Saturday, 26 December 2020

തൊഴുത്തിൽ നിന്ന് അരമനയിലേക്കുള്ള ദൂരം*

 

ലോകത്തെ അനേകം കോടി ജനങ്ങൾ പ്രവാചകനായും ദൈവ പുത്രനായും വണങ്ങുന്ന യേശു ക്രിസ്തുവിന്റെ ജന്മദിനമായി കരുതി ആഘോഷിക്കപ്പെടുന്ന ദിനമാണ് ക്രസ്തുമസ്. ഡിസംബർ 25 എന്ന തിയ്യതിയാണ് അതിനായ് തിരഞ്ഞെടുത്തത്. ഈ ദിവസം ക്രിസ്ത്യാനികൾ അല്ലാത്തവരും ആഘോഷമാക്കാറുണ്ട് - വിശ്വ സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി.

യേശു എന്ന പ്രവാചകന്റെ ജീവിതവും സന്ദേശങ്ങളും ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ക്രിസ്തു ജീവിച്ചതായി വിശ്വസിക്കുന്ന കാലഘട്ടം കഴിഞ്ഞ് ഏകദേശം മുന്നൂറ് കൊല്ലങ്ങൾക്ക് ശേഷമാണ് ഈ ദിനം ആദ്യമായ് കൊണ്ടാടപ്പെടുന്നത്. ഡിസംബർ 25 എന്ന ദിനമാണ് ഗ്രിഗോറിയൻ കൊല്ലവര്ഷത്തിൽ മകര സംക്രാന്തിയായ് (വിന്റർസോൾസ്റ്റീസ്) ആചരിക്കപ്പെടുന്നത് എന്നതാണത്ര കാരണം. ജൂലിയൻ കലണ്ടർ പ്രകാരം ഈ സംക്രാന്തി ജനുവരി 7 ന്ന് വരുന്നത് കൊണ്ട് ഒരു വിഭാഗം അന്നാണത്രെ ആഘോഷിക്കുന്നത്. ഈ ദിനത്തിലാണ് ക്രിസ്തു ജനിച്ചത് എന്ന് പറയുന്നതിനേക്കാൾ ഈ ദിനത്തിലാണ് ക്രിസ്തുവിന്റെ ജനനം ആഘോഷിക്കപ്പെടുന്നത് എന്നതാവും ശരി. എന്തായാലും ലോകമെമ്പാടും ഈ ദിവസം കാരുണ്യത്തിന്റെയും നന്മയുടെയും വിളംബര ദിനമാണ്. സത്യത്തിന്റെയും ധർമ്മത്തിന്റെയും ദിനമാണ് എന്ന് കൂടി വ്യാഖ്യാനിക്കാം.

ദൈവത്തിന്റെ സന്ദേശ വാഹകനായ ക്രിസ്തുവിന്റെ വഴിയേ വിശ്വാസികളെ നയിക്കാൻ നിയുക്തരായവരാണ് പുരോഹിതന്മാർ. ക്രിസ്തുമസിന്റെ രണ്ട് ദിവസം മുമ്പ് വന്ന വിധി പ്രസ്താവം ഇക്കാലത്തെ ധർമ്മാധർമ്മ സങ്കല്പ്പങ്ങൾക്കുള്ള ഒരു ചൂണ്ടു പലക കൂടിയാണ്.

പുരോഹിതന്മാർ ഒരു കണക്കിൽ ദൈവത്തിന്റെ ഇടനിലക്കാരാണ്. അത് അവർക്ക് മനുഷ്യന്റെ മേലും ആ മനുഷ്യൻ ഭാഗമാകുന്ന സമൂഹത്തിന്റെ മേലും അനിഷ്യേധ്യമായ സ്വാധീനം പ്രദാനം ചെയുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അധികാരം.

അധികാരം ദുഷിപ്പിക്കുന്നു എന്നത് കാലാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ള വിശ്വാസമാണ്.

യൂറോപ്പിൽ ഒരു കാലത്ത് രാജാവിനേക്കാൾ അധികാരം പൗരോഹിത്യത്തിനായിരുന്നു. രാജാവ് പാപ്പയുടെ നിർദേശങ്ങൾക്ക് അനുസരിച്ച ഭരണം നടത്തുന്ന നടത്തിപ്പുകാരൻ. യൂറോപ്പിന്റെ ഇരുണ്ട കാലമായ് വിശേഷിപ്പിക്കപ്പെടുന്ന ആ നൂറ്റാണ്ടുകൾ മതം എങ്ങിനെ സ്വാർത്ഥ ലാഭങ്ങൾക്കുള്ള ഉപാധിയായി മാറ്റാം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു.

ഇത് ക്രിസ്തുമതത്തിന്റെ മാത്രം പ്രത്യേകതയല്ല. സാധാരണക്കാരുടെ മേൽ നിയന്ത്രണമുള്ള എല്ലാ വിശ്വാസങ്ങൾക്കും ലഭിക്കുന്ന ആനുകൂല്യമാണ്.

ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണപ്പെടുന്ന അവരും കേവലം മനുഷ്യർ മാത്രമാണ്. മനുഷ്യ സഹജമായ ചാപല്യങ്ങളിൽ നിന്ന് മുക്തരല്ല. മനുഷ്യരിലെ നന്മ പോലെത്തന്നെ മനുഷ്യരിലെ തിന്മയും അവരിൽ പ്രതിഫലിക്കും. അധികാരത്തിന്റെ മേലങ്കിക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ അത് ചോദ്യങ്ങൾക്ക് അതീതമാവും.

സമീപകാല ഓർമ്മയിലെ കാര്യങ്ങൾ വീണ്ടും വീണ്ടും ഇതിന്ന് അടിവര ഇടുന്നു. സമീപ സംസ്ഥാനത്തിലെ വിശുദ്ധ പീഠാധിപൻ വനവാസത്തിനെന്ന പോലെ ജയിലിൽ പോയി വന്നത് ഓർക്കാം. മറ്റൊരു സെമിറ്റിക് മതത്തിന്റെ ഒരു ആചാര്യന്റെ നേർക്ക് നിഴല് പോലെ ചൂണ്ടിനിൽക്കുന്ന ആരോപണത്തിന്റെ കാമ്പ് ഗൗരവമുള്ളതാണ്. ദില്ലിയിൽ തടവിലാക്കപ്പെട്ട ബാപ്പുമാർക്ക് നേരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളും സാധാരണമല്ല. എന്നിട്ടും ഇവരുടെ അനുയായികൾക്ക് വിശ്വാസ ഭംഗം ഉണ്ടാവാത്തത് എന്ത് കൊണ്ടാണ്. മേൽ ഉദ്ധരിച്ച കോടതി വിധിയുടെ കാര്യത്തിൽ സഭയുടെ ഔദ്യോഗിക നിലപാടും ശിക്ഷ വിധിക്കപെട്ട പുരോഹിതരോട് അനുഭാവം പുലർത്തുന്നതാണല്ലോ. കൊല്ലപ്പെട്ടത് ആ സഭയിലെ ഒരു അംഗമാണ് എന്നതൊന്നും നിലപാടുകൾക്ക് മാറ്റം വരുത്തിയില്ല.

മതങ്ങളിലെ പൗരോഹത്യം മുഴുവൻ ഇങ്ങനെയാണ് എന്ന് അര്ഥമാക്കുന്നില്ല. ഭൂരിപക്ഷവും ഇങ്ങനെ അല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എന്ന് തന്നെ പറയാം.

പക്ഷെ ഇങ്ങനെ കുറ്റങ്ങൾ ചെയുന്നവർ അധികാരത്തിന്റെ ദണ്ഡ് കൈയാളുന്നവരോ അധികാരത്തിനെ തൊട്ടു തലോടി നിൽക്കുന്നവരോ ആണ് എന്നത് കൊണ്ട് സമൂഹത്തിന്റെ തെറ്റ് ഇവർക്ക് തെറ്റല്ലാ എന്ന് വരുത്തിത്തീർക്കാൻ പറ്റുന്നു. ഇഹലോകത്തിലെ ചെയ്തികളെക്കാൾ പരലോകത്തിലെ വിധികളെ ഭയക്കുന്ന സമൂഹമാണ് നമ്മൾ എന്നതാണ് പല ചെയ്തികൾക്കും മറയാവുന്നത്. അന്നും ഇത് തന്നെയായിരുന്നു സ്ഥിതി. ഇന്നും അങ്ങിനെ തന്നെ. നാളെ അത് വിഭിന്നമാവാൻ സാധ്യതയില്ല. വിശ്വാസം എന്നത് എന്നും അന്ധമാണല്ലോ.

ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാൻ മനുഷ്യൻ കണ്ടെത്തിയ മരുന്നാണ് പ്രത്യാശ. ക്രിസ്തുവിന്റെ ജന്മം അടയാളപ്പെടുത്തുന്ന ഈ ദിനം ക്രിസ്തുവിന്റെ പേരിൽ നടത്തപെടുന്ന ആത്മീയ സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വീണ്ടുവിചാരത്തിനുള്ള അവസരമാവും എന്ന പ്രത്യാശയോടെ കുറിപ്പ് അവസാനിപ്പിക്കുന്നു.

ക്രിസ്തുവും ക്രിസ്തുമതവും തമ്മിൽ ഇന്ന് നില നിൽക്കുന്ന അന്തരം, തൊഴുത്തിൽ നിന്ന് അരമനയിലേക്കുള്ള ദൂരമാണ്. നമ്മൾ എന്നും ആഘോഷിക്കേണ്ടത് തൊഴുത്തിലെ തിരുപ്പിറവിയാണ്. മറ്റേത് അനുഭവ യാഥാർഥ്യവും.




(*note: this was a solicited piece originally written for, and published in the editorial page of the Christmas edition of, New Age daily, the first and only daily business newspaper in Malayalam)
 


 

Sunday, 20 December 2020

ഫാർമസിയും ഞാനും











രാമ വാര്യരും അനിയേട്ടനും


അന്ന് കോയമ്പത്തൂർ പട്ടണം റയിൽവേ സ്റ്റേഷൻറെ അടുത്തുള്ള വലിയആശുപത്രി കഴിഞ്ഞു അധികം വളർന്നിട്ടില്ല. പട്ടണത്തിന്റെ പരമാവധി വളർച്ച ഇംഗ്ലീഷ് പടങ്ങൾ മാത്രം കളിക്കുന്ന റെയിൻബോ തീയേറ്റർ വരെ മാത്രം. അനുപ്രസ്ഥ തരംഗങ്ങൾ പോലെയാണ് നഗരങ്ങൾ വളരുന്നത് - നഗര ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കേന്ദ്രത്തിൽ നിന്ന് വൃത്താകൃതിയിൽ വികാസം പ്രാപിക്കുന്ന വളർച്ച. 

കോയമ്പത്തൂരിന്റെ വടക്കേ അതിരിലും ഇംഗ്ലീഷ് ചിത്രങ്ങൾ മാത്രം കളിക്കുന്ന സെൻട്രൽ തീയേറ്റർ ഉണ്ടായിരുന്നു. പാലക്കാട്ടെ അതിരിലും ഇംഗ്ലീഷ് പടങ്ങൾ മാത്രം കളിക്കുന്ന ഹൃദയ തീയേറ്റർ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പടങ്ങൾ നഗരാതിർത്തിയിൽ വേണം എന്നുണ്ടായിരുന്നോ ആവോ. 

റെയിൻബോ തീയേറ്റർ കഴിഞ്ഞാൽ പിന്നെ നഗരാതിർത്തി ഔദ്യോഗികമായി അടയാളപ്പെടുത്തുന്ന ചുങ്കമായിരുന്നു. ഇതിലൂടെ പോകുന്ന പ്രധാന നിരത്തായിരുന്ന ട്രിച്ച്ചി റോഡിലൂടെ പിന്നെയും ഒരു നാഴിക പോകണം ആര്യ വൈദ്യ ഫാർമസിയുടെ ചികിത്സാലയം എത്തുവാൻ. 

ചികിത്സാലയം എത്തുന്നതിന്റെ ഏകദേശം ഒരു ഫർലോങ് മുമ്പെയുള്ള ബസ് സ്റ്റോപ്പാണ് ഒളമ്പസ്. ഈ ഒരു പേര് വരാൻ എന്താണ് കാരണം എന്ന് ഞാൻ ആലോചിക്കാറുണ്ട്. അന്ന് വളരെ കുറച്ച് മോട്ടോർ വാഹനങ്ങൾ മാത്രം ഓടിയിരുന്ന റോഡിലൂടെ അധികവും കുതിരവണ്ടികളും കാള വണ്ടികളും ആയിരുന്നു. സൈക്കിൾ പോലും കുറവായിരുന്നു. അത് കൊണ്ട് നാലഞ്ചു വയസ്സ് പ്രായമുള്ള എനിയ്ക്ക് പോലും മൈതാനത്തിലൂടെ എന്ന പോലെ റോഡ് മുറിച്ച് കടക്കാമായിരുന്നു. 

ബസ് സ്റ്റോപ്പിന്ന് എതിർവശത്തായി എപ്പോഴും തുറന്നു തന്നെ കിടക്കുന്ന ഗെയ്റ്റ് ആണ് രാജ മന്ദിരം. ആര്യ വൈദ്യ ഫാർമസി എന്ന ഇന്നത്തെ വട വൃക്ഷത്തിന്ന് വിത്ത് പാകിയ രാമ വാരിയരുടെ വീട്. ഗെയ്റ്റ് കടന്നാൽ തന്നെ, ഒരു വലിയ കാറിന്ന് പോകാൻ പാകത്തിൽ വീതിയുള്ള നടവഴിയുടെ അറ്റത്ത് കാണുന്ന കാർ ഷെഡ്‌ഡിൽ, ഒരു കൂറ്റൻ കറുത്ത ഷെവർലെ കിടക്കുന്നത് കാണാം. തുടച്ച് തുടച്ച് മുഖം നോക്കാവുന്ന മിനുക്കത്തിൽ കിടക്കുന്ന ആ കാർ ആണ് ഞാൻ ആദ്യമായി അടുത്ത് കണ്ട കാർ. അവിടുന്ന് വലത്തോട്ട് തിരിഞ്ഞാൽ വീടായി. വിശാലമായ പൂമുഖത്തോടു കൂടിയ രണ്ട് നില വീട്. ഞങ്ങളുടെ എല്ലാം അന്നദാദാവായിരുന്ന രാമ വാരിയർ കുടുംബ സമേതം താമസിക്കുന്ന വീട്. 

ഞങ്ങളുടെ എന്ന് പറഞ്ഞാൽ, ചികിത്സാലയത്തിലും റെയിൻബോ തീയേറ്ററിന്ന് അടുത്തായി സ്ഥിതി ചെയുന്ന ഹെഡ് ആപ്പീസിലും കഞ്ചിക്കോട്ടെ ഫാക്ടറിയിലും ഒക്കെയായി ജോലി ചെയുന്ന ജീവനക്കാരുടെ എന്നർത്ഥം. 

രാമനാഥപുരത്ത് മണിയം തീയേറ്ററിന്റെ നേർ എതിർവശത്ത് ഏക്കറുകണക്കെ പരന്ന് കിടന്ന ചോളത്തോട്ടത്തിന്ന് നടുവിലായി സ്ഥിതി ചെയുന്ന ബംഗ്ലാവായിരുന്നു ചികിത്സാലയം. സമ്പന്നനായ ഒരു കൃഷിക്കാരൻ വലിയ വാടക ഈടാക്കാതെ വിട്ടുനൽകിയതായിരുന്നു അതെന്നാണ് എൻ്റെ ഓർമ്മ. കെട്ടിടവും അനുബന്ധ നിർമ്മിതികളും ചികിത്സാലയത്തിന്റെ ഉപയോഗത്തിലായിരിക്കെ തന്നെ ആ വളപ്പിനുള്ളിൽ ചോളവും കരിമ്പും അയാൾ മാറി മാറി കൃഷി ചെയ്തിരുന്നു. കരിമ്പും ചോളവും ഞങ്ങൾ കുട്ടികൾ ഇടയ്ക്ക് തിന്നാൻ പറിക്കുന്നത് അയാൾ അത്ര കാര്യമാക്കിയിരുന്നില്ല എന്ന് തോന്നുന്നു. 

ബംഗ്ലാവിന്റെ മുൻവശത്തെ വരാന്ത കയറി നടുത്തളത്തിൽ എത്തിയാൽ കാണുന്ന മുറികൾ, കിടത്തി ചികിത്സയുള്ള രോഗികൾക്കുള്ളതായിരുന്നു. മധ്യഭാഗത്തായി കിടത്തി ചികിത്സയ്ക്കുള്ള മുറികൾ. ബംഗ്ലാവിന്റെ പുറകുവശത്ത് അഞ്ചു കുടുംബങ്ങൾക്ക് താമസിക്കാവുന്ന രണ്ട് മുറി ക്വാർട്ടേഴ്‌സ്. അതിലെ ഒരു ക്വാർട്ടേസിലാണ് എൻ്റെ ജീവിതം തുടങ്ങുന്നത്.

