Wednesday, 29 December 2021

പനിയെന്നാൽ

 

പനിയെന്നാൽ


ഇല്ലാത്ത ഗോത്രത്തിലെ സങ്കൽപ്പ കിരീടം ചുമക്കുന്ന രാജശിരസ്സ് 

മൂർദ്ധാവിൽ തന്നെയാണ് ഭാരം 

അകമേ ബന്ദാചരിക്കുന്ന ചിന്താ സരണികളിൽ ശൂന്യത

 

ചിറകൊടിഞ്ഞ കാറ്റ് പോലെ ഉന്മാദം ഏതോ മുക്കിലിരുന്നു പിടയുന്നു

പൊടിപടലത്തിൽ ഏതേതോ രൂപങ്ങൾ മുജ്ജന്മ സഹകർമ്മികളെപ്പോലെ 


വരണ്ട നാക്ക്, നനഞ്ഞ മൂക്ക്

എന്തൊരു വിരോധാഭാസം 

കാമനകളെല്ലാം തലകീഴ് മറയുന്ന രംഗപാഠം 

ഒരുക്കുന്ന *വിത്തകന്റെ നർമ്മ സാരം 


വെയിൽ ചായും വരണ്ട മണപ്പുറം പോലെ 

മേലോട്ട് നോക്കി മലർന്ന് കിടക്കുന്നു 

ഒരു ശിശിരം അടിച്ചിട്ട വേനലിൻ്റെ സന്തതി 


*വിത്തകൻ - ശിവഭൂതങ്ങളിൽ ഒന്നായ ഭൈരവൻ. ജ്ഞാനി എന്നും വിവക്ഷ. 

Saturday, 18 September 2021

ഒരു കഥ

 



അപ്പൊട്ടാമ (അപ്പു കുട്ടൻ അമ്മാമ) എന്ന് ഞങ്ങൾ വിളിക്കുന്ന മാനവിക്രമൻ തമ്പാൻ വൈകുന്നേരങ്ങളെ രസപ്രദമാക്കാൻ പറഞ്ഞു തരാറുള്ള അഗ്രശാലകഥകളിൽ നിന്നുള്ള ഒരു കഥ. 

പണ്ട് നടന്നതായി പറയപ്പെടുന്ന കഥയാണ്. പണ്ട് എന്ന് പറഞ്ഞാൽ മണ്ണിലൊക്കെ മനുഷ്യന്ന് വിശ്വാസം ഉണ്ടായിരുന്ന കാലം. അന്നൊക്കെ സമ്പന്നത പറ കൊണ്ടാണ് അളന്നിരുന്നത്. കുറച്ചൊക്കെ കാലികളും ഉണ്ടെങ്കിൽ കേമമായി. ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ ദരിദ്രനല്ലാ എന്ന് പറയാം.  

അക്കാലത്ത് പേരെടുത്ത ഒരു തറവാട്ടിലെ ഒരേ ഒരു മകനാണ് നമ്മുടെ നായകൻ. മകൻ എന്ന് പറഞ്ഞാൽ അമ്മ മാത്രമേ അയാൾക്ക് ഇപ്പൊ ഉള്ളു. അല്ലെങ്കിലും അച്ഛനൊക്കെ ആ കാലത്ത് ഒരു അലങ്കാരമായിരുന്നല്ലോ. 
അമ്മയ്ക്ക് അക്കാലത്തെ സ്ത്രീകളെപ്പോലെ നല്ല കാര്യപ്രാപ്‌തി ഉണ്ടായിരുന്നു. അത് കൊണ്ട് മകന് പ്രത്യേകിച്ച് പണി എടുക്കേണ്ടിയൊന്നും വന്നില്ല. അന്നൊക്കെ ജോലിയ്ക്ക് പോവുക എന്ന് പറഞ്ഞാൽ കുടുംബത്തിനെ ആകമാനം നാണംകെടുത്തുന്നതിന്ന് തുല്യമായിരുന്നു. 

മകന് കവിത എഴുതുന്ന അസ്‌കിത ഉണ്ടായിരുന്നു എന്ന് ആ അമ്മ കുറച്ച് വൈകിയാണ് മനസിലാക്കിയത്. അതിലേക്ക് നയിച്ച കാര്യങ്ങൾ രസകരമാണ്.

ഒഴിഞ്ഞ വിരസ പകലുകളും കരിമ്പടത്തിന്നടിൽ പെട്ട എലിയെ പോലെ ശ്വാസം മുട്ടിക്കുന്ന രാത്രികളും അയാളെ അസ്വസ്ഥമാക്കാൻ തുടങ്ങി. മരപ്പച്ചയും പാടങ്ങളും പൂക്കളും വെയിൽതിളക്കമേറ്റ വഴികളും നിലാവും നക്ഷത്രങ്ങളും അയാളിൽ എപ്പോഴോ കയറിക്കൂടിയിട്ടുണ്ടാവണം. അയാളിൽ കുറേശ്ശയായി കവിത കിനിയാൻ തുടങ്ങി.  

കേൾവിക്കാർ ഇല്ലാത്ത കവിത നടുക്കടലിൽ പെയ്യുന്ന മഴ പോലെയാണ്. ഇതറിയാവുന്ന നമ്മുടെ നായകൻ കേൾവിക്കാരെ തേടിപ്പോയി. പുറംപണിക്ക് വന്നവരോടൊക്കെ ഒന്ന് പയറ്റി നോക്കി. അവർ അയാളെ കണ്ടാൽ ഉടനെ കർമ്മ ചിത്തരായി മാറി. അല്ലെങ്കിലും അവരോട് കവിത പാടിയിട്ട് കാര്യമില്ല എന്ന് അയാൾ നിശ്ചയിച്ചു. അങ്ങിനെയാണ് അയാൾ കാര്യസ്ഥനെ കവിത കേൾപ്പിക്കാൻ തുടങ്ങിയത്. ഒന്ന് രണ്ട് ദിവസം കാര്യസ്ഥൻ സഹിച്ചു. എന്തായാലും തറവാട്ടിലെ ഉണ്ണിയല്ലേ. പക്ഷെ വീണ മരത്തിൽ ഉണ്ണി എന്നും ഓടിക്കേറാൻ തുടങ്ങിയതോടെ കാര്യസ്ഥൻ അധികം വരാതെയായി. 

കാര്യസ്ഥനെ കാണാതായാപ്പോഴാണ് അമ്മയ്ക്ക് മകൻറെ വാസനയെക്കുറിച്ച് മനസ്സിലായത്‌. "എന്നാൽ ഉണ്ണിക്കവിത എന്നെ കേൾപ്പിച്ചോളു. വേറെ ആരെയും കേൾപ്പിക്കാൻ പോണ്ടാ."

അല്ലെങ്കിലും അമ്മമാർ ഭൂമിയേക്കാൾ ക്ഷമ ഉള്ളവരാണല്ലോ. 

ഉണ്ണി വീട് വിട്ടു പോവാതായതോടെ പാടത്തും വരമ്പത്തും വീണ്ടും കളിചിരി പടർന്നു. അമ്മയ്ക്ക് നിന്ന് തിരിയാൻ സമയമില്ലാതെയായി. ഉണ്ണി നിർത്താതെ കവിത ചുരത്താൻ തുടങ്ങി. അമ്മയാണെങ്കിലും മനുഷ്യനല്ലേ. മറ്റൊരു പോംവഴി ആലോചിച്ചു തുടങ്ങിയപ്പോഴാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്. മകൻ പുര നിറഞ്ഞ് നിൽക്കുകയാണ്. എന്നാ പിന്നെ ഒരു സമ്മന്തം കഴിപ്പിക്കാം. 

അധികം താമസിയാതെ ഉണ്ണിയ്ക്ക് കൂട്ട് കൂടാൻ ഒരു കുട്ടിയെ കിട്ടി. കുട്ടി എന്ന് പറഞ്ഞാൽ മറ്റൊരു വലിയ വീട്ടിലെ വലിയ കുട്ടി തന്നെ. കല്യാണമറിഞ്ഞ നാട്ടുകാർക്കൊക്കെ സന്തോഷമായി. സദ്യ ഉണ്ണുകയും ചെയ്യാം ഇനിയുള്ള കാലം സമാധാനമായി കഴിയുകയും ആവാം. മൂവന്തി കഴിഞ്ഞപ്പോൾ തുടങ്ങിയ സദ്യ കഴിയുമ്പോഴേക്കും കുറച്ച് വൈകി പോയി. വന്നവർ ദൂരെ നിന്ന് തന്നെ ഉണ്ണിയ്ക്ക് അഭിവാദ്യം അർപ്പിച്ച് പോകാൻ ശ്രദ്ധിച്ചു. 

ആളൊഴിഞ്ഞു കഴിഞ്ഞപ്പോൾ വിസ്തരിച്ച് എണ്ണതേച്ച് കുളിച്ച് ശുദ്ധിവരുത്തിയ ശേഷം ഉണ്ണി മണിയറയിലേക്ക് പുറപ്പെട്ടു. തനിച്ചെമ്പിന്റെ അലങ്കാരപ്പണികളോട് കൂടി ദീപ പ്രഭയിൽ തിളങ്ങിയ മരക്കതക് മെല്ലെ തള്ളി തുറന്നു. 

ആയിരം വസന്തങ്ങളുടെ സൗരഭ്യവുമായി വിടരാൻ കാത്തിരിക്കുന്ന താഴമ്പൂ മൊട്ടു പോലെ കസവിൽ മൂടിയ സ്വപ്നമായി കട്ടിലിൽ അവൾ...

* * * 
ധർമ്മഭൂമി പത്രത്തിന്റെ സ്വന്തം ലേഖകൻ (സ്വ. ലെ. എന്ന് ചുരുക്കപ്പേര്) പാക്കരൻ എന്ന ഭാസ്കരൻ തിരക്കിട്ടു കോടതി ലക്ഷ്യമാക്കി പോവുകയാണ്. അതിർത്തി തർക്കവും തേങ്ങാ മോഷണവും മാത്രം എഴുതി പിടിപ്പിച്ചിരുന്ന അയാൾക്ക് ഇന്ന് ശരിക്കും ഒരു അപൂർവ്വ അവസരമാണ് വന്നു ചേർന്നത്. അയാളുടെ ഓർമ്മയിൽ പ്രദേശത്തെ ആദ്യത്തെ വിവാഹ മോചന കേസ്. അതും രണ്ട് പ്രധാന കുടുംബങ്ങൾ തമ്മിൽ. 

പാക്കരൻ കോടതി സമക്ഷം ഹാജരാവുമ്പോഴേക്കും വാദി ഭാഗം കേൾക്കാൻ തുടങ്ങിയിരുന്നു. സാക്ഷി കൂട്ടിൽ കത്തിച്ച് വെച്ച അഞ്ചടി നിലവിളക്കു പോലെ പ്രകാശം പരത്തിയ അവൾ ന്യായാധിപൻറെ ചോദ്യങ്ങൾ നേരിടുകയായിരുന്നു. പ്രതികൂട്ടിൽ എണ്ണ തീർന്ന മൂട്ട വിളക്ക് പോലെ അപ്രസക്തനായി കവി. 

കല്യാണം കഴിഞ്ഞു അധികമായില്ലല്ലോ 
ഇല്ല 
ഭർത്താവ് സ്നേഹിക്കുന്നില്ലേ 
ഉണ്ട് 
അയാൾ ഉപദ്രവിക്കാറുണ്ടോ 
ഇല്ല 
ഉണ്ണാനും ഉടുക്കാനും തരാറില്ലേ 
ഉവ്വ് 
താമസിക്കുന്ന സ്ഥലത്ത് വല്ല സൗകര്യക്കുറവും ഉണ്ടോ 
ഇല്ല 
ഭർത്താവിന്റെ അമ്മയിൽ നിന്ന് വല്ല ശല്യവും..
അയ്യോ, ഇല്ലേ ഇല്ല. അവർ എനിയ്ക്ക് ദൈവത്തെപ്പോലെയാണ്..
പിന്നെ എന്താ ഇങ്ങനെ തോന്നാൻ..?
കവിത 
കവിതയോ 
അതെ സാർ.. 
തെളിച്ച് പറയാമോ 
കല്യാണം കഴിഞ്ഞ ആദ്യ രാത്രി തുടങ്ങിയതാ സാർ കവിത കേൾപ്പിക്കാൻ. ആ രാത്രി മുഴുവൻ കവിത കേട്ടിരുന്നു. അടുത്ത ദിവസവും അതിനു അടുത്ത ദിവസവും എന്നിങ്ങനെ എല്ലാ ദിവസവും ആയപ്പോൾ ഞാൻ കുറച്ചൊക്കെ മാറി നില്ക്കാൻ നോക്കി. അടുക്കളയിൽ പോയാൽ പിറകെ വരും. കഴിക്കാൻ ഇരുന്നാൽ മുന്നിൽ വന്നിരിക്കും. കുളിക്കാൻ പോയാൽ കടവിൽ വന്നിരിക്കും. അവസാനം നിക്കകളിയില്ലാതായപ്പോൾ കക്കൂസിൽ പോയി ഇരിക്കാൻ തുടങ്ങി. അതിന്ന് മുന്നിലും വന്നിരുന്നു കവിത കേൾപ്പിക്കാൻ തുടങ്ങി സാർ.. ഇനി എനിയ്ക്ക് വയ്യാ..

പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ പാക്കരൻ പത്രാപ്പീസ് ലക്ഷ്യമാക്കി കുതിച്ചു. 



























Sunday, 5 September 2021

അദ്ധ്യാ പഹയൻ

 

(അദ്ധ്യാപക ദിനങ്ങളിലെ ഒരു ഓർമ്മ ചിത്രം. ഗുൽബർഗ്ഗ)

സൈഫു: എടാ.. അദ്ധ്യാ പഹയാ.. ഇപ്പൊ ആർക്കും മാഷാവാം എന്നായോ.. ആരാ നിന്നെയൊക്കെ എടുത്തത്

ഞാൻ: നാറ്റിക്കല്ലേ.. വയറ്റുപ്പിഴപ്പാണ്

ഒൻപതാം ക്‌ളാസ്സിൽ പുതിയ ഒരു സ്‌കൂളിൽ ഫിസിക്സ് ക്ലാസ്സെടുക്കാൻ വന്ന മലയാളിയായ അദ്ധ്യാപകൻ മേശ പുറത്ത് കാലു കയറ്റി വെച്ചിട്ട് ഞങ്ങളെ എല്ലാം നോക്കി ഇംഗ്ലീഷിൽ: "നിങ്ങൾക്ക് വേണമെങ്കിൽ പുസ്തകം തുറന്ന് വായിച്ചോ. നിങ്ങൾ വായിച്ചാലും ഇല്ലെങ്കിലും എനിക്കുള്ള ശംബളം കൃത്യമായി കിട്ടും."  ആ മഹാനാണ് എങ്ങിനെ ആയിരിക്കരുത് ഒരു അദ്ധ്യാപകൻ എന്നതിന്ന് എനിയ്ക്ക് മാതൃകയായത്. അതോട് കൂടി ഫിസിക്സ് എനിക്ക് വെറുക്കപ്പെട്ട വിഷയമായി മാറി. 

പുലാപ്പറ്റയിലും കോയമ്പത്തൂരിലെ സ്‌കൂളുകളിലും മികച്ച കുറെ അദ്ധ്യാപകരെ കാണുകയും അവരുടെ ശീക്ഷണത്തിൽ പഠിക്കുകയും ചെയ്തിട്ടുണ്ട്, എങ്കിലും കരട് പോലെ തടഞ്ഞു നിൽക്കുന്നത് ഇയാളാണ്. 

മികച്ച അദ്ധ്യാപകരുടെ നിലയിലേക്ക് ഉയരാൻ പറ്റില്ല എന്ന ബോധ്യമുള്ളത് കൊണ്ടും മറ്റേ അദ്ധ്യാപകന്റെ അത്ര താഴാൻ പറ്റില്ല എന്നുള്ളത് കൊണ്ടും അദ്ധ്യാപകനാവുക എന്നത് ഒരിക്കലും എൻ്റെ ആഗ്രഹമായിരുന്നില്ല. 

എങ്കിലും പഠിക്കുന്ന കാലത്ത് നാട്ടിലെ എംപീസ് ട്യൂട്ടോറിയലിലും സുകുമാരന്റെ പാരലൽ കോളേജിലും ഏതാനും ദിവസങ്ങൾ മാഷ് ചമഞ്ഞിട്ടുണ്ട്. 

കാഠ്‌മണ്ഡുവിൽ സ്ഥലം കാണാൻ എത്തിപ്പെട്ടപ്പോൾ സുഹൃത്തുക്കളെ ചാരിനിൽക്കുന്നത് ശരിയല്ല എന്ന നിലയ്ക്ക് അദ്ധ്യാപക ജോലി തന്നെ ചെയ്യേണ്ടി വന്നത് കാലം കരുതി വെച്ച ഒരു ഫലിതമായിരുന്നു. വലിയ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞാൽ അവിടെ ആർക്കും അദ്ധ്യാപകനാവമത്രേ. മദ്രാസി എന്ന് വിളിക്കുന്ന ദക്ഷിണേന്ത്യക്കാരക്ക് മുൻഗണനയുണ്ട്. 

ആ രണ്ട് യോഗ്യതകളും ഉണ്ടായിരുന്നത് കൊണ്ട് ജോലിയിൽ കയറിപ്പറ്റി. തിന്നല്ലാതെ ഉണ്ടാക്കി ശീലമില്ലാത്തത് കൊണ്ട് ബോർഡിങ് സ്‌കൂൾ തന്നെയാണ് തിരഞ്ഞെടുത്തത്. ഒന്ന് മുതൽ ഏഴു വരെ ക്‌ളാസ്സുകൾ. ഏഴാം ക്‌ളാസ്സിലെ കുട്ടികളെ കണ്ടപ്പോൾ ശരിക്കും ഉള്ളൊന്നു കാളി. മസിലു പെരുപ്പിച്ച് മീശയും ഊശാൻ താടിയും വെച്ച വിദ്യാർത്ഥികൾ. ചേർന്ന മാസം തന്നെ കാൽകൊല്ല പരീക്ഷയുടെ ക്‌ളാസ്സ് സൂപ്പർവിഷനായിരുന്നു. മൂത്രമൊഴിക്കാൻ എന്ന പേരിൽ പോയി പുസ്തകം നോക്കി വരുന്നത് അവർക്കിടയിൽ ഒരു പതിവായിരുന്നത്രെ. പക്ഷെ എന്തിലും ചാടി വീഴുന്ന മലയാളിക്ക് അത് കണ്ടു നില്ക്കാൻ ആവുമോ? ഞാൻ ഒരുത്തന്റെ പിന്നാലെ ബാത്‌റൂമിൽ പോയി കൈയ്യോടെ അവൻ്റെ കളവ് കണ്ടുപിടിക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. എൻ്റെ തുടയുടെ അത്ര വണ്ണമുള്ള കൈയ്യിലെ മസിൽ ഉരുട്ടി എന്നെ ചൂണ്ടി എന്തോ അവൻ പറഞ്ഞു പോയി. എന്താ പറഞ്ഞതെന്ന് മനസിലാവാതെ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരിയുമായി നിന്ന എന്നോട് അടുത്തുള്ള ഒരു പയ്യൻ മുറി ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു: "പുറത്തിറങ്ങിയാൽ സാറേ തല്ലും എന്നാ അവൻ പറഞ്ഞു പോയെ."

പിന്നീട് കുറച്ച് കാലം തുണയില്ലാതെ പുറത്തിറങ്ങാതെയായി. ഇറങ്ങിയാൽ തന്നെ ഇടവും വലവും നോക്കിയായിരുന്നു യാത്ര. പക്ഷെ വലിയ പ്രശ്നമൊന്നും പിന്നീട് ഉണ്ടായില്ല. പേടി മാറി ഒറ്റയ്ക്ക് പോകാമെന്നായി. പേരിന്ന് ഇംഗ്ലീഷ് മാഷാണെങ്കിലും എനിയ്ക്ക് എല്ലാ വിഷയത്തിലും ഒരു കൈ നോക്കേണ്ടി വന്നു. എല്ലാ ക്‌ളാസ്സുകളും. അപ്പോഴാണ് ഒരു കാര്യം കൃത്യമായി ബോധ്യപ്പെട്ടത്. പഠിപ്പിക്കാൻ ഏറ്റവും പാട് പ്രൈമറി ക്‌ളാസ്സുകളാണ്. വിദ്യാർത്ഥികൾക്ക് ഞാൻ കാരണം വലിയ മെച്ചമുണ്ടായിരുന്നില്ലെങ്കിലും ഒരൊന്നര കൊല്ലം അങ്ങിനെ കടന്നു പോയി. 

നാട്ടിൽ വന്നു നിന്ന് ജോലി അന്വേഷണം തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. സംസാരിക്കാനല്ലാതെ എന്നെ മറ്റൊരു പണിക്കും കൊള്ളില്ല എന്ന്. അങ്ങിനെയാണ് മാഷ് പണിക്ക് വീണ്ടും എത്തി പെടുന്നത്. അടുത്ത ഊഴം കർണാടകത്തിലെ ഗുൽബർഗ്ഗയായിരുന്നു. അപേക്ഷിച്ച് കിട്ടിയ ഏക സ്ഥലം എന്നത് കൊണ്ട് വേറെ ഒന്നും ആലോചിക്കാതെ അങ്ങോട്ടെത്തി. ജോലിക്ക് എടുക്കുമ്പോൾ അപ്പർ പ്രൈമറി അദ്ധ്യാപകനായിട്ടാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞെങ്കിലും, ഏഴു മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. താമസിയാതെ തന്നെ പത്തിലെ നോൺ ഡീറ്റൈലും എൻ്റെ ചുമതലയിൽ വന്നു എന്ന് മാത്രമല്ല ഒരു ക്‌ളാസ് ടീച്ചർ എന്ന ചുമതലയും ആയി. 

അക്കൊല്ലം മുതലാണ് അവിടെ ഫിൽറ്ററേഷൻ എന്ന് പറയുന്ന പരിപാടി നടപ്പാക്കുന്നത്. പത്താം ക്‌ളാസ്സ് നാല് ഡിവിഷനുകൾ ഉണ്ടായിരുന്നു. മൂന്ന് ഡിവിഷനുകളിൽ ഏറ്റവും മോശപ്പെട്ട മാർക്ക് നേടിയവരെയെല്ലാം ഉൾപ്പെടുത്തി "ഡി" ഡിവിഷൻ പുനർ സംഘടിപ്പിച്ച് എന്നെ ആ ക്‌ളാസ്സിന്റെ ചുമതല ഏല്പിച്ചു. ആദ്യത്തെ മൂന്ന് നാല് മാസങ്ങൾ എൻ്റെ അദ്ധ്യാപക ജീവിതത്തിലെ കഷ്ടകാലമായിരുന്നു. ചൂരൽ പ്രയോഗം ധാരാളം വേണ്ടി വന്നു. തൊള്ളയിട്ടു എൻ്റെ ശബ്ദം രണ്ടു തവണ അടഞ്ഞു പോയി ചികിത്സ തേടേണ്ടി വന്നു. പക്ഷെ അത് കഴിയുമ്പോഴേക്കും എനിയ്‌ക്ക്‌ ജോലിയിൽ ഒരു പരിചയമൊക്കെ ആയി. അത് വരെ ബി എഡ് വേണ്ട എന്ന് പറഞ്ഞ് നടന്ന ഞാൻ അത് വേണ്ടി വരും എന്ന നിലയ്‌ക്കെത്തി. വിദ്യാർത്ഥികളുടെ സ്വഭാവത്തെ കുറിച്ച് ഏകദേശം ഒരു അനുഭവ പാഠം തന്നെയായിരുന്നു അക്കാലം. നമ്മൾ ഏറെ വഴക്ക് പറയുകയും തല്ലുകയും  ചെയ്തിട്ടുള്ളവരായിരിക്കും പിന്നീട് നമ്മളെ ഓർക്കുകയും വഴിയിൽ കണ്ടാൽ ഒരു പരിചയമെങ്കിലും കാണിക്കുകയും ചെയ്യുക. നല്ലവണ്ണം പഠിക്കുന്നവർ പ്രത്യേകിച്ച് പെൺകുട്ടികൾ ആവശ്യം കഴിഞ്ഞാൽ അധികം ഓർക്കാറില്ല എന്നതാണ് അനുഭവം. 

