Saturday, 18 September 2021
ഒരു കഥ
Sunday, 5 September 2021
അദ്ധ്യാ പഹയൻ
(അദ്ധ്യാപക ദിനങ്ങളിലെ ഒരു ഓർമ്മ ചിത്രം. ഗുൽബർഗ്ഗ)
സൈഫു: എടാ.. അദ്ധ്യാ പഹയാ.. ഇപ്പൊ ആർക്കും മാഷാവാം എന്നായോ.. ആരാ നിന്നെയൊക്കെ എടുത്തത്
ഞാൻ: നാറ്റിക്കല്ലേ.. വയറ്റുപ്പിഴപ്പാണ്
ഒൻപതാം ക്‌ളാസ്സിൽ പുതിയ ഒരു സ്‌കൂളിൽ ഫിസിക്സ് ക്ലാസ്സെടുക്കാൻ വന്ന മലയാളിയായ അദ്ധ്യാപകൻ മേശ പുറത്ത് കാലു കയറ്റി വെച്ചിട്ട് ഞങ്ങളെ എല്ലാം നോക്കി ഇംഗ്ലീഷിൽ: "നിങ്ങൾക്ക് വേണമെങ്കിൽ പുസ്തകം തുറന്ന് വായിച്ചോ. നിങ്ങൾ വായിച്ചാലും ഇല്ലെങ്കിലും എനിക്കുള്ള ശംബളം കൃത്യമായി കിട്ടും." ആ മഹാനാണ് എങ്ങിനെ ആയിരിക്കരുത് ഒരു അദ്ധ്യാപകൻ എന്നതിന്ന് എനിയ്ക്ക് മാതൃകയായത്. അതോട് കൂടി ഫിസിക്സ് എനിക്ക് വെറുക്കപ്പെട്ട വിഷയമായി മാറി.
പുലാപ്പറ്റയിലും കോയമ്പത്തൂരിലെ സ്‌കൂളുകളിലും മികച്ച കുറെ അദ്ധ്യാപകരെ കാണുകയും അവരുടെ ശീക്ഷണത്തിൽ പഠിക്കുകയും ചെയ്തിട്ടുണ്ട്, എങ്കിലും കരട് പോലെ തടഞ്ഞു നിൽക്കുന്നത് ഇയാളാണ്.
മികച്ച അദ്ധ്യാപകരുടെ നിലയിലേക്ക് ഉയരാൻ പറ്റില്ല എന്ന ബോധ്യമുള്ളത് കൊണ്ടും മറ്റേ അദ്ധ്യാപകന്റെ അത്ര താഴാൻ പറ്റില്ല എന്നുള്ളത് കൊണ്ടും അദ്ധ്യാപകനാവുക എന്നത് ഒരിക്കലും എൻ്റെ ആഗ്രഹമായിരുന്നില്ല.
എങ്കിലും പഠിക്കുന്ന കാലത്ത് നാട്ടിലെ എംപീസ് ട്യൂട്ടോറിയലിലും സുകുമാരന്റെ പാരലൽ കോളേജിലും ഏതാനും ദിവസങ്ങൾ മാഷ് ചമഞ്ഞിട്ടുണ്ട്.
കാഠ്‌മണ്ഡുവിൽ സ്ഥലം കാണാൻ എത്തിപ്പെട്ടപ്പോൾ സുഹൃത്തുക്കളെ ചാരിനിൽക്കുന്നത് ശരിയല്ല എന്ന നിലയ്ക്ക് അദ്ധ്യാപക ജോലി തന്നെ ചെയ്യേണ്ടി വന്നത് കാലം കരുതി വെച്ച ഒരു ഫലിതമായിരുന്നു. വലിയ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞാൽ അവിടെ ആർക്കും അദ്ധ്യാപകനാവമത്രേ. മദ്രാസി എന്ന് വിളിക്കുന്ന ദക്ഷിണേന്ത്യക്കാരക്ക് മുൻഗണനയുണ്ട്.
