Saturday, 26 December 2020

തൊഴുത്തിൽ നിന്ന് അരമനയിലേക്കുള്ള ദൂരം*

 

ലോകത്തെ അനേകം കോടി ജനങ്ങൾ പ്രവാചകനായും ദൈവ പുത്രനായും വണങ്ങുന്ന യേശു ക്രിസ്തുവിന്റെ ജന്മദിനമായി കരുതി ആഘോഷിക്കപ്പെടുന്ന ദിനമാണ് ക്രസ്തുമസ്. ഡിസംബർ 25 എന്ന തിയ്യതിയാണ് അതിനായ് തിരഞ്ഞെടുത്തത്. ഈ ദിവസം ക്രിസ്ത്യാനികൾ അല്ലാത്തവരും ആഘോഷമാക്കാറുണ്ട് - വിശ്വ സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി.

യേശു എന്ന പ്രവാചകന്റെ ജീവിതവും സന്ദേശങ്ങളും ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ക്രിസ്തു ജീവിച്ചതായി വിശ്വസിക്കുന്ന കാലഘട്ടം കഴിഞ്ഞ് ഏകദേശം മുന്നൂറ് കൊല്ലങ്ങൾക്ക് ശേഷമാണ് ഈ ദിനം ആദ്യമായ് കൊണ്ടാടപ്പെടുന്നത്. ഡിസംബർ 25 എന്ന ദിനമാണ് ഗ്രിഗോറിയൻ കൊല്ലവര്ഷത്തിൽ മകര സംക്രാന്തിയായ് (വിന്റർസോൾസ്റ്റീസ്) ആചരിക്കപ്പെടുന്നത് എന്നതാണത്ര കാരണം. ജൂലിയൻ കലണ്ടർ പ്രകാരം ഈ സംക്രാന്തി ജനുവരി 7 ന്ന് വരുന്നത് കൊണ്ട് ഒരു വിഭാഗം അന്നാണത്രെ ആഘോഷിക്കുന്നത്. ഈ ദിനത്തിലാണ് ക്രിസ്തു ജനിച്ചത് എന്ന് പറയുന്നതിനേക്കാൾ ഈ ദിനത്തിലാണ് ക്രിസ്തുവിന്റെ ജനനം ആഘോഷിക്കപ്പെടുന്നത് എന്നതാവും ശരി. എന്തായാലും ലോകമെമ്പാടും ഈ ദിവസം കാരുണ്യത്തിന്റെയും നന്മയുടെയും വിളംബര ദിനമാണ്. സത്യത്തിന്റെയും ധർമ്മത്തിന്റെയും ദിനമാണ് എന്ന് കൂടി വ്യാഖ്യാനിക്കാം.

ദൈവത്തിന്റെ സന്ദേശ വാഹകനായ ക്രിസ്തുവിന്റെ വഴിയേ വിശ്വാസികളെ നയിക്കാൻ നിയുക്തരായവരാണ് പുരോഹിതന്മാർ. ക്രിസ്തുമസിന്റെ രണ്ട് ദിവസം മുമ്പ് വന്ന വിധി പ്രസ്താവം ഇക്കാലത്തെ ധർമ്മാധർമ്മ സങ്കല്പ്പങ്ങൾക്കുള്ള ഒരു ചൂണ്ടു പലക കൂടിയാണ്.

പുരോഹിതന്മാർ ഒരു കണക്കിൽ ദൈവത്തിന്റെ ഇടനിലക്കാരാണ്. അത് അവർക്ക് മനുഷ്യന്റെ മേലും ആ മനുഷ്യൻ ഭാഗമാകുന്ന സമൂഹത്തിന്റെ മേലും അനിഷ്യേധ്യമായ സ്വാധീനം പ്രദാനം ചെയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അധികാരം.

അധികാരം ദുഷിപ്പിക്കുന്നു എന്നത് കാലാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ള വിശ്വാസമാണ്.

യൂറോപ്പിൽ ഒരു കാലത്ത് രാജാവിനേക്കാൾ അധികാരം പൗരോഹിത്യത്തിനായിരുന്നു. രാജാവ് പാപ്പയുടെ നിർദേശങ്ങൾക്ക് അനുസരിച്ച ഭരണം നടത്തുന്ന നടത്തിപ്പുകാരൻ. യൂറോപ്പിന്റെ ഇരുണ്ട കാലമായ് വിശേഷിപ്പിക്കപ്പെടുന്ന ആ നൂറ്റാണ്ടുകൾ മതം എങ്ങിനെ സ്വാർത്ഥ ലാഭങ്ങൾക്കുള്ള ഉപാധിയായി മാറ്റാം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു.

