image courtesy:
https://www.canstockphoto.com/old-man-singing-like-a-rock-star-vector-74473535.html
ചിന്നമണി അമ്മായിക്ക് അമ്മയെ വലിയ കാര്യമായിരുന്നു. അവർ താമസിച്ചിരുന്ന ബംഗ്ലാവിൽപോക്ക് ഇടയ്കിടയ്ക്കുള്ള ഒരു പരിപാടിയായിരുന്നു. അങ്ങിനെ ഞാനും ഇടയിക്കിടയ്ക്ക് അവിടെ പോകും. അമ്മ കിടപ്പിലായപ്പോഴും ഞാൻ എൻ്റെ സന്ദർശനങ്ങൾ തുടർന്നു. അപ്പോഴേക്കും പോകാൻ വേറെ ഒരു പ്രധാന കാരണവും ഉണ്ടായി. സംഗീതം.
ഒരു കുടുംബം മുഴുവൻ സംഗീതക്കാർ ആവുക എന്ന അപൂർവതയാണ് അവിടെ കണ്ടത്. സംഗീതം പൊഴിക്കുന്ന മക്കളും അമ്മായിയും അത് കേട്ട് തലകുലുക്കി രസിക്കുന്ന അമ്മാവനും. അമ്മുച്ചേച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന സുകുമാരി നരേന്ദ്ര മേനോൻ, ഉണ്ണിയേട്ടൻ എന്ന മണ്ണൂർ രാജകുമാരൻ ഉണ്ണി, തങ്ക ചേച്ചിയായ മാലിനി രവിവർമ്മ, അനിയേട്ടൻ എന്ന മണ്ണൂർ രാംദാസ് എന്നിവർ വായ്പ്പാട്ടിലും അനിയത്തി ഏടത്തിയെന്ന നർമ്മദാ മാധവനുണ്ണി, ശ്യാമളച്ചേച്ചി എന്ന ശ്യാമളാ രാധാകൃഷ്ണൻ എന്നിവർ വയലിനിലും പ്രാഗൽഭ്യം തെളിയിച്ചവരാണ്.
മിക്കവാറും ഉച്ചയൂണ് കഴിഞ്ഞാൽ അവിടെ എത്തും. പിന്നെ വൈകീട്ട് ക്ലബ്ബിലേക്ക് പോകുന്ന വരെ അവിടെത്തന്നെയാണ്. പലപ്പോഴും സംഗീതം വിഷയമാവാറുണ്ട്. ഞാൻ വിളിച്ച് പറയുന്ന പൊട്ടത്തരങ്ങളൊക്കെ അവർ ക്ഷമയോടെ കേട്ടിരിക്കും. വൈകുന്നേരത്തെ ബസ്സിന്റെ സമയമാവുന്ന വരെ ഉണ്ണിയേട്ടനും ഉണ്ടാവും. ചായയും പലഹാരവും തരുന്നതിൻറെ കൂടെ ഇടയ്ക്കൊക്കെ അമ്മായി എനിക്ക് സംഗീതജ്ഞാനം പകരുവാനും നോക്കി. വീണയിലൂടെയാണ് അമ്മായിയുടെ സംഗീതം പ്രത്യക്ഷമായി വന്നത്. രണ്ട് തവണ എന്നെ പൂജാമുറിയിലേക്ക് കൊണ്ട് പോയി വീണാ വായന പഠിപ്പിച്ച് തരാൻ നോക്കി. പക്ഷെ ഞാൻ വഴുതിപ്പോയി.
ഹിന്ദി ഹിന്ദുസ്ഥാനി എന്നിങ്ങനെ എൻ്റെ സംഗീത ആസ്വാദനം വികസിക്കുന്നത് അനിയേട്ടനിലൂടെയാണ്. റാഫിയുടെ കടുത്ത ആരാധകനായിരുന്നു അനിയേട്ടൻ പല റാഫി അനുസ്മരണങ്ങളിലും പ്രധാന ഗായകനായിരുന്നു. സൈഫു എന്ന സുഹൃത്താണ് ആദ്യമായ് എനിക്ക് റാഫിയെ പരിചയപ്പെടുത്തിയതെങ്കിലും അനിയേട്ടൻ വഴിയാണ് ഹിന്ദുസ്ഥാനിയിലേക്ക് എത്തി പെട്ടത്. ഗസലും റാഫിയുടെ പാട്ടുകളും എന്നെ പാടി കേൾപ്പിക്കുമായിരുന്നു. കേൾക്കാൻ കൂടെ ചിലപ്പോഴൊക്കെ പ്രസാദും ഉണ്ടാവും.
എൻ്റെ സംഗീതാഭിരുചി രൂപീകരിക്കുന്നതിൽ ഈ ഘട്ടം പ്രാധാന്യമുള്ളതായിരുന്നു.
ജോലി കിട്ടിയാൽ എല്ലാ മാസവും ഒരു പുസ്തകവും ഒരു കാസറ്റും വാങ്ങുക എന്നതായിരുന്നു എൻ്റെ തീരുമാനം. അങ്ങിനെ ഗുൽബർഗയിൽ വെച്ചാണ് ആ തീരുമാനം നടപ്പായത്. കേൾക്കുവാനുള്ള സൗകര്യം ഇല്ലെങ്കിലും കാസറ്റുകൾ വാങ്ങാൻ തുടങ്ങി. മലയാളത്തിലെ പഴയ ഗാനങ്ങളെ കൂടാതെ ഹിന്ദുസ്ഥാനി വാദ്യ സംഗീതം പിന്നെ പാശ്ചാത്യ സിംഫണികൾ എന്നിങ്ങനെ അഭിരുചികൾ വളർന്നു.
