സൈക്കിൾ പുരാണം
നാരായണൻ നായരുടെ സൈക്കിൾ ആയിരിക്കണം ഞാൻ ആദ്യം കണ്ട സൈക്കിൾ. ആളെപ്പോലെതന്നെ അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരു റാലി സൈക്കിൾ. എള്ള് കറുപ്പിൽ കുഷ്യൻ ഇല്ലാത്ത ലെതർ സീറ്റും പഴക്കം ചെന്ന കാരിയറും ഒഴിച്ച് മറ്റ് അലങ്കാരങ്ങളൊന്നും ഇല്ലാത്ത സൈക്കിൾ. മണ്ണെണ്ണ ഒഴിച്ച് തിരികത്തിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു അതിന്റെ വിളക്ക്.
അഞ്ച് ജീവനക്കാർ സകുടുംബം താമസിക്കുന്ന വൈദ്യശാല ക്വാർട്ടേഴ്സിലെ ഒരു താമസക്കാരനായിരുന്നു നാരായണൻ നായർ. അയാളുടെ മകൻ അപ്പു എൻ്റെ കൂട്ടുകാരനായിരുന്നു. അഞ്ച് കുടുംബങ്ങളിലെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും പേര് വിളിച്ചും ചേട്ടാ ചേച്ചി വിളിച്ചും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. വൈദ്യശാലയുടെ മുൻവശത്ത് ഒറ്റ മുറി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന രാജനും എൻ്റെ കൂട്ടുകാരനായിരുന്നു. അപ്പു പതിഞ്ഞ സ്വഭാവക്കാരനും അനുസരണയുള്ള കുട്ടിയുമായിരുന്നു. രാജനും ഞാനും കുരുത്തക്കേടുകളുടെ കൂട്ടുകാരും. താന്തോന്നിത്തരത്തിന്റെ കാര്യത്തിൽ അവനെക്കാട്ടിലും മൂപ്പ് എനിക്കായിരുന്നു.
സൈക്കിളിന്റെ അത്ര ഉയരമായപ്പോൾ സൈക്കിൾ ഒന്ന് ചവിട്ടി നോക്കാനുള്ള ആഗ്രഹം കലശലായി. നാരായണൻ നായർ കാണാതെ ബാറുകളുടെ ഇടയിലെ ത്രികോണത്തിലൂടെ കാലിട്ടു ചവിട്ടി നോക്കാൻ ശ്രമിച്ചു. വീഴ്ചകൾ പുതിയതല്ലാത്തത് കൊണ്ട് പ്രയത്നം തുടർന്ന്കൊണ്ടിരുന്നു. എങ്കിലും സൈക്കിൾ ബാലൻസിൻ്റെ ആദ്യപാഠങ്ങളിൽ ഒതുങ്ങി ചവിട്ട്.
പിന്നീട് സ്‌കൂൾ പഠനം ഏകദേശം പത്തുകിലോമീറ്റർ അകലെയുള്ള സായിബാബ കോളനിയിലേക്ക് മാറിയതോടെ എൻ്റെ സ്വാതന്ത്ര്യം പൂർണമായി. ബസ്സിൽ പോയിവരാനുള്ള ഒരു രൂപയാണ് അന്നത്തെ ഓരോ ദിവസത്തെയും മൂലധനം. ബസ്സിൽ പോയിവന്നിരുന്നത് മടുപ്പായി തോന്നി തുടങ്ങിയ കാലത്താണ് രാമനാഥപുരത്തെ സൈക്കിൾ കടയിൽ ഒരു ദിവസം മുഴുവൻ എന്ന കണക്കിൽ സൈക്കിൾ എടുക്കുന്നതിന്ന് വാടക ഒരു രൂപയാണ് എന്നറിഞ്ഞത്. അതിന്ന് മുമ്പ് തന്നെ സൈക്കിൾ കടയിലെ പതിവുകാരനായിരുന്നു ഞാൻ. പത്തു പൈസക്ക് ഒരു മണിക്കൂർ എന്ന കണക്കിൽ വാടകയ്ക്ക് സൈക്കിൾ എടുത്ത് കറങ്ങുന്ന പതിവുണ്ടായിരുന്നു. അപ്പോഴേക്കും സൈക്കിൾ ചവിട്ടിൽ വൈദഗ്‌ദ്യവും നേടിക്കഴിഞ്ഞിരുന്നു.
