വായനയിൽ നിന്ന് തോന്നിയ കാര്യം ഈ രീതിയിൽ ഉള്ള മറ്റൊരു സംസ്കാരം സ്പാനിഷ് സംസ്കാരമാണ് എന്നാണ്. കാളപ്പോരു മുതൽ വികാര തീവ്രമായ പ്രണയവും പോരും പ്രതിപാദ്യ വിഷയമായുള്ള സാഹിത്യത്തിൽ വരെ ഈ സാമ്യം കാണാം.
മലയാളിക്ക് പക്ഷെ പൊതുമധ്യത്തിലെ വികാരപ്രകടനം നിഷിദ്ധമാണ്. വിക്ടോറിയൻ യുഗത്തിലെ ഇംഗ്ലീഷുകാരും മലയാളിയും ഇക്കാര്യത്തിൽ സമാനചിത്തരാണ്. പിഡിയെ എന്ന ചുരുക്കത്തിൽ വിളിക്കുന്ന പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷൻ അവർക്ക് സാമൂഹിക പെരുമാറ്റ കീഴ് വഴക്കങ്ങളുടെ ലംഘനമാണ്. അത് കൊണ്ടാണ് താര ആരാധന തമിഴ്‌നാട്ടിലടക്കം ആളിക്കത്തുമ്പോളും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നമുക്ക് നിസ്സംഗത പാലിക്കാൻ പറ്റിയിരുന്നത്.
കോയമ്പത്തൂരിലെ ബാല്യകൗമാരങ്ങളിൽ പലപ്പോഴും വിശറിയുദ്ധത്തിന് നടുവിൽ ഞാൻ അകപ്പെട്ടിട്ടുണ്ട്. അന്ന് പ്രബലമായ പക്ഷങ്ങൾ എംജിആർ പക്ഷവും ശിവാജിപക്ഷവും ആയിരുന്നു. പുരട്ച്ചി തലൈവരും നടികർ തിലകവും തമ്മിൽ ആരാണ് കേമനെന്ന വാഗ്വാദങ്ങൾ കൈയ്യാങ്കളികളിൽ വരെ ചെന്നെത്തിയാണ് ചിലപ്പോൾ അവസാനിക്കാറുള്ളത്. നിഷ്പക്ഷമായിരിക്കൽ അസാധ്യമായ സമയങ്ങളിൽ ഞാൻ ആദ്യം ശിവാജിപക്ഷക്കാരനായും പിന്നീട് എംജിആർ പക്ഷക്കാരനായും മാറിക്കൊണ്ടിരുന്നു. ശിവാജിക്കാലമായാൽ സുലഭമായി ലഭിച്ചിരുന്ന ശിവാജിയുടെ പടങ്ങളും എംജിആർ കാലത്ത് അയാളുടെ പടങ്ങളും ശേഖരിക്കുന്ന പതിവുണ്ടായിരുന്നു.
ശിവാജി നടികർ തിലകമാകയാൽ അയാളുടെ നടിപ്പിന്റെ നല്ലകാലം കഴിഞ്ഞപ്പോൾ അഭിനയസമ്രാട്ട് എന്ന നിലയിൽ തണൽവിരിച്ച് നിന്നു. മറ്റെയാൾ വിപ്ലവനായകനാകയാൽ ജനാധിപത്യ വിപ്ലവത്തിലൂടെ കോട്ട പിടിച്ചു സിംഹാസനത്തിൽ കേറി.
സിനിമയിലെ സൂപ്പർസ്റ്റാർ യുഗം തുടങ്ങുന്നത് 1909 മുതലാണ് എന്നാണ് ചരിത്രം. നിശ്ശബ്ദ ചലച്ചിത്ര നിർമ്മാതാക്കൾ തങ്ങളുടെ കമ്പനി ആർട്ടിസ്റ്റുകളുടെ മൂല്യം കൂട്ടാൻവേണ്ടി അവരെക്കുറിച്ചുള്ള വ്യക്തിപരമായ വിശേഷങ്ങൾ പങ്ക് വെക്കാൻ തുടങ്ങിയതിലൂടെ താരങ്ങളോടുള്ള ഇഷ്ടവും അവർ അഭിനയിച്ച സിനിമകളോടുള്ള കൂറും പ്രകടമാവാൻ തുടങ്ങി. തമിഴിൽ സൂപ്പർസ്റ്റാർ എന്ന വിശേഷണം ആദ്യമായ് ചാർത്തപ്പെട്ടത് രജിനികാന്തിലാണ് എന്നാണ് എൻ്റെ ധാരണ. മറ്റ് പലതരത്തിലുള്ള പട്ടങ്ങൾ വന്നുകഴിഞ്ഞിട്ടും വിശറികൾക്ക് ഇന്നും ഒരേ ഒരു സൂപ്പർസ്റ്റാർ മാത്രം.
