താളത്തിൽ പെട്ടുപോയി എന്നുള്ളത് കൊണ്ട് രാഗ പരീക്ഷണങ്ങൾ തീരെ ഉണ്ടായില്ല എന്ന് പറയാൻ പറ്റില്ല.
സായിബാബ കോളനിയിലെ സ്‌കൂളിൽ ഞങ്ങൾക്ക് ആർട്സ് & ക്രാഫ്റ്റ്‌സ് എന്നോ മറ്റോ വിശേഷിപ്പിക്കപ്പെട്ട ഒരു പിരീഡ് ഉണ്ടായിരുന്നു. വ്യാഴാച്ചകളിൽ ഉച്ച കഴിഞ്ഞായിരുന്നു എന്നാണ് ഓർമ്മ. ഇതിൽ വരുന്ന അധ്യാപകർ മിക്കവാറും എല്ലാവരെയും പാടിച്ചിരുന്നു. അങ്ങിനെയാണ് നാലാളുകളുടെ മുമ്പിൽ പാടുവാനുള്ള ശ്രമം തുടങ്ങുന്നത്. നാരായണൻ നായരുടെ റേഡിയോ വഴി കേട്ട ചില മലയാളം പാട്ടുകൾ പരീക്ഷിച്ച് നോക്കി. ഏറ്റില്ല.
അന്നൊക്കെ താരം ജോസഫ് മാർട്ടിനായിരുന്നു. അന്ന് പ്രസിദ്ധിയുടെ കൊടുമുടിയിൽ നിന്നിരുന്ന ഉണ്ണിമേരി എന്ന അഭിനേത്രിയുടെ അനിയനായിരുന്നു എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ മാർട്ടിൻ.
ആകെ രണ്ട് പാട്ടുകളെ അവന്ന് അറിയുമായിരുന്നുള്ളു. അവൻ്റെ ചേച്ചി അഭിനയിച്ച് കേരളത്തിൽ എന്ന പോലെ തമിഴ് നാട്ടിലും ജനപ്രീതി നേടിയ പിക്‌നിക് എന്ന സിനിമയിലെ രണ്ട് പാട്ടുകൾ.
അവനെ പാടാൻ വിളിച്ചാൽ ക്‌ളാസ്സിന്റെ മുന്നിലേക്ക് വന്നു നിന്ന് അവൻ നീട്ടി വിളിക്കും: മാലൈ... അടുത്ത ദിവസം വന്ന് നിന്ന് : കസ്തൂരി മണക്കുന്നല്ലോ.. അസൂയ മൂത്ത് ഞാൻ ചോദിക്കും: എടാ വേറെ ഒരു പാട്ടും നിനക്കറിയില്ലേ.. അസൂയയോടെയാണങ്കിലും അവൻ്റെ പാട്ട് നന്ന് എന്ന് ഞാനും സമ്മതിച്ചിരുന്നു.
സായിബാബ കോളനിയിലെ സുനിലിന്റെ വീട് ഞങ്ങളുടെ ഒരു താവളമായിരുന്നു. പാട്ടുകളോട് ഏറെ കമ്പമുള്ള അവന്റെ വീട്ടിൽ വെച്ചായിരുന്നു "കിച്ചൻ ഓർക്കസ്ട്ര" എന്ന പേരിൽ ഞങ്ങൾ ബഹളമുണ്ടാക്കിയിരുന്നത്. അവന്റെ വീട്ടിലുള്ള സകല പാത്രങ്ങളും പാട്ടകളും ഉപയോഗിച്ച് എന്തൊക്കെയോ ഞങ്ങൾ ചെയ്തിരുന്നു. അന്ന് റേഡിയോവിൽ കേൾക്കാറുണ്ടായിരുന്ന വാദ്യവൃന്ദം എന്ന പരിപാടി ആയിരുന്നു പ്രചോദനം. അക്കാലത്തു ഹിറ്റ് ആയിരുന്ന "രാജീവ നയനെ നീ ഉറങ്ങു" എന്ന പാട്ടു പാടി കഴിഞ്ഞപ്പോ മൂക്കത്ത് വിരൽ വെച്ച് അവൻ ചോദിച്ചു: എന്തൊരു ശോകമാടാ നീ.."
മലയാള പാട്ടുകൾ പാടുമ്പോൾ നാട്ടിലുള്ളവർ പറയും: "കൃഷ്ണന്ന് തമിഴ് പാട്ടാണ് നല്ലത്". കോയമ്പത്തൂരിൽ വെച്ച് കേൾക്കുന്നത്: "നീ മലയാളമേ പാട് ഡാ." അങ്ങിനെയാണ് രണ്ട് ഭാഷയിലും എന്നെ പാടാൻ കൊള്ളില്ല എന്ന് മനസിലാക്കുന്നത്.
ശങ്കരാഭരണം സിനിമ ഇറങ്ങിയ കാലം. അതിലെ പാട്ടുകൾ ദക്ഷിണേന്ത്യയിൽ തരംഗമായിരുന്ന കാലം. രവിമ്മാമ താമസിച്ചിരുന്ന ഗൂഡലൂരിലെ എസ്റ്റേറ്റ് ബംഗ്ളാവിന്റെ സ്വീകരണ മുറിയിൽ മഞ്ഞച്ച വിളക്കിനു താഴെ സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ അമ്മായി പറഞ്ഞു, എന്നാൽ നിങ്ങൾ ഓരോ പാട്ട് പാടു. നിങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് എൻ്റെ അനിയനും സന്തത സഹചാരിയുമായിരുന്ന പ്രസാദിനെയും എന്നെയുമാണ്. പ്രസാദ് വായ തുറക്കുന്നതിന്ന് മുമ്പേ ഞാൻ ചാടിക്കേറി തുടങ്ങി: ഓം കാര നാദാനു.. പിന്നീട് പ്രസാദിന്റെ ഊഴം. ഏഴു കട്ടയിൽ പിടിച്ച് തുടങ്ങി: ശങ്കരആആ... അങ്ങിനെ കാവിലെ പാട്ട് മത്സരവും പ്രസാദ് കൊണ്ട് പോയി.
പതുക്കെ ഇത്തരം പരീക്ഷണങ്ങൾ ഞാൻ കുറച്ചു. പ്രത്യേകിച്ച് പത്തായപ്പുരയിൽ തന്നെ ലക്ഷണമൊത്തൊരു പാട്ടുകാരൻ ഉള്ളപ്പോൾ ഞാൻ പാടാതിരിക്കുന്നതാവും ഭംഗി എന്ന് തോന്നി. വേണുവേട്ടൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ താരമായിരുന്നത്രെ.
വിജയേട്ടൻ ലണ്ടനിൽ ഒക്കെ പോയി വന്നപ്പോ കൂടെ ഒരു ടേപ്പ് റെക്കോർഡറും കൊണ്ട് വന്നിരുന്നു. നാട്ടിലെ ആദ്യ ടേപ്പ് റെക്കോർഡർ ആയിരുന്നു അത്. അതിൽ ആദ്യമായി റെക്കോർഡ് ചെയുന്നത് വേണു ഏട്ടന്റെ പാട്ടായിരിക്കണം എന്ന് പറഞ്ഞ് ബലരാമൻ അമ്മാമയുടെ മുറിയിൽ കയറി കതകടച്ചു. വേണുവേട്ടൻ പാടി: ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും.. നമ്മൾക്കൊക്കെ അപകർഷതാ ബോധം ഉണ്ടാവുന്ന ചില മുഹൂർത്തങ്ങൾ ഉണ്ടാവുമല്ലോ?

No comments:
Post a Comment