ഇത് ക്രിസ്തുമതത്തിന്റെ മാത്രം പ്രത്യേകതയല്ല. സാധാരണക്കാരുടെ മേൽ നിയന്ത്രണമുള്ള എല്ലാ വിശ്വാസങ്ങൾക്കും ലഭിക്കുന്ന ആനുകൂല്യമാണ്.

ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണപ്പെടുന്ന അവരും കേവലം മനുഷ്യർ മാത്രമാണ്. മനുഷ്യ സഹജമായ ചാപല്യങ്ങളിൽ നിന്ന് മുക്തരല്ല. മനുഷ്യരിലെ നന്മ പോലെത്തന്നെ മനുഷ്യരിലെ തിന്മയും അവരിൽ പ്രതിഫലിക്കും. അധികാരത്തിന്റെ മേലങ്കിക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ അത് ചോദ്യങ്ങൾക്ക് അതീതമാവും.

സമീപകാല ഓർമ്മയിലെ കാര്യങ്ങൾ വീണ്ടും വീണ്ടും ഇതിന്ന് അടിവര ഇടുന്നു. സമീപ സംസ്ഥാനത്തിലെ വിശുദ്ധ പീഠാധിപൻ വനവാസത്തിനെന്ന പോലെ ജയിലിൽ പോയി വന്നത് ഓർക്കാം. മറ്റൊരു സെമിറ്റിക് മതത്തിന്റെ ഒരു ആചാര്യന്റെ നേർക്ക് നിഴല് പോലെ ചൂണ്ടിനിൽക്കുന്ന ആരോപണത്തിന്റെ കാമ്പ് ഗൗരവമുള്ളതാണ്. ദില്ലിയിൽ തടവിലാക്കപ്പെട്ട ബാപ്പുമാർക്ക് നേരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളും സാധാരണമല്ല. എന്നിട്ടും ഇവരുടെ അനുയായികൾക്ക് വിശ്വാസ ഭംഗം ഉണ്ടാവാത്തത് എന്ത് കൊണ്ടാണ്. മേൽ ഉദ്ധരിച്ച കോടതി വിധിയുടെ കാര്യത്തിൽ സഭയുടെ ഔദ്യോഗിക നിലപാടും ശിക്ഷ വിധിക്കപെട്ട പുരോഹിതരോട് അനുഭാവം പുലർത്തുന്നതാണല്ലോ. കൊല്ലപ്പെട്ടത് ആ സഭയിലെ ഒരു അംഗമാണ് എന്നതൊന്നും നിലപാടുകൾക്ക് മാറ്റം വരുത്തിയില്ല.

മതങ്ങളിലെ പൗരോഹത്യം മുഴുവൻ ഇങ്ങനെയാണ് എന്ന് അര്ഥമാക്കുന്നില്ല. ഭൂരിപക്ഷവും ഇങ്ങനെ അല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എന്ന് തന്നെ പറയാം.

പക്ഷെ ഇങ്ങനെ കുറ്റങ്ങൾ ചെയുന്നവർ അധികാരത്തിന്റെ ദണ്ഡ് കൈയാളുന്നവരോ അധികാരത്തിനെ തൊട്ടു തലോടി നിൽക്കുന്നവരോ ആണ് എന്നത് കൊണ്ട് സമൂഹത്തിന്റെ തെറ്റ് ഇവർക്ക് തെറ്റല്ലാ എന്ന് വരുത്തിത്തീർക്കാൻ പറ്റുന്നു. ഇഹലോകത്തിലെ ചെയ്തികളെക്കാൾ പരലോകത്തിലെ വിധികളെ ഭയക്കുന്ന സമൂഹമാണ് നമ്മൾ എന്നതാണ് പല ചെയ്തികൾക്കും മറയാവുന്നത്. അന്നും ഇത് തന്നെയായിരുന്നു സ്ഥിതി. ഇന്നും അങ്ങിനെ തന്നെ. നാളെ അത് വിഭിന്നമാവാൻ സാധ്യതയില്ല. വിശ്വാസം എന്നത് എന്നും അന്ധമാണല്ലോ.

ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാൻ മനുഷ്യൻ കണ്ടെത്തിയ മരുന്നാണ് പ്രത്യാശ. ക്രിസ്തുവിന്റെ ജന്മം അടയാളപ്പെടുത്തുന്ന ഈ ദിനം ക്രിസ്തുവിന്റെ പേരിൽ നടത്തപെടുന്ന ആത്മീയ സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വീണ്ടുവിചാരത്തിനുള്ള അവസരമാവും എന്ന പ്രത്യാശയോടെ കുറിപ്പ് അവസാനിപ്പിക്കുന്നു.

ക്രിസ്തുവും ക്രിസ്തുമതവും തമ്മിൽ ഇന്ന് നില നിൽക്കുന്ന അന്തരം, തൊഴുത്തിൽ നിന്ന് അരമനയിലേക്കുള്ള ദൂരമാണ്. നമ്മൾ എന്നും ആഘോഷിക്കേണ്ടത് തൊഴുത്തിലെ തിരുപ്പിറവിയാണ്. മറ്റേത് അനുഭവ യാഥാർഥ്യവും.




(*note: this was a solicited piece originally written for, and published in the editorial page of the Christmas edition of, New Age daily, the first and only daily business newspaper in Malayalam)
 


 

Sunday, 20 December 2020

ഫാർമസിയും ഞാനും











രാമ വാര്യരും അനിയേട്ടനും


അന്ന് കോയമ്പത്തൂർ പട്ടണം റയിൽവേ സ്റ്റേഷൻറെ അടുത്തുള്ള വലിയആശുപത്രി കഴിഞ്ഞു അധികം വളർന്നിട്ടില്ല. പട്ടണത്തിന്റെ പരമാവധി വളർച്ച ഇംഗ്ലീഷ് പടങ്ങൾ മാത്രം കളിക്കുന്ന റെയിൻബോ തീയേറ്റർ വരെ മാത്രം. അനുപ്രസ്ഥ തരംഗങ്ങൾ പോലെയാണ് നഗരങ്ങൾ വളരുന്നത് - നഗര ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കേന്ദ്രത്തിൽ നിന്ന് വൃത്താകൃതിയിൽ വികാസം പ്രാപിക്കുന്ന വളർച്ച. 

കോയമ്പത്തൂരിന്റെ വടക്കേ അതിരിലും ഇംഗ്ലീഷ് ചിത്രങ്ങൾ മാത്രം കളിക്കുന്ന സെൻട്രൽ തീയേറ്റർ ഉണ്ടായിരുന്നു. പാലക്കാട്ടെ അതിരിലും ഇംഗ്ലീഷ് പടങ്ങൾ മാത്രം കളിക്കുന്ന ഹൃദയ തീയേറ്റർ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പടങ്ങൾ നഗരാതിർത്തിയിൽ വേണം എന്നുണ്ടായിരുന്നോ ആവോ. 

റെയിൻബോ തീയേറ്റർ കഴിഞ്ഞാൽ പിന്നെ നഗരാതിർത്തി ഔദ്യോഗികമായി അടയാളപ്പെടുത്തുന്ന ചുങ്കമായിരുന്നു. ഇതിലൂടെ പോകുന്ന പ്രധാന നിരത്തായിരുന്ന ട്രിച്ച്ചി റോഡിലൂടെ പിന്നെയും ഒരു നാഴിക പോകണം ആര്യ വൈദ്യ ഫാർമസിയുടെ ചികിത്സാലയം എത്തുവാൻ. 

ചികിത്സാലയം എത്തുന്നതിന്റെ ഏകദേശം ഒരു ഫർലോങ് മുമ്പെയുള്ള ബസ് സ്റ്റോപ്പാണ് ഒളമ്പസ്. ഈ ഒരു പേര് വരാൻ എന്താണ് കാരണം എന്ന് ഞാൻ ആലോചിക്കാറുണ്ട്. അന്ന് വളരെ കുറച്ച് മോട്ടോർ വാഹനങ്ങൾ മാത്രം ഓടിയിരുന്ന റോഡിലൂടെ അധികവും കുതിരവണ്ടികളും കാള വണ്ടികളും ആയിരുന്നു. സൈക്കിൾ പോലും കുറവായിരുന്നു. അത് കൊണ്ട് നാലഞ്ചു വയസ്സ് പ്രായമുള്ള എനിയ്ക്ക് പോലും മൈതാനത്തിലൂടെ എന്ന പോലെ റോഡ് മുറിച്ച് കടക്കാമായിരുന്നു. 

