പറഞ്ഞു. വീട്ടിൽ എത്തുന്നതിന്ന് മുമ്പ് വഴിയിൽ അച്ഛനെ കണ്ടപ്പോൾ ആവേശത്തോടെ ഈ കഥ പറഞ്ഞു, പഠിക്കട്ടെ എന്ന് ചോദിച്ചു: "ഹും.. കൊട്ട് പഠിക്കുന്നു.. ഒരു ചവിട്ട് വെച്ച് തരും.. പോയി പുസ്തകമെടുത്ത് പഠിക്കെടാ.."

ഇതിന്ന് ഒരു തനിയാവർത്തനം ഉണ്ടായി. മൂന്ന് നാല് കൊല്ലങ്ങൾക്ക് മുമ്പ് ജയകൃഷ്ണന്റെ പോണ്ടിച്ചേരിയിലെ വീട്ടിൽ പോയിരുന്നു. മകന്ന് പഠിക്കാൻ വേണ്ടി അവൻ ഒരു മൃദംഗം വാങ്ങി വെച്ചിരുന്നു. അവൻ്റെ നിർബന്ധത്തിൽ അത് എടുത്ത് ഞാൻ കൊട്ടുകയുണ്ടായി. 

പഴയ പോലെ വിരലുകൾ വഴങ്ങുന്നില്ല എങ്കിലും ഒരു വിധം ഒപ്പിച്ച്കൂട്ടി എന്ന് പറയാം. 

(കഴിഞ്ഞിട്ടില്ല)


Friday, 7 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (1)

 









pic courtesy





രംഗം. പുലാപ്പറ്റയിലെ കുടുംബ ക്ഷേത്രം.

ദീപാരാധന സമയം.

നാലമ്പലത്തിന്റെ തിണ്ടിന്മേൽ നട തുറക്കാൻ കാത്തുനിൽക്കുന്നവർ.

ബന്ധുക്കളുടെ കൂടെ അമ്മയും ഉണ്ട്. അന്നൊക്കെ അമ്മയുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന മകനായിരുന്നു ഞാൻ. പിടി വിട്ടാൽ ഓടും എന്ന് ഉറപ്പുള്ളത് കൊണ്ട് എന്റെ വലത്തെ കൈയിൽ മുറുകെ പിടിച്ചാണ് നിൽപ്പ്. മറ്റെല്ലാവരും സാകൂതം നടയിലേക്ക് തന്നെ നോക്കി നിന്നപ്പോൾ എന്റെ ശ്രദ്ധ തിണ്ടിന്റെ  ഇടത്തെ അറ്റത്ത് നിന്ന് കൊട്ടുന്ന കൂട്ടമണി പൊതുവാളിൻ്റെ ഇടയ്ക്കയിലായിരുന്നു. കൈച്ചലനവും അതനുസരിച്ച് മാറിവരുന്ന ഇടയ്ക്കയുടെ താളവും എനിയ്ക്ക് അത്ഭുതമായിരുന്നു. ശ്രീകോവിൽ നട തുറന്നപ്പോൾ എന്നോട് കൈ കൂപ്പാൻ പറഞ്ഞു അമ്മ കണ്ണടച്ച് തൊഴുത് നിന്നു. ഇടയ്ക്ക  അതിൻ്റെ സ്ഥാനത്ത് തൂക്കിയിട്ട് പൊതുവാൾ നീങ്ങുന്ന തക്കം നോക്കി ഞാൻ ഓടിപ്പോയി ഇടയ്കയുടെ കോൽ വലിച്ചെടുത്ത് കൊട്ടാൻ തുടങ്ങി. "ഏയ്യ് .... ഉണ്ണി.. അതൊന്നും തൊടാൻ പാടില്ല" എന്ന് പറഞ്ഞ് പൊതുവാൾ കൈയ്യിൽ നിന്ന് കോലു വാങ്ങി. അപ്പോഴേക്കും അമ്മയും ഓടി എത്തി എന്നെ അവിടെ നിന്നും വലിച്ച് കൊണ്ട് പോയി.

