Tuesday, 16 June 2020

പാട്ടിൽ വളർന്ന തമിഴ് കാലം

ഇന്ത്യൻ സിനിമയിൽ പാട്ടുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഹോളിവുഡ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നമ്മുടെ സിനിമ എങ്കിലും പാട്ടിന്റെ കാര്യത്തിൽ തുടക്കം മുതൽ തന്നെ വേറെ ഒരു രീതിയാണ് നമ്മൾ കൈക്കൊണ്ടിരുന്നത്. പാട്ടുകൾക്ക് പ്രാധാന്യമുള്ള സിനിമകളെ സംഗീത ചിത്രങ്ങൾ എന്ന് അർത്ഥമാക്കാവുന്ന 'മ്യൂസിക്കൽ' എന്നെ ഗണത്തിൽപ്പെടുത്തി മാറ്റി നിർത്തിയിരുന്നു. പക്ഷെ ഇവിടെ പലപ്പോഴും സിനിമയുടെ ആത്മാവ് തന്നെ അതിലെ ഗാനങ്ങളിൽ ആയിരുന്നു. പാശ്ചാത്ത്യ രാജ്യങ്ങളെ അപേക്ഷിച്ചു സംഗീതത്തിൽ മികച്ച ഒരു വൈവിധ്യം സ്വായത്തമായ ഒരു സംസ്ക്കാരം നമ്മൾക്കുള്ളത് കൊണ്ടും കൂടിയാണ് അത്.

1934 - ൽ സിനിമാ ഗാനങ്ങൾ ഗ്രാമഫോണിൽ ആലേഖനം ചെയ്യപ്പെടുകയും അന്നത്തെ പ്രധാന മാധ്യമമായ റേഡിയോവിലൂടെ അവ ജനമധ്യത്തിൽ സ്വീകാര്യത നേടുകയും ചെയ്തതോടെ സിനിമാ ഗാന ശാഖയ്ക്ക് സ്വതന്ത്രമായ ഒരു നിലനിൽപ്പ് തന്നെ ഉണ്ടായി. ഇന്നും ഗാനങ്ങൾക്കുള്ള അവകാശക്കച്ചവടം സിനിമയുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ്.

സിനിമയുടെ ഭാഗമായിരുന്നെങ്കിലും സിനിമക്ക് അപ്പുറമുള്ള നിലനിൽപ്പ് അതിലെ ഗാനങ്ങൾക്കുണ്ടായിരുന്നു. മികച്ച സംഗീതം ഒരുക്കുന്നതിന് പുറമെ ഗാനങ്ങളിലെ അർത്ഥഭംഗിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന ഒരു കാലമായിരുന്നു അത്. കേൾവിക്കാരുടെ ശ്രദ്ധയെ ആദ്യം ആകർഷിക്കുന്നത് ഗാനത്തിലെ സംഗീതത്തിന്റെ മികവാണെങ്കിലും അത് ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അർത്ഥമുള്ള വരികൾ കൂടി ഉണ്ടാവുമ്പോളാണ്. പോയ തലമുറയിലെ ഗാന സൃഷ്ടാക്കൾ അക്കാര്യത്തിൽ നിർബന്ധങ്ങൾ കാണിച്ചത് കൊണ്ടാണ് തലമുറകൾ മാറി വന്നിട്ടും ഗാനങ്ങൾക്ക് പ്രസക്തി നഷ്ടമാവാത്തത്. 

സിനിമയിലെ ഗാനങ്ങൾക്ക് അമരത്വം ലഭിക്കും. ആ ഗാനങ്ങൾ ഉൾക്കൊണ്ട സിനിമയാവട്ടെ, ഗാനത്തിൻ മേൽ ചാർത്താനുള്ള ഒരു ലേബൽ മാത്രമായിത്തീരുകയും ചെയ്യും.