ഏഴാം ക്‌ളാസ്സ് മുതൽ ഞാൻ പഠിപ്പിക്കുന്ന ഒരു ബാച്ചിൽ മിടുക്കികളായി നാല് പെൺകുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് എന്നെ വലിയ കാര്യവുമായിരുന്നു. അവർ പത്താം തരത്തിൽ എത്തിയപ്പോൾ മറ്റൊരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന ഒരു ഡിവിഷനിലായി. അവർക്ക് പാഠം മനസ്സിലാവുന്നില്ല എന്ന് എന്നോട് പരാതി പറയാൻ തുടങ്ങി. എന്നോട് അവരുടെ ക്‌ളാസ്സിലേക്ക് വരാൻ പറയുകയും ചെയ്തു. അരക്കൊല്ല പരീക്ഷ കഴിഞ്ഞപ്പോൾ അത് ഒരു ആവശ്യമായി തന്നെ അവർ പ്രിൻസിപ്പലിന്റെ മുന്നിൽ അവതരിപ്പിച്ചു. ആ ബാച്ചിലെ ഏറ്റവും മികച്ച കുട്ടികളായതിനാലും അവരുടെ അപേക്ഷ തള്ളിക്കളയാൻ പറ്റില്ല എന്ന് തോന്നിയതിനാലും പ്രിൻസിപ്പൽ എന്നെ വിളിച്ച് പോംവഴി ആരാഞ്ഞു. അങ്ങിനെയാണ് വൈകുന്നേരങ്ങളിൽ ഞാൻ അവർക്ക് പ്രത്യേക റ്റ്യുഷൻ നൽകാനും തീരുമാനമായത്. 

ഒരു മാസം ഞാൻ അവർക്ക് വേണ്ടി പണിയെടുത്തു. മാർക്കുകൾ വന്നപ്പോൾ എല്ലാവർക്കും 90 ശതമാനത്തിൽ അധികം മാർക്ക്. ഒരാൾക്ക് നൂറു ശതമാനവും ഇംഗീഷിൽ ഏറ്റവും അധികം മാർക്ക് നേടിയ ബഹുമതിയും. പക്ഷെ അവർ പിന്നീട് എൻ്റെ വഴിക്ക് വന്നില്ല എന്ന് മാത്രമല്ല അക്കൊല്ലം സ്ക്കൂളിന്റെ വളപ്പിൽ തുടങ്ങിയ ജൂനിയർ കോളേജിൽ ചേർന്ന് എന്റെ മുന്നിലൂടെ പോകേണ്ടി വരുമ്പോൾ മുഖം തിരിച്ച് പോവുക പതിവാക്കുകയും ചെയ്തു. ഞാൻ ഇത്തിരി വിഷമിച്ചു എന്നത് സത്യമാണ്. 

അവിടെ വെച്ച് തന്നെ അണ്ണാമലൈ സർവകലാശാലയുടെ വിദൂര ബി എഡ് ബിരുദം കരസ്ഥമാക്കി. നാട്ടിലേക്കുള്ള മടക്കം ആലോചിച്ചപ്പോളാണ് കോഴിക്കോട് എം ഈ എസ് സ്‌കൂളിൽ നിന്ന് വിളിവരുന്നത്. പ്രിൻസിപ്പാലിനോട് കാര്യം പറയാൻ ചെന്നപ്പോൾ അദ്ദേഹം ആയിടയ്ക്ക് ഇറങ്ങിയ "സൺഡേ" വാരികയിലെ ഒരു വാർത്ത കാണിച്ച് തന്നു. ഇംഗ്ലീഷ് സംസാരിക്കാത്തതിന് ഒരു വിദ്യാർത്ഥിയുടെ തല മുണ്ഡനം ചെയ്തതിന്റെ പേരിൽ ആ വിദ്യാലയം ദേശീയ ശ്രദ്ധ നേടി നിൽക്കുന്ന സമയമായിരുന്നു. ഇത്തരം ഒരു സ്‌കൂളിൽ ചേരുന്നത് എന്ത് കൊണ്ടും ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായ എനിയ്ക്ക് ഗുണം ചെയ്യും എന്ന ആശീർവാദത്തോടെ എന്നെ അദ്ദേഹം യാത്രയാക്കി. അങ്ങിനെ ഞാൻ കോഴിക്കോട് എത്തി. 

അദ്ധ്യാപന കാലത്തെ ഏറ്റവും മികച്ച വർഷങ്ങൾ കോഴിക്കോട്ടെ ദിനങ്ങളായിരുന്നു എന്ന് പറയാം. ബോര്ഡിങ് സ്‌കൂൾ ആയത് കൊണ്ട് വിദ്യാർത്ഥികളും അദ്ധ്യാപരും തമ്മിൽ ഊഷ്മളമായ ബന്ധമായിരുന്നു. അദ്ധ്യാപകർ തമ്മിലും പരസ്പ്പര സഹകരണവും സൗഹൃദവും ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഇംഗ്ലീഷിൽ തന്നെ പഠിപ്പിക്കുന്നതിനിടയിൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു: മറ്റെല്ലാ മാഷമ്മാരും മലയാളത്തിൽ സംസാരിക്കുമ്പോൾ സാർ മാത്രം എന്താണ് ഞങ്ങളോട് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്നത്. 

ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക് ഞാൻ എന്ത് നേടി എന്ന് അറിയില്ല. മൂന്ന് സ്ഥലത്തും മികച്ച സുഹൃത്തുക്കളെ കിട്ടിയതും അവരുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട് എന്ന കാര്യവുമാണ് എനിയ്‌ക്ക്‌ നേട്ടമായി തോന്നുന്നത്. 

മറ്റൊരു സ്‌കൂളിൽ വൈസ് പ്രിൻസിപ്പലായി നിയമനം കിട്ടുന്ന അവസരത്തിലാണ് ഇതല്ല എൻ്റെ ജോലി എന്ന് ഞാൻ ഉറപ്പിച്ചതും അദ്ധ്യാപക റോൾ അഴിച്ച് വെക്കുന്നതും, ഗുരുത്വവും ആകർഷണവും നഷ്ടപെട്ട ഗൃഹം കണക്കെ ഭ്രമണപഥം വിട്ട് ശൂന്യതയിൽ പതിക്കുന്നതും. 

പിന്നീട് ഒരിക്കൽ നാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകവേ എൻ്റെ ഒരു വിദ്യാർത്ഥി ആ ബസ്സിൽ കേറാൻ ഇടയായി. അയാളോട് വിശേഷങ്ങൾ തിരക്കവേ തമിഴ് നാട്ടിൽ പഠിക്കുകയാണ് എന്ന് പറഞ്ഞു. ഐഛിക വിഷയമായി ഫ്രഞ്ച് എടുത്ത കാര്യം പറഞ്ഞു. മറ്റൊരു വിഷയമായ അഡ്വാൻസ്‌ഡ് ഇംഗ്ലീഷിന്ന് പകരമാണ് ഫ്രഞ്ച് എടുത്തത്. ഇംഗ്ലീഷിൽ മികവ് പുലർത്തിയിരുന്ന അയാൾ എന്തിനാണ് ഫ്രഞ്ച് എടുത്തത് എന്ന എന്റെ ചോദ്യത്തിന്ന് മറുപടി ഇങ്ങനെ: സാർ കാരണം എനിയ്ക്ക് ഇംഗ്ലീഷിൽ നല്ല പിടിപാടുണ്ട്. എന്നാ പിന്നെ വേറെ ഒരു ഭാഷകൂടി പഠിക്കാമല്ലോ..

തരക്കേടില്ലാലോ എന്ന് സ്വയം തോന്നിയ നിമിഷം. സൈഫു ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു: എടാ പഹയാ.. നീ ഇതും ഒപ്പിച്ചോ..



Wednesday, 1 September 2021

മകാരവും മലയാളിയും

 


image courtesy: Tinjo Thomas on DRIBBLE

എൻ്റെ ഓർമ്മയിലെ അറുപതുകളിൽ തമിഴിൽ ആകെ കുറച്ച് ആഴ്ചപ്പതിപ്പുകളെ ഉണ്ടായിരുന്നുള്ളൂ. ആനന്ദ വികടൻ ആദ്യത്തെ മാസിക. പിന്നീട് നാല്പതുകളുടെ തുടക്കത്തിൽ വന്ന കൽക്കി. പിന്നീട് ആ ദശകത്തിന്റെ ഒടുവിൽ അവതരിച്ച കുമുദം. എൻ്റെ വായന സജീവമാവുന്ന എഴുപതുകളിൽ ഇവയെ കൂടാതെ റാണി എന്ന പേരിലൊരു "കുടുംബ" വാരികയും പ്രചാരത്തിൽ വന്നിരുന്നു. ആനന്ദ വികടൻ പേരിനെ അന്വർഥമാക്കിക്കൊണ്ട്  കഥകൾക്ക് പുറമെ രാഷ്ട്രീയവും ഹാസ്യ രൂപത്തിൽ കൈകാര്യം ചെയ്തിരുന്നു. കൽക്കി ചരിത്രത്തിന്നും ആത്മീയത്തിന്നും ഊന്നൽ നൽകി. കുമുദം ആയിരിക്കണം തികച്ചും വാണിജ്യപരമായി തുടങ്ങിയ ആദ്യത്തെ പ്രസിദ്ധീകരണം. ടാബ്ലോയിഡ് സ്വഭാവത്തോടെ ഉള്ളടക്കം രൂപകൽപന ചെയ്ത കുമുദത്തിൽ വിനോദം മാത്രമാക്കിയുള്ള വാർത്താ നുറുങ്ങുകളും ഫീച്ചറുകളും ചില കഥകളും പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് എന്ന അവകാശവാദത്തോട് കൂടി രംഗത്ത് വന്ന റാണി വാരിക അറുപതുകളുടെ തുടക്കത്തിൽ സജീവമായി, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനപ്രീതി നേടി. വൈകാരിക മുഹൂർത്തങ്ങൾ ഉള്ളടക്കമാക്കിയ അതിലെ തുടർകഥകൾ കൂടി അതിന്ന് കാരണമായിട്ടുണ്ടാവാം.

മലയാളത്തിലെ ആഴ്ചപ്പതിപ്പുകളുടെ സജീവ ചരിത്രം തുടങ്ങുന്നത് മാതൃഭൂമി ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലൂടെയായിരിക്കും. അധികം താമസിയാതെ മനോരമയും ആഴ്ചപ്പതിപ്പിറക്കി. ആശയപരമായ ഭാരം പേറിവന്ന മാതൃഭൂമി മലയാള സാംസ്‌കാരിക സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾക്ക് കാരണമായി. പക്ഷെ അക്ഷര സ്നേഹികളായ കച്ചവടക്കാർ ഉൾപ്പെട്ട മനോരമയാവട്ടെ വായന കൂടുതൽ പേരിൽ എത്തിക്കാനാണ് ശ്രമിച്ചത്. മാതൃഭൂമി മൂല്യാധിഷ്ഠിത കനത്ത വായനക്കാരെ വരിക്കാരാക്കിയപ്പോൾ മനോരമ വായന വിനോദമായി മാത്രം കണ്ട ആളുകളെയാണ് ലക്‌ഷ്യം വെച്ചത്. വായനക്കാരുടെ എണ്ണത്തിലും ലാഭത്തിൻറെ കാര്യത്തിലും മനോരമയാണ് നേട്ടമുണ്ടാക്കിയത് എന്ന് പറയാം. അതിലെ കഥകൾ തുടർകഥകളായിരുന്നു. തുടർകഥകളുടെ മെച്ചം ഓരോ ആഴ്ചയും അടുത്ത ലക്കത്തിന്ന് വേണ്ടി ആളുകൾ കാത്തിരിക്കും എന്നതാണ്. കഥ നല്ലതാണെങ്കിലും മോശമാണെങ്കിലും അതിൻ്റെ അവസാനം അറിയാനുള്ള താൽപര്യം മനുഷ്യസഹജമാണ്. അല്ലെങ്കിൽ ആയിരത്തൊന്നു രാവുകളുടെ കഥ ഒരൊറ്റ രാത്രികൊണ്ട് തീരുമായിരുന്നല്ലോ.

ടെലിവിഷനിൽ ഈ കഥാപരമ്പരകൾ സീരിയലുകൾ എന്ന പേരിലും മെഗാ സീരിയലുകൾ എന്ന പേരിലും പ്രത്യക്ഷപ്പെട്ടു. മലയാള ടെലിവിഷനിൽ മെഗാ സീരിയലുകളുടെ കാലം തുടങ്ങുന്നത് ഏഷ്യാനെറ്റിലെ 'സ്ത്രീ' പരമ്പരയിലൂടെയാണ് എന്ന് പറയാം. അത് വരെ സീരിയലുകളുടെ പരമാവധി നീളം അഞ്ചു അല്ലെങ്കിൽ ഏഴു എപ്പിസോഡുകളായിരുന്നു. പതിനാലു വരെ അത് പോയിട്ടുണ്ട്. പക്ഷെ സ്ത്രീ പരമ്പര ദ്രൗപദിയുടെ ചേല പോലെ നീണ്ട് നീണ്ടങ്ങു പോയി. മഹത്തായ സാമ്പത്തിക വിജയം അതിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾക്ക് നിമിത്തമായി. പണ്ട് ഉത്തരേന്ത്യക്കാർ രാമായണം മഹാഭാരതം തുടരുകൾക്ക് മുന്നിൽ തപസ്സിരുന്നത് പോലെ മലയാള പ്രേക്ഷകർ സ്ത്രീക്ക് മുമ്പിൽ അടിയറവു പറഞ്ഞു. ഏഴു മണിക്ക് ടെലിവിഷൻ സാന്ദ്രത കൂടിയ മേഖലകളിലെ തെരുവുകൾ എല്ലാം ശൂന്യമായി. ഗോവിന്ദപുരത്തെ വീട്ടിലേക്ക് ഏഴുമണി കഴിഞ്ഞു ഓടിക്കേറിയ അമ്പ്യാരമ്മാമ ഉമ്മറത്ത് ചെരുപ്പ് അഴിച്ച് വെക്കുന്നതിടയിൽ ഉള്ളിലേക്ക് നോക്കി "വിമലേ സ്ത്രീ എന്തായി..?" എന്ന് ചോദിക്കുന്ന തരത്തിൽ അത് മലയാളിയുടെ പ്രധാന ഉൽക്കണ്ഠയായി മാറിയിരുന്നു. 

ഇംഗ്ലീഷിൽ സോപ്പ് ഒപേര എന്ന പേരിൽ അറിയപ്പെടുന്ന തുടരുകളുടെ ചുവട് പിടിച്ചാണ് നമ്മുടെ സീരിയലുകൾ എത്തുന്നത്. കുടുംബങ്ങൾക്കുളിലെ നാടകീയതയും വൈകാരികതെയുമാണ് ഇവയുടെ പ്രധാന ഉള്ളടക്കം. 

മനോരമയിലെയും പിന്നീട് വന്ന മംഗളത്തിലെയും തുടരുകൾ വായിക്കുന്നവരോട് കാമ്പുള്ള വായനക്കാർ എന്ന് അവകാശപ്പെടുന്ന മലയാളികൾക്ക് ഒരു പുച്‌ഛം ഉണ്ടായിരുന്നു. പക്ഷെ അവർ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. കച്ച മുറുക്കി സാക്ഷരത ഒരു യജ്ഞമായി മലയാളി ഏറ്റെടുക്കുന്നതിന്ന് മുമ്പ് മലയോരവാസികളിൽ അക്ഷരത്തിൻ്റെ കൗതുകം ഉണർത്തിയത് ഈ "മ" പ്രസിദ്ധീകരണങ്ങളാണ്. ബൗദ്ധിക നിലവാരവും ജീവിതത്തിലെ ലക്ഷ്യങ്ങളും എല്ലാവരിലും ഒരു പോലെയാവണം എന്നില്ലലോ. വിജയനെയും ആനന്ദിനെയും വായിക്കുന്നവർ മാത്രം വായനക്കാർ എന്ന് പറയാൻ ആവില്ലലോ. കൂടുതൽ ആവശ്യക്കാർ വിനോദത്തിന്ന് വേണ്ടിയുള്ള വായനയ്ക്കാണ്. ഏതൊരു വായനക്കാരൻറെയും തുടക്കം മിക്കവാറും ഇത്തരം ജനപ്രിയ പ്രസിദ്ധീകരണത്തിലാവും. കുറച്ചു പേരിലെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ അത് മടുപ്പുളവാക്കുകയും വായനയുടെ അടുത്ത തലങ്ങളിലേക്ക് അവർ എത്തിപ്പെടുകയും ചെയ്യും. 

ഇറാനിലെ ജനതയെപ്പറ്റി സിനിമ മേഖലയിൽ പറയാറുള്ള ഒരു കാര്യമുണ്ട്. അവിടെ ഉണ്ടാക്കുന്ന സിനിമകൾ എല്ലാം മികച്ച നിലവാരം പുലർത്തുന്നുണ്ട്. അതിനോടൊപ്പം അവിടുത്തെ സാധാരണ ജനങ്ങളുടെ സ്വീകാര്യതയും നേടുന്നുണ്ട് എന്ന കാര്യമാണ് ചൂണ്ടിക്കാണിക്കാറുള്ളത്. അത് ശരിയാണ് താനും. സിനിമ പോലുള്ള മാധ്യമങ്ങൾക്ക് വിലക്കുള്ള രാജ്യത്ത് മറ്റു തരത്തിൽ ഉള്ള സിനിമകൾ ഉണ്ടാവുന്നില്ല എന്ന് കൂടി ആലോചിക്കുമ്പോൾ ഇതിൻറെ കാരണം ഊഹിക്കാവുന്നതേ ഉള്ളു. ഇറാനിലും കുട്ടി - പെട്ടി - മമ്മൂട്ടി എന്ന തരത്തിൽ ഗാർഹിക വൈകാരിക പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സിനിമകൾ ഉണ്ടായിരുന്നെങ്കിൽ ഏതിനായിരിക്കും സാമ്പത്തിക മേൽത്തൂക്കം ലഭിക്കുക എന്നത് ചിന്തനീയമാണ്. 

പണ്ട് ഏഷ്യാനെറ്റിൽ എട്ട് മണിക്ക് കാമ്പുള്ള കഥാ അവതരണം കൊണ്ട് ശ്രദ്ധേയമായ തുടരുകൾ ഉണ്ടായിരുന്നു. ഏഴു മുതൽ എട്ടു വരെ കണ്ണീർ ഊറ്റിയെടുക്കുന്ന സീരിയലുകൾ. അത് കഴിഞ്ഞാൽ കാമ്പുള്ള തുടരുകൾ. ഇതായിരുന്നു രീതി. ശ്യാം പ്രസാദ്, കെ കെ രാജീവ്, ഡോക്ടർ ജനാർദ്ദനൻ തുടങ്ങിയവരുടെ മികച്ച സൃഷിട്ടികൾ ഈ സ്ലോട്ടിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. ദൂരദർശനും കൈരളി ടിവിയും ജൂഡ്, പി എഫ് മാത്യൂസ്, അഴകപ്പൻ തുടങ്ങിയവരുടെ മികച്ച സൃഷ്ടികൾക്ക് വേദി ഒരുക്കിയിരുന്നു. മിക്കവയും പുരസ്‌കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇവയൊന്നും സാമ്പത്തികമായ നേട്ടം ഉണ്ടാക്കിയില്ല എന്നതാണ് പരമാർത്ഥം. ചാനലുകളെ സംബന്ധിച്ചു അവയെല്ലാം നഷ്ടങ്ങളായിരുന്നു. ആദർശങ്ങൾ ചോറൂട്ടില്ല എന്ന ലളിത തിരിച്ചറിവിൽ ചാനലുകളെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് ഈ സത്യം തന്നെ ആവണം. 

ടെലിവിഷനിലെ ജനപ്രിയ തുടരുകളുടെ ഉള്ളടക്കം കുടുംബത്തിലെ ബന്ധങ്ങളും അതിലെ അപസ്വരങ്ങളും അത് ഉണ്ടാക്കുന്ന നാടകീയതയും ഒക്കെ തന്നെയാണ്. സോപ്പ് ഒപേരകളുടെ സൂത്രവാക്യങ്ങൾ തന്നെയാണ് ഇവിടെയും. പ്രാദേശിക പശ്ചാത്തലം ഉൾക്കൊണ്ട് അവയിലെ ചേരുവകൾക്ക് മാറ്റങ്ങൾ ഉണ്ടാവാം എങ്കിലും ഇതിന്റെയെല്ലാം ചട്ടക്കൂട് ഒന്ന് തന്നെയാണ്. 

കൈയിൽ അവാർഡ് കരുതിയിട്ട് അത് കൊടുക്കാൻ ആളില്ലല്ലോ എന്ന് പരിതപിക്കുന്ന ജൂറിയുടെ ആവലാതി ന്യായമാണ്. ആ അവാർഡ് മാത്രം ലക്ഷ്യമാക്കി തുടരുകൾ ഇറക്കിയാൽ ചാനലുകളുടെ അവസ്ഥ എന്താകും എന്ന് ഇതിനോടൊപ്പം ആലോചിക്കാവുന്നതാണ്. 

നന്മയുടെ കഥകളേക്കാൾ മനുഷ്യന് പറയാനും കേൾക്കാനും താൽപ്പര്യം തിന്മയുടെ കഥകളാണ്. നഷ്ടപ്പെട്ട പറുദീസയുടെ ഗാനം പാടുമ്പോളും മിൽട്ടൻറെ ചായ്‌വ് ചെകുത്താനോടായിരുന്നു. ക്ഷീരമുള്ള അകിടിലും ചോരയുടെ കൗതുകം തേടുന്നവരാണ് നമ്മളിൽ കുറെ പേരും. അങ്ങിനെ ഉള്ള കാലം വരെ ചാനലുകളുടെ ഉള്ളടക്കം മാത്രം ആദർശങ്ങൾക്കൊത്താവും എന്ന് കരുതുക വയ്യ. 




Sunday, 29 August 2021

രുചി

 











pic courtesy

പപ്പടം.

ഓർമ്മ ഉറയ്ക്കുന്ന കാലത്തിന്ന് മുമ്പുള്ള കഥയാണ്. മുട്ടിൽ ഇഴഞ്ഞ് നടന്നിരുന്ന കാലത്തെ കഥ. അച്ഛൻ ഇടയ്ക്കിടയ്ക്ക് പറയാറുള്ള കഥ. അന്നൊക്കെ അച്ഛൻ ഊണ് കഴിക്കാൻ പോകുന്നതിന്ന് മുമ്പ് മുൻവശത്തെ മുറിയിലെ മേശയുടെ കാലിൽ എന്നെ കെട്ടിയിടുമായിരുന്നത്ര. ഇല്ലെങ്കിൽ, ഞാൻ ഇഴഞ്ഞ് വന്ന് അച്ഛന്റെ തളികയിൽ നിന്ന് പപ്പടം എടുക്കുമായിരുന്നത്രെ. 