സംഗീതത്തെ കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ ഇതാണ്. 

കോയമ്പത്തൂരിലെ ബാല്യത്തിൽ എനിയ്ക്ക് സംഗീതം എന്നാൽ വൈദ്യശാലയുടെ തൊട്ട് പുറകിലായിരുന്ന തീയേറ്ററിൽ നിന്ന് കേൾക്കുന്ന സിനിമാ ഗാനവും മതിലിന്നപ്പുറത്ത് പങ്കജാ മിൽ റോഡിലെ അയ്യപ്പൻ കോവിലിൽ നിന്ന് കേൾക്കുന്ന ഭജനപ്പാട്ടുകളുമായിരുന്നു. പിന്നെ, നാരായണൻ നായരുടെ തോലുടുപ്പിട്ട മർഫി റേഡിയോവിൽ നിന്നുള്ള ചലച്ചിത്ര ഗാനങ്ങളും.  

ഉച്ചയ്ക്ക് ഒരു മണിയ്ക്കുള്ള തൃശൂർ ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണവും പിന്നെ ശ്രീലങ്കയിൽ നിന്ന് മൂന്നരയ്ക്കുള്ള മലയാള പ്രക്ഷേപണവും സ്ഥിരമായി അവിടെ വെക്കാറുണ്ട്. സാധാരണ മലയാള പ്രക്ഷേപണം കഴിഞ്ഞാൽ റേഡിയോ ഓഫ് ആക്കുമെങ്കിലും ചില ദിവസങ്ങളിൽ നാലരയ്ക്ക് തുടങ്ങുന്ന തമിഴ് "ഒലി പരപ്പും" കേൾക്കാറുണ്ട്. ഈ സമയമെല്ലാം ഞാൻ നാരായണൻനായരുടെ വീട്ടിനുള്ളിൽ ചുറ്റിപറ്റി നിൽക്കാറുമുണ്ട്.  

അന്നൊക്കെ പെൺകുട്ടികൾ പാട്ടും നൃത്തവും പഠിക്കാൻ വിധിക്കപ്പെട്ടവർ ആണെന്ന വിശ്വാസമുള്ള കാലമായിരുന്നു. അതനുസരിച്ച് ലതയും അനിതയും ഗൗരി ഓപ്പോളുടെ അടുത്ത് സംഗീതം പഠിക്കാൻ ഇരിക്കുമ്പോൾ ഞാനും കൂടെ ഇരിക്കുമായിരുന്നു. ഏഴു നിറങ്ങളുടെ മേളനമാണ് കാഴ്ചയിലെ വർണ്ണങ്ങൾ എന്ന പോലെ ഏഴു സ്വരങ്ങളുടെ ലയനമാണ് കേൾവിയിലെ സംഗീതം എന്ന ആദ്യ അറിവ് അവിടെ നിന്നാണ് കിട്ടിയത്. എൻ്റെ താൽപ്പര്യം കണ്ട് ഗൗരിയോപ്പോൾ എന്നെയും പഠിക്കാൻ ക്ഷണിച്ചു. പക്ഷെ പാട്ടു പഠിക്കുക എന്നതിനേക്കാൾ അറിവിന്റെയും ആസ്വാദനത്തിന്റെയും തറ ഉറപ്പിക്കുക എന്നതായിരിക്കണം എൻ്റെ ലക്ഷ്യം. 