ആ രണ്ട് യോഗ്യതകളും ഉണ്ടായിരുന്നത് കൊണ്ട് ജോലിയിൽ കയറിപ്പറ്റി. തിന്നല്ലാതെ ഉണ്ടാക്കി ശീലമില്ലാത്തത് കൊണ്ട് ബോർഡിങ് സ്‌കൂൾ തന്നെയാണ് തിരഞ്ഞെടുത്തത്. ഒന്ന് മുതൽ ഏഴു വരെ ക്‌ളാസ്സുകൾ. ഏഴാം ക്‌ളാസ്സിലെ കുട്ടികളെ കണ്ടപ്പോൾ ശരിക്കും ഉള്ളൊന്നു കാളി. മസിലു പെരുപ്പിച്ച് മീശയും ഊശാൻ താടിയും വെച്ച വിദ്യാർത്ഥികൾ. ചേർന്ന മാസം തന്നെ കാൽകൊല്ല പരീക്ഷയുടെ ക്‌ളാസ്സ് സൂപ്പർവിഷനായിരുന്നു. മൂത്രമൊഴിക്കാൻ എന്ന പേരിൽ പോയി പുസ്തകം നോക്കി വരുന്നത് അവർക്കിടയിൽ ഒരു പതിവായിരുന്നത്രെ. പക്ഷെ എന്തിലും ചാടി വീഴുന്ന മലയാളിക്ക് അത് കണ്ടു നില്ക്കാൻ ആവുമോ? ഞാൻ ഒരുത്തന്റെ പിന്നാലെ ബാത്‌റൂമിൽ പോയി കൈയ്യോടെ അവൻ്റെ കളവ് കണ്ടുപിടിക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. എൻ്റെ തുടയുടെ അത്ര വണ്ണമുള്ള കൈയ്യിലെ മസിൽ ഉരുട്ടി എന്നെ ചൂണ്ടി എന്തോ അവൻ പറഞ്ഞു പോയി. എന്താ പറഞ്ഞതെന്ന് മനസിലാവാതെ അവനെ നോക്കി ഒരു ഇളിഞ്ഞ ചിരിയുമായി നിന്ന എന്നോട് അടുത്തുള്ള ഒരു പയ്യൻ മുറി ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു: "പുറത്തിറങ്ങിയാൽ സാറേ തല്ലും എന്നാ അവൻ പറഞ്ഞു പോയെ."
പിന്നീട് കുറച്ച് കാലം തുണയില്ലാതെ പുറത്തിറങ്ങാതെയായി. ഇറങ്ങിയാൽ തന്നെ ഇടവും വലവും നോക്കിയായിരുന്നു യാത്ര. പക്ഷെ വലിയ പ്രശ്നമൊന്നും പിന്നീട് ഉണ്ടായില്ല. പേടി മാറി ഒറ്റയ്ക്ക് പോകാമെന്നായി. പേരിന്ന് ഇംഗ്ലീഷ് മാഷാണെങ്കിലും എനിയ്ക്ക് എല്ലാ വിഷയത്തിലും ഒരു കൈ നോക്കേണ്ടി വന്നു. എല്ലാ ക്‌ളാസ്സുകളും. അപ്പോഴാണ് ഒരു കാര്യം കൃത്യമായി ബോധ്യപ്പെട്ടത്. പഠിപ്പിക്കാൻ ഏറ്റവും പാട് പ്രൈമറി ക്‌ളാസ്സുകളാണ്. വിദ്യാർത്ഥികൾക്ക് ഞാൻ കാരണം വലിയ മെച്ചമുണ്ടായിരുന്നില്ലെങ്കിലും ഒരൊന്നര കൊല്ലം അങ്ങിനെ കടന്നു പോയി.
നാട്ടിൽ വന്നു നിന്ന് ജോലി അന്വേഷണം തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. സംസാരിക്കാനല്ലാതെ എന്നെ മറ്റൊരു പണിക്കും കൊള്ളില്ല എന്ന്. അങ്ങിനെയാണ് മാഷ് പണിക്ക് വീണ്ടും എത്തി പെടുന്നത്. അടുത്ത ഊഴം കർണാടകത്തിലെ ഗുൽബർഗ്ഗയായിരുന്നു. അപേക്ഷിച്ച് കിട്ടിയ ഏക സ്ഥലം എന്നത് കൊണ്ട് വേറെ ഒന്നും ആലോചിക്കാതെ അങ്ങോട്ടെത്തി. ജോലിക്ക് എടുക്കുമ്പോൾ അപ്പർ പ്രൈമറി അദ്ധ്യാപകനായിട്ടാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞെങ്കിലും, ഏഴു മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങി. താമസിയാതെ തന്നെ പത്തിലെ നോൺ ഡീറ്റൈലും എൻ്റെ ചുമതലയിൽ വന്നു എന്ന് മാത്രമല്ല ഒരു ക്‌ളാസ് ടീച്ചർ എന്ന ചുമതലയും ആയി.