ബസ് സ്റ്റോപ്പിന്ന് എതിർവശത്തായി എപ്പോഴും തുറന്നു തന്നെ കിടക്കുന്ന ഗെയ്റ്റ് ആണ് രാജ മന്ദിരം. ആര്യ വൈദ്യ ഫാർമസി എന്ന ഇന്നത്തെ വട വൃക്ഷത്തിന്ന് വിത്ത് പാകിയ രാമ വാരിയരുടെ വീട്. ഗെയ്റ്റ് കടന്നാൽ തന്നെ, ഒരു വലിയ കാറിന്ന് പോകാൻ പാകത്തിൽ വീതിയുള്ള നടവഴിയുടെ അറ്റത്ത് കാണുന്ന കാർ ഷെഡ്‌ഡിൽ, ഒരു കൂറ്റൻ കറുത്ത ഷെവർലെ കിടക്കുന്നത് കാണാം. തുടച്ച് തുടച്ച് മുഖം നോക്കാവുന്ന മിനുക്കത്തിൽ കിടക്കുന്ന ആ കാർ ആണ് ഞാൻ ആദ്യമായി അടുത്ത് കണ്ട കാർ. അവിടുന്ന് വലത്തോട്ട് തിരിഞ്ഞാൽ വീടായി. വിശാലമായ പൂമുഖത്തോടു കൂടിയ രണ്ട് നില വീട്. ഞങ്ങളുടെ എല്ലാം അന്നദാദാവായിരുന്ന രാമ വാരിയർ കുടുംബ സമേതം താമസിക്കുന്ന വീട്. 

ഞങ്ങളുടെ എന്ന് പറഞ്ഞാൽ, ചികിത്സാലയത്തിലും റെയിൻബോ തീയേറ്ററിന്ന് അടുത്തായി സ്ഥിതി ചെയുന്ന ഹെഡ് ആപ്പീസിലും കഞ്ചിക്കോട്ടെ ഫാക്ടറിയിലും ഒക്കെയായി ജോലി ചെയുന്ന ജീവനക്കാരുടെ എന്നർത്ഥം. 

രാമനാഥപുരത്ത് മണിയം തീയേറ്ററിന്റെ നേർ എതിർവശത്ത് ഏക്കറുകണക്കെ പരന്ന് കിടന്ന ചോളത്തോട്ടത്തിന്ന് നടുവിലായി സ്ഥിതി ചെയുന്ന ബംഗ്ലാവായിരുന്നു ചികിത്സാലയം. സമ്പന്നനായ ഒരു കൃഷിക്കാരൻ വലിയ വാടക ഈടാക്കാതെ വിട്ടുനൽകിയതായിരുന്നു അതെന്നാണ് എൻ്റെ ഓർമ്മ. കെട്ടിടവും അനുബന്ധ നിർമ്മിതികളും ചികിത്സാലയത്തിന്റെ ഉപയോഗത്തിലായിരിക്കെ തന്നെ ആ വളപ്പിനുള്ളിൽ ചോളവും കരിമ്പും അയാൾ മാറി മാറി കൃഷി ചെയ്തിരുന്നു. കരിമ്പും ചോളവും ഞങ്ങൾ കുട്ടികൾ ഇടയ്ക്ക് തിന്നാൻ പറിക്കുന്നത് അയാൾ അത്ര കാര്യമാക്കിയിരുന്നില്ല എന്ന് തോന്നുന്നു. 

ബംഗ്ലാവിന്റെ മുൻവശത്തെ വരാന്ത കയറി നടുത്തളത്തിൽ എത്തിയാൽ കാണുന്ന മുറികൾ, കിടത്തി ചികിത്സയുള്ള രോഗികൾക്കുള്ളതായിരുന്നു. മധ്യഭാഗത്തായി കിടത്തി ചികിത്സയ്ക്കുള്ള മുറികൾ. ബംഗ്ലാവിന്റെ പുറകുവശത്ത് അഞ്ചു കുടുംബങ്ങൾക്ക് താമസിക്കാവുന്ന രണ്ട് മുറി ക്വാർട്ടേഴ്‌സ്. അതിലെ ഒരു ക്വാർട്ടേസിലാണ് എൻ്റെ ജീവിതം തുടങ്ങുന്നത്.

എഴുപതുകളുടെ ഒടുവിൽ രാജ മന്ദിരത്തിന്ന് പുറകിലായി സ്ഥിതി ചെയ്തിരുന്ന ഒഴിഞ്ഞ പറമ്പിലേക്ക് ചികിത്സാലയം പറിച്ച് നടുന്നത് വരെ, എൻ്റെ ബാല്യം വളർന്നത് ഈ വിശാലതയിലായിരുന്നു. 

