എന്താവണം എന്ന ബോധം കുട്ടിക്കാലം തൊട്ട് തന്നെ ഉണ്ടായിരുന്നു. പക്ഷെ അത് തൽക്കാലം നടക്കില്ല എന്ന് വന്നപ്പോൾ പിന്നെ ജീവിതത്തിൽ ലക്ഷ്യ ഭാരം ഇല്ലാതായി. ലക്ഷ്യമില്ലാത്ത മനസ്സാണ് യഥാർത്ഥ യാത്രികൻറെ മൂലധനം. ലക്ഷ്യമില്ലാതാവുമ്പോൾ യാത്രയിലെ ഓരോ നിമിഷവും ആസ്വാദ്യമാവുന്നു. പണ്ട് തന്നെ തെണ്ടിത്തിരിയുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന എനിയ്ക്ക് നാട് തെണ്ടാൻ തോന്നിയതിൽ അത്ഭുതമില്ല.
കൊൽക്കത്തയിലേക്ക് പോകാനുള്ള അനുവാദം തന്ന കുടുംബ കാരണവരായ ബലരാമൻ അമ്മാവൻ കൂട്ടത്തിൽ ഒരു നിബന്ധനയും വെച്ചു. പോകുകയാണെങ്കിൽ ഒറ്റയ്ക്ക് പോകണം. പേടിത്തൊണ്ടനായ ഞാൻ ഒറ്റയ്ക്ക് പോകില്ല എന്ന് അമ്മാവൻ ഉറപ്പിച്ചിട്ടുണ്ടാവും. എൻ്റെ പേടി മാറ്റാനുള്ള ഒരു ഉപാധികൂടി ആയിരുന്നിരിക്കാം അത്. എന്തായാലും അന്ന് ഞാൻ അതിന്ന് ധൈര്യപ്പെട്ടില്ല.
കഷ്ടിച്ച് ജയിച്ച് നേടിയ ബിരുദങ്ങൾക്ക് സുസ്ഥിരമായ ഒരു ജോലി നേടിത്തരാൻ ആവില്ല എന്ന് ഉറപ്പായപ്പോൾ പിന്നീട് ഞാൻ ഒരു വടക്ക് നോക്കിയായി. കണ്ടറിവിലും കേട്ടറിവിലും എന്നും തിളങ്ങിനിന്നത് ഹിമാലയമായിരുന്നു. അങ്ങിനെയാണ് എൻ്റെ ജീവിതത്തിലെ ഹ്രസ്വമായ യാത്രാപർവ്വത്തിന്ന് തുടക്കമാവുന്നത്. വേര് പറിച്ച് കൊണ്ടല്ല വേര് വലിച്ച് കൊണ്ടാണ് ഞാൻ പുറപ്പെട്ടത് എന്ന് മനസ്സിലായപ്പോൾ തിരികെ എത്തുകയും ചെയ്തു.
അമ്മയ്ക്ക് നേരാങ്ങളമാർ നാല് പേരുണ്ടായിരുന്നു. ഏറ്റവും മൂത്ത ജേഷ്ഠനായ അമ്പ്യാരമ്മാമയായിരിക്കും ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കണ്ടിരിക്കുക. പക്ഷെ അദ്ദേഹം ഒരു ടൂറിസ്റ്റ് ആയിരുന്നു. ടൂറിസ്റ്റുകൾ പല രാജ്യങ്ങളും കാണാൻ വേണ്ടി മാത്രം പോകുന്നവരാണ്. അനുഭവിച്ചറിയാനല്ല. അവർ ആഗ്രയിൽ പോകുന്നത് താജ് മഹാൽ കാണാൻ വേണ്ടി മാത്രമാകും. അതൊന്നു പെട്ടെന്ന് കണ്ട് തീർത്ത് അവർ അടുത്ത ലക്ഷ്യത്തിലേക്ക് പായും. അനുജൻ രവിമാമയുടെ യാത്രകൾ ജോലി സംബന്ധമായും കുടുംബ ആവശ്യങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു. ബലരാമൻ അമ്മാമയുടെ യാത്രകൾ മലപ്പുറത്തിനും പുലാപ്പറ്റയ്ക്കും ഇടയിലായിരുന്നു. ദിവോദാസൻ അമ്മാമയുടെ യാത്രകൾ പത്തായപ്പുരയിൽ നിന്ന് കുളത്തിലേക്കും തിരിച്ചും മാത്രമായിരുന്നു.
വിശാല കുടുംബത്തിൽ യാത്ര ചെയ്തവർ ധാരാളം ഉണ്ട്. എൻ്റെ ഒരു സഹോദരൻ അശോകൻ ഒരു ആത്മീയ യാത്രക്കാരനാണ്. മറ്റൊരു അശോകൻ ഉദ്യോഗാവശ്യങ്ങൾക്ക് ഇന്ത്യമുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. ഒരു യാത്രികൻറെ കൗതുകം എന്നും ഉള്ളിൽ കരുതിയിട്ടുള്ള ആളാണ് അനിയേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന ദാമോദർജി.