വൈദ്യശാലയിൽ താസിക്കുന്ന കാലത്ത് കുട്ടികളായ  ഞങ്ങൾ ക്വാർട്ടേഴ്സിന്റെ മുന്നിലെ മാവിൻ ചുവട്ടിൽ ഇടയ്ക്കൊക്കെ അമ്പലം പണിതു കളിക്കും. പെൺകുട്ടികൾ തറ മെഴുകി വൃത്തിയാക്കിയിടും. പിന്നെ അവിടെ തന്നെയുള്ള തോട്ടത്തിൽ നിന്ന് പൂക്കളും പറിച്ച് വെക്കും. നമ്പൂരിയുടെ മകനായത് കൊണ്ടാവാം അവിടുത്തെ നിത്യ ശാന്തി ഞാനായിരുന്നു. അത് കഴിഞ്ഞാൽ പിന്നെ ഭജനയായി. ഭജന നയിക്കുന്നതും ഞാൻ തന്നെ. ഭജന എന്ന കലാപരിപാടി ഞാൻ പുലാപ്പറ്റയിലേക്കും കൊണ്ട് പോയി. തെക്കേ മുറിയിലെ ചുവരിൽ തൂക്കിയിട്ട ചിത്രങ്ങൾക്ക് താഴെ ഇരുന്നു തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടിയ പാട്ടുകളിലെ വരികൾ ഇപ്പോഴും ഓർമ്മയുണ്ട്. മാപ്പിളപ്പാട്ട് ശൈലിയിൽ "ഈട കെട്ടിൽ വാവരു സ്വാമി നിൻറെ കാരുണ്യത്താൽ ആടിപ്പാടി വരുന്നൊരെ കാക്കണേ.. കുരുമുള ഞങ്ങളു കൊണ്ട് ബരുന്നു കന്നിവോട് നിന്നെ കുമ്പിടുന്ന്.. കല്ബില് നിൻറെ ബിചാരമായിട്ട്.."

അന്ന് പ്രസിദ്ധമായിരുന്ന "കണ്ണൻ എന്നും മന്നൻ പേരൈ ചൊല്ല ചൊല്ല" എന്ന ഗാനത്തിന്റെ ഈണത്തിൽ "ശ്രീ മണികണ്ഠൻ പേരെ എന്ഡറും ചൊല്ല ചൊല്ല, കല്ലും മുള്ളും പൂവായ് മാറും മെല്ല മെല്ല.."

ഞങ്ങളുടെ രാപ്പാടി ബീനയായിരുന്നു. അത്താഴം കഴിഞ്ഞ് തെക്കേ പത്തായപ്പുരയുടെ ഉമ്മറത്തെ തൂണുചാരി, കാലും നീട്ടിയിരുന്നു, ബീന പാടാൻ തുടങ്ങുമ്പോൾ, ഞങ്ങൾക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റില്ല. പാടുന്നത് മിക്കവാറും എസ് ജാനകിയുടെ ഗാനങ്ങളായിരിക്കും. പുലാപ്പറ്റയിലെ രാത്രിയോർമ്മകളിൽ എനിയ്ക്ക് മറക്കാൻ പറ്റാത്ത ഒന്നാണ് ഇത്.  

(തുടരാം)


Wednesday, 5 May 2021

നട രാജൻ

 







pic courtesy





തെണ്ടി മേസ്തിരി എന്നാണ് സ്‌കൂൾ പ്രായത്തിൽ അച്ഛൻ എന്നെ സ്ഥിരം വിളിച്ചിരുന്നത്. ഭക്ഷണത്തിനും ഉറക്കത്തിനും അല്ലാതെ ഞാൻ അധികവും വീടിന്ന് പുറത്തായിരിക്കും. വൈദ്യശാലയിൽ നിന്ന് വീട്ടിൽ എത്തിയാൽ വാതുക്കൽ വെച്ച് തന്നെ അച്ഛൻ അമ്മയോട് ചോദിക്കുന്ന ചോദ്യമുണ്ട്: "ആ തെണ്ടി മേസ്തിരി എത്ത്യോ?"

കുട്ടിക്കാലം മുതൽ തന്നെ നടത്തം എനിയ്ക്ക് ഒരു ഹരമായിരുന്നു. നടത്തം എന്നത് കൊണ്ട് ലക്ഷ്യം ഇല്ലാത്ത അലച്ചിൽ എന്ന് കൂടി വിവക്ഷിക്കാവുന്നതാണ്. 

