pic courtesy: https://www.dreamstime.com/stock-photo-poetry-word-cloud-vintage-paper-old-yellow-brown-stains-book-image62475791
ഇന്ന് വലിയ എഴുത്തുകാരായി അറിയപ്പെടുന്ന പലരും തുടങ്ങിയത് കവിത എഴുതിക്കൊണ്ടാണ് എന്ന് വായിച്ചിട്ടുണ്ട്. വലിയ എഴുത്തുകാർ മാത്രമല്ല ചെറിയ എഴുത്തുകാരും. എഴുത്തുകാർ ആയി തീരുകയേ ചെയ്യാത്ത ഒരു പാട് പേരും തുടങ്ങിയത് കവിത എഴുതിക്കൊണ്ടാവണം. അല്ലെങ്കിൽ കവിതയാണ് എന്ന് വിശ്വസിച്ച് എഴുതിക്കൊണ്ടാവണം.
ലിസ്യു സ്കൂളിൽ ഏഴിൻറെയും എട്ടിന്റെയും ക്‌ളാസ്സുകൾക്കിടയിൽ എപ്പോഴോ ആയിരിക്കണം ഞാൻ നോട്ടുബുക്കുകളിൽ തമിഴ് വരികൾ സ്വന്തമായി കുറിച്ചിടാൻ തുടങ്ങിയത്. ആരെങ്കിലും അത് കണ്ടിരുന്നെങ്കിൽ തന്നെ കണ്ടതായി ഭാവിച്ചിരുന്നില്ല.
അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു കഴിവും പ്രകടിപ്പിക്കാത്ത, മാഷമ്മാരുടെ കൈയിൽ നിന്നു ഇടയ്കിടയ്ക് അടി ഇരന്നു വാങ്ങുന്ന, അതിസാധാരണ ബാല്യം പിന്നിട്ട്, കൗമാരത്തിന്റെ തുടക്കത്തിലാണ് ഞാൻ സ്റ്റെയ്ൻസ് സ്‌കൂളിൽ എത്തുന്നത്. എത്തിപെട്ടതാകട്ടെ സ്ത്രീഗന്ധമേൽക്കാത്ത ഋശ്യശൃംഗൻമാരുടെ താവളമായ ബി ഡിവിഷനിലായിരുന്നു. എ ഡിവിഷനിൽ നിന്ന് ഇടവേളകളിൽ സ്വപ്ന ശാരികകൾ കണക്കെ പുറത്തേക്കും പിന്നീട് അകത്തേക്കും ഒഴുകി നടക്കുന്ന പെൺകുട്ടികളെ നിർനിമേഷമായി നോക്കിയിരിക്കാൻ വിധിക്കപ്പെട്ടവർ.
അതിനിടയിൽ എപ്പോഴോ വീണ്ടും മുളപൊട്ടി. ഞാൻ വരികൾ കുറിച്ചിടാൻ തുടങ്ങി. തമിഴിൽ തന്നെയായിരുന്നു. ഇത്തവണ പക്ഷെ വരികൾ പിടിക്കപ്പെടുകയും ക്‌ളാസ്സിലാകെ പാട്ടാവുകയും ചെയ്തു. അങ്ങിനെ ഞാൻ ക്‌ളാസ്സിലെ "കവിഞ്ഞൻ" ആയി. മിക്കതും കൗമാര ചാപല്യങ്ങളുടെ പ്രകാശനങ്ങളായതു കൊണ്ട് ക്‌ളാസ്സിലെ മിക്കവരും വായനക്കാരായി. മെല്ലെ ചില മാഷമ്മാര് വഴി അദ്ധ്യാപകർക്കിടയിലും ഞാൻ ഒരു പദ്യക്കാരനാണെന്ന അഭിപ്രായം ഉണ്ടായി.
ക്‌ളാസ്സിലെ ഏറ്റവും ഉയരംകൂടിയ നമ്പിരാജനായിരുന്നു എൻ്റെ കവിതകളുടെ പ്രധാന പ്രോത്സാഹകനും പ്രചാരകനും. അവൻ എൻ്റെ കവിതകൾ വീട്ടിലേക്ക് കൊണ്ടുപോവാൻ തുടങ്ങി. നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അവൻ്റെ പെങ്ങൾക്ക് എന്റെ കവിതയിൽ മതിപ്പ് തോന്നുകയും കോളേജിലെ സുഹൃത്തുക്കളുമായി അത് പങ്കു വെക്കുകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ അവർ കവിഞ്ഞനെ ഒന്ന് നേരിട്ട് കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം മടിച്ച് നിന്ന എന്നെ ഒരു ദിനം നമ്പിരാജൻ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയപ്പോളാണ് എൻ്റെ സഭാകമ്പത്തിന്റെ വ്യാപ്തി ഞാൻ ശരിക്കും മനസിലാക്കുന്നത്. അവരെ ഒന്ന് നേരെ നോക്കുക പോലും ചെയ്യാതെ ചോദ്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങിയോടി.