അപ്പോൾ ആറാംക്ലാസിലെത്തിയിരുന്നു പഠനം. ആണ്ടു പരീക്ഷയാവുമ്പോഴാണ് എനിക്ക് ആ ആശയം ഉദിച്ചത്. സാധാരണ ഒന്നോ രണ്ടോ മണിക്കൂറിൽ കൂടുതൽ സൈക്കിൾ ചവിട്ടാൻ അച്ഛൻ സമ്മതിക്കാറില്ല. ഞാൻ സൈക്കിൾ ചവിട്ടുന്നത് തന്നെ വലിയ താല്പര്യം ഇല്ലാത്ത കാര്യമായിരുന്നു. പരീക്ഷയാവുമ്പോൾ രാവിലെ പോയാൽ വൈകുന്നേരം വരെ എനിക്ക് ഒരു തടസ്സവും ഇല്ലാതെ സൈക്കിൾ ചവിട്ടാം. കൈയ്യിൽ കിട്ടുന്ന ഒരു രൂപ ബസ്സ് കൂലി, ഒരു ദിവസത്തെ സൈക്കിൾ വാടകയ്ക്ക് കിറുകൃത്യം.
പരീക്ഷ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തുടങ്ങും. പക്ഷെ രാവിലെത്തന്നെ സ്‌കൂളിൽ എത്തണം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങും. എന്നിട്ട് മനംകുളിർക്കേ സൈക്കിൾ ചവിട്ടും. ഓരോ ദിവസം ഓരോ വഴിയിലൂടെ. ഏറെ ഇഷ്ടം നഗരത്തിന്ന് തൊട്ടപ്പുറത്തുള്ള ഗ്രാമംപോലെയുള്ള പ്രദേശങ്ങളിലൂടെ സൈക്കിൾ ചവിട്ടാനാണ്. നഗരത്തിന്റെ തിരക്കൊഴിഞ്ഞുകഴിഞ്ഞാൽ പിന്നെ രണ്ട് വശവും ചോളവും കരിമ്പും വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ. അടുത്തടുത്ത് നട്ടു വളർത്തിയ പുളിമരങ്ങളുടെ ഇടയിലൂടെ വേഗത്തിൽ ചവിട്ടി പോകുമ്പോൾ തലമുടിയിൽ കാറ്റ് അമർത്തി തലോടിക്കൊണ്ടിരിക്കും. സൈക്കിൾ കാലത്തെ മറക്കാൻ പറ്റാത്ത അനുഭൂതിയായി അത് ഇന്നും മനസ്സിലുണ്ട്.
ഏതു വഴിപോയാലും ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തൊട്ടു മുമ്പായി ക്‌ളാസ്സിലെത്തും. വരുന്ന വഴി ശിരുവാണി ഡാമിലെ വെള്ളം ശേഖരിച്ച് നഗരത്തിലേക്ക് പമ്പുചെയ്യുന്ന പാർക്കിലിരുന്ന് ടിഫിനിലെ ഭക്ഷണം കഴിക്കും. ക്‌ളാസ്സിന്റെ തൊട്ടപ്പുറത്തുള്ള സൈക്കിൾ സ്റ്റാൻഡിൽ നിറുത്തിയിട്ട സൈക്കിൾ ഇടയ്ക്കിടയ്ക്ക് നോക്കികൊണ്ടിരിക്കും. ഉത്തരക്കടലാസിൽ ഒന്നും എഴുതാൻ തോന്നാറില്ല. അരമണിക്കൂർ സമയം നിർബന്ധമായും ഹാളിൽ ഇരിക്കണം. പരീക്ഷാഹാളിലെ അധ്യാപകന്റെ നീരസം വകവെക്കാതെ ഇടക്കിക്കിടയ്ക്ക് സമയം ചോദിക്കും. അരമണിക്കൂർ തികഞ്ഞാൽ ഏകദേശം കാലിയായിത്തന്നെയുള്ള ഉത്തരക്കടലാസ്സ് അദ്ധ്യാപകനെ ഏൽപ്പിച്ച് പുറത്ത് കടക്കും.
പിന്നെ വീണ്ടും സൈക്കിളിൽ കയറി കറങ്ങാൻ തുടങ്ങും. അഞ്ചുമണിയ്ക്ക് സൈക്കിൾ തിരിച്ച് കടയിൽ ഏൽപ്പിച്ച് ഒന്നും അറിയാത്ത ഭാവത്തിൽ വീട്ടിൽ കയറിച്ചെല്ലും.