എഴുപതുകളുടെ ഒടുവിൽ രാജ മന്ദിരത്തിന്ന് പുറകിലായി സ്ഥിതി ചെയ്തിരുന്ന ഒഴിഞ്ഞ പറമ്പിലേക്ക് ചികിത്സാലയം പറിച്ച് നടുന്നത് വരെ, എൻ്റെ ബാല്യം വളർന്നത് ഈ വിശാലതയിലായിരുന്നു. 

ചികിത്സാലയത്തിലെ റസിഡൻറ്റ് വൈദ്യൻ അച്ഛനായിരുന്നു. പ്രധാന വൈദ്യൻ രാമവാര്യർ വന്നു പോയ്ക്കഴിഞ്ഞാൽ പിന്നെ ചികിത്സാലയം ഞങ്ങൾ കുട്ടികളുടെ മൈതാനമായി മാറും. മറ്റു കുട്ടികൾക്ക് ബംഗ്ലാവിന്ന് അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പക്ഷെ സ്ഥലം വൈദ്യന്റെ മകനായ എനിയ്‌ക്ക്‌ ഏതു മുറിയിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരിക്കൽ ഒരു രോഗിയുടെ മുറിയിൽ നിന്ന് പത്ത് പൈസയുടെ ഒരു നാണയത്തുട്ട് മോഷ്ടിക്കുകയും അത് കണ്ടുപിടിക്കപെടുകയും ചെയ്ത ശേഷം കുറച്ച് കാലം അച്ഛന്റെ നിരോധനാജ്ഞയെ തുടർന്ന് ബംഗ്ലാവിലേക്ക് എനിയ്ക്ക് പ്രവേശം ഉണ്ടായിരുന്നില്ല.

ഒരു വലിയ കുടുംബം പോലെയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. കുടുംബ നാഥയുടെ സ്ഥാനത്ത് നിന്ന് രാമ വാരിയരുടെ പത്നി ഞങ്ങളുടെ ഓരോരുത്തരുടെ ക്ഷേമവും അന്വേഷിക്കുമായിരുന്നു. അമ്മ വാരസ്യാർ എന്ന് ഞങ്ങൾ വിശേഷിപ്പിക്കാറുള്ള പങ്കജം വാരസ്യാർ ഞങ്ങൾക്കെല്ലാം അമ്മ തന്നെയായിരുന്നു. മറ്റുള്ള ജീവനക്കാരെക്കാട്ടിലും ഒരു ഇത്തിരി അടുപ്പം അച്ഛനോട് ഉണ്ടായിരുന്നു. രാമ വാര്യരുമായുള്ള വ്യക്തിപരമായ അടുപ്പം കൂടാതെ രാജ മന്ദിരത്തിലെ പരദേവതാ ക്ഷേത്രത്തിൽ ശാന്തിയും അച്ഛനായിരുന്നു. അച്ഛന്റെ കൂടെ ഇടയ്ക്കിടയ്ക്ക് പോകുന്ന എന്നോടും വാരസ്യാർക്ക് വാത്സല്യം ഉണ്ടായിരുന്നു. അവിടുത്തെ വിശേഷ സദ്യകൾക്ക് ഞങ്ങൾ സകുടുംബം ക്ഷണിതാക്കളായിരുന്നു. 

പെണ്മക്കൾ കൂടാതെ രണ്ട് ആൺ മക്കളായിരുന്നു രാമ വാര്യർക്ക്. മൂത്തത് രാജേട്ടൻ. രാജേട്ടന്റെ പേരായിരുന്നു വീടിന്ന്. രാജേട്ടൻ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നത് കൊണ്ട് എനിയ്ക്ക് അടുപ്പം കുറവായിരുന്നു. 

ഇളയ മകൻ കൃഷ്ണകുമാർ (ഡോ. കൃഷ്ണകുമാർ) എന്ന അനിയേട്ടനുമായായിരുന്നു അടുപ്പം. ആര്യ വൈദ്യ ഫാർമസിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ കോളേജ് തുടങ്ങുമ്പോൾ എനിയ്ക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യം ഏർപ്പാടാക്കാം എന്ന് അനിയേട്ടൻ അച്ഛനോട് പറഞ്ഞിരുന്നു. അതിന്ന് വേണ്ടി അച്ഛൻ എന്നെ സംസ്‌കൃതം പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. പഠിക്കേണ്ടത് ഞാനായത് കൊണ്ടും പഠിപ്പിക്കേണ്ടത് ക്ഷമ കുറവായ അച്ഛനായത് കൊണ്ടും മൂന്നാമത്തെ ദിവസം തന്നെ അത് അവസാനിച്ചു. 

എങ്കിലും എൻ്റെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു അനിയേട്ടൻ. കോയമ്പത്തൂർ വിട്ടു ഞാൻ അജ്ഞാതവാസമായിരുന്ന കാലത്തും അച്ഛൻ വഴിയും പരിചയക്കാർ വഴിയും അത് തുടർന്നിരുന്നു എന്ന് പിന്നീട് അറിഞ്ഞു. 
അവസാനമായി അനിയേട്ടനെ കാണാൻ പോയത് ഒരു സുഹൃത്തുമായി ചേർന്ന് പദ്ധതിയിട്ട ഒരു പരിപാടി സംബന്ധിച്ച് സംസാരിക്കാനായിരുന്നു. അതിന്ന് വേണ്ട സഹായങ്ങൾ അദ്ദേഹം വാഗ്‌ദാനം ചെയ്തു. അന്ന് തൻ്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നു. ഞങ്ങൾ കണ്ടത്തിന്റെ പിറ്റേ ദിവസം ചികിത്സയ്ക്കായി ലണ്ടനിൽ പോകുന്ന കാര്യവും പറഞ്ഞു. അപ്പോഴേക്കും അമ്മ വാരസ്യാരും രാജേട്ടനും ഒക്കെ ഓർമ്മയായിക്കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ കാലത്ത് അനിയേട്ടനും പോയി. 

ചികിത്സാലയവും രാജ മന്ദിരവും അത് പ്രദാനം ചെയ്ത സ്നേഹവും സ്വാതന്ത്ര്യവും ഓർമ്മയുടെ പച്ചപ്പായി അവശേഷിക്കെ, ഫാർമസി എന്ന തായ്‌വേരു നൽകിയ ഊർജ്ജവുമായി ജീവിതം വർത്തമാന യാഥാർഥ്യങ്ങളുമായ് മുന്നോട്ട് തന്നെ. 



Sunday, 13 December 2020

കൈ മറന്ന അക്ഷരം

pic courtesy


അക്ഷരങ്ങൾ എഴുതുക എന്നത് വലിയ പാടായിരുന്നു. ഒന്നാം ക്‌ളാസ്സിൽ ചേർന്നപ്പോൾ മുതൽ അത് ഒഴിവാവാൻ പറ്റാത്ത ദിനചര്യയായി മാറിയിരുന്നു. അതിന്ന് മുമ്പ് വിജയദശമി ദിവസം മാത്രം അമ്മയോ അച്ഛനോ അരിയിലോ മണലിലോ നിർബന്ധിച്ച് എഴുതിക്കുന്നൊരു ചടങ്ങു മാത്രമായിരുന്നു എഴുത്ത്. പക്ഷെ സ്‌കൂൾ മുതൽ അത് ദിവസേനയുള്ള ശിക്ഷയായി മാറി. തുടക്കത്തിലെ എഴുത്ത് ഇംഗ്ലീഷിലായിരുന്നു. പിന്നീട് തമിഴും എഴുതാൻ തുടങ്ങി. നാലുവരകളുള്ള നോട്ടുപുസ്തകത്തിൽ. ആദ്യം അക്ഷരങ്ങൾ. പിന്നെ വാക്കുകൾ.  പിന്നീട് ഒറ്റ വാക്യങ്ങൾ എന്നിങ്ങനെ എഴുത്തിന്റെ നീളവും എനിയ്ക്ക് അതുണ്ടാക്കുന്ന ഭാരവും കൂടിവന്നു. ക്രമേണ അക്ഷരങ്ങൾ വഴങ്ങിത്തുടങ്ങി. പിന്നീട് അത് വൃത്തിയായി എഴുതിക്കുന്നതിലായി അധ്യാപകരുടെ ശ്രദ്ധ. എന്തായാലും ആ സ്‌കൂൾ വിട്ടു അഞ്ചാം ക്‌ളാസ്സിൽ മറ്റൊരു സ്‌കൂളിൽ ചേരുന്നതിന് മുമ്പ് ഈ രണ്ട് ഭാഷകളും വലിയ തെറ്റില്ലാതെ, വായിക്കാൻ പറ്റുന്ന പരുവത്തിൽ, എഴുതാൻ പറ്റുമായിരുന്നു. 

മലയാളം എഴുതാൻ തുടങ്ങുന്നത് വളരെ കഴിഞ്ഞാണ്. അക്ഷരങ്ങൾ അമ്മ വഴി അറിഞ്ഞിരുന്നു എങ്കിലും വിജയദശമി ദിവസം മാത്രം വിരൽ തുമ്പിൽ എത്തുന്ന വിരുന്നുകാരിയായിരുന്നു മലയാളം. അത് തന്നെ ഡ്രൈവറുടെ സ്ഥാനത്ത് അമ്മ ഇരുന്നു വിരൽ ചലിപ്പിച്ചാൽ. അല്ലെങ്കിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രം എഴുതി പെട്ടെന്ന് തന്നെ തടി തപ്പും. ആകെ ഇരുപത്താറെണ്ണം മാത്രമല്ലെ ഉള്ളു. തമിഴും മലയാളവും അക്ഷരങ്ങൾ ധാരാളം വളവുകളും തിരിവുകളും ഉള്ള മലമ്പാത പോലെയാണ്. വിരലുകൾക്ക് നല്ല പണിയാ. 

പിന്നീട് മലയാളം എഴുതാൻ വശമായത് പൂർണമായും പുലാപ്പറ്റക്കാരനായ ശേഷമാണ്. ക്ലബ്ബിന്ന് വേണ്ടി ഒരു കൈയെഴുത്ത് മാസികയുടെ പത്രാധിപർ ആവാനുള്ള സാഹസം വരെ കാണിച്ചു. എങ്കിലും, ഇന്നും എനിയ്ക്ക്‌ മലയാളത്തിലെ അക്ഷരമാല തെറ്റാതെ പറയാനോ എഴുതാനോ അറിയില്ല. തമിഴിലെ സ്ഥിതിയും അത്ര മെച്ചമല്ല. 

എഴുത്തിൻറെ രൂപത്തിൽ ക്രമേണ ഒരു വൃത്തിയൊക്കെ വന്ന കാലമായിരുന്നു സ്‌കൂൾ കാലം. ആദ്യം നീട്ടി വലത്തോട്ട് ഇത്തിരി ചരിച്ചും പിന്നീട് വട്ടത്തിൽ ഉരുട്ടിയും ഒക്കെ കാലാനുസൃതമായ മാറ്റങ്ങൾ അക്ഷരങ്ങൾ കൈവരിച്ചു. ഡിഗ്രിക്ക് എത്തിയപ്പോൾ പരീക്ഷയ്ക്ക് ഉത്തരം എഴുതുവാൻ വേണ്ടി മാത്രം എൻ്റെ അക്ഷരങ്ങൾ ഭീമാകാരം പൂണ്ടു. എന്നാലല്ലേ കൂടുതൽ താളുകൾ മേടിക്കാൻ പറ്റു. കൂടെയിരുന്നു എഴുതുന്നവരെ ബേജാറാക്കാനുള്ള ഒരു ശ്രമം. 

കൈയ്യക്ഷരം നോക്കി ഒരു മനുഷ്യന്റെ സ്വഭാവം പറയാം എന്നത് പിന്നീടുണ്ടായ പുതിയ അറിവാണ്. ആദ്യകാലത്ത് വൃത്തിയോടെയുള്ള എഴുത്തായിരുന്നു. പ്ലസ് ടൂ കാലമാവുമ്പോഴേക്കും അത് ഇത്തിരി ഉടഞ്ഞു തുടങ്ങി. ഡിഗ്രി ആവുമ്പോഴേക്കും അത് തോന്നിയപോലെ ഉള്ള അക്ഷരങ്ങളായി. ബിരുദാനന്തരത്തിൽ അത് ഡോക്ടർമാരുടെ കൈപ്പട പോലെയായി. എന്നെ ഒരു ഡോക്റ്റർ ആക്കണം എന്നായിരുന്നു കാരണവന്മാരുടെ ആഗ്രഹം. അത് നടക്കാതെ വന്നപ്പോൾ കൈയക്ഷരമെങ്കിലും ഒരു ഡോക്ടറുടേതാവട്ടെ എന്ന് ഉള്ളാലെ കരുതിയത് കൊണ്ടാവാം. 

പിന്നീട് അധ്യാപകൻ ആയപ്പോൾ കൈയ്യെഴുത്ത് അത്രയ്ക്ക് വേണ്ടാതായി. ഗുഡ്, വി. ഗുഡ്, കീപ് ഇറ്റ് അപ്പ് തുടങ്ങി ഏതാനും പദങ്ങൾ മാത്രം വൃത്തിയിൽ എഴുതാൻ അറിഞ്ഞാൽ മതിയായിരുന്നു. ടീച്ചിങ് നോട്ട് പോലുള്ള അതി സങ്കീര്ണതകളിലൊന്നും ചെന്ന് ചാടാതെ ഞാൻ സ്വയം സൂക്ഷിച്ചിരുന്നു. 

അവസാനമായി ഒന്ന് വൃത്തിയിൽ എഴുതാൻ ശ്രമിച്ചത് എം ടിയ്ക്ക് വേണ്ടി ഒരു പകർത്തെഴുത്ത് നടത്താനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ്. അതിൽ വിജയിച്ചില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ന് കടലാസ്സിൽ കൈകൊണ്ട് എഴുതേണ്ടി വന്നാൽ അക്ഷരങ്ങൾ എലിക്കാഷ്ടം പോലെ സൂക്ഷ്മമായ് കടലാസ്സിൽ നിറഞ്ഞു വരും. ഭൂതക്കണ്ണാടി വേണം എന്ന് വായിക്കുന്നവർ പറയാറുണ്ട്. 

അതിനിടയിലാണ് കമ്പ്യൂട്ടർ എന്ന സാങ്കേതിക അത്ഭുതം സംഭവിക്കുന്നത്. എഴുതുക എന്നാൽ കീ ബോർഡിൽ മേടുക എന്നായി മാറി. അത് കൂടി ആയപ്പോൾ കൈ കഴയ്ക്കുന്ന എഴുത്തിന്ന് ഏകദേശം വിരാമമായി. 

കമ്പ്യൂട്ടറിൽ എഴുതുന്നതിൽ കുറച്ചു സൗകര്യങ്ങളും ഉണ്ട്. എഴുത്തു ശരിയായില്ലെങ്കിൽ കടലാസ്സ് ചീന്തി കളയണ്ട, തെറ്റ് കണ്ടെത്തിയ വരിയിൽ അത് വെട്ടില്ലാതെ തന്നെ തിരുത്താം.. ഞാൻ അറിയുന്ന കുറച്ച് എഴുത്തുകാർ രണ്ടായിരം ആണ്ടോടെ തന്നെ പൂർണമായി എഴുത്ത് എന്ന പ്രക്രിയ കമ്പ്യൂട്ടറിലേക്ക് മാറ്റി കഴിഞ്ഞിരുന്നു. അക്കാലത്തു പ്രമുഖ നിരൂപകൻ ഡോക്ടർ എം എം ബഷീറും അദ്ദേഹത്തിൻ്റെ പത്‌നിയും കഥാകൃത്തുമായ ബി എം സുഹറയും കമ്പ്യൂട്ടർ എഴുത്ത് പൂർണമായി ശീലമാക്കിയിരുന്നു. എനിയ്ക്ക് അതിന്റെ മെച്ചങ്ങൾ അവർ കാണിച്ച് തരികയും ചെയ്തു. 

ഇന്ന് അത് അതിസാധാരണമായ ഒരു പ്രവർത്തിയായി മാറിയിരിക്കുന്നു. കൈപ്പട എന്നത് അധികം കാണാത്ത സാധനമായി മാറി. വിദൂരമല്ലാത്ത ഭാവിയിൽ ഇന്ന് നമ്മൾ താളിയോലയിലെ കീറലുകളിൽ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നത് പോലെ നമ്മുടെ കൈയെഴുത്ത് പ്രതികളിലും ആളുകൾ ചരിത്ര കൗതുകം കാണും. 