ചികിത്സാലയത്തിലെ റസിഡൻറ്റ് വൈദ്യൻ അച്ഛനായിരുന്നു. പ്രധാന വൈദ്യൻ രാമവാര്യർ വന്നു പോയ്ക്കഴിഞ്ഞാൽ പിന്നെ ചികിത്സാലയം ഞങ്ങൾ കുട്ടികളുടെ മൈതാനമായി മാറും. മറ്റു കുട്ടികൾക്ക് ബംഗ്ലാവിന്ന് അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പക്ഷെ സ്ഥലം വൈദ്യന്റെ മകനായ എനിയ്‌ക്ക്‌ ഏതു മുറിയിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരിക്കൽ ഒരു രോഗിയുടെ മുറിയിൽ നിന്ന് പത്ത് പൈസയുടെ ഒരു നാണയത്തുട്ട് മോഷ്ടിക്കുകയും അത് കണ്ടുപിടിക്കപെടുകയും ചെയ്ത ശേഷം കുറച്ച് കാലം അച്ഛന്റെ നിരോധനാജ്ഞയെ തുടർന്ന് ബംഗ്ലാവിലേക്ക് എനിയ്ക്ക് പ്രവേശം ഉണ്ടായിരുന്നില്ല.

ഒരു വലിയ കുടുംബം പോലെയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. കുടുംബ നാഥയുടെ സ്ഥാനത്ത് നിന്ന് രാമ വാരിയരുടെ പത്നി ഞങ്ങളുടെ ഓരോരുത്തരുടെ ക്ഷേമവും അന്വേഷിക്കുമായിരുന്നു. അമ്മ വാരസ്യാർ എന്ന് ഞങ്ങൾ വിശേഷിപ്പിക്കാറുള്ള പങ്കജം വാരസ്യാർ ഞങ്ങൾക്കെല്ലാം അമ്മ തന്നെയായിരുന്നു. മറ്റുള്ള ജീവനക്കാരെക്കാട്ടിലും ഒരു ഇത്തിരി അടുപ്പം അച്ഛനോട് ഉണ്ടായിരുന്നു. രാമ വാര്യരുമായുള്ള വ്യക്തിപരമായ അടുപ്പം കൂടാതെ രാജ മന്ദിരത്തിലെ പരദേവതാ ക്ഷേത്രത്തിൽ ശാന്തിയും അച്ഛനായിരുന്നു. അച്ഛന്റെ കൂടെ ഇടയ്ക്കിടയ്ക്ക് പോകുന്ന എന്നോടും വാരസ്യാർക്ക് വാത്സല്യം ഉണ്ടായിരുന്നു. അവിടുത്തെ വിശേഷ സദ്യകൾക്ക് ഞങ്ങൾ സകുടുംബം ക്ഷണിതാക്കളായിരുന്നു. 

പെണ്മക്കൾ കൂടാതെ രണ്ട് ആൺ മക്കളായിരുന്നു രാമ വാര്യർക്ക്. മൂത്തത് രാജേട്ടൻ. രാജേട്ടന്റെ പേരായിരുന്നു വീടിന്ന്. രാജേട്ടൻ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നത് കൊണ്ട് എനിയ്ക്ക് അടുപ്പം കുറവായിരുന്നു. 

ഇളയ മകൻ കൃഷ്ണകുമാർ (ഡോ. കൃഷ്ണകുമാർ) എന്ന അനിയേട്ടനുമായായിരുന്നു അടുപ്പം. ആര്യ വൈദ്യ ഫാർമസിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ കോളേജ് തുടങ്ങുമ്പോൾ എനിയ്ക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യം ഏർപ്പാടാക്കാം എന്ന് അനിയേട്ടൻ അച്ഛനോട് പറഞ്ഞിരുന്നു. അതിന്ന് വേണ്ടി അച്ഛൻ എന്നെ സംസ്‌കൃതം പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. പഠിക്കേണ്ടത് ഞാനായത് കൊണ്ടും പഠിപ്പിക്കേണ്ടത് ക്ഷമ കുറവായ അച്ഛനായത് കൊണ്ടും മൂന്നാമത്തെ ദിവസം തന്നെ അത് അവസാനിച്ചു. 