പഠിക്കാൻ ആവശ്യത്തിന്ന് ബുദ്ധിയുണ്ട് എന്ന് അവർ വിശ്വസിച്ച മകൻ അക്കൊല്ലത്തെ പരീക്ഷയിൽ തോൽക്കാൻ എന്താണ് കാരണം എന്ന് എൻ്റെ അച്ഛനും അമ്മയ്ക്കും മനസ്സിലായതേ ഇല്ല. എഴുതുന്ന പരീക്ഷയ്ക്കല്ലേ മാർക്കിടാൻ പറ്റൂ?
പക്ഷെ അപ്പോഴും എൻ്റെ സൈക്കിൾ യജ്ഞം തുടർന്ന്‌കൊണ്ടിരുന്നു. പഠിത്തത്തിൽ ഇത്തിരി ശ്രദ്ധ വന്നത് കൊണ്ട് അവധിദിവസങ്ങളിൽ ആയി സൈക്കിൾ യാത്ര എന്ന് മാത്രം. നഗരത്തിലെ തിയറ്ററുകളിലേക്കുള്ള യാത്ര സൈക്കിളിൽ ആയി.
അങ്ങിനെ ഒരു ദിവസം സിനിമകഴിഞ്ഞു വേഗത്തിൽ സൈക്കിൾ ചവിട്ടി വരികയായിരുന്നു. റോയൽ തിയറ്ററിന്റെയും റയിൽവേ അടിപ്പാലത്തിന്റെയും ഇടയിലുള്ള റോഡ് സ്ഥിരം ബ്ലോക്കിന്റെ സ്ഥലമാണ്. ഇരു വശവും ഓരോ ബസ്സുകൾക്ക് മാത്രം കടന്ന് പോകാനുള്ള വീതി മാത്രമാണ് അവിടെ. സിനിമവിട്ടു സ്വതവേ ഉള്ള വേഗത്തിൽ അങ്ങോട്ട് പോകുന്ന ഒരു ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അതിന്ന് എതിർവശത്ത് ഒരു ബസ്സ് ഇങ്ങോട്ട് വരുന്നത് കണ്ടത്. ക്ഷണ നേരം തോന്നിയ സംശയത്തെ വേഗത്തോടുള്ള പ്രിയം മറികടന്നു. ഞാൻ മുന്നോട്ടേക്കു തന്നെ ആഞ്ഞു ചവിട്ടി. ഇരു ബസ്സുകൾക്കിടയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഞാൻ പാഞ്ഞു പോകുമ്പോൾ ബസ്സിനുള്ളിൽ നിന്ന് ആളുകൾ ചീത്തവിളിക്കുന്നത് കേട്ടു. ബസ്സിനെ മറികടന്ന് ഒട്ടും വേഗം കുറയ്ക്കാതെ തന്നെ ഒരു ജേതാവിൻ്റെ ഭാവത്തിൽ ഞാൻ പറന്ന് പോയി.
അപ്പോൾ ഒഴിവായ അപകടം പിന്നീട് വീട്ടിലാണ് സംഭവിച്ചത്. ആ ബസ്സിൽ അച്ഛന്ന് നല്ല പരിചയം ഉള്ള ആരോ ഉണ്ടായിരുന്നു. അയാൾ അച്ഛനോട് താൻ കണ്ട കാര്യം അത് പോലെത്തനെ പറഞ്ഞു വെച്ചു. അടിയുടെ പൊടി പൂരമായിരുന്നു പിന്നെ. അതിന്നൊടുവിൽ വീട്ടിലെ ദൈവങ്ങളുടെ മുമ്പിലേക്ക് എന്നെ വലിച്ചുകൊണ്ട് പോയി. എന്നിട്ട് ആ ചിത്രങ്ങളുടെ മുമ്പിൽ ഇനി ഒരിക്കലും ഞാൻ സൈക്കിൾ ചവിട്ടില്ല എന്ന് സത്യം ചെയ്യിപ്പിച്ചു.
അത് കൊണ്ടൊന്നുമല്ല, പക്ഷെ അതിനു ശേഷം സൈക്കിൾ എന്നല്ല ഒരു വാഹനം ഓടിക്കാനും എനിക്ക് താല്പര്യം തോന്നിയിട്ടില്ല.


