Saturday, 29 March 2025

എം ടി സർ (2)

ചിത്രങ്ങൾ: റസാഖ് കോട്ടക്കൽ.
റഷീദ് കോട്ടക്കലിന്റെ ശേഖരത്തിൽ നിന്ന്, നന്ദിപൂർവം. 

 


പുലാപ്പറ്റ എന്ന എൻ്റെ നാടിനെ കുറിച്ച് സാറിനു നേരത്തെ അറിയാം. അമ്മു ചേച്ചി (സുകുമാരി നരേന്ദ്ര മേനോൻ), (മണ്ണൂർ രാജകുമാരൻ) ഉണ്ണിയേട്ടൻ, രാമ വർമ്മ അമ്മാവൻ എന്നിവരുമായി നല്ല പരിചയം ഉണ്ടായിരുന്നു. പുലാപ്പറ്റ സി യു പി സ്‌കൂളിലെ പുതിയ ലൈബ്രറി കെട്ടിടം ഉദ്‌ഘാടനം ചെയ്തത് സർ ആയിരുന്നു. 

സർ എന്നോട് കാണിച്ച വാത്സല്യം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഞാൻ കരുതുന്നത്. കുറച്ച് അവസരങ്ങളിൽ അത് എനിയ്ക്ക് ശരിക്കും അനുഭവപെട്ടിട്ടുണ്ട്. 

ഇന്ത്യാവിഷന്റെ തുടക്കം മുതലുള്ള ഞങ്ങൾ ചിലർ ഓഫീസ് സ്റ്റാഫിന്റെ ഗണത്തിൽ പെട്ടവരും അത് കൊണ്ട് തന്നെ ആ ഗണത്തിൽ പെട്ടവരുടെ കണക്കിലുള്ള ശമ്പളം കൈപറ്റുന്നവരും ആയിരുന്നു. പിന്നീട് വന്ന ഉയർന്ന തസ്തികകാരുടെ മോഹ ശമ്പളം വെച്ച് നോക്കുമ്പോൾ അത് കുറവായിരുന്നു എങ്കിലും ഞങ്ങൾക്ക് അതിൽ പ്രശ്നമൊന്നും തോന്നിയതും ഇല്ല. 

അന്ന് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ഗോപിയേട്ടന് എന്ന് പൊതുവിൽ അറിയപ്പെടുന്ന (എൻ) ഗോപാലകൃഷ്ണൻ സർ ആയിരുന്നു. ഇടയ്ക്ക് എം ടി സർ അദ്ദേഹത്തിന്റെ മുറിയിൽ പോയി സംസാരിച്ചിരിക്കാറുണ്ട്. ഒരു ദിവസം അങ്ങിനെ സംസാരിച്ചു പുറത്തിറങ്ങി ലിഫ്റ്റിലേക്ക് പോകും വഴി കൈ എന്റെ ചുമലിൽ വെച്ചു ചേർത്ത് പിടിച്ച് സർ പറഞ്ഞു: "കൃഷ്ണദാസിന്ന് വളരെ കുറച്ച് ശമ്പളമേ ഉള്ളു അല്ലെ? ഇന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ അക്കാര്യം നോക്കിക്കൊള്ളാം. ഡോണ്ട് വറി." സത്യത്തിൽ എൻ്റെ തൊണ്ട ഒന്ന് ഇടറി. 

കൊച്ചിയിൽ ചാനലിന്റെ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന മേലുദ്യോഗസ്ഥൻ തൻ്റെ ഒരാളെ പ്രോഗ്രാം ഹെഡ് എന്ന തസ്തികയിൽ പ്രതിഷ്ഠിച്ചു. കോഴിക്കോട് വെച്ച് ചേർന്ന അടുത്ത പ്രോഗ്രാം മീറ്റിംഗിൽ പതിവ് പോലെ മിനുറ്റ്സ് രേഖപ്പെടുത്തുന്ന പുസ്തകവുമായി പോകാൻ പുറപ്പെട്ട എന്നെ അദ്ദേഹം തടഞ്ഞു. ഇനി കൃഷ്ണദാസ് വേണ്ട. പുതിയ ആൾ വന്നല്ലോ. എനിക്ക് വല്ലാത്ത സങ്കടം തോന്നി. റൂമിൽ പോയി ഇരുന്ന എന്നെ അധികം താമസിയാതെ വിളിപ്പിച്ച് അകത്തു കേറ്റി. 

സംഭവിച്ച കാര്യം മുനീർ സർ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. എല്ലാവരും എത്തി കഴിഞ്ഞിട്ടും എം ടി സർ മൗനമായി താഴേക്ക് നോക്കി ഇരിക്കുകയായിരുന്നു. എന്നാൽ തുടങ്ങുകയല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞുവത്രേ: കൃഷ്ണദാസ് വരട്ടെ. 

ഗായിക പി ലീല കോഴിക്കോട്  വരുന്നുണ്ട്. ഒരു ഇൻറ്റർവ്യു ചെയ്യാമോ എന്ന് കൊച്ചി ഓഫീസിൽ നിന്ന് സഹദേവൻ സർ വിളിച്ചു ചോദിക്കുകയും ഞാൻ അതിനു ചാടി പുറപ്പെടുകയും ചെയ്തു. ആദ്യമായി ചെയുന്ന പ്രോഗ്രാം ആണ്. അതിൻ്റെ ഉത്സാഹത്തോട് കൂടി തന്നെ കാര്യങ്ങൾ ചെയ്തു. മൂന്ന് ക്യാമറ വെച്ചുള്ള ഷൂട്ട് ആയിരുന്നു പ്ലാൻ ചെയ്തത്. മൈൻഫ്രെയിം പ്രേമൻ വഴി ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഏർപ്പാടാക്കി. അക്കാലത്തു നടക്കാവ് പുതിയതായി തുടങ്ങിയ ഫോർച്യൂൺ ഹോട്ടലിൽ ഷൂട്ട് ചെയ്യാൻ ഉള്ള വേദി ശരിപ്പെടുത്തി. ബാബുരാജ് സംഗീത വിദ്യാലയത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ലേഖയെ ഇന്റർവ്യൂ ചെയ്യാൻ ഏർപ്പാടാക്കി. ചോദ്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു. ഷൂട്ട് കഴിഞ്ഞു, കോഴിക്കോട് തന്നെ എഡിറ്റ് ചെയ്യിപ്പിച്ച് ടേപ്പ് കൊച്ചിയിലേക്ക് കൊടുത്തയച്ചു. പ്രൊഡ്യൂസർ എന്ന നിലയിൽ പേര് വരുന്ന എൻ്റെ ആദ്യത്തെ പ്രോഗ്രാം. 

പക്ഷെ കൊച്ചിയിലെ ആപ്പീസർ അത് തടഞ്ഞു. പ്രൊഡ്യൂസർ എന്ന തസ്തികയിൽ പണിയെടുത്തിരുന്ന മറ്റൊരാളുടെ പേരാണ് അദ്ദേഹം അതിൽ ചേർപ്പിച്ചത്. അതറിഞ്ഞു കരച്ചിലിന്റെ വക്കോളം എത്തിയ ഞാൻ സാറിന്റെ മുമ്പിൽ എന്റെ സങ്കടം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ആവാതെ ചാനലിൽ വന്നത് പ്രോഗ്രാമുകൾ ചെയ്യാനാണ്. എന്നിട്ട് ഇപ്പൊ ഇതാണ് അവസ്ഥ. സർ എല്ലാം കേട്ടിരുന്നു. 

രണ്ടാഴ്ചക്കകം കൊച്ചി ഓഫീസിൽ നിന്ന് ഒരു സർക്കുലർ വന്നു: മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ഇന്ത്യാവിഷനിലെ ഏതു വിഭാഗത്തിൽ പെട്ട ജീവനക്കാരനും ഇനി പ്രോഗ്രാമുകൾ ചെയ്യാവുന്നതാണ്.

പിന്നീട് ജമാൽ പറഞ്ഞു: എം ടി സർ പറഞ്ഞതിനെ തുടർന്ന് മാനേജിങ് കമ്മിറ്റി മീറ്റിംഗിൽ നിങ്ങളുടെ കാര്യം ചർച്ചയായി. അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.

അധികം താമസിയാതെ എറണാകുളത്തുള്ള ശ്രീജ മറ്റൊരു ജോലി ലഭിച്ച് പോയപ്പോൾ അവർ ചെയ്തിരുന്ന രണ്ട് പ്രോഗ്രാമുകൾ ചെയ്യാൻ ഞാൻ നിയുക്തനായി. പുസ്തകം, സാഹിത്യം എന്നിവ പ്രമേയമാക്കിയ "മേശ വിളക്ക്," പരിസ്ഥിതി പ്രമേയമാക്കിയ "ഇനിയും മരിക്കാത്ത ഭൂമി" എന്നീ പ്രോഗ്രാമുകൾ വഴി അങ്ങിനെ ഞാൻ പ്രൊഡ്യൂസർ ആയി. പരിസ്ഥിതി പരിപാടിക്ക് "ഇനിയും മരിക്കാത്ത ഭൂമി" എന്ന് പേരിട്ടത് എംടി സർ ആയിരുന്നു. ഓ എൻ വിയുടെ കവിതയായിരുന്നു അതിനു പ്രചോദനം. 

ഇന്ത്യാവിഷൻറെ പ്രക്ഷേപണ ഉദ്‌ഘാടന ചടങ്ങുകൾ തിരുവനന്തപുരത്തു വെച്ചായിരുന്നു. അതിൻ്റെ അടുത്ത ദിവസം ഓ എൻ വി സാറിന്റെ വീട്ടിലായിരുന്നു എം ടി സാർക്ക് പ്രാതൽ ഏർപ്പാടാക്കിയിരുന്നത്. മുനീർ സാറും കൂടെ ഉണ്ടായിരുന്നു. എന്നെയും കൂടെ കൂട്ടിയിരുന്നു. ഓ എൻ വി സാറിന്റെ വീട്ടിൽ എത്തി എല്ലാവരും അകത്തു കേറി പോയി. ഞാൻ പുറത്തു പരുങ്ങി നിന്നതേ ഉള്ളു. അകത്തു പോയ സർ അതെ വേഗത്തിൽ തിരിച്ച് വന്ന് "കൃഷ്ണദാസ് എന്താ ഇവിടെ തന്നെ നിന്നത്. അകത്തു വരൂ" എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയി അവരുടെ കൂടെ തന്നെ ഇരുത്തി. 

* * *

സാറിന് പാട്ടുകൾ വലിയ ഇഷ്ടമായിരുന്നു. ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹിന്ദി സംഗീത സംവിധായകൻ രവിയെ ബോംബെ രവിയാക്കി അവതരിപ്പിച്ചത് സാറിന്റെ ശ്രമഫലമായിരുന്നു. ക്ലാസിക്കൽ സംഗീതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ തിരുവയ്യാറിലെ ത്യാഗരാജോത്സവം കടന്നു വന്നു. ഒരിക്കൽ അവിടെ പോകണം എന്ന് ഞാൻ പറഞ്ഞപ്പോൾ സർ പറഞ്ഞു, ഞാനും ഇത് വരെ പോയിട്ടില്ല. നമുക്ക് ഒരു തവണ പോകാം. 

ഒരിക്കൽ  ഇന്ത്യാവിഷന് വേണ്ടി ആഴ്ച തോറും ഉള്ള ഒരു പരിപാടി അവതരിപ്പിക്കാം എന്ന് സർ സമ്മതിച്ചിരുന്നു. സർ തന്നെ അതിൻ്റെ പേരും നിർദേശിച്ചു. "കിളിവാതിൽ." കാശിയിലെ സംസ്കാര മേടകളിൽ മരണം ഒരു അതിസാധാരണ കാര്യമായി മാറുന്നതും, ചടങ്ങുകളുടെ ഭാഗമായി ഗംഗയിലേക്ക് വലിച്ചെറിയപ്പെടുന്ന നാണയങ്ങൾ മുങ്ങി തപ്പി എടുത്ത് ജീവിക്കുന്നവരെ കുറിച്ചുമെല്ലാം സർ വിവരിച്ചു. അതെല്ലാം കിളിവാതിലിന്റെ ഒരു ലക്കത്തിൽ ഉൾപ്പെടുത്തണം എന്നും പറഞ്ഞിരുന്നു. 

മകൾ അശ്വതിയുടെ വിവാഹം കഴിഞ്ഞു ആദ്യമായി ഓഫീസിൽ എത്തിയ ദിവസം സർ പറഞ്ഞു: ഇപ്പൊ ഞാൻ ശരിക്കും ഫ്രീ ആയി. ഇനി നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. 

ഞാൻ സഹദേവൻ സാറിനോട് ഇക്കാര്യം പറഞ്ഞു. പക്ഷെ പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. സർ ഒരു ടെലിവിഷൻ പരിപാടി അവതരിപ്പിക്കുക എന്ന അപൂർവത അങ്ങിനെ നഷ്ടമായി.

പക്ഷെ വേറെ രണ്ട് പരിപാടികളുടെ ഭാഗമായി സർ ഇന്ത്യാവിഷന്റെ സ്‌ക്രീനിൽ വന്നിട്ടുണ്ട്. സിനിമയും ജീവിതവും എന്ന പരിപാടിക്ക് വേണ്ടി സാറിന്റെ ഏതാനും സിനിമകൾ തിരഞ്ഞെടുക്കുകയും, സർ ആ സിനിമകൾ സംബന്ധിച്ച വിവരങ്ങൾ പറയുകയും ചെയ്തു. ഇന്ത്യാവിഷൻ തുടങ്ങിയ 2003 ലെ ഓണത്തിന്ന് സാറിന്റെ നാട്ടു വിശേഷങ്ങളുമായി "എൻ്റെ ദേശം" പരിപാടി പ്രക്ഷേപണം ചെയ്തു. കാരശ്ശേരി മാഷും എംടി സാറും കർക്കിടത്തിലെ മഴ ചാറുന്ന പകലിൽ നിളയിലൂടെ നടന്നു സംസാരിക്കുന്ന ദൃശ്യങ്ങൾ മനോഹരമായിരുന്നു. ഷൈനി ജേക്കബ് ബെഞ്ചമിൻ അതിൻ്റെ പ്രൊഡ്യൂസറും മണിലാൽ പടവൂർ അതിൻ്റെ ഛായാഗ്രഹണ സംവിധായകനും ആയിരുന്നു. 

* * * 

ടാഗോറിനെ കുറിച്ച് സർ വളരെ മതിപ്പോടെ ആണ് സംസാരിക്കാറുള്ളത്. പല മേഖലകളിൽ തൻ്റെ സർഗ്ഗ പ്രതിഭ തെളിയിച്ച ഒരു സമ്പൂർണ കലാകാരൻ. അന്തർദേശീയ തലത്തിൽ പകർപ്പവകാശം കഥാകൃത്ത് മരിച്ച് അൻപത് (50) വർഷം വരെയാണ്. ഇന്ത്യയിൽ അത് അറുപത് (60) വർഷങ്ങൾ എന്നാക്കിയത് വിശ്വഭാരതിയുടെ ടാഗോർ കൃതികൾക്ക് വേണ്ടിയായിരുന്നു. 2001 ൽ അത് തീർന്നു. അക്കാലത്ത് ഒലീവിന്ന് വേണ്ടി ടാഗോറിൻ്റെ ചില കഥകൾ ഞാൻ പരിഭാഷപ്പെടുത്തിയിരുന്നു. അതിന്ന് അവതാരിക എഴുതിയത് സർ ആയിരുന്നു. പകർപ്പവകാശം തീർന്ന സ്ഥിതിക്ക് ടാഗോറിൻ്റെ ഇനിയും കുറെ കൃതികൾ വിവർത്തനം ചെയ്യാവുന്നതാണ് എന്ന് എന്നോട് പറഞ്ഞു. അവതാരികയിൽ അത് എഴുതുകയും ചെയ്തു. 