പപ്പടത്തിനോട് ഉള്ള ഇഷ്ടംകൊണ്ട് കൂടിയാണ്, സദ്യകൾക്ക് വിളമ്പേണ്ടി വരുമ്പോൾ ഞാൻ എപ്പോഴും എടുക്കുന്നത് പപ്പടക്കുട്ടയാണ്. അങ്ങിനെയാണ് ഒരിക്കൽ കൊടുങ്ങലൂരിലെ വിളമ്പലിനിടയിൽ എനിയ്ക്ക് ബിരുദം കിട്ടുന്നത്: പപ്പടകൃഷ്ണൻ. 

ഗൃഹാതുരത്വത്തിന്റെ മേമ്പൊടി ഉള്ളത് കൊണ്ടാവാം, കുട്ടിക്കാലത്തെ അനുഭവങ്ങൾ മറ്റുള്ളവയെക്കാൾ എന്നും മുന്തി നിൽക്കുന്നത്. അത് വകവെച്ചു കൊണ്ട് തന്നെ പറയട്ടെ, കഴിച്ചതിൽ ഏറ്റവും സ്വാദ് കൂടിയ പപ്പടമായ് ഞാൻ ഇന്നും കരുതുന്നത് പുലാപ്പറ്റ അങ്ങാടിയിൽ നിന്ന് കുട്ടയിൽ കയറി ഇരുന്നു പത്തായപ്പുരയിലേക്കെത്തുന്ന പുത്തൻ മണം മാറാത്ത പപ്പടമാണ്. അത് ആട്ടിയ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തു കൊച്ചു കുമിളകളുടെ അലങ്കാരത്തിൽ തിളങ്ങുന്ന സ്വർണ്ണ വൃത്തങ്ങളായി വിളമ്പു മേശയിൽ എത്തുമ്പോൾ അടുക്കളയ്ക്ക് തന്നെ ഒരു രാജകീയത കൈവരും. ചില്ലോടിലൂടെ മിന്നുന്ന ഉച്ചവെയിൽ പ്രകാശം പോലെ. 

ചുട്ട പപ്പടത്തിന്ന് പനിയുടെ മണമാണ്. അടുപ്പ് കരിയുടെ രുചിയും. 

ഖ്യാതി കേട്ട ഗുരുവായൂർ പപ്പടം കഴിക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഗുരുവായൂർക്കാർ ഒന്ന് പുലാപ്പറ്റ വരെ പോയെങ്കിൽ എന്ന്. കേരളം വിട്ടാൽ പപ്പടത്തിന്ന് പേര് അപ്പളം എന്നായി മാറും. താമരയിലയുടെ വലുപ്പവും കൈവരിക്കും. മേലെല്ലാം കരിമ്പുള്ളി കുത്തിയപോലെ ജീരകം പതിഞ്ഞിരിക്കും. ഒരു എണ്ണക്കുളി കഴിഞ്ഞു വരുന്ന അവനെ പൊട്ടിച്ച് നാവിൽ വെക്കുമ്പോൾ ഞാൻ കൈയിൽ ഒതുങ്ങുന്ന നമ്മുടെ പുലാപ്പറ്റ പപ്പടത്തെ ഓർക്കാറുണ്ട്. വലുപ്പത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നേ. 

അമ്മയ്ക്ക് പാചകം അത്ര വശമില്ല. പാചകത്തിന്ന് ഇരിക്കുന്നത് നിലത്തായിരുന്നു. ഒരു മണ്ണെണ്ണ സ്റ്റോവ്, അതിന്ന് മുകളിൽ തീകാഞ്ഞു കിടക്കുന്ന ദോശക്കല്ല്. അതിന്നരികിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന അമ്മ. ഒരിക്കൽ അച്ഛൻ അടുക്കളയിലേക്ക് യാദൃശ്ചികമായി കയറിയപ്പോൾ കല്ലിന് പകരം നിലത്ത് ദോശ പരത്തുന്ന അമ്മയെയാണ് കണ്ടത്, "സൗദാമിനി... എന്താ ഈ കാണിക്കണേ." ബാക്കി ദോശകൾ അച്ഛനാണ് ഉണ്ടാക്കിയത്. പാചകത്തിൽ തൽപ്പരനായ അച്ഛൻ ഇടയ്ക്ക് ചില പരീക്ഷണങ്ങൾ നടത്താറുണ്ട്. ആപ്പിൾ കൊണ്ട് ഒരിക്കൽ സാമ്പാറുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഒരിക്കലും അത് ആവർത്തിക്കാത്തത്കൊണ്ട് അത്ര സ്വാദുണ്ടായിരുന്നിരിക്കില്ല എന്ന് കരുതുന്നു. ദോശയ്ക്ക് ഒരു കുതിരപ്പവൻ കൊടുക്കാനുണ്ടെകിൽ ഞാൻ അത് ചാത്തമംഗലം ദോശയ്ക്കാണ് കൊടുക്കുക. 

ഞങ്ങളുടെ കുടുംബത്തിലെ മിക്കയാളുകളുടെയും ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഇഡ്ഡലിയാണ്. അത് കൊണ്ടാണ് ഞങ്ങൾ അതിനെ ഒരു ചെല്ലപ്പേരിട്ട് ഓമനിക്കുന്നത്‌: പോത്തൻസ്. സിറിലാക് കുഞ്ഞിനെപ്പോലെ വെളുത്ത് കൊഴുത്തുരുണ്ട് കാണുന്ന പലഹാരത്തിന്ന് വേറെ യോജിച്ച പേരുണ്ടോ, സംശയമാണ്. 

ഇഡ്ഡലിയെന്നാൽ എനിയ്ക്ക് ഓർമ്മ വരുന്നത് മംഗള ഓപ്പോളെയാണ്. അടുക്കളയുടെ ചുമതല അവർക്കായിരുന്നു. വൈകുന്നേരങ്ങളിൽ വലിയടുക്കളയുടെ ചായ്പ്പിലെ അരകല്ലിലിരുന്നു അടുത്ത ദിവസത്തെ ഇഡ്ഡലിക്കുള്ള മാവ് ആട്ടുന്നതിനിടയിൽ നിർത്താതെ കഥകൾ പറഞ്ഞുകൊണ്ടിരിക്കും. കേൾവിക്കാരായി പ്രസാദും ഞാനും. കഥ കേൾക്കുന്നതിനിടയിൽ അടുപ്പിലെ കരികൊണ്ട് ഞങ്ങൾ തേക്കാത്ത ചുമരിൽ ചിത്രം വരച്ചുകൊണ്ടിരിക്കും. 

അവധിക്കാലമായാൽ പത്തായപ്പുരയിലെ അംഗ സംഖ്യ കൂടും. മലപ്പുറത്ത് നിന്ന് സഹോദരങ്ങൾ, കോയമ്പത്തൂരിൽ നിന്ന് ഞാൻ എന്നീ കുട്ടികളടക്കം പത്തിരുപത്തഞ്ച് ആളുകൾക്കുള്ള ഭക്ഷണമെങ്കിലും ഉണ്ടാക്കണം. രാവിലെ കുളത്തിൽ മഥിച്ചു കളിച്ച് ആനയെ തിന്നാനുള്ള വിശപ്പുമായി മേശപ്പുറത്ത് ഇരിക്കുന്ന ഞങ്ങൾ തമ്മിൽ തീറ്റ മത്സരം തുടങ്ങും. ഒരു പത്ത് പന്ത്രണ്ട് ഇഡ്ഡലിയാവുമ്പോൾ ഞാൻ നിർത്തും. അപ്പോഴും അവിരാമം കഴിച്ചുകൊണ്ടിരുന്ന ജേഷ്ഠൻ ഇരുപത്തിമൂന്ന് ഇഡ്ഡലിയായപ്പോഴേക്കും നിർത്തി; ചട്ടിണി തീർന്നുപോയി. കടയിൽ നിന്നുള്ള മാവ് വാങ്ങി നാലുപേർക്കുള്ള പന്ത്രണ്ട് ഇഡ്ഡലി ഉണ്ടാക്കാനുള്ള പാടിനിടയിൽ ഞാൻ ആലോചിച്ച് പോകാറുണ്ട്, മംഗള ഓപ്പോൾ എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും. 

കോയമ്പത്തൂരിലായാലും പുലാപ്പറ്റയിലായാലും സമൃദ്ധമായ വിഭവങ്ങൾ വിശേഷദിവസങ്ങൾക്കു മാത്രമായിരുന്നു. മറ്റു ദിവസങ്ങളിൽ പുലാപ്പറ്റയിൽ കുറെ മുതിര വേവിക്കും. അത് മുതിരയുപ്പേരി. ഒഴിച്ചു കറി അതിൽ നിന്ന് വടിച്ചെടുത്ത മുതിരവെള്ളം. തവിട്ടു നിറത്തിലെ ദ്രവത്തിന്ന് മുകളിൽ സ്വപ്നം കണക്കെ വെളിച്ചെണ്ണ പൊങ്ങിക്കിടക്കുന്ന മുതിരവെള്ളത്തിന്റെ സ്വാദ് ഇന്നും ഞങ്ങൾക്ക് അനന്യമാണ്. 

പത്തായപ്പുരയിലെ തെക്കേ തൊടിയിൽ ഒരു കൂറ്റൻ മാവുണ്ടായിരുന്നു. ധനു മകര മാസങ്ങളിൽ വരദാനം കണക്കെ അത് പഴുത്ത കുഞ്ഞു മാമ്പഴങ്ങൾ പൊഴിച്ച് തരും. മതിയാവുന്ന വരെ മാമ്പഴം പെറുക്കി തിന്നു കൈയ്യിലൂടെ ഒഴുകി വരുന്ന മധുരച്ചാറു നക്കി അവശേഷിക്കുന്ന മാങ്ങാണ്ടി ഈമ്പി കളയുമ്പോൾ കൂടെയുള്ളവരോട് കൂട്ടിനു പോകാൻ പറയുന്നതും ഒരു കളിയായിരുന്നു. ഉച്ചയൂണിന്ന് മുമ്പ് ചാഴൂർ അമ്മാവനുമായി (ചെറിയമ്മയുടെ ഭർത്താവ്) തൊടിയിലേക്ക് പോകും. പൊഴിഞ്ഞ് കിടക്കുന്ന മാമ്പഴങ്ങളിൽ നല്ലതു നോക്കി പെറുക്കി എടുക്കും. നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, ഊണ് കഴിക്കാനുള്ള തളികയ്ക്ക് സമീപം വെച്ച ചെറിയ തളികയിലേക്ക് ഓരോ മാമ്പഴമായി പിഴിഞ്ഞ് വെക്കും. ഊണിന്റെ ഇടയ്ക്ക് അതിലെ ചാറും കൂട്ടും. കുറച്ചേ ഉള്ളു എങ്കിലും ഉള്ളത് ആസ്വദിച്ച് കഴിക്കുന്ന ചാഴൂർ അമ്മാമയാണ് രുചിയുടെ പ്രാധാന്യം എനിയ്ക്ക് ബോധ്യപ്പെടുത്തി തന്നത്. അപ്പോഴും ഇപ്പോഴും എനിയ്ക്ക് രുചിയിലല്ല, അളവിലാണ് കാര്യം. 

അത് കൊണ്ടാണ് ഞാൻ പറയാറുള്ളത്, വൈക്കോൽ നനച്ച് തന്നാലും ഞാൻ തിന്നും. കുറെ വേണമെന്ന് മാത്രം. പിന്നെ ലേശം ഉപ്പും കൂടിയായാൽ ബഹുകേമം. 



Friday, 27 August 2021

ഒരേ ഒരു ക്യാപ്റ്റൻ


(pic source: wiki)

https://upload.wikimedia.org/wikipedia/commons/0/0b/Captain_raju.JPG

എപ്പിസോഡുകൾ കാണുവാൻ: (അപ്ലോഡ് ചെയ്ത എപ്പിസോഡുകളിൽ ഓഡിയോ പ്രശ്നമുള്ളതാണ്)

https://youtu.be/dAuU98jNaes (episode 1) episode 1

https://www.youtube.com/watch?v=GesyvFKwWcU (episode 2) episode 2

*

കോയമ്പത്തൂർ ജനിച്ച് പാലക്കാട്ട് വളർന്ന് കോഴിക്കോട് താമസമാക്കുന്ന കാലത്തായിരുന്നു കല്യാണം. മിനിയുടെ വീട് പത്തനംതിട്ടയിൽ. കൃത്യമായ് പറഞ്ഞാൽ ഓമല്ലൂരിൽ. 

ജില്ലാ റെജിസ്ട്രാറായി വിരമിച്ച വ്യക്തിയായിരുന്നു ശ്വശുരന്‍. ജോലിയിലും വ്യക്തി ജീവിതത്തിലും കലർപ്പില്ലാത്ത മൂല്യങ്ങൾ ആചരിച്ച് പോന്നതിനാൽ മിത്രങ്ങൾ എന്ന പോലെത്തന്നെ ശത്രുക്കളും അദ്ദേഹത്തിന്ന് ഉണ്ടായിരുന്നു.  സാഹിത്യത്തിലും സിനിമയിലുമുള്ള എൻ്റെ താൽപര്യങ്ങൾ മനസിലാക്കി ആ മേഖലയിലെ ഓമല്ലൂർ ബന്ധത്തെ കുറിച്ച് പറഞ്ഞു. കവി കടമ്മനിട്ട മിനിയുടെ ഒരു ചിറ്റപ്പനായി വരും. രണ്ടു മൂന്ന് തവണ കവിയെ കാണാൻ ഞാനും പോയിട്ടുണ്ട്. ഇലന്തൂർക്കാരനായ മോഹൻലാലിൻറെ അമ്മയുടെ അച്ഛനും ഭാര്യാപിതാവിൻ്റെ അച്ഛനും അടുത്ത കൂട്ടുകാരായിരുന്നു. മോഹൻലാലിൻറെ അമ്മയെ താൻ കുട്ടികാലത്ത് എടുത്തു നടന്ന കഥയൊക്കെ അദ്ദേഹം പറയാറുണ്ട്. നടൻ പ്രതാപചന്ദ്രൻ പ്രദേശവാസിയും അച്ഛന് പരിചയമുള്ളയാളുമായിരുന്നു. ആ നിരയിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിട്ടുള്ള പേരാണ് ക്യാപ്റ്റൻ രാജുവിന്റേത്. പ്രദേശവാസികളും ഓമല്ലൂർ സ്കൂളിലെ അധ്യാപകരുമായിരുന്ന ക്യാപ്റ്റന്റെ അച്ഛനമ്മമാരുമായി അതെ സ്കൂളിലെ അധ്യാപികയായിരുന്ന അമ്മയ്ക്കുള്ള അടുപ്പവും പരാമർശവിഷയമാകാറുണ്ട്. കഥ കണക്കെ അതൊക്കെ കേട്ടിരിക്കുകയായിരുന്നു പതിവ്. 

കേരളവിഷൻ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ചേർന്ന കാലത്ത് ആലോചിച്ചു ഉറപ്പിച്ച പരിപാടികളിൽ ഒന്ന് പ്രശസ്‌തരുടെ ഓർമ്മ പങ്കിടൽ പരിപാടിയായിരുന്നു. ഒരു വട്ടം കൂടി എന്ന് അതിന്ന് പേരിട്ടു. പണ്ട് അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്തിരുന്ന സമാഗമം എന്ന പരിപാടിയായിരുന്നു പ്രചോദനം. വിപുലമായി ചെയ്യാനുള്ള സാമ്പത്തിക ശേഷിയാവാത്തതുകൊണ്ട് അതിൻ്റെ ഒരു ജനതാ പതിപ്പായിരുന്നു മനസ്സിൽ. ഏറെ ശങ്കകൾക്കൊടുവിൽ അതു ആരംഭിക്കാൻ നിർദ്ദേശം ലഭിച്ചു. 

പരിപാടിയുടെ ഏകോപനം അർച്ചനയായിരുന്നു. അവർ വഴി നടി അനന്യയെ പരിപാടിയുടെ അവതാരകയായി നിശ്ചയിച്ചു. ആദ്യത്തെ അതിഥിയായി ക്യാപ്റ്റനെയാണ് ഉദ്ദേശിച്ചത്. അങ്ങിനെ പരിപാടിയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ ചെന്നു. രോഗങ്ങളുടെ നടുവിലായിരുന്നെങ്കിലും അദ്ദേഹം ഉത്സാഹം കൈവിട്ടിരുന്നില്ല. സിനിമയിൽ സജീവമല്ലാത്തവർ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും തൻ്റെ ആരോഗ്യത്തെകുറിച്ചുമെല്ലാം അദ്ദേഹം സവിസ്തരം സംസാരിച്ചു. കൂട്ടത്തിൽ എൻ്റെ ഓമല്ലൂർ ബന്ധത്തെക്കുറിച്ചും ഞാൻ പറഞ്ഞു. അതോടെ അദ്ദേഹം ആവേശത്തിലായി. പരിപാടിയിൽ കാണിക്കേണ്ട തന്റെ നാട്ടിലെ സ്ഥലങ്ങളും ഉൾപ്പെടുത്തേണ്ട  വ്യക്തികളുടെ പേരുകളും നമ്പറുകളും അദ്ദേഹം തന്നു. 

അന്ന് ഞാൻ വീട്ടിലെത്തി അധികം വൈകാതെ തന്നെ ക്യാപ്റ്റന്റെ ഫോൺ വന്നു. "എനിക്ക് കൃഷ്ണദാസിനോടല്ല സംസാരിക്കാൻ ഉള്ളത്. നിങ്ങൾ ഫോൺ ഞങ്ങളുടെ ഓമല്ലൂർകാരിക്ക് കൊടുത്താട്ടെ." അവർ തമ്മിൽ കുറെ നേരം സംസാരിച്ചു. നാട്ടിലെ വ്യക്തികളും വിശേഷങ്ങളുമായിരുന്നു വിഷയം. ഇടയ്ക്കിടയ്ക്ക് എന്നോട് ഓമല്ലൂർകാരിയെകൂട്ടി വീട്ടിലേക്ക് വരാൻ പറയും. 

പ്രീ പ്രൊഡക്ഷൻ ഷൂട്ട് എന്ന് ഞങ്ങൾ വിളിക്കുന്ന ചിത്രീകരണത്തിനായി ഞങ്ങൾ പത്തനംതിട്ടയിൽ പോയി. ക്യാപ്റ്റൻ നിർദേശിച്ച വ്യക്തികളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി ഷൂട്ടിംഗ് അവസാനിപ്പിച്ച് അവിടുത്തെ പ്രസിദ്ധമായ എവർഗ്രീൻ ഹോട്ടലിലെ ബിരിയാണിയുടെ ഭാരം വയറ്റിൽ ചുമന്ന് മടങ്ങുന്നതിന്റെ ഇടയിൽ ക്യാപ്റ്റന്റെ ഫോൺ വന്നു. "നിങ്ങൾ ആലപ്പുഴ വഴിയല്ലേ പോകുന്നത്. അവിടുത്തെ ബ്രദേഴ്‌സ് ഹോട്ടെലിൽ എന്തായാലും കയറണം. അവിടുത്തെ പ്രസിദ്ധമായ അപ്പവും താറാവ് കറിയും കഴിച്ചിട്ടേ പോകാവൂ. നിങ്ങൾ പൈസ ഒന്നും കൊടുക്കേണ്ട. എല്ലാം ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്." എവിടെ എത്തി എന്ന് അറിയാൻ അദ്ദേഹം പിന്നെയും രണ്ട് വട്ടം വിളിച്ചു. ഇനി ഞങ്ങൾ പോകാതിരിക്കുമോ എന്ന ആശങ്ക കാരണം കാർ ഓടിക്കുന്ന ആൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞ് അയാളോടും പറഞ്ഞു: എന്തായാലും കയറിയിട്ടെ പോകാവൂ.   

അവിടെ കയറി ഉടമ ബാലചന്ദ്രനുമായി സംസാരിക്കുമ്പോൾ ക്യാപ്റ്റന്റെ രുചിയോടുള്ള താല്പര്യവും മനുഷ്യപ്പറ്റും പ്രത്യേകം എടുത്തു പറഞ്ഞു. ഭക്ഷണം കഴിഞ്ഞു അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കിയവരെ അഭിനന്ദിച്ചിട്ടേ അദ്ദേഹം പോകാറുള്ളൂ. 

പിന്നീട് ഇതിനെ കുറിച്ച് സംസാരിക്കവെ ആ ഹോട്ടലിൽ മാത്രമല്ല. എവിടെ ചെന്നാലും ഭക്ഷണം നന്നായാൽ അത് ഉണ്ടാക്കിയവരെ അങ്ങോട്ട് ചെന്ന് അഭിന്ദിക്കാറുണ്ട് എന്ന് പറഞ്ഞു. ക്യാപ്റ്റന്റെ വാക്കുകൾ: "കൃഷ്ണദാസെ പൈസയിലല്ല കാര്യം. അടുക്കളയിൽ കഷ്ടപ്പെട്ട് നമ്മൾക്ക് ഭക്ഷണം ഉണ്ടാക്കുന്നവരോട് അത് നന്നായി എന്ന് പറയുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ.." 

പരിപാടിയുടെ ചിത്രീകരണത്തിന്ന് ഉത്സാഹത്തോടെ തന്നെ അദ്ദേഹം എത്തി. അനന്യയോട് സംസാരിക്കുന്നതിനിടയിൽ മിക്കവാറും ഓമല്ലൂർ തന്നെയായിരുന്നു വിഷയം. ഇടയ്ക് എന്നെ കുറിച്ചും ഒരു കഥയുണ്ടാക്കി: കുഞ്ഞേ, ഇത് കേട്ടാട്ടെ. ഒരു ദിവസം ഞാൻ നമ്മുടെ ഓമല്ലൂർ അമ്പലം വഴി പോകുമ്പോൾ സൈക്കിളിൽ ഒരു ചെറുപ്പക്കാരൻ അവിടെയെല്ലാം ചുറ്റിപറ്റി കറങ്ങുന്നു. വിളിച്ചു അന്വേഷിച്ചപ്പോ നമ്മുടെ ഗോപാലകൃഷ്ണൻ നായരുടെ മോളെ പാട്ടിലാക്കാൻ വന്ന പൂവാലനാ. അങ്ങിനെയാണ് ഞാൻ കൃഷ്ണദാസിനെ ആദ്യം കാണുന്നത്." 

എട്ട് സുഹൃത്തുക്കളെ സ്റ്റുഡിയോവിൽ കൊണ്ട് വന്നും മൂന്ന് പേരുടെ സൗണ്ട് ബൈറ്റും ഓമല്ലൂരിലെ ദൃശ്യങ്ങളും എല്ലാം ഉൾപ്പെടുത്തി ചെയ്ത ആ പരിപാടി രണ്ട് എപ്പിസോഡുകളാക്കി തരം തിരിച്ചു. പലരും പത്തനംതിട്ടയിൽ നിന്ന് വന്നവരാകയാൽ സുഹൃത്തുക്കൾ ഉൾപ്പെട്ട ഭാഗങ്ങൾ ആദ്യം ചിത്രീകരിച്ചു. പിന്നീടാണ് അദ്ദേഹം മാത്രമുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത്. സുഹൃത്തുക്കൾ പോയതോടെ അദ്ദേഹത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടു. പെട്ടെന്ന് ക്ഷീണിതനായ അദ്ദേഹം എങ്ങിനെയെകിലും അവസാനിപ്പിച്ചാൽ മതി എന്ന മട്ടിലായി. രണ്ടാമത്തെ എപ്പിസോഡിൽ അനന്യ നന്ദി പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടെ ക്യാപ്റ്റൻ ഇടപെട്ടു. "മോളെ രാജു അങ്കിളിന്ന് പ്രേക്ഷകരോട് രണ്ട് വാക്ക് പറയാൻ ഉണ്ട്" അദ്ദേഹം അതിൽ പറഞ്ഞത്: ക്യാപ്റ്റൻ വിട വാങ്ങുകയാണ് എന്നാണ്. അനന്യ പറഞ്ഞു അവസാനിപ്പിച്ചത് "രാജു അങ്കിളിന്റെ അവസാനത്തെ എപ്പിസോഡ് ആണ്" എന്ന നിലയ്ക്കാണ്. അത് പ്രവചനാത്മകമായിരുന്നു.