ഭാവിയിലെ എഴുത്തുകാരന്റെ സ്ഥിതിയെപ്പറ്റി ഇടയ്ക്ക് ആലോചിക്കാറുണ്ട്. താൻ രൂപകൽപ്പന ചെയ്ത് താൻ തന്നെ എഴുതുന്ന പുസ്തകം താൻ തന്നെ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്നു. ആവശ്യക്കാരന് ഒരു നിശ്ചിത വിലയ്ക്ക് അതിന്റെ പാസ്സ്‌വേർഡ് കൊടുക്കുന്നു. ഇടനിലക്കാരില്ല. പ്രസാധകന്റെ കനിവ് നോക്കിയിരിക്കേണ്ട. സ്വയം മാർക്കറ്റിങ് ചെയ്‌താൽ മാത്രം മതി. 

പ്രസാധകർ എന്ന പോലെ കൈയ്യക്ഷരം നോക്കി സ്വഭാവം പറയുന്ന ഗണികരും അപ്പോൾ എന്ത് ചെയ്യുമോ ആവോ. 



Friday, 2 October 2020

ദൈവങ്ങൾക്ക് വേണ്ടി ഒരു ജന്മം

 

 
പുതിയ ഒരു അമ്പലത്തിലേക്ക് അമ്മ പുറപ്പെട്ടാൽ അച്ഛന്ന് ആധി തുടങ്ങുകയായി. "ദാ.. ഇനി ഫോട്ടോ വാങ്ങിവന്നാൽ തൂക്കാൻ സ്ഥലല്യ ട്ടോ.. വീട് വേറെ നോക്കേണ്ടിവരും." 
അമ്മ അങ്ങിനെയാണ്. അമ്പലങ്ങളും അതിലെ ദൈവങ്ങൾക്കുമാണ് എന്നും മുൻ‌തൂക്കം. ഓരോ അമ്പലത്തിൽ പോയാലും ഓരോ ഫോട്ടോ എങ്കിലും വാങ്ങും. വാടക വീട്ടിലെ ചുമരിൽ ആണിയടിച്ചു തൂക്കേണ്ട ജോലി അച്ഛന്ന്. ഒരേ ചുമരിൽ തന്നെ ഒരേ ദൈവത്തിന്റെ വിവിധ ചിത്രങ്ങൾ തിക്കിത്തിരക്കി തൂങ്ങിക്കിടക്കുന്നത് കാണാം. മുറിയുടെ ദൈവ കോണിൽ ചുമർ കാണുകയേ ഇല്ല. ജനൽ മാത്രം. ഓരോ ചിത്രത്തിന്ന് മുന്നിലും കുറച്ചു നേരമെങ്കിലും നിന്നുള്ള പ്രാർത്ഥനയും ഉണ്ട്. ഗണപതിയുടെ മൂന്ന് ചിത്രങ്ങൾക്ക് മുന്നിൽ മൂന്ന് വട്ടം ഏത്തമിടുന്ന അമ്മയുടെ വ്യായാമം ഇതൊക്കെയായിരിക്കും. 
കോയമ്പത്തൂരിലെ അമ്പലങ്ങളിൽ ഇടയ്ക്ക് പോകും. പക്ഷെ നാട്ടിലെ ദൈവങ്ങളോടാണ് കൂടുതൽ ഇഷ്ടം. അത് കൊണ്ട് തന്നെ പലപ്പോഴും കാരണങ്ങൾ ഉണ്ടാക്കി പുലാപ്പറ്റയിലേക്ക് പുറപ്പെടും. എനിക്ക് ഏകദേശം ഒരു പത്ത് വയസ്സ് ആവുന്നത് വരെ അച്ഛൻറെ ലീവടിസ്ഥാനമാക്കിയാണ് പോക്ക്. പിന്നീട് കൂട്ടിന്ന് ഞാൻ മാത്രം മതി എന്നായപ്പോൾ പുലാപ്പറ്റയിലേക്കുള്ള യാത്ര ഇടയ്കിടയ്ക്കായി. 
വന്ന ദിവസം തൊട്ട് തുടങ്ങും മൂന്ന് കുടുംബക്ഷേത്രങ്ങളിലും കുറച്ചകലെയുള്ള ക്ഷേത്രങ്ങളിലേക്കും ഉള്ള യാത്ര. രാവിലെ കുളത്തിൽ നിന്ന് ഈറൻ മാറാതെ ഒരു ആറരയ്ക്ക് തുടങ്ങുന്ന യാത്ര ചിലപ്പോൾ ഒമ്പതും പത്തും മണിയ്ക്കാണ് തീരുക. അത് കഴിഞ്ഞ് മാത്രം ജലപാനം. 
നാട്ടിലേയ്ക്ക് വരുന്ന വഴി ബസ്സിൽ ഇരിക്കുമ്പോൾ കാണുന്ന അമ്പലങ്ങളിലേക്ക് നോക്കി കൈ കൂപ്പും. ആനകൾ ഗണപതിയുടെ അവതാരങ്ങളാണ് എന്നാണ് സങ്കല്പം. അത് കൊണ്ട് വഴിയിലൂടെ പോകുന്ന ആനകളെ നോക്കിയും കൈ കൂപ്പും. പണ്ട് എന്നെ കൊണ്ടും ചെയ്യിപ്പിച്ചിരുന്നു. 
അമ്മയുടെ സിനിമ കാണൽ അപൂർവ്വമായെങ്കിലും നടക്കാറുണ്ട്. മിക്കവാറും ഭക്തി സിനിമകളാവും. അക്കാലത്തു തമിഴിൽ അത് ധാരാളമായിരുന്നു താനും. സ്വാമി അയ്യപ്പൻ കാണുമ്പോൾ സിനിമയിലെ ശരണം വിളി ഏറ്റ് വിളിച്ചും  അവസാന രംഗത്ത് നട തുറക്കുന്ന ദൃശ്യം തെളിയുമ്പോൾ എണീറ്റു നിന്ന് ഉറക്കെ ശരണം വിളിച്ചു തൊഴുതു നിന്നും തിയറ്ററിലെ താരമായിത്തീർന്നു. 
അമ്മയെ പറ്റിയ്ക്കാൻ എളുപ്പമാണ് എന്ന് എനിയ്ക്ക് തോന്നിയിരുന്നു. പരീക്ഷയ്ക്ക് തൊട്ട് മുമ്പ് മാത്രം പഠിയ്ക്കുന്ന ശീലമായിരുന്നു എനിയ്ക്ക്. പാഠ പുസ്തകത്തിനുള്ളിൽ നോവൽ വെച്ച് വായിച്ചിരുന്ന എന്നെ കുറിച്ച് അമ്മ പറഞ്ഞ് നടന്നിരുന്നത് ഞാൻ രാത്രി ഏറെ നേരം ഇരുന്ന് പഠിക്കാറുണ്ട് എന്നാണ്. ഒരിയ്ക്കൽ ഗാന്ധിപുരത്ത് ബസ്സ് കാത്ത് വരിയിൽ നിൽക്കുമ്പോൾ സിഗരറ്റു വലിയ്‌ക്കാൻ എനിയ്ക്ക് മുട്ട് തോന്നി. വയറിന്റെ അസ്വസ്ഥത അഭിനയിച്ച എന്നോട് അമ്മ കാരണം തിരക്കി. സിഗരറ്റു വലിയ്ക്കാത്തത് കൊണ്ടുള്ള വേദനയാണ് എന്ന് പറഞ്ഞപ്പോൾ എന്നാൽ വേഗം പോയി വലിച്ച് വന്നോളൂ എന്ന് പറഞ്ഞ അമ്മയുടെ നിഷ്ക്കളങ്കത ഞാൻ പലപ്പോഴും മുതലാക്കിയിട്ടുണ്ട്. പക്ഷെ അത് അമ്മയുടെ അറിയായ്മയായിരുന്നോ, അതോ അനുകമ്പയുടെ വിശാല മനസ്സായിരുന്നോ. 
അപാര ക്ഷമയായിരുന്നു അമ്മയ്ക്ക്. അച്ഛന്റെയും എന്റെയും നിരന്തര കളിയാക്കലും നാട്ടിൽ വന്നാൽ ഞങ്ങളുടെ വട്ടം കൂടിയുള്ള കളിയാക്കലുകളും അമ്മ നേരിട്ടത് ഒരു സ്ഥിതപ്രജ്ഞന്റെ പുഞ്ചിരിയോടെയാണ്. 
എന്നിരുന്നാലും അപരിചിതരോട് പോലും കൂസാതെ സംസാരിക്കാനുള്ള മിടുക്ക് അമ്മയ്ക്കുണ്ടായിരുന്നു. പത്തായപ്പുരയിലെ മുകളിലെ വരാന്തയിൽ ഇരിയ്ക്കുന്ന സമയം ആരെങ്കിലും പടിപ്പുര കടന്ന് വന്നാൽ ഏടത്തിയും അനിയത്തിയും അമ്മയോട് അന്വേഷിക്കാൻ പറയും: "സൗദാമിനി... അയാളോട് എന്താ വേണ്ടത് എന്ന് ചോദിയ്ക്കു." കോയമ്പത്തൂരിലെ ജീവിതം നേടി കൊടുത്ത തന്റേടമാവാം അത്. 
അമ്മ മുപ്പത് കൊല്ലത്തോളം കോയമ്പത്തൂരിൽ ഉണ്ടായത് കൊണ്ട് മലയാളത്തിന്ന് നേട്ടമുണ്ടായി. ഞങ്ങളുടെ പരിസര വാസികളും പച്ചക്കറിക്കാരും പീടികക്കാരും എന്ന് വേണ്ട, നഗരസഭയിലെ തൂപ്പുകാർ പോലും മലയാളം പഠിച്ചു. അവിടുന്ന് വരുന്ന വരെ ഒരക്ഷരം പോലും തമിഴ് അമ്മ പഠിച്ചില്ല. 
ബന്ധങ്ങൾ ആഘോഷിക്കുന്ന കാര്യത്തിലും അമ്മയ്ക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു. പുലാപ്പറ്റയിൽ നിന്ന് മുമ്പേ മാറി താമസം തുടങ്ങിയ ബന്ധുക്കൾ പലരും ഇന്നും എന്നെ അറിയുന്നത് അമ്മ കാരണമാണ്. യാത്രകളും അമ്മയ്ക്ക് ഇഷ്ടമായിരുന്നു. കോയമ്പത്തൂരിലെ വിവിധ അമ്പലങ്ങൾക്കുള്ള യാത്രകൾക്ക് പുറമെ ആർ എസ്സ് പുരത്തെ പാത്രക്കടയിലേക്കുള്ള യാത്ര അമ്മ മുടക്കാറില്ല. തവണ വ്യസ്ഥയിൽ സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കൂട്ടും. ഓരോന്നിലും പേര് എഴുതിയ്ക്കും. ഒരു തവണ അച്ഛന്റെ പേര് ആണ് എഴുതിക്കുന്നതെങ്കിൽ അടുത്ത തവണ എന്റെ. എഴുപതുകളിൽ അമ്മ വാങ്ങി വെച്ച സ്റ്റീൽ പാത്രങ്ങൾ ഇന്നും ഞങ്ങൾ ഇവിടെ ഉപയോഗിക്കുന്നു. കോയമ്പത്തൂരിൽ നിന്ന് വരുമ്പോൾ ഞങ്ങളുടെ കുടുംബത്തിൻറെ ഏക സമ്പാദ്യവും ഇത് മാത്രമായിരുന്നു. 
അച്ഛന്റെ വിരമിക്കലോടുകൂടി അമ്മ സ്ഥിരമായി പുലാപ്പറ്റയിൽ താമസമായി. അപ്പോഴേക്കും ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചുള്ള ജോലിയും യാത്രകളുമായി കെട്ടുകൾ അഴിഞ്ഞ ജീവിതത്തിലേക്ക് നീങ്ങി. നാട്ടിലേക്ക് അവധിയ്ക്ക് വരുന്ന വിരുന്നുകാരനായി മാറിയ എന്നെക്കാളും ആവശ്യ കാലത്ത് അമ്മയ്ക്ക് താങ്ങും കൂട്ടുമായിരുന്നത് അമ്മയുടെ സഹോദരിമാർ ആയിരുന്നു, പ്രത്യേകിച്ച് സരള ഓപ്പോൾ. പുലാപ്പറ്റ വിട്ടൊരു ജീവിതം അമ്മ ആഗ്രഹിച്ചിരുന്നതായി ഞാൻ വിചാരിച്ചിരുന്നില്ല.
എന്നാൽ അങ്ങിനെ അല്ല എന്ന് ഒരു തവണ തോന്നിയ സന്ദർഭം ഉണ്ടായി. പാലക്കാട്ടെ ആശുപത്രിയിൽ ഇടുപ്പെല്ല് മാറ്റി വെച്ച ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുമ്പോൾ അമ്മ പറഞ്ഞു: ഇനി നീ പോവുമ്പോൾ ഞാനും വരാം. എനിയ്ക്ക് കുറച്ച് കാലം നിൻറെ കൂടെ ജീവിക്കണം. പോകുമ്പോൾ ശ്രീദേവിയെയും കൂട്ടണം. (ശ്രീദേവി - അമ്മയുടെ ഇളയ സഹോദരിയും സന്തത സഹചാരിയും.) ഗുൽബർഗ്ഗയിലെ ഹോസ്റ്റലിൽ മെസ്സ് ഉണ്ട് ജീവിക്കുന്ന എനിയ്ക്ക് എവിടെയും തൊടാതെ ചിരിച്ചു മാറാൻ മാത്രമേ പറ്റിയുള്ളൂ. 
എന്റെ മൂത്ത മകൾ ജനിച്ച് ഇരുപത്തിയെട്ടിന്റെ ആഘോഷങ്ങൾക്ക് നാട്ടിൽ നിന്ന് ബന്ധുക്കൾ വന്നിരുന്നു. കിടപ്പിലായിരുന്ന അമ്മയ്ക്ക് വരാൻ പറ്റിയില്ല. ബന്ധുക്കൾ തിരിച്ച് ചെന്ന് വിശേഷങ്ങൾ പറഞ്ഞപ്പോൾ എല്ലാം കേട്ട് അമ്മ പറഞ്ഞത്രേ: പേരിടുന്ന കാര്യമൊന്നും ഞാൻ ചോദിച്ചില്ല.. അമ്മ ഒരു പേര് മനസ്സിൽ കരുതിയിരുന്നത്രെ. അവർ തിരിച്ചെത്തിയ ദിവസത്തിന്റെ പിറ്റേന്ന് അമ്മ ജീവിതം മതിയാക്കി. 
എനിയ്ക്ക് കൃഷ്ണൻ എന്ന പേര് ഇടാനുള്ള കാരണം അമ്മ പറയാറുണ്ട്: മരിയ്ക്കുന്ന സമയത്ത് വിളി കേൾക്കാൻ ഞാൻ ഇല്ലെങ്കിലും ഭഗവാനെങ്കിലും ഉണ്ടാവുമല്ലോ. 
ദീർഘ ദർശിയായിരുന്നു അമ്മ.  
മരിയ്ക്കുന്ന സമയം ഞാൻ ഉണ്ടായിരുന്നില്ല. മറ്റേ ആൾ വിളി കേട്ടിട്ടുണ്ടാവും. അല്ലെ?  



Saturday, 26 September 2020

പുസ്തകങ്ങൾക്ക് ഒരു വക്കാലത്ത്

 

pic courtesy



ആദ്യമായി ജോലി കിട്ടി അമേരിക്കയിലേക്ക് പോകുമ്പോൾ ഇളയ സഹോദരൻ അപ്പൻ എന്നോട് ചോദിച്ചു: ഇനി വരുമ്പോൾ കൃഷ്ണേട്ടന്ന് എന്താ കൊണ്ട് വരേണ്ടത്? അക്കാലത്ത് ഇറങ്ങിയ സൽമാൻ റഷ്ദിയുടെ "സാത്തന്റെ വചനങ്ങൾ" എന്ന പുസ്തകമായിരുന്നു ഞാൻ ആവശ്യപ്പെട്ടത്. ഇന്ത്യയടക്കം പല രാജ്യങ്ങളും പുസ്തകത്തിന്റെ വിൽപ്പന നിരോധിച്ചിരുന്ന പശ്ചാത്തലത്തിൽ എനിക്ക് വേറെ ഒന്നും ആവശ്യപ്പെടാൻ ഉണ്ടായിരുന്നില്ല. 

