Sunday, 20 December 2020

ഫാർമസിയും ഞാനും











രാമ വാര്യരും അനിയേട്ടനും


അന്ന് കോയമ്പത്തൂർ പട്ടണം റയിൽവേ സ്റ്റേഷൻറെ അടുത്തുള്ള വലിയആശുപത്രി കഴിഞ്ഞു അധികം വളർന്നിട്ടില്ല. പട്ടണത്തിന്റെ പരമാവധി വളർച്ച ഇംഗ്ലീഷ് പടങ്ങൾ മാത്രം കളിക്കുന്ന റെയിൻബോ തീയേറ്റർ വരെ മാത്രം. അനുപ്രസ്ഥ തരംഗങ്ങൾ പോലെയാണ് നഗരങ്ങൾ വളരുന്നത് - നഗര ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കേന്ദ്രത്തിൽ നിന്ന് വൃത്താകൃതിയിൽ വികാസം പ്രാപിക്കുന്ന വളർച്ച. 

കോയമ്പത്തൂരിന്റെ വടക്കേ അതിരിലും ഇംഗ്ലീഷ് ചിത്രങ്ങൾ മാത്രം കളിക്കുന്ന സെൻട്രൽ തീയേറ്റർ ഉണ്ടായിരുന്നു. പാലക്കാട്ടെ അതിരിലും ഇംഗ്ലീഷ് പടങ്ങൾ മാത്രം കളിക്കുന്ന ഹൃദയ തീയേറ്റർ ഉണ്ടായിരുന്നു. ഇംഗ്ലീഷ് പടങ്ങൾ നഗരാതിർത്തിയിൽ വേണം എന്നുണ്ടായിരുന്നോ ആവോ. 

റെയിൻബോ തീയേറ്റർ കഴിഞ്ഞാൽ പിന്നെ നഗരാതിർത്തി ഔദ്യോഗികമായി അടയാളപ്പെടുത്തുന്ന ചുങ്കമായിരുന്നു. ഇതിലൂടെ പോകുന്ന പ്രധാന നിരത്തായിരുന്ന ട്രിച്ച്ചി റോഡിലൂടെ പിന്നെയും ഒരു നാഴിക പോകണം ആര്യ വൈദ്യ ഫാർമസിയുടെ ചികിത്സാലയം എത്തുവാൻ. 

ചികിത്സാലയം എത്തുന്നതിന്റെ ഏകദേശം ഒരു ഫർലോങ് മുമ്പെയുള്ള ബസ് സ്റ്റോപ്പാണ് ഒളമ്പസ്. ഈ ഒരു പേര് വരാൻ എന്താണ് കാരണം എന്ന് ഞാൻ ആലോചിക്കാറുണ്ട്. അന്ന് വളരെ കുറച്ച് മോട്ടോർ വാഹനങ്ങൾ മാത്രം ഓടിയിരുന്ന റോഡിലൂടെ അധികവും കുതിരവണ്ടികളും കാള വണ്ടികളും ആയിരുന്നു. സൈക്കിൾ പോലും കുറവായിരുന്നു. അത് കൊണ്ട് നാലഞ്ചു വയസ്സ് പ്രായമുള്ള എനിയ്ക്ക് പോലും മൈതാനത്തിലൂടെ എന്ന പോലെ റോഡ് മുറിച്ച് കടക്കാമായിരുന്നു. 

ബസ് സ്റ്റോപ്പിന്ന് എതിർവശത്തായി എപ്പോഴും തുറന്നു തന്നെ കിടക്കുന്ന ഗെയ്റ്റ് ആണ് രാജ മന്ദിരം. ആര്യ വൈദ്യ ഫാർമസി എന്ന ഇന്നത്തെ വട വൃക്ഷത്തിന്ന് വിത്ത് പാകിയ രാമ വാരിയരുടെ വീട്. ഗെയ്റ്റ് കടന്നാൽ തന്നെ, ഒരു വലിയ കാറിന്ന് പോകാൻ പാകത്തിൽ വീതിയുള്ള നടവഴിയുടെ അറ്റത്ത് കാണുന്ന കാർ ഷെഡ്‌ഡിൽ, ഒരു കൂറ്റൻ കറുത്ത ഷെവർലെ കിടക്കുന്നത് കാണാം. തുടച്ച് തുടച്ച് മുഖം നോക്കാവുന്ന മിനുക്കത്തിൽ കിടക്കുന്ന ആ കാർ ആണ് ഞാൻ ആദ്യമായി അടുത്ത് കണ്ട കാർ. അവിടുന്ന് വലത്തോട്ട് തിരിഞ്ഞാൽ വീടായി. വിശാലമായ പൂമുഖത്തോടു കൂടിയ രണ്ട് നില വീട്. ഞങ്ങളുടെ എല്ലാം അന്നദാദാവായിരുന്ന രാമ വാരിയർ കുടുംബ സമേതം താമസിക്കുന്ന വീട്. 

