ചില കാര്യങ്ങൾ അങ്ങിനെയാണ്. എത്ര കാലം കഴിഞ്ഞാലും ഓർമ്മയിൽ അങ്ങിനെ മുഴച്ചു നിൽക്കും. കൈത്തണ്ടയിലെ വാച്ചിന്റെ സ്റ്റീൽ സ്ട്രാപ്പിൽ ഒട്ടിച്ച് വച്ച പച്ച സ്റ്റിക്കറിൽ മുഴച്ചു നിന്ന അയാളുടെ പേര് പോലെ.
കുട്ടിക്കാലത്ത് തലയ്ക്ക് പിടിച്ചതാ സിനിമാപ്രാന്ത്. തമിഴിൽ റിലീസ് ചെയുന്ന പടങ്ങൾ മിക്കവാറും കാണും. അങ്ങിനെ ഏറെ കാത്ത് നിന്ന "നീയാ" എന്നെ സിനിമ റിലീസ് ആയി. അന്ന് ഞാൻ ഒമ്പതാം ക്‌ളാസിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മൂന്ന് കൊല്ലങ്ങൾക്ക് മുമ്പ് ഇറങ്ങിയ "നാഗിൻ" എന്ന സിനിമയുടെ റീമേക്കായിരുന്നു അത്. (നാഗിൻ എന്ന സിനിമ പ്രസിദ്ധ ഫ്രഞ്ച് സംവിധായകൻ ട്രൂഫോയുടെ "ദി ബ്രൈഡ് ഹു വോർ ബ്ളാക്ക്" എന്ന സിനിമയുടെ ഇന്ത്യൻ പകർപ്പാണ് എന്ന് കുറെ കാലം കഴിഞ്ഞാണ് മനസിലാക്കിയത്.)
വെള്ളിയാഴ്ച സ്‌കൂൾ ഉള്ളത് കൊണ്ടും അന്ന് ക്‌ളാസ് കട്ട് ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടും ശനിയാഴ്ചയാണ് സിനിമ കാണാൻ പോയത്, പതിവുപോലെ ഒറ്റയ്ക്ക്.
ഉക്കടത്തെ നാസ് തീയേറ്ററിലാണ് സിനിമ കളിക്കുന്നത്. രാവിലത്തെ കളിക്ക് തന്നെ ടിക്കറ്റ് എടുക്കാൻ വരിയിൽ നിന്നു. അപ്പോഴേക്കും എൻ്റെ സ്ഥിരം വേഷം മുണ്ടായിക്കഴിഞ്ഞിരുന്നു. അത് കൊണ്ടാവാം, തൊട്ടു മുമ്പിൽ നിൽക്കുന്ന ഒരു മലയാളി ഇങ്ങോട്ട് കേറി സംസാരിക്കാൻ തുടങ്ങി. മലയാളിയെ കണ്ട സന്തോഷത്തിൽ അയാളും ഇത്രയും മുതിർന്നൊരാൾ തന്നെ ഒരു സുഹൃത്തിനെപ്പോലെ കരുതി സംസാരിക്കുന്നതിന്റെ ചാരിതാർഥ്യത്തിൽ ഞാനും മനസ്സ് തുറന്നു സംസാരിച്ചു. അയാൾ പറഞ്ഞ പേര് എന്താണ് എന്ന് ഓർമ്മയില്ല. അയാൾ കെട്ടിയ വാച്ചിന്റെ സ്ട്രാപ്പിൽ പച്ച സ്റ്റിക്കറിൽ തെളിഞ്ഞ പേരു പക്ഷെ നല്ല ഓർമ്മയുണ്ട് - നിസാർ. പറഞ്ഞ പേരും വാച്ചിലെ പേരും രണ്ടായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചു. പക്ഷെ ഞാൻ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല. കാരണം മിക്കവാറും ആളുകൾക്ക് ശരിക്കുമുള്ള പേരാവില്ല വിളിപ്പേര്. ബാബുവിനോട് പേരെന്താ എന്ന് ആരെങ്കിലും ചോദിച്ചാൽ അവൻ ബാബു എന്നെ പറയു. അവന്റെ ശരിക്കുമുള്ള പേരു ബാബു എന്നല്ല എന്ന് എത്ര പേർക്കറിയാം?