"അർദ്ധരാത്രിയുടെ സന്തതികൾ" വായിച്ചത് മുതൽ എനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥാകൃത്തായിരുന്നു റഷ്ദി. പിന്നീട് ഇറങ്ങിയ നോവലുകൾ ലഭ്യത പോലെ വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ആ നോവലിന്റെ വായനാസുഖം മറ്റ് നോവലുകളിൽ നിന്ന് കിട്ടിയില്ല. കുറച്ചെങ്കിലും അതിനടുത്ത് എത്തിയത് "മൂർസ് ലാസ്റ്റ് സൈ" എന്ന നോവലായിരുന്നു. ("ജോസെഫ് ആൻറ്റൻ" എന്ന അപരനാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങൾ വിവരിക്കുന്ന അതെ പേരിലുള്ള പുസ്തകം ഒരു നല്ല അനുഭവമായിരുന്നു.) 

ലഭ്യമായ രാജ്യങ്ങളിൽ നിന്ന് പുസ്തകത്തെ വാനോളം വാഴ്ത്തുന്ന ലേഖനങ്ങൾ വായിക്കുമ്പോൾ ഒക്കെ ഞാൻ അപ്പൻ നാട്ടിലേക്ക് വരാൻ കാത്തിരിക്കുകയായിരുന്നു. അങ്ങിനെ അപ്പൻ വന്നു. പുസ്തകം കൈപ്പറ്റി. വായിക്കാനും തുടങ്ങി. പക്ഷെ എന്ത് കൊണ്ടോ വായന മുന്നോട്ടു പോയില്ല. വിരസത അനുഭവപ്പെടാൻ തുടങ്ങി. അർദ്ധ രാത്രിയിലെ സന്തതികളുടെ ദുർബലമായ ഒരു ആഖ്യാന ശൈലി എനിക്ക് അനുഭവപ്പെട്ടു. അതിന്റെ തന്നെ അച്ചിൽ വാർക്കപ്പെട്ട ഒരു നോവൽ. തുടങ്ങി വായന മുഴുമിപ്പിക്കാതെ മാറ്റി വെച്ച അപൂർവം പുസ്തകങ്ങളിൽ ഒന്നായി അത് ഇന്നും അലമാരിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. (ഇത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം ആണ്. പുസ്തകം ഇഷ്ടപ്പെട്ട ആളുകളായിരിക്കാം ഭൂരിപക്ഷവും.) 

ഇത് പോലെയുള്ള അനുഭവമായിരുന്നു തസ്ലിമ നസ്റിന്റെ "ലജ്ജ"യും നൽകിയത്. അത് പക്ഷെ മുഴുമിപ്പിച്ചു. നിരോധനം ഇല്ലായിരുന്നെകിൽ ഈ പുസ്തകങ്ങളുടെ വിധി എന്താവുമായിരുന്നു എന്ന് ഓർത്ത് പോയി. 

പുസ്തകങ്ങൾ ആശയങ്ങളാണ്. ഹിതമല്ലാത്തത് നിരോധിക്കുന്ന രീതിയ്ക്ക് മനുഷ്യ സംസ്കാരത്തോളം പഴക്കമുണ്ട്. 

പാരഡി സിനിമകളുടെ തലതൊട്ടപ്പനായി കരുതപ്പെടുന്ന മെൽ ബ്രൂക്ക്സ് എന്ന സംവിധായകന്റെ "ഹിസ്റ്ററി ഓഫ് ദി വേൾഡ്" എന്ന സിനിമയിൽ ഒരു രംഗമുണ്ട്. പ്രവാചകനായ മോശയുടെ മുന്നിൽ അശരീരിയായ ദൈവം പ്രത്യക്ഷപ്പെടുന്നു. മനുഷ്യകുലത്തിന്റെ നന്മക്കായി മൂന്ന് ഫലകങ്ങളിലായി പതിനഞ്ച് കൽപ്പനകൾ ഏൽപ്പിച്ച് അത് പ്രചരിപ്പിക്കാൻ ആജ്ഞാപിക്കുന്നു. ദൈവം ഈ മഹദ്‌കൃത്യത്തിന്ന് തന്നെ തിരഞ്ഞെടുത്തതിൽ ആഹ്ളാദിച്ച് നടക്കുന്നതിനിടയിൽ അതിലെ ഒരു ഫലകവും ഒപ്പം അഞ്ച് കല്പനകളും താഴെ വീണ് പൊടിഞ്ഞു പോകുന്നു. അങ്ങിനെയാണ് കൽപ്പനകളുടെ എണ്ണം പത്തായതത്രെ. 

കൽവെട്ടുകളിലായും മറ്റും അറിവ് സൂക്ഷിക്കപെടുമ്പോൾ അത് ഇല്ലാതാക്കാൻ എളുപ്പമാണ്. തന്റേത് അല്ലാത്ത വിശ്വാസങ്ങൾ ഒരു ഭരണ കൂടവും പ്രോത്സാഹിപ്പിക്കാറില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്ന് കീഴ്‌പെടുമ്പോൾ ആദ്യം ചെയ്യുക അവിടുത്തെ വിജ്ഞാന കേന്ദ്രങ്ങൾ നശിപ്പിക്കുക എന്നതാണ്. വിജ്ഞാനത്തിന്റെ പ്രോത്സാഹനത്തിന്നായി ലോകത്ത് ലഭ്യമായ പുസ്തകങ്ങൾ എല്ലാം പകർത്തി സൂക്ഷിക്കാൻ ഏർപ്പാടാക്കിയ വത്തിക്കാൻ തന്നെ നിരോധിത പുസ്തകങ്ങളുടെ ഒരു ഔദ്യോഗിക പട്ടിക ഇന്നും സൂക്ഷിച്ച് പോരുന്നു എന്നത് രസകരമായ ഒരു വസ്തുതയാണ്. 

ഓരോ കാലത്തും നിരോധിക്കപ്പെടുന്ന പുസ്തകങ്ങൾ പിന്നീട് ലോക ക്‌ളാസ്സിക്കുകളായി വാഴ്ത്തപ്പെടുന്നതിൽ നിന്ന് തന്നെ നിരോധനത്തിന്റെ വ്യർത്ഥത നമ്മൾക്ക് മനസിലാക്കാം. ഫലകങ്ങൾ പൊടിച്ച് കളയാം. വാമൊഴിയിൽ പകരുന്ന അറിവ് നാവു മുറിച്ച് ഇല്ലാതാക്കാം. ഓലകൾ തീയിലിട്ടു നശിപ്പിക്കാം. പക്ഷെ അച്ചടി വന്ന ശേഷം പുസ്തകങ്ങൾ അമരത്വം നേടി എന്ന് പറയാം. ആയിരക്കണക്കിന്ന് പകർപ്പുകൾ അച്ചടിക്കുന്ന പുസ്തകങ്ങൾ ചിലത് തിരഞ്ഞു പിടിച്ച് നശിപ്പിച്ചാലും ബാക്കിയുള്ളവ എവിടെയെങ്കിലും ശേഷിച്ചിട്ടുണ്ടാവും. അനുകൂല സാഹചര്യത്തിൽ അവ വീണ്ടും വെട്ടത്ത് എത്തുകയും ചെയ്യും.
 
എല്ലാ പുസ്തകവും എല്ലാവർക്കും ഹിതമാവണം എന്നില്ല. പക്ഷെ എല്ലാവരും ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ലോകമല്ലലോ നമ്മുടേത്. ഇഷ്ടമല്ലാത്തത് വായിക്കാതിരിക്കാനോ വായിച്ച് അതിനെ വിമർശിക്കാനോ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ അത് നശിപ്പിക്കാനോ, ആശയം അവതരിപ്പിച്ച വ്യക്തിയെ  ഇല്ലാതാക്കാനോ, നോക്കുന്നത് വിഫലമായ ഒരു ശ്രമമാണ്. എന്നിരുന്നാലും ഹിംസയുടെ ദണ്ഡ് ഉപയോഗിച്ച് രാഷ്രീയമായ (മതവും ഒരു രാഷ്ട്രീയമാണ്) അധികാരത്തിന്റെ നേട്ടങ്ങൾക്ക് വേണ്ടി ഈ ഉന്മൂലന ശ്രമങ്ങൾ ഇന്നും തുടർന്ന് പോരുന്നു. 

നിങ്ങൾ  പുസ്തകങ്ങൾ കത്തിച്ച്‌കൊൾക. കടലാസ്സ് ചാമ്പലാവും. ആത്മാക്കളെപ്പോലെ, അതിലെ ആശയങ്ങൾ അമൂർത്ത സത്വങ്ങളായി, ഒഴിയാബാധകളായി, ഭൂമിയിൽ വിഹരിക്കും. കാലാതീതമായി. 
ചിരഞ്ജീവികളായി. 
അനേകം ആയിരം തലമുറകളെ ആവേശിച്ചുകൊണ്ട്.


(( സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ ലോകം നിരോധിത പുസ്തക വാരം ആചരിക്കുന്നു. ഈ കുറിപ്പ് അതിലേക്കാണ്.) 


Saturday, 19 September 2020

ധൂമ പർവ്വം

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലി, വലിക്കുന്നവന്റെയും വലിക്കുന്നവന്ന് ചുറ്റുമുള്ള നിരപരാധികളുടെയും, ആരോഗ്യത്തിന്ന് ഹാനികരമാണ് എന്ന് അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. 


ഓരോ തെരുവിലും അമ്പലങ്ങളും വിഗ്രഹങ്ങളും ഉള്ള നഗരമായിരുന്നു കോയമ്പത്തൂർ എങ്കിലും രാമനാഥപുരത്ത് സ്ഥിതി ചെയുന്ന ചികിത്സാലയത്തിലെ അന്തേവാസികളായ ഞങ്ങൾക്ക് രണ്ട് ആഘോഷങ്ങളായിരുന്നു പ്രധാനം. ഒന്ന്, അടുത്തുള്ള സുബ്രഹ്മണ്യൻ കോവിലിൽ സ്‌കന്ദ ഷഷ്ടി ദിനത്തിൽ അരങ്ങേറുന്ന ശൂര സംഹാരം. രണ്ട്, തൊട്ടടുത്ത പള്ളിയിലെ തിരുനാൾ ആഘോഷം. കാഴ്ചപ്പൊലിമ ഉള്ളതായിരുന്നു രണ്ടും. ചികിത്സാലയത്തിലെ ജീവനക്കാരും ക്വാർട്ടേഴ്സിലെ അന്തേവാസികളും രോഗികൾക്ക് കൂട്ടിരിക്കാൻ വന്നവരും, എല്ലാവരും ഉണ്ടാവും ഗേറ്റിൽ നിരന്നു നിൽക്കാൻ. 

ആറാം ക്‌ളാസ്സ് പഠിക്കുന്ന കാലത്തെ ജനുവരിയിൽ പള്ളിപെരുന്നാൾ നോക്കി നിൽക്കുകയായിരുന്നു എല്ലാവരും. ഞാനും രാജനും മുതിർന്നവരുടെ ശകാരങ്ങൾ വകവെക്കാതെ ഗേറ്റിന്ന് പുറത്ത് നിന്ന് കാഴ്ചകൾ കാണുകയായിരുന്നു. ധാരാളം ആളുകൾ നിന്നും നടന്നും പോയിരുന്നതിനിടയിൽ ഒരാൾ ഒരു സിഗരറ്റു കുറ്റി ഞങ്ങൾക്ക് തൊട്ടു മുമ്പിലായി വലിച്ചെറിഞ്ഞു പോയി. ഞാനും രാജനും പരസ്പരം ഒന്ന് നോക്കി. ഞൊടിയിടയിൽ അതെടുത്ത് ഞാൻ ആഞ്ഞൊരു വലിവലിച്ചു. തലയ്ക്കകത്ത് ഒരു പെരുപെരുപ്പ്. പിന്നെ രാജന് കൊടുത്തു. അവനും ഒന്ന് വലിച്ചു. തൊട്ടു പിന്നിലായി ഞങ്ങളുടെ വീട്ടിൽ ഉള്ളവരടക്കം ചികിത്സാലയത്തിലെ സകല ആളുകളും ഉണ്ടായിരുന്നത് ഞങ്ങൾ മറന്നു പോയിരുന്നു. അടുത്ത വലിക്ക് കുറ്റി ചുണ്ടിൽ എത്തുന്നതിന് മുമ്പേ എവിടെ നിന്നാണ് എന്റെ തലയ്ക്ക് പ്രഹരം വന്നത് എന്നറിയില്ല. കുറ്റി കൈയിൽ നിന്ന് തെറിച്ചു പോയി. 

സിഗരറ്റു വലിക്കുന്നവരും അവർ ഊതിത്തള്ളുന്ന പുകയും എനിക്ക് കുട്ടിക്കാലം തൊട്ടു തന്നെ കൗതുകമായിരുന്നു. സിഗരറ്റു വലിക്കുമ്പോൾ ചുവന്നു മിന്നുന്ന അഗ്രം, വലിച്ചു കഴിഞ്ഞു മൂക്കിൽ നിന്നും നേർത്തു ഒഴുകി വരുന്ന പുക.. രാവിലെ തെക്കേപത്തായപ്പുരയിലെ അടുക്കള ഓടിന്റെ ഇടയിലൂടെ പുറത്തു വരുന്ന പുക പോലെ.. 

എന്റെ കൗതുകം കണ്ട് കണ്ണിലേക്കു തന്നെ സൂക്ഷിച്ച് നോക്കിയാൽ കണ്ണിൽക്കൂടി പുകവരുന്നത് കാണാം എന്ന് പറഞ്ഞ്, ഞാൻ കണ്ണ് നോക്കി ഇരിക്കുന്നതിനിടയിൽ സിഗരറ്റിന്റെ കനലറ്റം കൊണ്ട് കൈ പൊള്ളിക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു.

കുളപ്പുര മാളികയുടെ പടിയിൽ ഇരുന്നു സിഗരറ്റു വലിക്കുന്ന അപ്പോട്ടമാമ ഒരു സംഭവമായിരുന്നു. വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായും കളിയും കാര്യവും പറഞ്ഞിരിക്കുന്നതിനിടയിൽ ഇടയ്ക്കൊരു സിഗരറ്റ് കൊളുത്തും. എന്നിട്ട് ആഞ്ഞു ഒരു വലിയാണ്. സിഗരറ്റിന്റെ കാൽഭാഗം അപ്പോഴേക്കും ചാരമായിട്ടുണ്ടാവും. എന്നിട്ടു ഞങ്ങളെ നോക്കി ചിരിച്ചു വാ തുറക്കും. "പൊക എവിടെ?" ഞാൻ അന്തം വിട്ടു നിൽക്കും. പുക എവിടെ? 

രാജനും എന്നെപ്പോലെത്തന്നെ പുകവലി ഒരു വലിയ കൗതുകമായിരുന്നു. എന്തായാലും ഒന്ന് വലിച്ച് നോക്കാൻ തീരുമാനിച്ചിരുന്നതിന്റെ പരിണിത ഫലമാണ് മേൽ വിവരിച്ചത്. 

പിന്നീട് വലി മെല്ലെ ശീലമാക്കി. അതല്ലെങ്കിലും അങ്ങിനെയാ.. അരുതാത്തത് ചെയ്യാൻ വലിയ ഉത്സാഹമായിരുന്നു. വലിക്കുമ്പോൾ തലയ്ക്കകത്ത് കിട്ടുന്ന പെരുപ്പ് ഒരു ആകർഷണവും. അച്ഛന്റെ പക്കൽ നിന്ന് അടിച്ച് മാറ്റുന്ന ചില്ലറ തുട്ടുകൾ കൊണ്ട് ബീഡി വാങ്ങാൻ തുടങ്ങി. എന്നിട്ട് ചികിത്സാലയത്തിലെ കുളിമുറിയിൽ കയറി വലിച്ച് ഒന്നും അറിയാത്ത പോലെ പുറത്ത് വരും. ചില്ലറത്തുട്ടുകളിൽ നിന്ന് നോട്ടുകളിലേക്ക് വളർന്നപ്പോൾ ബീഡിയ്ക്ക് പകരം സിഗരറ്റ് തന്നെയായി. അഞ്ച് പൈസയ്ക്ക് കിട്ടിയിരുന്ന ബ്ലൂ ബേഡ്, ഫ്ലൈറ്റ് എന്നീ ബ്രാൻഡുകൾ മുതൽ സിസർ, ഗോൾഡ് ഫ്‌ളേക്, വിൽസ് ചാർമിനാർ എന്നിങ്ങനെ അന്ന് ലഭ്യമായ പ്രമുഖ സിഗരറ്റുകൾ എല്ലാം വലിച്ച് നോക്കി. 

