അക്കാലത്തു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എംടി സാറിനെ കാണാൻ വരികയും പരിപാടികൾക്കുള്ള ചില ആശയങ്ങൾ പങ്കു വെക്കുകയും ചെയ്തു. അതിൽ ഒന്നായിരുന്നു ഗുരുവായൂരപ്പനെ കുറിച്ചൊരു സീരിയൽ. അത് അംഗീകരിക്കപ്പെട്ടു. ഗുരുവായൂരിനെ കുറിച്ചും ഗുരുവായൂരപ്പനെ കുറിച്ചും ഏറ്റവും നന്നായി അറിയാവുന്ന എഴുത്തുകാരൻ എന്ന നിലയിൽ ചൊവ്വലൂർ കൃഷ്ണന്കുട്ടിയെ കൂടി ഇതിന്റെ ഭാഗമാക്കാൻ സർ നിർദേശിച്ചു. രണ്ട് പേർക്കും അഡ്വാൻസ് കൊടുത്തു. തിരക്കഥയുടെ ആദ്യ രൂപമായി. സർ അത് വായിച്ച് നോക്കി കുറച്ചു തിരുത്തലുകളും ചേർക്കലുകളും വരുത്തി. ഇന്ത്യാവിഷൻ അനിശ്ചിതാവസ്ഥയിലേക്ക് കടക്കാൻ തുടങ്ങുന്ന സമയമായിരുന്നു അത്. അതിനിടയിൽ തീരെ മറുത്തു പറയാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ മറ്റൊരു ചാനലിന്ന് വേണ്ടി ഇതേ സീരിയലിന് സ്ക്രിപ്റ്റ് എഴുതാൻ ചൊവ്വലുർ നിയമിക്കപെടുകയും ചെയ്തു. അദ്ദേഹം സാറിന്റെ മുമ്പിൽ എത്തി കാര്യം അവതരിപ്പിച്ചു: സ്ക്രിപ്റ്റ് തിരികെ വേണം. സാഹചര്യം മനസിലാക്കിയ എം ടി സർ അത് ചൊവ്വല്ലൂരിന്ന് തിരികെ കൊടുത്തുകൊള്ളാൻ പറഞ്ഞു. സർ നടത്തിയ തിരുത്തലുകൾ അടങ്ങിയ ഭാഗം ഇന്ത്യവിഷനിൽ തന്നെ സൂക്ഷിച്ചു.
കോഴിക്കോട് ഉള്ള ദിവസങ്ങളിൽ ഒക്കെ രാവിലെ ഒരു പത്തു മണിയോട് കൂടി സർ ഇന്ത്യവിഷൻ ഓഫീസിന് താഴെ എത്തും. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിച്ചു പറയാറുള്ളത് കൊണ്ട് ഞാൻ താഴെ നിൽക്കും. ചെറൂട്ടി റോഡിലെ ഓഫീസ് നാലാം നിലയിലായിരുന്നു. വന്നു കഴിഞ്ഞു ലിഫ്റ്റ് കയറി ഓഫീസിലേക്കും തിരിച്ച് ലിഫ്റ്റിൽ ഇറങ്ങി കാറിൽ കയറുന്നതു വരെയും സാറിന്റെ കൂടെ ഞാനും പോകാറുണ്ടായിരുന്നു. ലിഫ്റ്റ് പ്രവർത്തിക്കാത്ത ദിവസമാണെങ്കിൽ ഞാൻ വിളിച്ച് പറയും, സർ അന്ന് വരില്ല. ഒരിക്കൽ സർ താഴെ എത്തിയപ്പോളാണ് ലിഫ്റ്റ് അന്ന് പ്രവർത്തിക്കുന്നില്ല എന്ന് മനസിലായത്. "സാരല്ല്യ, ഒന്ന് കേറി നോക്കാം" എന്ന് പറഞ്ഞു മുണ്ടിന്റെ അറ്റം ഒരു കൈ കൊണ്ട് പൊക്കി പിടിച്ച്, മറ്റേ കൈ കൊണ്ട് ഗോവണിയുടെ കൈവരി പിടിച്ച് വളരെ വേഗത്തിൽ സർ കേറിപോയി. ഒപ്പമെത്താൻ എനിക്ക് ഓടിക്കേറേണ്ടിവന്നു.
രണ്ട് മൂന്ന് മണിക്കൂർ അവിടെ ചിലവഴിക്കും. ഉച്ചയ്ക്ക് പോവുകയും ചെയ്യും. പ്രോഗ്രാമുകളെ കുറിച്ചല്ലാതെ മറ്റു അനവധി കാര്യങ്ങളെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരിക്കാൻ തുടങ്ങി. പുസ്തകങ്ങൾ, സാറിന്റെ യാത്രകളിൽ കണ്ട കാഴ്ചകൾ, സിനിമകൾ, പൊതു കാര്യങ്ങൾ..