വീണ സ്ഥലത്തെ മണ്ണിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുമ്പോളാണ് യാത്ര വിശാലാർത്ഥത്തിൽ സഫലമാവുന്നത്. ചേരയെ തിന്നുന്ന നാട്ടിൽ ചെല്ലുമ്പോൾ നടുക്കണ്ടം തിന്നണം എന്ന് പറയുന്നത് ഈ അർത്ഥത്തിൽ കൂടിയാണ്. അവിടെ ചെന്ന് ഇഡ്ഡലി അന്വേഷിച്ച് നടന്നിട്ട് കാര്യമില്ല. എൻ്റെ അറിവിൽ കുടുംബത്തിലെ ലക്ഷണമൊത്തൊരു യാത്രികൻ അമ്പ്യാരമ്മാമയുടെ മകൻ പ്രേമേട്ടനാണ്. നാടുകൾ കാണാനും അനുഭവിച്ചറിയാനും പ്രേമേട്ടനിൽ ഉള്ള കൗതുകം ഞാൻ വേറെ ആരിലും കണ്ടിട്ടില്ല. മുൻവിധികൾ ഇല്ലാത്തതാണ് പ്രേമേട്ടൻറെ യാത്രകൾ.
യാത്രകൾ ചെയ്യാൻ കൊതിക്കുന്ന ഒരു സുഹൃത്ത് ഉണ്ടെനിക്ക്. യാത്രകളുടെ പുസ്തകങ്ങൾ വായിക്കലാണ് പ്രധാന വിനോദം. ഓരോ ദേശത്തും പോയി താമസിച്ച് അവിടുത്തെ ഒരു പെണ്ണിനേയും വിവാഹം കഴിക്കണം എന്നാണ് അയാളുടെ സ്വപ്നം. ഒരു ദേശത്തിന്റെ തനതായ രുചിയും മണവും സംസ്കാരവും അറിയാൻ സാധിക്കുക അവിടുത്തുകാരിയായ പെണ്ണിലൂടെയാണത്രെ. അങ്ങിനെ ലോകം മുഴുവൻ അനുഭവിച്ചറിയണം എന്ന് ആഗ്രഹിക്കുന്ന അയാൾ ഇന്നും അവിവാഹിതനാണ്. സ്വന്തം സംസ്ഥാനത്തിന്ന് അപ്പുറം ഇത് വരെ പോയിട്ടുമില്ല.
പ്രസിദ്ധരായ യാത്രികർ ലോക ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. അനുഭവിച്ച ദേശങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അവർ എഴുതിവെച്ചിട്ടുണ്ട്. മാർക്കോ പോളോ എന്ന യാത്രികൻ ജെൻഗിസ് ഖാൻ എന്ന ചൈനാ ചക്രവർത്തിയുടെ സുഹൃത്തായി. ഓരോ ദേശങ്ങളും സന്ദർശിച്ച് അവിടുത്തെ കാഴ്ചകൾ ചക്രവർത്തിക്ക് വിവരിച്ച് കൊടുക്കുന്ന ജോലി കൂടി അയാളെ ഏൽപ്പിച്ചു. ഇത് പ്രമേയമാക്കിയ ഒരു ചെറു പുസ്തകം ഉണ്ട്. ഇറ്റലിക്കാരനായ ഇറ്റാലോ കാൽവിനോ എഴുതിയ അദൃശ്യ നഗരങ്ങൾ. അതിൽ എനിക്ക് കൗതുകം തോന്നിയ ഒരു നിരീക്ഷണം ഉണ്ട്. ഓരോ വിവരണത്തിലൂടെയും ചക്രവർത്തിയുടെ ലോകം വികസിച്ച് വന്നു. ഓരോ യാത്രയിലൂടെയും മാർക്കോ പോളോയുടെ ലോകം ചെറുതായി വന്നു. യഥാർത്ഥത്തിൽ ആ പുസ്തകം ക്ഷയിച്ച് കൊണ്ടിരിക്കുന്ന വെനീസ് നഗരത്തിന്ന് സമർപ്പിച്ച വിലാപ കാവ്യമാണ്. സമാനമായ ഒരു കഥ മലയാളത്തിലും ഉണ്ട്. ഒരു കാലത്ത് പ്രതാപത്തിൽ തിളങ്ങി നിന്ന ആലപ്പുഴയുടെ പതനം പ്രമേയമാക്കിയ പത്മരാജൻ്റെ കഥ: ആലപ്പുഴ.
