Sunday, 9 August 2020

വാർഷ സ്‌മൃതി

രണ്ട് കൊല്ലങ്ങൾക്ക് മുമ്പത്തെ ആഗസ്റ്റ്. അതിവർഷം പെയ്തുകൊണ്ടിരുന്നു. മദമിളകിയപോലെ വെള്ളം ആകാശത്തോളം പരപ്പിൽ കുത്തിയൊഴുകി. ഒരു പിരികയറിന്റെ വണ്ണത്തിൽ ഒരു ചാല് ഞങ്ങൾ താമസിക്കുന്ന വീടിന്ന് അരികിലൂടെ ഒഴുകുന്നുണ്ട്. പ്രളയ ഭീഷണി ചുറ്റും മുഴങ്ങുമ്പോഴും ഞാൻ സ്വയം സമാധാനിച്ചു. പുഴ ഇത്ര ദൂരം കയറിവരില്ല. അയൽക്കാരോട് സമുദ്രനിരപ്പിനെക്കുറിച്ച് ക്‌ളാസ്സ് എടുത്തുകൊണ്ട് അവരെ സമാധാനിപ്പിക്കാൻ നോക്കി. പക്ഷെ പുഴയ്ക്ക് ശാസ്ത്രമില്ല. ഒരു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു വന്ന് അത് വീടിനെ ചുറ്റി വരിഞ്ഞപ്പോഴാണ് എന്റെ അന്ധവിശ്വാസം മാറി പ്രാണനുംകൊണ്ട് സകുടുംബം ഓടിപ്പോയത്. 

മഴയുമായി എനിക്ക് ഒരു ആയുസ്സിന്റെ ബന്ധമുണ്ട്. എന്നെ ഏറ്റവും അധികം പ്രലോഭിപ്പിച്ച പ്രതിഭാസമാണ് മഴ. നഗരങ്ങളിലെ മഴ പരിഷ്കാരിയാണ്. കോയമ്പത്തൂരിലെ മഴയ്ക്ക് ചാറ്റൽ മഴയുടെ സ്വാഭാവമാണ്. മഴയുടെ സ്വരൂപം വെളിവാകുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. തടസ്സങ്ങളറിയാത്ത കാട്ടുകുതിര പോലെ അത് മദിച്ചു പെയ്യും. അത് കൊണ്ട് തന്നെ ധാരാളം ഒഴുവിടങ്ങൾ ഉള്ള പുലാപ്പറ്റയിലെ ഏറ്റവും വലിയ ആകർഷണം മഴയായിരുന്നു. 

പത്തായപ്പുരയുടെ പടിയിലോ ചാരുകസേരയിലോ ഇരുന്ന് നോക്കുമ്പോൾ രാജമന്ദിരത്തിന്റെ നെറുകിലൂടെ ഒരു അഭ്യാസിയെപ്പോലെ മഴ ചാടിവീഴും. കന മഴയ്ക്ക് മുമ്പേ തെറിച്ച് വരുന്ന ഒരു ചാറ്റൽ ഉണ്ട്. പെരപ്പുറത് മണൽവാരി എറിയുന്ന പോലെ ശബ്ദമുണ്ടാക്കികൊണ്ടാണ് അതിന്റെ വരവ്. ഒരു വികൃതി ബാലനെ പിടിക്കാൻ വരുന്ന അമ്മയെപ്പോലെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിന്നാലെ ഉണ്ടാവും കന മഴ. 

വർഷക്കാലം ഉന്മാദത്തിന്റെ കാലമാണ്. മനസ്സിലാകെ ഒരു  മയിലാട്ടം. അകത്തിരുന്നു മഴ കാണാം. പുറത്തിറങ്ങി അതിൽ കുതിരാം. തയ്യൽ യന്ത്രത്തിന്ന് അടിയിലെന്ന പോലെ കുളത്തിൽ മലർന്ന് കിടന്ന് ആയിരം സൂചികുത്തിന്റെ സുഖമറിയാം. വെള്ളം തെറിപ്പിച്ച് കൊണ്ട് ഇടവഴികളിലൂടെ ചാടി ഇറങ്ങാം. മഴ  പെയ്തു പോയ ശേഷം ഒരു വീണ്ടുവിചാരം പോലെ വീഴുന്ന ഇലമഴ നനയാം. കൂനിക്കൂടിയ കിളികൾ നനഞ്ഞ തൂവൽ കുടഞ്ഞ് ഇരിക്കുന്നത് കാണാം. രാത്രി മഴ സംഗീതമാവുന്നത് അത് കാണാൻ പറ്റാത്തത് കൊണ്ടാണ്. ശത തന്ത്രിയുടെ സംഗീതം പോലെ..  

പകൽ മഴയ്‌ക്കാണ്‌  സൗന്ദര്യം. നാട്ടിൻപുറങ്ങളിലെ മഴയ്ക്ക് അഭൗമ സൗന്ദര്യമാണ്. 

മഴവിവരണങ്ങളിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടം കാളിദാസന്റെയും ടാഗോറിന്റെയും വിവരണങ്ങളാണ്. അതിലൂടെ സഞ്ചരിക്കുമ്പോൾ പെയ്യാ മഴയിൽ കുതിർന്നു പോവാറുണ്ട്. നിയന്ത്രണം വിട്ടു കുതിച്ചു വരുന്ന നദി, കരയിലെ മൺ തിട്ടകളെ തട്ടി വീഴ്ത്തി പോകുന്ന കാഴ്ചകൾ ടാഗോറിന്റെ പല കഥകളിലും ഉണ്ട്. നദി ബ്രഹ്മപുത്രയാണ് എന്നറിയുമ്പോൾ ആ രൗദ്രം നമ്മൾ മനസിലാക്കുന്നു. 

പ്രളയാനന്തരം മഴ ഒരു പേടിയായി മാറുമോ എന്ന സംശയം എനിയ്ക്കുണ്ടായിരുന്നു. എല്ലാ ആഗസ്റ്റ് മാസവും ഭീതിയുടെ കാലമായ് മാറുമോ? 

ഇപ്പോഴും മഴയോടുള്ള ആസക്തി കുറഞ്ഞിട്ടില്ല. എഴുന്നള്ളത്തിന്ന് മുമ്പേ വഴി തെളിക്കാൻ ധൃതിപ്പെട്ട് വരുന്നയാളെപ്പോലെ മഴയ്ക്ക് മുമ്പേ ഗമിക്കുന്ന ഒരു കാറ്റുണ്ട്. ഭക്തരെ തള്ളിമാറ്റികൊണ്ട് പോകുന്ന പോലെ വഴിയിലെ മരങ്ങളെ തള്ളിനീക്കാൻ കാറ്റു ശ്രമിക്കുമ്പോൾ ബാധ കയറിയ പോലെ മരങ്ങൾ തലവിരിച്ച് ആടും. അപ്പോഴെല്ലാം എന്റെ മനസ്സിൽ തികട്ടി വരിക ബാല്യത്തിൽ വായിച്ച ഒരു കവിതയാണ്. മു. മേത്ത എന്ന കവിയുടെ സംഗീതം എന്ന ശീർഷത്തിൽ:

"സഹിക്കാനാവാത്ത സന്തോഷത്തിൽ മരങ്ങൾ തലയാട്ടുന്നല്ലോ 
ഭൂമിയ്ക്കടിയിൽ വേരുകൾ പുല്ലാംകുഴൽ വായിക്കുന്നുവോ?"


No comments:

Post a Comment