ബിരുദത്തിന് പാലക്കാട് വിക്ടോറിയയിൽ ചേർന്നപ്പോൾ തമിഴും എൻ്റെ കൂടെ വന്നു. ക്‌ളാസിൽ തമിഴ് വായിക്കാൻ അറിയുന്ന ഒന്ന് രണ്ടുപേരിൽ പ്രഭ സ്ഥിരം വായനക്കാരിയായി മാറി. അതിനിടയ്ക്ക് കോളേജ് മത്സരത്തിന്ന് തമിഴ് കവിതയ്ക്ക് സമ്മാനം കിട്ടുകയും, തുടർന്ന് സോൺ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച് ഇന്റർസോണിൽ മത്സരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.
അങ്ങിനെ വിജയിച്ച വിവരം കുളക്കടവിൽ വെച്ച് മുരളിയേട്ടൻ വിളംബരപ്പെടുത്തി. നാരായണൻ അമ്മാമ എന്ന കെ സി യെൻ അഭിനന്ദിക്കുന്നതോടൊപ്പം എനിയ്ക്ക് ആ കുളക്കടവിൽ വെച്ച് തന്നെ ഒരു ബിരുദവും സമ്മാനിച്ചു: സാഹിത്യ കശ്മലൻ. അത് പിന്നീട് കശ്മല കുമാരനെന്നും കശ്മലൻ എന്നും ഒക്കെയായി ഒടുവിൽ ലോപിച്ച് കശ്കൂ എന്നുമൊക്കെയുള്ള ഇരട്ടപ്പേരായി മാറി കുറച്ചു കാലത്തേക്ക്.
ആ സദസ്സിൽ വെച്ച് തന്നെ, വിജയിച്ചതിൻ്റെ വക "ചെലവ്" ഒരു പൊതു ആവശ്യമായി മാറി. എന്റെ പക്കൽ അതിനുള്ള പൈസ ഇല്ല എന്ന ഏറ്റുപറച്ചിൽ കേട്ട് നാരായണൻമാമ അനുഗ്രഹം അരുൾ ചെയ്തു: "നിസ്വൻ." അത് കേട്ട പാടെ കുളത്തിലേക്ക് എടുത്തു ചാടി മറഞ്ഞതാണ് എൻ്റെ ലക്ഷ്മി. പിന്നീട് ഇക്കാലമത്രയും കണ്ടില്ല എന്ന് മാത്രമല്ല തേടി പോയപ്പോഴെല്ലാം ഞാൻ കുളത്തിലാവുകയേ ഉണ്ടായിട്ടുള്ളൂ.
സമ്മാനാർഹമായ കവിത കോളേജ് മാഗസിനിൽ അച്ചടിച്ച് വന്നു. അത് വായിച്ച് ഏതാനും പെൺകുട്ടികൾ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അന്വേഷിച്ച് വന്നപ്പോൾ ഞാനും ജോയും പതിവുപോലെ ക്യാന്റീനിലായിരുന്നിരിക്കണം. താമസിയാതെ ക്ലാസ്സിലേക്കെത്തിയ എന്നോട് സുധ കാര്യം പറഞ്ഞു. അവർ വരാന്തയുടെ ഒരു ഭാഗത്ത് നിൽക്കുന്നുണ്ടായിരുന്നു. നമ്പിരാജന്റെ വീട്ടിൽ വെച്ചുള്ള സഭാകമ്പത്തിന്റെ തനിയാവർത്തനമായിരുന്നു പിന്നെ. അവരെ കണ്ടു എന്ന് നടിച്ച് ഞാൻ വേഗം താഴേക്കിറങ്ങിപ്പോയി. സുധ എന്നെ കണക്കിന്ന് ചീത്തപറഞ്ഞു. കാണാൻ വന്നവരോട് അല്പം പോലും മര്യാദ കാണിക്കാത്തതിന്ന്.
അതിനിടയിലാണ് മലയാളം വായന കാര്യമായി തുടങ്ങുന്നത്. പ്രഭാകര വർമ്മ വഴി. ഒരു കണക്കിൽ പറഞ്ഞാൽ എന്റെ മലയാളം കടപ്പെട്ടിരിക്കുന്നത് പ്രഭ എന്ന് വിളിക്കുന്ന പ്രഭാകര വർമ്മയോടാണ്. ചുള്ളിക്കാടിന്റെ പതിനെട്ട് കവിതകളിൽ തുടങ്ങി സച്ചിദാനന്ദൻ അയ്യപ്പ പണിക്കർ വഴി കടമ്മനിട്ടയിൽ എത്തിയ ഞാൻ മലയാളത്തിന്റെ ചൂരറിഞ്ഞു. ഗദ്യത്തെക്കാൾ ഭാഷയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി കവിത തന്നെയാണ്. പിന്നെ വായനശാലയിൽ നിന്ന് മാരാരുടെ വിവർത്തനത്തിൽ കാളിദാസൻ കൂടിയായതോടെ എനിയ്ക്ക് മലയാളം വഴങ്ങും എന്ന സ്ഥിതിയായി.