അപ്പോഴേയ്ക്കും എന്റെ ഖ്യാതി വാളയാർ ചുരം കടന്ന് നാട്ടിൽ എത്തിയിരുന്നു. ഒരിക്കൽ ചാഴൂർ അമ്മാവൻ എന്നെ കളിപ്പിക്കാൻ ‌വേണ്ടി അദ്ദേഹം വലിച്ചിരുന്ന സിഗരറ്റിന്റെ പായ്ക്കറ്റ് നീട്ടി ചോദിച്ചു : "വലിയ്ക്കുന്നോ?" ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് ഒരു വാശി തോന്നി. പാസിംഗ് ഷോ എനിയ്ക്ക് താല്പര്യമുള്ള ബ്രാൻഡ് ആയിരുന്നില്ല. എങ്കിലും പെട്ടെന്ന് അതിൽ നിന്ന് ഒരു സിഗരറ്റു വലിച്ചെടുത്ത് കൊളുത്തി.

അമ്മാവൻ അത് തീരെ പ്രതീക്ഷിച്ചില്ല. ആ സിഗരറ്റ് എന്റെ ചുണ്ടിൽ നിന്ന് തട്ടിമാറ്റാൻ നോക്കി. ഞാൻ വലിച്ച്‌ കൊണ്ട് പത്തായപ്പുരയ്ക്ക് ചുറ്റും ഓടി. പിന്നാലെ അദ്ദേഹവും. സിഗരറ്റ് മുഴുവൻ വലിച്ച് കഴിഞ്ഞിട്ടേ നിന്നുള്ളൂ. "എന്താ ഈ കാണിച്ചത്" എന്ന് ദേഷ്യത്തിൽ ചോദിച്ചതല്ലാതെ അന്നെനിക്ക് തല്ലുകൊണ്ടില്ല. സൗമ്യനായ അമ്മാവൻ അത് ചെയ്യില്ല എന്ന ഉറപ്പ് എനിയ്ക്കുണ്ടായിരുന്നു. 

ചെയ്തിരുന്ന എന്തും പരസ്യമായി ചെയ്തിരുന്ന ആളായിരുന്നു ഞാൻ. അത് കൊണ്ട് സിഗരറ്റ് വലി ഞാൻ സ്ഥിരമായി കൊണ്ട് നടക്കുന്ന ഒരു ദുസ്സ്വഭാവമായി മാറി. അമ്മാവന്മാർ വേണുവേട്ടൻ അച്ഛൻ എന്നിവരുടെ മുന്നിൽ വെച്ച് മാത്രം വലിച്ചിരുന്നില്ല. മറ്റുള്ളവർ ആര് കണ്ടാലും കൂസലില്ലാതെയായി. അതനുസരിച്ച് വലിച്ചിരുന്ന സിഗററ്റുകളുടെ എണ്ണം കൂടി. ഒറ്റയ്ക്കും ഇരട്ടയ്ക്കും വാങ്ങിയിരുന്നത് നിർത്തി പായ്ക്കറ്റ് കണക്കിലായി വാങ്ങൽ. ബസ് സ്റ്റോപ്പിലും ബസ്സിലും കോളേജിലും എന്ന് വേണ്ട എല്ലായ്പ്പോഴും വലി തുടങ്ങി. 

കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ സ്ഥിരം സാബു സാറിന്റെ സ്പെഷ്യൽ ക്‌ളാസിൽ ഇരിക്കാറുണ്ട്. ഉച്ച കഴിഞ്ഞാവും അത്. ക്‌ളാസ്സ് തുടങ്ങി ഏകദേശം ഒരു മണിക്കൂർ ആവുമ്പോൾ ഞാൻ അസ്വസ്ഥനാവാൻ തുടങ്ങും. അത് ശ്രദ്ധിച്ച് സാർ ചോദിക്കും: എന്താടോ വലിയ്ക്കാറായോ? ഞാൻ തലയാട്ടുമ്പോൾ സാർ പുറത്ത് പോയി വരും. ഈ അവസരം മുതലാക്കി ജോയും ഒന്ന് വലിയ്ക്കും. ഈ കാര്യത്തിൽ അവനും എന്നെ പോലെ ആയിരുന്നു. അക്കാലത്തെ ഞങ്ങളുടെ അവസ്ഥ അവൻ വിവരിച്ച പോലെത്തന്നെ ആയിരുന്നു: "രണ്ട് സിഗരറ്റ് വലിച്ചാൽ വായ കക്കൂസ് പോലെയാവും. അപ്പൊ ക്യാൻറ്റിനിൽ പോയി ഒരു ചായ കുടിക്കും. ചായ കുടിച്ചാൽ പിന്നെ സിഗരറ്റ് വലിയ്ക്കണ്ടേ?"

കുടുംബത്തോടും എന്നോടും ഉള്ള സ്നേഹം കൊണ്ട് ബസ് സ്റ്റാൻഡിൽ കട നടത്തിയിരുന്ന ശ്രീകുമാരൻ നായർ എനിയ്ക്ക് നിർലോഭം സിഗരറ്റ് തന്നിരുന്നു - പറ്റായിത്തന്നെ. പത്തു പൈസ വരുമാനം ഇല്ലാത്ത എനിയ്ക്ക് ആ കടം വീട്ടാൻ സഹായിച്ചത് രണ്ട് ആത്മമിത്രങ്ങൾ ആണ്. പട്ടാളത്തിൽ ആയിരുന്ന "സൗധം" മുരളിയും, പിന്നെ എന്റെ അനുജനും സുഹൃത്തുമായ അശോകനും. 

കാഠ്മണ്ഡുവിൽ എത്തി ജോലി ആയപ്പോൾ വലിയ്ക്കുന്ന സിഗരറ്റിന്റെ എണ്ണം പിന്നെയും കൂടി. ഒരു ദിവസം മൂന്ന് പായ്ക്കറ്റിൽ അധികമായി വലി. ഗുൽബർഗയിൽ എത്തി അധ്യാപനത്തിൽ ആയപ്പോഴേക്കും വലിയ്ക്കാൻ പറ്റാതെ ആയി. കിതയ്ക്കും എന്ന് മാത്രമല്ല, ശബ്ദം ഇടയിക്കിടയ്ക്ക് അടഞ്ഞും പോകും. 

അങ്ങിനെ ഒരു ദിവസം എനിയ്ക്ക് ബ്രോങ്കൈറ്റിസ് പിടിപെട്ടു. എന്റെ സുഹൃത്ത് കൂടിയായ ഡോക്ടറുടെ ചികിത്സ. സിഗരറ്റ് വലി നിർത്തണോ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. അതിന്ന് സാറിന് നിർത്താൻ പറ്റുമോ എന്ന് ഡോക്ടറും. അപ്പോഴേക്കും വലിച്ച് മടുത്തിരുന്ന എനിയ്ക്ക് അത് ഒരു പ്രചോദനമായി. രോഗത്തിന്റെ പേരിൽ ഞാൻ വലി നിർത്തി. അവസാന സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ മതിയാക്കി വലിച്ചെറിഞ്ഞ ദിവസം ഞാൻ ഇന്നും ഓർക്കുന്നു: 1990 ഡിസംബർ 15. പിന്നീട് ഇത് വരെ വലിയ്ക്കാൻ തോന്നിയിട്ടില്ല. 

സിഗരറ്റ് വലി നിർത്തിയപ്പോഴാണ് എന്റെ വലി മറ്റുള്ളവർക്ക് എത്ര ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാവും എന്ന് ഞാൻ മനസ്സിലാക്കിയത്. 





Wednesday, 9 September 2020

വാർത്താനേരം

 

വായനയുടെ ശീലം തന്നെയാവും എന്നെ വാർത്തകളുടെ തീരത്തടുപ്പിച്ചത്. അന്ന് പത്രങ്ങളായിരുന്നു വാർത്താവാഹകർ. ചികിത്സാലയത്തിൽ വരുത്തിയിരുന്ന മലയാള ദിനപത്രമായിരുന്നു ആദ്യ പത്രവായനാനുഭവം. മാസ്ററ് ഹെഡ് മുതൽ ഓരോ അക്ഷരങ്ങളായി അച്ഛനോട് ചോദിച്ച് വായിച്ചതോർമയുണ്ട്. ആദ്യം വലിയ തലക്കെട്ടുകൾ പിന്നെ ചെറുത് എന്നിങ്ങനെയുള്ള ക്രമത്തിൽ. എന്റെ മലയാള പഠനം അത് മാത്രമായിരുന്നു. 

തമിഴ് പത്രങ്ങളോട് അന്ന് പൊതുവെ മതിപ്പ് കുറവായിരുന്നു. അന്ന് ഏറ്റവും പ്രചാരമുള്ള തമിഴ് പത്രമായിരുന്നു "ദിനത്തന്തി."  തമിഴിൽ കുറെ ഏറെ പേർക്ക് സാക്ഷരത പകർന്നു എന്ന ഖ്യാതി ആ പത്രത്തിന്ന് ഉണ്ടായിരുന്നു. ആകർഷകമായ നിറങ്ങളിൽ വലിയ അക്ഷരങ്ങളിൽ അച്ചടിച്ച് വന്നിരുന്ന ആ പത്രത്തിന്ന് കാഴ്ച്ചാ സുഖം ഉണ്ടായിരുന്നു. പക്ഷെ വാർത്തകൾ അവതരിപ്പിക്കുന്നത് മിക്കവാറും കഥാരൂപത്തിൽ. സിനിമ ഷൂട്ടിങ്ങിലെ വിശേഷങ്ങൾ വാർത്തകളായി അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന്ന് ഇന്ന സിനിമാതാരം വിവാഹമോചിതനായി എന്ന തലക്കെട്ട് കണ്ട് വായിക്കുന്നവർ അതിന്റെ അവസാനമാണ് ആ താരം അഭിനയിച്ച ഒരു സിനിമാ രംഗത്തിന്റെ വിവരണം ആയിരുന്നു അതെന്ന് അറിയുക. തമിഴ് പത്രങ്ങൾ ഇന്നും തുടരുന്ന ഒരു ശീലം ഉണ്ട്. പത്രം വിൽക്കുന്ന കടകളിലെല്ലാം മുൻവശത്തായി ആ പത്രങ്ങളിലെ പ്രധാന വാർത്തകൾ വലിയ അക്ഷരത്തിൽ അച്ചടിച്ച ഒരു കടലാസ്സ് തൂക്കിയിട്ടിരിക്കുന്നത് കാണാം. തമിഴ് നാട്ടിൽ ഏറെ നാശം വിതച്ച ഒരു കൊടുങ്കാറ്റ് അകന്ന് പോയതിന്റെ പിറ്റേ ദിവസം ആ കടലാസിൽ അച്ചടിച്ച് തൂക്കിയിരുന്നത് ഇന്നും ഓർമ്മയുണ്ട്: "തമിഴ് നാട്ടിൽ കൊടുങ്കാറ്റ് ഭീഷണി..." (അത് കഴിഞ്ഞു മൂന്ന് കുത്തുകളും ഉണ്ടായിരുന്നു.) പത്രം വാങ്ങി നോക്കിയ ഞാൻ കണ്ടത് കൊടുങ്കാറ്റ്‌ ഭീഷണി ഇല്ല എന്നാണ്. 

വൻപ്രചാരമുള്ള സായാഹ്ന പത്രങ്ങൾ ഉണ്ടായിരുന്നു തമിഴിൽ. ദിനപത്രങ്ങളേക്കാൾ വിലകുറച്ച് പൊതുസ്ഥലങ്ങളിൽ കൂവിനടന്ന് വിറ്റ് തുടങ്ങിയ ആ പത്രങ്ങൾ പിന്നീട് ദിനപത്രങ്ങളോളം വളർന്നത് ചരിത്രത്തിന്റെ ഭാഗമാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ "മുരസൊലി" മാരൻറെ "മാലൈ മുരശ്" ആണ് അതിൽ ആദ്യം വന്നത്. ഇവയെല്ലാം തന്നെ തികഞ്ഞ മസാലക്കൂട്ടുകളുമായി വാർത്തകൾ അവതരിപ്പിച്ചിരുന്നു. പത്രം എന്നതിനേക്കാൾ ടാബ്ലോയ്‌ഡ്‌ എന്ന വിശേഷണമാവും അവയ്ക്ക് യോജിച്ചത്. അന്ന് ഒരു ദിനപത്രത്തിന്റെ സ്വഭാവം പ്രകടിപ്പിച്ചത്  ഇന്ത്യൻ എക്സ്പ്രസ്സ്  കുടുംബത്തിൽ നിന്നുള്ള ദിനമണി എന്ന പത്രം മാത്രമായിരുന്നു. പക്ഷെ പ്രചാരത്തിന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞ പത്രങ്ങളുടെ നിലയിലേക്ക് അത് വളർന്നില്ല. 

ഇംഗ്ലീഷിൽ പത്രങ്ങൾ വായിക്കാൻ കിട്ടിയിരുന്നില്ല. പകരം ആഴ്ചപ്പതിപ്പുകൾ വാങ്ങുന്ന ശീലം ഉണ്ടായി. അച്ഛന്റെ പോക്കറ്റിൽ നിന്ന് ചോർത്തിയെടുക്കുന്ന പണമായിരുന്നു എന്റെ മൂലധനം. ഇന്ത്യ ടുഡേയുടെ ആരംഭകാലം മുതൽ ഞാൻ അത് വാങ്ങിയിരുന്നു. ഔട്ട് ലുക്കിന്റെ ആദ്യ ലക്കം മുതൽ കുറെ കാലം അത് വാങ്ങിയിരുന്നു. വാർത്താ വായനയുടെ ഹരത്തിൽ സുഹൃത്തായ പ്രകാശും ഞാനും ചേർന്ന് പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ "നിയമസഭയിൽ ഇന്ന്" എന്ന പേരിൽ ഒരു ആക്ഷേപ ഹാസ്യ നാടകം അവതരിപ്പിച്ചത് ഓർമ്മയുണ്ട്. സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ആയിരുന്നു അതിൽ ഏറെയും ഉൾപ്പെടുത്തിയിരുന്നത്. 

എൺപതുകളിൽ വീഡിയോ തരംഗം തുടങ്ങിയപ്പോൾ ഇന്ത്യ ടുഡേ അവതരിപ്പിച്ച "ന്യൂസ്ട്രാക്" എന്ന ന്യൂസ് മാഗസിൻ ആവണം ഇന്ത്യയിലെ ദൃശ്യ മാധ്യമ സംസ്കാരത്തിന്ന് തുടക്കം കുറിച്ചത്. വീഡിയോ കാസറ്റുകളായി അവ തപാൽ വഴി അയച്ച് കൊടുക്കുന്ന രീതിയായിരുന്നു എന്നാണ് എന്റെ ഓർമ്മ. 

പിന്നീട് വാർത്തകൾ ടെലിവിഷൻ വഴി ലഭ്യമായപ്പോൾ സ്ഥിരമായി കാണാൻ താല്പര്യപ്പെട്ടിരുന്നത് പ്രണയ് റോയ് ദൂരദർശനിൽ അവതരിപ്പിച്ചിരുന്ന "വേൾഡ് ദിസ് വീക്ക്" എന്ന ആഴ്ചപ്പതിപ്പായിരുന്നു. പിന്നീട് സ്റ്റാർ ടീവിയുടെ കണ്ടെന്റ് പ്രൊവൈഡർ ആയി മാറി അത് കഴിഞ്ഞ് സ്വന്തമായി ചാനൽ തുടങ്ങിയപ്പോഴും ഇന്ത്യൻ ടെലിവിഷനിൽ ഞാൻ മാതൃകയായി കണ്ടത് എൻഡിടിവി ആയിരുന്നു. അന്ന് വാർത്തകൾ അവതരിപ്പിക്കുന്നവർക്ക് ഒരു ഉത്തരവാദിത്ത ബോധം ഉണ്ടായിരുന്നു എന്നാണ് തോന്നിയത്. 

മലയാളത്തിലെ ആദ്യ വാർത്താചാനൽ ആയ ഇന്ത്യ വിഷനിൽ എത്തിയപ്പോൾ വാർത്തകളോടുള്ള അഭിനിവേശം കുറഞ്ഞിരുന്നില്ല. പത്രപ്രവർത്തനം പഠിക്കാത്തത് കൊണ്ട് അവിടെ വാർത്തകളുടെ അരികു ചാരി നിന്നു. പിന്നീട് സെബിൻ ഒരു പത്രം തുടങ്ങാൻ വിളിച്ചപ്പോൾ ഉത്സാഹത്തോടെ അതിന്ന് പിന്നാലെ പോയത് വാർത്തകളോടുള്ള ഈ അഭിനിവേശം കൊണ്ടായിരുന്നു. ഏകദേശം എട്ട് മാസങ്ങൾ നീണ്ട "ഓവർ വ്യൂ" എന്ന സ്ഥിരം പംക്തി എഴുതുക വഴി ഒരു കോളമെഴുത്തുകാരന്റെ പത്രാസും എനിക്ക് കിട്ടി. 