ഞങ്ങളുടെ എന്ന് പറഞ്ഞാൽ, ചികിത്സാലയത്തിലും റെയിൻബോ തീയേറ്ററിന്ന് അടുത്തായി സ്ഥിതി ചെയുന്ന ഹെഡ് ആപ്പീസിലും കഞ്ചിക്കോട്ടെ ഫാക്ടറിയിലും ഒക്കെയായി ജോലി ചെയുന്ന ജീവനക്കാരുടെ എന്നർത്ഥം. 

രാമനാഥപുരത്ത് മണിയം തീയേറ്ററിന്റെ നേർ എതിർവശത്ത് ഏക്കറുകണക്കെ പരന്ന് കിടന്ന ചോളത്തോട്ടത്തിന്ന് നടുവിലായി സ്ഥിതി ചെയുന്ന ബംഗ്ലാവായിരുന്നു ചികിത്സാലയം. സമ്പന്നനായ ഒരു കൃഷിക്കാരൻ വലിയ വാടക ഈടാക്കാതെ വിട്ടുനൽകിയതായിരുന്നു അതെന്നാണ് എൻ്റെ ഓർമ്മ. കെട്ടിടവും അനുബന്ധ നിർമ്മിതികളും ചികിത്സാലയത്തിന്റെ ഉപയോഗത്തിലായിരിക്കെ തന്നെ ആ വളപ്പിനുള്ളിൽ ചോളവും കരിമ്പും അയാൾ മാറി മാറി കൃഷി ചെയ്തിരുന്നു. കരിമ്പും ചോളവും ഞങ്ങൾ കുട്ടികൾ ഇടയ്ക്ക് തിന്നാൻ പറിക്കുന്നത് അയാൾ അത്ര കാര്യമാക്കിയിരുന്നില്ല എന്ന് തോന്നുന്നു. 

ബംഗ്ലാവിന്റെ മുൻവശത്തെ വരാന്ത കയറി നടുത്തളത്തിൽ എത്തിയാൽ കാണുന്ന മുറികൾ, കിടത്തി ചികിത്സയുള്ള രോഗികൾക്കുള്ളതായിരുന്നു. മധ്യഭാഗത്തായി കിടത്തി ചികിത്സയ്ക്കുള്ള മുറികൾ. ബംഗ്ലാവിന്റെ പുറകുവശത്ത് അഞ്ചു കുടുംബങ്ങൾക്ക് താമസിക്കാവുന്ന രണ്ട് മുറി ക്വാർട്ടേഴ്‌സ്. അതിലെ ഒരു ക്വാർട്ടേസിലാണ് എൻ്റെ ജീവിതം തുടങ്ങുന്നത്.

എഴുപതുകളുടെ ഒടുവിൽ രാജ മന്ദിരത്തിന്ന് പുറകിലായി സ്ഥിതി ചെയ്തിരുന്ന ഒഴിഞ്ഞ പറമ്പിലേക്ക് ചികിത്സാലയം പറിച്ച് നടുന്നത് വരെ, എൻ്റെ ബാല്യം വളർന്നത് ഈ വിശാലതയിലായിരുന്നു. 

ചികിത്സാലയത്തിലെ റസിഡൻറ്റ് വൈദ്യൻ അച്ഛനായിരുന്നു. പ്രധാന വൈദ്യൻ രാമവാര്യർ വന്നു പോയ്ക്കഴിഞ്ഞാൽ പിന്നെ ചികിത്സാലയം ഞങ്ങൾ കുട്ടികളുടെ മൈതാനമായി മാറും. മറ്റു കുട്ടികൾക്ക് ബംഗ്ലാവിന്ന് അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പക്ഷെ സ്ഥലം വൈദ്യന്റെ മകനായ എനിയ്‌ക്ക്‌ ഏതു മുറിയിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരിക്കൽ ഒരു രോഗിയുടെ മുറിയിൽ നിന്ന് പത്ത് പൈസയുടെ ഒരു നാണയത്തുട്ട് മോഷ്ടിക്കുകയും അത് കണ്ടുപിടിക്കപെടുകയും ചെയ്ത ശേഷം കുറച്ച് കാലം അച്ഛന്റെ നിരോധനാജ്ഞയെ തുടർന്ന് ബംഗ്ലാവിലേക്ക് എനിയ്ക്ക് പ്രവേശം ഉണ്ടായിരുന്നില്ല.