ഷൂട്ട് മെയ് മാസം ആദ്യമായിരുന്നു. മൂന്നാഴ്ചകൾ കഴിഞ്ഞു മകന്റെ വിവാഹത്തിന്ന് അമേരിക്കയിലേക്ക് പോകുന്ന വഴിയാണ് സ്ട്രോക്ക് പിടിപെട്ട് അദ്ദേഹം ആശുപത്രിയിലാവുന്നത്. കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ബെന്നി (ജനപക്ഷം) വഴി കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. 
പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മിനിയുമായി   പോയി കാണണം എന്ന് കരുതി. പക്ഷെ അദ്ദേഹം തിരിച്ച് വന്നില്ല. 

സെപ്റ്റംബർ 17 ന്ന് അദ്ദേഹം മരിച്ചതായി അറിയിപ്പ് വന്നു. 

ഓമല്ലൂർ സ്കൂളിൽ പൊതു ദർശനത്തിനായി കിടത്തിയപ്പോളാണ് ഒടുവിൽ  ഓമല്ലൂർക്കാരിക്ക് ക്യാപ്റ്റനെ കാണാനായത്. പക്ഷെ ക്യാപ്റ്റൻ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. 






Monday, 21 June 2021

യാത്ര

 






image courtesy





എന്താവണം എന്ന ബോധം കുട്ടിക്കാലം തൊട്ട് തന്നെ ഉണ്ടായിരുന്നു. പക്ഷെ അത് തൽക്കാലം നടക്കില്ല എന്ന് വന്നപ്പോൾ പിന്നെ ജീവിതത്തിൽ ലക്ഷ്യ ഭാരം ഇല്ലാതായി. ലക്ഷ്യമില്ലാത്ത മനസ്സാണ് യഥാർത്ഥ യാത്രികൻറെ മൂലധനം. ലക്ഷ്യമില്ലാതാവുമ്പോൾ യാത്രയിലെ ഓരോ നിമിഷവും ആസ്വാദ്യമാവുന്നു. പണ്ട് തന്നെ തെണ്ടിത്തിരിയുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന എനിയ്ക്ക് നാട് തെണ്ടാൻ തോന്നിയതിൽ അത്ഭുതമില്ല. 

കൊൽക്കത്തയിലേക്ക് പോകാനുള്ള അനുവാദം തന്ന കുടുംബ കാരണവരായ ബലരാമൻ അമ്മാവൻ കൂട്ടത്തിൽ ഒരു നിബന്ധനയും വെച്ചു. പോകുകയാണെങ്കിൽ ഒറ്റയ്ക്ക് പോകണം. പേടിത്തൊണ്ടനായ ഞാൻ ഒറ്റയ്ക്ക് പോകില്ല എന്ന് അമ്മാവൻ ഉറപ്പിച്ചിട്ടുണ്ടാവും. എൻ്റെ പേടി മാറ്റാനുള്ള ഒരു ഉപാധികൂടി ആയിരുന്നിരിക്കാം അത്. എന്തായാലും അന്ന് ഞാൻ അതിന്ന് ധൈര്യപ്പെട്ടില്ല. 

കഷ്ടിച്ച് ജയിച്ച് നേടിയ ബിരുദങ്ങൾക്ക് സുസ്ഥിരമായ ഒരു ജോലി നേടിത്തരാൻ ആവില്ല എന്ന് ഉറപ്പായപ്പോൾ പിന്നീട് ഞാൻ ഒരു വടക്ക് നോക്കിയായി. കണ്ടറിവിലും കേട്ടറിവിലും എന്നും തിളങ്ങിനിന്നത് ഹിമാലയമായിരുന്നു. അങ്ങിനെയാണ് എൻ്റെ ജീവിതത്തിലെ ഹ്രസ്വമായ യാത്രാപർവ്വത്തിന്ന് തുടക്കമാവുന്നത്. വേര് പറിച്ച് കൊണ്ടല്ല വേര് വലിച്ച് കൊണ്ടാണ് ഞാൻ പുറപ്പെട്ടത് എന്ന് മനസ്സിലായപ്പോൾ തിരികെ എത്തുകയും ചെയ്തു. 

അമ്മയ്ക്ക് നേരാങ്ങളമാർ നാല് പേരുണ്ടായിരുന്നു. ഏറ്റവും മൂത്ത ജേഷ്ഠനായ  അമ്പ്യാരമ്മാമയായിരിക്കും ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കണ്ടിരിക്കുക. പക്ഷെ അദ്ദേഹം ഒരു ടൂറിസ്റ്റ് ആയിരുന്നു. ടൂറിസ്റ്റുകൾ പല രാജ്യങ്ങളും കാണാൻ വേണ്ടി മാത്രം പോകുന്നവരാണ്. അനുഭവിച്ചറിയാനല്ല. അവർ ആഗ്രയിൽ പോകുന്നത് താജ് മഹാൽ കാണാൻ വേണ്ടി മാത്രമാകും. അതൊന്നു പെട്ടെന്ന് കണ്ട് തീർത്ത് അവർ അടുത്ത ലക്ഷ്യത്തിലേക്ക് പായും. അനുജൻ രവിമാമയുടെ യാത്രകൾ ജോലി സംബന്ധമായും കുടുംബ ആവശ്യങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു. ബലരാമൻ അമ്മാമയുടെ യാത്രകൾ മലപ്പുറത്തിനും പുലാപ്പറ്റയ്ക്കും ഇടയിലായിരുന്നു. ദിവോദാസൻ അമ്മാമയുടെ യാത്രകൾ പത്തായപ്പുരയിൽ നിന്ന് കുളത്തിലേക്കും തിരിച്ചും മാത്രമായിരുന്നു. 

വിശാല കുടുംബത്തിൽ യാത്ര ചെയ്തവർ ധാരാളം ഉണ്ട്. എൻ്റെ ഒരു സഹോദരൻ അശോകൻ ഒരു ആത്മീയ യാത്രക്കാരനാണ്. മറ്റൊരു അശോകൻ ഉദ്യോഗാവശ്യങ്ങൾക്ക് ഇന്ത്യമുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. ഒരു യാത്രികൻറെ കൗതുകം എന്നും ഉള്ളിൽ കരുതിയിട്ടുള്ള ആളാണ് അനിയേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന ദാമോദർജി.

വീണ സ്ഥലത്തെ മണ്ണിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുമ്പോളാണ് യാത്ര വിശാലാർത്ഥത്തിൽ സഫലമാവുന്നത്. ചേരയെ തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുക്കണ്ടം തിന്നണം എന്ന് പറയുന്നത് ഈ അർത്ഥത്തിൽ കൂടിയാണ്. അവിടെ ചെന്ന് ഇഡ്ഡലി അന്വേഷിച്ച് നടന്നിട്ട് കാര്യമില്ല. എൻ്റെ അറിവിൽ കുടുംബത്തിലെ ലക്ഷണമൊത്തൊരു യാത്രികൻ അമ്പ്യാരമ്മാമയുടെ മകൻ പ്രേമേട്ടനാണ്. നാടുകൾ കാണാനും അനുഭവിച്ചറിയാനും പ്രേമേട്ടനിൽ ഉള്ള കൗതുകം ഞാൻ വേറെ ആരിലും കണ്ടിട്ടില്ല. മുൻവിധികൾ ഇല്ലാത്തതാണ് പ്രേമേട്ടൻറെ യാത്രകൾ. 

യാത്രകൾ ചെയ്യാൻ കൊതിക്കുന്ന ഒരു സുഹൃത്ത് ഉണ്ടെനിക്ക്. യാത്രകളുടെ പുസ്തകങ്ങൾ വായിക്കലാണ് പ്രധാന വിനോദം. ഓരോ ദേശത്തും പോയി താമസിച്ച് അവിടുത്തെ ഒരു പെണ്ണിനേയും വിവാഹം കഴിക്കണം എന്നാണ് അയാളുടെ സ്വപ്നം. ഒരു ദേശത്തിന്റെ തനതായ രുചിയും മണവും സംസ്കാരവും അറിയാൻ സാധിക്കുക അവിടുത്തുകാരിയായ പെണ്ണിലൂടെയാണത്രെ. അങ്ങിനെ ലോകം മുഴുവൻ അനുഭവിച്ചറിയണം എന്ന് ആഗ്രഹിക്കുന്ന അയാൾ ഇന്നും അവിവാഹിതനാണ്. സ്വന്തം സംസ്ഥാനത്തിന്ന് അപ്പുറം ഇത് വരെ പോയിട്ടുമില്ല. 

പ്രസിദ്ധരായ യാത്രികർ ലോക ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അനുഭവിച്ച ദേശങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അവർ എഴുതിവെച്ചിട്ടുണ്ട്. മാർക്കോ പോളോ എന്ന യാത്രികൻ ജെൻഗിസ് ഖാൻ എന്ന ചൈനാ ചക്രവർത്തിയുടെ സുഹൃത്തായി. ഓരോ ദേശങ്ങളും സന്ദർശിച്ച് അവിടുത്തെ കാഴ്ചകൾ ചക്രവർത്തിക്ക് വിവരിച്ച് കൊടുക്കുന്ന ജോലി കൂടി അയാളെ ഏൽപ്പിച്ചു. ഇത് പ്രമേയമാക്കിയ ഒരു ചെറു പുസ്തകം ഉണ്ട്. ഇറ്റലിക്കാരനായ ഇറ്റാലോ കാൽവിനോ എഴുതിയ അദൃശ്യ നഗരങ്ങൾ. അതിൽ എനിക്ക് കൗതുകം തോന്നിയ ഒരു നിരീക്ഷണം ഉണ്ട്. ഓരോ വിവരണത്തിലൂടെയും ചക്രവർത്തിയുടെ ലോകം വികസിച്ച് വന്നു. ഓരോ യാത്രയിലൂടെയും മാർക്കോ പോളോയുടെ ലോകം ചെറുതായി വന്നു. യഥാർത്ഥത്തിൽ ആ പുസ്തകം ക്ഷയിച്ച് കൊണ്ടിരിക്കുന്ന വെനീസ് നഗരത്തിന്ന് സമർപ്പിച്ച വിലാപ കാവ്യമാണ്. സമാനമായ ഒരു കഥ മലയാളത്തിലും ഉണ്ട്. ഒരു കാലത്ത് പ്രതാപത്തിൽ തിളങ്ങി നിന്ന ആലപ്പുഴയുടെ പതനം പ്രമേയമാക്കിയ പത്മരാജൻ്റെ കഥ: ആലപ്പുഴ. 

സമീപത്തിൽ ഞാൻ വായിച്ച ഒരു പുസ്തകമുണ്ട്. പോളണ്ടുകാരിയായ ഓൾഗാ തൊക്കർച്ചുക് എഴുതിയ "ഫ്‌ളൈറ്റ്‌സ്" (Flights : Olga Thokarczuk). നോവൽ എന്ന് പറയുന്നുണ്ടെങ്കിലും അതൊരു യാത്രാനുഭവ പുസ്തകം കൂടിയാണ്. അതിൽ രസകരമായ ഒരു നിരീക്ഷണമുണ്ട്. ഓരോ ദേശത്തെയും വിമാനത്താവളങ്ങൾ ഓരോ സ്വതന്ത്ര ദേശം പോലെയാണ് പ്രവർത്തിക്കുന്നത്. അവിടുത്തെ രീതികളും നിയമങ്ങളും അന്തർദ്ദേശീയ യാത്രക്കാരെ ഉദ്ദേശിക്കുകയാൽ നാട്ടിലെ രീതികളിൽ നിന്നും നിയമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ലോകത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ഒരേ നിയമങ്ങളാണ്. പ്രജകളെല്ലാം താല്കാലികമായെത്തുന്ന യാത്രക്കാരും. അവിടെ പ്രവേശനത്തിന്ന് വിസകൾ വേണ്ട. യാത്രാ ടിക്കറ്റ് മാത്രം കരുതിയാൽ മതി. ലോക രാജ്യങ്ങൾക്ക് ഐക്യ രാഷ്ട്ര സഭ എന്ന പോലെ ലോക വിമാന താവളങ്ങൾക്കെല്ലാം ചേർന്ന് ഒരു അന്തർദ്ദേശീയ രാജ്യഘടന ഉണ്ടായാൽ അത്ഭുതപെടാനാവില്ല.

പണ്ടൊക്കെ ഏറ്റവും വലിയ യാത്ര കാശി യാത്രയായിരുന്നു. പുറപ്പെട്ടാൽ മടക്കം അസാദ്ധ്യം എന്ന നിലയ്ക്ക് ജീവിതത്തിന്റെ അപരാഹ്നത്തിലായിരുന്നു പുറപ്പാട്. തെക്കേ അറ്റത്ത് നിന്ന് പുറപ്പെട്ട് അങ്ങ് വടക്ക് കാശിയിൽ എത്തുമ്പോഴേക്കും ജീവിത സന്ധ്യയായിട്ടുണ്ടാവും. പിന്നീട് ഗംഗയിൽ അസ്തമിക്കുക എന്നതാണ് സായൂജ്യം. ഈ ബൃഹത്ത് യാത്രയിലൂടെ നേടിയെടുക്കുന്ന ജ്ഞാനം മോക്ഷത്തിലേക്കുള്ള മാർഗ്ഗംകൂടി ആവട്ടെ എന്ന കരുതലായിരിക്കും ഈ ചടങ്ങിന്ന് പിന്നിൽ. 

പക്ഷെ രാവിലെ വിമാനം കയറി കാശിയിലെത്തി ഗംഗയിൽ മുങ്ങി വീട്ടിൽ തിരിച്ചെത്തി തലതോർത്തിയാൽ മതി എന്ന നിലയ്ക്ക് ഇന്ന് സൗകര്യങ്ങൾ കൂടിയപ്പോൾ യാത്രാ ലക്ഷ്യം ഇല്ലാതായില്ലേ? 

മുരളിയേട്ടനും ഞാനും കൂടി കുറെ കാലമായി കരുതി വെച്ച ഒരു പദ്ധതിയുണ്ട്. യാത്രയ്ക്ക് മറ്റാരെയും കൂട്ടാതെ ഞങ്ങൾ രണ്ട് പേര് മാത്രമായി പുലാപ്പറ്റയിൽ നിന്ന് പാസ്സഞ്ചർ വണ്ടിയിൽ മാത്രം സഞ്ചരിച്ചുകൊണ്ടുള്ള ഒരു കാശി യാത്ര. അത് നടക്കില്ല എന്ന് ഇനിയും പറയാറായിട്ടില്ല. 





Saturday, 12 June 2021

സാബു സർ

 









മുഖചിത്രം സാബു സാറിന്റെ മുഖപുസ്തക താളിൽ നിന്ന് മോഷ്ടിച്ചത്, പിന്നെ ഉള്ളത് (ജോയ് ക്ഷമിക്കും എന്ന വിശ്വാസത്തോടെ) സ്വകാര്യ ഓർമ്മ ശേഖരത്തിൽ നിന്ന്. വലത്തെ അറ്റത്ത് വെള്ള ജുബ്ബയിൽ വെളുക്കെ ചിരിച്ചു നിൽക്കുന്നത് ഞങ്ങളുടെ സാർ.









പഠിപ്പിച്ചവരിൽ ഏറെ പേരെ ഓർക്കുന്നുണ്ടെങ്കിലും അപൂർവം ചിലർ മാത്രമാണ് സ്വാധീന ശക്തികളായി തീർന്നത്. അതിൽ ആദ്യം ഓർമ്മ വരുന്നത് കോയമ്പത്തൂർ സ്റ്റെയ്ൻസ് സ്‌കൂളിൽ തമിഴ് പഠിപ്പിച്ച നടരാജൻ സാറിനെ ആണ്. 

ഒൻപതാം ക്‌ളാസ്സിലെ മുൻ ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ ആ സ്‌കൂളിൽ പുതിയതായി ചേർന്നതാണ്. തമിഴ് പീരിയഡിൽ ക്ലാസ്സിനകത്തേക്കു കയറി വന്നത് ഒരു ദീർഘ കായൻ. തവിട്ട് നിറമുള്ള പാൻറ്റും വെളുത്ത മുഴുക്കൈയ്യൻ ഷർട്ടും കൈയ്യിൽ ഒരു പുസ്തകവും. വന്ന പാടെ പുസ്തകം തുറന്ന് പഠിപ്പിക്കാൻ തുടങ്ങി. മറ്റു അദ്ധ്യാപകരെ പോലെ കുശലാന്വേഷണങ്ങളോ അലസ വർത്തമാനങ്ങളോ ഇല്ല. വരും. തമിഴ് പഠിപ്പിക്കും. പോകും. 

തമിഴ് സാഹിത്യത്തിൽ കമ്പമുള്ള മിക്ക ആളുകളെയും പോലെ നടരാജൻ സാറും മഹാകവി സുബ്രമണ്യ ഭാരതിയുടെ കടുത്ത ആരാധകനായിരുന്നു. ഭാരതിയുടെ കവിതകളെല്ലാം പാട്ടുകളാണ്. ഓരോ കവിതയ്ക്കും ഏതു രാഗമാണ് എന്നും ഏതു താളമാണ് എന്നും കൃത്യമായി കുറിച്ച് വെച്ചിട്ടുണ്ട്. ആദ്യം പഠിപ്പിക്കാനുണ്ടായിരുന്നത് ഭാരതിയുടെ ഒരു കവിതയായിരുന്നു. കൈ കൊണ്ട് മേശപ്പുറത്തു പതിയെ താളം പിടിച്ച് സാർ പാടിത്തുടങ്ങി: "സെന്തമിഴ് നാടെന്നും പോതിനിലെ ഇന്പ തേൻ വന്ത് പായുത് കാതിനിലെ..."

ഭാരതിയിലേക്ക് ഞാൻ കൂപ്പ് കുത്തി വീഴുകയായിരുന്നു. തമിഴിനോടും സാഹിത്യത്തോടുമുള്ള എൻ്റെ കമ്പത്തിന്ന് തുടക്കമായി. 

സാഹിത്യത്തിലുള്ള കമ്പം തന്നെയാണ് എന്നെ പാലക്കാട്ട് വിക്ടോറിയയിൽ ഇംഗ്ലീഷ് ബിരുദ ക്‌ളാസ്സിലേക്ക് എത്തിച്ചത്. പല തരത്തിലായിരുന്നു അദ്ധ്യാപകർ. താൻ പഠിച്ച നോട്ടുകൾ വിദ്യാർത്ഥികളെ കൊണ്ട് എഴുതിച്ച് പോകുന്നവർ. (കേട്ടെഴുത്ത് കോളേജിൽ വേണ്ടിവരും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല.) ഗൈഡുകളിലെ അരിച്ചെടുത്ത വിജ്ഞാനം വിളമ്പുന്നവർ. എന്താണ് പറയുന്നതെന്ന് വ്യക്തമായ് കേൾപ്പിക്കാതെ വന്ന് പോകുന്നവർ. ക്‌ളാസ് നടക്കുമ്പോഴും ഇംഗ്ലീഷ് വിഭാഗത്തിലെ കോണിച്ചോട്ടിൽ ഞങ്ങളെ ഇരുത്തിയ ഘടകങ്ങളിൽ ചിലത് ഇതൊക്കെയായിരുന്നു. എല്ലാവരും അങ്ങിനെയായിരുന്നില്ല. ഇരുന്നാൽ കാര്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന ക്‌ളാസ്സുകളിൽ ഞങ്ങൾ കൃത്യമായ് ഉണ്ടാവാറുണ്ട്. പ്രത്യകിച്ച് അക്കാലത്ത് പുതിയതായി വന്നു ചേർന്ന ചെറുപ്പക്കാരായ അദ്ധ്യാപകരുടെ ക്‌ളാസ്സുകളിൽ. 

രണ്ടാം വർഷത്തിലാണ് എന്നാണ് എൻ്റെ ഓർമ്മ. പുതിയതായി ഒരു അദ്ധ്യാപകൻ ഞങ്ങളുടെ ക്‌ളാസ്സിലേക്ക് കയറി വന്നു. അധികം ഉയരമില്ല. അധികം തടിയുമില്ല. ഒരു നേർത്ത താടി. സ്റ്റീൽ ഫ്രെയിമുള്ള ഒരു കണ്ണട. ഗാഭീര്യം അവകാശപ്പെടാനാവാത്ത എന്നാൽ പറയുന്ന കാര്യങ്ങളിൽ ഉറപ്പ് തോന്നിപ്പിക്കുന്ന ശബ്ദം. കാഴ്ച്ചയിൽ തന്നെ സൗഹൃദം തോന്നിപ്പിക്കുന്ന ചിരി. പേരു വർഗ്ഗീസ് സീ എബ്രഹാം എന്നാണെങ്കിലും അതിൽ ബലം പിടിക്കാറില്ല. സാബു എന്ന് വിളിച്ചാൽ മതി. പിന്നീടങ്ങോട് ബിരുദാനന്തരം വരെ ഞങ്ങളുടെ സൗഹൃദവലയത്തിലെ അവിഭാജ്യ ഘടകമായ് മാറി സാർ.

മറ്റുള്ളവരെക്കാൾ എനിയ്ക്ക്‌ ഒരു തരി കടപ്പാട് കൂടുതലായുണ്ട് സാറിനോട്. അതിനു കാരണം സാറിന്റെ പുസ്തക ശേഖരമാണ്. ക്‌ളാസുകൾ നടക്കുന്ന കെട്ടിടത്തിന്ന് പുറകിലായുള്ള ഒരു ഒറ്റ മുറിയിലായിരുന്നു സാറിന്റെ താമസം. കഷ്ടിച്ച് കിടക്കാനും അത്യാവശ്യം പെരുമാറാനുള്ള സ്ഥലവും നീക്കി വെച്ചാൽ ബാക്കി മുറി മുഴുവൻ പുസ്തകങ്ങളായിരുന്നു. ഇടയ്ക്കിടയ്ക്ക് ഞാൻ അവിടെ നിന്ന് പുസ്തകങ്ങൾ എടുത്ത്  കൊണ്ട് പോവുക പതിവാക്കി. ഇംഗ്ലീഷിനപ്പുറമുള്ള സാഹിത്യത്തിലേക്ക് എന്നെ നയിച്ചത് ഈ പുസ്തകങ്ങളാണ്. പാഠങ്ങൾ പഠിക്കുന്നതിന്ന് ഗൈഡുകളെ ആശ്രയിക്കാതായത് സാറുടെ ഉപദേശം കാരണമാണ്. അത് കൊണ്ട് പഠിച്ചത് അസ്ഥിക്ക് പിടിച്ചു. 

