നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലി, വലിക്കുന്നവന്റെയും വലിക്കുന്നവന്ന് ചുറ്റുമുള്ള നിരപരാധികളുടെയും, ആരോഗ്യത്തിന്ന് ഹാനികരമാണ് എന്ന് അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.
ഓരോ തെരുവിലും അമ്പലങ്ങളും വിഗ്രഹങ്ങളും ഉള്ള നഗരമായിരുന്നു കോയമ്പത്തൂർ എങ്കിലും രാമനാഥപുരത്ത് സ്ഥിതി ചെയുന്ന ചികിത്സാലയത്തിലെ അന്തേവാസികളായ ഞങ്ങൾക്ക് രണ്ട് ആഘോഷങ്ങളായിരുന്നു പ്രധാനം. ഒന്ന്, അടുത്തുള്ള സുബ്രഹ്മണ്യൻ കോവിലിൽ സ്കന്ദ ഷഷ്ടി ദിനത്തിൽ അരങ്ങേറുന്ന ശൂര സംഹാരം. രണ്ട്, തൊട്ടടുത്ത പള്ളിയിലെ തിരുനാൾ ആഘോഷം. കാഴ്ചപ്പൊലിമ ഉള്ളതായിരുന്നു രണ്ടും. ചികിത്സാലയത്തിലെ ജീവനക്കാരും ക്വാർട്ടേഴ്സിലെ അന്തേവാസികളും രോഗികൾക്ക് കൂട്ടിരിക്കാൻ വന്നവരും, എല്ലാവരും ഉണ്ടാവും ഗേറ്റിൽ നിരന്നു നിൽക്കാൻ.
ആറാം ക്ളാസ്സ് പഠിക്കുന്ന കാലത്തെ ജനുവരിയിൽ പള്ളിപെരുന്നാൾ നോക്കി നിൽക്കുകയായിരുന്നു എല്ലാവരും. ഞാനും രാജനും മുതിർന്നവരുടെ ശകാരങ്ങൾ വകവെക്കാതെ ഗേറ്റിന്ന് പുറത്ത് നിന്ന് കാഴ്ചകൾ കാണുകയായിരുന്നു. ധാരാളം ആളുകൾ നിന്നും നടന്നും പോയിരുന്നതിനിടയിൽ ഒരാൾ ഒരു സിഗരറ്റു കുറ്റി ഞങ്ങൾക്ക് തൊട്ടു മുമ്പിലായി വലിച്ചെറിഞ്ഞു പോയി. ഞാനും രാജനും പരസ്പരം ഒന്ന് നോക്കി. ഞൊടിയിടയിൽ അതെടുത്ത് ഞാൻ ആഞ്ഞൊരു വലിവലിച്ചു. തലയ്ക്കകത്ത് ഒരു പെരുപെരുപ്പ്. പിന്നെ രാജന് കൊടുത്തു. അവനും ഒന്ന് വലിച്ചു. തൊട്ടു പിന്നിലായി ഞങ്ങളുടെ വീട്ടിൽ ഉള്ളവരടക്കം ചികിത്സാലയത്തിലെ സകല ആളുകളും ഉണ്ടായിരുന്നത് ഞങ്ങൾ മറന്നു പോയിരുന്നു. അടുത്ത വലിക്ക് കുറ്റി ചുണ്ടിൽ എത്തുന്നതിന് മുമ്പേ എവിടെ നിന്നാണ് എന്റെ തലയ്ക്ക് പ്രഹരം വന്നത് എന്നറിയില്ല. കുറ്റി കൈയിൽ നിന്ന് തെറിച്ചു പോയി.