നടന്നു വന്ന വഴികളുടെ ദോഷം കൊണ്ടാവാം വാർത്തകൾക്കും അതിന്റെ അവതരണത്തിലും ഒക്കെ ചില ധർമ്മങ്ങൾ ആചരിക്കപ്പെടേണ്ടതുണ്ട് എന്ന് ഇപ്പോഴും തോന്നുന്നത്. വിവേകത്തോടെ കാര്യങ്ങൾ കാണാനുള്ള കഴിവ് നഷ്ടപ്പെടുത്തി വികാരത്തിന്ന് പിന്നാലെ നമ്മൾ പായുന്നതിൽ പത്രങ്ങൾക്കും നല്ലൊരു പങ്കില്ലേ എന്ന് ആലോചിച്ചുപോകുന്നു. രാപ്പകൽ ഭേദമന്യേ നമ്മൾ വിളമ്പുന്നത് അശാന്തിക്കുള്ള വിത്തുകളല്ലേ എന്ന് ശങ്കിച്ച് പോകുന്നു. ദീപസ്തംഭത്തിന്റെ കാര്യവും ക്ഷീരമുള്ള അകിടിൻചുവട്ടിലെ കൊതുകിന്റെ കാര്യവുമെല്ലാം വെറുതെ ഓർത്തു പോകുന്നു. 


https://en.wikipedia.org/wiki/History_of_newspaper_publishing#/media/File:Newspaper_market,_Paris_1848.JPG




Saturday, 22 August 2020

ഒരു അനുസ്മരണം

കാഠ്മണ്ഡു വാസം കഴിഞ്ഞ് തിരിച്ചെത്തി തേരാ പാരാ നടക്കുന്ന സമയം എന്റെ ഒരു സുഹൃത്ത് ഇടയ്ക്ക് തമാശയ്ക്ക് ചോദിക്കാറുണ്ട്: "ങ്ങാ.. നീ ഇനിം പോയില്ലേ?" അത് കഴിഞ്ഞ് കർണ്ണാടകത്തിലെ ഗുൽബർഗ്ഗയിൽ ജോലി ആരംഭിച്ചത് മുതൽ നാട്ടിൽ വരവ് നന്നേ കുറഞ്ഞു. പിന്നീട് കോഴിക്കോട് എത്തി.. കല്യാണം പ്രാരാബ്ദം എന്നൊക്കെ ആയപ്പോൾ വരവ് തീരെ കുറഞ്ഞു. അപ്പോഴൊക്കെ അവൻ ചോദിക്കാറുള്ളത്, നിന്നെ ഇപ്പൊ തീരെ കാണാൻ കിട്ടുന്നില്ലാലോ എന്നാണ്.


പുലാപ്പറ്റയിലേക്കുള്ള വരവ് കുറഞ്ഞു. എങ്കിലും വരുന്ന സമയത്തതൊക്കെ കണ്ട് മുട്ടാറുള്ള മൂന്ന് പേരുണ്ട്. വേറെ ആരെ കണ്ടില്ലെങ്കിലും എവിടെയെങ്കിലും വെച്ച് ഇവരെ കാണാതിരുന്നിട്ടില്ല. 


മേലെ മഠം ജാനകിയമ്മ. എനിയ്ക്ക് ഓർമ്മ വെച്ച കാലം മുതൽ കാണാറുള്ള രൂപത്തിന്ന് അവസാനം കാണുന്നത് വരെ ഒരു മാറ്റവും സംഭവിച്ച് കണ്ടില്ല. അവരെ ഞാൻ എവർഗ്രീൻ ജാനകിയമ്മ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പ്രസരിപ്പും ഒട്ടും കുറവായിരുന്നില്ല. ചിരിച്ചു കൊണ്ടല്ലാതെ അവരെ കണ്ടത് ഓർമ്മയിലില്ല. ഗോപുരത്തിലെ ആൽ മരം പോലെ അവരും ഒരു നിത്യ വൃക്ഷമാണ് എന്ന് ഞാൻ കരുതി. പക്ഷെ ഇടയ്ക്കെപ്പോഴോ അവർ വിളക്ക് കെടുത്തി യാത്രയായി എന്നറിഞ്ഞു. 


ചിന്നക്കുട്ടൻ നായർ. ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ്മിപ്പിക്കുന്ന ശരീര പ്രകൃതം.ഇല്ലാത്ത കുംഭ കുലുക്കിയുള്ള തുറന്ന ചിരി. ഞങ്ങളുടെ നാട്ടിൻപുറത്ത് വെയിലും മഴയും കൊണ്ട് നടക്കുമ്പോൾ ചിന്നക്കുട്ടൻ നായർക്ക് അതിനെയെല്ലാം പ്രതിരോധിക്കാൻ ഒരു മുണ്ടും മേൽ മുണ്ടായി ഒരു തോർത്തും ധാരാളം മതിയായിരുന്നു. (അമ്പലത്തിലേക്കാണെങ്കിൽ അത് നേരിയ കസവുള്ള ഉത്തരീയമാവും). ആശുപത്രി വാസത്തിന്ന് ശേഷം കിടപ്പിൽ ആയിരുന്ന കാലത്ത് കണ്ടിരുന്നു. തീരെ വയ്യാത്ത അവസ്ഥയിലും ചിരിക്കാൻ മറന്നില്ല.


മീനാക്ഷികുട്ടിയമ്മ. ഞങ്ങളുടെ തറവാടുമായി ഏറെ അടുപ്പമുള്ള കുടുമ്പം ആയിരുന്നു അവരുടേതും. മൂച്ചിത്തറയിൽ ബസ്സിറങ്ങി ചർക്ക ക്‌ളാസ്സിന്റെ മുന്നിലൂടെ കുടുംബത്തിലേക്ക് നടക്കുമ്പോൾ ആ വഴിക്കരികിലുള്ള വീടിന്റെ മുന്നിൽ മിക്കവാറും അവർ ഉണ്ടാവും. നമ്മുടെ കുടുംബത്തിന്റെ ഏതു വിശേഷത്തിനും ശ്രമക്കാരുടെ കൂടെ അവർ ഉണ്ടാവും. 


നാട്ടുകാർ വിശേഷം അന്വേഷിക്കുമ്പോഴാണ് നമ്മൾ നാട്ടുകാരനാണ് എന്ന തോന്നൽ ഉണ്ടാവുന്നത്. 

മൂവരിൽ അവസാനത്തെ ആളായി മീനാക്ഷിയമ്മയും ഇപ്പോൾ പോയി. ഇനി?

 

Sunday, 9 August 2020

വാർഷ സ്‌മൃതി

രണ്ട് കൊല്ലങ്ങൾക്ക് മുമ്പത്തെ ആഗസ്റ്റ്. അതിവർഷം പെയ്തുകൊണ്ടിരുന്നു. മദമിളകിയപോലെ വെള്ളം ആകാശത്തോളം പരപ്പിൽ കുത്തിയൊഴുകി. ഒരു പിരികയറിന്റെ വണ്ണത്തിൽ ഒരു ചാല് ഞങ്ങൾ താമസിക്കുന്ന വീടിന്ന് അരികിലൂടെ ഒഴുകുന്നുണ്ട്. പ്രളയ ഭീഷണി ചുറ്റും മുഴങ്ങുമ്പോഴും ഞാൻ സ്വയം സമാധാനിച്ചു. പുഴ ഇത്ര ദൂരം കയറിവരില്ല. അയൽക്കാരോട് സമുദ്രനിരപ്പിനെക്കുറിച്ച് ക്‌ളാസ്സ് എടുത്തുകൊണ്ട് അവരെ സമാധാനിപ്പിക്കാൻ നോക്കി. പക്ഷെ പുഴയ്ക്ക് ശാസ്ത്രമില്ല. ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു വന്ന് അത് വീടിനെ ചുറ്റി വരിഞ്ഞപ്പോഴാണ് എന്റെ അന്ധവിശ്വാസം മാറി പ്രാണനുംകൊണ്ട് സകുടുംബം ഓടിപ്പോയത്. 

മഴയുമായി എനിക്ക് ഒരു ആയുസ്സിന്റെ ബന്ധമുണ്ട്. എന്നെ ഏറ്റവും അധികം പ്രലോഭിപ്പിച്ച പ്രതിഭാസമാണ് മഴ. നഗരങ്ങളിലെ മഴ പരിഷ്കാരിയാണ്. കോയമ്പത്തൂരിലെ മഴയ്ക്ക് ചാറ്റൽ മഴയുടെ സ്വാഭാവമാണ്. മഴയുടെ സ്വരൂപം വെളിവാകുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. തടസ്സങ്ങളറിയാത്ത കാട്ടുകുതിര പോലെ അത് മദിച്ചു പെയ്യും. അത് കൊണ്ട് തന്നെ ധാരാളം ഒഴുവിടങ്ങൾ ഉള്ള പുലാപ്പറ്റയിലെ ഏറ്റവും വലിയ ആകർഷണം മഴയായിരുന്നു. 

പത്തായപ്പുരയുടെ പടിയിലോ ചാരുകസേരയിലോ ഇരുന്ന് നോക്കുമ്പോൾ രാജമന്ദിരത്തിന്റെ നെറുകിലൂടെ ഒരു അഭ്യാസിയെപ്പോലെ മഴ ചാടിവീഴും. കന മഴയ്ക്ക് മുമ്പേ തെറിച്ച് വരുന്ന ഒരു ചാറ്റൽ ഉണ്ട്. പെരപ്പുറത് മണൽവാരി എറിയുന്ന പോലെ ശബ്ദമുണ്ടാക്കികൊണ്ടാണ് അതിന്റെ വരവ്. ഒരു വികൃതി ബാലനെ പിടിക്കാൻ വരുന്ന അമ്മയെപ്പോലെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിന്നാലെ ഉണ്ടാവും കന മഴ. 

വർഷക്കാലം ഉന്മാദത്തിന്റെ കാലമാണ്. മനസ്സിലാകെ ഒരു  മയിലാട്ടം. അകത്തിരുന്നു മഴ കാണാം. പുറത്തിറങ്ങി അതിൽ കുതിരാം. തയ്യൽ യന്ത്രത്തിന്ന് അടിയിലെന്ന പോലെ കുളത്തിൽ മലർന്ന് കിടന്ന് ആയിരം സൂചികുത്തിന്റെ സുഖമറിയാം. വെള്ളം തെറിപ്പിച്ച് കൊണ്ട് ഇടവഴികളിലൂടെ ചാടി ഇറങ്ങാം. മഴ  പെയ്തു പോയ ശേഷം ഒരു വീണ്ടുവിചാരം പോലെ വീഴുന്ന ഇലമഴ നനയാം. കൂനിക്കൂടിയ കിളികൾ നനഞ്ഞ തൂവൽ കുടഞ്ഞ് ഇരിക്കുന്നത് കാണാം. രാത്രി മഴ സംഗീതമാവുന്നത് അത് കാണാൻ പറ്റാത്തത് കൊണ്ടാണ്. ശത തന്ത്രിയുടെ സംഗീതം പോലെ..  

പകൽ മഴയ്‌ക്കാണ്‌  സൗന്ദര്യം. നാട്ടിൻപുറങ്ങളിലെ മഴയ്ക്ക് അഭൗമ സൗന്ദര്യമാണ്. 

മഴവിവരണങ്ങളിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടം കാളിദാസന്റെയും ടാഗോറിന്റെയും വിവരണങ്ങളാണ്. അതിലൂടെ സഞ്ചരിക്കുമ്പോൾ പെയ്യാ മഴയിൽ കുതിർന്നു പോവാറുണ്ട്. നിയന്ത്രണം വിട്ടു കുതിച്ചു വരുന്ന നദി, കരയിലെ മൺ തിട്ടകളെ തട്ടി വീഴ്ത്തി പോകുന്ന കാഴ്ചകൾ ടാഗോറിന്റെ പല കഥകളിലും ഉണ്ട്. നദി ബ്രഹ്മപുത്രയാണ് എന്നറിയുമ്പോൾ ആ രൗദ്രം നമ്മൾ മനസിലാക്കുന്നു. 

പ്രളയാനന്തരം മഴ ഒരു പേടിയായി മാറുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എല്ലാ ആഗസ്റ്റ് മാസവും ഭീതിയുടെ കാലമായ് മാറുമോ? 

ഇപ്പോഴും മഴയോടുള്ള ആസക്തി കുറഞ്ഞിട്ടില്ല. എഴുന്നള്ളത്തിന്ന് മുമ്പേ വഴി തെളിക്കാൻ ധൃതിപ്പെട്ട് വരുന്നയാളെപ്പോലെ മഴയ്ക്ക് മുമ്പേ ഗമിക്കുന്ന ഒരു കാറ്റുണ്ട്. ഭക്തരെ തള്ളിമാറ്റികൊണ്ട് പോകുന്ന പോലെ വഴിയിലെ മരങ്ങളെ തള്ളിനീക്കാൻ കാറ്റു ശ്രമിക്കുമ്പോൾ ബാധ കയറിയ പോലെ മരങ്ങൾ തലവിരിച്ച് ആടും. അപ്പോഴെല്ലാം എന്റെ മനസ്സിൽ തികട്ടി വരിക ബാല്യത്തിൽ വായിച്ച ഒരു കവിതയാണ്. മു. മേത്ത എന്ന കവിയുടെ സംഗീതം എന്ന ശീർഷത്തിൽ:

"സഹിക്കാനാവാത്ത സന്തോഷത്തിൽ മരങ്ങൾ തലയാട്ടുന്നല്ലോ 
ഭൂമിയ്ക്കടിയിൽ വേരുകൾ പുല്ലാംകുഴൽ വായിക്കുന്നുവോ?"


Saturday, 1 August 2020

അമ്മാവനും കാങ്ക്രസും

ഒത്തമോൾ (ഒത്ത മുകൾ) എന്ന് ഞങ്ങൾ വിളിക്കുന്നത് പത്തായപ്പുരയിലെ രണ്ടാം നിലയ്ക്കാണ്. അതിന്ന് മുകളിൽ തട്ടുമ്പുറം. ഒത്തമോളിലുള്ള രണ്ട് അറകളിൽ ഒന്ന് ഞാൻ കൈയ്യടക്കി വെച്ചിരുന്നു. വായന ഉറക്കം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള മുറി. അതിഥികൾ വരുമ്പോൾ അവർ കട്ടിലിൽ കിടക്കും. ഞാൻ നിലത്ത് കോസറി വിരിച്ചു കിടക്കും. 

അങ്ങിനെ ഒരു ദിവസം തറയിലെ കോസറിയിൽ കിടക്കുകയായിരുന്നു. പുലർച്ചെ കൃത്യം അഞ്ചര മണിക്ക് തന്നെ കട്ടിലിൽ കിടന്നിരുന്ന അമ്മാവൻ എഴുന്നേറ്റു. കാൽ പെരുമാറ്റം കേട്ട് ഞാൻ ഉണർന്നു എന്ന് മനസിലാക്കി. "കിടന്നോളു.. ഞാൻ ഒന്ന് പല്ലു തേച്ചിട്ട് വരട്ടെ" എന്ന് പറഞ്ഞ് താഴേക്ക് ഇറങ്ങിപ്പോയി. പോയ ഉടൻ തന്നെ തിരിച്ച് മുറിയിലേയ്ക്ക് കയറി വന്നു. "ഞാൻ പല്ലെടുക്കാൻ മറന്ന് പോയെടോ." ഒരു ചിരിയോടെ ഗ്ലാസിൽ ഇട്ടു വെച്ചിരുന്ന പല്ല് സെറ്റ് എടുത്തു വീണ്ടും കോണിയിറങ്ങി പോയി. 

അമ്പ്യാരമ്മാമ എന്ന് ഞങ്ങൾ വിളിക്കുന്ന ഞങ്ങളുടെ വല്യമ്മാവനായിരുന്നു അത്. എൻ്റെ അമ്മയുടെ മൂത്ത ജേഷ്ഠൻ. പേര് അംബികാചരൻ തമ്പാൻ എന്നാണ്. അംബിയാരൻ അതിൻ്റെ ലോപരൂപം. 