സിനിമയ്ക്ക് അടുത്തടുത്ത സീറ്റിൽ ഇരുന്ന് ഞങ്ങൾ വാ തോരാതെ സംസാരിച്ചു. അടുത്തുള്ളവർ മിണ്ടാതിരിക്കാൻ പറഞ്ഞപ്പോഴാണ് നിർത്തിയത്. ഇടവേളയിൽ അയാൾ ചായയും സമോസയും വാങ്ങി തന്നു. വേണ്ട എന്ന് പറഞ്ഞു. പക്ഷെ നിർബന്ധിച്ചപ്പോൾ അത് കഴിച്ചു. അല്ലെങ്കിലും ഭക്ഷണത്തിന്ന് മുമ്പിൽ ഞാൻ അന്നും ഇന്നും തോറ്റ് കൊടുത്തിട്ടെ ഉള്ളു.
സിനിമ കഴിഞ്ഞു അയാൾ എനിക്ക് ഊണ് മേടിച്ചു തരാൻ ശ്രമിച്ചു. പക്ഷെ വീട്ടിൽ ഊണ് കഴിക്കാൻ ചെല്ലാതെ പറ്റില്ല. അയാളോടും വീട്ടിലേക്ക് വരാൻ പറഞ്ഞു. അന്നു പറ്റില്ല, പിറ്റേ ദിവസം വീട്ടിൽ വരാം എന്ന് അയാൾ ഏറ്റു.
അങ്ങിനെ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും അഭിമാനത്തോടെ അടുത്ത ദിവസം എൻ്റെ മുതിർന്ന സുഹൃത്ത് ഉണ്ണാൻ വരുന്ന കാര്യം പറഞ്ഞു. അച്ഛൻ പതിവ് പോലെ അതിൽ വലിയ ഉത്സാഹം കാണിച്ചില്ല. അച്ഛന്ന് ഞാനും എൻ്റെ കൂട്ടുകാരും കുട്ടിക്കളി വിടാത്ത കുരങ്ങന്മാർ മാത്രമായിരുന്നു.
അമ്മയ്ക്ക് എൻ്റെ ആവേശം മനസ്സിലായി. പിറ്റേ ദിവസം പഞ്ചസാരപ്പായസം അടക്കം ഉണ്ടാക്കി കാത്തിരുന്നു. അയാളെ കാത്തു ഞാൻ കുറെ നേരം ബസ് സ്റ്റോപ്പിൽ നിന്നു. വിശപ്പ് അസഹ്യമായപ്പോൾ വീട്ടിൽ പോയി ഊണ് കഴിച്ചു വന്നു കാത്തിരിപ്പു തുടർന്നു. ഏകദേശം ഒരു നാല് മാണി കഴിഞ്ഞു അയാൾ എത്തിയപ്പോൾ.
എന്നാലും
വരാതിരുന്നില്ലലോ എന്ന ആഹ്ളാദത്തിലായിരുന്നു ഞാൻ.
പക്ഷെ അയാൾ വീട്ടിലേക്ക് വന്നില്ല. വേറെ ഒരു ദിവസം വരാം എന്ന് പറഞ്ഞു. ബസ് സ്റ്റോപ്പിലെ ഉന്തുവണ്ടിയിൽ ഉണ്ടാക്കിയ ബോണ്ടയും ചായയും ഞങ്ങൾ കഴിച്ചു. എന്നിട്ട് അയാൾ എന്നെ ടൗണിലേക്ക് ക്ഷണിച്ചു. അയാളുടെ കൂടെ ബസ്സിൽ കേറിപ്പോയി.