മണ്മറഞ്ഞ മലയാള കഥാകൃത്തുക്കളുടെ കഥകൾ അടിസ്ഥാനമാക്കി ഹൃസ്വ ചിത്രങ്ങൾ ഒരുക്കുവാനുള്ള ദൂരദർശൻ പ്രോജക്ടിന്റെ ചുമതല എംടി സാറിനായിരുന്നു. കഥകൾ തിരഞ്ഞെടുത്തതും സംവിധായകരുടെ പാനൽ ഉണ്ടാക്കിയതും സാറായിരുന്നു. അതിലെ ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള കഥകൾ തിരഞ്ഞെടുത്ത് ചിത്രങ്ങൾ ഉണ്ടാക്കി. സാറിന്റെ ഒരു ചിത്രവും അതിൽ ഉണ്ടായിരുന്നില്ല. കാരണം ചോദിച്ചപ്പോൾ, എല്ലാവരും തിരഞ്ഞെടുത്തത് കഴിഞ്ഞു ബാക്കി ആയത് രാജലക്ഷ്മിയുടെ ഒരു കഥയാണ്. പക്ഷെ അത് ഇക്കാലത്തേക്ക് മാറ്റാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് ചെയ്തില്ല എന്ന് പറഞ്ഞു. ആ കഥയും പറഞ്ഞു. അത് ഇന്ന രീതിയിൽ മാറ്റി ചെയ്തു കൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ സർ പറഞ്ഞു: ശരിയാ അങ്ങിനെ ആകാമായിരുന്നു. പക്ഷെ എന്തായാലും ഇനി അത് ചെയ്യുന്നില്ല. 

ഇത് കഴിഞ്ഞ് ഒരു ദിവസം സർ വന്നത് ഒരു പുസ്തകമായാണ്. എഡ്‌ഗർ വാലസിന്റെ "ദ ഫോർ ജസ്റ്റ് മെൻ" എന്ന നോവലായിരുന്നു അത്. പെറി മേസൺ എഴുതിയ വാലസ് ഇങ്ങനെ ഒരു സീരീസ് എഴുതിയത് ഞാൻ അപ്പോഴാണ് അറിയുന്നത്. വിവിധ സ്ഥലങ്ങളിൽ ഉള്ള മൂന്ന് പേർ ഒത്തു കൂടി കുറ്റക്കാരെ വകവരുത്തി പോകുന്നതാണ് ഇവയിലെ പ്രമേയം. ഇതിലെ നാലാമൻ പ്രദേശിവാസിയാണ്. (സംവിധായകൻ ജയരാജിന്റെ "ഫോർ ദി പീപ്പിൾ" ഇത്തരം പ്രമേയമുള്ള ഒരു സിനിമയാണ്.)

പുസ്തകം തന്നിട്ട്: കൃഷ്ണദാസ് ഇതൊന്നു ഇന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ച് അഡാപ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കു. ഒരാഴ്ചയോളം എടുത്തു അതിനെ ഈ കാലഘട്ടത്തിൽ കോഴിക്കോട് നടക്കുന്ന ഒരു കഥയാക്കി മാറ്റി. സാറിനെ വായിച്ച് കേൾപ്പിച്ചു. അത് ഒരു പരീക്ഷയായിരുന്നു എന്നും അതിൽ ഞാൻ വിജയിച്ചു എന്നും പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.  

മുമ്പ് കർക്കിടകം എന്ന കഥയ്ക്ക് ഞാൻ ഒരു സീൻ ഓർഡർ ഉണ്ടാക്കിയ കാര്യം സാറിനോട് പറഞ്ഞു, അത് വായിച്ച് കേൾപ്പിക്കുകയും ചെയ്തു. അത് ചെയ്തോളാൻ അനുവാദം തന്നു. പക്ഷെ പിന്നീട് ഇന്ത്യാവിഷൻ ന്യൂസ് ചാനൽ ആയപ്പോൾ അതിന്ന് സാധ്യത ഇല്ലാതെ പോയി. 

എൻ്റെ അമ്മാവന്റെ മകൻ പ്രസാദും ഞാനും കുട്ടികാലം മുതൽ തന്നെ സിനിമ ധ്യാനിച്ച് നടന്നവർ ആയിരുന്നു. പ്രസാദ് എന്നോട് ഒരു ദിവസം പറഞ്ഞു, എംടി സാറിനോട് ഒരു കഥ ചോദിച്ചൂടെ? പ്രൊഡ്യൂസറെ ഒക്കെ നമുക്ക് ശരിയാക്കാം. അടുത്തതവണ സാറിനെ കാണാൻ പോയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് എന്ന് ഞാൻ സാറിനോട് പറഞ്ഞു. ഒന്ന്, സാറിന്റെ ഒരു കഥയുമായി അരങ്ങേറ്റം കുറിക്കാൻ ഉള്ള ആഗ്രഹം. രണ്ട്, സാറിന്റെ കഥയ്ക്കുള്ള മാർക്കറ്റിംഗ് സാധ്യത. 

അപ്പോൾ സർ ഞങ്ങൾക്ക് രണ്ട് പേർക്കും പരിചയമുള്ള ഒരാൾ കഥ ചോദിച്ച് വന്നതും, അത് കൊടുക്കാതിരുന്നതും പറഞ്ഞു. അതിന്റെ കാരണവും. "പക്ഷെ കൃഷ്ണദാസിന് എൻ്റെ ഏത് കഥയും തിരഞ്ഞെടുത്തത് അഡാപ്റ്റ് ചെയാം. എന്തിനാ ഷോർട് ഫിലിം ആയിട്ട് ആലോചിക്കുന്നത്. ഇപ്പോഴത്തെ സാങ്കേതിക വിദ്യയിൽ അധികം ചിലവില്ലാതെ സിനിമ തന്നെ ചെയ്യാമല്ലോ?" 

തൊഴിൽപരമായി നേട്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ഒരു സിനിമ പോലും ഇത് വരെ ചെയ്തിട്ടില്ലെങ്കിലും, എനിക്ക് കിട്ടിയ ഏറ്റവും വലിയ ബിരുദമായി ഞാൻ ഈ വാക്കുകളെ കാണുന്നു. 

സാറിന്റെ കഥകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത്, അത് ചെയ്യാൻ ഉദ്ദേശിക്കുന്ന വിധം സാറിനോട് പറഞ്ഞു. ആ കഥ വേറെ ഒരു പേരിൽ സിനിമയായി വന്നിട്ടുള്ള കാര്യം പറഞ്ഞു. എന്നിട് സർ തന്നെ വേറെ ഒരു കഥ നിർദേശിച്ചു. കുറച്ചു സമയം എടുത്ത് അതിൻ്റെ പൂർണ വൺ ലൈൻ സ്ക്രിപ്റ്റ് ഉണ്ടാക്കി സാറിനെ കാണിച്ചു. അത് ശരിയായില്ല. അതിലെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് സർ ഒന്നും കൂടി എഴുതി വരാൻ പറഞ്ഞു. അതങ്ങിനെ നീണ്ടു പോയി. ഇടയ്ക്ക് ഞാൻ മറ്റൊരു ചെറുകഥ ആസ്പദമാക്കി ഒരു ഷോർട് ഫിലിം ചെയ്യാനുള്ള അനുവാദം ചോദിച്ചു. അത് എങ്ങിനെയാണ് ചെയാൻ ഉദേശിക്കുന്നത് എന്ന് സാറിനോട് വിവരിച്ച് സാറിന്റെ സമ്മതം വാങ്ങി. പ്രൊഡക്ഷൻ പ്ലാനും ടീമും ഉണ്ടാക്കി. വൺ ലൈൻ സ്ക്രിപ്ട് ഉണ്ടാക്കി. ഫണ്ട് ചെയ്യാനുള്ള സാധ്യതയും ഉറപ്പാക്കി. പക്ഷെ അപ്പോഴേക്കും കോവിഡ് വന്നു. പിന്നീട് മറ്റ് ജോലികളും. അങ്ങിനെ എൻ്റെ പ്രശ്‍നം കൊണ്ട് തന്നെയാണ്, അത് നടക്കാതെ പോയി.

വാരാണസി എന്ന നോവൽ എഴുതി കഴിഞ്ഞപ്പോൾ അത് സിനിമയാക്കാനുള്ള ആഗ്രഹവുമായി ഒരു സംവിധായകൻ അനുവാദം ചോദിച്ചു. പക്ഷെ താൻ തന്നെ അത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് സർ അന്ന് പറഞ്ഞു. അതുണ്ടായില്ല. ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ എനിയ്ക്ക് സാറിന്റെ സഹായി ആയി അതിൽ പ്രവർത്തിക്കാൻ പറ്റിയേനെ.

യയാതി സർ എഴുതി സിനിമയായി കാണണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പല തവണ ഞാൻ അത് പറയാറുണ്ടായിരുന്നു. ഒരിക്കൽ ടീച്ചറുടെ മുമ്പിൽ വെച്ച് ഇക്കാര്യം പറയുമ്പോൾ ടീച്ചറോടും പറഞ്ഞു, സാറിനോട് ഒന്ന് പറയാൻ. ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് രണ്ട് പേരും ചെയ്തത്. 

കോഴിക്കോട് വിട്ട് എറണാകുളം താമസമാക്കിയപ്പോൾ സാറിനെ നേരിട്ട് കാണുന്ന സന്ദർഭങ്ങൾ കുറഞ്ഞു. ഫോൺ വഴി ഇടയ്ക്ക് സംസാരിക്കാറുണ്ട്. ലാൻഡ്ഫോൺ പോയപ്പോൾ അതും നിന്ന്. മൊബൈലിൽ സംസാരിക്കുമ്പോൾ സാറിന് ചിലപ്പോ വ്യക്തമായി കേൾക്കാറില്ല. ആവർത്തനം വരുമ്പോ സാറിന് ക്ഷമ പോകും. അത് കൊണ്ട് മൊബൈലിൽ വിളിക്കുന്നത് ഇല്ലാതെയായി. പകരം ശ്രീരാമൻ വഴി ഇടയ്ക്ക് സാറിന്റെ വിശേഷങ്ങൾ അറിയും. 

എങ്കിലും എന്ത് കാര്യമുണ്ടെങ്കിലും ഞാൻ അത് സാറിനോട് പറയാറുണ്ടായിരുന്നു. പുതിയ വീട് വെച്ചത് പറഞ്ഞ് ക്ഷണിച്ചപ്പോൾ സർ പറഞ്ഞു: നോക്കട്ടെ. എറണാകുളം വരുമ്പോ എപ്പോഴെങ്കിലും ആ വഴി വരാം. എൻ്റെ ജോലി സ്ഥാപനങ്ങൾ മാറുമ്പോഴെല്ലാം സാറിനോട് പറയാറുണ്ട്. കേരളവിഷനിൽ ആയിരുന്നപ്പോൾ എനിയ്ക്ക് ഒരു അഭിമുഖം നൽകാം എന്ന് പറഞ്ഞിരുന്നു. പക്ഷെ ചാനലിലെ പ്രവർത്തനം അത്രത്തോളം നീണ്ടില്ല. 

മക്കളുടെ കാര്യങ്ങൾ സർ അന്വേഷിക്കുമായിരുന്നു. മൂത്ത ആൾക്ക് ദേശീയ അവാർഡ് കിട്ടിയ കാര്യം പറഞ്ഞപ്പോൾ സാറിന്റെ മുഖത്തു ഒരു ചെറിയ പുഞ്ചിരി കണ്ടു. അവളുടെ വിവാഹ ക്ഷണം സാറിന് ആദ്യ കാർഡ് നൽകി തുടങ്ങണം എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും സാറിന്ന് സുഖമില്ലാതാവുകയും ചെയ്തു.

കൈക്കുമ്പിളിലെ ജലം പോലെ വഴുതി പോകുന്ന കാലവും ഓർമ്മകളും.

വീണ്ടും വേനൽ വരും. മഴ വരും. മനുഷ്യ നിർമ്മിതമായ സമയക്രമങ്ങൾക്ക് അപ്പുറത്തു നശ്വരമല്ലാത്ത എന്തോ ഒന്ന് എല്ലാറ്റിനും സാക്ഷിയായി നിൽക്കും. നശ്വര ഭൂമിയിൽ തലമുറകളുടെ മാറിമറിയലുകൾക്കിടയിൽ ചില ഒഴിവിടങ്ങൾ നികത്തപ്പെടാതെ അങ്ങിനെ കിടക്കും.

കണ്ടില്ലെങ്കിലും കേട്ടിലെങ്കിലും എവിടെയൊക്കെ പോയാലും എന്തൊക്കെ വേഷം കെട്ടിയാലും എം ടി സർ അവിടെ ഉണ്ട് എന്നത് ഒരു ആത്മബലം തന്നെയായിരുന്നു. അതാണ് ഇല്ലാതാവുന്നത്. 

ഇക്കാര്യം ടീച്ചറുമായി സംസാരിക്കവെ അവർ പറഞ്ഞു: ഇവിടെ വരുന്ന മിക്ക ആളുകളും ഇത് തന്നെയാണ് പറയുന്നത്. 

അതിൽ അത്ഭുതമില്ല.
 
________*______ 

Friday, 28 March 2025

എം ടി സർ (1)

ചിത്രങ്ങൾ: റസാഖ് കോട്ടക്കൽ.
റഷീദ് കോട്ടക്കലിന്റെ ശേഖരത്തിൽ നിന്ന്, നന്ദിപൂർവം. 


   


സിനിമാക്കമ്പക്കാർ കുറച്ചുപേർ ചേർന്ന് കോഴിക്കോട് ഒരു പരസ്യ സ്ഥാപനം നടത്തിവന്നിരുന്നു. അത് വരെ ചെയ്‌തിരുന്ന അധ്യാപനം മടുപ്പുളവാക്കി തുടങ്ങിയിരുന്നു. ഒരു സ്‌കൂളിൽ വൈസ് പ്രിൻസിപ്പൽ ആയി നിയമനം ലഭിച്ച സമയം. അത് സ്വീകരിച്ചാൽ പിന്നെ ഒരു തിരിച്ച്പോക്കു കഠിനമായിരിക്കും. 

സിനിമാ സങ്കൽപ്പങ്ങൾ സാക്ഷാത്കരിക്കാം എന്ന ആഗ്രഹത്തിൽ ഞാനും അവരോടൊപ്പം കൂടിയതിന്റെ ന്യായീകരണം ഇതൊക്കെയാണ്. 

അടൂരിന്റെ സഹായിയായിരുന്ന പ്രദീപ് അതിൻ്റെ ക്രീയേറ്റീവ് ഡയറക്ടറും ജമാലും  റസാക്കും (റസാഖ് കോട്ടക്കൽ) ഒക്കെ അതിൻ്റെ നടത്തിപ്പുകാരും മുനീർ സർ (ഡോക്ടർ എം കെ മുനീർ) അതിൻ്റെ ചെയര്മാനുമായിരുന്നു. 

നാട്ടിലെ ഞങ്ങളുടെ സുഹൃത്ത് ബാലൻ മാഷ് വഴിയാണ് ഞാൻ ജമാലിലേക്കും സ്ഥാപനത്തിലേക്കും എത്തിപ്പെടുന്നത്. പരസ്യങ്ങൾക്ക് വാചകങ്ങൾ എഴുതുകയായിരുന്നു എൻ്റെ ജോലി.

അതിനിടയിൽ ഏഷ്യാനെറ്റ് കേബിൾ വിഷന്റെ കോഴിക്കോട് നഗരത്തിലെ പ്രോഗ്രാമുകൾ ചെയ്യാൻ ഞങ്ങളുടെ സ്ഥാപനം കരാറിലേർപ്പെട്ടു. അതിൻ്റെ ഭാഗമായി പ്രദീപിനോടും എന്നോടും ഓരോ ചെറുചിത്രങ്ങൾ ചെയ്തുകൊള്ളാൻ പറഞ്ഞു. പ്രദീപ് ഒരു അസ്സമീസ് കഥ ചെയ്യാൻ തീരുമാനിച്ചു. ഞാൻ തിരഞ്ഞെടുത്തത് എം ടിയുടെ കർക്കിടകം എന്ന ചെറുകഥയാണ്. കഥയ്ക്കുള്ള അനുമതി മേടിച്ച് തരാം എന്ന് റസാഖ് സമ്മതിച്ചു. അങ്ങിനെ ഞാൻ ആ കഥയ്ക്ക് ഒരു സീൻ ഓർഡർ ഉണ്ടാക്കി. താമസിയാതെ എ സി വിയുമായുള്ള കരാർ അവസാനിക്കുകയും ഞങ്ങളുടെ സ്ക്രിപ്റ്റ് കടലാസിൽ തന്നെ ഒതുങ്ങുകയും ചെയ്തു. 