മലയാളി മുഖംതിരിച്ചു നിന്നിരുന്ന താരാരാധന ഇന്ന് കേരളത്തിന്റെയും ഭാഗമാണ്. താരമാക്കാനുള്ള ശ്രമങ്ങൾ ബോധപൂർവം ഉണ്ടാക്കുന്നതാണ്. സിനിമയുടെ സങ്കേതങ്ങൾ കൗശലപൂർവ്വം ഉപയോഗിച്ചാണ് നടനിൽ നിന്ന് അതികായനിലേക്കുള്ള രൂപമാറ്റം സാധ്യമാകുന്നത്. താരം പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം മുതൽ തന്നെ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ തക്ക മരുന്നുകൾ സിനിമയിൽ കരുതിയിട്ടുണ്ടാവും. കഥാപാത്ര സൃഷ്ടിയിലും രംഗങ്ങൾ ഒരുക്കുന്നതിലും സംഭാഷണങ്ങൾ എഴുതുന്നതിലും എല്ലാം ഈ ശ്രദ്ധ കാണാം. നായകൻറെ പാട്ടുകളിലെ വരികൾക്കും അതിന്ന് നൽകുന്ന സംഗീതത്തിലും ഈ സൂക്ഷ്മത പ്രകടമാവാറുണ്ട്. തിന്മകൾ ഹരിച്ച് നന്മകൾ വളർത്തുന്ന നായകൻ സാധാരണ ജീവിതത്തിൻറെ മുങ്ങിപ്പൊങ്ങലുകളിൽ പെട്ടുഴലുന്ന പ്രേക്ഷകന്ന് നൽകുന്നത് സ്വപ്നസാഫല്യമാണ്.
നായകനെ ഒരു ആരാധകൻ ഉൾക്കൊള്ളുന്നത് ഹൃദയം കൊണ്ട് മാത്രമാണ്. അത് കൊണ്ടാണ് സിനിമയിലെ യുക്തി ഒരിക്കലും ആരാധനയ്ക്ക് തടസ്സമാവാത്തത്. ഒരു തീയേറ്ററിൽ ഒരേ വികാരം പ്രകടമാക്കുന്ന മറ്റാരാധകർക്കൊപ്പം ഇരുന്ന് സിനിമ കാണുമ്പോഴാണ് ഈ വികാരം തീവ്രമാകുന്നത്.
സാമൂഹിക അകലം കണക്കാക്കി ജീവിക്കുന്ന ഈ കാലത്ത് സിനിമകൾ തിയറ്ററുകളിൽ നിന്ന് മാറി വീട്ടിലെ സ്വീകരണ മുറികളിലും കിടപ്പ് മുറിയിലെ സ്വകാര്യതയിലും ഒതുങ്ങിപോവുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
ഈ പശ്ചാത്തലത്തിൽ എന്റെ സുഹൃത്ത് രമേഷ് ഉന്നയിച്ച സംശയം അർത്ഥവത്താണ് എന്ന് തോന്നുന്നു. തീയേറ്ററിലെ സമാനമനസ്ക്കരുടെ സാമീപ്യവും കൂറ്റൻ തിരശ്ശീലകളിൽ തെളിയുന്ന അതികായ രൂപവും അതിൽ മാത്രം ഫലപ്രദമാവുന്ന സാങ്കേതിക പൊടിക്കൈകളും ഇല്ലാതെ താരപ്രഭയ്ക്ക് മങ്ങലേൽക്കുമോ?

No comments:
Post a Comment