അറിവ് പലവഴിക്ക് വരും. ചിന്തയിലേക്കും പിന്നീട് ഉൾകാഴ്ചയിലേക്കും നയിക്കുന്ന അറിവ് എനിക്ക് പകർന്നുതരുന്നതിൽ സിനിമാ ഗാനങ്ങൾക്കും ഒരു പങ്കുണ്ടായിരുന്നു. ഞാൻ ഏറെ കേട്ടിരുന്നത് അക്കാലത്ത് തമിഴ് സിനിമാ ഗാനങ്ങളായിരുന്നു. ജീവിത വീക്ഷണവും തത്ത്വ ശാസ്ത്ര പാഠങ്ങളും രൂപപ്പെടുന്നത് അവിടെ നിന്നാണ്. പിന്നീട് മലയാള ഗാനങ്ങളുമായി നല്ല പരിചയമായി എങ്കിലും, ഈ കാര്യത്തിൽ തമിഴിൽ ഉള്ളത്ര പ്രാധാന്യം മലയാള ഗാനങ്ങൾക്കുണ്ടായിരുന്നില്ല എന്നാണ് എന്റെ പക്ഷം. അർത്ഥപുഷ്ടിയും കാവ്യഭംഗിയും ഉള്ള ധാരാളം ഗാനങ്ങൾ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷെ ലളിതമായ ഭാഷയിൽ ജീവിത ഉൾകാഴ്ച നൽകുന്ന ഗാനങ്ങൾ തമിഴിലായിരുന്നു കൂടുതലും. മലയാള ഗാനങ്ങൾ കൂടുതലും കാൽപ്പനികതയുടെയും വർഗ്ഗ സമരങ്ങളുടെയും വഴിയേ പോയത് കൊണ്ടാവാം, സാധാരണക്കാരന്റെ ഭാഷയിൽ ഗഹനമായ തത്ത്വചിന്തകൾ വിളമ്പിയ ഗാനരചിയിതാക്കൾ കുറവാണ്.  തമിഴിലെ ഇത്തരം ഗാനങ്ങളോട് ചേർത്ത് വെക്കാവുന്നത് മലയാളത്തിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളാണ്. ഈ ഗണത്തിൽ അദ്ദേഹം എഴുതിയ പ്രഭാതം വിടരും പ്രദോഷം വിടരും എന്ന ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുണ്ട കാലത്ത് ശുഭാപ്തി വിശ്വാസം പകരുന്ന ഗാനം.

എന്റെ തലമുറയെ ഏറെ സ്വാധീനിച്ച പാട്ടെഴുത്തുകാരിൽ പ്രഥമൻ കണ്ണദാസനാണ്. താൻ വായിച്ച, താൻ അനുഭവിച്ച, പശ്ചാത്തലങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ജീവിത പാഠങ്ങൾ, അതി ലളിതമായ വരികളിലൂടെ അദ്ദേഹം ശ്രോതാക്കളിൽ എത്തിച്ചു. വരികൾ ഏതു പാമരനും മനസിലാക്കണം എന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

ഇത് സാധൂകരിക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ മകൻ എഴുതിയ ഓർമ്മക്കുറിപ്പിൽ വായിക്കുകയുണ്ടായി. അത് ഇപ്രകാരം: പാട്ടിനുള്ള വരികൾ എഴുതിക്കൊടുത്ത് ഈണത്തിന്ന് കാത്തുനിൽക്കാതെ അന്ന് അദ്ദേഹം വീട്ടിലേക്ക് പോയി. മികച്ച കാവ്യഗുണവും അർത്ഥഭംഗിയും ഉള്ള വരികളിൽ എല്ലാവരും സംതൃപ്തരായി.