ഞങ്ങളുടെ തറവാട്ടിലെ മരുമക്കത്തായ വ്യവസ്ഥയിൽ കോയമ്പത്തൂർ ഉള്ള കാലത്തോളം സ്ക്കൂൾ രേഖകളിലെ രക്ഷിതാവ് അമ്മാവനായിരുന്നു. പിന്നീട് അദ്ദേഹം ഗൂഡല്ലൂർക്ക് താമസം മാറി. അച്ഛനുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തോട് ചോദിച്ചിട്ടേ എൻ്റെ കാര്യങ്ങളിൽ തീരുമാനം ഉണ്ടാവാറുള്ളു.

നല്ല നീണ്ട് നിവർന്ന ശരീരം. ഖദർ പാൻറ്റ്സും ഖദർ ഷർട്ടും വേഷം. നടക്കുമ്പോൾ കൂട്ടിന്ന് അമ്മാവനെ പോലെ തന്നെ നടു നിവർന്ന് കൂടെ നടക്കുന്ന ഒരു കാലൻ കുട. നടത്തത്തിൽ അദ്ദേഹത്തിൻ്റെ കൂടെ നടന്നെത്താൻ പാട് പെടും. ആരോടും വിദ്വേഷം ഇല്ലാത്തത്കൊണ്ട് മുഖത്തു എപ്പോഴും പ്രസന്നത. അടുത്ത് വരുമ്പോൾ പുറകോട്ട് ചീകിയ തലമുടിയിൽ നിന്നുള്ള നേരിയ ഹെയർ ഓയിൽ ഗന്ധം. വീട്ടിലാണെങ്കിലും എപ്പോഴും വൃത്തിയുള്ള ഖദർ മുണ്ടും കൈയ്യില്ലാത്ത ഖദർ ബനിയനും. (ഞങ്ങൾ കുട്ടികൾ അതിനെ അമ്പ്യാരമ്മാമയുടെ ഷിമ്മീസ് എന്ന് ഇടയ്ക്ക് പറഞ്ഞ് ചിരിക്കാറുണ്ട്.) കൃത്യം അഞ്ചരയ്ക്ക് ഉണരും. യാതൊരു ദുശ്ശീലവും ഇല്ലാത്ത തികഞ്ഞൊരു ഗാന്ധിയൻ.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൂന്ന് തവണ ജയിലിൽ കിടന്നിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കെല്ലാം ഒരു സഹായിയുടെ കൂടെ ഇന്ത്യക്കകത്ത് എവിടെയും ഫസ്റ്റ് ക്‌ളാസിൽ പോയി വരാവുന്ന സൗജന്യ റെയിൽവേ പാസ്സ് പിന്നീട് അനുവദിച്ചപ്പോൾ, അമ്മാവനെപ്പോലെ അത് ഉപയോഗിച്ചിട്ടുള്ളവർ വേറെ ഉണ്ടാവും എന്ന് തോന്നുന്നില്ല. സ്വതവേ യാത്രാ പ്രിയനായ അമ്മാവൻ ഇന്ത്യക്കകത്ത് പോയി വരാത്ത സ്ഥലങ്ങലില്ല. 

തികഞ്ഞ കോൺഗ്രസ്സുകാരനായിരുന്നു. ഗാന്ധിക്ക് ശേഷം നെഹ്രു പിന്നീട് ഇന്ദിരാ ഗാന്ധി എന്ന കണക്കിൽ കോൺഗ്രസ്സിലെ നേതാക്കളെ ആദരിച്ചു പോന്നു. പ്രായത്തിന്ന് മുമ്പേ മൂപ്പെത്തിയ എനിക്ക് രാഷ്ട്രീയവും സജീവ വായനാ വിഷയമായിരുന്നു. അമ്മാവനുമായി ഇടയ്ക്കൊക്കെ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്. കാലം മാറുന്നതിന്ന് അനുസരിച്ച് കോൺഗ്രസ്സും മാറി വന്നു. ഇടയിക്കിടയ്ക്ക് ഞാൻ അമ്മാവനോട് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് : ഇന്നത്തെ ഇന്ത്യ കാണുമ്പോൾ സ്വാതന്ത്ര്യത്തിന്ന് വേണ്ടി അന്ന് കഷ്ടപ്പെട്ടത് വെറുതെയായി എന്ന് തോന്നുന്നുണ്ടോ? ആദ്യകാലങ്ങളിലെല്ലാം ഹേ, ഇല്ല എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ് ക്രൂരതയുടെ കഥകൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോൾ വീണ്ടും ചോദിച്ചു. ഇല്ല എന്ന് പറഞ്ഞെങ്കിലും ശബ്ദത്തിന്ന് ഒരു ഉറപ്പ് പോരാ എന്ന് തോന്നി. ഇന്ദിരയോടുള്ള കൂറ് അപ്പോഴും തീർന്നിരുന്നില്ല. പക്ഷെ വൻമരം വീണപ്പോൾ ഉണ്ടായ കൂട്ടക്കുരുതി അമ്മാവന്ന് ദഹിക്കുന്നുണ്ടായിരുന്നില്ല. അതിന്ന് ശേഷമുള്ള എൻ്റെ ചോദ്യങ്ങൾക്ക് മൗനമോ ദീർഘ നിശ്വാസമോ ഒക്കെയായിരുന്നു മറുപടി.

സ്വാതന്ത്ര്യ ലബ്ദിയോടെ കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ ദൗത്യം പൂർത്തിയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ഉടൻ കോൺഗ്രസ്സ് പിരിച്ചു വിടണം എന്ന് ഗാന്ധി അന്ന് പറഞ്ഞത് അതിൻ്റെ ഭാവിയിലെ പതനം മുൻകൂട്ടി കണ്ടിട്ടാവണം. സ്വാതന്ത്ര്യ സമരം ലക്ഷ്യമാക്കി കോൺഗ്രസ്സ് എന്ന വലിയ കുടക്കീഴിൽ അണിനിരന്നവർ വ്യത്യസ്ഥ ചിന്താധാരയിൽ പെട്ടവരായിരുന്നു. ഇടത് പക്ഷ ചിന്തയുള്ള സോഷ്യലിസ്റ്റുകളും വലതുപക്ഷ ചിന്തയുള്ള ഹിന്ദു മുസ്ലിം മതസ്ഥരും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അവർ എല്ലാം അംഗീകരിച്ച ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ്സിന്റെ പ്രസക്തി സ്വാതന്ത്ര്യത്തോട് കൂടി ഇല്ലാതായി. കൂടെ നിന്നവർ വ്യത്യസ്ഥ വിശ്വാസധാരയുടെ ഭാഗമാവാൻ തിരിച്ച് പോയി. ആദർശത്തിൽ ഊന്നിയ തലമുറ കഴിഞ്ഞപ്പോഴേക്കും അധികാരത്തിൽ ഊറിപ്പോയ കോൺഗ്രസ്സും സ്വന്തം നേട്ടങ്ങൾക്ക് പിന്നാലെ പോകാൻ തുടങ്ങി. സ്വജന പക്ഷപാതവും അഴിമതിയും മൂത്തു സർവ്വാധികാരത്തിന്റെ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴാണ് പുതിയ കോൺഗ്രസ്സിന്റെ പൊള്ളത്തരം ആളുകൾക്ക് ബോധ്യമായത്. 

ഈ മാറ്റങ്ങൾ അമ്മാവനും മനസ്സിലാക്കിയിരുന്നു. പിന്നീട് രാഷ്ട്രീയം സംസാരിക്കാൻ വലിയ ഉത്സാഹം കാണിച്ചിട്ടില്ല. യാത്രകളും കുടുംബക്കാരുമായുള്ള സൗഹൃദം പുതുക്കലുമൊക്കെയായി ശിഷ്ടകാലം.

എൻ്റെ കുടുംബത്തിലെ രണ്ടാമത്തെ അർബുദ രോഗിയായി മാറിയ ശേഷം യാത്രകൾ ഇല്ലാതായി. തൃശ്ശൂരുള്ള മൂത്ത മകളുടെ വീട്ടിൽ വെച്ച് അന്ത്യം വരിക്കുന്നതിന്ന് മുമ്പ് രണ്ട് മൂന്ന് തവണ കാണാൻ പോയിരുന്നു. 

വിശ്വാസങ്ങൾക്കതീതമായി ആളെ കൊണ്ട് പോകുന്ന അർബുദം എന്ന രോഗം പോലെത്തന്നെയാണ് അധികാരത്തിൽ ഉറച്ച് പോയ കൂട്ടങ്ങളുടെ കഥയും. അലക്കിത്തേച്ച പ്രതീക്ഷയുടെ നാമ്പുമായ്‌ വളർന്ന് വലുതായി വിരിഞ്ഞു നിൽക്കുമ്പോൾ വേരുകളിൽ കാർന്ന് തിന്നുന്ന ഞണ്ടുകളെ ശ്രദ്ധിച്ചെന്ന് വരില്ല. പിന്നീട് അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോഴും ഞാൻ ഓർത്തത് മഹാപ്രസ്ഥാനങ്ങളുടെ തകർച്ചയെ കുറിച്ചാണ്. 




Sunday, 26 July 2020

സൈക്കിൾ പുരാണം



സൈക്കിൾ പുരാണം 

നാരായണൻ നായരുടെ സൈക്കിൾ ആയിരിക്കണം ഞാൻ ആദ്യം കണ്ട സൈക്കിൾ. ആളെപ്പോലെതന്നെ അത്യാവശ്യം പ്രായം തോന്നിക്കുന്ന ഒരു  റാലി സൈക്കിൾ. എള്ള് കറുപ്പിൽ കുഷ്യൻ ഇല്ലാത്ത ലെതർ സീറ്റും പഴക്കം ചെന്ന കാരിയറും ഒഴിച്ച് മറ്റ് അലങ്കാരങ്ങളൊന്നും ഇല്ലാത്ത സൈക്കിൾ. മണ്ണെണ്ണ ഒഴിച്ച് തിരികത്തിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു അതിന്റെ വിളക്ക്. 

അഞ്ച് ജീവനക്കാർ സകുടുംബം താമസിക്കുന്ന വൈദ്യശാല ക്വാർട്ടേഴ്സിലെ ഒരു താമസക്കാരനായിരുന്നു നാരായണൻ നായർ. അയാളുടെ മകൻ അപ്പു എൻ്റെ കൂട്ടുകാരനായിരുന്നു. അഞ്ച് കുടുംബങ്ങളിലെ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും പേര് വിളിച്ചും ചേട്ടാ ചേച്ചി വിളിച്ചും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. വൈദ്യശാലയുടെ മുൻവശത്ത് ഒറ്റ മുറി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന രാജനും എൻ്റെ കൂട്ടുകാരനായിരുന്നു. അപ്പു പതിഞ്ഞ സ്വഭാവക്കാരനും അനുസരണയുള്ള കുട്ടിയുമായിരുന്നു. രാജനും ഞാനും കുരുത്തക്കേടുകളുടെ കൂട്ടുകാരും. താന്തോന്നിത്തരത്തിന്റെ കാര്യത്തിൽ അവനെക്കാട്ടിലും മൂപ്പ് എനിക്കായിരുന്നു. 

സൈക്കിളിന്റെ അത്ര ഉയരമായപ്പോൾ സൈക്കിൾ ഒന്ന് ചവിട്ടി നോക്കാനുള്ള ആഗ്രഹം കലശലായി. നാരായണൻ നായർ കാണാതെ ബാറുകളുടെ ഇടയിലെ ത്രികോണത്തിലൂടെ കാലിട്ടു ചവിട്ടി നോക്കാൻ ശ്രമിച്ചു. വീഴ്ചകൾ പുതിയതല്ലാത്തത് കൊണ്ട് പ്രയത്നം തുടർന്ന്കൊണ്ടിരുന്നു. എങ്കിലും സൈക്കിൾ ബാലൻസിൻ്റെ ആദ്യപാഠങ്ങളിൽ ഒതുങ്ങി ചവിട്ട്. 

പിന്നീട് സ്‌കൂൾ പഠനം ഏകദേശം പത്തുകിലോമീറ്റർ അകലെയുള്ള സായിബാബ കോളനിയിലേക്ക് മാറിയതോടെ എൻ്റെ സ്വാതന്ത്ര്യം പൂർണമായി. ബസ്സിൽ പോയിവരാനുള്ള ഒരു രൂപയാണ് അന്നത്തെ ഓരോ ദിവസത്തെയും മൂലധനം. ബസ്സിൽ പോയിവന്നിരുന്നത് മടുപ്പായി തോന്നി തുടങ്ങിയ കാലത്താണ് രാമനാഥപുരത്തെ സൈക്കിൾ കടയിൽ ഒരു ദിവസം മുഴുവൻ എന്ന കണക്കിൽ സൈക്കിൾ എടുക്കുന്നതിന്ന് വാടക ഒരു രൂപയാണ് എന്നറിഞ്ഞത്. അതിന്ന് മുമ്പ് തന്നെ സൈക്കിൾ കടയിലെ പതിവുകാരനായിരുന്നു ഞാൻ. പത്തു പൈസക്ക് ഒരു മണിക്കൂർ എന്ന കണക്കിൽ വാടകയ്ക്ക് സൈക്കിൾ എടുത്ത് കറങ്ങുന്ന  പതിവുണ്ടായിരുന്നു. അപ്പോഴേക്കും സൈക്കിൾ ചവിട്ടിൽ വൈദഗ്‌ദ്യവും നേടിക്കഴിഞ്ഞിരുന്നു. 

അപ്പോൾ ആറാംക്ലാസിലെത്തിയിരുന്നു പഠനം. ആണ്ടു പരീക്ഷയാവുമ്പോഴാണ് എനിക്ക് ആ ആശയം ഉദിച്ചത്. സാധാരണ ഒന്നോ രണ്ടോ മണിക്കൂറിൽ കൂടുതൽ സൈക്കിൾ ചവിട്ടാൻ അച്ഛൻ സമ്മതിക്കാറില്ല. ഞാൻ സൈക്കിൾ ചവിട്ടുന്നത് തന്നെ വലിയ താല്പര്യം ഇല്ലാത്ത കാര്യമായിരുന്നു. പരീക്ഷയാവുമ്പോൾ രാവിലെ പോയാൽ വൈകുന്നേരം വരെ എനിക്ക് ഒരു തടസ്സവും ഇല്ലാതെ സൈക്കിൾ ചവിട്ടാം. കൈയ്യിൽ കിട്ടുന്ന ഒരു രൂപ ബസ്സ് കൂലി, ഒരു ദിവസത്തെ സൈക്കിൾ വാടകയ്ക്ക് കിറുകൃത്യം. 

പരീക്ഷ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തുടങ്ങും. പക്ഷെ രാവിലെത്തന്നെ സ്‌കൂളിൽ എത്തണം എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങും. എന്നിട്ട് മനംകുളിർക്കേ സൈക്കിൾ ചവിട്ടും. ഓരോ ദിവസം ഓരോ വഴിയിലൂടെ. ഏറെ ഇഷ്ടം നഗരത്തിന്ന് തൊട്ടപ്പുറത്തുള്ള ഗ്രാമംപോലെയുള്ള പ്രദേശങ്ങളിലൂടെ സൈക്കിൾ ചവിട്ടാനാണ്. നഗരത്തിന്റെ തിരക്കൊഴിഞ്ഞുകഴിഞ്ഞാൽ പിന്നെ രണ്ട് വശവും ചോളവും കരിമ്പും വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ. അടുത്തടുത്ത് നട്ടു വളർത്തിയ പുളിമരങ്ങളുടെ ഇടയിലൂടെ വേഗത്തിൽ ചവിട്ടി പോകുമ്പോൾ തലമുടിയിൽ കാറ്റ് അമർത്തി തലോടിക്കൊണ്ടിരിക്കും. സൈക്കിൾ കാലത്തെ മറക്കാൻ പറ്റാത്ത അനുഭൂതിയായി അത് ഇന്നും മനസ്സിലുണ്ട്. 

ഏതു വഴിപോയാലും ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തൊട്ടു മുമ്പായി ക്‌ളാസ്സിലെത്തും. വരുന്ന വഴി ശിരുവാണി ഡാമിലെ വെള്ളം ശേഖരിച്ച് നഗരത്തിലേക്ക് പമ്പുചെയ്യുന്ന പാർക്കിലിരുന്ന് ടിഫിനിലെ ഭക്ഷണം കഴിക്കും. ക്‌ളാസ്സിന്റെ തൊട്ടപ്പുറത്തുള്ള സൈക്കിൾ സ്റ്റാൻഡിൽ നിറുത്തിയിട്ട സൈക്കിൾ ഇടയ്ക്കിടയ്ക്ക് നോക്കികൊണ്ടിരിക്കും. ഉത്തരക്കടലാസിൽ ഒന്നും എഴുതാൻ തോന്നാറില്ല. അരമണിക്കൂർ സമയം നിർബന്ധമായും ഹാളിൽ ഇരിക്കണം. പരീക്ഷാഹാളിലെ അധ്യാപകന്റെ നീരസം വകവെക്കാതെ ഇടക്കിക്കിടയ്ക്ക് സമയം ചോദിക്കും. അരമണിക്കൂർ തികഞ്ഞാൽ ഏകദേശം കാലിയായിത്തന്നെയുള്ള ഉത്തരക്കടലാസ്സ് അദ്ധ്യാപകനെ ഏൽപ്പിച്ച് പുറത്ത് കടക്കും. 