പിന്നീട് ഒലീവ് പുബ്ലിക്കേഷൻസിൽ അസിസ്റ്റന്റ് എഡിറ്റർ ആയി പ്രവർത്തിക്കുന്ന കാലം. അതിൻ്റെ എഡിറ്ററായിരുന്ന അക്ബർക്കയും (അക്ബർ കക്കട്ടിൽ) കാരശ്ശേരി മാഷും (എം എൻ കാരശ്ശേരി) നൗഷാദും ഞാനും സംസാരിച്ചിരിക്കുന്നതിനിടയിൽ അക്ബർക്ക പറഞ്ഞു: കൃഷ്ണദാസെ, നിന്റെ സ്‌കൂട്ടറിൽ എന്നെ കൊണ്ടുപോകാമെങ്കിൽ ഞാൻ നിനക്ക് എംടിയെ പരിചയപ്പെടുത്തിത്തരാം. 

അങ്ങിനെയാണ് ആദ്യമായി ഞാൻ കൊട്ടാരം റോഡിലെ എം ടിയുടെ വീട്ടിലേക്ക് പോകുന്നത്. 

അക്ബർക്ക പരിചയപ്പെടുത്തിയെങ്കിലും ഒരു നോട്ടത്തിൽ കവിഞ്ഞ് സംസാരം ഒന്നും ഉണ്ടായില്ല. അക്ബർക്കയുടെ സംസാരം കഴിഞ്ഞപ്പോൾ ഞങ്ങൾ തിരിച്ച് പോരുകയും ചെയ്തു. 

പിന്നീട് മുനീർസാറും ജമാലും ഇന്ത്യാവിഷൻ തുടങ്ങിയപ്പോൾ സ്വാഭാവികമായി ഞാനും അതിൻ്റെ ഭാഗമായി. ഏതാനും മാസങ്ങൾ ഒലീവിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചതിന് ശേഷം ചെറൂട്ടി റോഡിലെ വിശാലമായ ഓഫീസിലേക്ക് ഞങ്ങൾ മാറി. 2000 ഡിസംബറിലായിരുന്നു അത്.

അധികം താമസിയാതെ ഒരു ദിവസം രാവിലെ മുനീർ സർ എം ടി സാറിനെയും കൂട്ടി വന്നു. ഞങ്ങളുടെ പ്രോഗ്രാംസ് വിഭാഗത്തിന്റെ നേതൃത്വം സാറിനായിരുന്നു. 

എംടി സാറിനെ അദ്ദേഹത്തിൻ്റെ ക്യാബിനിൽ ആക്കിയ ശേഷം മുനീർ സർ എന്നെ വിളിച്ചു: വാസുവേട്ടൻറെ കാര്യങ്ങൾ നിങ്ങളെ ഏൽപ്പിക്കുകയാണ്. ഇഷ്ടക്കേട് ഉണ്ടാവാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. 
ആ പറഞ്ഞതിന് വേറെ ഒരു പശ്ചാത്തലവും ഉണ്ടായിരുന്നു. 

അങ്ങിനെയാണ് എംടി സാറുമായുള്ള എന്റെ അടുപ്പം ആരംഭിക്കുന്നത്. 

* * *

2001 ഏപ്രിൽ മാസത്തോടു കൂടിയാണ് പ്രോഗ്രാം വിഭാഗം സജീവമാകുന്നത്. എങ്കിലും അതിനിടെയിൽ ഇടയ്‌ക്കൊക്കെ എംടി സർ ഓഫീസിൽ വരും. ഇങ്ങനെ ഒരു ചാനൽ വരുന്നുണ്ട് എന്നറിഞ്ഞ് പ്രോഗ്രാമുകൾക്കുള്ള പ്രൊപ്പോസലുകളും വന്നു തുടങ്ങി. ഓഫീസിൽ വരുന്ന സമയം സർ അതൊക്കെ ഒന്ന് നോക്കും. 

ഏപ്രിലിൽ ചാനലിന്റെ ഉള്ളടക്കം എങ്ങിനെ വേണം എന്നതിൽ ചർച്ചകൾ തുടങ്ങി. വിനോദത്തോടൊപ്പം അല്പം വിജ്ഞാനവും പകരുന്നതായിരിക്കണം നമ്മുടെ പരിപാടികൾ എന്ന് സർ അടിവരയിട്ടു പറഞ്ഞു. അങ്ങിനെ തന്നെയായിരുന്നു ലഭിച്ച പ്രൊപ്പോസലുകൾ വിലയിരുത്തപ്പെട്ടതും പുതിയവ രൂപകൽപ്പന ചെയ്യപ്പെട്ടതും. 

സീരിയലുകളുടെ ജനപ്രിയത കൂടി വരുന്ന കാലമായിരുന്നു. അത്തരത്തിലുള്ള കുറെ പ്രൊപ്പോസലുകൾ വന്നുകൊണ്ട് ഇരുന്നു. ആദ്യമൊക്കെ സർ അതിൽ മിക്കതും നോക്കുമായിരുന്നു. പിന്നെ ഒരവസരത്തിൽ 'എല്ലാം കൃഷ്ണദാസ് നോക്കിയിട്ട് ഞാൻ കാണേണ്ടത് ഉണ്ടെങ്കിൽ എന്നെ കാണിച്ചാൽ മതി' എന്ന് പറഞ്ഞു. വായിച്ച എല്ലാ പ്രൊപ്പോസലുകളുടെ സംക്ഷിപ്ത രൂപം ഞാൻ നൽകിപ്പോന്നു.

പ്രോഗ്രാം സംബന്ധിച്ചും അല്ലാതെയും ധാരാളം ആളുകൾ സാറിനെ കാണാൻ വരുമായിരുന്നു. പ്രോഗ്രാം സംബന്ധിച്ചാണെങ്കിൽ സർ എന്നോടും ഇരിക്കാൻ പറയും. 

പരിപാടികൾ നമ്മുടെ ആസ്വാദന നിലവാരം അനുസരിച്ചല്ല അളക്കേണ്ടത് എന്ന് സർ പറയാറുണ്ട്. സമൂഹത്തിന്റെ വിവിധ തട്ടുകളിൽ ഉള്ള, സീരിയൽ കാണാറുള്ള, സ്ത്രീകളുടെ ഒരു പാനൽ ഉണ്ടാക്കുകയും  ചെയ്തു. സീരിയലുകളുടെ പ്രൊപ്പോസലിനൊപ്പം കിട്ടിയ "പൈലറ്റ് എപ്പിസോഡ്" അവരെ കാണിച്ച് അവരുടെ അഭിപ്രായം രേഖപ്പെടുത്തി സാറിന് മുമ്പിൽ അവതരിപ്പിക്കേണ്ട ചുമതല എനിയ്ക്കായിരുന്നു. നമ്മുടെ ആദ്യ വിലയിരുത്തലിൽ തള്ളി പോയ ഒരു സീരിയലിന് പാനലിന്റെ അഭിപ്രായം കേട്ട ശേഷം അനുമതി കൊടുത്ത ചരിത്രവും ഉണ്ട്. 

അക്കാലത്തു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എംടി സാറിനെ കാണാൻ വരികയും പരിപാടികൾക്കുള്ള ചില ആശയങ്ങൾ പങ്കു വെക്കുകയും ചെയ്തു. അതിൽ ഒന്നായിരുന്നു ഗുരുവായൂരപ്പനെ കുറിച്ചൊരു സീരിയൽ. അത് അംഗീകരിക്കപ്പെട്ടു. ഗുരുവായൂരിനെ കുറിച്ചും ഗുരുവായൂരപ്പനെ കുറിച്ചും ഏറ്റവും നന്നായി അറിയാവുന്ന എഴുത്തുകാരൻ എന്ന നിലയിൽ ചൊവ്വലൂർ കൃഷ്ണന്കുട്ടിയെ കൂടി ഇതിന്റെ ഭാഗമാക്കാൻ സർ നിർദേശിച്ചു. രണ്ട് പേർക്കും അഡ്വാൻസ് കൊടുത്തു. തിരക്കഥയുടെ ആദ്യ രൂപമായി. സർ അത് വായിച്ച് നോക്കി കുറച്ചു തിരുത്തലുകളും ചേർക്കലുകളും വരുത്തി. ഇന്ത്യാവിഷൻ അനിശ്ചിതാവസ്ഥയിലേക്ക് കടക്കാൻ തുടങ്ങുന്ന സമയമായിരുന്നു അത്. അതിനിടയിൽ  തീരെ മറുത്തു പറയാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ മറ്റൊരു ചാനലിന്ന് വേണ്ടി ഇതേ സീരിയലിന് സ്ക്രിപ്റ്റ് എഴുതാൻ  ചൊവ്വലുർ നിയമിക്കപെടുകയും ചെയ്തു.  അദ്ദേഹം സാറിന്റെ മുമ്പിൽ എത്തി കാര്യം അവതരിപ്പിച്ചു: സ്ക്രിപ്റ്റ് തിരികെ വേണം. സാഹചര്യം മനസിലാക്കിയ എം ടി സർ അത് ചൊവ്വല്ലൂരിന്ന് തിരികെ കൊടുത്തുകൊള്ളാൻ പറഞ്ഞു. സർ നടത്തിയ തിരുത്തലുകൾ അടങ്ങിയ ഭാഗം ഇന്ത്യവിഷനിൽ തന്നെ സൂക്ഷിച്ചു. 

കോഴിക്കോട് ഉള്ള ദിവസങ്ങളിൽ ഒക്കെ രാവിലെ ഒരു പത്തു മണിയോട് കൂടി സർ ഇന്ത്യവിഷൻ ഓഫീസിന് താഴെ എത്തും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിച്ചു പറയാറുള്ളത് കൊണ്ട് ഞാൻ താഴെ നിൽക്കും. ചെറൂട്ടി റോഡിലെ ഓഫീസ് നാലാം നിലയിലായിരുന്നു. വന്നു കഴിഞ്ഞു ലിഫ്റ്റ് കയറി ഓഫീസിലേക്കും  തിരിച്ച് ലിഫ്റ്റിൽ ഇറങ്ങി കാറിൽ കയറുന്നതു വരെയും സാറിന്റെ കൂടെ ഞാനും പോകാറുണ്ടായിരുന്നു. ലിഫ്റ്റ് പ്രവർത്തിക്കാത്ത ദിവസമാണെങ്കിൽ ഞാൻ വിളിച്ച് പറയും, സർ അന്ന് വരില്ല. ഒരിക്കൽ സർ താഴെ എത്തിയപ്പോളാണ് ലിഫ്റ്റ് അന്ന് പ്രവർത്തിക്കുന്നില്ല എന്ന് മനസിലായത്. "സാരല്ല്യ, ഒന്ന് കേറി നോക്കാം" എന്ന് പറഞ്ഞു മുണ്ടിന്റെ അറ്റം ഒരു കൈ കൊണ്ട് പൊക്കി പിടിച്ച്, മറ്റേ കൈ കൊണ്ട് ഗോവണിയുടെ കൈവരി പിടിച്ച് വളരെ വേഗത്തിൽ  സർ കേറിപോയി. ഒപ്പമെത്താൻ എനിക്ക് ഓടിക്കേറേണ്ടിവന്നു. 

രണ്ട് മൂന്ന് മണിക്കൂർ അവിടെ ചിലവഴിക്കും. ഉച്ചയ്ക്ക് പോവുകയും ചെയ്യും. പ്രോഗ്രാമുകളെ കുറിച്ചല്ലാതെ മറ്റു അനവധി കാര്യങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരിക്കാൻ തുടങ്ങി. പുസ്തകങ്ങൾ, സാറിന്റെ യാത്രകളിൽ കണ്ട കാഴ്ചകൾ, സിനിമകൾ, പൊതു കാര്യങ്ങൾ.. 

അന്ന് ഇ മെയിലുകൾ പ്രചാരത്തിൽ വരാൻ തുടങ്ങിയ കാലമായിരുന്നു. യാഹൂവിലും ഹോട് മെയ്‌ലിലും സാറിന്ന് ഓരോ വിലാസം ഉണ്ടായിരുന്നു. കൂടുതൽ ഉപയോഗിച്ചിരുന്നത് യാഹൂ ആയിരുന്നു. സാറിന്റെ മെയിൽ നോക്കലും സർ പറയുന്നതനുസരിച്ച് മറുപടി അയക്കലും എൻ്റെ ചുമതലകളിൽ പെട്ടതായിരുന്നു. മൊബൈൽ ഉണ്ടെങ്കിലും അതിൻ്റെ ഉപയോഗം ടെലിഫോൺ എന്ന നിലയ്ക്ക് മാത്രമായിരുന്നു. 

ഇന്ത്യവിഷന്റെ ആസ്ഥാനം എറണാകുളത്തതായിരുന്നു. പ്രോഗ്രാം മീറ്റിങ്ങുകൾക്ക് ഇടയ്ക്കിടെ അങ്ങോട്ട് പോകേണ്ടി വരാറുണ്ട്. സാറിന്റെ തന്നെ അംബാസ്സഡറിലാണ് യാത്ര. ഡ്രൈവർ വിനോദും കൂടെ ഉണ്ടാവും. ദീർഘ യാത്രകൾക്ക് സർ അംബാസ്സഡറാണ് ഉപയോഗിച്ചിരുന്നത്. പിന് സീറ്റിൽ സർ ഇരിക്കും. കോഴിക്കോട് നിന്ന് യാത്ര ആരംഭിക്കുമ്പോൾ മുതൽ സർ സംസാരിക്കാൻ തുടങ്ങും. മുൻ സീറ്റിലിരുന്ന് പുറകോട്ട് തിരിഞ്ഞു സംസാരിക്കുന്നതിനിടയിൽ കഴുത്തു വേദനിക്കുന്ന പോലെ തോന്നുമ്പോൾ ഞാൻ മുന്നോട്ട് നോക്കി ഇരിക്കും. അപ്പോൾ മാത്രമാണ് സർ വർത്തമാനം മതിയാക്കി സീറ്റ് ചാരി മയങ്ങാൻ തുടങ്ങുന്നത്. 

ഒരു പരസ്യത്തിന്ന് വേണ്ടി പന്ത്രണ്ട് വരി കവിത എഴുതാൻ വള്ളത്തോൾ കരാറിലേർപ്പെടുകയും എഴുതി കൊടുത്ത വരികളിൽ നിന്ന് രണ്ടെണ്ണം അധികമായി അവർ ഉപയോഗിച്ചപ്പോൾ കണക്ക് പറഞ്ഞ് അതിന്റെ തുക കൂടി മേടിക്കുകയും ചെയ്ത കാര്യം പറഞ്ഞു. കാറിൽ വരുമ്പോൾ ആ പന്ത്രണ്ടു വരികളും അധികം വന്ന രണ്ടു വരികളും സർ ചൊല്ലി കേൾപ്പിച്ചു. അതാണ് തന്റെ മാതൃക എന്ന് സർ പറഞ്ഞു. എഴുത്തു കൊണ്ടാണ് ജീവിക്കേണ്ടത് എന്ന് താൻ ആദ്യമേ തീരുമാനിച്ചതാണ്. അപ്പോൾ പിന്നെ കണക്ക് പറഞ്ഞ് കിട്ടാനുള്ളത് മേടിക്കുന്നതിൽ ഒരു തെറ്റുമില്ല.   