സായിപ്പിന്റെ കാലം തൊട്ട് തലയെടുപ്പുള്ള കോളേജ് ആയിരുന്നു വിക്ടോറിയ. അക്കാലം തൊട്ട് തന്നെ മികച്ച ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു അവിടെ. പക്ഷെ അത് ചരിത്രം. പുസ്തകം നഷ്ടപ്പെടുന്നത് വിദ്യാർഥികൾ കാരണമല്ല എന്നതാണ് രസകരം. ചില അദ്ധ്യാപകർ വായിക്കാനെന്ന പേരിൽ കൊണ്ട് പോയ പുസ്തകങ്ങൾ തിരിച്ച് വരാറില്ല. ഫൈൻ അടച്ചു തീർക്കുകയാണ് ചെയാറുള്ളതത്രെ. പഴയ പുസ്തകമാവുമ്പോൾ വലിയ വില ഉണ്ടാവില്ല. അപൂർവങ്ങളായ പുസ്തകങ്ങൾ പലതും ഇങ്ങനെ നഷ്ടപെട്ടിരുന്നതായി അറിയാൻ കഴിഞ്ഞു. റെഫെറെൻസിന്ന് വേണ്ടി ലൈബ്രറിയെ ആശ്രയിക്കാൻ പറ്റില്ല എന്നിരിക്കെ വിദ്യാർഥികൾ ഗൈഡുകളെ ആശ്രയിക്കുന്നതിൽ കുറ്റം കാണ്മതെങ്ങിനെ. 

സാഹിത്യം കൂടാതെ ചിത്ര രചനയും ഉണ്ടായിരുന്നു സാറിന്ന്. ഒരു ചെറിയ പ്രദർശനം കോളേജിൽ നടന്നതായി ഓർമ്മ. അത് പോലെ നാടക സംവിധാനവും ഉണ്ടായിരുന്നു. സ്ക്രിപ്റ്റിൽ ഒരു സ്ഥലത്ത് കഥാപാത്രം ചിരിക്കുന്ന സന്ദർഭത്തിൽ സൂചനയ്ക്കായി ഹ ഹ എന്ന് ഏഴു വട്ടം ചിരിക്കണം എന്ന് എഴുതി വെച്ചിരുന്നു. അതിൽ ഒന്ന് രണ്ടെണ്ണം കുറഞ്ഞാൽ വിരോധമുണ്ടോ എന്ന ഞങ്ങളുടെ കളി ചോദ്യത്തിന്ന് സഗൗരവം സാർ ഉത്തരം പറഞ്ഞു: "വേണം. ഏഴു ഹ വേണം."

കവിതയും ഗദ്യവും തമ്മിലുള്ള പ്രധാന വ്യത്യാസമായി ഞാൻ കാണുന്നത് ഉള്ളടക്കത്തിലെ അർത്ഥ സാന്ദ്രതയാണ്. അടുക്കി നിറച്ച കതിനകുറ്റികൾ പോലെയാണ് കവിതയിലെ വാക്കുകൾ. വായനക്കാരന്റെ അകമേ അത് ഭാവനാർത്ഥങ്ങളുടെ വിസ്ഫോടനം തീർക്കുന്നു. ഒറ്റ വായനയിൽ അത് പൂർണമായി ഉൾക്കൊള്ളാനായി എന്ന് വരില്ല. ടി എസ് എലിയറ്റ് എന്ന കവിയുടെ സൃഷ്ടികളിൽ അത് കുറെ കൂടി കട്ടിയിൽ അനുഭവപ്പെടും. അത് സ്വയമേ മനസ്സിലായത് കൊണ്ടാവാം, "മനസ്സിലാക്കപ്പെട്ടുന്നതിന്ന് മുമ്പ് തന്നെ കവിത സംവേദനക്ഷമമാവുന്നു" എന്നൊരു ഉദ്ധരണി അദ്ദേഹത്തിന്റേതായി പ്രചാരത്തിൽ ഉണ്ട്. 

സ്വന്തം അനുഭവങ്ങളുടെ തീഷ്ണതയ്യിൽ നിന്ന് കവിത കണ്ടെത്തുന്നവർ ഉണ്ട്. വായനയുടെ അനുഭവത്തിൽ നിന്ന് കവിത ചുരത്തുന്നവരും  ഉണ്ട്. അത്തരത്തിലുള്ള ഒരു അക്കാദമിക് കവിയായിരുന്നു എലിയറ്റ്. 

എലിയറ്റിനെ ഞങ്ങൾക്ക് പഠിപ്പിച്ചത് സാബു സാർ ആണ്. ആദ്യം, വേസ്റ്റ് ലാൻഡ് എന്ന തരിശുഭൂമി. എണ്ണൂറിൽപ്പരം വരികളുണ്ടായിരുന്ന ആദ്യ പകർപ്പിലെ പകുതിയോളം ഭാഗങ്ങൾ കവിയും സുഹൃത്തുമായ  ഇസ്ര പൗണ്ട് വെട്ടിമാറ്റിയാണ് കവിത ഇന്നത്തെ രൂപത്തിലായത്. കവിതയിലെ ഓരോ വാക്കിനും, ഓരോ വരിയ്ക്കും അർത്ഥങ്ങൾ കണ്ടെത്താൻ ഗ്രീക്ക് ലാറ്റിൻ ഭാരതീയ സാഹിത്യങ്ങളിലും അത് പോലെ ബൈബിളിലും അത്യാവശ്യ അറിവെങ്കിലും വേണം. ഈ കവിത മാസങ്ങൾ എടുത്താണ് പഠിപ്പിച്ച് തീർത്തത്. അനന്തരം ഞങ്ങൾക്ക് കവിത സുതാര്യമായി തോന്നി എന്ന് മാത്രമല്ല, എലിയറ്റ് ഞങ്ങളുടെ പ്രിയ കവിയായി മാറുകയും ചെയ്തു.

കോളേജ് കാലം കഴിഞ്ഞു. കുറെയേറെ കറങ്ങിത്തിരിഞ്ഞ് അവസാനം ഞാൻ എറണാകുളത്ത് താമസമാക്കി. ഇന്ത്യാവിഷനിലെ പുസ്തക പരിചയ പരിപാടിയായ "മേശ വിളക്കി"ലേക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ അവതരിപ്പിക്കാൻ ഞാൻ സാറിനെ കൊണ്ട് വന്നു. സ്ഥാനക്കയറ്റം കിട്ടിയ ശേഷം കോളേജുകളിൽ പുലിമട എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാരാജാസിലെ പ്രിൻസിപ്പൽ ആയി  എത്തി എന്ന് കേട്ടപ്പോൾ സത്യത്തിൽ ഞാൻ ആലോച്ചിച്ചത് സൗമ്യനും സമാധാനപ്രിയനുമായ സാർ എങ്ങിനെ അവിടെ പിടിച്ചു നിൽക്കും എന്നായിരുന്നു. പക്ഷെ പിടിച്ച് നിൽക്കുക മാത്രമല്ല വിപുലമായ ശിഷ്യഗണങ്ങളുടെ സ്നേഹതാരവുമായി എന്ന് ഞാൻ മനസിലാക്കി.

നരേന്ദ്ര പ്രസാദിനെക്കുറിച്ചു ഒരു പൂർവ്വ വിദ്യാർത്ഥിനി ഇയ്യടെ എഴുതിയ ഒരു ഓർമ്മക്കുറിപ്പിൽ അദ്ദേഹത്തെ പോലെ വേസ്റ്റ് ലാൻഡ് പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകർ വേറെ ഉണ്ടാവുമോ എന്ന് സന്ദേഹപ്പെട്ടിരുന്നു. ഉണ്ട്. ഞങ്ങളുടെ സാബു സാർ. 




Wednesday, 26 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (4)

 








image courtesy:

https://www.canstockphoto.com/old-man-singing-like-a-rock-star-vector-74473535.html



ചിന്നമണി അമ്മായിക്ക് അമ്മയെ വലിയ കാര്യമായിരുന്നു. അവർ താമസിച്ചിരുന്ന ബംഗ്ലാവിൽപോക്ക് ഇടയ്കിടയ്ക്കുള്ള ഒരു പരിപാടിയായിരുന്നു. അങ്ങിനെ ഞാനും ഇടയിക്കിടയ്ക്ക് അവിടെ പോകും. അമ്മ കിടപ്പിലായപ്പോഴും ഞാൻ എൻ്റെ സന്ദർശനങ്ങൾ തുടർന്നു. അപ്പോഴേക്കും പോകാൻ വേറെ ഒരു പ്രധാന കാരണവും ഉണ്ടായി. സംഗീതം. 

ഒരു കുടുംബം മുഴുവൻ സംഗീതക്കാർ ആവുക എന്ന അപൂർവതയാണ് അവിടെ കണ്ടത്. സംഗീതം പൊഴിക്കുന്ന മക്കളും അമ്മായിയും അത് കേട്ട് തലകുലുക്കി രസിക്കുന്ന അമ്മാവനും. അമ്മുച്ചേച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന സുകുമാരി നരേന്ദ്ര മേനോൻ, ഉണ്ണിയേട്ടൻ എന്ന മണ്ണൂർ രാജകുമാരൻ ഉണ്ണി, തങ്ക ചേച്ചിയായ മാലിനി രവിവർമ്മ, അനിയേട്ടൻ എന്ന മണ്ണൂർ രാംദാസ് എന്നിവർ വായ്പ്പാട്ടിലും അനിയത്തി ഏടത്തിയെന്ന നർമ്മദാ മാധവനുണ്ണി, ശ്യാമളച്ചേച്ചി എന്ന ശ്യാമളാ രാധാകൃഷ്ണൻ എന്നിവർ വയലിനിലും പ്രാഗൽഭ്യം തെളിയിച്ചവരാണ്. 

മിക്കവാറും ഉച്ചയൂണ് കഴിഞ്ഞാൽ അവിടെ എത്തും. പിന്നെ വൈകീട്ട് ക്ലബ്ബിലേക്ക് പോകുന്ന വരെ അവിടെത്തന്നെയാണ്. പലപ്പോഴും സംഗീതം വിഷയമാവാറുണ്ട്. ഞാൻ വിളിച്ച് പറയുന്ന പൊട്ടത്തരങ്ങളൊക്കെ അവർ ക്ഷമയോടെ കേട്ടിരിക്കും. വൈകുന്നേരത്തെ ബസ്സിന്റെ സമയമാവുന്ന വരെ ഉണ്ണിയേട്ടനും ഉണ്ടാവും. ചായയും പലഹാരവും തരുന്നതിൻറെ കൂടെ ഇടയ്ക്കൊക്കെ അമ്മായി എനിക്ക് സംഗീതജ്ഞാനം പകരുവാനും നോക്കി. വീണയിലൂടെയാണ് അമ്മായിയുടെ സംഗീതം പ്രത്യക്ഷമായി വന്നത്. രണ്ട് തവണ എന്നെ പൂജാമുറിയിലേക്ക് കൊണ്ട് പോയി വീണാ വായന പഠിപ്പിച്ച് തരാൻ നോക്കി. പക്ഷെ ഞാൻ വഴുതിപ്പോയി. 

ഹിന്ദി ഹിന്ദുസ്ഥാനി എന്നിങ്ങനെ എൻ്റെ സംഗീത ആസ്വാദനം വികസിക്കുന്നത് അനിയേട്ടനിലൂടെയാണ്. റാഫിയുടെ കടുത്ത ആരാധകനായിരുന്നു അനിയേട്ടൻ പല റാഫി അനുസ്മരണങ്ങളിലും പ്രധാന ഗായകനായിരുന്നു. സൈഫു എന്ന സുഹൃത്താണ് ആദ്യമായ് എനിക്ക് റാഫിയെ പരിചയപ്പെടുത്തിയതെങ്കിലും അനിയേട്ടൻ വഴിയാണ് ഹിന്ദുസ്ഥാനിയിലേക്ക് എത്തി പെട്ടത്. ഗസലും റാഫിയുടെ പാട്ടുകളും എന്നെ പാടി കേൾപ്പിക്കുമായിരുന്നു. കേൾക്കാൻ കൂടെ ചിലപ്പോഴൊക്കെ പ്രസാദും ഉണ്ടാവും. 

എൻ്റെ സംഗീതാഭിരുചി രൂപീകരിക്കുന്നതിൽ ഈ ഘട്ടം പ്രാധാന്യമുള്ളതായിരുന്നു. 

ജോലി കിട്ടിയാൽ എല്ലാ മാസവും ഒരു പുസ്തകവും ഒരു കാസറ്റും വാങ്ങുക എന്നതായിരുന്നു എൻ്റെ തീരുമാനം. അങ്ങിനെ ഗുൽബർഗയിൽ വെച്ചാണ് ആ തീരുമാനം നടപ്പായത്. കേൾക്കുവാനുള്ള സൗകര്യം ഇല്ലെങ്കിലും കാസറ്റുകൾ വാങ്ങാൻ തുടങ്ങി. മലയാളത്തിലെ പഴയ ഗാനങ്ങളെ കൂടാതെ ഹിന്ദുസ്ഥാനി വാദ്യ സംഗീതം പിന്നെ പാശ്ചാത്യ സിംഫണികൾ എന്നിങ്ങനെ അഭിരുചികൾ വളർന്നു. 

എൻ്റെ താൽപര്യം കണ്ട് നന്ദകുമാരേട്ടൻ താൻ ഉപയോഗിച്ചിരുന്ന വാക് മാൻ എനിക്ക് തന്നു. പിന്നീട് ഞാൻ സ്വന്തമായി ഒരു കാസറ്റ് പ്ലയെർ വാങ്ങി. അവധിക്ക് വരുമ്പോഴെല്ലാം സൈഫുവിന്റെ കൂടെ പാലക്കാട് നഗരത്തിൽ പോയി പാട്ടുകൾ തിരഞ്ഞെടുത്തത് ടേപ്പിലാക്കുന്ന പതിവും ഉണ്ടായി. അങ്ങിനെ തരക്കേടില്ലാത്ത ഒരു ശേഖരം ഉണ്ടായി. 

തേനിൽ ഊറിക്കിടക്കുന്ന നെല്ലിക്ക തനിയെ തേൻ ചുരുക്കുന്ന പോലെ ഞാൻ അറിയാതെ പാട്ടുകൾ പുറത്ത് വരാൻ തുടങ്ങി. അതിന് പറ്റിയ പശ്ചാത്തലം ഉണ്ടായത് കോഴിക്കോട് രാജാസ് സ്‌കൂളിൽ വാദ്ധ്യാരായി എത്തിയപ്പോഴാണ്. ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ ക്യാമ്പസിന്റെ ഒരറ്റത്തായിരുന്നു. അതിലെ കുളിമുറിയിൽ കയറി ഷവർ തുറന്നാൽ ആരും പാടിപ്പോവാറുണ്ട് - മുഹമ്മദാലി മുതൽ ഹിലാൽ വരെ പാടിപ്പോകും. പിന്നെ ഞാനായിട്ട് എന്തിന്ന് മടിക്കണം. കൂട്ടത്തിലെ ഗായകൻ ഹരീഷ് ആയിരുന്നു. എങ്കിലും യാതൊരു സഭാകമ്പവും ഇല്ലാതെ ഏറ്റവും ഉച്ചത്തിൽ പാടാൻ തുടങ്ങുന്നത് അവിടെ മുതലായിരുന്നു. 

കുളിമുറി എന്ന റെക്കോർഡിങ് റൂമിൽ ബക്കറ്റിലേക്ക് വീഴുന്ന ജലധാര ശ്രുതിയാക്കി ഞാൻ എന്റെ ഗാന സപര്യ തുടങ്ങി. സിനിമാ പാട്ടിൽ തുടങ്ങി പിന്നെ കേട്ട് പരിചയിച്ച ശാസ്ത്രീയം വരെ പയറ്റാൻ തുടങ്ങി. ഒരു പട്ടുപാട്ടുകാരന്റെ പിറവി അങ്ങിനെയാണ് സംഭവിച്ചത്. 

പിന്നീട് ഇത് വരെ അത് നിർത്തിയിട്ടില്ല. ഒരു തവണ വർത്തമാനത്തിനിടയിൽ ഗായിക ചിത്ര എന്നോട് ചോദിച്ചു. പാട്ടുകാർ ഏറ്റവും ഭയക്കേണ്ടത് എന്തിനെയാണ് എന്നറിയാമോ. അവർ തന്നെ ഉത്തരവും പറഞ്ഞു. ഗ്യാസ്. പാടിവരുന്നതിനിടയിൽ വയറിൽ നിന്ന് ഒരു വായു ഉരുള കേറി വന്നാൽ സകല ശ്രുതിയും തെറ്റും. അത് നൂറു ശതമാനം ശരിയാണ് എന്ന് സമർത്ഥിക്കാൻ തക്കവണ്ണമുള്ള അനുഭവ ജ്ഞാനം ഉണ്ടായി. 

പിന്നീട് ചേവായൂരിലെ വാടക വീടുകളിലും വെള്ളയിലെ ഫ്ലാറ്റിലും എറണാകുളത്തെ വാടക വീടുകളിലും ഇപ്പോഴുള്ള വീട്ടിലും, സാധകം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. മഹാ നഗരങ്ങളിലോ പുറം രാജ്യങ്ങളിലോ ആയിരുന്നെങ്കിൽ ശബ്ദ ശല്യത്തിന്ന് എന്നോ കേസ് ആയേനെ. ഇവിടെ പിന്നെ ആളുകൾ അടുത്ത വീട്ടിൽ താമസിക്കുന്ന ലേശം അസ്‌കിത ഉള്ളയാളെ സഹിക്കുന്ന പോലെ എന്നെയും സഹിച്ച് കൊണ്ടിരിക്കുന്നു. വീട്ടിനുള്ളിൽ അസഹ്യമാവുബോൾ ഭാര്യ ഇടയ്ക്കു ദേഷ്യപ്പെടാറുണ്ട്. പക്ഷെ ചട്ടിയും കലവും പോലെ എന്നാണല്ലോ പ്രമാണം. 

പാടിക്കൊണ്ടിരിക്കുമ്പോൾ മൃതി പുൽകണം എന്നാഗ്രഹിക്കാൻ ഞാൻ ഒരു പാട്ടുകാരനൊന്നുമല്ല. പക്ഷെ, സ്‌മൃതി അണഞ്ഞു ഉടൽ വലിഞ്ഞ് അന്ധകാരനാഴിയിൽ മുങ്ങി താഴുന്ന സമയത്തും, ഉള്ളാഴങ്ങളിൽ നിന്ന് ഒരു നേർത്ത മൂളക്കം കേൾക്കുന്നുണ്ടാവും - തുള വീണ ശംഖിലൂടെ ഒരു ചെറു കാറ്റ് കടന്നു പോകുന്നപോൽ..






Saturday, 22 May 2021

ഒരു വിളക്ക് കൂടി...

 












photograph credit: Right Livelihood Foundation

https://www.rightlivelihoodaward.org/laureates/the-chipko-movement/


ചില മരണങ്ങൾ അങ്ങിനെയാണ്. മരിച്ച് കഴിയുമ്പോഴാണ് ആൾ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് ഓർമ്മ വരിക. "ഞാൻ ഇയാൾ എന്നോ മരിച്ചു എന്ന ധാരണയിലായിരുന്നു" എന്ന് പറയുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല. കാലം അങ്ങിനെയാണ്. പഴയ ദീപസ്തംബങ്ങൾ പിഴുതെടുത്ത് പുതിയ വിളക്കുകാലുകൾ നട്ടു പിടിപ്പിക്കുന്നതിനിടയിൽ ഇതെല്ലം സ്വാഭാവികം.

ഞങ്ങൾ വളർന്ന് വന്ന കാലഘട്ടത്തിന്ന് വെളിച്ചം പകർന്ന കുറച്ച് മനുഷ്യരുണ്ടായിരുന്നു. അവർ ഞങ്ങൾക്ക് ഭൂതകാലം പറഞ്ഞു തന്നു. ദൂരെ ദൂരെ ഭാവിയിൽ സഹസ്രാബ്ദങ്ങൾക്ക് അപ്പുറത്തെ ഭൂമിയെ കാണിച്ച് തന്നു. മനുഷ്യന്റെ നിലനിൽപ്പ് മറ്റ്‌ ജീവജാലങ്ങളുമായ് ഇഴുകിച്ചേർന്നിരിക്കുന്നത് എങ്ങിനെയാണ് എന്നവർ മനസിലാക്കി തന്നു. ക്ഷണികമായ ആയുസ്സിന്ന് അപ്പുറത്ത് കണ്ണെത്താത്തിടം വരെ പരന്നു കിടക്കുന്ന വിസ്തൃതിയായ ജീവിതമെന്ന അനന്തതയെ മനസിലാക്കി തന്നു. ജന്തുലതാതികൾക്കെല്ലാം ഒരു പോലെ ബാധകമായ ജീവിതം. 

അത് ചിലപ്പോൾ വാക്കിലൂടെ. ചിലപ്പോൾ പ്രവർത്തിയിലൂടെ. നിഗൂഢ വനങ്ങൾക്ക് വേണ്ടി അവർ നിരാഹാരമിരുന്നു. സ്വാർത്ഥ മഴുവിന്ന് മുന്നിൽ സ്വന്തം ജീവൻ കാഴ്ച വെച്ച് അവർ മരങ്ങളെ പുണർന്ന് നിന്നു. വരണ്ടുണങ്ങിയ മനുഷ്യ മനസ്സുകളിലെ അവശേഷിച്ച തുരുത്തുകൾക്ക് അവർ കാവലിരുന്നു. അങ്ങിനെയും ഒരു കാലം. 

ബാല്യത്തിലെ ഓർമ്മകൾ കയറി ഇരുന്നു വിലസിയിരുന്ന മരങ്ങളിൽ ബദാമിന്ന് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. അതിന്നടുത്ത് നിന്നിരുന്ന അരിനെല്ലി മരത്തിൽ നിന്ന് പറിച്ച നെല്ലിക്കായ്കളും താഴെ നിന്നു പെറുക്കി കാ ചതച്ചെടുത്ത പരിപ്പും ചവച്ച് അതിന്റെ ശാഖിയിൽ എത്രയോ അലസ അപരാഹ്നങ്ങൾ ചിലവാക്കിയിട്ടുണ്ട്. ആ ഓർമ്മകൾക്കൊരു സ്‌മാരകം എന്നോണം ക്ലബ്ബിലെ വൃക്ഷതൈ വിതരണത്തിനിടയിൽ അടിച്ചു മാറ്റിയ ബദാം ചെടി പത്തായപ്പുരയുടെ മുൻവശത്ത് തന്നെ നട്ടു. നാട് വിട്ട് പോകുമ്പോൾ ഞാൻ ലതയെ ഒരൊറ്റ കാര്യം മാത്രമാണ് ഏൽപ്പിച്ചത്: ഈ ചെടി വാടാതെ നോക്കണം. അവൾ വെള്ളമൊഴിച്ച് പരിപാലിച്ച് അതിനെ വലിയ ഒരു മരമാക്കി വളർത്തി. അടുത്തുണ്ടായിരുന്ന കൂവളം പോയപ്പോഴും ഇതങ്ങനെ തണൽ വിരിച്ച് പരന്നു നിന്നു. ഒരു കാലം കഴിഞ്ഞ് കാടു വെട്ടി തെളിക്കൽ നടപ്പു രീതിയായ് മാറിയപ്പോൾ ബദാമും വേരോടെ പിഴുതെറിയപ്പെട്ടു. ലതയോട് ആരും ചോദിച്ചില്ല. ഞാൻ ഒട്ട് അറിഞ്ഞുമില്ല. 

