2001 ഒക്റ്റോബർ
മാസമാണെന്നാണ് എൻ്റെ ഓർമ്മ. വിനോദ ചാനലായി ഇന്ത്യാവിഷൻ അവതരിക്കാൻ തീരുമാനിച്ച കാലം. എം ടി പരിപാടികൾ
തിരഞ്ഞെടുത്തു തീരുമാനിക്കുന്ന കാലം. അദ്ദേഹത്തിൻ്റെ സഹായി എന്ന നിലയ്ക്ക് അനുമതിക്ക് വേണ്ടി സമർപ്പിച്ച പരിപാടികളുടെ കാര്യം അറിയാൻ ആളുകൾ എന്നെ വിളിച്ചിരുന്ന കാലം.
ഒരു ദിവസം
എനിക്ക് ഒരു ഫോൺകാൾ വന്നു. "ഹലോ,
കൃഷ്ണദാസ് അല്ലെ"
നല്ല പരിചയമുള്ള
ശബ്ദമാണല്ലോ എന്ന ആലോചിക്കുന്നതിനിടയിൽ അപ്പുറത്തു നിന്ന്, "ഞാൻ
എം എസ് വിശ്വനാഥൻ. മ്യൂസിക് ഡയറക്ടർ ആണ്. എൻ്റെ മകൻ ഗോപി അവിടെ ഒരു സീരിയലിനുള്ള പ്രൊപോസൽ തന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ ഇപ്പോ ഒറ്റപ്പാലത്ത് വന്നപ്പോ ഒന്ന് വിളിച്ചതാ."
അടിമുടി
ഒരു പെരുപ്പ് തോന്നി.. എംഎസ്വി... അവിശ്വസനീയം എന്ന് തന്നെ തോന്നിപ്പോയി.
വിവിധ മേഖലകളിൽ
പ്രതിഭ കൊണ്ട് ഇഷ്ടപെടുന്ന ഏറെ പേർ ഉണ്ടെങ്കിലും, ഇത് വരെ ആരോടും ആരാധന തോന്നാത്തയാളാണ്
ഞാൻ. അതിന്ന് ഒരേ ഒരു അപവാദമേ ഉള്ളു. പാട്ടുകളെക്കുറിച്ച് ഒരു ചുക്കും അറിയില്ല. സംഗീതത്തിന്റെ
ബാലപാഠങ്ങൾ അറിയില്ല. എങ്കിലും കുട്ടിക്കാലത്തു തന്നെ അസ്ഥിക്ക് പിടിച്ച ഒരു പേരാണ്
എം എസ് വിശ്വനാഥൻ.
അടുത്ത
വീട്ടിലെ റേഡിയോവിലൂടെയും, താമസിച്ചിരുന്ന വൈദ്യശാലയുടെ മതിലിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ശ്രീ കൃഷ്ണാ തിയേറ്ററിൽ നിന്നും ഒഴുകി വന്ന പാട്ടുകളിലൂടെയാണ് എൻ്റെ ബാല്യകൗമാരങ്ങൾ കടന്ന് വന്നത്. അതിൽ മികച്ച പാട്ടുകൾ പലതും അടയാളപ്പെട്ടത് എം എസ് വിശ്വനാഥൻറെ
പേരിലായിരുന്നു. സിനിമകളേക്കാൾ പാട്ടുകളെ സ്നേഹിച്ച കാലം.
ഒരു
പാമരൻറെ അറിവ് മാത്രം വെച്ചു എം എസ് വിയുടെ
മഹത്വങ്ങൾ അക്കമിട്ട് നിരത്താൻ എനിക്ക് ആവില്ല. പക്ഷെ ഒരു കാര്യം എനിക്ക് തീർച്ചയാണ്. സംഗീതത്തിൽ ഇത്രയധികം വൈവിദ്ധ്യം സമ്മാനിച്ച പ്രതിഭകൾ കുറവാവും. മുഴുവൻ സമയവും തമിഴ് സിനിമാക്കാർ അപഹരിച്ചിരുന്നത് കൊണ്ട് മറ്റു ഭാഷകളിൽ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം താരതമ്യേനെ കുറവായിരുന്നു. അതിനാൽ ഈ കുറിപ്പ് എഴുതുന്ന
മലയാളത്തിന്ന് എൻ്റെ കുറിപ്പ് അല്പം അതിശയോക്തമായ് തോന്നാം.
സംഗീതം
ഒഴിച്ച് മറ്റ് ഒരു കാര്യവും അദ്ദേഹത്തിന്ന് അറിയില്ല എന്ന് സമർത്ഥിക്കാൻ കണ്ണദാസൻ ഒരിക്കൽ പറഞ്ഞ ഒരു യാത്രാക്കഥ തന്നെ ധാരാളം. രണ്ട് പേരും കൂടി റഷ്യയിലേക്ക് പോകുന്ന വഴിയിലുടനീളം വളരെ നിഷ്കളങ്കവും ബാലിശവുമായ സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്ന വിശ്വനാഥൻ റഷ്യയിലെ പ്രസിദ്ധനായ ഒരു സംഗീതജ്ഞന്റെ സ്മാരകത്തിൽ എത്തി അവിടുത്തെ പിയാനോ വായന തുടങ്ങി. അവിടെ നിന്നിരുന്നവരെല്ലാം അത്ഭുത സ്തബ്ധരായി നിന്ന് പോയി എന്ന് അദ്ദേഹം പറഞ്ഞതിൽ ഒട്ടും അത്ഭുതം തോന്നിയില്ല. എം എസ് വിയുടെ
ഇഷ്ട ഉപകരണങ്ങൾ ഹാര്മോണിയവും പിയാനോവും ആയിരുന്നു. സൂക്ഷമമായി എം എസ വിയുടെ
പാട്ടുകൾ കേട്ടാൽ, മിക്ക പാട്ടിലും ഹാർമോണിയതിന്റെ ഒരു നോട്ട് എങ്കിലും കേൾക്കാൻ പറ്റും.