സർ അക്കാലത്തു വലിച്ചിരുന്നത് ഗണേഷ് ബീഡിയായിരുന്നു. യാത്രകളിൽ കാർ നിർത്തി വാങ്ങിക്കാൻ പറയും. ഇറങ്ങാൻ തുടങ്ങുന്ന എന്നെ വിലക്കും: കൃഷ്ണദാസ് വാങ്ങേണ്ട, ഡ്രൈവർ വാങ്ങിക്കൊള്ളും. ഒരു തവണ ഗണേഷ് ബീഡി കിട്ടാതെ ഞാൻ മറ്റൊരു ബീഡി വാങ്ങിപ്പിച്ചു കൊടുത്തു. പക്ഷെ അത് ഇഷ്ടായില്ല: "കുറെ പുകയുണ്ടെന്നേ ഉള്ളു. വേറെ കാര്യമൊന്നും ഇല്ല." 

വീട്ടിൽ നിന്ന് കാറിൽ കേറി നേരെ ഇന്ത്യവിഷനിലേക്ക് വരുന്നത് കൊണ്ട് വസ്ത്ര ധാരണത്തിൽ ചിലപ്പോളൊക്കെ അലസത തോന്നിക്കാറുണ്ട്. ഷിർട്ടിന്റെ കുടുക്കുകൾ ചിലപ്പോൾ സ്ഥാനം മാറിയാവും ഇട്ടിട്ടുണ്ടാവുക. ഒരു ദിവസം രണ്ടു കാലിൽ രണ്ടു വ്യത്യസ്ത ചെരുപ്പുകൾ ഇട്ടു കൊണ്ടായിരുന്നു വന്നത്, രണ്ടും വലത്തേ കാലിലേക്കുള്ളതും. "എങ്ങിനെയാ ഇത്ര കറക്റ്റായി വലത്തേകാലിലെ ചെരുപ്പുകൾ തന്നെ ഇട്ടത്" എന്ന് ഞാൻ ചോദിച്ചു. ഒരു ചെറിയ ചിരിയോടു കൂടി "ധൃതിയിൽ ഇറങ്ങുമ്പോൾ ശ്രദ്ധിച്ചില്ല" എന്ന് പറഞ്ഞു. 

ബീഡി വലിക്കാറാവുമ്പോൾ കൃഷ്ണദാസ് ആ ജനൽ ഒന്ന് തുറന്നോളൂ എന്ന് പറയും. ഇടയ്ക്ക് ജനലിനരികിൽ നിന്ന് താഴെ വാഹനങ്ങളുടെ ഒഴുക്ക് നോക്കി നിൽക്കും. സർ വാചാലനാവുന്ന ദിവസങ്ങൾ ഉണ്ട്. അത് പോലെ തന്നെ വന്ന് രണ്ട് മണിക്കൂറോളം ഒന്നും പറയാതെ ഇരുന്നു, ഇറങ്ങി പോയ ദിവസങ്ങളും ഉണ്ട്. അതനുസരിച്ച് പെരുമാറാൻ ഞാൻ ശീലിച്ചു. 

ചർച്ചകളിൽ ഇടയ്ക്ക് അന്ധവിശ്വാസങ്ങളും ആൾ ദൈവങ്ങളും ഒക്കെ കടന്ന് വരാറുണ്ട്. ഓഷോ എന്ന രജനീഷിനെ ആദ്യമൊക്കെ വായിക്കാറില്ല എന്നും ഒരു പത്തു കൊല്ലം മുമ്പ് തൊട്ടാണ് വായിക്കാൻ തുടങ്ങിയത് എന്നും പറഞ്ഞു. ജ്യോതിഷത്തെ കുറിച്ചും സംസാരമുണ്ടായി. തൻ്റെ ഒരു സുഹൃത്തുമായി തഞ്ചാവൂരിൽ ഓല നോക്കാൻ പോയ കഥ പറഞ്ഞു. അയാളുടെ കാര്യങ്ങൾ എല്ലാം ശരിയായിരുന്നു. "കൂട്ടത്തിൽ സാറിൻറെ നോക്കിച്ചില്ലേ" എന്ന് ഞാൻ ചോദിച്ചു. എന്നെ ഒന്ന് തുറിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. 

സ്വകാര്യത സാറിന്ന് ഏറെ വിലപ്പെട്ടതായിരുന്നു. രണ്ട് തവണ ജർമ്മനിയിൽ പോയി രണ്ട് തവണയും ഗുന്തർ ഗ്രസ്സിനെ കാണാൻ പറ്റാതെ മടങ്ങിയ കഥ പറഞ്ഞു: ഒരു കൊല്ലം മുമ്പേ അപ്പോയിന്മെന്റ് എടുക്കണമത്രേ. ഇവിടെ ആരേയും എപ്പോൾ വേണമെങ്കിലും പോയി കാണാം എന്നാണ് സങ്കല്പം. സർ പൊതുവിൽ പാലിച്ച് വന്ന അതിഗൗരവ ഭാവം സ്വകാര്യതയ്ക്ക് ഭംഗം വരാതിരിക്കുവാനുള്ളതായിരുന്നു. നല്ല പരിചയവും അടുപ്പവും ഉള്ളവരുമായി സർ സരളമായി സംസാരിക്കുന്നതും തമാശകൾ പങ്കു വെച്ച് ചിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.

സ്വാഭാവികമായും സിനിമകളും ചർച്ചാവിഷയമാവാറുണ്ട്. ഐ വി ശശിയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ അവളുടെ രാവുകൾ എന്ന സിനിമയും ചർച്ചയായി. അതിൻ്റെ വിതരണം താനായിരുന്നു എന്ന് പറഞ്ഞു. എനിക്ക് അത് പുതിയ അറിവായിരുന്നു. അത് പോലെ തന്നെ മണിരത്നത്തിന്ന് ഇരുവർ സിനിമയ്ക്കുള്ള ആശയം നൽകിയതും, സിനിമ റിലീസ് ആയപ്പോൾ ചെന്നൈയിലെ ഒരു തിയേറ്ററിൽ തന്നെ കൊണ്ട് പോയി കാണിച്ചതും പറഞ്ഞു. പണ്ട് കമലഹാസൻ തനിക്ക് വേണ്ടി ഒരു തിരക്കഥ എഴുതണം എന്ന് ആവശ്യപ്പെട്ട് ഒരു ചെറിയ തുക അഡ്വാൻസ് ആയി കൈയിൽ പിടിപ്പിച്ച കഥയും പറഞ്ഞു. "ഇപ്പോളും അയാൾ എന്നെ കാണുമ്പോൾ അഞ്ച് വിരൽ ഉയർത്തി കാട്ടി ആ കാര്യം ഓർമിപ്പിക്കും: എം ടി സർ എന്റെ തിരക്കഥ."

കാഞ്ചീപുരം നെയ്ത്ത് ഗ്രാമങ്ങൾ കാണാൻ പോയപ്പോൾ തോന്നിയ ഒരു ആശയം പിന്നീട് പ്രിയനുമായി ചർച്ച ചെയ്തതും അത് കാഞ്ചീപുരം എന്ന സിനിമയിലേക്ക് നയിച്ചതും പറഞ്ഞു. 

ആ കാലത്താണ് സർ ഒരു അന്തർദ്ദേശീയ സിനിമയ്ക്ക് വേണ്ടി എഴുതുന്നത്. പ്രശസ്ത സംവിധായകൻ ഭരത് ബാലയ്ക്കു വേണ്ടിയായിരുന്നു അത്. ജപ്പാനിലെ ആയോധന കലകൾ അഭ്യസിച്ച ഒരാൾ കേരളത്തിൽ വന്നു കളരി പഠിക്കുന്നതും പ്രണയത്തിലാവുന്നതും ഒക്കെയാണ് പ്രമേയം. പത്തൊമ്പതാമത്തെ അടവ് എന്ന അർത്ഥത്തിൽ "19th step" എന്ന പേരിലായിരുന്നു സിനിമയുടെ പ്രവർത്തനങ്ങൾ നടന്നത്. ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ വിദഗ്ദ്ധർ സ്ക്രിപ്റ്റ്  പരിശോധിക്കുകയും അവർ പറയുന്ന രീതിയിൽ അത് മാറ്റുകയും ഒക്കെ വേണം. തിരകഥാ രചനയിൽ തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു എന്ന് സർ പറഞ്ഞു. രചനയുടെ തയാറെടുപ്പ് എന്ന നിലയ്ക്ക് സർ ജപ്പാനിലെ ആയോധന കലകളെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുന്നതിന്ന് സാക്ഷിയായപ്പോൾ, എങ്ങിനെയാണ് തിരക്കഥകളിൽ സൂക്ഷ്മതകൾ വരെ ശരിയാക്കി സർ എഴുതുന്നത് എന്ന് മനസിലായി. പിന്നീട് ഒരു ദിവസം അതിൻ്റെ നിലവിലെ സ്ഥിതി എന്തായി എന്ന് ചോദിച്ചപ്പോൾ അതിൽ നിന്ന് താൻ  പിന്മാറിയ കാര്യം പറഞ്ഞു; പിന്മാറാൻ ഉണ്ടായ കാരണവും.

ഈ കാലത്ത് തന്നെയാണ് പൊതു കാര്യങ്ങളിൽ സർ ഇടപെടുന്നത് കുറഞ്ഞ് വന്നത്. ഏറെ വിവാദമായ കോഴിക്കോടിലെ ഒരു ബലാത്സംഗ കേസിൽ നിലവിലെ പ്രചാരണങ്ങൾ ശരിയല്ല എന്നും അന്വേഷണം ശരിയാം വണ്ണം നടക്കണം എന്നും ആവശ്യപ്പെട്ടു ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റിയിൽ സാറും ഉണ്ടായിരുന്നു. അവരുടെ നിലപാടായിരുന്നു ശരി എന്ന് പിന്നീട് തെളിഞ്ഞെങ്കിലും ആ കാലത്ത് സാറിന്ന് ഏറെ പഴികേൾക്കേണ്ടി വന്നു. ഇടപെടലുകൾ കുറഞ്ഞതിന് ഈ അനുഭവം കൂടി ഒരു കാരണമാവാം എന്ന് എനിക്ക് തോന്നിയിരുന്നു. സർ സ്ഥിരം സാന്നിധ്യമായിരുന്ന നിളാ സംരക്ഷണ ജാഥകളിൽ നിന്നും സർ മെല്ലെ വിട്ടു നിന്നു. 

* * *

ഇടയ്ക്ക് സാറിന്റെ രചനകളെക്കുറിച്ചും ഞാൻ സംസാരിക്കാറുണ്ട്. എൻ്റെ അഭിപ്രായം കേൾക്കാനും സർ തയാറായിരുന്നു. 

കാഠ്മണ്ഡുവിലെ താമസക്കാലത്ത് അമേരിക്കൻ കഥാകൃത്തുക്കളായ ഹെമിങ്‌വേയുടെയും ഫോക്‌നറുടെയും സമ്പൂർണ കഥകളുടെ സമാഹാരം വായിച്ച അനുഭവം സാറിനോട് പറഞ്ഞു. സാറിന്റെ കഥാസമാഹാരം വായിച്ചപ്പോൾ എനിയ്ക്ക് ഹെമിങ്‌വേയുടെ കഥാ സമാഹാരം വായിച്ച അനുഭവമാണ് ഉണ്ടായത് എന്ന് പറഞ്ഞു. സാറിന്റെ മികച്ച സമാഹാരമായി ഞാൻ കരുതുന്നത് ഷെർലക് അടങ്ങിയ അഞ്ചു കഥകളുടെ സമാഹാരമാണ്. അഞ്ചു കഥകളും അഞ്ചു വ്യത്യസ്ത ശൈലിയിൽ ഉള്ളതാണ്. 

ഇന്ത്യാവിഷൻ കാലത്താണ് സാറിന്റെ ഒരു നോവൽ ഒരു വാരികയിൽ തുടർകഥയായി വന്നിരുന്നത്. അതിൻ്റെ മൂന്നാം ലക്കം വരെ വായിച്ചു. പിന്നീട് വായിക്കാൻ തോന്നിയില്ല എന്ന് പറഞ്ഞപ്പോൾ സർ പറഞ്ഞു: അത് വിചാരിച്ച പോലെ ശരിയായി വന്നില്ല.  

ഇന്ത്യാവിഷനിൽ വെച്ചാണ് സാറിന്റെ ഒരു സിനിമയുടെ ഫസ്റ്റ് കോപ്പി ഇട്ടു കണ്ടത്. സജ്ജീകരണങ്ങൾ ഒരുക്കി പുറത്തു പോകാൻ പുറപ്പെട്ട എന്നോട് സർ പറഞ്ഞു: കൃഷ്ണദാസ് ഇരിക്കു. കണ്ട ശേഷം സംവിധായകൻ പോയി കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു: എങ്ങിനെയുണ്ട്? നന്നായി എന്ന അഭിപ്രായമല്ല ഞാൻ പറഞ്ഞത്, അങ്ങിനെ തോന്നിയതിന്റെ കാരണവും പറഞ്ഞു. ഒന്ന് മൂളിയതല്ലാതെ സർ വേറെ ഒന്നും പറഞ്ഞില്ല. 

ഒരു ചെറു പുഞ്ചിരി എന്ന സിനിമ ആ കാലത്താണ് വന്നത്. അതിലെ മരണത്തിന്റെ ആവിഷ്കാരമാണ് എനിയ്ക്ക് ഏറ്റവും സുന്ദരമായി തോന്നിയത് എന്ന് പറഞ്ഞപ്പോൾ, തന്നെ ആ കഥയിലേക്ക് അടുപ്പിച്ചത് അതിലെ മരണം തന്നെയായിരുന്നു എന്ന് സർ പറഞ്ഞു.

ഇങ്ങനെ വളരെ ലാഘവത്തോടെ മരണത്തെ അവതരിപ്പിച്ച സാറിനു പക്ഷെ മരണത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. പരിചയക്കാരോ അടുപ്പമുള്ളവരോ മരിക്കുമ്പോൾ സർ കാണാൻ പോകാറില്ല എന്നാണ് ഞാൻ മനസിലാക്കിയിരുന്നത്. 

* * *





 

Tuesday, 28 May 2024

കവിത

pic courtesy: https://www.dreamstime.com/stock-photo-poetry-word-cloud-vintage-paper-old-yellow-brown-stains-book-image62475791

ഇന്ന് വലിയ എഴുത്തുകാരായി അറിയപ്പെടുന്ന പലരും തുടങ്ങിയത് കവിത എഴുതിക്കൊണ്ടാണ് എന്ന് വായിച്ചിട്ടുണ്ട്. വലിയ എഴുത്തുകാർ മാത്രമല്ല ചെറിയ എഴുത്തുകാരും. എഴുത്തുകാർ ആയി തീരുകയേ ചെയ്യാത്ത ഒരു പാട് പേരും തുടങ്ങിയത് കവിത എഴുതിക്കൊണ്ടാവണം. അല്ലെങ്കിൽ കവിതയാണ് എന്ന് വിശ്വസിച്ച് എഴുതിക്കൊണ്ടാവണം. 

ലിസ്യു സ്കൂളിൽ ഏഴിൻറെയും എട്ടിന്റെയും ക്‌ളാസ്സുകൾക്കിടയിൽ എപ്പോഴോ ആയിരിക്കണം ഞാൻ നോട്ടുബുക്കുകളിൽ തമിഴ് വരികൾ സ്വന്തമായി കുറിച്ചിടാൻ തുടങ്ങിയത്. ആരെങ്കിലും അത് കണ്ടിരുന്നെങ്കിൽ തന്നെ കണ്ടതായി ഭാവിച്ചിരുന്നില്ല. 

അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു കഴിവും പ്രകടിപ്പിക്കാത്ത, മാഷമ്മാരുടെ കൈയിൽ നിന്നു ഇടയ്കിടയ്ക് അടി ഇരന്നു വാങ്ങുന്ന, അതിസാധാരണ ബാല്യം പിന്നിട്ട്, കൗമാരത്തിന്റെ തുടക്കത്തിലാണ് ഞാൻ സ്റ്റെയ്ൻസ് സ്‌കൂളിൽ എത്തുന്നത്. എത്തിപെട്ടതാകട്ടെ സ്ത്രീഗന്ധമേൽക്കാത്ത ഋശ്യശൃംഗൻമാരുടെ താവളമായ ബി ഡിവിഷനിലായിരുന്നു. എ ഡിവിഷനിൽ നിന്ന് ഇടവേളകളിൽ സ്വപ്ന ശാരികകൾ കണക്കെ പുറത്തേക്കും പിന്നീട് അകത്തേക്കും ഒഴുകി നടക്കുന്ന പെൺകുട്ടികളെ നിർനിമേഷമായി നോക്കിയിരിക്കാൻ വിധിക്കപ്പെട്ടവർ.    

അതിനിടയിൽ എപ്പോഴോ വീണ്ടും മുളപൊട്ടി. ഞാൻ വരികൾ കുറിച്ചിടാൻ തുടങ്ങി. തമിഴിൽ തന്നെയായിരുന്നു. ഇത്തവണ പക്ഷെ വരികൾ പിടിക്കപ്പെടുകയും ക്‌ളാസ്സിലാകെ പാട്ടാവുകയും ചെയ്തു. അങ്ങിനെ ഞാൻ ക്‌ളാസ്സിലെ "കവിഞ്ഞൻ" ആയി. മിക്കതും കൗമാര ചാപല്യങ്ങളുടെ പ്രകാശനങ്ങളായതു കൊണ്ട് ക്‌ളാസ്സിലെ മിക്കവരും വായനക്കാരായി. മെല്ലെ ചില മാഷമ്മാര് വഴി അദ്ധ്യാപകർക്കിടയിലും ഞാൻ ഒരു പദ്യക്കാരനാണെന്ന അഭിപ്രായം ഉണ്ടായി. 

ക്‌ളാസ്സിലെ ഏറ്റവും ഉയരംകൂടിയ നമ്പിരാജനായിരുന്നു എൻ്റെ കവിതകളുടെ പ്രധാന പ്രോത്സാഹകനും  പ്രചാരകനും. അവൻ എൻ്റെ കവിതകൾ വീട്ടിലേക്ക് കൊണ്ടുപോവാൻ തുടങ്ങി. നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അവൻ്റെ പെങ്ങൾക്ക് എന്റെ കവിതയിൽ മതിപ്പ് തോന്നുകയും കോളേജിലെ സുഹൃത്തുക്കളുമായി അത് പങ്കു വെക്കുകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ അവർ കവിഞ്ഞനെ ഒന്ന് നേരിട്ട് കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം മടിച്ച് നിന്ന എന്നെ ഒരു ദിനം നമ്പിരാജൻ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയപ്പോളാണ് എൻ്റെ സഭാകമ്പത്തിന്റെ വ്യാപ്തി ഞാൻ ശരിക്കും മനസിലാക്കുന്നത്. അവരെ ഒന്ന് നേരെ നോക്കുക പോലും ചെയ്യാതെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങിയോടി. 

ബിരുദത്തിന് പാലക്കാട് വിക്ടോറിയയിൽ ചേർന്നപ്പോൾ തമിഴും എൻ്റെ കൂടെ വന്നു. ക്‌ളാസിൽ തമിഴ് വായിക്കാൻ അറിയുന്ന ഒന്ന് രണ്ടുപേരിൽ പ്രഭ സ്ഥിരം വായനക്കാരിയായി മാറി. അതിനിടയ്ക്ക് കോളേജ് മത്സരത്തിന്ന് തമിഴ് കവിതയ്ക്ക് സമ്മാനം കിട്ടുകയും, തുടർന്ന് സോൺ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച് ഇന്റർസോണിൽ മത്സരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. 

അങ്ങിനെ വിജയിച്ച വിവരം കുളക്കടവിൽ വെച്ച് മുരളിയേട്ടൻ വിളംബരപ്പെടുത്തി. നാരായണൻ അമ്മാമ എന്ന കെ സി യെൻ അഭിനന്ദിക്കുന്നതോടൊപ്പം എനിയ്ക്ക് ആ കുളക്കടവിൽ വെച്ച് തന്നെ ഒരു ബിരുദവും സമ്മാനിച്ചു: സാഹിത്യ കശ്മലൻ. അത് പിന്നീട് കശ്മല കുമാരനെന്നും കശ്മലൻ എന്നും ഒക്കെയായി ഒടുവിൽ ലോപിച്ച് കശ്കൂ എന്നുമൊക്കെയുള്ള ഇരട്ടപ്പേരായി മാറി കുറച്ചു കാലത്തേക്ക്. 

ആ സദസ്സിൽ വെച്ച് തന്നെ, വിജയിച്ചതിൻ്റെ വക "ചെലവ്" ഒരു പൊതു ആവശ്യമായി മാറി. എന്റെ പക്കൽ അതിനുള്ള പൈസ ഇല്ല എന്ന ഏറ്റുപറച്ചിൽ കേട്ട് നാരായണൻമാമ അനുഗ്രഹം അരുൾ ചെയ്തു: "നിസ്വൻ." അത് കേട്ട പാടെ കുളത്തിലേക്ക് എടുത്തു ചാടി മറഞ്ഞതാണ് എൻ്റെ ലക്ഷ്മി. പിന്നീട് ഇക്കാലമത്രയും കണ്ടില്ല എന്ന് മാത്രമല്ല തേടി പോയപ്പോഴെല്ലാം ഞാൻ കുളത്തിലാവുകയേ ഉണ്ടായിട്ടുള്ളൂ.

സമ്മാനാർഹമായ കവിത കോളേജ് മാഗസിനിൽ അച്ചടിച്ച് വന്നു. അത് വായിച്ച് ഏതാനും പെൺകുട്ടികൾ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അന്വേഷിച്ച് വന്നപ്പോൾ ഞാനും ജോയും പതിവുപോലെ ക്യാന്റീനിലായിരുന്നിരിക്കണം. താമസിയാതെ ക്ലാസ്സിലേക്കെത്തിയ എന്നോട് സുധ കാര്യം പറഞ്ഞു. അവർ വരാന്തയുടെ ഒരു ഭാഗത്ത് നിൽക്കുന്നുണ്ടായിരുന്നു. നമ്പിരാജന്റെ വീട്ടിൽ വെച്ചുള്ള സഭാകമ്പത്തിന്റെ തനിയാവർത്തനമായിരുന്നു പിന്നെ. അവരെ കണ്ടു എന്ന് നടിച്ച് ഞാൻ വേഗം താഴേക്കിറങ്ങിപ്പോയി. സുധ എന്നെ കണക്കിന്ന് ചീത്തപറഞ്ഞു. കാണാൻ വന്നവരോട് അല്പം പോലും മര്യാദ കാണിക്കാത്തതിന്ന്. 

അതിനിടയിലാണ് മലയാളം വായന കാര്യമായി തുടങ്ങുന്നത്. പ്രഭാകര വർമ്മ വഴി. ഒരു കണക്കിൽ പറഞ്ഞാൽ എന്റെ മലയാളം കടപ്പെട്ടിരിക്കുന്നത് പ്രഭ എന്ന് വിളിക്കുന്ന പ്രഭാകര വർമ്മയോടാണ്. ചുള്ളിക്കാടിന്റെ പതിനെട്ട് കവിതകളിൽ തുടങ്ങി സച്ചിദാനന്ദൻ അയ്യപ്പ പണിക്കർ വഴി കടമ്മനിട്ടയിൽ എത്തിയ ഞാൻ മലയാളത്തിന്റെ ചൂരറിഞ്ഞു. ഗദ്യത്തെക്കാൾ ഭാഷയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി കവിത തന്നെയാണ്. പിന്നെ വായനശാലയിൽ നിന്ന് മാരാരുടെ വിവർത്തനത്തിൽ കാളിദാസൻ കൂടിയായതോടെ എനിയ്ക്ക് മലയാളം വഴങ്ങും എന്ന സ്ഥിതിയായി. 

ക്ലബ്ബിന്റെ കൈയെഴുത്തു മാസികയുടെ ചുമതല എനിയ്ക്ക് നൽകപ്പെടുകയും മേല്പറഞ്ഞ കവികളുടെ സ്വാധീനത്തോടെയുള്ള എൻ്റെ ആദ്യ മലയാള കവിത അതിൽ ഉൾപ്പെടുകയും ചെയ്തതോടു കൂടി എൻ്റെ മലയാളത്തിനും അംഗീകാരം കിട്ടിയതായി ഞാൻ കരുതി. ഇടയ്ക്ക് ഇംഗ്ലീഷിലും കുറിക്കാറുണ്ടായിരുന്നു. വായനക്കാരില്ലാത്ത തമിഴ് വിരളമായി. എങ്കിലും ഇടയ്ക്ക് തമിഴിൽ എഴുതുമ്പോൾ ഒരു സുഖം തോന്നാറുണ്ട്: എന്നെ തമിഴ് ഉപേക്ഷിച്ചിട്ടില്ല. 

തലച്ചോറിന്റെ വലത് ഗോളാർദ്ധമത്രെ സർഗ്ഗശക്തിയുടെ വിളനിലം. ഭാവനയുടെ കലകളുടെ കവിതയുടെ കേദാരഭൂമി. ഇടത് യുക്തിയാണ്. കണക്കാണ്. ശാസ്ത്രമാണ്.

അകാരമാണ് എല്ലാ എഴുത്തുകളുടെയും ആരംഭം (അകര മുതല എഴുത്തെല്ലാം - തിരുവള്ളുവർ) എന്നത് പോലെ സകല ആശയങ്ങളുടെയും തുടക്കം ഭാവനയിലാണ്, വലതുവശത്താണ്, കവിതയിലാണ്. പക്ഷികളെ നോക്കി സ്വയം പറക്കുന്ന ഭാവനയിൽ നിന്നാണ് വിമാനങ്ങളും ആകാശ വീഥികളിൽ അപഥസഞ്ചാരം നടത്തുന്ന ഉപഗ്രഹങ്ങളും ഉണ്ടാവുന്നത്. ഭാവനയിൽ ആദ്യം മിന്നുന്നതാണ് പിന്നീട് ശാസ്ത്രമായി പ്രയോഗത്തിൽ വരുന്നത്. കവിതയിൽ നിന്നാണ് ശാസ്ത്രം ഉണ്ടാവുന്നത് എന്ന് സാരം. 

സ്പർശം കൊണ്ട് വെള്ളം വീഞ്ഞാക്കിയപ്പോൾ അത്ഭുതം കാണിച്ചത് ഈശോ അല്ല, തൻ്റെ നാഥനെ കണ്ടുമുട്ടിയ ജലം ലജ്ജാവിവശയായി എന്നെഴുതിയ കവിയാണ്. (the water met its Master, and blushed - Lord Byron)

എത്തിപ്പിടിക്കാനാവാത്ത ദൂരത്തിൽ ചെന്നിരിക്കുന്നതതായി സങ്കല്പിക്കാതെ, കാരണം എന്റേത് കൈകളല്ല, കവിതകളാണ് എന്ന് കാമുകിയോട് ആത്മവിശ്വാസത്താടെ പറയാൻ ഒരു കവിക്ക് മാത്രമേ കഴിയൂ. (തമിഴ് കവി, മു മേത്ത.) 

എല്ലാം അറിയുമെന്നാകിൽ ജീവിതം എത്ര വിരസമാവും. സ്വപ്നത്തിൻ ശാദ്വല ഭൂമികൾ ഇല്ലെങ്കിൽ മരുഭൂമി, ഹാ, കഠിനോൽക്കഠിനം. 

ശാസ്ത്രജ്ഞൻ ചന്ദ്രനിലെ ഗർത്തങ്ങൾ എണ്ണിക്കൊണ്ടിരിക്കുമ്പോൾ കവി ചന്ദ്രന്റെ മടിയിലെ മുയൽകുഞ്ഞിനെ താലോലിച്ചുകൊണ്ടിരിക്കുന്നു. ഉയരെയുള്ള പഞ്ഞിമേഘങ്ങൾ ശാസ്ത്രജ്ഞന് പരൽരൂപം പൂണ്ട ജലകണങ്ങൾ. 

കവിക്ക് അത് പഞ്ഞിമെത്ത. നീണ്ട് നിവർന്ന് മലർന്ന് കിടന്ന് നക്ഷത്ര സംഗീതം കേൾക്കാനുള്ള പഞ്ഞിമെത്ത.

എനിയ്ക്ക് കവിയായാൽ മതി. 



 






Tuesday, 2 April 2024

ഇന്ദ്രവിലാപം (ആത്മഗതം)

 






(pic source: wiki)


കണ്ണ് കൊണ്ടോ കാലം കൊണ്ട് തന്നെയോ കാണാനോ അളക്കാനോ പറ്റാത്തത്ര താരാപഥങ്ങൾ ഗർത്തങ്ങൾ ഗ്രഹങ്ങൾ പരന്നു കിടക്കുന്ന അനന്തതയുടെ നിഴൽ വീണ ഒരു മൂലയിൽ കൂനിക്കൂടി കഴിയുന്ന ഒരു സ്വത്വം. പാലാഴിയോ അനന്ത കോസറിയോ ഇല്ല. ഹിമശൃംഗങ്ങൾ ഇല്ല. ഒരു താമര പോലുമില്ല. ഒരു കാലത്ത് ഈ കാണുന്ന സകലതിന്റെയും  അതെല്ലാം കാക്കുന്ന സർവ്വരുടേയും അധിപനായിരുന്നു. 

ഞാൻ, ഇന്ദ്രൻ. 

ഇന്ദ്രാണി എവിടെപ്പോയെന്ന് അറിയില്ല. ഐതിഹാസിക യുദ്ധങ്ങളിൽ അഗ്രിമസ്ഥാനത്ത് നിന്ന് കാണുന്നവരിൽ ഭയവും അത്ഭുതവും അസൂയയും ഉണ്ടാക്കിയ ഐരാവതം ഏതോ ഗ്രഹത്തിൽ ഏതോ തൊഴുത്തിൽ ഉണക്ക വൈക്കോലും ചവച്ചുകൊണ്ടിരിക്കുന്നു. സർവ്വരിലും ഭീതിയുണർത്തിയിരുന്ന വജ്രായുധം എന്നോ എനിയ്ക്ക് കൈമോശം വന്നു.

ഞാൻ ഇന്ദ്രൻ. ഇന്ദ്രിയങ്ങളുടെയും അതീന്ദ്രിയങ്ങളുടെയും അധിപൻ. 

ഇന്ന് പശ പോയ ഒട്ടു പടം പോലെ ചുരുണ്ടുകൂടി ഒരു മൂലയിൽ... ആരും ഓർക്കാതെ ആർക്കും വേണ്ടാതെ.

ഞാനായിരുന്നു സർവ്വാധിപൻ. ചലിക്കുന്നതും ചലിക്കാത്തതും, ജനിക്കുന്നതും ജനിക്കാത്തതും, ഋതവും അനൃതവും, ഋതുക്കളും, എന്തിനധികം, മഹാകാലം തന്നെ എനിയ്ക്ക് കീഴ്പെട്ടു നിന്നു. വേദങ്ങളും ഗീതങ്ങളും എന്നെ കൊണ്ടാടി. സത്വ രജ പാലനവും തമോനിഗ്രഹവും എൻ്റെ ധർമ്മങ്ങളായിരുന്നു. 

ഞാൻ ഇന്ദ്രൻ. തകർന്നടിഞ്ഞ വിഗ്രഹത്തിന്റെ നുറുങ്ങുകളായി കാലത്തിന്റെ വഴിത്താരയിൽ ചിതറിപ്പോയ സത്വം. 