അന്ന് ഇ മെയിലുകൾ പ്രചാരത്തിൽ വരാൻ തുടങ്ങിയ കാലമായിരുന്നു. യാഹൂവിലും ഹോട് മെയ്‌ലിലും സാറിന്ന് ഓരോ വിലാസം ഉണ്ടായിരുന്നു. കൂടുതൽ ഉപയോഗിച്ചിരുന്നത് യാഹൂ ആയിരുന്നു. സാറിന്റെ മെയിൽ നോക്കലും സർ പറയുന്നതനുസരിച്ച് മറുപടി അയക്കലും എൻ്റെ ചുമതലകളിൽ പെട്ടതായിരുന്നു. മൊബൈൽ ഉണ്ടെങ്കിലും അതിൻ്റെ ഉപയോഗം ടെലിഫോൺ എന്ന നിലയ്ക്ക് മാത്രമായിരുന്നു.
ഇന്ത്യവിഷന്റെ ആസ്ഥാനം എറണാകുളത്തതായിരുന്നു. പ്രോഗ്രാം മീറ്റിങ്ങുകൾക്ക് ഇടയ്ക്കിടെ അങ്ങോട്ട് പോകേണ്ടി വരാറുണ്ട്. സാറിന്റെ തന്നെ അംബാസ്സഡറിലാണ് യാത്ര. ഡ്രൈവർ വിനോദും കൂടെ ഉണ്ടാവും. ദീർഘ യാത്രകൾക്ക് സർ അംബാസ്സഡറാണ് ഉപയോഗിച്ചിരുന്നത്. പിന് സീറ്റിൽ സർ ഇരിക്കും. കോഴിക്കോട് നിന്ന് യാത്ര ആരംഭിക്കുമ്പോൾ മുതൽ സർ സംസാരിക്കാൻ തുടങ്ങും. മുൻ സീറ്റിലിരുന്ന് പുറകോട്ട് തിരിഞ്ഞു സംസാരിക്കുന്നതിനിടയിൽ കഴുത്തു വേദനിക്കുന്ന പോലെ തോന്നുമ്പോൾ ഞാൻ മുന്നോട്ട് നോക്കി ഇരിക്കും. അപ്പോൾ മാത്രമാണ് സർ വർത്തമാനം മതിയാക്കി സീറ്റ് ചാരി മയങ്ങാൻ തുടങ്ങുന്നത്.
ഒരു പരസ്യത്തിന്ന് വേണ്ടി പന്ത്രണ്ട് വരി കവിത എഴുതാൻ വള്ളത്തോൾ കരാറിലേർപ്പെടുകയും എഴുതി കൊടുത്ത വരികളിൽ നിന്ന് രണ്ടെണ്ണം അധികമായി അവർ ഉപയോഗിച്ചപ്പോൾ കണക്ക് പറഞ്ഞ് അതിന്റെ തുക കൂടി മേടിക്കുകയും ചെയ്ത കാര്യം പറഞ്ഞു. കാറിൽ വരുമ്പോൾ ആ പന്ത്രണ്ടു വരികളും അധികം വന്ന രണ്ടു വരികളും സർ ചൊല്ലി കേൾപ്പിച്ചു. അതാണ് തന്റെ മാതൃക എന്ന് സർ പറഞ്ഞു. എഴുത്തു കൊണ്ടാണ് ജീവിക്കേണ്ടത് എന്ന് താൻ ആദ്യമേ തീരുമാനിച്ചതാണ്. അപ്പോൾ പിന്നെ കണക്ക് പറഞ്ഞ് കിട്ടാനുള്ളത് മേടിക്കുന്നതിൽ ഒരു തെറ്റുമില്ല.
സർ അക്കാലത്തു വലിച്ചിരുന്നത് ഗണേഷ് ബീഡിയായിരുന്നു. യാത്രകളിൽ കാർ നിർത്തി വാങ്ങിക്കാൻ പറയും. ഇറങ്ങാൻ തുടങ്ങുന്ന എന്നെ വിലക്കും: കൃഷ്ണദാസ് വാങ്ങേണ്ട, ഡ്രൈവർ വാങ്ങിക്കൊള്ളും. ഒരു തവണ ഗണേഷ് ബീഡി കിട്ടാതെ ഞാൻ മറ്റൊരു ബീഡി വാങ്ങിപ്പിച്ചു കൊടുത്തു. പക്ഷെ അത് ഇഷ്ടായില്ല: "കുറെ പുകയുണ്ടെന്നേ ഉള്ളു. വേറെ കാര്യമൊന്നും ഇല്ല."