അടുത്ത ദിവസം റെക്കോർഡിങ്ങിന്ന് കണ്ണദാസൻ എത്തുന്നു. അവിടെ സ്ഥിരമായി ചായ കൊണ്ട് വരുന്ന ഒരു ബാലൻ ഉണ്ട്. അവൻ സ്ഥിരം പാട്ടിന്റെ രചന നടക്കുന്ന സമയത്ത് അവിടെ ഉണ്ടാവുകയും കണ്ണദാസൻ അവനോടു അഭിപ്രായം ചോദിക്കുകയും ചെയ്യാറുണ്ടത്രെ. റെക്കോർഡിങ്ങിന്ന് മുമ്പ് അവിടെ വന്ന അവനോട് കണ്ണദാസൻ പാട്ടിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. തനിക്ക് വരികളുടെ അർത്ഥം മനസിലായില്ല എന്ന് അവൻ  പറഞ്ഞ ഉടൻ, താൻ മുമ്പ് എഴുതി കൊടുത്ത വരികൾ നിർബന്ധപൂർവം തിരിച്ചു മേടിച്ച് കീറിക്കളഞ്ഞു പുതിയ ഒരു പാട്ട് എഴുതിക്കൊടുത്തുവത്രേ.

പോനാൽ പോകട്ടും പോടാ, എന്ന് അതിലളിതമായ വരിയിലൂടെ വിയോഗദുഃഖം എഴുതിത്തള്ളുന്ന മറ്റൊരു ഗാനം എനിക്ക് അറിയില്ല. സമ്പത്ത് ഇല്ലാതാവുമ്പോൾ ബന്ധുക്കളും ഇല്ലാതാവുന്നു എന്ന ജീവിത സത്യം ഉൾക്കൊണ്ട ഗാനമാണ് "യാരെ നമ്പി നാൻ പിറന്തേൻ" (ചിത്രം: എങ്ക ഊർ രാജ) - കുളത്തിൽ വെള്ളമില്ല, കൊക്കുമില്ല മീനുമില്ല, പെട്ടിയിൽ പണമില്ല, പെറ്റ മകൻ സ്വന്തമല്ല/ ചട്ടിയിൽ ചോറുണ്ടെങ്കിൽ പൂച്ചകളും സ്വന്തക്കാർ, കഷ്ടപ്പാട് പങ്ക് വെച്ചാൽ സ്വന്തവുമില്ല ബന്ധവുമില്ല.. “അണ്ണനെന്നട തമ്പിയെന്നട അവസരമാന ഉലകത്തിലെ” എന്ന ഗാനവും ഈ ആശയത്തിലുള്ളതാണ്.

അക്കരപ്പച്ചയിൽ കണ്ണുനട്ടിരിക്കുന്ന മനുഷ്യപ്രകൃതം വ്യക്തമാകുന്ന വരിയാണ് "എന്റെ വീട്ടിലെ കണ്ണാടി എന്റെ മുഖമല്ല കാണിക്കുന്നത്" എന്നുള്ളത്. മനുഷ്യന്റെ അഹന്തക്ക് അളവില്ല. എന്നാൽ അവൻ തീർത്തും നിസ്സാരനും ഉപയോഗശൂന്യനും ആണെന്ന ആശയം "മീൻ ചത്താൽ ഉണക്കമീൻ, നീ ചത്താൽ അത് വെറും കൂട്" എന്ന വരിയിൽ ധ്വനിക്കുന്നു. ഇതേ ആശയം വിറകുവെട്ടുകാരനായ കഥാപാത്രം പാടുമ്പോൾ: കാഴ്ചക്ക് നല്ല പച്ചപ്പ് ഉള്ള മരം, കിടക്കുമ്പോൾ നല്ല വലുപ്പമുള്ള മരം. പക്ഷെ അത് കൂട്ടിവെച്ചാൽ വിറകിന്ന് ഉപകരിക്കുമോ, തീയിലിട്ടാൽ തിന്നാൻ മാംസംപോലും ബാക്കിയാവുമോ??