വേദങ്ങൾ മാറിയപ്പോൾ സമവാക്യങ്ങളും മാറി. കീഴ്മേൽ മറിയുന്ന കാലത്തിൻ ജാലത്തിൽ കീഴുള്ളത് മേലും മേലുള്ളത് കീഴും മറിയും എന്ന സത്യം സ്മരിക്കാതെ പോയി. എൻ്റെ വെൺകൊറ്റ കുടയ്ക്ക് കീഴിലെ സുരക്ഷയിൽ പൈതങ്ങളെ പോലെ കളിച്ചുല്ലസിച്ച് കഴിഞ്ഞിരുന്ന സർവ്വ ചരാചരങ്ങൾക്ക് ഇന്ന് വിദൂര സ്മരണയിൽ പോലും ഞാനില്ല. 

എനിയ്ക്ക് കീഴിലായിരുന്ന ശക്തികളും അവയുടെ  അവതാരങ്ങളും ഇന്ന് പ്രപഞ്ചാധിപരായി വാഴ്ത്തപ്പെടുന്നു. 

എൻ്റെ നേരിട്ടുള്ള ആജ്ഞാനുവർത്തിയായിരുന്നു വരുണൻ. ഇന്നോ? സൃഷ്ടിയുടെ ചുമതലയുള്ളയാൾ പറയുന്നു ജലമാണ് ജീവൻ എന്നും അത് കൊണ്ട് വരുണാധിപൻ താനാണെന്നും. പരിപാലനത്തിന്റെയാൾ പറയുന്നു ജലമാണ് നിലനിൽപ്പ് എന്നതിനാൽ തൻ്റെ കീഴിൽ വരുമെന്ന്. ഇത് കേട്ട് സംഹാരത്തിന്റെയാൾ മെല്ലെ ചിരിച്ചത് ഇടക്കിടെ ഉണ്ടാക്കുന്ന പ്രളയങ്ങളുടെ കഥയോർത്തിട്ടാവാം. ഇതിനിടയിൽ പെട്ട്  വരുണൻ കുറച്ചൊന്നുമല്ല നട്ടം തിരിയുന്നത്. ഞാൻ എത്ര കൃത്യതയോടെയാണ് എല്ലാം ചെയ്തിരുന്നത്. ഇതെല്ലാം ആരോർക്കാൻ. 

അമൃതം ചിലപ്പോൾ വിഷമാകുമെന്നത് സത്യം തന്നെയാണ്. കടഞ്ഞെടുത്ത അമൃത് മുഴുവൻ എന്റെ പ്രജകൾക്ക് കൊടുത്തതും ഇത്തിരി ആർത്തി കൂടി നല്ലൊരു പങ്ക് ഞാൻ തന്നെ കഴിച്ചതും വിനയായി. മൃതി ഇല്ലാതായി. മൃതി ഇല്ലാത്തത് കൊണ്ട് സ്‌മൃതിയും വേണ്ടാതായി. ഇപ്പോ ജീവിതവും ഇല്ലാതെയായി. പണിയില്ലാതെയായ എന്നെ പോലുള്ളവർക്ക് തണൽ വീടുകൾ പോലും ഇല്ല. 

മറ്റു ദേവന്മാരുടെ കാര്യവും വിഭിന്നമല്ല. ഞാൻ കൃത്യമായി ഉത്തരവാദിത്വങ്ങൾ പകുത്ത് കൊടുത്തിരുന്നു. ഇന്ന് കാര്യങ്ങൾ എല്ലാം മൂവർ തന്നെ നേരിട്ട് നടത്തുമ്പോൾ ഇവർക്കെല്ലാം ഒരു പണിയുമില്ലാതായി. അതിൻ്റെ പരിണിത ഫലമാണ് ദേവന്മാർ വികൃതി പിള്ളേരെപ്പോലെ കുസൃതി ഒപ്പിച്ച് നടക്കുന്നത്. 

ഒരു നാൾ ഉലാത്തുമ്പോൾ കുറച്ച് ദേവന്മാർ തലമപ്പന്ത് കളിക്കുന്നത് കണ്ടു. വഴിയേ പോയ ഒരു ഗ്രഹമെടുത്ത് പന്താക്കി കളിക്കുകയായിരുന്നു അവർ. വഴക്ക് പറഞ്ഞ് അവരെ ഓടിച്ച് വിട്ട് ഗ്രഹമെടുത്ത് വീണ്ടും അതിന്റെ ഭ്രമണപഥത്തിൽ വയ്‌ക്കേണ്ട ചുമതല എനിയ്ക്കായി. ഭാഗ്യത്തിന്ന് ഞാൻ പറഞ്ഞപ്പോ അവർ കേട്ടൂ എന്നെ പറയാൻ പറ്റൂ. പഴയ പേടിയൊന്നും ആർക്കും ഇല്ലെന്നേ. 

ദേവന്മാരുടെ കാര്യം പറഞ്ഞപ്പോ ഒരു കാര്യം ഓർമ്മ വന്നു. ഒരിക്കൽ ഇത് പോലെ ഉലാത്തുമ്പോൾ ഒരു ദേവൻ എൻ്റെ വഴിയിൽ കേറി നിന്ന് ഒരൊറ്റ ചോദ്യം: "ങ്ങടെ ശരിക്കുള്ള പേര് സീയൂസ്ന്നാണോ?" ആരാ പറഞ്ഞത് എന്ന് ചോദിച്ച നേരം അപ്പുറത്തുള്ള ദേവനെ ചൂണ്ടികാണിച്ച്‌: "ഇയ്യാള്." സ്വർണ മുടിയും നീലക്കണ്ണുകളുമായി ഒരു യവന ദേവൻ വന്ദിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ചിരിച്ചു പോയി. 

കാലം മാറി. കഥകളും മാറി. എൻ്റെ വീര ചരിതങ്ങൾക്ക് പകരം ഇന്ന് പാടി പ്രചരിപ്പിക്കുന്നത് കുറെയധികം ഇല്ലാകഥകളാണ്. എന്റെ അബദ്ധങ്ങളും എന്നിൽ വന്നു ചേർന്ന ശാപങ്ങളും വൻ തമാശകളായി ആഘോഷിക്കപ്പെടുമ്പോൾ സർവ്വാധിപൻ കേവലം കോമാളിയായി മാറുന്നു. ഈ അഹല്യയുടെ കാര്യമൊക്കെ എങ്ങിനെയാണ് ലീക്കായതാവോ?

എന്തായാലും മൃതിയില്ലാത്തത് കൊണ്ട് ഒരു മെച്ചം ഉണ്ട്. കീഴ് മേൽ മറിഞ്ഞ് എന്നെ അധമനാക്കിയ കാലം വീണ്ടും മറിയും. കാര്യങ്ങൾ വീണ്ടും മാറി വരും. അപ്പോൾ ആരെന്നും എന്തെന്നും ആരറിയും. അത് കാണാൻ പക്ഷെ ഞാൻ ഉണ്ടാവും.

അധികാരത്തിൽ ഉള്ളവരെല്ലാം ഒരു പാഠം ഓർത്താൽ നല്ലത്. സിംഹാസനങ്ങൾ ശാശ്വതമല്ല. ചെങ്കോലും. 




Saturday, 17 February 2024

സോപ്പ്, ചീപ്പ്, കണ്ണാടി

 







ലക്സ് സോപ്പിൻറെ പരസ്യങ്ങൾ ഓർമ്മ വെച്ച കാലത്തിൽ തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു. അതാതു കാലത്തെ സിനിമാ താരങ്ങൾ പത നിറച്ച വെള്ളത്തൊട്ടിയിൽ കിടന്നുകൊണ്ട് തിളങ്ങുന്ന തങ്ങളുടെ മേനിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു മിക്ക പരസ്യങ്ങളും. സിനിമാ താരങ്ങൾക്കൊപ്പം ആ സോപ്പ് മാത്രം ഉപയോഗിച്ചിരുന്ന മറ്റൊരു താരവും ഉണ്ടായിരുന്നു വീട്ടിൽ. എൻ്റെ അച്ഛൻ.

അങ്ങിനെ നോക്കുമ്പോൾ ഞാൻ ആദ്യമായി തേക്കാൻ തുടങ്ങിയ സോപ്പും താരങ്ങളുടെ സോപ്പ് തന്നെയാവണം. പിന്നീട് തിരിച്ചറിവ് തുടങ്ങിയ കാലത്ത് ഇത്ര വിലകുറഞ്ഞ സോപ്പ് ഈ താരങ്ങളൊക്കെ ഉപയോഗിക്കുമോ എന്നൊരു സംശയവും ഉണ്ടായി. പക്ഷെ മറു വശം ആലോചിച്ചപ്പോൾ ഇത്ര വലിയ താരങ്ങൾ പോലും വിലകുറഞ്ഞ ഈ സോപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അത്ര കേമം തന്നെയാവണം എന്നും തോന്നി. 

ഇടയ്ക്ക് അച്ഛനോട് ചോദിച്ചിരുന്നു സിനിമ കാണുകയേ ചെയ്യാത്ത അച്ഛൻ എന്തിനാണ് സിനിമാ താരങ്ങളുടെ സോപ്പ് മാത്രം വാങ്ങുന്നത് എന്ന്. "അതിന് നല്ല മണാഡോ."

മണമാണ് കാര്യം. പിന്നെ പതയും. 

പുലാപ്പറ്റയിൽ സോപ്പിന്റെ സൂക്ഷിപ്പും വിതരണവും വല്യമ്മയായിരുന്നു. കോണിച്ചോട്ടിലെ അറയുടെ ജനൽ കമ്പികൾക്കിടയിലൂടെ ആവശ്യക്കാർക്ക് അത് വിതരണം ചെയ്യും. സോപ്പ് എന്ന് പറഞ്ഞാൽ അന്ന് മിക്കവാറും കോൾ ടാർ ബാർ സോപ്പ് മുറിച്ച് കഷ്ണങ്ങളാക്കിയതായിരിക്കും. അതിൽ ഒരു കഷ്ണമാണ് ഒരാൾക്ക്. കുളത്തിലെ വെള്ളത്തിൽ എത്ര തേച്ചാലും പതയോ മണമോ വരാത്ത ഒരു നിർഗ്ഗുണ സോപ്പ്. തേച്ചു തേച്ചു അത് ഇനിയും തേക്കാൻ പറ്റാത്ത പരുവത്തിലായാൽ വല്യമ്മയെ അത് കാണിച്ച് ബോധ്യപ്പെടുത്തി അടുത്ത കഷ്ണം വാങ്ങാം. "നായിന്റെ നാവു പോലെ തേഞ്ഞ സോപ്പ്" എന്ന് എംടിയുടെ കർക്കിടകത്തിലെ ഒരു വരി വായിച്ചപ്പോൾ കോൾ ടാറിന്റെ ഓർമ്മകൾ പതഞ്ഞു വന്നു. 

ബാലരാമമ്മാമ തേക്കുന്നത് രാധാസ് സോപ്പായിരുന്നു. മലപ്പുറത്തുനിന്ന് സഹോദങ്ങൾ വന്നാൽ ആ സോപ്പ് പെട്ടിയാണ് കുളത്തിലേക്ക് കൊണ്ട് വരിക. അവരുടെ കൂടെ ഞാനും കൈയ്യിട്ട് ആ സോപ്പ് എടുക്കും. അതിൻ്റെ ഒരു മണവും പതയും... ഹൗ. പതഞ്ഞു പതഞ്ഞു കൊണ്ടുള്ള ആറാട്ട് ശരിക്കും തിമിർക്കും.

പിന്നീട് കർണാടകത്തിൽ ജോലി നോക്കുന്ന കാലത്താണ് മൈസൂർ ചന്ദന സോപ്പ് പരിചയമാവുന്നത്. ഗൃഹസ്ഥാശ്രമം പൂകുന്നത് വരെ അതായിരുന്നു എൻ്റെ പ്രിയ സോപ്പ്. ഞാൻ സ്ഥിരമായി വാങ്ങുന്നുണ്ടെന്ന് മനസിലാക്കിയാവണം കമ്പനി അതിൻ്റെ വില കുത്തനെ കൂട്ടികൊണ്ടിരുന്നു. ഞാനും അത് വാങ്ങികൊണ്ടിരുന്നു. മുതലാവില്ല എന്ന് തോന്നിത്തുടങ്ങിയത് ഞാൻ നടേ പറഞ്ഞ കാലം തൊട്ടാണ്. എന്നാലും ഇപ്പോഴും ഇടയ്ക്ക് ഒരു സോപ്പ് വാങ്ങി നോക്കും. കേരളത്തിന്റെ ചന്ദന സോപ്പ് അതിൻ്റെ ഒരു ദുർബല അനുകരണം മാത്രമായേ തോന്നിയിട്ടുള്ളൂ.

ബാബിലോണിൽ ക്രി മു 2800 - ലാണത്രെ ആദ്യമായി സോപ്പിന്റെ ഉപയോഗം രേഖപെടുത്തിയിട്ടുള്ളത്. ആദ്യ കാലത്തൊക്കെ സോപ്പ് കമ്പിളി കഴുകി വൃത്തിയാക്കാനാണത്രെ ഉപയോഗിച്ചിരുന്നത്. പിന്നീട് അത് മനുഷ്യന്റെ തൊലിപ്പുറത്തെ അഴുക്ക് കളയാനും ഉപയോഗിച്ച് തുടങ്ങി. ഇന്ന് കാണുന്നത് പോലുള്ള സുഗന്ധമുള്ള ഉറച്ച കട്ടയായിട്ടുള്ള സോപ്പ് ആദ്യമായി അറബ് നാടുകൾ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ പ്രദേശങ്ങളിലാണത്രെ പ്രചാരത്തിൽ വന്നത്. 

സോപ്പിന്റെ ഉപയോഗം നല്ലതല്ല എന്നും പറഞ്ഞ് ചെറുപയറുപൊടിയും മറ്റും നിർദേശിക്കുന്നവർ ഉണ്ട്. പ്രകൃതിയുടെ സർവ്വ ഗുണങ്ങളും അറിയാവുന്ന വൈദ്യൻ തന്നെ ലക്സ് സോപ്പിന്റെ ആരാധകനാവുമ്പോൾ എനിയ്ക്ക് മറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. 

* * *






രാമനാഥപുരത്തെ ചികിത്സാലയത്തിന്റെ മതിലിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ശങ്കുണ്ണി നായരുടെ ക്ഷവരക്കട അഥവാ സലൂൺ.കുറ്റിത്തലമുടിയും ചെവിപ്പൂടയുമുള്ള കുറുകിയ ഒരു മനുഷ്യനായിരുന്നു പ്രസ്തുത നായർ. അച്ഛനായിരുന്നു എന്നെ അങ്ങോട്ട് കൊണ്ടുപോയിരുന്നത്. ചെന്ന പാടേ കസേരയുടെ കൈകൾക്ക് കുറുകെ ഒരു പലക വെച്ച് എന്നോട് അതിന് മേൽ കയറി ഇരിക്കാൻ പറയും. എന്നിട്ട് മണ്ടയിൽ ഹെയർ ക്ലിപ്പർ കൊണ്ട് ഒരു പ്രയോഗമാണ്. അത് കഴിയുമ്പോഴേക്കും തലയിലാകെ കുറ്റിമുടികൾ മാത്രമാവും ഉണ്ടാവുക. മാസത്തിൽ ഒരു ദിവസം എന്തായാലും ഉണ്ടാവും ഈ ചടങ്ങ്. ഞാൻ പറഞ്ഞ് വന്നതിന്റെ സാരം ഇതാണ്: ബാല്യത്തിന്റെ ആദ്യ പകുതിയിൽ ചീപ്പിൻ്റെ ഉപയോഗം കാര്യമായി ഉണ്ടായിരുന്നില്ല. 

പിന്നീട് സ്വയം മുടിവെട്ടാൻ പോകാൻ തുടങ്ങിയപ്പോൾ എന്റെ ഇഷ്ടത്തിന്ന് മുറിക്കാൻ തുടങ്ങി. ആദ്യമൊക്കെ ശങ്കുണ്ണി നായർ സമ്മതിച്ചില്ല: "അച്ഛൻ അങ്ങിനെയല്ലലോ പറഞ്ഞെ."  അതിന്ന്  എന്റെ ഇഷ്ടം പോലെ ചെയ്തു കൊടുക്കാൻ അച്ഛൻ നേരിട്ട് വന്ന് പറയേണ്ടി വന്നു.
 