കോയമ്പത്തൂരിനെ അപേക്ഷിച്ച് പുലാപ്പറ്റയെ ഞാൻ കൂടുതലായി ഇഷ്ടപെടാനുള്ള കാരണം അവിടുത്തെ പച്ചപ്പും ജലധാനങ്ങളുമായിരുന്നു. പത്തായപ്പുരയിലെ അടക്കം, തൊടികളിലെല്ലാം ധാരാളം ഫലവൃക്ഷങ്ങളും കളകളും വളർന്നിരുന്നു. കിളികൾ എന്ന പോലെ അതിന്മേലെല്ലാം അവകാശം സ്ഥാപിച്ച് കഴിഞ്ഞു കൂടിയിരുന്ന കുരങ്ങന്മാരുടെ ഒരു സമൂഹവും അവിടെ ഉണ്ടായിരുന്നു. ഫലവൃക്ഷങ്ങൾ മുറിച്ച് മാറ്റിയാൽ അവയുടെ ഉപദ്രവം ഇല്ലാതാവും എന്ന തത്വപ്രകാരം ആദ്യം ഫലവൃക്ഷങ്ങളെല്ലാം മുറിച്ച് മാറ്റി. കാലം തെറ്റാതെ ഞങ്ങൾക്ക് വേണ്ടി മധുരമുള്ള കുഞ്ഞു മാങ്ങകൾ പൊഴിച്ച് തന്നിരുന്ന തെക്കേ തൊടിയിലെ കൂറ്റൻ മാവും ചുളപറിക്കൽ ചടങ്ങുകൾക്ക് രുചി പകർന്നിരുന്ന തേൻവരിക്ക പ്ലാവും ഓർമ്മയായി. 

ഫലമില്ലാത്ത മരങ്ങളിൽ ഒളിച്ചിരുന്നു കുരങ്ങന്മാർ അടുക്കളയിൽ കയറി ഇഡ്ഡലി മോഷ്ടിച്ച് തിന്നാൻ തുടങ്ങി. ഉച്ചക്ക് മുതിരയുപ്പേരി കൂട്ടി ചോറുണ്ണുന്നത് ശീലമാക്കി. ഫലമില്ലാത്ത മരങ്ങളും ഇല്ലാതാക്കിയതോടെ അവർ പുലാപ്പറ്റ അങ്ങാടിയിൽ കയറി താമസമുറപ്പിച്ച് നമ്മളെപ്പോലെ കടകളിൽ നിന്നുള്ള അരിയാഹാരം ശീലിച്ച് തുടങ്ങി. കുറെ കഴിയുമ്പോൾ അവർക്ക് റേഷൻ കാർഡ് കൂടി നൽകേണ്ടി വരുമോ? 

നാലുകെട്ടിന്ന് ചുറ്റുമുള്ള ദേവസ്വം ഭൂമിയിൽ തേക്കും പ്ലാവും പേരറിയാ ചെടികളും മരങ്ങളും ധാരാളമായി ഉണ്ടായിരുന്നു. ഒരുനേരം ഇരുട്ടി വെളുത്തപ്പോൾ അതെല്ലാം പോയ്  ഞങ്ങളുടെ കോട്ടയിലമ്മ റബ്ബർ തോട്ട മുതലാളിയായി. നടവരവ് ഇല്ലാതായ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായുള്ള അവസാനത്തെ അടവ് എന്നത് ന്യായം. 

കളകൾ എന്ന് നമ്മൾ പറഞ്ഞ് തള്ളുന്ന ഓരോ ചെടിക്കും പ്രകൃതിയുടെ നടത്തിപ്പിൽ അതിൻറെതായ പ്രാധാന്യം ഉണ്ട്. പരസ്പര പൂരകങ്ങളായ അതിജീവന സമവാക്യങ്ങൾ അവയില്ലാതെ തുല്യത നേടില്ല. ഓരോ മണൽത്തരിയും രൂപപ്പെട്ടു വരാൻ സഹസ്രാബ്ദങ്ങൾ വേണ്ടിവരും എന്നാണ് കണക്ക്. ഓരോ വിത്തും വളർന്ന് വന്മരമായി വരാൻ നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് വേണ്ടിവരും. വെറും അറുപത് കൊല്ലത്തെ ആയുസ്സ് പോലും അവകാശപ്പെടാനില്ലാത്ത മനുഷ്യൻ എത്ര വേഗമാണ് ഇതെല്ലം ഇല്ലാതാക്കുന്നത്. കാലങ്ങൾ കഴിഞ്ഞ് വരുന്ന ഒരു തലമുറ ഇതിനെല്ലാം നമ്മളെ വിചാരണ ചെയ്യുമ്പോൾ അതിന്ന് ഉത്തരം പറയാൻ ഞാൻ ഉണ്ടാവില്ല എന്നതാണ് ഇതെല്ലാം ഓർക്കുമ്പോൾ തോന്നുന്ന ഏക ആശ്വാസം.

വിദൂരമല്ലാത്ത ഭാവിയിൽ കടലെടുത്ത കരയുടെ ഒരറ്റത്ത് നിന്ന് ഒരു മുത്തശ്ശി താൻ അവിടെയെല്ലാം ഓടിനടന്ന കഥകൾ തൻ്റെ പേരക്കിടാങ്ങൾക്ക് പറഞ്ഞ് കൊടുക്കും. കണ്ണെത്താത്ത ഉയരത്തിലുള്ള കോൺക്രീറ്റ് കൂട്ടിൽ ഇരുന്ന് ഒരു മുത്തശ്ശൻ താഴെ താൻ കളിച്ച് ജീവിച്ച കാലത്തെ അയവിറക്കും. ഒരു അത്ഭുത കഥയെന്നോണം തലമുറകൾ ആ കഥകൾ കേട്ടുകൊണ്ടിരിക്കും. കാലമെത്രയായാലും കഥകൾക്ക് കേൾവിക്കാർ ഉണ്ടാവും. കഥയ്ക്കുള്ള കാരണങ്ങൾ അപ്പോൾ ഉണ്ടാവില്ലെങ്കിലും. 

ഞാൻ പറയാൻ വന്നത് ഇത്രയേ ഉള്ളു. സുന്ദർ ലാൽ ബഹുഗുണ മരിച്ചു. ആദരാഞ്ജലികൾ. 

Thursday, 20 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (3)











pic courtesy


താളത്തിൽ പെട്ടുപോയി എന്നുള്ളത് കൊണ്ട് രാഗ പരീക്ഷണങ്ങൾ തീരെ ഉണ്ടായില്ല എന്ന് പറയാൻ പറ്റില്ല. 

സായിബാബ കോളനിയിലെ സ്‌കൂളിൽ ഞങ്ങൾക്ക് ആർട്സ് & ക്രാഫ്റ്റ്‌സ് എന്നോ മറ്റോ വിശേഷിപ്പിക്കപ്പെട്ട ഒരു പിരീഡ് ഉണ്ടായിരുന്നു. വ്യാഴാച്ചകളിൽ ഉച്ച കഴിഞ്ഞായിരുന്നു എന്നാണ് ഓർമ്മ. ഇതിൽ വരുന്ന അധ്യാപകർ മിക്കവാറും എല്ലാവരെയും പാടിച്ചിരുന്നു. അങ്ങിനെയാണ് നാലാളുകളുടെ മുമ്പിൽ പാടുവാനുള്ള ശ്രമം തുടങ്ങുന്നത്. നാരായണൻ നായരുടെ റേഡിയോ വഴി കേട്ട ചില മലയാളം പാട്ടുകൾ പരീക്ഷിച്ച് നോക്കി. ഏറ്റില്ല. 

അന്നൊക്കെ താരം ജോസഫ് മാർട്ടിനായിരുന്നു. അന്ന് പ്രസിദ്ധിയുടെ കൊടുമുടിയിൽ നിന്നിരുന്ന ഉണ്ണിമേരി എന്ന അഭിനേത്രിയുടെ അനിയനായിരുന്നു എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ മാർട്ടിൻ. 

ആകെ രണ്ട് പാട്ടുകളെ അവന്ന് അറിയുമായിരുന്നുള്ളു. അവൻ്റെ ചേച്ചി അഭിനയിച്ച് കേരളത്തിൽ എന്ന പോലെ തമിഴ് നാട്ടിലും ജനപ്രീതി നേടിയ പിക്‌നിക്‌ എന്ന സിനിമയിലെ രണ്ട് പാട്ടുകൾ. 

അവനെ പാടാൻ വിളിച്ചാൽ ക്‌ളാസ്സിന്റെ മുന്നിലേക്ക് വന്നു നിന്ന് അവൻ നീട്ടി വിളിക്കും: മാലൈ...  അടുത്ത ദിവസം വന്ന് നിന്ന് : കസ്തൂരി മണക്കുന്നല്ലോ.. അസൂയ മൂത്ത് ഞാൻ ചോദിക്കും: എടാ വേറെ ഒരു പാട്ടും നിനക്കറിയില്ലേ.. അസൂയയോടെയാണങ്കിലും അവൻ്റെ പാട്ട് നന്ന് എന്ന് ഞാനും സമ്മതിച്ചിരുന്നു. 

സായിബാബ കോളനിയിലെ സുനിലിന്റെ വീട് ഞങ്ങളുടെ ഒരു താവളമായിരുന്നു. പാട്ടുകളോട് ഏറെ കമ്പമുള്ള അവന്റെ വീട്ടിൽ വെച്ചായിരുന്നു "കിച്ചൻ ഓർക്കസ്ട്ര" എന്ന പേരിൽ ഞങ്ങൾ ബഹളമുണ്ടാക്കിയിരുന്നത്. അവന്റെ വീട്ടിലുള്ള സകല പാത്രങ്ങളും പാട്ടകളും ഉപയോഗിച്ച് എന്തൊക്കെയോ ഞങ്ങൾ ചെയ്തിരുന്നു. അന്ന് റേഡിയോവിൽ കേൾക്കാറുണ്ടായിരുന്ന വാദ്യവൃന്ദം എന്ന പരിപാടി ആയിരുന്നു പ്രചോദനം. അക്കാലത്തു ഹിറ്റ് ആയിരുന്ന "രാജീവ നയനെ നീ ഉറങ്ങു" എന്ന പാട്ടു പാടി കഴിഞ്ഞപ്പോ മൂക്കത്ത് വിരൽ വെച്ച് അവൻ ചോദിച്ചു: എന്തൊരു ശോകമാടാ നീ.."

മലയാള പാട്ടുകൾ പാടുമ്പോൾ നാട്ടിലുള്ളവർ പറയും: "കൃഷ്ണന്ന് തമിഴ് പാട്ടാണ് നല്ലത്". കോയമ്പത്തൂരിൽ വെച്ച് കേൾക്കുന്നത്: "നീ മലയാളമേ പാട് ഡാ." അങ്ങിനെയാണ് രണ്ട് ഭാഷയിലും എന്നെ പാടാൻ കൊള്ളില്ല എന്ന് മനസിലാക്കുന്നത്. 

ശങ്കരാഭരണം സിനിമ ഇറങ്ങിയ കാലം. അതിലെ പാട്ടുകൾ ദക്ഷിണേന്ത്യയിൽ തരംഗമായിരുന്ന കാലം. രവിമ്മാമ താമസിച്ചിരുന്ന ഗൂഡലൂരിലെ എസ്റ്റേറ്റ് ബംഗ്ളാവിന്റെ സ്വീകരണ മുറിയിൽ മഞ്ഞച്ച വിളക്കിനു താഴെ സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ അമ്മായി പറഞ്ഞു, എന്നാൽ നിങ്ങൾ ഓരോ പാട്ട് പാടു. നിങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എൻ്റെ അനിയനും സന്തത സഹചാരിയുമായിരുന്ന പ്രസാദിനെയും എന്നെയുമാണ്. പ്രസാദ് വായ തുറക്കുന്നതിന്ന് മുമ്പേ ഞാൻ ചാടിക്കേറി തുടങ്ങി: ഓം കാര നാദാനു.. പിന്നീട് പ്രസാദിന്റെ ഊഴം. ഏഴു കട്ടയിൽ പിടിച്ച് തുടങ്ങി: ശങ്കരആആ... അങ്ങിനെ കാവിലെ പാട്ട് മത്സരവും പ്രസാദ് കൊണ്ട് പോയി. 

പതുക്കെ ഇത്തരം പരീക്ഷണങ്ങൾ ഞാൻ കുറച്ചു. പ്രത്യേകിച്ച് പത്തായപ്പുരയിൽ തന്നെ ലക്ഷണമൊത്തൊരു പാട്ടുകാരൻ ഉള്ളപ്പോൾ ഞാൻ പാടാതിരിക്കുന്നതാവും ഭംഗി എന്ന് തോന്നി. വേണുവേട്ടൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ താരമായിരുന്നത്രെ. 

വിജയേട്ടൻ ലണ്ടനിൽ ഒക്കെ പോയി വന്നപ്പോ കൂടെ ഒരു ടേപ്പ് റെക്കോർഡറും കൊണ്ട് വന്നിരുന്നു. നാട്ടിലെ ആദ്യ ടേപ്പ് റെക്കോർഡർ ആയിരുന്നു അത്. അതിൽ ആദ്യമായി റെക്കോർഡ് ചെയുന്നത് വേണു ഏട്ടന്റെ പാട്ടായിരിക്കണം എന്ന് പറഞ്ഞ് ബലരാമൻ അമ്മാമയുടെ മുറിയിൽ കയറി കതകടച്ചു. വേണുവേട്ടൻ പാടി: ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും.. നമ്മൾക്കൊക്കെ അപകർഷതാ ബോധം ഉണ്ടാവുന്ന ചില മുഹൂർത്തങ്ങൾ ഉണ്ടാവുമല്ലോ?

പാടുന്നത് നിർത്തി എങ്കിലും പാട്ടിനോട്, സംഗീതത്തോട്, തോന്നിയ അഭിനിവേശം ഒട്ടും കുറഞ്ഞില്ല. 

(ഇനിയും)



വകുപ്പുണ്ടോ സഖാവേ ഒരു മന്ത്രിയെടുക്കാൻ?

(note: this was an occasional piece which was meant to be posted and shared on facebook. since this does not go in tune with the nature of this blog, i have not shared it. this finds its place here just for the purpose of storage.) 


എന്ത് കണ്ടിട്ടാണ് ആളുകൾ ഈ ബഹളമൊക്കെ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഈ ബഹളക്കാർക്കൊക്കെ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതാണ് കാര്യം. ഈ സത്യം എത്ര തവണ ഞങ്ങൾ പറഞ്ഞാലും തിരിയുന്നില്ലലോ?

ഞങ്ങൾക്ക് വലുത് പാർട്ടിയാണ്. പാർട്ടിയെന്ന മഹാപുരുഷനിലെ സൂക്ഷ്മ കോശങ്ങൾ മാത്രമാണ് ഞങ്ങൾ. മഹാ പുരുഷൻ എന്നാണ് പറഞ്ഞതെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ? ഇതിന്ന് പുറത്തൊരു ലോകം ഞങ്ങൾക്കില്ല. ഇതിൽ തെളിയാത്തതൊന്നും ഞങ്ങൾക്ക് സത്യമല്ല. സത്യമല്ലാത്തത് കേൾക്കേണ്ട കാര്യവുമില്ലലോ? ഞങ്ങളുടെ ഭരണഘടനയും കോടതിയും, ശിക്ഷകനും രക്ഷകനും, പാർട്ടിതന്നെയാണ്.

ഇക്കഴിഞ്ഞ ദുരിതങ്ങളിലൂടെ നിങ്ങളെ നയിച്ചത് പാർട്ടിയാണ്. പാർട്ടി പറയുന്നതാണ് വകുപ്പ് മേധാവികൾ നടപ്പാക്കുന്നത്. വകുപ്പ് മേധാവി എങ്ങിനെയാണ് പാർട്ടിയേക്കാൾ വലുതാവുന്നത്? വലുതാവുന്നു എന്ന് തോന്നിയ ക്ഷണത്തിൽ തന്നെ പൊതു ജന സമ്പർക്കം പാർട്ടി നേരിട്ട് ഏറ്റെടുത്തില്ലേ?

ജനം എന്നാൽ എന്താണ്. പാർട്ടി തന്നെയല്ലേ. അതിൽ ഉൾക്കൊള്ളാത്തവർ ജനങ്ങളാവുന്നത് എങ്ങിനെ? അവരുടെ കാര്യങ്ങളോ അഭിപ്രായങ്ങളോ ഞങ്ങൾ എന്തിന്ന് ശ്രദ്ധിക്കണം? കേരളത്തിലെ ജനസംഖ്യ എന്നാൽ ഞങ്ങൾക്ക് പാർട്ടി കാർഡ് ഉള്ള പത്തു പന്ത്രണ്ട് ലക്ഷം ആളുകളാണ്. അവരുടെ ക്ഷേമല്ലേ ഞങ്ങൾ നോക്കേണ്ടത്. ദുരിത സമയത്ത് അവർ ഇത്തിരി ആശ്വാസം വീതിച്ചെടുത്തതിന്ന് എന്തൊരു ബഹളമായിരുന്നു.

അമേരിക്കയിലെ കുത്തക മാധ്യമങ്ങളും നാട്ടിലെ പാർട്ടി വിരുദ്ധരും കൂടി പാർട്ടിയെ തകർക്കാൻ ഒരു ശ്രമം നടത്തി എന്നത് സത്യമാണ്. വിജയങ്ങൾ മുഴുവൻ ഒരാൾക്ക് ചാർത്തികൊടുത്ത് പാർട്ടിയിൽ മറ്റൊരു ദൈവത്തെ വളർത്തികൊണ്ടുവരാനുള്ള ശ്രമങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു.

ഞങ്ങൾ എന്നും ഏകദൈവ വിശ്വാസികളാണ്. ആ ദൈവത്തെ ചിലപ്പോ ഞങ്ങൾ സഖാവ് എന്ന് വിളിക്കും. ചിലപ്പോ മറ്റെന്തെങ്കിലും. അതിന്ന് നിങ്ങൾക്കെന്താ?

മറ്റൊരു ദൈവത്തെയും ഞങ്ങൾ പൊറുപ്പിക്കില്ല. അത് ഇപ്പൊ കണ്ണൂർ ആയാലും, ആലപ്പുഴയായാലും. പുരയ്ക്ക് മീതെ വളരാൻ ശ്രമിച്ച ഒരു മരം ഇപ്പോഴും ഞങ്ങളുടെ അട്ടത്തുണ്ട്. മറിച്ച് വിശ്വസിക്കുന്നത് ചരിത്രം അറിയാത്തവർ. ഈ പരിപാടി ഞങ്ങൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.

പിന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ കാര്യം. അതിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല എന്നതാണ് പരമാർത്ഥം. പിന്നെ എന്തിന്ന് ഞങ്ങൾ അത് മുഖവിലയ്‌ക്കെടുക്കണം.

കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഈ ബഹളമൊക്കെ എന്തിനാണ്? പണ്ടത്തെ ഒരു മുദ്രാവാക്യം പൊടിതട്ടി പരിഷ്കരിച്ച് വീണ്ടും ഇതാ ഞങ്ങൾ ചോദിക്കുന്നു: ഞങ്ങടെ മന്ത്രിയെ ഞങ്ങള് തള്ളിയാ നിങ്ങക്കെന്താ മാളോരേ?


Sunday, 9 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (2)

 







picture courtesy




രാഗത്തെക്കാൾ താളത്തിലായിരുന്നു ഞാൻ ആദ്യം ആകൃഷ്ടനായത്. അത് സ്വാഭാവികമാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പൊതുജനപ്രീതി നേടിയ പാട്ടുകളുടെ പട്ടിക നോക്കിയാൽ, അത് ഏതു ഭാഷയിലാണെങ്കിലും, മികച്ച താളക്രമമാവും അതിന്റെയെല്ലാം  സവിശേഷത. "എന്നടി രാക്കമ്മ പല്ലാക്ക് നെളിപ്പ്" എന്ന പാട്ട് ആ സിനിമയിൽ തന്നെ ശോക സന്ദർഭത്തിൽ പതിഞ്ഞ താളത്തിൽ വീണ്ടും പാടുന്നുണ്ട്. പക്ഷെ അത് എത്ര പേർക്ക് അറിയാം?" ഫുട്ട് ടാപ്പിംഗ്" (foot tapping) എന്ന് വിശേഷിപ്പിക്കും സായിപ്പ്.

താളത്തിൽ തന്നെയായിരുന്നു എൻ്റെ ആദ്യ പരീക്ഷണവും. അറിയാതെ എപ്പോഴോ പാട്ട് കേൾക്കുന്നതിനിടയിൽ നാരായണൻ നായരുടെ മേശപ്പുറത്ത് അഭ്യാസം തുടങ്ങിയിട്ടുണ്ടാവും. പാട്ടുകൾ കേൾക്കുമ്പോൾ അതിലെ താളവിന്യാസത്തിലായിരുന്നു ശ്രദ്ധ. കേൾക്കുന്ന താളങ്ങൾ അത് പോലെ മേശപ്പുറത്ത് അനുകരിക്കാൻ നോക്കും. അക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളത് കൊട്ടിനാണ്. എവിടെയും എപ്പോഴും യോജിച്ച ഒരു പ്രതലം കണ്ടാൽ അതിൽ കൊട്ടാൻ തുടങ്ങും. പാത്രങ്ങൾ, മേശപ്പുറം, കസേരകൈയ്യ് എന്ന് മാത്രമല്ല കുളിക്കാൻ കയറുമ്പോൾ ബക്കറ്റിൻറെ പുറത്തും കപ്പിന്റെ പുറത്തും വരെ പരീക്ഷിക്കും. (ബക്കറ്റിൽ ഒരു മുക്കാൽ ഭാഗം വെള്ളം നിറച്ച് കപ്പ് അതിന്റെ മുകളിലെ പ്രതലത്തിൽ കമഴ്ത്തിപ്പിടിച്ച് കൊട്ടി നോക്കുക...)  കോയമ്പത്തൂരിലെ സുനിലിന്റെ വീട്ടിലെ കിച്ചൻ ഓർകെസ്ട്രയിലും പുലാപ്പറ്റയിലെ ഭജനയിലും കൊട്ടുകാരൻ ഞാൻ തന്നെ. 

ചിറ്റ് ചോറ് എന്ന ഹിന്ദി സിനിമയും അതിലെ യേശുദാസിന്റെ പാട്ടുകളും തരംഗമായിരുന്ന കാലത്തായിരുന്നു ഗായിക ഹേമലതയുടെ ചികിത്സയ്ക്ക് രവീന്ദ്ര ജെയിൻ വൈദ്യശാലിയിൽ വന്നത്. ഫാർമസിയുടെ രജത ജൂബിലി ആഘോഷവും അപ്പോഴായിരുന്നു. രവീന്ദ്ര ജെയിനിന്റെ നേതൃത്വത്തിൽ ഒരു ഗാനമേള ഒരുക്കാൻ തീരുമാനിച്ചു. അതിൻ്റെ പരിശീലനം വൈദ്യശാലയുടെ ഹാളിലായിരുന്നു. അന്ന് കോയമ്പത്തൂരിൽ പേരെടുത്ത് വരുന്ന മല്ലിശ്ശേരി ഓർക്കസ്ട്രയ്ക്കായിരുന്നു വാദ്യങ്ങളുടെ ചുമതല. ആ രണ്ട് ദിവസവും ഞാൻ അവിടെ ചുറ്റിപറ്റി നിന്നു. ട്രിപ്പിൾ കോങ്കോസും ബൊങ്കോസും കൊട്ടി നോക്കി. 