വീട്ടിൽ നിന്ന് കാറിൽ കേറി നേരെ ഇന്ത്യവിഷനിലേക്ക് വരുന്നത് കൊണ്ട് വസ്ത്ര ധാരണത്തിൽ ചിലപ്പോളൊക്കെ അലസത തോന്നിക്കാറുണ്ട്. ഷിർട്ടിന്റെ കുടുക്കുകൾ ചിലപ്പോൾ സ്ഥാനം മാറിയാവും ഇട്ടിട്ടുണ്ടാവുക. ഒരു ദിവസം രണ്ടു കാലിൽ രണ്ടു വ്യത്യസ്ത ചെരുപ്പുകൾ ഇട്ടു കൊണ്ടായിരുന്നു വന്നത്, രണ്ടും വലത്തേ കാലിലേക്കുള്ളതും. "എങ്ങിനെയാ ഇത്ര കറക്റ്റായി വലത്തേകാലിലെ ചെരുപ്പുകൾ തന്നെ ഇട്ടത്" എന്ന് ഞാൻ ചോദിച്ചു. ഒരു ചെറിയ ചിരിയോടു കൂടി "ധൃതിയിൽ ഇറങ്ങുമ്പോൾ ശ്രദ്ധിച്ചില്ല" എന്ന് പറഞ്ഞു.
ബീഡി വലിക്കാറാവുമ്പോൾ കൃഷ്ണദാസ് ആ ജനൽ ഒന്ന് തുറന്നോളൂ എന്ന് പറയും. ഇടയ്ക്ക് ജനലിനരികിൽ നിന്ന് താഴെ വാഹനങ്ങളുടെ ഒഴുക്ക് നോക്കി നിൽക്കും. സർ വാചാലനാവുന്ന ദിവസങ്ങൾ ഉണ്ട്. അത് പോലെ തന്നെ വന്ന് രണ്ട് മണിക്കൂറോളം ഒന്നും പറയാതെ ഇരുന്നു, ഇറങ്ങി പോയ ദിവസങ്ങളും ഉണ്ട്. അതനുസരിച്ച് പെരുമാറാൻ ഞാൻ ശീലിച്ചു.
ചർച്ചകളിൽ ഇടയ്ക്ക് അന്ധവിശ്വാസങ്ങളും ആൾ ദൈവങ്ങളും ഒക്കെ കടന്ന് വരാറുണ്ട്. ഓഷോ എന്ന രജനീഷിനെ ആദ്യമൊക്കെ വായിക്കാറില്ല എന്നും ഒരു പത്തു കൊല്ലം മുമ്പ് തൊട്ടാണ് വായിക്കാൻ തുടങ്ങിയത് എന്നും പറഞ്ഞു. ജ്യോതിഷത്തെ കുറിച്ചും സംസാരമുണ്ടായി. തൻ്റെ ഒരു സുഹൃത്തുമായി തഞ്ചാവൂരിൽ ഓല നോക്കാൻ പോയ കഥ പറഞ്ഞു. അയാളുടെ കാര്യങ്ങൾ എല്ലാം ശരിയായിരുന്നു. "കൂട്ടത്തിൽ സാറിൻറെ നോക്കിച്ചില്ലേ" എന്ന് ഞാൻ ചോദിച്ചു. എന്നെ ഒന്ന് തുറിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
സ്വകാര്യത സാറിന്ന് ഏറെ വിലപ്പെട്ടതായിരുന്നു. രണ്ട് തവണ ജർമ്മനിയിൽ പോയി രണ്ട് തവണയും ഗുന്തർ ഗ്രസ്സിനെ കാണാൻ പറ്റാതെ മടങ്ങിയ കഥ പറഞ്ഞു: ഒരു കൊല്ലം മുമ്പേ അപ്പോയിന്മെന്റ് എടുക്കണമത്രേ. ഇവിടെ ആരേയും എപ്പോൾ വേണമെങ്കിലും പോയി കാണാം എന്നാണ് സങ്കല്പം. സർ പൊതുവിൽ പാലിച്ച് വന്ന അതിഗൗരവ ഭാവം സ്വകാര്യതയ്ക്ക് ഭംഗം വരാതിരിക്കുവാനുള്ളതായിരുന്നു. നല്ല പരിചയവും അടുപ്പവും ഉള്ളവരുമായി സർ സരളമായി സംസാരിക്കുന്നതും തമാശകൾ പങ്കു വെച്ച് ചിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
സ്വാഭാവികമായും സിനിമകളും ചർച്ചാവിഷയമാവാറുണ്ട്. ഐ വി ശശിയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ അവളുടെ രാവുകൾ എന്ന സിനിമയും ചർച്ചയായി. അതിൻ്റെ വിതരണം താനായിരുന്നു എന്ന് പറഞ്ഞു. എനിക്ക് അത് പുതിയ അറിവായിരുന്നു. അത് പോലെ തന്നെ മണിരത്നത്തിന്ന് ഇരുവർ സിനിമയ്ക്കുള്ള ആശയം നൽകിയതും, സിനിമ റിലീസ് ആയപ്പോൾ ചെന്നൈയിലെ ഒരു തിയേറ്ററിൽ തന്നെ കൊണ്ട് പോയി കാണിച്ചതും പറഞ്ഞു. പണ്ട് കമലഹാസൻ തനിക്ക് വേണ്ടി ഒരു തിരക്കഥ എഴുതണം എന്ന് ആവശ്യപ്പെട്ട് ഒരു ചെറിയ തുക അഡ്വാൻസ് ആയി കൈയിൽ പിടിപ്പിച്ച കഥയും പറഞ്ഞു. "ഇപ്പോളും അയാൾ എന്നെ കാണുമ്പോൾ അഞ്ച് വിരൽ ഉയർത്തി കാട്ടി ആ കാര്യം ഓർമിപ്പിക്കും: എം ടി സർ എന്റെ തിരക്കഥ."