മണ്ടയുടെ ഇടത്തെ അറ്റത്തിൽനിന്നു വലത്തോട്ട് പതിച്ച് വെച്ച് ചീകുന്നതായിരുന്നു അന്നത്തെ രീതി. അമ്മയുടെ കൈയിൽ നിന്ന് ചീപ്പ് മേടിച്ച് സ്വയം ചീകാൻ തുടങ്ങിയപ്പോഴും അതിൽ മാറ്റമുണ്ടായിരുന്നില്ല.

അതിനിടയിലാണ് കുരുവിക്കൂട് എന്ന് പറയുന്ന ഒരു പുതിയ രീതി പ്രചാരത്തിൽ വന്നത്. മുൻവശത്തെ മുടി ചുരുട്ടിക്കൂട്ടി ഒരു കൂടു പോലാക്കും. അതിൽ ഒരു മുട്ട കൂടി വെക്കാൻ തോന്നുന്ന അത്രയ്ക്ക് രസമായ ഒരു കൂട്. ക്വാർട്ടേസിൽ താമസിക്കുന്ന ഉണ്ണിയേട്ടൻറെ തലയിൽ ആയിരുന്നു അത് ആദ്യം കണ്ടത്. അതിൽ ആകൃഷ്ടനായ ഞാൻ അങ്ങിനെ ഒരു കൂടു എൻ്റെ മണ്ടയിലും പണിയാൻ നോക്കി. അതിനു മുടി ചുരുണ്ടു കിട്ടണമല്ലോ. മുൻ വശത്തെ മുടി ചുരുട്ടി ചുരുട്ടി വരുന്നതിനിടയിൽ ചീപ്പ് എടുക്കാൻ പറ്റാതായി. അവസാനം മുടി മുറിച്ച് ചീപ്പ് എടുക്കേണ്ടി വന്നു. അന്ന് മുറിഞ്ഞ രോമങ്ങൾ പിന്നെ വളർന്നിട്ടേ ഇല്ല. 

പിന്നീട് സ്റ്റെപ് കട്ട് എന്നൊക്കെ പറഞ്ഞ് ഓരോ രീതികൾ വന്നപ്പോഴും എന്റെ തലയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. പ്രഭാകര വർമ്മയൊക്കെ സ്റ്റെപ് കട്ടുമായി വിലസിനടക്കുമ്പോഴും മുറിഞ്ഞു പോയ മുടി എന്നെ മറ്റ് പരീക്ഷണങ്ങളിൽ നിന്ന് വിലക്കികൊണ്ടിരുന്നു. 

തലയുടെ വശങ്ങളിൽ മാത്രം കുറച്ചു മുടിയുള്ള നെറുകയിൽ നാലേ നാലു രോമങ്ങൾ ഉള്ള ശ്വശുരൻ ചീപ്പ് കൊണ്ട് ശ്രദ്ധാപൂർവം ആ നാല് മുടിയിഴ ചീകുന്നത് കണ്ടിട്ടുണ്ട്. (മകൾ തൻ്റെ അനിമേഷൻ ചിത്രത്തിൽ ഈ രംഗം പകർത്തിയിട്ടുണ്ട്.) നാല് ഇഴയെ ഉള്ളു എങ്കിലും അത് ഒതുക്കത്തിൽ ഇരിക്കെണ്ടേ.

ഇപ്പോൾ വീണ്ടും ഞാൻ തുടങ്ങിയേടത്ത് തന്നെയാണ്. ശങ്കുണ്ണി നായരുടെ കൈകൾക്ക് പകരം ഒരു ഹിന്ദിക്കാരൻ്റെ കൈകളാണെന്ന് മാത്രം. പറ്റെ വെട്ടുന്ന മുടിക്ക് ചീപ്പിൻ്റെ ആവശ്യമില്ല. എങ്കിലും ഒരു തവണ കണ്ണാടി നോക്കി തലയിലൂടെ ചീപ്പ് ഓടിച്ച് പോകാറുണ്ട്. അതിന്റെ പല്ലുകൾ മണ്ടയിൽ കുത്തും എങ്കിലും..

* * *










യവന സുന്ദരനായ നാര്സിസസ് തൻ്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായവരിൽ നിന്നെല്ലാം മാറി നടന്നു. ഒടുവിൽ തെളിഞ്ഞ ജലാശയത്തിൽ തൻ്റെ രൂപത്തിന്റെ പ്രതിഫലനം കണ്ട് അതിനോട് പ്രണയത്തിലായി എന്നാണ് കഥ. കണ്ണാടി ഒരു കണക്കിൽ ആത്മപ്രേമത്തിൻ്റെ ഉപകരണമാണ്. 

കണ്ണാടി ഉണ്ടാക്കുന്നതിന്റെ മുമ്പ് ജലാശയങ്ങൾ തന്നെ ആയിരിക്കണം 
മുഖം നോക്കാൻ ആശ്രയം. പൊതുവെ ആണുങ്ങളേക്കാൾ പെണ്ണുങ്ങളാണ് കണ്ണാടിക്ക് മുമ്പിൽ കൂടുതൽ സമയം ചെലവാക്കുന്നത് എന്നൊരു ധാരണ ഉണ്ട്. പക്ഷെ അതിന്ന് അപവാദങ്ങളും ഉണ്ട്. 

എന്തായാലും കണ്ണാടി എന്റെ അത്യാവശ്യ വസ്തുക്കളിൽ ഒന്നല്ല. മുടി ചീകുവാൻ ഒരു തവണ എന്നതൊഴിച്ചാൽ കണ്ണാടിയുടെ മുമ്പിൽ ഞാൻ അങ്ങിനെ നിന്ന് കൊടുക്കാറില്ല. സ്വയം ക്ഷവരം ചെയ്‌തിരുന്ന കാലത്ത് കുറച്ചു നേരം കണ്ണാടിയുടെ മുമ്പിൽ നിൽക്കേണ്ടി വരാറുണ്ട്. എന്നിട്ടും മുഖം നിറയെ പരിക്കുകളായിരിക്കും. അത് കൊണ്ട് സലൂണിൽ പോകുമ്പോൾ മാത്രം ക്ഷവരവും പതിവാക്കി. 

എന്നാൽ ഉന്മാദം ഇളകിയ ചില നിമിഷങ്ങളിൽ കുളിമുറിയിലെ കണ്ണാടിയിൽ നോക്കി ആത്മനിന്ദയുടെ ഗോഷ്ടികളും വാക്കുകളും പതിവുണ്ട് എന്നത് ഇത് വരെ ഞാൻ മാത്രം അറിഞ്ഞ രഹസ്യമാണ്. അപ്പോൾ എനിയ്ക്ക് ദിവോദാസമ്മാമയെ ഓർമ്മ വരും.

അപരന്റെ ജീവിതത്തോട് തന്റെ ജീവിതം തുലനം ചെയ്തു നിരാശയിൽ കഴിയുന്ന മനുഷ്യർക്ക് അക്കര എന്നും പച്ചയാണ്. ഈ ഒരു അവസ്ഥയെ കുറിച്ചുള്ള ഒരു പാട്ടുണ്ട് തമിഴിൽ. അക്കരപ്പച്ച എന്ന സിനിമയിൽ. ഇക്കരയ്ക്ക് അക്കരെ പച്ചെ എന്ന് തുടങ്ങുന്ന ആ ഗാനത്തിൽ, അക്കരയിൽ മാത്രം പച്ച കാണുന്ന മനുഷ്യാവസ്ഥ സംക്ഷേപമായി വിവരിക്കുന്നുണ്ട് ഒരൊറ്റ വരിയിൽ:

"എന്റെ വീട്ടിലെ കണ്ണാടി എൻ്റെ മുഖമല്ല കാണിക്കുന്നത്"  (എൻ വീട്ട് കണ്ണാടി എൻ മുഖത്തെ കാട്ടവില്ലയ്)

_____ 


Saturday, 30 December 2023

ഒരു ഉരിയാടൽ (അഥവാ) നൻ പകൽ നേരത്ത് മയക്കം

 









(photo courtesy: lakshmi & saraswathi, by pradeesh k raman)



മധ്യാഹ്ന വിരസതയിൽ ആണ്ടു കിടക്കുന്ന പ്രപഞ്ച മണ്ഡലങ്ങൾ. സരണികളിൽ അനക്കമില്ല. 

അലസമയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ലക്ഷ്മീദേവി താൻ കാണുന്നത് പ്രപഞ്ചത്തിന്റെ ടാബ്ലോ ആണോ എന്ന് സംശയിച്ച് പോയി. 

അസാദ്ധ്യ ചൂടും. ഭൂമിയിലെ ഈ പഹയന്മാർ കാണിക്കുന്ന അക്രമം കാരണം ഇവിടെയും ജീവിക്കാൻ പറ്റാതാവുന്നലോ. 

മയക്കത്തിൽ കിടക്കുന്ന നാഥനെ ഉണർത്താതെ അനന്തശയ്യയിൽ നിന്ന് മെല്ലെ ഇറങ്ങി. കുറെ യുഗങ്ങളായിട്ടുണ്ടാവും ആരോടും മിണ്ടാതെ ആരെയും കാണാതെയുള്ള ഈ ഇരിപ്പ്.

ബ്രഹ്മലോകം വരെ ഒന്ന് പോയ് നോക്കിയാലോ... അവിടെ പക്ഷെ സമയം ഇതാവില്ലലോ.. എന്തായാലും പോയി നോക്കാം. ദേവി കണ്ണടച്ചു ബോധതരംഗങ്ങളെ തൊടുത്തു വിട്ടു.  

അലസമായി വീണ ഞരമ്പുകളിൽ വിരലോടിച്ചുകൊണ്ടിരുന്ന വാണീദേവി ഒരു കൂട്ടിന്റെ ഉത്സാഹത്തിൽ ഒന്ന് നിവർന്നിരുന്നു. 

കുറെ ആയല്ലോ, ഇന്ന് എന്ത് പറ്റി അന്വേഷണത്തിന്ന്.

ഒന്നൂല്യ. സംസാരിച്ചിട്ട് കുറെ ആയെന്ന ഒരു തോന്നൽ. 

ശരിയാ. ഞാൻ ഇവിടെ ഈ വീണക്കമ്പിയിൽ തലോടിക്കൊണ്ട് ഇരിക്കുമ്പോ നിങ്ങടെ ഒക്കെ കാര്യം ആലോചിക്കാറുണ്ട്.

അപ്പൊ എനിയ്ക്ക് മാത്രല്ല തോന്നലുകൾ (ചിരി)

(ചിരി) അങ്ങ് ഭൂമിയിലെ കാര്യങ്ങൾ ഒക്കെ ആലോചിക്കാതിരിക്കുന്നതാ നല്ലത് ലെ.. ശ്രേഷ്ഠ ജന്മങ്ങൾ എന്ന് വിശേഷിപ്പച്ച മനുഷ്യർ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. ഇവിടുന്ന് ഇടയ്ക്കിടയ്ക്ക് പിറുപിറുക്കുന്നത് കേൾക്കാം "വേണ്ടീർന്നില്ല"... മനുഷ്യരുടെ കാര്യം പറഞ്ഞപ്പോളാ ഞാൻ ഒരു കാര്യം ചോദിക്കണംന്ന് നിരീച്ചിട്ട് ശ്ശി കാലായി. നമ്മൾ രണ്ടാളും കൂടി ഒരു സ്ഥലത്ത് ണ്ടാവില്ല ന്നാണല്ലോ അവര് പറഞ്ഞോണ്ട് നടക്കണത്. അതെന്താ ന്നെ സഹിക്കാൻ പറ്റില്ലേ..

(പുഞ്ചിരി) കുസൃതി ഒക്കെ മനസ്സിലാവുന്നുണ്ട്. അതിൻ്റെ ഉത്തരവും ഞാൻ പറയാതെ തന്നെ അറിയാം. ന്നാലും ചോദിച്ച അവസ്ഥയ്ക്ക് പറയാ: അത് വെറുതെയാന്ന് ഞാൻ തന്നെ പറയണോ.. മനുഷ്യന്മാരുടെ പോരായ്മയ്ക്ക് നമ്മളെ പഴി ചാരി നോക്കീട്ട് കാര്യണ്ടോ.

പക്ഷെ ആലോചിച്ചു നോക്കുമ്പോ അതിലിത്തിരി സത്യല്ല്യേ ന്നൊരു തോന്നൽ...

അത് ഇവിടെ വെറുതെ ഇരിക്കുമ്പോ ഓരോന്ന് ആലോചിച്ചു കൂട്ടണതാ (ചിരി) നമ്മളെ തെറ്റിക്കാൻ വേണ്ടി മനുഷ്യന്മാർ പറഞ്ഞുണ്ടാക്കുന്ന കഥകളിൽ നമ്മൾ തന്നെ വീഴണോ 

(മൂളൽ) ഞാൻ എൻ്റെ എല്ലാ കനിവും നിർലോഭം നൽകിയിട്ടുള്ള മിക്കവരും ദരിദ്രരായി അന്യന്റെ കനിവിലല്ലേ ജീവിച്ച് പോന്നത് 

താൻ പാതി നമ്മൾ പാതി എന്നല്ലേ ആദ്യ പാഠം. അവരുടെ പാതി കൂടി ഉണ്ടെങ്കിലല്ലേ ഇതൊക്കെ നടക്കു.

കാളിദാസന്റെ കാര്യം നോക്കൂ.. ഇന്നും അയാൾ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പറഞ്ഞിട്ടെന്താ കാര്യം. രാജകാരുണ്യം ഒന്ന് കൊണ്ട് മാത്രമല്ലെ ജീവിച്ച് പോന്നത്. അവിടെ ഒന്ന് പോയിനോക്കാതിരുന്നിലെ..

ആ രാജകാരുണ്യം പിന്നെ എങ്ങിനെയാ വന്നേ.. സദാ സമയവും കവിത മാത്രം ആലോചിച്ച് നടക്കുന്ന ആളുടെ കൈയ്യിൽ നിധി ഏൽപിച്ചിട്ട് വല്ല കാര്യവുമുണ്ടോ.. അത് കൊണ്ടല്ലേ രാജാവിന്റെ കൂടെ നിന്നത്..അത് പോലെ ചിത്രങ്ങൾ മാത്രം സ്വപ്നം കണ്ട് നടന്ന വാൻഗോഗിന്റെ ഏട്ടന്റെ കൂടെ കട്ടയ്ക്ക് നിന്നില്ല.. അത് ആർക്കു വേണ്ടിയായിരുന്നു.. ധനമായാലും കലയായാലും അത് കൊണ്ട് നടക്കാൻ കഴിവുള്ളവരുടെ അടുത്ത് കൊടുക്കുന്നതല്ലേ ധർമ്മം.. 

പക്ഷെ കവിതയും കലയും മാത്രം ഉപാസിച്ച് നടന്ന കുഞ്ഞിരാമന്റെ കാര്യമോ പരമ ദാരിദ്ര്യത്തിലല്ലേ കഴിഞ്ഞിരുന്നത്... അയാളോട് ഒരു മേലന്വേഷണം പോലും ഉണ്ടായില്ലലോ 

വള്ളത്തോളും ഒരു ഉപാസകനായിരുന്നില്ലെ.. പരസ്യത്തിന്ന് പോലും കവിത എഴുതിക്കൊടുത്ത് വരികളുടെ എണ്ണം പറഞ്ഞ് പ്രതിഫലം മേടിച്ചില്ലെ.. അവനവൻറെ വിലയും നിലനിൽപ്പും അവനവൻ തന്നെ തീരുമാനിക്കേണ്ടതല്ലെ.. അവിടത്തെ ഉപാസകർ എന്നെ സ്‌മരിക്യ പോലും ചെയ്യാറില്ല എന്നതല്ലേ വസ്തുത.. വേണ്ടാത്തിടത്ത് വലിഞ്ഞു കയറിച്ചെല്ലാൻ നമ്മൾ മനുഷ്യരല്ലലോ.. നമ്മുടെ ധർമ്മം നമ്മൾ പാലിക്കേണ്ട..