കണ്ണദാസൻ താൻ വായിച്ചറിഞ്ഞ തത്ത്വശാസ്ത്ര, സാഹിത്യ ആശയങ്ങൾ സാധാരണക്കാരിൽ എത്തിക്കുന്നത് സിനിമാഗാനങ്ങളിലൂടെയായിരുന്നു. ഉദാഹരണത്തിന്ന്, വീട്ടുകാരിയും മക്കളും ജീവിതവും ധനവും വീടിന്റെ വാതിൽ വരെ മാത്രം എന്ന് തുടങ്ങുന്ന പട്ടിണത്താർ എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ കവിയുടെ വരികൾ അതിലളിതമായി ആവിഷ്കരിച്ച ഗാനമാണ് വീട് വരെ ഉറവ് എന്ന ഗാനം. താൻ ചെയ്യേണ്ട കാര്യങ്ങൾ താൻ തന്നെ ചെയ്യണം എന്നെ ആശയം "എനിക്ക് വേണ്ടി കരയാൻ നിനക്ക് സാധിക്കും, പക്ഷെ എനിക്ക് വേണ്ടി ഭക്ഷണം കഴിക്കാൻ നിനക്കാവുമോ?" എന്ന ചോദ്യത്തിലൂടെ അവതരിപ്പിക്കുന്നു.

പാട്ടുകൾ ഇവിടെ പകർത്തുകയാണെങ്കിൽ അതിന്ന് ഒരു അന്തം ഉണ്ടാവില്ല. കേട്ട് വളർന്ന സിനിമാ ഗാനങ്ങൾ ജീവിത പാഠങ്ങൾ പകർന്ന് തന്നതിനെ സൂചിപ്പിക്കാൻ വേണ്ടിയാണ് ഇത്രയും പറഞ്ഞത്. മറ്റു പാട്ടെഴുത്തുകാർക്കും ഇതിൽ പങ്കുണ്ടെങ്കിലും കണ്ണദാസൻ എന്ന കവിയുടെ പ്രാധാന്യം അടിവരയിട്ട് പറയേണ്ടതുണ്ട്. ജൂൺ 24 അദ്ദേഹത്തിന്റെ ജന്മദിനമാണ് എന്നത് കൂടി ഈ കുറിപ്പിന് കാരണമായിട്ടുണ്ട്.


കണ്ണദാസന്റെ ആത്മകഥാംശമുള്ള പാട്ടായി പറയാറുള്ളത് രക്തക്കണ്ണീര് എന്ന സിനിമയിൽ ടി. എം. സൗന്ദർരാജൻ്റെ ശബ്ദത്തിൽ അദ്ദേഹം തന്നെ പാടി അഭിനയിച്ച "ഒരു കോപ്പയിലെ എൻ കുടിയിരുപ്പ്" എന്ന പാട്ടാണ്. ഒമാർഖയ്യാമിന്റെ ബൊഹീമിയൻ ചിന്തയോട് കൂറ് പുലർത്തുന്ന ഗാനം കവിയുടെ അമരത്വം അടിവരയിട്ടു കാണിക്കുന്നു: 

മനുഷ്യകുലത്തിൽ ഞാൻ അദ്വിതീയൻ 
സൃഷ്ടിക്കുന്നതിനാൽ ഞാൻ ദൈവമാണ് 
.....
ഞാൻ നിരന്തരമായവൻ, നാശമില്ലാത്തവൻ 
ഏത് നിലയ്ക്കും എനിക്ക് മരണമില്ല.






8 comments:

  1. ലളിതമായവിവരണം,എന്നാൽഗഹനവും.നന്നായിട്ടുണ്ട്.

    ReplyDelete
  2. Sudhakaran kattana
    കൃഷ്ണാ ..ഞാനും ആലോചിക്കാറുണ്ട് തമിഴ് പാട്ടുകളിലെ വരികൾ .അവർക്കു ഒരു ക്ഷാമവും ഇല്ല വാക്കുകൾക് .നല്ല വിവരണം .ഞാൻ എല്ലാം വായിക്കാറുണ്ട് ട്ടൊ .വ്യത്യസ്തത പുലർത്തുന്നതാണ് ഓരോന്നും .

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Through TV shows and talks, I too got acquainted with the lyrics of Sri. Kannadasan in a very small way. I remember another writer explaining inner meanings of his lyrics" Ettadukku maligayil etti vaitha...". Amazing writer. Congrats for the excellent write up.

    ReplyDelete
    Replies
    1. thanks. actually there are many many songs i would have liked to share.

      Delete