ഞാൻ കണ്ട ആദ്യ നടരാജന്മാർ അച്ഛനും അമ്പ്യാരമ്മാമയും ആയിരുന്നു. ആദ്യ നടത്തങ്ങൾ അവരോടൊപ്പം ആയിരുന്നു. തൻ്റെ നടത്തങ്ങളെ പറ്റി അച്ഛൻ ഇടയ്ക്ക് പറയാറുണ്ട്. വൈദ്യം പഠിച്ചിരുന്ന കാലത്ത് തിരുവേഗപ്പുറയിൽ  നിന്ന് മേഴത്തൂർക്കും പിന്നെ ഗുരുവായൂർക്കും നടന്ന് തന്നെയായിരുന്നു പോയിരുന്നതത്രെ.  

വൈദ്യശാലയിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയുള്ള അൽവേർണ്യ സ്‌കൂളിൽ ചേർക്കാൻ രക്ഷിതാവായി വന്നത് അമ്മാമയായിരുന്നു. സ്വാഭാവികമായും നടന്ന് തന്നെയായിരുന്നു പോയത്. ആദ്യത്തെ ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് വിടാനും തിരിച്ചു കൂട്ടാനും അച്ഛൻ വന്നിരുന്നു എന്നാണ് ഓർമ്മ. പിന്നീടങ്ങോട്ട് അവിടെ പഠിച്ച നാല് കൊല്ലവും ഞാൻ ഒറ്റയ്ക്കാണ് നടന്നിരുന്നത്. വഴിയോര കാഴ്ചകൾ കണ്ടു നടന്ന ആ ശീലമാവാം പിന്നീട് സ്വഭാവമായത്. 

അക്കാലത്തു ഒരു തവണ പുലാപ്പറ്റയിൽ നിന്ന് ഒരു നടത്തം വേണ്ടി വന്നത് ഓർമ്മയുണ്ട്. ഒരു അനിശ്ചിത കാല സമരം കാരണം ആകെ ഉണ്ടായിരുന്ന ബസ്സ് മുടങ്ങി. അച്ഛനാണെങ്കിൽ കോയമ്പത്തൂരിൽ എത്തുകയും വേണം. കോങ്ങാട്ട് നിന്ന് ജീപ്പ് ഉണ്ട് എന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ നടക്കാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം ഒരു ഒൻപത് കിലോമീറ്റർ ഉണ്ടാവും. അച്ഛൻ അമ്മ ഞാൻ എന്നിവർക്ക് കൂട്ടായി സഹായത്തിന്ന് അന്ന് പത്തായപ്പുരയിലെ കാര്യസ്ഥനായിരുന്ന രാമൻ നായരും ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എനിയ്ക്ക് നടക്കാൻ വയ്യാതായി. തുടർന്ന് രാമൻ നായർ എന്നെ തോളിൽ ഇരുത്തി നടന്നു. മാഞ്ചേരികാവ് കഴിഞ്ഞ് ജീപ്പ് കയറി ഒലവക്കോട് ഇറങ്ങി അവിടുന്ന് തീവണ്ടി കയറിയാണ് അന്ന് കോയമ്പത്തൂർ എത്തിയത്. 

രാമൻ നായർ ഏകനായി വന്ന വഴി തിരിച്ചു ചവിട്ടിയിട്ടുണ്ടാവും. 

പിന്നീട് നടത്തം ഒരു സ്ഥിരം സ്വഭാവമായി മാറുന്നത് വൈദ്യശാലയിൽ നിന്ന് ഏകദേശം എട്ട് പത്ത് നാഴിക ദൂരമുള്ള സായിബാബ കോളനിയിലെ ലിസ്യൂ സ്‌കൂളിൽ ചേർന്നപ്പോളാണ്. അഞ്ചു മുതൽ അവിടെയായിരുന്നു. 43 നമ്പർ ടൌൺ ബസ്സിലെ യാത്ര തുടങ്ങുന്നത് അങ്ങിനെയാണ്. ആറാം ക്‌ളാസ്സിൽ വെച്ച് സൈക്കിൾ കമ്പം തുടങ്ങുന്ന വരെ ബസ്സിൽ പോയി വന്നിരുന്നു. രണ്ടാം വർഷ ആറാം ക്‌ളാസ്സ്‌ പഠനത്തോട് കൂടിയാണ് നട രാജ കാലം തുടങ്ങുന്നത്. 