സിഗരറ്റു വലിക്കുന്നവരും അവർ ഊതിത്തള്ളുന്ന പുകയും എനിക്ക് കുട്ടിക്കാലം തൊട്ടു തന്നെ കൗതുകമായിരുന്നു. സിഗരറ്റു വലിക്കുമ്പോൾ ചുവന്നു മിന്നുന്ന അഗ്രം, വലിച്ചു കഴിഞ്ഞു മൂക്കിൽ നിന്നും നേർത്തു ഒഴുകി വരുന്ന പുക.. രാവിലെ തെക്കേപത്തായപ്പുരയിലെ അടുക്കള ഓടിന്റെ ഇടയിലൂടെ പുറത്തു വരുന്ന പുക പോലെ..
എന്റെ കൗതുകം കണ്ട് കണ്ണിലേക്കു തന്നെ സൂക്ഷിച്ച് നോക്കിയാൽ കണ്ണിൽക്കൂടി പുകവരുന്നത് കാണാം എന്ന് പറഞ്ഞ്, ഞാൻ കണ്ണ് നോക്കി ഇരിക്കുന്നതിനിടയിൽ സിഗരറ്റിന്റെ കനലറ്റം കൊണ്ട് കൈ പൊള്ളിക്കുന്ന വിരുതന്മാരും ഉണ്ടായിരുന്നു.
കുളപ്പുര മാളികയുടെ പടിയിൽ ഇരുന്നു സിഗരറ്റു വലിക്കുന്ന അപ്പോട്ടമാമ ഒരു സംഭവമായിരുന്നു. വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായും കളിയും കാര്യവും പറഞ്ഞിരിക്കുന്നതിനിടയിൽ ഇടയ്ക്കൊരു സിഗരറ്റ് കൊളുത്തും. എന്നിട്ട് ആഞ്ഞു ഒരു വലിയാണ്. സിഗരറ്റിന്റെ കാൽഭാഗം അപ്പോഴേക്കും ചാരമായിട്ടുണ്ടാവും. എന്നിട്ടു ഞങ്ങളെ നോക്കി ചിരിച്ചു വാ തുറക്കും. "പൊക എവിടെ?" ഞാൻ അന്തം വിട്ടു നിൽക്കും. പുക എവിടെ?
രാജനും എന്നെപ്പോലെത്തന്നെ പുകവലി ഒരു വലിയ കൗതുകമായിരുന്നു. എന്തായാലും ഒന്ന് വലിച്ച് നോക്കാൻ തീരുമാനിച്ചിരുന്നതിന്റെ പരിണിത ഫലമാണ് മേൽ വിവരിച്ചത്.
പിന്നീട് വലി മെല്ലെ ശീലമാക്കി. അതല്ലെങ്കിലും അങ്ങിനെയാ.. അരുതാത്തത് ചെയ്യാൻ വലിയ ഉത്സാഹമായിരുന്നു. വലിക്കുമ്പോൾ തലയ്ക്കകത്ത് കിട്ടുന്ന പെരുപ്പ് ഒരു ആകർഷണവും. അച്ഛന്റെ പക്കൽ നിന്ന് അടിച്ച് മാറ്റുന്ന ചില്ലറ തുട്ടുകൾ കൊണ്ട് ബീഡി വാങ്ങാൻ തുടങ്ങി. എന്നിട്ട് ചികിത്സാലയത്തിലെ കുളിമുറിയിൽ കയറി വലിച്ച് ഒന്നും അറിയാത്ത പോലെ പുറത്ത് വരും. ചില്ലറത്തുട്ടുകളിൽ നിന്ന് നോട്ടുകളിലേക്ക് വളർന്നപ്പോൾ ബീഡിയ്ക്ക് പകരം സിഗരറ്റ് തന്നെയായി. അഞ്ച് പൈസയ്ക്ക് കിട്ടിയിരുന്ന ബ്ലൂ ബേഡ്, ഫ്ലൈറ്റ് എന്നീ ബ്രാൻഡുകൾ മുതൽ സിസർ, ഗോൾഡ് ഫ്ളേക്, വിൽസ് ചാർമിനാർ എന്നിങ്ങനെ അന്ന് ലഭ്യമായ പ്രമുഖ സിഗരറ്റുകൾ എല്ലാം വലിച്ച് നോക്കി.