വാണി: (ചിന്തയിലാണ്ട ഒരു മൂളൽ) അതും ശരിയാ.. നമക്കാ കൃഷ്ണദാസിന്റെ അടുത്തൊന്നു പോയാലോ 

ലക്ഷ്മി: ഞാനില്ല.. രണ്ടാളും പോണ്ട..



Sunday, 23 July 2023

കർക്കടകം

 

 

(ചിത്രത്തിൽ: ചെറിയമ്മയും ചാഴൂർ അമ്മാമയും)

ചെറിയമ്മമാർ ഏറെ ഉണ്ട്. ഇപ്പോൾ വല്യമ്മമാരാണ് എണ്ണത്തിൽ തീരെ കുറവ്. 

മുമ്പ് വല്യമ്മമാരും ഏറെ ഉണ്ടായിരുന്നു. കാലം പോകെ പോകെ വല്യമ്മമാർ കുറയുകയും ചെറിയമ്മമാരെല്ലാം  വല്യമ്മമാരുടെ പ്രായത്തിലേക്ക് എത്തുകയും ചെയ്തു. 

ചെറിയമ്മമാരിൽ എല്ലാവരെയും അവരുടെ പേരു ചേർത്താണ് വിളിക്കുന്നത്. (ചില ചെറിയമ്മമാരെ ഓപ്പോൾ എന്നും വിളിക്കാറുണ്ട്.) പേരു ചേർക്കാതെ ചെറിയമ്മ എന്ന് മാത്രം വിളിക്കുന്ന ഒരേ ഒരു ആളെ എനിയ്ക്കുള്ളു. അമ്മയുടെ സ്വന്തം അനിയത്തിയായ ശ്രീദേവി ചെറിയമ്മ. 

ചെറിയമ്മയെ കുറിച്ച് വിശേഷിപ്പിക്കാൻ ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് അമ്മയുടെ നിഴൽ പോലെ എന്ന പദസമുച്ചയമാണ്. മരിയ്ക്കുന്നത് വരെ അമ്മയിൽ നിന്ന് വേർതിരിച്ച് കാണാൻ ആവാത്ത വ്യക്തിത്വമായിരുന്നു ചെറിയമ്മയുടേത്. മറ്റുള്ളവർക്ക് ഒരു പക്ഷെ അങ്ങിനെ തോന്നിയിരിക്കണം എന്നില്ല എന്നതും ഞാൻ അംഗീകരിക്കുന്നു. 

ചെറിയമ്മയെ കല്യാണം കഴിച്ചത് ചാഴൂർ അമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന (ചാഴൂർ കോവിലകം) സി കെ ഗോദവർമ്മ രാജയാണ്. അദ്ദേഹം കുറച്ച് കാലം ഈറോഡിൽ ജോലി ചെയ്തിരുന്നു. അക്കാലത്ത് കോയമ്പത്തൂരിൽ താമസിച്ചിരുന്ന ഞങ്ങളുടെ വീട്ടിലേക്ക് അവരും ഞങ്ങൾ തിരിച്ച് അങ്ങോട്ടും ഇടയ്ക്ക് വന്നു പോയിരുന്നു. ഈറോഡിലെ അവരുടെ വീടിനെ കുറിച്ചുള്ള എൻ്റെ ഓർമ്മ വലുപ്പമുള്ള മുറിയുടെ തുറന്നിട്ട, പച്ച പെയ്ൻറ്റ് അടിച്ച, ജനലിലൂടെ അകത്തേയ്ക്ക് പ്രവഹിക്കുന്ന സൂര്യ വെളിച്ചം മാത്രമാണ്. അത് തന്നെ എത്രയ്ക്ക് ശരിയാണ് എന്ന് അറിയില്ല. 

അങ്ങിനെ ചെറിയമ്മ കോയമ്പത്തൂരിലെ ഞങ്ങളുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്തെ ഒരു സംഭവം മാത്രമാണ് ഓർമ്മയിലുള്ളത്.

അന്ന് ഞാൻ സായിബാബ കോളനിയിലെ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് എന്നാണ് ഓർമ്മ. സ്‌ക്കൂൾ വാർഷിക ദിനത്തിൽ ഒരു മലയാള നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. "ഇരുപത്തഞ്ച് രൂപ" എന്നതായിരുന്നു നാടകത്തിന്റെ പേര്. അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ശ്രീദേവി എന്ന കഥാപാത്രമായിരുന്നു എനിയ്ക്ക്. അച്ഛന്ന് പണ്ടേ ഈ വക കാര്യങ്ങളിൽ താല്പര്യമില്ല. പെൺവേഷത്തിൽ എന്നെ കാണുവാനുള്ള ആഗ്രഹംകൊണ്ട് കൂടിയാവണം അമ്മയും ചെറിയമ്മയും സ്‌കൂളിൽ വന്നു നാടകം കാണാൻ തീരുമാനിച്ചു. സ്‌കൂളിലെ റിഹേഴ്സൽ കഴിഞ്ഞെത്തി ഊണ് കഴിച്ച് ഞാൻ അവരെ കൊണ്ട് പോകും എന്നതായിരുന്നു ധാരണ. നാടകം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പറ്റില്ല എന്നത് കൊണ്ട് സായിബാബ കോളനിയിലുള്ള ഞങ്ങളുടെ ബന്ധു ശാന്തോപ്പോളുടെ വീട്ടിൽ അന്ന് രാത്രി താമസിക്കാനും തീരുമാനമായി. 

പക്ഷെ റിഹേഴ്‌സൽ എന്ന് പറഞ്ഞ് ഞാൻ പോയത് സിനിമ കാണാനായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ സമയം പോയി. ടൗണിൽ നിന്ന് ഓട്ടോ പിടിച്ച് വീട്ടിലെത്തി ഊണ് കഴിക്കാൻ നിൽക്കാതെ അതെ ഓട്ടോവിൽ അവരെയും കൂട്ടി സ്‌കൂളിൽ ചെന്ന് ഇറങ്ങുമ്പോൾ ഏകദേശം അഞ്ചു മണിയായി. പ്രധാന നടൻ (നടി) എത്താത്ത അങ്കലാപ്പിലായിരുന്ന സഹപാഠികൾ എന്നെ ശകാരം കൊണ്ട് പൊതിഞ്ഞു. അപ്പോഴും ചെറിയമ്മയ്ക്ക് ഒരൊറ്റ കാര്യത്തിലായിരുന്നു സങ്കടം - എനിയ്ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ കായഉപ്പേരി (മെഴുക്കുപുരട്ടി) കൂട്ടി ഊണ് കഴിക്കാതെ വന്നല്ലോ.  

പിന്നീട് പുലാപ്പറ്റയിൽ സ്ഥിരതാമസമാക്കിയപ്പോളും ചെറിയമ്മയുടെ വിചാരങ്ങളും ശീലങ്ങളും അമ്മയുടേത് തന്നെയായിരുന്നു. ഒന്ന് രണ്ട് കാര്യത്തിൽ വ്യത്യാസം ഇല്ലാതില്ല. പല്ലുകളെല്ലാം പറിച്ച് കളഞ്ഞ് ചെറിയമ്മ വെപ്പ് പല്ലു വെച്ചിരുന്നു. അമ്മയാണെങ്കിൽ വായിൽ ആകെ ഒരു പല്ലു മാത്രം ബാക്കിയായ നിലയിലായിരുന്നു. വറുത്ത പലഹാരങ്ങൾ കറുമുറാ കടിച്ച് തിന്നാൻ ഇഷ്ടമുണ്ടായിരുന്ന അമ്മ അതോട് കൂടി പലഹാരങ്ങൾ വായിലിട്ടു കുതിർത്ത് തിന്നുവാൻ തുടങ്ങി. അപ്പോൾ ചെറിയമ്മ പറഞ്ഞു, ഏടത്തിയ്ക്ക് എൻ്റെ പോലെ പല്ലു വെച്ചുടെ. അതിന്ന് അമ്മയുടെ ഉത്തരം ഇങ്ങനെയായിരുന്നു: "ഒരു പല്ലേ ഉള്ളുവെങ്കിലും അത് എൻ്റെയാണ്." 

അമ്മയ്ക്കും ചെറിയമ്മയ്ക്കും ഉറക്കം തൂങ്ങുന്ന പതിവുണ്ടായിരുന്നു. അമ്മ ഇരുന്നു ഉറക്കം തൂങ്ങുമ്പോൾ ചെറിയമ്മ നിന്ന നിൽപ്പിലും അത് ചെയ്യും. 

പിന്നീട് ഇടുപ്പെല്ല് മാറ്റിവെക്കാൻ പാലക്കാട്ടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അമ്മയോടൊപ്പം ചെറിയമ്മയും ഉണ്ടായിരുന്നു. അങ്ങേയറ്റം സഭാകമ്പമുള്ള ചെറിയമ്മ, ഡോക്റ്റർ പരിശോധനയ്ക്ക് വരുന്ന സമയങ്ങളിൽ മുറിയ്ക്ക് പുറത്ത് കടന്നിട്ടുണ്ടാവും. ഒരു ദിവസം ചെറിയമ്മ തീരെ പ്രതീക്ഷിക്കാത്ത നേരത്താണ് ഡോക്റ്റർ കയറി വന്നത്. ആകെ അന്ധാളിച്ച് പോയ ചെറിയമ്മ ശബ്ദം ഉണ്ടാക്കാതെ ചുമരിനോട് പറ്റിപ്പിടിച്ച് നടന്ന് കുളിമുറിയിൽ കയറി കതകടച്ചത് ഇന്നും എനിയ്ക്ക് നല്ല ഓർമ്മയുണ്ട്. 

അന്ന് ആശുപത്രിയിൽ കിടന്നുകൊണ്ടാണ് അമ്മ ആദ്യമായും അവസാനമായും എൻ്റെ ഒപ്പം താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഞാൻ ഗുൽബർഗ്ഗയിൽ ജോലി ചെയ്തിരുന്ന സമയമായിരുന്നു. "നമുക്ക് ശ്രീദേവിയെയും കൂടെ കൊണ്ട് പോണം. ശ്രീദേവിയ്ക്ക് വേറെ ആരും ഇല്ലല്ലോ."

അത് നടന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. അമ്മ മരിച്ച് കഴിഞ്ഞപ്പോൾ ചെറിയമ്മ ശരിക്കും നങ്കൂരം നഷ്ടപെട്ടപോലെ ആയിരുന്നിരിക്കണം. 

ഒന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു പിറന്നാൾ ഉണ്ണാൻ എല്ലാവരും വലിയടുക്കളയിൽ നിരന്നിരിക്കയായിരുന്നു. അതിനിടയിൽ ചെറിയമ്മയ്ക്ക് എക്കിൾ എടുക്കാൻ തുടങ്ങി. വെള്ളംകുടിച്ച് നോക്കിയെങ്കിലും എക്കിൾ ശമിച്ചില്ല. ഇലയ്ക്ക് മുന്നിൽ നിന്ന് എണീറ്റ് ഉണ്ണാനിരിക്കുന്നവരുടെ  മുന്നിലൂടെ അസ്വസ്ഥയായി നടക്കുന്ന ചെറിയമ്മയെ മറക്കാൻ പറ്റില്ല. കണ്ണുകളിൽ ഒരു ചെറു നനവുണ്ടായിരുന്നോ?

അതിനു ശേഷമാണ് ചെറിയമ്മയുടെ ദുരിതപർവ്വം തുടങ്ങുന്നത്. ആദ്യം ഭാസ്കരൻ ഡോക്റ്ററുടെ ചികിത്സയിൽ തുടങ്ങി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ രോഗം അർബുദം ആണെന്ന് കണ്ടെത്തി.

അങ്ങിനെയാണ് കർക്കടകം കുടുംബത്തിൽ കയറി വരുന്നത്. 

രോഗത്തെ കുറിച്ച് ഞാനും കൂടുതൽ ബോധവാനാവുന്നത് അപ്പോളാണ്. അത് വരെ അർബുദം സിനിമകളിൽ നായകനോ നായികയ്‌ക്കോ മരിക്കുവാനുള്ള കാരണം മാത്രമായിരുന്നു. അടുത്തതും അകന്നതുമായ ബന്ധങ്ങളിലും സൗഹൃദങ്ങളിലും കർക്കടകത്തിന്റെ പകർന്നാട്ടം കാണുവാനും ശ്രദ്ധിക്കുവാനും തുടങ്ങിയത് പിന്നീടാണ്. അമ്മയുടെ മൂത്ത സഹോദരൻ അമ്പ്യാരമ്മാമയും ഈ രോഗത്തിന്റെ പിടിയിലായി. 

രവിച്ചേട്ടൻ എന്ന് ഞങ്ങൾ പൊതുവിൽ വിളിക്കുന്ന രവിമ്മാമ്മ രോഗത്തിന്റെ പിടിയിലായി. ജീവിതത്തെ ലാഘവത്തോടെ കാണുകയും നർമ്മബോധം കൊണ്ട് എന്തിനെയും നേരിടുകയും ചെയ്ത രവിച്ചേട്ടൻ ഏകദേശം അവസാനം വരെ അങ്ങിനെ തന്നെയായിരുന്നു. തിരക്കുള്ള ഉദ്യോഗത്തിൽ ആയിരുന്നിട്ടും മകൻ അപ്പൻ എല്ലാ ഘട്ടത്തിലും രവിച്ചേട്ടന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഒടുവിൽ എല്ലാം അവസാനിച്ച ശേഷമുള്ള ഒരു ദിവസം സംസാരമധ്യേ ഇന്ദിരചെറിയമ്മ പറയുകയുണ്ടായി: രവിച്ചേട്ടൻ ഇല്ലാത്തതിൽ എനിയ്ക്ക് നല്ല വിഷമം ഉണ്ട്. പക്ഷെ അതുമായി പൊരുത്തപ്പെടുവാനുള്ള മനസികാവസ്ഥയ്ക്ക് എന്നെ എത്തിച്ചത് (എന്റെ മകൻ) അപ്പനാണ്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും എന്റെ കൂടെ ഉണ്ടാവുകയും കാര്യങ്ങൾ പൂർണമായി എന്നെ പറഞ്ഞു മനസിലാക്കി തരികയും ചെയ്തിരുന്നു.  

ഒരു മകന് കിട്ടാവുന്ന ഏറ്റവും നല്ല അംഗീകാരമായാണ് ഞാൻ അതിനെ കാണുന്നത്. 

അർബുദത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന സിദ്ധാർഥ് മുഖർജിയുടെ "വ്യാധികളുടെ ചക്രവർത്തി" (The Emperor of Maladies) എന്ന പുസ്തകം വാങ്ങിവായിക്കാൻ പ്രേരകമായതും ഈ അനുഭവങ്ങളാണ്. നാളെ ഞാനും ഇതിന്റെ വലയത്തിൽ ആവില്ല എന്ന് ഉറപ്പില്ലലോ. പ്രതിയോഗിയെ അറിഞ്ഞിരിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. അപ്പൻ ഈ പുസ്തകം വളരെ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു എന്നത് പറയേണ്ടതില്ലലോ.

അർബുദം സ്ഥിരീകരിച്ച ശേഷം ചെറിയമ്മ കൊരട്ടിയിലെ സരസ്വതിയോപ്പോളുടെ അടുത്തായിരുന്നു. ഇടയ്ക്കൊക്കെ ഞാൻ കാണാൻ പോകുമായിരുന്നു. ഏറെ വേദന സഹിച്ചായിരുന്നു ചെറിയമ്മയുടെ അന്ത്യം. 

ശേഷം അഗ്നിയിൽ ചെറിയമ്മ ലയിച്ച് ഇല്ലാതാവുമ്പോൾ ഞാൻ ആലോചിച്ചു: അമ്മ നേരത്തെ പോയി. ഇപ്പൊ ഇതാ അമ്മയുടെ നിഴലും ഇല്ലാതായി.