പിന്നെ വീണ്ടും സൈക്കിളിൽ കയറി കറങ്ങാൻ തുടങ്ങും. അഞ്ചുമണിയ്ക്ക് സൈക്കിൾ തിരിച്ച് കടയിൽ ഏൽപ്പിച്ച് ഒന്നും അറിയാത്ത ഭാവത്തിൽ വീട്ടിൽ കയറിച്ചെല്ലും. 

പഠിക്കാൻ ആവശ്യത്തിന്ന് ബുദ്ധിയുണ്ട് എന്ന് അവർ വിശ്വസിച്ച മകൻ അക്കൊല്ലത്തെ പരീക്ഷയിൽ തോൽക്കാൻ എന്താണ് കാരണം എന്ന് എൻ്റെ അച്ഛനും അമ്മയ്ക്കും മനസ്സിലായതേ ഇല്ല. എഴുതുന്ന പരീക്ഷയ്ക്കല്ലേ മാർക്കിടാൻ പറ്റൂ?

പക്ഷെ അപ്പോഴും എൻ്റെ സൈക്കിൾ  യജ്ഞം തുടർന്ന്‌കൊണ്ടിരുന്നു. പഠിത്തത്തിൽ ഇത്തിരി ശ്രദ്ധ വന്നത് കൊണ്ട് അവധിദിവസങ്ങളിൽ ആയി സൈക്കിൾ യാത്ര എന്ന് മാത്രം. നഗരത്തിലെ തിയറ്ററുകളിലേക്കുള്ള യാത്ര സൈക്കിളിൽ ആയി. 

അങ്ങിനെ ഒരു ദിവസം സിനിമകഴിഞ്ഞു വേഗത്തിൽ സൈക്കിൾ ചവിട്ടി വരികയായിരുന്നു. റോയൽ തിയറ്ററിന്റെയും റയിൽവേ അടിപ്പാലത്തിന്റെയും ഇടയിലുള്ള റോഡ് സ്ഥിരം ബ്ലോക്കിന്റെ സ്ഥലമാണ്. ഇരു വശവും ഓരോ ബസ്സുകൾക്ക് മാത്രം കടന്ന് പോകാനുള്ള വീതി മാത്രമാണ് അവിടെ. സിനിമവിട്ടു സ്വതവേ ഉള്ള വേഗത്തിൽ അങ്ങോട്ട് പോകുന്ന ഒരു ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അതിന്ന് എതിർവശത്ത് ഒരു ബസ്സ് ഇങ്ങോട്ട് വരുന്നത് കണ്ടത്. ക്ഷണ നേരം തോന്നിയ സംശയത്തെ വേഗത്തോടുള്ള പ്രിയം മറികടന്നു. ഞാൻ മുന്നോട്ടേക്കു തന്നെ ആഞ്ഞു ചവിട്ടി. ഇരു ബസ്സുകൾക്കിടയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഞാൻ പാഞ്ഞു പോകുമ്പോൾ ബസ്സിനുള്ളിൽ നിന്ന് ആളുകൾ ചീത്തവിളിക്കുന്നത് കേട്ടു. ബസ്സിനെ മറികടന്ന് ഒട്ടും വേഗം കുറയ്ക്കാതെ തന്നെ ഒരു ജേതാവിൻ്റെ ഭാവത്തിൽ ഞാൻ പറന്ന് പോയി. 

അപ്പോൾ ഒഴിവായ അപകടം പിന്നീട് വീട്ടിലാണ് സംഭവിച്ചത്. ആ ബസ്സിൽ അച്ഛന്ന് നല്ല പരിചയം ഉള്ള ആരോ ഉണ്ടായിരുന്നു. അയാൾ അച്ഛനോട് താൻ കണ്ട കാര്യം അത് പോലെത്തനെ പറഞ്ഞു വെച്ചു. അടിയുടെ പൊടി പൂരമായിരുന്നു പിന്നെ. അതിന്നൊടുവിൽ വീട്ടിലെ ദൈവങ്ങളുടെ മുമ്പിലേക്ക് എന്നെ വലിച്ചുകൊണ്ട് പോയി. എന്നിട്ട് ആ ചിത്രങ്ങളുടെ മുമ്പിൽ ഇനി ഒരിക്കലും ഞാൻ സൈക്കിൾ ചവിട്ടില്ല എന്ന് സത്യം ചെയ്യിപ്പിച്ചു. 

അത് കൊണ്ടൊന്നുമല്ല, പക്ഷെ അതിനു ശേഷം സൈക്കിൾ എന്നല്ല ഒരു വാഹനം ഓടിക്കാനും എനിക്ക് താല്പര്യം തോന്നിയിട്ടില്ല. 


Saturday, 11 July 2020

ഒരു അക്കിടി പറ്റിയ കഥ

ചില കാര്യങ്ങൾ അങ്ങിനെയാണ്. എത്ര കാലം കഴിഞ്ഞാലും ഓർമ്മയിൽ അങ്ങിനെ മുഴച്ചു നിൽക്കും. കൈത്തണ്ടയിലെ വാച്ചിന്റെ സ്റ്റീൽ സ്ട്രാപ്പിൽ ഒട്ടിച്ച്‌ വച്ച പച്ച സ്റ്റിക്കറിൽ മുഴച്ചു നിന്ന അയാളുടെ പേര് പോലെ.

കുട്ടിക്കാലത്ത് തലയ്ക്ക് പിടിച്ചതാ സിനിമാപ്രാന്ത്. തമിഴിൽ റിലീസ് ചെയുന്ന പടങ്ങൾ മിക്കവാറും കാണും. അങ്ങിനെ ഏറെ കാത്ത് നിന്ന "നീയാ" എന്നെ സിനിമ റിലീസ് ആയി. അന്ന് ഞാൻ ഒമ്പതാം ക്‌ളാസിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് ഇറങ്ങിയ "നാഗിൻ" എന്ന സിനിമയുടെ റീമേക്കായിരുന്നു അത്. (നാഗിൻ എന്ന സിനിമ പ്രസിദ്ധ ഫ്രഞ്ച് സംവിധായകൻ ട്രൂഫോയുടെ "ദി ബ്രൈഡ് ഹു വോർ ബ്ളാക്ക്" എന്ന സിനിമയുടെ ഇന്ത്യൻ പകർപ്പാണ് എന്ന് കുറെ കാലം കഴിഞ്ഞാണ് മനസിലാക്കിയത്.)

വെള്ളിയാഴ്ച സ്‌കൂൾ ഉള്ളത് കൊണ്ടും അന്ന് ക്‌ളാസ് കട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടും ശനിയാഴ്ചയാണ് സിനിമ കാണാൻ പോയത്, പതിവുപോലെ ഒറ്റയ്ക്ക്.  

ഉക്കടത്തെ നാസ് തീയേറ്ററിലാണ് സിനിമ കളിക്കുന്നത്. രാവിലത്തെ കളിക്ക് തന്നെ ടിക്കറ്റ് എടുക്കാൻ വരിയിൽ നിന്നു. അപ്പോഴേക്കും എൻ്റെ സ്ഥിരം വേഷം മുണ്ടായിക്കഴിഞ്ഞിരുന്നു. അത് കൊണ്ടാവാം, തൊട്ടു മുമ്പിൽ നിൽക്കുന്ന ഒരു മലയാളി ഇങ്ങോട്ട് കേറി സംസാരിക്കാൻ തുടങ്ങി. മലയാളിയെ കണ്ട സന്തോഷത്തിൽ അയാളും ഇത്രയും മുതിർന്നൊരാൾ തന്നെ ഒരു സുഹൃത്തിനെപ്പോലെ കരുതി സംസാരിക്കുന്നതിന്റെ ചാരിതാർഥ്യത്തിൽ ഞാനും മനസ്സ് തുറന്നു സംസാരിച്ചു. അയാൾ പറഞ്ഞ പേര് എന്താണ് എന്ന് ഓർമ്മയില്ല. അയാൾ കെട്ടിയ വാച്ചിന്റെ സ്ട്രാപ്പിൽ പച്ച സ്റ്റിക്കറിൽ തെളിഞ്ഞ പേരു പക്ഷെ നല്ല ഓർമ്മയുണ്ട് - നിസാർ. പറഞ്ഞ പേരും വാച്ചിലെ പേരും രണ്ടായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചു. പക്ഷെ ഞാൻ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല. കാരണം മിക്കവാറും ആളുകൾക്ക് ശരിക്കുമുള്ള പേരാവില്ല വിളിപ്പേര്. ബാബുവിനോട് പേരെന്താ എന്ന് ആരെങ്കിലും ചോദിച്ചാൽ അവൻ ബാബു എന്നെ പറയു. അവന്റെ ശരിക്കുമുള്ള പേരു ബാബു എന്നല്ല എന്ന് എത്ര പേർക്കറിയാം?

സിനിമയ്ക്ക് അടുത്തടുത്ത സീറ്റിൽ ഇരുന്ന് ഞങ്ങൾ വാ തോരാതെ സംസാരിച്ചു. അടുത്തുള്ളവർ മിണ്ടാതിരിക്കാൻ പറഞ്ഞപ്പോഴാണ് നിർത്തിയത്. ഇടവേളയിൽ അയാൾ ചായയും സമോസയും വാങ്ങി തന്നു. വേണ്ട എന്ന് പറഞ്ഞു. പക്ഷെ നിർബന്ധിച്ചപ്പോൾ അത് കഴിച്ചു. അല്ലെങ്കിലും ഭക്ഷണത്തിന്ന് മുമ്പിൽ ഞാൻ അന്നും ഇന്നും തോറ്റ് കൊടുത്തിട്ടെ ഉള്ളു. 

സിനിമ കഴിഞ്ഞു അയാൾ എനിക്ക് ഊണ് മേടിച്ചു തരാൻ ശ്രമിച്ചു. പക്ഷെ വീട്ടിൽ ഊണ് കഴിക്കാൻ ചെല്ലാതെ പറ്റില്ല. അയാളോടും വീട്ടിലേക്ക് വരാൻ പറഞ്ഞു. അന്നു പറ്റില്ല, പിറ്റേ ദിവസം വീട്ടിൽ വരാം എന്ന് അയാൾ ഏറ്റു. 
അങ്ങിനെ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും അഭിമാനത്തോടെ അടുത്ത ദിവസം എൻ്റെ മുതിർന്ന സുഹൃത്ത് ഉണ്ണാൻ വരുന്ന കാര്യം പറഞ്ഞു. അച്ഛൻ പതിവ് പോലെ അതിൽ വലിയ ഉത്സാഹം കാണിച്ചില്ല. അച്ഛന്ന് ഞാനും എൻ്റെ കൂട്ടുകാരും കുട്ടിക്കളി വിടാത്ത കുരങ്ങന്മാർ മാത്രമായിരുന്നു. 

അമ്മയ്ക്ക് എൻ്റെ ആവേശം മനസ്സിലായി. പിറ്റേ ദിവസം പഞ്ചസാരപ്പായസം അടക്കം ഉണ്ടാക്കി കാത്തിരുന്നു. അയാളെ കാത്തു ഞാൻ കുറെ നേരം ബസ് സ്റ്റോപ്പിൽ നിന്നു. വിശപ്പ് അസഹ്യമായപ്പോൾ വീട്ടിൽ പോയി ഊണ് കഴിച്ചു വന്നു കാത്തിരിപ്പു തുടർന്നു. ഏകദേശം ഒരു നാല് മാണി കഴിഞ്ഞു അയാൾ എത്തിയപ്പോൾ. 

എന്നാലും വരാതിരുന്നില്ലലോ എന്ന ആഹ്ളാദത്തിലായിരുന്നു ഞാൻ.

പക്ഷെ അയാൾ വീട്ടിലേക്ക് വന്നില്ല. വേറെ ഒരു ദിവസം വരാം എന്ന് പറഞ്ഞു. ബസ് സ്റ്റോപ്പിലെ  ഉന്തുവണ്ടിയിൽ ഉണ്ടാക്കിയ ബോണ്ടയും ചായയും ഞങ്ങൾ കഴിച്ചു. എന്നിട്ട് അയാൾ എന്നെ ടൗണിലേക്ക് ക്ഷണിച്ചു. അയാളുടെ കൂടെ ബസ്സിൽ കേറിപ്പോയി. 

മണിക്കൂണ്ടിനടത്തുള്ള അഞ്ചുമുക്കിലെ ഒരു ചെറിയ ലോഡ്‌ജിലായിരുന്നു അയാളുടെ മുറി. തറവാട്ടിലെ കോണിച്ചോട്ടിൽ ഉള്ള അത്രയും മാത്രം വിസ്തീർണമുള്ള മുറി. നീളത്തിൽ ഒരു കിടക്ക. കിടക്ക എന്ന് പറഞ്ഞാൽ, ഇന്ന് ആശുപത്രികളിൽ കൂടെ നിൽക്കുന്നവർക്ക് കൊടുക്കുന്നത് പോലെ അധികം വീതിയില്ലാത്തത്. അറ്റത്ത് ഒരു മേശയും കസേരയും ഉണ്ട്. മുറിയുടെ തറയിൽ നിന്ന് അല്പം പൊക്കി കെട്ടിയ കുളിമുറി. ഒരു പടികേറി വേണം പോകാൻ. 

മുറിയിൽ കയറിയ പാടെ അയാൾ ബാത്ത്റൂമിൽ പോയി വന്നു. എന്നോട് കിടക്കയിൽ ഇരിക്കാൻ പറഞ്ഞു. വർത്തമാനം തുടങ്ങി. അയാൾ കിടക്കുകയായിരുന്നു. എന്നോടും കിടന്നുകൂടെ എന്ന് ചോദിച്ചപ്പോൾ ആദ്യമായ് എന്തോ പന്തികേട് തോന്നി. വേണ്ട എന്ന് പറഞ്ഞ എന്നെ അയാൾ ഒന്ന് നിർബന്ധിച്ചു. ബാത്ത്റൂമിൽ പോയി വന്ന നേരം അയാൾ പുറത്തേക്കുള്ള വാതിൽ കുറ്റിയിട്ട കാര്യം അപ്പോഴാണ് ഞാൻ ഓർത്തത്. വീട്ടിലായാലും തറവാട്ടിലായാലും കുറ്റിയിടാത്ത മുറിയിൽ കിടന്നു ശീലിച്ച എനിക്ക് ആദ്യമായ് ഒരു ഭയം തോന്നി. അയാളാണെങ്കിൽ എന്നെ ബലമായി കിടത്തി അയാളുടെ ഒരു കാൽ എൻ്റെ മേൽ കയറ്റി വയ്ക്കുകയും ചെയ്തിരുന്നു. പെട്ടെന്നു തോന്നിയ ഒരു ബുദ്ധിയിൽ മൂത്രമൊഴിച്ചു വന്ന് കിടക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്നെ സ്വതന്ത്രനാക്കി. 

ഒരൊറ്റ കുതിപ്പിൽ ഞാൻ വാതുക്കൽ എത്തി, കുറ്റി തുറന്ന് പുറത്തേക്ക് ഓടി. അയാൾ എന്നോട് നില്ക്കാൻ പറഞ്ഞു കൂടെ വരുന്നുണ്ടായിരുന്നു. ലോഡ്‌ജ്‌ കടന്ന് ഇടത്തോട്ട് തിരിഞ്ഞു മണിക്കൂണ്ട് ബസ്‌സ്റ്റോപ്പിലേക്ക് ക്ഷണ നേരം കൊണ്ടാണ് ഞാൻ ഓടിയെത്തിയത്. പുറപ്പെട്ട ഒരു ബസ്സിൽ ചാടിക്കയറി. കിതച്ചുകൊണ്ട് പിൻസീറ്റിൽ ഇരുന്നു പുറകിലെ ചില്ലിലൂടെ നോക്കിയപ്പോൾ ഒരു കൈകൊണ്ട് ഷർട്ടിന്റെ ബട്ടൺ ഇടാൻ ശ്രമിച്ച് മറ്റേ കൈകൊണ്ട് എന്നെ മാടിവിളിച്ചു കൊണ്ട് അയാൾ ഓടി വരുന്നുണ്ടായിരുന്നു.