അപ്പോഴേയ്ക്കും എന്റെ ഖ്യാതി വാളയാർ ചുരം കടന്ന് നാട്ടിൽ എത്തിയിരുന്നു. ഒരിക്കൽ ചാഴൂർ അമ്മാവൻ എന്നെ കളിപ്പിക്കാൻ വേണ്ടി അദ്ദേഹം വലിച്ചിരുന്ന സിഗരറ്റിന്റെ പായ്ക്കറ്റ് നീട്ടി ചോദിച്ചു : "വലിയ്ക്കുന്നോ?" ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് ഒരു വാശി തോന്നി. പാസിംഗ് ഷോ എനിയ്ക്ക് താല്പര്യമുള്ള ബ്രാൻഡ് ആയിരുന്നില്ല. എങ്കിലും പെട്ടെന്ന് അതിൽ നിന്ന് ഒരു സിഗരറ്റു വലിച്ചെടുത്ത് കൊളുത്തി.
അമ്മാവൻ അത് തീരെ പ്രതീക്ഷിച്ചില്ല. ആ സിഗരറ്റ് എന്റെ ചുണ്ടിൽ നിന്ന് തട്ടിമാറ്റാൻ നോക്കി. ഞാൻ വലിച്ച് കൊണ്ട് പത്തായപ്പുരയ്ക്ക് ചുറ്റും ഓടി. പിന്നാലെ അദ്ദേഹവും. സിഗരറ്റ് മുഴുവൻ വലിച്ച് കഴിഞ്ഞിട്ടേ നിന്നുള്ളൂ. "എന്താ ഈ കാണിച്ചത്" എന്ന് ദേഷ്യത്തിൽ ചോദിച്ചതല്ലാതെ അന്നെനിക്ക് തല്ലുകൊണ്ടില്ല. സൗമ്യനായ അമ്മാവൻ അത് ചെയ്യില്ല എന്ന ഉറപ്പ് എനിയ്ക്കുണ്ടായിരുന്നു.
ചെയ്തിരുന്ന എന്തും പരസ്യമായി ചെയ്തിരുന്ന ആളായിരുന്നു ഞാൻ. അത് കൊണ്ട് സിഗരറ്റ് വലി ഞാൻ സ്ഥിരമായി കൊണ്ട് നടക്കുന്ന ഒരു ദുസ്സ്വഭാവമായി മാറി. അമ്മാവന്മാർ വേണുവേട്ടൻ അച്ഛൻ എന്നിവരുടെ മുന്നിൽ വെച്ച് മാത്രം വലിച്ചിരുന്നില്ല. മറ്റുള്ളവർ ആര് കണ്ടാലും കൂസലില്ലാതെയായി. അതനുസരിച്ച് വലിച്ചിരുന്ന സിഗററ്റുകളുടെ എണ്ണം കൂടി. ഒറ്റയ്ക്കും ഇരട്ടയ്ക്കും വാങ്ങിയിരുന്നത് നിർത്തി പായ്ക്കറ്റ് കണക്കിലായി വാങ്ങൽ. ബസ് സ്റ്റോപ്പിലും ബസ്സിലും കോളേജിലും എന്ന് വേണ്ട എല്ലായ്പ്പോഴും വലി തുടങ്ങി.
കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ സ്ഥിരം സാബു സാറിന്റെ സ്പെഷ്യൽ ക്ളാസിൽ ഇരിക്കാറുണ്ട്. ഉച്ച കഴിഞ്ഞാവും അത്. ക്ളാസ്സ് തുടങ്ങി ഏകദേശം ഒരു മണിക്കൂർ ആവുമ്പോൾ ഞാൻ അസ്വസ്ഥനാവാൻ തുടങ്ങും. അത് ശ്രദ്ധിച്ച് സാർ ചോദിക്കും: എന്താടോ വലിയ്ക്കാറായോ? ഞാൻ തലയാട്ടുമ്പോൾ സാർ പുറത്ത് പോയി വരും. ഈ അവസരം മുതലാക്കി ജോയും ഒന്ന് വലിയ്ക്കും. ഈ കാര്യത്തിൽ അവനും എന്നെ പോലെ ആയിരുന്നു. അക്കാലത്തെ ഞങ്ങളുടെ അവസ്ഥ അവൻ വിവരിച്ച പോലെത്തന്നെ ആയിരുന്നു: "രണ്ട് സിഗരറ്റ് വലിച്ചാൽ വായ കക്കൂസ് പോലെയാവും. അപ്പൊ ക്യാൻറ്റിനിൽ പോയി ഒരു ചായ കുടിക്കും. ചായ കുടിച്ചാൽ പിന്നെ സിഗരറ്റ് വലിയ്ക്കണ്ടേ?"
കുടുംബത്തോടും എന്നോടും ഉള്ള സ്നേഹം കൊണ്ട് ബസ് സ്റ്റാൻഡിൽ കട നടത്തിയിരുന്ന ശ്രീകുമാരൻ നായർ എനിയ്ക്ക് നിർലോഭം സിഗരറ്റ് തന്നിരുന്നു - പറ്റായിത്തന്നെ. പത്തു പൈസ വരുമാനം ഇല്ലാത്ത എനിയ്ക്ക് ആ കടം വീട്ടാൻ സഹായിച്ചത് രണ്ട് ആത്മമിത്രങ്ങൾ ആണ്. പട്ടാളത്തിൽ ആയിരുന്ന "സൗധം" മുരളിയും, പിന്നെ എന്റെ അനുജനും സുഹൃത്തുമായ അശോകനും.
കാഠ്മണ്ഡുവിൽ എത്തി ജോലി ആയപ്പോൾ വലിയ്ക്കുന്ന സിഗരറ്റിന്റെ എണ്ണം പിന്നെയും കൂടി. ഒരു ദിവസം മൂന്ന് പായ്ക്കറ്റിൽ അധികമായി വലി. ഗുൽബർഗയിൽ എത്തി അധ്യാപനത്തിൽ ആയപ്പോഴേക്കും വലിയ്ക്കാൻ പറ്റാതെ ആയി. കിതയ്ക്കും എന്ന് മാത്രമല്ല, ശബ്ദം ഇടയിക്കിടയ്ക്ക് അടഞ്ഞും പോകും.
അങ്ങിനെ ഒരു ദിവസം എനിയ്ക്ക് ബ്രോങ്കൈറ്റിസ് പിടിപെട്ടു. എന്റെ സുഹൃത്ത് കൂടിയായ ഡോക്ടറുടെ ചികിത്സ. സിഗരറ്റ് വലി നിർത്തണോ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. അതിന്ന് സാറിന് നിർത്താൻ പറ്റുമോ എന്ന് ഡോക്ടറും. അപ്പോഴേക്കും വലിച്ച് മടുത്തിരുന്ന എനിയ്ക്ക് അത് ഒരു പ്രചോദനമായി. രോഗത്തിന്റെ പേരിൽ ഞാൻ വലി നിർത്തി. അവസാന സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ മതിയാക്കി വലിച്ചെറിഞ്ഞ ദിവസം ഞാൻ ഇന്നും ഓർക്കുന്നു: 1990 ഡിസംബർ 15. പിന്നീട് ഇത് വരെ വലിയ്ക്കാൻ തോന്നിയിട്ടില്ല.
സിഗരറ്റ് വലി നിർത്തിയപ്പോഴാണ് എന്റെ വലി മറ്റുള്ളവർക്ക് എത്ര ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാവും എന്ന് ഞാൻ മനസ്സിലാക്കിയത്.

Realization...the last line rings many a bells in me ...
ReplyDeleteAnna super write-up.....wish someday been walk down the ramanathapuram streets....though there is nothing much left of old day charm
yes
Deleteha ha... leela vilasangal
ReplyDeleteരസകരമായ ആഖ്യാനം.
ReplyDeletethank you
Delete