മണിക്കൂണ്ടിനടത്തുള്ള അഞ്ചുമുക്കിലെ ഒരു ചെറിയ ലോഡ്‌ജിലായിരുന്നു അയാളുടെ മുറി. തറവാട്ടിലെ കോണിച്ചോട്ടിൽ ഉള്ള അത്രയും മാത്രം വിസ്തീർണമുള്ള മുറി. നീളത്തിൽ ഒരു കിടക്ക. കിടക്ക എന്ന് പറഞ്ഞാൽ, ഇന്ന് ആശുപത്രികളിൽ കൂടെ നിൽക്കുന്നവർക്ക് കൊടുക്കുന്നത് പോലെ അധികം വീതിയില്ലാത്തത്. അറ്റത്ത് ഒരു മേശയും കസേരയും ഉണ്ട്. മുറിയുടെ തറയിൽ നിന്ന് അല്പം പൊക്കി കെട്ടിയ കുളിമുറി. ഒരു പടികേറി വേണം പോകാൻ.
മുറിയിൽ കയറിയ പാടെ അയാൾ ബാത്ത്റൂമിൽ പോയി വന്നു. എന്നോട് കിടക്കയിൽ ഇരിക്കാൻ പറഞ്ഞു. വർത്തമാനം തുടങ്ങി. അയാൾ കിടക്കുകയായിരുന്നു. എന്നോടും കിടന്നുകൂടെ എന്ന് ചോദിച്ചപ്പോൾ ആദ്യമായ് എന്തോ പന്തികേട് തോന്നി. വേണ്ട എന്ന് പറഞ്ഞ എന്നെ അയാൾ ഒന്ന് നിർബന്ധിച്ചു. ബാത്ത്റൂമിൽ പോയി വന്ന നേരം അയാൾ പുറത്തേക്കുള്ള വാതിൽ കുറ്റിയിട്ട കാര്യം അപ്പോഴാണ് ഞാൻ ഓർത്തത്. വീട്ടിലായാലും തറവാട്ടിലായാലും കുറ്റിയിടാത്ത മുറിയിൽ കിടന്നു ശീലിച്ച എനിക്ക് ആദ്യമായ് ഒരു ഭയം തോന്നി. അയാളാണെങ്കിൽ എന്നെ ബലമായി കിടത്തി അയാളുടെ ഒരു കാൽ എൻ്റെ മേൽ കയറ്റി വയ്ക്കുകയും ചെയ്തിരുന്നു. പെട്ടെന്നു തോന്നിയ ഒരു ബുദ്ധിയിൽ മൂത്രമൊഴിച്ചു വന്ന് കിടക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ എന്നെ സ്വതന്ത്രനാക്കി.
ഒരൊറ്റ കുതിപ്പിൽ ഞാൻ വാതുക്കൽ എത്തി, കുറ്റി തുറന്ന് പുറത്തേക്ക് ഓടി. അയാൾ എന്നോട് നില്ക്കാൻ പറഞ്ഞു കൂടെ വരുന്നുണ്ടായിരുന്നു. ലോഡ്‌ജ് കടന്ന് ഇടത്തോട്ട് തിരിഞ്ഞു മണിക്കൂണ്ട് ബസ്‌സ്റ്റോപ്പിലേക്ക് ക്ഷണ നേരം കൊണ്ടാണ് ഞാൻ ഓടിയെത്തിയത്. പുറപ്പെട്ട ഒരു ബസ്സിൽ ചാടിക്കയറി. കിതച്ചുകൊണ്ട് പിൻസീറ്റിൽ ഇരുന്നു പുറകിലെ ചില്ലിലൂടെ നോക്കിയപ്പോൾ ഒരു കൈകൊണ്ട് ഷർട്ടിന്റെ ബട്ടൺ ഇടാൻ ശ്രമിച്ച് മറ്റേ കൈകൊണ്ട് എന്നെ മാടിവിളിച്ചു കൊണ്ട് അയാൾ ഓടി വരുന്നുണ്ടായിരുന്നു.

No comments:
Post a Comment