അദ്ധ്യാപന കാലത്തെ ഏറ്റവും മികച്ച വർഷങ്ങൾ കോഴിക്കോട്ടെ ദിനങ്ങളായിരുന്നു എന്ന് പറയാം. ബോര്ഡിങ് സ്‌കൂൾ ആയത് കൊണ്ട് വിദ്യാർത്ഥികളും അദ്ധ്യാപരും തമ്മിൽ ഊഷ്മളമായ ബന്ധമായിരുന്നു. അദ്ധ്യാപകർ തമ്മിലും പരസ്പ്പര സഹകരണവും സൗഹൃദവും ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഇംഗ്ലീഷിൽ തന്നെ പഠിപ്പിക്കുന്നതിനിടയിൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു: മറ്റെല്ലാ മാഷമ്മാരും മലയാളത്തിൽ സംസാരിക്കുമ്പോൾ സാർ മാത്രം എന്താണ് ഞങ്ങളോട് ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്നത്.
ഒരു അദ്ധ്യാപകൻ എന്ന നിലയ്ക്ക് ഞാൻ എന്ത് നേടി എന്ന് അറിയില്ല. മൂന്ന് സ്ഥലത്തും മികച്ച സുഹൃത്തുക്കളെ കിട്ടിയതും അവരുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട് എന്ന കാര്യവുമാണ് എനിയ്‌ക്ക് നേട്ടമായി തോന്നുന്നത്.
മറ്റൊരു സ്‌കൂളിൽ വൈസ് പ്രിൻസിപ്പലായി നിയമനം കിട്ടുന്ന അവസരത്തിലാണ് ഇതല്ല എൻ്റെ ജോലി എന്ന് ഞാൻ ഉറപ്പിച്ചതും അദ്ധ്യാപക റോൾ അഴിച്ച് വെക്കുന്നതും, ഗുരുത്വവും ആകർഷണവും നഷ്ടപെട്ട ഗൃഹം കണക്കെ ഭ്രമണപഥം വിട്ട് ശൂന്യതയിൽ പതിക്കുന്നതും.
പിന്നീട് ഒരിക്കൽ നാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോകവേ എൻ്റെ ഒരു വിദ്യാർത്ഥി ആ ബസ്സിൽ കേറാൻ ഇടയായി. അയാളോട് വിശേഷങ്ങൾ തിരക്കവേ തമിഴ് നാട്ടിൽ പഠിക്കുകയാണ് എന്ന് പറഞ്ഞു. ഐഛിക വിഷയമായി ഫ്രഞ്ച് എടുത്ത കാര്യം പറഞ്ഞു. മറ്റൊരു വിഷയമായ അഡ്വാൻസ്‌ഡ് ഇംഗ്ലീഷിന്ന് പകരമാണ് ഫ്രഞ്ച് എടുത്തത്. ഇംഗ്ലീഷിൽ മികവ് പുലർത്തിയിരുന്ന അയാൾ എന്തിനാണ് ഫ്രഞ്ച് എടുത്തത് എന്ന എന്റെ ചോദ്യത്തിന്ന് മറുപടി ഇങ്ങനെ: സാർ കാരണം എനിയ്ക്ക് ഇംഗ്ലീഷിൽ നല്ല പിടിപാടുണ്ട്. എന്നാ പിന്നെ വേറെ ഒരു ഭാഷകൂടി പഠിക്കാമല്ലോ..
തരക്കേടില്ലാലോ എന്ന് സ്വയം തോന്നിയ നിമിഷം. സൈഫു ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു: എടാ പഹയാ.. നീ ഇതും ഒപ്പിച്ചോ..