അക്കാലത്താണ്  ജയകൃഷ്ണൻ മൃദംഗം പഠിക്കാൻ തുടങ്ങിയത്. സുരേഷ് എന്നായിരുന്നു മാഷുടെ പേര് എന്നാണ് ഓർമ്മ. ഒരു ദിവസം ഞാൻ അവൻ്റെ മൃദംഗം എടുത്ത് എൻ്റെ കൈത്തരിപ്പ് തീർക്കുന്ന സമയം അവിടെ മാഷും ഉണ്ടായിരുന്നു. എത്ര കാലമായി പഠിക്കുന്നു എന്ന മാഷുടെ ചോദ്യത്തിന്ന് പഠിക്കുന്നില്ല എന്ന് പറഞ്ഞു. എൻ്റെ വിരൽ ചലനങ്ങളെ അനുമോദിച്ചു എന്നെ പഠിപ്പിക്കാം എന്ന് പറഞ്ഞു. വീട്ടിൽ എത്തുന്നതിന്ന് മുമ്പ് വഴിയിൽ അച്ഛനെ കണ്ടപ്പോൾ ആവേശത്തോടെ ഈ കഥ പറഞ്ഞു, പഠിക്കട്ടെ എന്ന് ചോദിച്ചു: "ഹും.. കൊട്ട് പഠിക്കുന്നു.. ഒരു ചവിട്ട് വെച്ച് തരും.. പോയി പുസ്തകമെടുത്ത് പഠിക്കെടാ.."

ഇതിന്ന് ഒരു തനിയാവർത്തനം ഉണ്ടായി. മൂന്ന് നാല് കൊല്ലങ്ങൾക്ക് മുമ്പ് ജയകൃഷ്ണന്റെ പോണ്ടിച്ചേരിയിലെ വീട്ടിൽ പോയിരുന്നു. മകന്ന് പഠിക്കാൻ വേണ്ടി അവൻ ഒരു മൃദംഗം വാങ്ങി വെച്ചിരുന്നു. അവൻ്റെ നിർബന്ധത്തിൽ അത് എടുത്ത് ഞാൻ കൊട്ടുകയുണ്ടായി. 

പഴയ പോലെ വിരലുകൾ വഴങ്ങുന്നില്ല എങ്കിലും ഒരു വിധം ഒപ്പിച്ച്കൂട്ടി എന്ന് പറയാം. 

(കഴിഞ്ഞിട്ടില്ല)


Friday, 7 May 2021

പടുപാട്ടുകാരന്റെ കുമ്പസാരം (1)

 









pic courtesy





രംഗം. പുലാപ്പറ്റയിലെ കുടുംബ ക്ഷേത്രം.

ദീപാരാധന സമയം.

നാലമ്പലത്തിന്റെ തിണ്ടിന്മേൽ നട തുറക്കാൻ കാത്തുനിൽക്കുന്നവർ.

ബന്ധുക്കളുടെ കൂടെ അമ്മയും ഉണ്ട്. അന്നൊക്കെ അമ്മയുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന മകനായിരുന്നു ഞാൻ. പിടി വിട്ടാൽ ഓടും എന്ന് ഉറപ്പുള്ളത് കൊണ്ട് എന്റെ വലത്തെ കൈയിൽ മുറുകെ പിടിച്ചാണ് നിൽപ്പ്. മറ്റെല്ലാവരും സാകൂതം നടയിലേക്ക് തന്നെ നോക്കി നിന്നപ്പോൾ എന്റെ ശ്രദ്ധ തിണ്ടിന്റെ  ഇടത്തെ അറ്റത്ത് നിന്ന് കൊട്ടുന്ന കൂട്ടമണി പൊതുവാളിൻ്റെ ഇടയ്ക്കയിലായിരുന്നു. കൈച്ചലനവും അതനുസരിച്ച് മാറിവരുന്ന ഇടയ്ക്കയുടെ താളവും എനിയ്ക്ക് അത്ഭുതമായിരുന്നു. ശ്രീകോവിൽ നട തുറന്നപ്പോൾ എന്നോട് കൈ കൂപ്പാൻ പറഞ്ഞു അമ്മ കണ്ണടച്ച് തൊഴുത് നിന്നു. ഇടയ്ക്ക  അതിൻ്റെ സ്ഥാനത്ത് തൂക്കിയിട്ട് പൊതുവാൾ നീങ്ങുന്ന തക്കം നോക്കി ഞാൻ ഓടിപ്പോയി ഇടയ്കയുടെ കോൽ വലിച്ചെടുത്ത് കൊട്ടാൻ തുടങ്ങി. "ഏയ്യ് .... ഉണ്ണി.. അതൊന്നും തൊടാൻ പാടില്ല" എന്ന് പറഞ്ഞ് പൊതുവാൾ കൈയ്യിൽ നിന്ന് കോലു വാങ്ങി. അപ്പോഴേക്കും അമ്മയും ഓടി എത്തി എന്നെ അവിടെ നിന്നും വലിച്ച് കൊണ്ട് പോയി.

സംഗീതത്തെ കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ ഇതാണ്. 

കോയമ്പത്തൂരിലെ ബാല്യത്തിൽ എനിയ്ക്ക് സംഗീതം എന്നാൽ വൈദ്യശാലയുടെ തൊട്ട് പുറകിലായിരുന്ന തീയേറ്ററിൽ നിന്ന് കേൾക്കുന്ന സിനിമാ ഗാനവും മതിലിന്നപ്പുറത്ത് പങ്കജാ മിൽ റോഡിലെ അയ്യപ്പൻ കോവിലിൽ നിന്ന് കേൾക്കുന്ന ഭജനപ്പാട്ടുകളുമായിരുന്നു. പിന്നെ, നാരായണൻ നായരുടെ തോലുടുപ്പിട്ട മർഫി റേഡിയോവിൽ നിന്നുള്ള ചലച്ചിത്ര ഗാനങ്ങളും.  

ഉച്ചയ്ക്ക് ഒരു മണിയ്ക്കുള്ള തൃശൂർ ആൾ ഇന്ത്യ റേഡിയോ പ്രക്ഷേപണവും പിന്നെ ശ്രീലങ്കയിൽ നിന്ന് മൂന്നരയ്ക്കുള്ള മലയാള പ്രക്ഷേപണവും സ്ഥിരമായി അവിടെ വെക്കാറുണ്ട്. സാധാരണ മലയാള പ്രക്ഷേപണം കഴിഞ്ഞാൽ റേഡിയോ ഓഫ് ആക്കുമെങ്കിലും ചില ദിവസങ്ങളിൽ നാലരയ്ക്ക് തുടങ്ങുന്ന തമിഴ് "ഒലി പരപ്പും" കേൾക്കാറുണ്ട്. ഈ സമയമെല്ലാം ഞാൻ നാരായണൻനായരുടെ വീട്ടിനുള്ളിൽ ചുറ്റിപറ്റി നിൽക്കാറുമുണ്ട്.  

അന്നൊക്കെ പെൺകുട്ടികൾ പാട്ടും നൃത്തവും പഠിക്കാൻ വിധിക്കപ്പെട്ടവർ ആണെന്ന വിശ്വാസമുള്ള കാലമായിരുന്നു. അതനുസരിച്ച് ലതയും അനിതയും ഗൗരി ഓപ്പോളുടെ അടുത്ത് സംഗീതം പഠിക്കാൻ ഇരിക്കുമ്പോൾ ഞാനും കൂടെ ഇരിക്കുമായിരുന്നു. ഏഴു നിറങ്ങളുടെ മേളനമാണ് കാഴ്ചയിലെ വർണ്ണങ്ങൾ എന്ന പോലെ ഏഴു സ്വരങ്ങളുടെ ലയനമാണ് കേൾവിയിലെ സംഗീതം എന്ന ആദ്യ അറിവ് അവിടെ നിന്നാണ് കിട്ടിയത്. എൻ്റെ താൽപ്പര്യം കണ്ട് ഗൗരിയോപ്പോൾ എന്നെയും പഠിക്കാൻ ക്ഷണിച്ചു. പക്ഷെ പാട്ടു പഠിക്കുക എന്നതിനേക്കാൾ അറിവിന്റെയും ആസ്വാദനത്തിന്റെയും തറ ഉറപ്പിക്കുക എന്നതായിരിക്കണം എൻ്റെ ലക്ഷ്യം. 

വൈദ്യശാലയിൽ താസിക്കുന്ന കാലത്ത് കുട്ടികളായ  ഞങ്ങൾ ക്വാർട്ടേഴ്സിന്റെ മുന്നിലെ മാവിൻ ചുവട്ടിൽ ഇടയ്ക്കൊക്കെ അമ്പലം പണിതു കളിക്കും. പെൺകുട്ടികൾ തറ മെഴുകി വൃത്തിയാക്കിയിടും. പിന്നെ അവിടെ തന്നെയുള്ള തോട്ടത്തിൽ നിന്ന് പൂക്കളും പറിച്ച് വെക്കും. നമ്പൂരിയുടെ മകനായത് കൊണ്ടാവാം അവിടുത്തെ നിത്യ ശാന്തി ഞാനായിരുന്നു. അത് കഴിഞ്ഞാൽ പിന്നെ ഭജനയായി. ഭജന നയിക്കുന്നതും ഞാൻ തന്നെ. ഭജന എന്ന കലാപരിപാടി ഞാൻ പുലാപ്പറ്റയിലേക്കും കൊണ്ട് പോയി. തെക്കേ മുറിയിലെ ചുവരിൽ തൂക്കിയിട്ട ചിത്രങ്ങൾക്ക് താഴെ ഇരുന്നു തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടിയ പാട്ടുകളിലെ വരികൾ ഇപ്പോഴും ഓർമ്മയുണ്ട്. മാപ്പിളപ്പാട്ട് ശൈലിയിൽ "ഈട കെട്ടിൽ വാവരു സ്വാമി നിൻറെ കാരുണ്യത്താൽ ആടിപ്പാടി വരുന്നൊരെ കാക്കണേ.. കുരുമുള ഞങ്ങളു കൊണ്ട് ബരുന്നു കന്നിവോട് നിന്നെ കുമ്പിടുന്ന്.. കല്ബില് നിൻറെ ബിചാരമായിട്ട്.."

അന്ന് പ്രസിദ്ധമായിരുന്ന "കണ്ണൻ എന്നും മന്നൻ പേരൈ ചൊല്ല ചൊല്ല" എന്ന ഗാനത്തിന്റെ ഈണത്തിൽ "ശ്രീ മണികണ്ഠൻ പേരെ എന്ഡറും ചൊല്ല ചൊല്ല, കല്ലും മുള്ളും പൂവായ് മാറും മെല്ല മെല്ല.."

ഞങ്ങളുടെ രാപ്പാടി ബീനയായിരുന്നു. അത്താഴം കഴിഞ്ഞ് തെക്കേ പത്തായപ്പുരയുടെ ഉമ്മറത്തെ തൂണുചാരി, കാലും നീട്ടിയിരുന്നു, ബീന പാടാൻ തുടങ്ങുമ്പോൾ, ഞങ്ങൾക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റില്ല. പാടുന്നത് മിക്കവാറും എസ് ജാനകിയുടെ ഗാനങ്ങളായിരിക്കും. പുലാപ്പറ്റയിലെ രാത്രിയോർമ്മകളിൽ എനിയ്ക്ക് മറക്കാൻ പറ്റാത്ത ഒന്നാണ് ഇത്.  

(തുടരാം)


Wednesday, 5 May 2021

നട രാജൻ

 







pic courtesy





തെണ്ടി മേസ്തിരി എന്നാണ് സ്‌കൂൾ പ്രായത്തിൽ അച്ഛൻ എന്നെ സ്ഥിരം വിളിച്ചിരുന്നത്. ഭക്ഷണത്തിനും ഉറക്കത്തിനും അല്ലാതെ ഞാൻ അധികവും വീടിന്ന് പുറത്തായിരിക്കും. വൈദ്യശാലയിൽ നിന്ന് വീട്ടിൽ എത്തിയാൽ വാതുക്കൽ വെച്ച് തന്നെ അച്ഛൻ അമ്മയോട് ചോദിക്കുന്ന ചോദ്യമുണ്ട്: "ആ തെണ്ടി മേസ്തിരി എത്ത്യോ?"

കുട്ടിക്കാലം മുതൽ തന്നെ നടത്തം എനിയ്ക്ക് ഒരു ഹരമായിരുന്നു. നടത്തം എന്നത് കൊണ്ട് ലക്ഷ്യം ഇല്ലാത്ത അലച്ചിൽ എന്ന് കൂടി വിവക്ഷിക്കാവുന്നതാണ്. 

ഞാൻ കണ്ട ആദ്യ നടരാജന്മാർ അച്ഛനും അമ്പ്യാരമ്മാമയും ആയിരുന്നു. ആദ്യ നടത്തങ്ങൾ അവരോടൊപ്പം ആയിരുന്നു. തൻ്റെ നടത്തങ്ങളെ പറ്റി അച്ഛൻ ഇടയ്ക്ക് പറയാറുണ്ട്. വൈദ്യം പഠിച്ചിരുന്ന കാലത്ത് തിരുവേഗപ്പുറയിൽ  നിന്ന് മേഴത്തൂർക്കും പിന്നെ ഗുരുവായൂർക്കും നടന്ന് തന്നെയായിരുന്നു പോയിരുന്നതത്രെ.  

വൈദ്യശാലയിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയുള്ള അൽവേർണ്യ സ്‌കൂളിൽ ചേർക്കാൻ രക്ഷിതാവായി വന്നത് അമ്മാമയായിരുന്നു. സ്വാഭാവികമായും നടന്ന് തന്നെയായിരുന്നു പോയത്. ആദ്യത്തെ ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് വിടാനും തിരിച്ചു കൂട്ടാനും അച്ഛൻ വന്നിരുന്നു എന്നാണ് ഓർമ്മ. പിന്നീടങ്ങോട്ട് അവിടെ പഠിച്ച നാല് കൊല്ലവും ഞാൻ ഒറ്റയ്ക്കാണ് നടന്നിരുന്നത്. വഴിയോര കാഴ്ചകൾ കണ്ടു നടന്ന ആ ശീലമാവാം പിന്നീട് സ്വഭാവമായത്. 

അക്കാലത്തു ഒരു തവണ പുലാപ്പറ്റയിൽ നിന്ന് ഒരു നടത്തം വേണ്ടി വന്നത് ഓർമ്മയുണ്ട്. ഒരു അനിശ്ചിത കാല സമരം കാരണം ആകെ ഉണ്ടായിരുന്ന ബസ്സ് മുടങ്ങി. അച്ഛനാണെങ്കിൽ കോയമ്പത്തൂരിൽ എത്തുകയും വേണം. കോങ്ങാട്ട് നിന്ന് ജീപ്പ് ഉണ്ട് എന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ നടക്കാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം ഒരു ഒൻപത് കിലോമീറ്റർ ഉണ്ടാവും. അച്ഛൻ അമ്മ ഞാൻ എന്നിവർക്ക് കൂട്ടായി സഹായത്തിന്ന് അന്ന് പത്തായപ്പുരയിലെ കാര്യസ്ഥനായിരുന്ന രാമൻ നായരും ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എനിയ്ക്ക് നടക്കാൻ വയ്യാതായി. തുടർന്ന് രാമൻ നായർ എന്നെ തോളിൽ ഇരുത്തി നടന്നു. മാഞ്ചേരികാവ് കഴിഞ്ഞ് ജീപ്പ് കയറി ഒലവക്കോട് ഇറങ്ങി അവിടുന്ന് തീവണ്ടി കയറിയാണ് അന്ന് കോയമ്പത്തൂർ എത്തിയത്. 

രാമൻ നായർ ഏകനായി വന്ന വഴി തിരിച്ചു ചവിട്ടിയിട്ടുണ്ടാവും. 

പിന്നീട് നടത്തം ഒരു സ്ഥിരം സ്വഭാവമായി മാറുന്നത് വൈദ്യശാലയിൽ നിന്ന് ഏകദേശം എട്ട് പത്ത് നാഴിക ദൂരമുള്ള സായിബാബ കോളനിയിലെ ലിസ്യൂ സ്‌കൂളിൽ ചേർന്നപ്പോളാണ്. അഞ്ചു മുതൽ അവിടെയായിരുന്നു. 43 നമ്പർ ടൌൺ ബസ്സിലെ യാത്ര തുടങ്ങുന്നത് അങ്ങിനെയാണ്. ആറാം ക്‌ളാസ്സിൽ വെച്ച് സൈക്കിൾ കമ്പം തുടങ്ങുന്ന വരെ ബസ്സിൽ പോയി വന്നിരുന്നു. രണ്ടാം വർഷ ആറാം ക്‌ളാസ്സ്‌ പഠനത്തോട് കൂടിയാണ് നട രാജ കാലം തുടങ്ങുന്നത്. 

ബസ്സ് കൂലിക്കായ്‌ തരുന്ന പൈസ മുഴുവൻ ഐസ് ക്രീം വാങ്ങി തിന്ന് ബസ്സിന്ന് പൈസ കൊടുക്കാൻ ഇല്ലാതെയായ ദിവസമാണ് നടത്തം തുടങ്ങിയത്. പിന്നീട് അതൊരു പതിവാക്കി. സ്‌കൂളിൽ നിന്ന് അവിനാശിലിംഗം റോഡ് വഴി വട കോവൈ.. അവിടുന്ന് റെയിൽവേ ട്രാക്കിലൂടെ അവിനാശി റോഡ് വഴി റേസ് കോഴ്സ് പിന്നെ ചുങ്കത്തെത്തി രാമനാഥ പുരം വരെ. അതായിരുന്നു അന്നത്തെ റൂട്ട് മാപ്പ്. വീട്ടിൽ എത്താൻ ഏകദേശം ആറു മണിയാവും. നടത്തം ഒറ്റയ്ക്കായിരുന്നു. കഴിഞ്ഞ കൊല്ലം തോറ്റതിനാൽ സ്‌കൂളിൽ എനിയ്ക്കായി സ്പെഷ്യൽ ക്‌ളാസ്സ് ഉള്ളത് കൊണ്ടാണ് വൈകുന്നത് എന്നാണ് ഞാൻ വീട്ടിൽ പറഞ്ഞ് വെച്ചിരുന്നത്. 

അങ്ങിനെ വലിയ പ്രശനം ഇല്ലാതെ പോകുന്ന കാലത്താണ് ഒരു ദിവസം വൈകുന്നേരം സുന്ദരൻ എന്ന് പേരായ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ അച്ഛൻ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ മകനെ ഞാൻ പഠിക്കുന്ന സ്‌കൂളിൽ ചേർത്തിരിക്കുന്നു. എന്നേക്കാൾ ഒരു ക്‌ളാസ്സ് താഴെയാണ്. അത് കൊണ്ട് ഞാൻ വേണം അവൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ. പിന്നീടുള്ള ഏതാനും ദിവസങ്ങളിൽ ഞാൻ ബസ്സ് യാത്ര ചെയ്തു വീട്ടിൽ എത്തി. പക്ഷെ എനിയ്ക്ക് അധിക ദിവസം പിടിച്ചു നിൽക്കാനായില്ല. പൈസ തീർത്ത ഒരു നാൾ ഞാൻ അവനോട് ബസ്സിൽ കേറ്റി വിടാം എന്ന് പറഞ്ഞു. അവൻ സമ്മതിച്ചില്ല. എൻ്റെ കൂടെ നടന്നു വരാം എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. വഴിയിൽ വെച്ച് നടക്കാൻ പറ്റാതെ വന്നാൽ പിന്നെ എന്നെ പറയരുത് എന്ന മുന്നറിയിപ്പുമായി ഞങ്ങൾ നടക്കാൻ തുടങ്ങി. പകുതി വഴി കഴിയും മുമ്പേ അവൻ നടക്കാൻ വയ്യ എന്ന് പറയാൻ തുടങ്ങി. അത് വക വെക്കാതെ ഞാൻ അവനെയും കൂട്ടി നടന്നു തന്നെ പോയി. കരച്ചിലിന്റെ വക്കോളം എത്തിയ അവൻ "ഞാൻ എൻ്റെ അച്ഛനോട് പറയും നീ എന്നെ നടത്തിച്ച കാര്യം" എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. 

വൈദ്യശാല ഗേറ്റ് കടക്കുമ്പോൾ തന്നെ ഉത്കണ്ഠചിത്തനായി നിൽക്കുന്ന സ്വന്തം അച്ഛനെ അവൻ കണ്ടു. ഭീഷണിപ്പെടുത്തിയ പോലെ തന്നെ നടന്ന കാര്യം അവൻ അച്ഛനോട് പറഞ്ഞു. അവൻ്റെ അച്ഛന്റെ വക ചീത്ത കേട്ടത് കൂടാതെ അവിടെ വെച്ച് തന്നെ എൻ്റെ അച്ഛന്റെ കൈയ്യിൽ നിന്ന് എനിയ്ക്ക് പൊതിരെ തല്ലു കൊണ്ടു - അവൻ്റെ അച്ഛന്റെ വിലക്കുകൾ വകവെയ്ക്കാതെ തന്നെ. 

അധികം താമസിയാതെ തന്നെ അവനും എൻ്റെ കൂടെ നടത്തം തുടങ്ങി. പിന്നീട് അതെ സ്‌കൂളിൽ നിന്നുള്ള പ്രകാശും കൂടെ കൂടി. ഞങ്ങൾ ഉറ്റ ചങ്ങാതിമാരായി. യുവാവായപ്പോൾ കാടും മേടും കയറി ആദിവാസി ജീവിതം പഠിക്കാനും പ്രബന്ധങ്ങൾ രചിക്കാനും അവന്ന്, ജയകൃഷ്ണന്, ഊർജ്ജം പകർന്നത് അക്കാലത്തെ ഞങ്ങളുടെ നടത്തമാവാം.

പാലക്കാട്ട് ഡിഗ്രിയ്ക്ക് ചേർന്നപ്പോളും നടത്തം തുടർന്നു. ബസ്സ് കിട്ടാത്ത ദിവസങ്ങളിൽ പുലാപ്പറ്റയിൽ നിന്ന് പെരിങ്ങോട്ടേക്കുള്ള നാലു കിലോമീറ്റർ, കോളേജിൽ നിന്ന് ഒലവക്കോട്ടേക്കും കൽമണ്ഡപത്തിലേക്കും നൂറണിയിലേക്കും സിനിമ കാണാനുള്ള നടത്തങ്ങൾ, പിന്നെ ജോയുടെ കൂടെ വെറുതെയുള്ള നടത്തങ്ങൾ എന്നിങ്ങനെ അത് തുടർന്നു. 

കർമ്മകാണ്ഡം തുടങ്ങുന്നത് കാഠ്മണ്ഡു നഗരത്തിലാണ്. അവിടെ നജീബുമായും തൊമ്മനുമായും ജോയുടെ കൂടെയും, തനിച്ചും, എല്ലാം നടത്തം തന്നെയായിരുന്നു. ഗുൽബർഗയിൽ സഹാദ്ധ്യാപകരുമായും നന്ദനുമായും നഗരം ചുറ്റിയ നടത്തങ്ങൾ, കോഴിക്കോട് നഗരത്തിലെ തെരുവുകളുടെ ചരിത്രം പറഞ്ഞുകൊണ്ട് ബൈജുനാഥുമായുള്ള നടത്തങ്ങൾ... കോഴിക്കോട് ജോലിയും താമസം എറണാകുളത്തും ആയിരുന്ന കാലത്ത് മിക്കവാറും ആഴ്ചയിൽ ഒരിക്കൽ പുലർച്ചെ നാലരയ്ക്ക് വെണ്ണലയിൽ നിന്ന് വൈറ്റില വരെയുള്ള നടത്തങ്ങൾ.. 

ഹോ.. നടത്തങ്ങൾക്ക് എന്തൊരു വശ്യതയായിരുന്നു.