കഴിഞ്ഞ
നൂറ്റാണ്ടിലെ അമ്പതുകളുടെ രണ്ടാം പാദത്തിൽ തുടങ്ങിയ സംഗീത നിറവിന്ന് എൺപതുകളുടെ അവസാനമായപ്പോഴേക്കും മങ്ങൽ ഉണ്ടായി. അദ്ദേഹം നൽകിയ സംഗീതമായിരുന്നു അക്കാലത്തെ ട്രെൻഡ് എന്ന നില മാറി. പുതിയ പ്രതിഭകൾ ഉണ്ടാക്കുന്ന ട്രെൻഡുകൾക്ക് പിന്നാലെ അദ്ദേഹവും പോകാൻ തുടങ്ങിയോ എന്ന സംശയം എനിക്കുണ്ടായി. സത്യം പറഞ്ഞാൽ ഇനിയുള്ള കാലം അദ്ദേഹം ഒന്ന് വിശ്രമിച്ചിരുന്നെകിൽ എന്ന് പോലും എനിക്ക് തോന്നി. ശ്രീധർ, ബാലചന്ദർ തുടങ്ങിയ അദ്ദേഹത്തിൻ്റെ സ്ഥിരം സംവിധായകരും, നിർമ്മാതാവ് ബാലാജിയുടെ സുജാത ഫിലിംസ്, എ വി എം
തുടങ്ങിയ സ്ഥിരം ബാനറുകളും അദ്ദേഹത്തെ കൈവിട്ടപ്പോൾ, അദ്ദേഹം അത് ജീവിതത്തിന്റെ ഒരു ഭാഗം എന്ന നിലയ്ക്ക് കാണുകയും സ്വയം നിർമ്മാണത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും കടക്കുകയും ചെയ്തു.
എം
എസ് വി എന്ന സംഗീതജ്ഞനെ
ഇതിഹാസമാക്കി മാറ്റുന്ന കാര്യങ്ങൾ ഏറെ അടയാളപ്പെടുത്തിയിട്ടുള്ളത്
കൊണ്ട് ഇവിടെ അത് പറയുന്നില്ല. അല്പജ്ഞാനികൾ ഊതി വീർത്ത ബലൂൺ കണക്കെ ആകാശം മുട്ടി നിൽക്കുമ്പോൾ യഥാർത്ഥ പ്രതിഭകൾ വിനയഭാരം കൊണ്ട് കുനിഞ്ഞ് നിൽക്കും എന്നതിന്ന് മകുടോദാഹരണം എം എസ് വിയാണ്
എന്നത് എല്ലാവരും അംഗീകരിച്ച വസ്തുതയാണ്.
കാലം
ഇത്രയായിട്ടും സംഗീതത്തിന്റെ വിവിധ പ്രതിഭകളെ അറിഞ്ഞിട്ടും എം എസ് വിയുടെ
പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാനും അതിൽ ലയിക്കാനുമുള്ള ത്വര കുറഞ്ഞിട്ടില്ല. കുറച്ച് കൂടിയിട്ടുണ്ടോ എന്നേ സംശയമുള്ളൂ. എന്നെ പോലെത്തനെ എം എസ് വി
തലയ്ക്ക് പിടിച്ച അനേകം പേരുണ്ടാവും എന്ന് ഉറപ്പുണ്ട്. ചില ബാധകൾ അങ്ങിനെയാ, വിട്ടു മാറില്ല.
2002 ലോ
മറ്റോ ആണ്. ഗുരുവായൂർ കിഴക്കേ നടയിലൂടെ അമ്പലം നോക്കി നടക്കുന്നതിനിടയിൽ അതാ വരുന്നു സാക്ഷാൽ എം എസ് വി.
അമ്പലത്തിൽ നിന്ന് വരുന്ന വഴിയാ. കസവിൽ പൊതിഞ്ഞ് ബന്ധുക്കളുടെ അകമ്പടിയോടെ വരുന്ന അദ്ദേഹത്തിന്റെ വഴിയിൽ കയറി നിന്നു. എന്നിട്ട് കൈയ്യിൽ കയറി
പിടിച്ചു. അദ്ദേഹത്തിന്റെ മുഖത്തു അന്ധാളിപ്പായിരുന്നു. ഇന്ത്യാവിഷനിലെ കൃഷ്ണദാസ് ആണ് സാറിനോട് ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് മാത്രം പറഞ്ഞു അവിടുന്ന് വേഗത്തിൽ നടന്നു നീങ്ങി. എൻ്റെ ജീവിതത്തിലെ ഏക "ഫാൻ മൊമെന്റ്റ്" കഴിഞ്ഞു ഞാൻ നേരെ ഒരു ടെലിഫോൺ ബൂത്തിൽ കയറി. നാട്ടിലുള്ള പെങ്ങൾ ലതയെ വിളിച്ചു. "ലതേ, ഞാൻ ഇന്ന് എം എസ് വിയെ
തൊട്ടു."
വേറെ
ആർക്ക് മനസ്സിലായില്ലെങ്കിലും അതിൻ്റെ തീഷ്ണത അവൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവും.

Great composer!Many Malayalam films also were blessed with his music and even songs sung by him. "Kannu neer thulli ye.. " is still a popular song. Some of the Sreekumaran Thampi films also had his music.Your article is a nice tribute to him. Congrats!
ReplyDeletethank you.
Delete