കാഞ്ചീപുരം നെയ്ത്ത് ഗ്രാമങ്ങൾ കാണാൻ പോയപ്പോൾ തോന്നിയ ഒരു ആശയം പിന്നീട് പ്രിയനുമായി ചർച്ച ചെയ്തതും അത് കാഞ്ചീപുരം എന്ന സിനിമയിലേക്ക് നയിച്ചതും പറഞ്ഞു.
ആ കാലത്താണ് സർ ഒരു അന്തർദ്ദേശീയ സിനിമയ്ക്ക് വേണ്ടി എഴുതുന്നത്. പ്രശസ്ത സംവിധായകൻ ഭരത് ബാലയ്ക്കു വേണ്ടിയായിരുന്നു അത്. ജപ്പാനിലെ ആയോധന കലകൾ അഭ്യസിച്ച ഒരാൾ കേരളത്തിൽ വന്നു കളരി പഠിക്കുന്നതും പ്രണയത്തിലാവുന്നതും ഒക്കെയാണ് പ്രമേയം. പത്തൊമ്പതാമത്തെ അടവ് എന്ന അർത്ഥത്തിൽ "19th step" എന്ന പേരിലായിരുന്നു സിനിമയുടെ പ്രവർത്തനങ്ങൾ നടന്നത്. ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ വിദഗ്ദ്ധർ സ്ക്രിപ്റ്റ് പരിശോധിക്കുകയും അവർ പറയുന്ന രീതിയിൽ അത് മാറ്റുകയും ഒക്കെ വേണം. തിരകഥാ രചനയിൽ തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു എന്ന് സർ പറഞ്ഞു. രചനയുടെ തയാറെടുപ്പ് എന്ന നിലയ്ക്ക് സർ ജപ്പാനിലെ ആയോധന കലകളെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുന്നതിന്ന് സാക്ഷിയായപ്പോൾ, എങ്ങിനെയാണ് തിരക്കഥകളിൽ സൂക്ഷ്മതകൾ വരെ ശരിയാക്കി സർ എഴുതുന്നത് എന്ന് മനസിലായി. പിന്നീട് ഒരു ദിവസം അതിൻ്റെ നിലവിലെ സ്ഥിതി എന്തായി എന്ന് ചോദിച്ചപ്പോൾ അതിൽ നിന്ന് താൻ പിന്മാറിയ കാര്യം പറഞ്ഞു; പിന്മാറാൻ ഉണ്ടായ കാരണവും.
ഈ കാലത്ത് തന്നെയാണ് പൊതു കാര്യങ്ങളിൽ സർ ഇടപെടുന്നത് കുറഞ്ഞ് വന്നത്. ഏറെ വിവാദമായ കോഴിക്കോടിലെ ഒരു ബലാത്സംഗ കേസിൽ നിലവിലെ പ്രചാരണങ്ങൾ ശരിയല്ല എന്നും അന്വേഷണം ശരിയാം വണ്ണം നടക്കണം എന്നും ആവശ്യപ്പെട്ടു ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റിയിൽ സാറും ഉണ്ടായിരുന്നു. അവരുടെ നിലപാടായിരുന്നു ശരി എന്ന് പിന്നീട് തെളിഞ്ഞെങ്കിലും ആ കാലത്ത് സാറിന്ന് ഏറെ പഴികേൾക്കേണ്ടി വന്നു. ഇടപെടലുകൾ കുറഞ്ഞതിന് ഈ അനുഭവം കൂടി ഒരു കാരണമാവാം എന്ന് എനിക്ക് തോന്നിയിരുന്നു. സർ സ്ഥിരം സാന്നിധ്യമായിരുന്ന നിളാ സംരക്ഷണ ജാഥകളിൽ നിന്നും സർ മെല്ലെ വിട്ടു നിന്നു.
* * *

No comments:
Post a Comment