സമീപത്തിൽ ഞാൻ വായിച്ച ഒരു പുസ്തകമുണ്ട്. പോളണ്ടുകാരിയായ ഓൾഗാ തൊക്കർച്ചുക് എഴുതിയ "ഫ്ളൈറ്റ്സ്" (Flights : Olga Thokarczuk). നോവൽ എന്ന് പറയുന്നുണ്ടെങ്കിലും അതൊരു യാത്രാനുഭവ പുസ്തകം കൂടിയാണ്. അതിൽ രസകരമായ ഒരു നിരീക്ഷണമുണ്ട്. ഓരോ ദേശത്തെയും വിമാനത്താവളങ്ങൾ ഓരോ സ്വതന്ത്ര ദേശം പോലെയാണ് പ്രവർത്തിക്കുന്നത്. അവിടുത്തെ രീതികളും നിയമങ്ങളും അന്തർദ്ദേശീയ യാത്രക്കാരെ ഉദ്ദേശിക്കുകയാൽ നാട്ടിലെ രീതികളിൽ നിന്നും നിയമങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ലോകത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ഒരേ നിയമങ്ങളാണ്. പ്രജകളെല്ലാം താല്കാലികമായെത്തുന്ന യാത്രക്കാരും. അവിടെ പ്രവേശനത്തിന്ന് വിസകൾ വേണ്ട. യാത്രാ ടിക്കറ്റ് മാത്രം കരുതിയാൽ മതി. ലോക രാജ്യങ്ങൾക്ക് ഐക്യ രാഷ്ട്ര സഭ എന്ന പോലെ ലോക വിമാന താവളങ്ങൾക്കെല്ലാം ചേർന്ന് ഒരു അന്തർദ്ദേശീയ രാജ്യഘടന ഉണ്ടായാൽ അത്ഭുതപെടാനാവില്ല.
പണ്ടൊക്കെ ഏറ്റവും വലിയ യാത്ര കാശി യാത്രയായിരുന്നു. പുറപ്പെട്ടാൽ മടക്കം അസാദ്ധ്യം എന്ന നിലയ്ക്ക് ജീവിതത്തിന്റെ അപരാഹ്നത്തിലായിരുന്നു പുറപ്പാട്. തെക്കേ അറ്റത്ത് നിന്ന് പുറപ്പെട്ട് അങ്ങ് വടക്ക് കാശിയിൽ എത്തുമ്പോഴേക്കും ജീവിത സന്ധ്യയായിട്ടുണ്ടാവും. പിന്നീട് ഗംഗയിൽ അസ്തമിക്കുക എന്നതാണ് സായൂജ്യം. ഈ ബൃഹത്ത് യാത്രയിലൂടെ നേടിയെടുക്കുന്ന ജ്ഞാനം മോക്ഷത്തിലേക്കുള്ള മാർഗ്ഗംകൂടി ആവട്ടെ എന്ന കരുതലായിരിക്കും ഈ ചടങ്ങിന്ന് പിന്നിൽ.
പക്ഷെ രാവിലെ വിമാനം കയറി കാശിയിലെത്തി ഗംഗയിൽ മുങ്ങി വീട്ടിൽ തിരിച്ചെത്തി തലതോർത്തിയാൽ മതി എന്ന നിലയ്ക്ക് ഇന്ന് സൗകര്യങ്ങൾ കൂടിയപ്പോൾ യാത്രാ ലക്ഷ്യം ഇല്ലാതായില്ലേ?
മുരളിയേട്ടനും ഞാനും കൂടി കുറെ കാലമായി കരുതി വെച്ച ഒരു പദ്ധതിയുണ്ട്. യാത്രയ്ക്ക് മറ്റാരെയും കൂട്ടാതെ ഞങ്ങൾ രണ്ട് പേര് മാത്രമായി പുലാപ്പറ്റയിൽ നിന്ന് പാസ്സഞ്ചർ വണ്ടിയിൽ മാത്രം സഞ്ചരിച്ചുകൊണ്ടുള്ള ഒരു കാശി യാത്ര. അത് നടക്കില്ല എന്ന് ഇനിയും പറയാറായിട്ടില്ല.

അതി മനോഹരം, യാത്ര എനിക്കും ലഹരിയാണ്, പക്ഷെ ഇന്നും ആ അവിവാഹിതനായ കഥപാത്രത്തെ പോലെ തന്നെ
ReplyDeleteha ha
Deleteയാത്ര നല്ലൊരു വയനാനുഭവം നൽകി. പക്ഷെയാത്രയിലെ അനുഭവങ്ങൾ കൂടുതൽ രസകരമാകും. അതും എഴുതൂ 😊😊
ReplyDeletethank you
Deleteയാത്രയുടെ പ്രധാന പോയന്റ് ഞാൻ പറയാറുള്ള ഒന്നുണ്ട് ഒരിക്കലും യാത്രപോയ ആളല്ല യാത്രകഴിഞ്ഞ് തിരികെ എത്തുന്നത് എന്ന്. നന്നായിട്ടുണ്ട് എഴുത്ത്.
ReplyDeleteയാത്രയുടെ പ്രധാന പോയന്റ് ഞാൻ പറയാറുള്ള ഒന്നുണ്ട് ഒരിക്കലും യാത്രപോയ ആളല്ല യാത്രകഴിഞ്ഞ് തിരികെ എത്തുന്നത് എന്ന്. നന്നായിട്ടുണ്ട് എഴുത്ത്.
ReplyDeletethanks sankara
Deleteകൃഷ്ണാ ഗംഭീരം യാത്ര തുടരട്ടെ
ReplyDelete👆 ഞാൻ അനിയനാണ്
ReplyDeletethanks aniya
ReplyDelete