എങ്കിലും എൻ്റെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു അനിയേട്ടൻ. കോയമ്പത്തൂർ വിട്ടു ഞാൻ അജ്ഞാതവാസമായിരുന്ന കാലത്തും അച്ഛൻ വഴിയും പരിചയക്കാർ വഴിയും അത് തുടർന്നിരുന്നു എന്ന് പിന്നീട് അറിഞ്ഞു. 
അവസാനമായി അനിയേട്ടനെ കാണാൻ പോയത് ഒരു സുഹൃത്തുമായി ചേർന്ന് പദ്ധതിയിട്ട ഒരു പരിപാടി സംബന്ധിച്ച് സംസാരിക്കാനായിരുന്നു. അതിന്ന് വേണ്ട സഹായങ്ങൾ അദ്ദേഹം വാഗ്‌ദാനം ചെയ്തു. അന്ന് തൻ്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നു. ഞങ്ങൾ കണ്ടത്തിന്റെ പിറ്റേ ദിവസം ചികിത്സയ്ക്കായി ലണ്ടനിൽ പോകുന്ന കാര്യവും പറഞ്ഞു. അപ്പോഴേക്കും അമ്മ വാരസ്യാരും രാജേട്ടനും ഒക്കെ ഓർമ്മയായിക്കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ കാലത്ത് അനിയേട്ടനും പോയി. 

ചികിത്സാലയവും രാജ മന്ദിരവും അത് പ്രദാനം ചെയ്ത സ്നേഹവും സ്വാതന്ത്ര്യവും ഓർമ്മയുടെ പച്ചപ്പായി അവശേഷിക്കെ, ഫാർമസി എന്ന തായ്‌വേരു നൽകിയ ഊർജ്ജവുമായി ജീവിതം വർത്തമാന യാഥാർഥ്യങ്ങളുമായ് മുന്നോട്ട് തന്നെ. 



Sunday, 13 December 2020

കൈ മറന്ന അക്ഷരം

pic courtesy


അക്ഷരങ്ങൾ എഴുതുക എന്നത് വലിയ പാടായിരുന്നു. ഒന്നാം ക്‌ളാസ്സിൽ ചേർന്നപ്പോൾ മുതൽ അത് ഒഴിവാവാൻ പറ്റാത്ത ദിനചര്യയായി മാറിയിരുന്നു. അതിന്ന് മുമ്പ് വിജയദശമി ദിവസം മാത്രം അമ്മയോ അച്ഛനോ അരിയിലോ മണലിലോ നിർബന്ധിച്ച് എഴുതിക്കുന്നൊരു ചടങ്ങു മാത്രമായിരുന്നു എഴുത്ത്. പക്ഷെ സ്‌കൂൾ മുതൽ അത് ദിവസേനയുള്ള ശിക്ഷയായി മാറി. തുടക്കത്തിലെ എഴുത്ത് ഇംഗ്ലീഷിലായിരുന്നു. പിന്നീട് തമിഴും എഴുതാൻ തുടങ്ങി. നാലുവരകളുള്ള നോട്ടുപുസ്തകത്തിൽ. ആദ്യം അക്ഷരങ്ങൾ. പിന്നെ വാക്കുകൾ.  പിന്നീട് ഒറ്റ വാക്യങ്ങൾ എന്നിങ്ങനെ എഴുത്തിന്റെ നീളവും എനിയ്ക്ക് അതുണ്ടാക്കുന്ന ഭാരവും കൂടിവന്നു. ക്രമേണ അക്ഷരങ്ങൾ വഴങ്ങിത്തുടങ്ങി. പിന്നീട് അത് വൃത്തിയായി എഴുതിക്കുന്നതിലായി അധ്യാപകരുടെ ശ്രദ്ധ. എന്തായാലും ആ സ്‌കൂൾ വിട്ടു അഞ്ചാം ക്‌ളാസ്സിൽ മറ്റൊരു സ്‌കൂളിൽ ചേരുന്നതിന് മുമ്പ് ഈ രണ്ട് ഭാഷകളും വലിയ തെറ്റില്ലാതെ, വായിക്കാൻ പറ്റുന്ന പരുവത്തിൽ, എഴുതാൻ പറ്റുമായിരുന്നു. 