ബസ്സ് കൂലിക്കായ്‌ തരുന്ന പൈസ മുഴുവൻ ഐസ് ക്രീം വാങ്ങി തിന്ന് ബസ്സിന്ന് പൈസ കൊടുക്കാൻ ഇല്ലാതെയായ ദിവസമാണ് നടത്തം തുടങ്ങിയത്. പിന്നീട് അതൊരു പതിവാക്കി. സ്‌കൂളിൽ നിന്ന് അവിനാശിലിംഗം റോഡ് വഴി വട കോവൈ.. അവിടുന്ന് റെയിൽവേ ട്രാക്കിലൂടെ അവിനാശി റോഡ് വഴി റേസ് കോഴ്സ് പിന്നെ ചുങ്കത്തെത്തി രാമനാഥ പുരം വരെ. അതായിരുന്നു അന്നത്തെ റൂട്ട് മാപ്പ്. വീട്ടിൽ എത്താൻ ഏകദേശം ആറു മണിയാവും. നടത്തം ഒറ്റയ്ക്കായിരുന്നു. കഴിഞ്ഞ കൊല്ലം തോറ്റതിനാൽ സ്‌കൂളിൽ എനിയ്ക്കായി സ്പെഷ്യൽ ക്‌ളാസ്സ് ഉള്ളത് കൊണ്ടാണ് വൈകുന്നത് എന്നാണ് ഞാൻ വീട്ടിൽ പറഞ്ഞ് വെച്ചിരുന്നത്. 

അങ്ങിനെ വലിയ പ്രശനം ഇല്ലാതെ പോകുന്ന കാലത്താണ് ഒരു ദിവസം വൈകുന്നേരം സുന്ദരൻ എന്ന് പേരായ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ അച്ഛൻ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ മകനെ ഞാൻ പഠിക്കുന്ന സ്‌കൂളിൽ ചേർത്തിരിക്കുന്നു. എന്നേക്കാൾ ഒരു ക്‌ളാസ്സ് താഴെയാണ്. അത് കൊണ്ട് ഞാൻ വേണം അവൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ. പിന്നീടുള്ള ഏതാനും ദിവസങ്ങളിൽ ഞാൻ ബസ്സ് യാത്ര ചെയ്തു വീട്ടിൽ എത്തി. പക്ഷെ എനിയ്ക്ക് അധിക ദിവസം പിടിച്ചു നിൽക്കാനായില്ല. പൈസ തീർത്ത ഒരു നാൾ ഞാൻ അവനോട് ബസ്സിൽ കേറ്റി വിടാം എന്ന് പറഞ്ഞു. അവൻ സമ്മതിച്ചില്ല. എൻ്റെ കൂടെ നടന്നു വരാം എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. വഴിയിൽ വെച്ച് നടക്കാൻ പറ്റാതെ വന്നാൽ പിന്നെ എന്നെ പറയരുത് എന്ന മുന്നറിയിപ്പുമായി ഞങ്ങൾ നടക്കാൻ തുടങ്ങി. പകുതി വഴി കഴിയും മുമ്പേ അവൻ നടക്കാൻ വയ്യ എന്ന് പറയാൻ തുടങ്ങി. അത് വക വെക്കാതെ ഞാൻ അവനെയും കൂട്ടി നടന്നു തന്നെ പോയി. കരച്ചിലിന്റെ വക്കോളം എത്തിയ അവൻ "ഞാൻ എൻ്റെ അച്ഛനോട് പറയും നീ എന്നെ നടത്തിച്ച കാര്യം" എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. 