ക്ലബ്ബിന്റെ കൈയെഴുത്തു മാസികയുടെ ചുമതല എനിയ്ക്ക് നൽകപ്പെടുകയും മേല്പറഞ്ഞ കവികളുടെ സ്വാധീനത്തോടെയുള്ള എൻ്റെ ആദ്യ മലയാള കവിത അതിൽ ഉൾപ്പെടുകയും ചെയ്തതോടു കൂടി എൻ്റെ മലയാളത്തിനും അംഗീകാരം കിട്ടിയതായി ഞാൻ കരുതി. ഇടയ്ക്ക് ഇംഗ്ലീഷിലും കുറിക്കാറുണ്ടായിരുന്നു. വായനക്കാരില്ലാത്ത തമിഴ് വിരളമായി. എങ്കിലും ഇടയ്ക്ക് തമിഴിൽ എഴുതുമ്പോൾ ഒരു സുഖം തോന്നാറുണ്ട്: എന്നെ തമിഴ് ഉപേക്ഷിച്ചിട്ടില്ല.
തലച്ചോറിന്റെ വലത് ഗോളാർദ്ധമത്രെ സർഗ്ഗശക്തിയുടെ വിളനിലം. ഭാവനയുടെ കലകളുടെ കവിതയുടെ കേദാരഭൂമി. ഇടത് യുക്തിയാണ്. കണക്കാണ്. ശാസ്ത്രമാണ്.
അകാരമാണ് എല്ലാ എഴുത്തുകളുടെയും ആരംഭം (അകര മുതല എഴുത്തെല്ലാം - തിരുവള്ളുവർ) എന്നത് പോലെ സകല ആശയങ്ങളുടെയും തുടക്കം ഭാവനയിലാണ്, വലതുവശത്താണ്, കവിതയിലാണ്. പക്ഷികളെ നോക്കി സ്വയം പറക്കുന്ന ഭാവനയിൽ നിന്നാണ് വിമാനങ്ങളും ആകാശ വീഥികളിൽ അപഥസഞ്ചാരം നടത്തുന്ന ഉപഗ്രഹങ്ങളും ഉണ്ടാവുന്നത്. ഭാവനയിൽ ആദ്യം മിന്നുന്നതാണ് പിന്നീട് ശാസ്ത്രമായി പ്രയോഗത്തിൽ വരുന്നത്. കവിതയിൽ നിന്നാണ് ശാസ്ത്രം ഉണ്ടാവുന്നത് എന്ന് സാരം.
സ്പർശം കൊണ്ട് വെള്ളം വീഞ്ഞാക്കിയപ്പോൾ അത്ഭുതം കാണിച്ചത് ഈശോ അല്ല, തൻ്റെ നാഥനെ കണ്ടുമുട്ടിയ ജലം ലജ്ജാവിവശയായി എന്നെഴുതിയ കവിയാണ്. (the water met its Master, and blushed - Lord Byron)
എത്തിപ്പിടിക്കാനാവാത്ത ദൂരത്തിൽ ചെന്നിരിക്കുന്നതതായി സങ്കല്പിക്കാതെ, കാരണം എന്റേത് കൈകളല്ല, കവിതകളാണ് എന്ന് കാമുകിയോട് ആത്മവിശ്വാസത്താടെ പറയാൻ ഒരു കവിക്ക് മാത്രമേ കഴിയൂ. (തമിഴ് കവി, മു മേത്ത.)
എല്ലാം അറിയുമെന്നാകിൽ ജീവിതം എത്ര വിരസമാവും. സ്വപ്നത്തിൻ ശാദ്വല ഭൂമികൾ ഇല്ലെങ്കിൽ മരുഭൂമി, ഹാ, കഠിനോൽക്കഠിനം.
ശാസ്ത്രജ്ഞൻ ചന്ദ്രനിലെ ഗർത്തങ്ങൾ എണ്ണിക്കൊണ്ടിരിക്കുമ്പോൾ കവി ചന്ദ്രന്റെ മടിയിലെ മുയൽകുഞ്ഞിനെ താലോലിച്ചുകൊണ്ടിരിക്കുന്നു. ഉയരെയുള്ള പഞ്ഞിമേഘങ്ങൾ ശാസ്ത്രജ്ഞന് പരൽരൂപം പൂണ്ട ജലകണങ്ങൾ.
കവിക്ക് അത് പഞ്ഞിമെത്ത. നീണ്ട് നിവർന്ന് മലർന്ന് കിടന്ന് നക്ഷത്ര സംഗീതം കേൾക്കാനുള്ള പഞ്ഞിമെത്ത.
എനിയ്ക്ക് കവിയായാൽ മതി.

No comments:
Post a Comment