മലയാളം എഴുതാൻ തുടങ്ങുന്നത് വളരെ കഴിഞ്ഞാണ്. അക്ഷരങ്ങൾ അമ്മ വഴി അറിഞ്ഞിരുന്നു എങ്കിലും വിജയദശമി ദിവസം മാത്രം വിരൽ തുമ്പിൽ എത്തുന്ന വിരുന്നുകാരിയായിരുന്നു മലയാളം. അത് തന്നെ ഡ്രൈവറുടെ സ്ഥാനത്ത് അമ്മ ഇരുന്നു വിരൽ ചലിപ്പിച്ചാൽ. അല്ലെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രം എഴുതി പെട്ടെന്ന് തന്നെ തടി തപ്പും. ആകെ ഇരുപത്താറെണ്ണം മാത്രമല്ലെ ഉള്ളു. തമിഴും മലയാളവും അക്ഷരങ്ങൾ ധാരാളം വളവുകളും തിരിവുകളും ഉള്ള മലമ്പാത പോലെയാണ്. വിരലുകൾക്ക് നല്ല പണിയാ. 

പിന്നീട് മലയാളം എഴുതാൻ വശമായത് പൂർണമായും പുലാപ്പറ്റക്കാരനായ ശേഷമാണ്. ക്ലബ്ബിന്ന് വേണ്ടി ഒരു കൈയെഴുത്ത് മാസികയുടെ പത്രാധിപർ ആവാനുള്ള സാഹസം വരെ കാണിച്ചു. എങ്കിലും, ഇന്നും എനിയ്ക്ക്‌ മലയാളത്തിലെ അക്ഷരമാല തെറ്റാതെ പറയാനോ എഴുതാനോ അറിയില്ല. തമിഴിലെ സ്ഥിതിയും അത്ര മെച്ചമല്ല. 

എഴുത്തിൻറെ രൂപത്തിൽ ക്രമേണ ഒരു വൃത്തിയൊക്കെ വന്ന കാലമായിരുന്നു സ്‌കൂൾ കാലം. ആദ്യം നീട്ടി വലത്തോട്ട് ഇത്തിരി ചരിച്ചും പിന്നീട് വട്ടത്തിൽ ഉരുട്ടിയും ഒക്കെ കാലാനുസൃതമായ മാറ്റങ്ങൾ അക്ഷരങ്ങൾ കൈവരിച്ചു. ഡിഗ്രിക്ക് എത്തിയപ്പോൾ പരീക്ഷയ്ക്ക് ഉത്തരം എഴുതുവാൻ വേണ്ടി മാത്രം എൻ്റെ അക്ഷരങ്ങൾ ഭീമാകാരം പൂണ്ടു. എന്നാലല്ലേ കൂടുതൽ താളുകൾ മേടിക്കാൻ പറ്റു. കൂടെയിരുന്നു എഴുതുന്നവരെ ബേജാറാക്കാനുള്ള ഒരു ശ്രമം. 

കൈയ്യക്ഷരം നോക്കി ഒരു മനുഷ്യന്റെ സ്വഭാവം പറയാം എന്നത് പിന്നീടുണ്ടായ പുതിയ അറിവാണ്. ആദ്യകാലത്ത് വൃത്തിയോടെയുള്ള എഴുത്തായിരുന്നു. പ്ലസ് ടൂ കാലമാവുമ്പോഴേക്കും അത് ഇത്തിരി ഉടഞ്ഞു തുടങ്ങി. ഡിഗ്രി ആവുമ്പോഴേക്കും അത് തോന്നിയപോലെ ഉള്ള അക്ഷരങ്ങളായി. ബിരുദാനന്തരത്തിൽ അത് ഡോക്ടർമാരുടെ കൈപ്പട പോലെയായി. എന്നെ ഒരു ഡോക്റ്റർ ആക്കണം എന്നായിരുന്നു കാരണവന്മാരുടെ ആഗ്രഹം. അത് നടക്കാതെ വന്നപ്പോൾ കൈയക്ഷരമെങ്കിലും ഒരു ഡോക്ടറുടേതാവട്ടെ എന്ന് ഉള്ളാലെ കരുതിയത് കൊണ്ടാവാം. 

പിന്നീട് അധ്യാപകൻ ആയപ്പോൾ കൈയ്യെഴുത്ത് അത്രയ്ക്ക് വേണ്ടാതായി. ഗുഡ്, വി. ഗുഡ്, കീപ് ഇറ്റ് അപ്പ് തുടങ്ങി ഏതാനും പദങ്ങൾ മാത്രം വൃത്തിയിൽ എഴുതാൻ അറിഞ്ഞാൽ മതിയായിരുന്നു. ടീച്ചിങ് നോട്ട് പോലുള്ള അതി സങ്കീര്ണതകളിലൊന്നും ചെന്ന് ചാടാതെ ഞാൻ സ്വയം സൂക്ഷിച്ചിരുന്നു. 