Wednesday, 1 September 2021
മകാരവും മലയാളിയും
image courtesy: Tinjo Thomas on DRIBBLE
എൻ്റെ ഓർമ്മയിലെ അറുപതുകളിൽ തമിഴിൽ ആകെ കുറച്ച് ആഴ്ചപ്പതിപ്പുകളെ ഉണ്ടായിരുന്നുള്ളൂ. ആനന്ദ വികടൻ ആദ്യത്തെ മാസിക. പിന്നീട് നാല്പതുകളുടെ തുടക്കത്തിൽ വന്ന കൽക്കി. പിന്നീട് ആ ദശകത്തിന്റെ ഒടുവിൽ അവതരിച്ച കുമുദം. എൻ്റെ വായന സജീവമാവുന്ന എഴുപതുകളിൽ ഇവയെ കൂടാതെ റാണി എന്ന പേരിലൊരു "കുടുംബ" വാരികയും പ്രചാരത്തിൽ വന്നിരുന്നു. ആനന്ദ വികടൻ പേരിനെ അന്വർഥമാക്കിക്കൊണ്ട് കഥകൾക്ക് പുറമെ രാഷ്ട്രീയവും ഹാസ്യ രൂപത്തിൽ കൈകാര്യം ചെയ്തിരുന്നു. കൽക്കി ചരിത്രത്തിന്നും ആത്മീയത്തിന്നും ഊന്നൽ നൽകി. കുമുദം ആയിരിക്കണം തികച്ചും വാണിജ്യപരമായി തുടങ്ങിയ ആദ്യത്തെ പ്രസിദ്ധീകരണം. ടാബ്ലോയിഡ് സ്വഭാവത്തോടെ ഉള്ളടക്കം രൂപകൽപന ചെയ്ത കുമുദത്തിൽ വിനോദം മാത്രമാക്കിയുള്ള വാർത്താ നുറുങ്ങുകളും ഫീച്ചറുകളും ചില കഥകളും പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് എന്ന അവകാശവാദത്തോട് കൂടി രംഗത്ത് വന്ന റാണി വാരിക അറുപതുകളുടെ തുടക്കത്തിൽ സജീവമായി, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനപ്രീതി നേടി. വൈകാരിക മുഹൂർത്തങ്ങൾ ഉള്ളടക്കമാക്കിയ അതിലെ തുടർകഥകൾ കൂടി അതിന്ന് കാരണമായിട്ടുണ്ടാവാം.
മലയാളത്തിലെ ആഴ്ചപ്പതിപ്പുകളുടെ സജീവ ചരിത്രം തുടങ്ങുന്നത് മാതൃഭൂമി ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലൂടെയായിരിക്കും. അധികം താമസിയാതെ മനോരമയും ആഴ്ചപ്പതിപ്പിറക്കി. ആശയപരമായ ഭാരം പേറിവന്ന മാതൃഭൂമി മലയാള സാംസ്‌കാരിക സാഹിത്യ രംഗത്ത് മികച്ച സംഭാവനകൾക്ക് കാരണമായി. പക്ഷെ അക്ഷര സ്നേഹികളായ കച്ചവടക്കാർ ഉൾപ്പെട്ട മനോരമയാവട്ടെ വായന കൂടുതൽ പേരിൽ എത്തിക്കാനാണ് ശ്രമിച്ചത്. മാതൃഭൂമി മൂല്യാധിഷ്ഠിത കനത്ത വായനക്കാരെ വരിക്കാരാക്കിയപ്പോൾ മനോരമ വായന വിനോദമായി മാത്രം കണ്ട ആളുകളെയാണ് ലക്‌ഷ്യം വെച്ചത്. വായനക്കാരുടെ എണ്ണത്തിലും ലാഭത്തിൻറെ കാര്യത്തിലും മനോരമയാണ് നേട്ടമുണ്ടാക്കിയത് എന്ന് പറയാം. അതിലെ കഥകൾ തുടർകഥകളായിരുന്നു. തുടർകഥകളുടെ മെച്ചം ഓരോ ആഴ്ചയും അടുത്ത ലക്കത്തിന്ന് വേണ്ടി ആളുകൾ കാത്തിരിക്കും എന്നതാണ്. കഥ നല്ലതാണെങ്കിലും മോശമാണെങ്കിലും അതിൻ്റെ അവസാനം അറിയാനുള്ള താൽപര്യം മനുഷ്യസഹജമാണ്. അല്ലെങ്കിൽ ആയിരത്തൊന്നു രാവുകളുടെ കഥ ഒരൊറ്റ രാത്രികൊണ്ട് തീരുമായിരുന്നല്ലോ.
