(pic source: wiki)
കണ്ണ് കൊണ്ടോ കാലം കൊണ്ട് തന്നെയോ കാണാനോ അളക്കാനോ പറ്റാത്തത്ര താരാപഥങ്ങൾ ഗർത്തങ്ങൾ ഗ്രഹങ്ങൾ പരന്നു കിടക്കുന്ന അനന്തതയുടെ നിഴൽ വീണ ഒരു മൂലയിൽ കൂനിക്കൂടി കഴിയുന്ന ഒരു സ്വത്വം. പാലാഴിയോ അനന്ത കോസറിയോ ഇല്ല. ഹിമശൃംഗങ്ങൾ ഇല്ല. ഒരു താമര പോലുമില്ല. ഒരു കാലത്ത് ഈ കാണുന്ന സകലതിന്റെയും അതെല്ലാം കാക്കുന്ന സർവ്വരുടേയും അധിപനായിരുന്നു.
ഞാൻ, ഇന്ദ്രൻ.
ഇന്ദ്രാണി എവിടെപ്പോയെന്ന് അറിയില്ല. ഐതിഹാസിക യുദ്ധങ്ങളിൽ അഗ്രിമസ്ഥാനത്ത് നിന്ന് കാണുന്നവരിൽ ഭയവും അത്ഭുതവും അസൂയയും ഉണ്ടാക്കിയ ഐരാവതം ഏതോ ഗ്രഹത്തിൽ ഏതോ തൊഴുത്തിൽ ഉണക്ക വൈക്കോലും ചവച്ചുകൊണ്ടിരിക്കുന്നു. സർവ്വരിലും ഭീതിയുണർത്തിയിരുന്ന വജ്രായുധം എന്നോ എനിയ്ക്ക് കൈമോശം വന്നു.
ഞാൻ ഇന്ദ്രൻ. ഇന്ദ്രിയങ്ങളുടെയും അതീന്ദ്രിയങ്ങളുടെയും അധിപൻ.
ഇന്ന് പശ പോയ ഒട്ടു പടം പോലെ ചുരുണ്ടുകൂടി ഒരു മൂലയിൽ... ആരും ഓർക്കാതെ ആർക്കും വേണ്ടാതെ.
ഞാനായിരുന്നു സർവ്വാധിപൻ. ചലിക്കുന്നതും ചലിക്കാത്തതും, ജനിക്കുന്നതും ജനിക്കാത്തതും, ഋതവും അനൃതവും, ഋതുക്കളും, എന്തിനധികം, മഹാകാലം തന്നെ എനിയ്ക്ക് കീഴ്പെട്ടു നിന്നു. വേദങ്ങളും ഗീതങ്ങളും എന്നെ കൊണ്ടാടി. സത്വ രജ പാലനവും തമോനിഗ്രഹവും എൻ്റെ ധർമ്മങ്ങളായിരുന്നു.
ഞാൻ ഇന്ദ്രൻ. തകർന്നടിഞ്ഞ വിഗ്രഹത്തിന്റെ നുറുങ്ങുകളായി കാലത്തിന്റെ വഴിത്താരയിൽ ചിതറിപ്പോയ സത്വം.
വേദങ്ങൾ മാറിയപ്പോൾ സമവാക്യങ്ങളും മാറി. കീഴ്മേൽ മറിയുന്ന കാലത്തിൻ ജാലത്തിൽ കീഴുള്ളത് മേലും മേലുള്ളത് കീഴും മറിയും എന്ന സത്യം സ്മരിക്കാതെ പോയി. എൻ്റെ വെൺകൊറ്റ കുടയ്ക്ക് കീഴിലെ സുരക്ഷയിൽ പൈതങ്ങളെ പോലെ കളിച്ചുല്ലസിച്ച് കഴിഞ്ഞിരുന്ന സർവ്വ ചരാചരങ്ങൾക്ക് ഇന്ന് വിദൂര സ്മരണയിൽ പോലും ഞാനില്ല.
എനിയ്ക്ക് കീഴിലായിരുന്ന ശക്തികളും അവയുടെ അവതാരങ്ങളും ഇന്ന് പ്രപഞ്ചാധിപരായി വാഴ്ത്തപ്പെടുന്നു.
എൻ്റെ നേരിട്ടുള്ള ആജ്ഞാനുവർത്തിയായിരുന്നു വരുണൻ. ഇന്നോ? സൃഷ്ടിയുടെ ചുമതലയുള്ളയാൾ പറയുന്നു ജലമാണ് ജീവൻ എന്നും അത് കൊണ്ട് വരുണാധിപൻ താനാണെന്നും. പരിപാലനത്തിന്റെയാൾ പറയുന്നു ജലമാണ് നിലനിൽപ്പ് എന്നതിനാൽ തൻ്റെ കീഴിൽ വരുമെന്ന്. ഇത് കേട്ട് സംഹാരത്തിന്റെയാൾ മെല്ലെ ചിരിച്ചത് ഇടക്കിടെ ഉണ്ടാക്കുന്ന പ്രളയങ്ങളുടെ കഥയോർത്തിട്ടാവാം. ഇതിനിടയിൽ പെട്ട് വരുണൻ കുറച്ചൊന്നുമല്ല നട്ടം തിരിയുന്നത്. ഞാൻ എത്ര കൃത്യതയോടെയാണ് എല്ലാം ചെയ്തിരുന്നത്. ഇതെല്ലാം ആരോർക്കാൻ.
അമൃതം ചിലപ്പോൾ വിഷമാകുമെന്നത് സത്യം തന്നെയാണ്. കടഞ്ഞെടുത്ത അമൃത് മുഴുവൻ എന്റെ പ്രജകൾക്ക് കൊടുത്തതും ഇത്തിരി ആർത്തി കൂടി നല്ലൊരു പങ്ക് ഞാൻ തന്നെ കഴിച്ചതും വിനയായി. മൃതി ഇല്ലാതായി. മൃതി ഇല്ലാത്തത് കൊണ്ട് സ്‌മൃതിയും വേണ്ടാതായി. ഇപ്പോ ജീവിതവും ഇല്ലാതെയായി. പണിയില്ലാതെയായ എന്നെ പോലുള്ളവർക്ക് തണൽ വീടുകൾ പോലും ഇല്ല.
മറ്റു ദേവന്മാരുടെ കാര്യവും വിഭിന്നമല്ല. ഞാൻ കൃത്യമായി ഉത്തരവാദിത്വങ്ങൾ പകുത്ത് കൊടുത്തിരുന്നു. ഇന്ന് കാര്യങ്ങൾ എല്ലാം മൂവർ തന്നെ നേരിട്ട് നടത്തുമ്പോൾ ഇവർക്കെല്ലാം ഒരു പണിയുമില്ലാതായി. അതിൻ്റെ പരിണിത ഫലമാണ് ദേവന്മാർ വികൃതി പിള്ളേരെപ്പോലെ കുസൃതി ഒപ്പിച്ച് നടക്കുന്നത്.

Great
ReplyDeletethank u
DeleteWonderful 💥🌹
ReplyDeletethank u
Delete