എൻ്റെ താൽപര്യം കണ്ട് നന്ദകുമാരേട്ടൻ താൻ ഉപയോഗിച്ചിരുന്ന വാക് മാൻ എനിക്ക് തന്നു. പിന്നീട് ഞാൻ സ്വന്തമായി ഒരു കാസറ്റ് പ്ലയെർ വാങ്ങി. അവധിക്ക് വരുമ്പോഴെല്ലാം സൈഫുവിന്റെ കൂടെ പാലക്കാട് നഗരത്തിൽ പോയി പാട്ടുകൾ തിരഞ്ഞെടുത്തത് ടേപ്പിലാക്കുന്ന പതിവും ഉണ്ടായി. അങ്ങിനെ തരക്കേടില്ലാത്ത ഒരു ശേഖരം ഉണ്ടായി.
തേനിൽ ഊറിക്കിടക്കുന്ന നെല്ലിക്ക തനിയെ തേൻ ചുരുക്കുന്ന പോലെ ഞാൻ അറിയാതെ പാട്ടുകൾ പുറത്ത് വരാൻ തുടങ്ങി. അതിന് പറ്റിയ പശ്ചാത്തലം ഉണ്ടായത് കോഴിക്കോട് രാജാസ് സ്‌കൂളിൽ വാദ്ധ്യാരായി എത്തിയപ്പോഴാണ്. ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ ക്യാമ്പസിന്റെ ഒരറ്റത്തായിരുന്നു. അതിലെ കുളിമുറിയിൽ കയറി ഷവർ തുറന്നാൽ ആരും പാടിപ്പോവാറുണ്ട് - മുഹമ്മദാലി മുതൽ ഹിലാൽ വരെ പാടിപ്പോകും. പിന്നെ ഞാനായിട്ട് എന്തിന്ന് മടിക്കണം. കൂട്ടത്തിലെ ഗായകൻ ഹരീഷ് ആയിരുന്നു. എങ്കിലും യാതൊരു സഭാകമ്പവും ഇല്ലാതെ ഏറ്റവും ഉച്ചത്തിൽ പാടാൻ തുടങ്ങുന്നത് അവിടെ മുതലായിരുന്നു.
കുളിമുറി എന്ന റെക്കോർഡിങ് റൂമിൽ ബക്കറ്റിലേക്ക് വീഴുന്ന ജലധാര ശ്രുതിയാക്കി ഞാൻ എന്റെ ഗാന സപര്യ തുടങ്ങി. സിനിമാ പാട്ടിൽ തുടങ്ങി പിന്നെ കേട്ട് പരിചയിച്ച ശാസ്ത്രീയം വരെ പയറ്റാൻ തുടങ്ങി. ഒരു പട്ടുപാട്ടുകാരന്റെ പിറവി അങ്ങിനെയാണ് സംഭവിച്ചത്.
പിന്നീട് ഇത് വരെ അത് നിർത്തിയിട്ടില്ല. ഒരു തവണ വർത്തമാനത്തിനിടയിൽ ഗായിക ചിത്ര എന്നോട് ചോദിച്ചു. പാട്ടുകാർ ഏറ്റവും ഭയക്കേണ്ടത് എന്തിനെയാണ് എന്നറിയാമോ. അവർ തന്നെ ഉത്തരവും പറഞ്ഞു. ഗ്യാസ്. പാടിവരുന്നതിനിടയിൽ വയറിൽ നിന്ന് ഒരു വായു ഉരുള കേറി വന്നാൽ സകല ശ്രുതിയും തെറ്റും. അത് നൂറു ശതമാനം ശരിയാണ് എന്ന് സമർത്ഥിക്കാൻ തക്കവണ്ണമുള്ള അനുഭവ ജ്ഞാനം ഉണ്ടായി.
പിന്നീട് ചേവായൂരിലെ വാടക വീടുകളിലും വെള്ളയിലെ ഫ്ലാറ്റിലും എറണാകുളത്തെ വാടക വീടുകളിലും ഇപ്പോഴുള്ള വീട്ടിലും, സാധകം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. മഹാ നഗരങ്ങളിലോ പുറം രാജ്യങ്ങളിലോ ആയിരുന്നെങ്കിൽ ശബ്ദ ശല്യത്തിന്ന് എന്നോ കേസ് ആയേനെ. ഇവിടെ പിന്നെ ആളുകൾ അടുത്ത വീട്ടിൽ താമസിക്കുന്ന ലേശം അസ്‌കിത ഉള്ളയാളെ സഹിക്കുന്ന പോലെ എന്നെയും സഹിച്ച് കൊണ്ടിരിക്കുന്നു. വീട്ടിനുള്ളിൽ അസഹ്യമാവുബോൾ ഭാര്യ ഇടയ്ക്കു ദേഷ്യപ്പെടാറുണ്ട്. പക്ഷെ ചട്ടിയും കലവും പോലെ എന്നാണല്ലോ പ്രമാണം.
പാടിക്കൊണ്ടിരിക്കുമ്പോൾ മൃതി പുൽകണം എന്നാഗ്രഹിക്കാൻ ഞാൻ ഒരു പാട്ടുകാരനൊന്നുമല്ല. പക്ഷെ, സ്‌മൃതി അണഞ്ഞു ഉടൽ വലിഞ്ഞ് അന്ധകാരനാഴിയിൽ മുങ്ങി താഴുന്ന സമയത്തും, ഉള്ളാഴങ്ങളിൽ നിന്ന് ഒരു നേർത്ത മൂളക്കം കേൾക്കുന്നുണ്ടാവും - തുള വീണ ശംഖിലൂടെ ഒരു ചെറു കാറ്റ് കടന്നു പോകുന്നപോൽ..
thank you
ReplyDelete