ടെലിവിഷനിൽ ഈ കഥാപരമ്പരകൾ സീരിയലുകൾ എന്ന പേരിലും മെഗാ സീരിയലുകൾ എന്ന പേരിലും പ്രത്യക്ഷപ്പെട്ടു. മലയാള ടെലിവിഷനിൽ മെഗാ സീരിയലുകളുടെ കാലം തുടങ്ങുന്നത് ഏഷ്യാനെറ്റിലെ 'സ്ത്രീ' പരമ്പരയിലൂടെയാണ് എന്ന് പറയാം. അത് വരെ സീരിയലുകളുടെ പരമാവധി നീളം അഞ്ചു അല്ലെങ്കിൽ ഏഴു എപ്പിസോഡുകളായിരുന്നു. പതിനാലു വരെ അത് പോയിട്ടുണ്ട്. പക്ഷെ സ്ത്രീ പരമ്പര ദ്രൗപദിയുടെ ചേല പോലെ നീണ്ട് നീണ്ടങ്ങു പോയി. മഹത്തായ സാമ്പത്തിക വിജയം അതിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾക്ക് നിമിത്തമായി. പണ്ട് ഉത്തരേന്ത്യക്കാർ രാമായണം മഹാഭാരതം തുടരുകൾക്ക് മുന്നിൽ തപസ്സിരുന്നത് പോലെ മലയാള പ്രേക്ഷകർ സ്ത്രീക്ക് മുമ്പിൽ അടിയറവു പറഞ്ഞു. ഏഴു മണിക്ക് ടെലിവിഷൻ സാന്ദ്രത കൂടിയ മേഖലകളിലെ തെരുവുകൾ എല്ലാം ശൂന്യമായി. ഗോവിന്ദപുരത്തെ വീട്ടിലേക്ക് ഏഴുമണി കഴിഞ്ഞു ഓടിക്കേറിയ അമ്പ്യാരമ്മാമ ഉമ്മറത്ത് ചെരുപ്പ് അഴിച്ച് വെക്കുന്നതിടയിൽ ഉള്ളിലേക്ക് നോക്കി "വിമലേ സ്ത്രീ എന്തായി..?" എന്ന് ചോദിക്കുന്ന തരത്തിൽ അത് മലയാളിയുടെ പ്രധാന ഉൽക്കണ്ഠയായി മാറിയിരുന്നു.
ഇംഗ്ലീഷിൽ സോപ്പ് ഒപേര എന്ന പേരിൽ അറിയപ്പെടുന്ന തുടരുകളുടെ ചുവട് പിടിച്ചാണ് നമ്മുടെ സീരിയലുകൾ എത്തുന്നത്. കുടുംബങ്ങൾക്കുളിലെ നാടകീയതയും വൈകാരികതെയുമാണ് ഇവയുടെ പ്രധാന ഉള്ളടക്കം.
മനോരമയിലെയും പിന്നീട് വന്ന മംഗളത്തിലെയും തുടരുകൾ വായിക്കുന്നവരോട് കാമ്പുള്ള വായനക്കാർ എന്ന് അവകാശപ്പെടുന്ന മലയാളികൾക്ക് ഒരു പുച്‌ഛം ഉണ്ടായിരുന്നു. പക്ഷെ അവർ കാണാതെ പോകുന്ന ഒരു കാര്യമുണ്ട്. കച്ച മുറുക്കി സാക്ഷരത ഒരു യജ്ഞമായി മലയാളി ഏറ്റെടുക്കുന്നതിന്ന് മുമ്പ് മലയോരവാസികളിൽ അക്ഷരത്തിൻ്റെ കൗതുകം ഉണർത്തിയത് ഈ "മ" പ്രസിദ്ധീകരണങ്ങളാണ്. ബൗദ്ധിക നിലവാരവും ജീവിതത്തിലെ ലക്ഷ്യങ്ങളും എല്ലാവരിലും ഒരു പോലെയാവണം എന്നില്ലലോ. വിജയനെയും ആനന്ദിനെയും വായിക്കുന്നവർ മാത്രം വായനക്കാർ എന്ന് പറയാൻ ആവില്ലലോ. കൂടുതൽ ആവശ്യക്കാർ വിനോദത്തിന്ന് വേണ്ടിയുള്ള വായനയ്ക്കാണ്. ഏതൊരു വായനക്കാരൻറെയും തുടക്കം മിക്കവാറും ഇത്തരം ജനപ്രിയ പ്രസിദ്ധീകരണത്തിലാവും. കുറച്ചു പേരിലെങ്കിലും ഒരു ഘട്ടം കഴിഞ്ഞാൽ അത് മടുപ്പുളവാക്കുകയും വായനയുടെ അടുത്ത തലങ്ങളിലേക്ക് അവർ എത്തിപ്പെടുകയും ചെയ്യും.