വൈദ്യശാല ഗേറ്റ് കടക്കുമ്പോൾ തന്നെ ഉത്കണ്ഠചിത്തനായി നിൽക്കുന്ന സ്വന്തം അച്ഛനെ അവൻ കണ്ടു. ഭീഷണിപ്പെടുത്തിയ പോലെ തന്നെ നടന്ന കാര്യം അവൻ അച്ഛനോട് പറഞ്ഞു. അവൻ്റെ അച്ഛന്റെ വക ചീത്ത കേട്ടത് കൂടാതെ അവിടെ വെച്ച് തന്നെ എൻ്റെ അച്ഛന്റെ കൈയ്യിൽ നിന്ന് എനിയ്ക്ക് പൊതിരെ തല്ലു കൊണ്ടു - അവൻ്റെ അച്ഛന്റെ വിലക്കുകൾ വകവെയ്ക്കാതെ തന്നെ. 

അധികം താമസിയാതെ തന്നെ അവനും എൻ്റെ കൂടെ നടത്തം തുടങ്ങി. പിന്നീട് അതെ സ്‌കൂളിൽ നിന്നുള്ള പ്രകാശും കൂടെ കൂടി. ഞങ്ങൾ ഉറ്റ ചങ്ങാതിമാരായി. യുവാവായപ്പോൾ കാടും മേടും കയറി ആദിവാസി ജീവിതം പഠിക്കാനും പ്രബന്ധങ്ങൾ രചിക്കാനും അവന്ന്, ജയകൃഷ്ണന്, ഊർജ്ജം പകർന്നത് അക്കാലത്തെ ഞങ്ങളുടെ നടത്തമാവാം.

പാലക്കാട്ട് ഡിഗ്രിയ്ക്ക് ചേർന്നപ്പോളും നടത്തം തുടർന്നു. ബസ്സ് കിട്ടാത്ത ദിവസങ്ങളിൽ പുലാപ്പറ്റയിൽ നിന്ന് പെരിങ്ങോട്ടേക്കുള്ള നാലു കിലോമീറ്റർ, കോളേജിൽ നിന്ന് ഒലവക്കോട്ടേക്കും കൽമണ്ഡപത്തിലേക്കും നൂറണിയിലേക്കും സിനിമ കാണാനുള്ള നടത്തങ്ങൾ, പിന്നെ ജോയുടെ കൂടെ വെറുതെയുള്ള നടത്തങ്ങൾ എന്നിങ്ങനെ അത് തുടർന്നു. 

കർമ്മകാണ്ഡം തുടങ്ങുന്നത് കാഠ്മണ്ഡു നഗരത്തിലാണ്. അവിടെ നജീബുമായും തൊമ്മനുമായും ജോയുടെ കൂടെയും, തനിച്ചും, എല്ലാം നടത്തം തന്നെയായിരുന്നു. ഗുൽബർഗയിൽ സഹാദ്ധ്യാപകരുമായും നന്ദനുമായും നഗരം ചുറ്റിയ നടത്തങ്ങൾ, കോഴിക്കോട് നഗരത്തിലെ തെരുവുകളുടെ ചരിത്രം പറഞ്ഞുകൊണ്ട് ബൈജുനാഥുമായുള്ള നടത്തങ്ങൾ... കോഴിക്കോട് ജോലിയും താമസം എറണാകുളത്തും ആയിരുന്ന കാലത്ത് മിക്കവാറും ആഴ്ചയിൽ ഒരിക്കൽ പുലർച്ചെ നാലരയ്ക്ക് വെണ്ണലയിൽ നിന്ന് വൈറ്റില വരെയുള്ള നടത്തങ്ങൾ.. 

ഹോ.. നടത്തങ്ങൾക്ക് എന്തൊരു വശ്യതയായിരുന്നു.

*******
പിൻകുറിപ്പ്: ഇന്ന് സ്‌കൂട്ടറിന്മേൽ കയറിയല്ലാതെ തൊട്ടടുത്ത കടയിലേക്ക് വരെ പോകാറില്ല.