അവസാനമായി ഒന്ന് വൃത്തിയിൽ എഴുതാൻ ശ്രമിച്ചത് എം ടിയ്ക്ക് വേണ്ടി ഒരു പകർത്തെഴുത്ത് നടത്താനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ്. അതിൽ വിജയിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ന് കടലാസ്സിൽ കൈകൊണ്ട് എഴുതേണ്ടി വന്നാൽ അക്ഷരങ്ങൾ എലിക്കാഷ്ടം പോലെ സൂക്ഷ്മമായ് കടലാസ്സിൽ നിറഞ്ഞു വരും. ഭൂതക്കണ്ണാടി വേണം എന്ന് വായിക്കുന്നവർ പറയാറുണ്ട്. 

അതിനിടയിലാണ് കമ്പ്യൂട്ടർ എന്ന സാങ്കേതിക അത്ഭുതം സംഭവിക്കുന്നത്. എഴുതുക എന്നാൽ കീ ബോർഡിൽ മേടുക എന്നായി മാറി. അത് കൂടി ആയപ്പോൾ കൈ കഴയ്ക്കുന്ന എഴുത്തിന്ന് ഏകദേശം വിരാമമായി. 

കമ്പ്യൂട്ടറിൽ എഴുതുന്നതിൽ കുറച്ചു സൗകര്യങ്ങളും ഉണ്ട്. എഴുത്തു ശരിയായില്ലെങ്കിൽ കടലാസ്സ് ചീന്തി കളയണ്ട, തെറ്റ് കണ്ടെത്തിയ വരിയിൽ അത് വെട്ടില്ലാതെ തന്നെ തിരുത്താം.. ഞാൻ അറിയുന്ന കുറച്ച് എഴുത്തുകാർ രണ്ടായിരം ആണ്ടോടെ തന്നെ പൂർണമായി എഴുത്ത് എന്ന പ്രക്രിയ കമ്പ്യൂട്ടറിലേക്ക് മാറ്റി കഴിഞ്ഞിരുന്നു. അക്കാലത്തു പ്രമുഖ നിരൂപകൻ ഡോക്ടർ എം എം ബഷീറും അദ്ദേഹത്തിൻ്റെ പത്‌നിയും കഥാകൃത്തുമായ ബി എം സുഹറയും കമ്പ്യൂട്ടർ എഴുത്ത് പൂർണമായി ശീലമാക്കിയിരുന്നു. എനിയ്ക്ക് അതിന്റെ മെച്ചങ്ങൾ അവർ കാണിച്ച് തരികയും ചെയ്തു. 

ഇന്ന് അത് അതിസാധാരണമായ ഒരു പ്രവർത്തിയായി മാറിയിരിക്കുന്നു. കൈപ്പട എന്നത് അധികം കാണാത്ത സാധനമായി മാറി. വിദൂരമല്ലാത്ത ഭാവിയിൽ ഇന്ന് നമ്മൾ താളിയോലയിലെ കീറലുകളിൽ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നത് പോലെ നമ്മുടെ കൈയെഴുത്ത് പ്രതികളിലും ആളുകൾ ചരിത്ര കൗതുകം കാണും. 

ഭാവിയിലെ എഴുത്തുകാരന്റെ സ്ഥിതിയെപ്പറ്റി ഇടയ്ക്ക് ആലോചിക്കാറുണ്ട്. താൻ രൂപകൽപ്പന ചെയ്ത് താൻ തന്നെ എഴുതുന്ന പുസ്തകം താൻ തന്നെ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്നു. ആവശ്യക്കാരന് ഒരു നിശ്ചിത വിലയ്ക്ക് അതിന്റെ പാസ്സ്‌വേർഡ് കൊടുക്കുന്നു. ഇടനിലക്കാരില്ല. പ്രസാധകന്റെ കനിവ് നോക്കിയിരിക്കേണ്ട. സ്വയം മാർക്കറ്റിങ് ചെയ്‌താൽ മാത്രം മതി. 

പ്രസാധകർ എന്ന പോലെ കൈയ്യക്ഷരം നോക്കി സ്വഭാവം പറയുന്ന ഗണികരും അപ്പോൾ എന്ത് ചെയ്യുമോ ആവോ.