*******
പിൻകുറിപ്പ്: ഇന്ന് സ്‌കൂട്ടറിന്മേൽ കയറിയല്ലാതെ തൊട്ടടുത്ത കടയിലേക്ക് വരെ പോകാറില്ല. 






Saturday, 10 April 2021

വിശറി

 

                                                                                                                                                                                                                                                                                                                                                     







pic courtesy


പക്ഷിയുടെ ചിറകിനെ സൂചിപ്പിക്കുന്ന പംഖ് എന്ന ഹിന്ദി പദത്തിൽ നിന്നാണത്രെ പങ്ക എന്ന വാക്ക് ഉണ്ടായത്. ഇന്ന് നമ്മൾ കാണുന്ന വിശറിയുടെ ആദ്യ രൂപം അതാവണം. പക്ഷിയുടെ ചിറകടിക്കുമ്പോൾ ഉണ്ടാവുന്ന ചെറു കാറ്റ് പോലെ, വീശുന്നയാൾക്ക് മാത്രം ലഭിക്കുന്ന കുളിർമ്മ. 

ദർബാറുകളുടെ പഴയ ചിത്രങ്ങളിൽ രാജാവിന്ന് പിന്നിൽ വിശറി വീശി നിൽക്കുന്നവരെ കൗതുകത്തോടെ നോക്കിയിട്ടുണ്ട്. വലിയ പങ്കകൾ കയറു വലിച്ച് ചലിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. യന്ത്രങ്ങൾ പോലെ സിംഹാസനങ്ങളെ തണുപ്പിച്ച് നിർത്തുന്ന പങ്കാവാലകളുടെ നിർജ്ജീവ മുഖങ്ങൾക്ക് പിന്നിൽ പല ദർബാർ കഥകളും മറഞ്ഞിരിക്കുന്നുണ്ടാവാം. 

ഇന്ന് വിശറി അഥവാ ഫാൻ എന്ന പദം തീവ്രമായ ആരാധനയുള്ളവരെ വിശേഷിപ്പിക്കാൻ കൂടി ഉപയോഗിക്കുന്നുണ്ട്. കാറ്റു കൊള്ളാൻ ഉപയോഗിക്കുന്ന വിശറിയും ആരാധകനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. മതഭ്രാന്തിനെ സൂചിപ്പിക്കുന്ന ഫനാറ്റിക് എന്ന വാക്കിന്റെ ലോപമാണ് ഈ ഫാൻ. പിന്നീട് തമിഴിലും മലയാളത്തിലും ഈ വാക്ക് നേരിട്ട് വിവർത്തിപ്പിക്കപ്പെട്ടപ്പോൾ ആരാധകൻ വിശറിയായി മാറി എന്ന് മാത്രം.

കോയമ്പത്തൂരിലെ വീട്ടിൽ ഫാൻ ഇല്ലായിരുന്നു. കേരളത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ ഈർപ്പം കുറവായതിനാലാവാം പുഴുങ്ങുന്ന ചൂട് അവിടെ ഇല്ല. അന്നൊക്കെ ഉഷ്ണവും ഇന്നത്തേത് പോലെയില്ല. വൈദ്യശാലയുടെ നടുത്തളത്തിൽ തട്ടിന്റെ മധ്യത്തിലായി തൂക്കിയിട്ട ജടായുവിനെപ്പോലെ കറങ്ങുന്ന ഒരു ഫാൻ ഉണ്ടായിരുന്നു. ചില രോഗികളുടെ മുറികളിൽ മേശപ്പുറത്തു കറങ്ങുന്ന ചെറിയ ഫാനും കണ്ടിട്ടുണ്ട്. 

നല്ല ഉഷ്ണം തോന്നിയാൽ ഗോപാൽ പൽപ്പൊടിയുടെ പരസ്യം പതിച്ച ഒരു കടലാസ്സ് വിശറിയായിരുന്നു ആശ്വാസത്തിനായി കൈയിൽ എടുത്തിരുന്നത്. 

പ്രൗഢമായ ഒരു വിശറി കണ്ടത് പുലാപ്പറ്റയിൽ ബാലരാമൻമാമയുടെ കൈയ്യിലായിരുന്നു. പക്ഷെ ഞങ്ങൾ കുട്ടികൾക്ക് അത് കാണുവാനുള്ള അനുവാദം മാത്രമേ ഉണ്ടായിരുന്നുള്ളു. ചിലപ്പോഴൊക്കെ അതിന്റെ പിടി കൊണ്ട് നല്ല അടിയും കിട്ടിയിട്ടുണ്ട്. 

സർവത്ര വൈദ്യുതി വന്നതോട് കൂടി വിശറിയുടെ ആവശ്യം കുറഞ്ഞു, പിന്നെ തീരെ ഇല്ലാതായി. മിക്ക വീടുകളിലും ഫാൻ വന്നു. എയർ കൂളർ, എയർ കണ്ടീഷണർ എന്നിങ്ങനെ ഇന്ന് ഉഷ്ണത്തെ അതിജീവിക്കാൻ മാർഗ്ഗങ്ങൾ കുറെ ഉണ്ട്. നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഏതും തിരഞ്ഞെടുക്കാം. 

എങ്കിലും അത്യുഷ്ണം ഉള്ള ചില സമയങ്ങളിൽ വൈദ്യുതി ഇല്ലാതെ വരും. അന്നേരത്തെ  പരാക്രമത്തിൽ മേൽ പറഞ്ഞ ഒരു ഉപകരണം കൊണ്ടും ഒരു ഉപയോഗവുമില്ല എന്ന സത്യം നമ്മൾ തിരിച്ചറിയും. നമ്മുടെ വീട്ടിലെ എളിയ അംഗമായിരുന്ന വിശറിയുടെ കാര്യം നാം ഓർക്കുക അപ്പോഴാണ്. 

ഒരു വിശറി വാങ്ങിക്കണം എന്ന ആഗ്രഹം കുറെ കാലമായുണ്ടെങ്കിലും ആഭ്യന്തര വകുപ്പിൻറെ താൽപ്പര്യക്കുറവുകൊണ്ടും നല്ല വിശറിയുടെ ലഭ്യതക്കുറവ് കൊണ്ടും അത് നടക്കാതെ ഇരിക്കയായിരുന്നു. അപ്പോഴാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. 

ഞങ്ങളുടെ ഗ്രാമം ഉൾപ്പെട്ട നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളിൽ ഒരാൾ അഴിമതിയാരോപണം നേരിടുന്ന ഒരു മുൻമന്ത്രിയുടെ പുത്രനാണ്. ഒറ്റ ദിവസത്തെ രാജാക്കന്മാരെ തേടി അധികാര മോഹികളെല്ലാം സമ്മാനങ്ങളുമായി എത്തുന്ന കാലമാണല്ലോ തിരഞ്ഞെടുപ്പ് കാലം. അങ്ങിനെ മേൽപ്പറഞ്ഞ കക്ഷിയുടെ വക ഞങ്ങൾക്കും കിട്ടി ഒരു സമ്മാനം. രണ്ട് വശവും കക്ഷിയുടെ ചിരിച്ച മുഖവും ചിഹ്നവും പതിച്ച മനോഹരമായ ഒരു കടലാസ്സ് വിശറി. ഒരു വീശിന്ന് അത് ഒടിഞ്ഞു പോയില്ല ട്ടോ. 

പെട്ടിയിൽ ഉറങ്ങുന്ന വോട്ടുകളിൽ എത്ര എണ്ണം അയാൾക്ക് കിട്ടും എന്നറിയില്ല. ജയപരാജയ സാധ്യതകളെക്കുറിച്ച് അറിയില്ല. അടുത്ത തിരഞ്ഞെടുപ്പിൽ അയാൾ സജീവമായി ഉണ്ടാവുമോ എന്നും അറിയില്ല.

എങ്കിലും ഒരു കാര്യം ഏകദേശം പറയാം. കുറച്ച് കാലത്തേക്കെങ്കിലും അയാളുടെ മുഖം പതിച്ച വിശറി ഞങ്ങൾക്ക് ഉഷ്ണത്തിൽ നിന്ന് ആശ്വാസം നൽകും. 









Wednesday, 10 March 2021

വിമലോപ്പോൾ വന്ന ദിവസം

 




















കുംഭത്തിലെ ഉത്രാടത്തിനും വിഷ്ണുപാദം പതിവ് പോലെ ആത്മാ സമൃദ്ധമായിരുന്നു. 
അന്നത്തെ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വലിയ കോട്ട വാതിൽ തുറക്കാൻ കാത്ത് നിൽക്കുകയായിരുന്നു. സൂര്യൻ ഭൂമിയിൽ ഉദിക്കുന്ന അതെ ക്ഷണത്തിൽ അത് തുറക്കും. ഇരുട്ടത്ത് ഇറങ്ങി വന്ന് വഴിതെറ്റി പോയ കാലം ഉണ്ടായിരുന്നു. അതിന്ന് ശേഷമാണ് കണ്ണ് കാണാറായിട്ട് പോയാ മതി എന്നാക്കിയത്. അപ്പോഴേ വാതിൽ തുറക്കൂ. 

വേറെ ഒരു കാരണം കൂടി ഉണ്ട്. ഇതിനുള്ളിൽ പ്രവേശം നിഷേധിക്കപ്പെട്ട കുറെ ആത്മാക്കൾ ചുറ്റും കറങ്ങി നടക്കുന്നുണ്ട്. രാവെന്നും പകലെന്നും ഭേദമില്ലാതെ അവ അകത്ത് കേറാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇരുട്ടത്താവുമ്പോ അവരുടെ കാര്യം പെട്ടെന്ന് നടക്കും. അങ്ങിനെ കയറിക്കൂടിയാൽ ചിത്രഗുപ്‌തൻ തൊട്ട് താഴെയുള്ളവരെല്ലാം തിരുത്തൽ നടപടികൾക്ക് വിധേയരാകേണ്ടി വരും. പിന്നീട് ഓരോ ആത്മാക്കളുടെയും ഡി എൻ എ പരിശോധിച്ച് വേണം അകത്ത് കയറിക്കൂടിയതിനെ തിരിച്ചറിയാൻ. അത് അസാധ്യമായത് കൊണ്ട് പൊതുവെ കണ്ടുപിടിക്കപെടാതെ ഇവിടെ തന്നെ സുഖമായി കഴിയും. അത് കൊണ്ടാണ് രാത്രി യാത്രകൾക്ക് ഇവിടെ നിരോധമുള്ളത്. ആധാർ പോലുള്ള ഒരു സംവിധാനം ഇവിടെ നടപ്പാക്കിയാൽ നന്ന് എന്ന് ചിത്രഗുപ്‌തൻ ഒരിക്കൽ രഹസ്യമായി തൻ്റെ അനുചരനോട്‌ പറയുകയുണ്ടായി. 

പുറത്തിറങ്ങാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ വിമലോപ്പളും ഉണ്ടായിരുന്നു. തലേ ദിവസം നേരത്തെ കിടന്നത് കൊണ്ട് നേരത്തെ ഉണർന്ന് തയ്യാറാവാൻ പറ്റി. കാര്യങ്ങൾക്കെല്ലാം ഏട്ടൻ വന്നതോട് കൂടി വീണ്ടും ഒരു അടുക്കും ചിട്ടയും വന്നു. എല്ലാ പ്രധാന ദിവസങ്ങളും ഏട്ടൻ എഴുതിവെച്ച് സൂക്ഷിക്കാറുണ്ട്. ഒരാഴ്ച മുമ്പേ പറയാൻ തുടങ്ങിയിരുന്നു, വിമലേ ദാ അടുത്ത ആഴ്ചയായിട്ടോ..

പുലരാൻ അടുക്കുന്ന സമയം പുറകിൽ നിന്ന് ഒരു വിളി കേട്ടു: വിമലക്കാ...

ആത്മാക്കളുടെ ഇടയിൽപെട്ട് തിക്കി തിരക്കി ഒരു പെണ്ണാത്മാവ് മുന്നോട്ട് കൈയും കലാശവും കാണിച്ച് വന്നു കൊണ്ടിരിക്കുന്നു. ഇതേതാത്മാവാണ്, താൻ ഇതിന്ന് മുമ്പ് കണ്ടിട്ടില്ലല്ലോ എന്ന് ആലോചിക്കുന്നതിനിടയിൽ അത് അടുത്തെത്തി. 
കിതയ്ക്കുന്നുണ്ടായിരുന്നോ?

ഹോ, സമാധാനമായി.. വിമലക്ക കോഴിക്കോട്ടേയ്ക്കല്ലെ പോകുന്നത്? ഞാനും കൂടി ഉണ്ട്. എനിയ്ക്ക് ശരിക്കും വഴി അറിയില്ല. 

അതിനെന്താ പോന്നോളൂ. പക്ഷെ കോഴിക്കോട്ടുകാരിയല്ലെങ്കിൽ പിന്നെന്തിനാ.. 

അതോ, എൻ്റെ നാട് ചങ്ങനാശ്ശേരിയാണ്.. കഴിഞ്ഞ കൊല്ലമാണ് ഞാൻ ഭൂമിയിലെ വാസം അവസാനിപ്പിച്ചത്. ഒരു മകൻ ഉള്ളത് കോഴിക്കോടാണ്. അവിടെയാണത്രെ അവൻ എനിയ്ക്കുള്ള ബലി ഇടുന്നത്. അതോണ്ടാ..

എന്താ പേര് 

കാർത്ത്യായനി ന്നാ..

എൻ്റെ കാര്യങ്ങൾ എങ്ങിനെ അറിഞ്ഞു?

കാർത്ത്യായിനിയാത്മാവ് ഒന്ന് ചിരിച്ചു. അതേ, ഞാൻ ആ ഗുപ്തൻ നായരോട് ചോദിച്ച് മനസിലാക്കി. 

ഏത്.. ആ കണക്കെഴുതുന്ന..? 

കാർത്ത്യായിനിയാത്മാവ് മൂളി. 

അതിനിടയിൽ കോട്ട വാതിൽ തുറക്കാൻ പോകുന്ന അറിയിപ്പ് എന്നോണം സൈറൺ മുഴങ്ങി. അത് വരെ അലസമായ് നിന്നിരുന്ന ആത്മാക്കളെല്ലാം ഉഷാറായി. 

സൂര്യൻറെ മൊട്ടത്തലയുടെ മുകൾഭാഗം കിഴക്കിൽ കാണാൻ തുടങ്ങുന്ന ആ ക്ഷണം തന്നെ കോട്ട വാതിൽ തുറന്നു. കാവലാത്മാക്കൾക്ക് മുമ്പ് ഗുരുവായൂരിലായിരുന്നു ജോലി എന്ന് തോന്നുന്നു. വാതിൽ തുറക്കുന്നതിന്ന് മുമ്പ് തന്നെ അവർ വേഗം വേഗം എന്ന് ആജ്ഞാപിച്ച് തുടങ്ങി..

ഹോ.. അതൊന്ന് കാണേണ്ട കാഴ്ചതന്നെ..

കാ പൊട്ടി ശത കോടി അപ്പൂപ്പന്താടികൾ കുത്തനെ പറന്നിറങ്ങുംപോലെ എല്ലാ ആത്മാക്കളും ശര വേഗത്തിൽ ഭൂമിയിലെക്ക് പതിച്ചു. ഭൂമിയുടെ വായു മണ്ഡലത്തിൽ പ്രവേശിച്ചതോടെ ആത്മാക്കൾ പലവഴി പോയി.. 

വിമലോപ്പളും കാർത്ത്യായിനിയാത്മാവും കോഴിക്കോട്ടെ പുഴക്കരയിൽ എത്തി. 

ങേ.. അവർ എത്തിയിട്ടില്ലലോ? ഉണരാൻ വൈകിയിട്ടുണ്ടാവും - വിമലോപ്പോൾ വിചാരിച്ചു.
ചടങ്ങ് തുടങ്ങാറായിട്ടില്ല. സാമൂഹ്യ അകലം പാലിച്ച് സ്റ്റേഡിയത്തിൽ ആളുകളെ ഇരുത്തുന്ന പോലെ പലപ്രായക്കാരായ ബലിദാദാക്കൾ പുഴക്കരയിലെ പടികളിൽ സ്ഥാനം പിടിച്ചിരുന്നു. അതിന്ന് നേർ എതിർവശമുള്ള തൊടിയുടെ അറ്റത്ത് ഇരുവരും സ്ഥാനം പിടിച്ചു. 

ഇടയ്ക്ക് കാർത്ത്യായിനിയാത്മാവ് ആവേശത്തോടെ ചൂണ്ടികാണിച്ചു.. ഇതാണ് എൻ്റെ മകൻ.. വിമലക്കെ 

അപ്പോഴേക്കും ചിത്രയും എത്തി. ഇതാ എൻ്റെ മകൾ. 

ഒരു മകൾ മാത്രമേ ഉള്ളൂന്ന് പറഞ്ഞിട്ട്.. അപ്പൊ കൂടെ ആരാ?

അത് കൃഷ്ണൻ. എൻ്റെ ഏടത്തിയുടെ മകനാ.. പെറ്റതല്ലെങ്കിലും മകൻറെ സ്ഥാനം തന്നെയാ.. ഞങ്ങളുടെ കൂട്ടത്തിൽ ചെറിയമ്മ വലിയമ്മമാർക്കും അമ്മയുടെ സ്ഥാനം തന്നെയാണ്. 
പിന്നെ ഈ കൃഷ്ണനെ കുട്ടികാലത്ത് നോക്കിയിരുന്നത് ഞാൻ തന്നെയാണ് ട്ടോ. സൗദാമിനിയേടത്തി രാവിലെ എന്നെ ഏൽപ്പിച്ച് തീർത്ഥാടനത്തിനിറങ്ങും: വിമലേ ഇന്നാ പിടിച്ചോ..
മഹാ വികൃതിയായിരുന്നു ട്ടോ.. എന്നെ അസ്സലായി ഉപദ്രവിക്കുമായിരുന്നു.. ഹോ എൻ്റെ കാർത്യായിനിയമ്മേ.. എന്തൊരു പാടായിരുന്നു.. 
പക്ഷെ വലുതായപ്പോ അതൊക്കെ മാറിട്ടോ. കോയമ്പത്തൂരിൽ നിന്ന് സൗദാനിയേടത്തിയെ പുലാപ്പറ്റയ്ക്ക് കൊണ്ട് വരുന്ന പോലെത്തന്നെ എന്നെ പുലാപ്പറ്റയിന്ന് കോഴിക്കോട്ടേയ്ക്ക് കൊണ്ടുവിടുമായിരുന്നു. 
എന്നിട്ട് ഒന്ന് സ്വരം താഴ്ത്തി: അതെ, കാർത്യായനിയമ്മയ്ക്ക് ഒരു കാര്യമറിയോ.. എത്ര തവണ യാത്ര ചെയ്താലും എനിയ്ക്ക് വഴി പഠിക്കാൻ പറ്റില്ല.. 
കൃഷ്ണന്ന് ചാത്തമംഗലത്ത് ജോലി കിട്ടിയപ്പോ ഇടയ്ക്കിടയ്ക്ക് ഞങ്ങൾടെ അടുത്ത് വരുമായിരുന്നു.. കാളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറക്കുന്ന ഏട്ടൻ കൃഷ്ണനാണെന്ന് കണ്ടാ അപ്പൊ വിളിച്ച് പറയും: വിമലേ ആ ദോശക്കല് അടുപ്പത്ത് വെച്ചോളൂ.. കൃഷ്ണൻ വന്നിട്ടുണ്ട്.. അങ്ങിനെ എത്ര എത്ര കാര്യങ്ങൾ..
ഞാൻ മരിക്കുന്ന സമയം കൃഷ്ണനും അടുത്തുണ്ടായിരുന്നു ട്ടോ. അത് പറയാതെ ഇരിക്കാൻ വയ്യേ.. സൗദാനിയേടത്തി മരിയ്ക്കുമ്പോ കൃഷ്ണൻ ഉണ്ടായിരുന്നില്ല.. 

അപ്പോഴേയ്ക്കും പുഴക്കരയിൽ ചടങ്ങുകൾ തുടങ്ങിയിരുന്നു.. 

ആഹാ..ഇന്ന് ആ കഥ പറയുന്ന ആളാണല്ലോ ചടങ്ങ് നടത്തുന്നത്. കുട്ടികൾക്ക് ഇന്ന് നല്ല പണിയായി.. വിമലോപ്പോൾ ചിരിച്ചു. 

അതെന്താ വിമലക്കാ? 

ഇദ്ദേഹം ചടങ്ങിന്റെ ഓരോ ഘട്ടത്തിലും വിസ്തരിച്ച് കഥ പറയും. ഒരു തവണ അദ്ദേഹം പറഞ്ഞത് കഴിഞ്ഞ ആഴ്ച താൻ ബാലരമയിൽ വായിച്ച കഥയാണ് എന്ന് ഒരു രസികൻ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് തീരാൻ കുറെ സമയം എടുക്കും കാർത്യായിനിയമ്മേ...

അപ്പോഴാണ് കാർത്യായിനിയാത്മാവ് ഇലകളിലേ വിഭവങ്ങൾ ശ്രദ്ധിച്ചത്.. ഇതെന്താ വിമലക്കെ അരിയാണോ നമ്മൾക്ക്..?

വിമലോപ്പോൾ ചിരിച്ചു. അത് ഇപ്പോഴത്തെ പരിഷ്‌കാരാണ്.. മുമ്പൊക്കെ വേവിച്ച ചോറും കൂട്ടാൻ കറികളും ഒക്കെ ഉണ്ടാവും. ഇപ്പൊ ഇതാ ഇങ്ങനെയാ.. 

വിമലോപ്പോൾ ചിരിച്ചു: സൗദാനിയേടത്തിക്കുള്ള ബലി നിർത്തിയത് നന്നായി.. വായിൽ ഒറ്റ പല്ലില്ലാത്ത ഏടത്തി ഈ അരി എങ്ങിനെ ചവച്ചിറക്കും? പരിഷ്‌കാരം കൂടി ഇനി അടുത്തത് നെല്ലായിട്ടന്നെ തരാൻ തൊടങ്ങോന്നാ എൻ്റെ പേടി..

ബലി പാഠം അവസാനിക്കാറായി. അതേയ്, കാർത്യായിനിയമ്മേ നമുക്കുള്ള സമയാവാറായി ട്ടോ.. നമുക്ക്  മൽസ്യാവണം ട്ടോ. 

അല്ല വിമലക്കെ, നമ്മൾ കാക്കകളുടെ രൂപമല്ലേ എടുക്കേണ്ടത്? 

അതും മാറി എൻ്റെ കാർത്യായനിയമ്മേ.. ഇപ്പൊ ബലി അരി നേരെ പുഴയിലേക്കാണ് തരുന്നത്. അപ്പൊ നമ്മൾ മൽസ്യാവല്ലേ വേണ്ടത്.. 

മത്സ്യ രൂപം പ്രാപിച്ച് രണ്ടാത്മാക്കളും പുഴയിൽ ഇറങ്ങി.. വെള്ളത്തിൽ തല പൊക്കി കിടക്കുമ്പോൾ പെട്ടെന്നാണ് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മൂന്ന് കുട്ടികൾ വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. ആത്മാക്കൾ ശരിക്കും ഞെട്ടിപ്പോയി..

കർമ്മങ്ങൾ കഴിഞ്ഞ് കൂട്ടമായി കൈ കൊട്ടൽ കേട്ടതോടെ ആത്മാക്കളെല്ലാം ബലി സ്വീകരിക്കാൻ വെള്ളത്തിനടിയിൽ ഊളയിട്ടു പോയി..

ബലി സ്വീകരിച്ച് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തിരിച്ച് പോകണം. അല്ലെങ്കിൽ പിന്നെ അവിടുന്നു പുറത്താവും. 

ബലി അരി വായിലാക്കി പൊങ്ങി പറക്കുന്നതിനിടയിൽ വിമലോപ്പോൾ കാർത്യായിനിയാത്മാവിനോട്‌ പറയുന്നുണ്ടായിരുന്നു: ഇക്കോലം തിരുനെല്ലി പോയില്ലെങ്കിൽ അടുത്ത കൊല്ലം കാണാട്ടോ..