ഒരു വലിയ കുടുംബം പോലെയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. കുടുംബ നാഥയുടെ സ്ഥാനത്ത് നിന്ന് രാമ വാരിയരുടെ പത്നി ഞങ്ങളുടെ ഓരോരുത്തരുടെ ക്ഷേമവും അന്വേഷിക്കുമായിരുന്നു. അമ്മ വാരസ്യാർ എന്ന് ഞങ്ങൾ വിശേഷിപ്പിക്കാറുള്ള പങ്കജം വാരസ്യാർ ഞങ്ങൾക്കെല്ലാം അമ്മ തന്നെയായിരുന്നു. മറ്റുള്ള ജീവനക്കാരെക്കാട്ടിലും ഒരു ഇത്തിരി അടുപ്പം അച്ഛനോട് ഉണ്ടായിരുന്നു. രാമ വാര്യരുമായുള്ള വ്യക്തിപരമായ അടുപ്പം കൂടാതെ രാജ മന്ദിരത്തിലെ പരദേവതാ ക്ഷേത്രത്തിൽ ശാന്തിയും അച്ഛനായിരുന്നു. അച്ഛന്റെ കൂടെ ഇടയ്ക്കിടയ്ക്ക് പോകുന്ന എന്നോടും വാരസ്യാർക്ക് വാത്സല്യം ഉണ്ടായിരുന്നു. അവിടുത്തെ വിശേഷ സദ്യകൾക്ക് ഞങ്ങൾ സകുടുംബം ക്ഷണിതാക്കളായിരുന്നു. 

പെണ്മക്കൾ കൂടാതെ രണ്ട് ആൺ മക്കളായിരുന്നു രാമ വാര്യർക്ക്. മൂത്തത് രാജേട്ടൻ. രാജേട്ടന്റെ പേരായിരുന്നു വീടിന്ന്. രാജേട്ടൻ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നത് കൊണ്ട് എനിയ്ക്ക് അടുപ്പം കുറവായിരുന്നു. 

ഇളയ മകൻ കൃഷ്ണകുമാർ (ഡോ. കൃഷ്ണകുമാർ) എന്ന അനിയേട്ടനുമായായിരുന്നു അടുപ്പം. ആര്യ വൈദ്യ ഫാർമസിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ കോളേജ് തുടങ്ങുമ്പോൾ എനിയ്ക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യം ഏർപ്പാടാക്കാം എന്ന് അനിയേട്ടൻ അച്ഛനോട് പറഞ്ഞിരുന്നു. അതിന്ന് വേണ്ടി അച്ഛൻ എന്നെ സംസ്‌കൃതം പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. പഠിക്കേണ്ടത് ഞാനായത് കൊണ്ടും പഠിപ്പിക്കേണ്ടത് ക്ഷമ കുറവായ അച്ഛനായത് കൊണ്ടും മൂന്നാമത്തെ ദിവസം തന്നെ അത് അവസാനിച്ചു. 

എങ്കിലും എൻ്റെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു അനിയേട്ടൻ. കോയമ്പത്തൂർ വിട്ടു ഞാൻ അജ്ഞാതവാസമായിരുന്ന കാലത്തും അച്ഛൻ വഴിയും പരിചയക്കാർ വഴിയും അത് തുടർന്നിരുന്നു എന്ന് പിന്നീട് അറിഞ്ഞു. 
അവസാനമായി അനിയേട്ടനെ കാണാൻ പോയത് ഒരു സുഹൃത്തുമായി ചേർന്ന് പദ്ധതിയിട്ട ഒരു പരിപാടി സംബന്ധിച്ച് സംസാരിക്കാനായിരുന്നു. അതിന്ന് വേണ്ട സഹായങ്ങൾ അദ്ദേഹം വാഗ്‌ദാനം ചെയ്തു. അന്ന് തൻ്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നു. ഞങ്ങൾ കണ്ടത്തിന്റെ പിറ്റേ ദിവസം ചികിത്സയ്ക്കായി ലണ്ടനിൽ പോകുന്ന കാര്യവും പറഞ്ഞു. അപ്പോഴേക്കും അമ്മ വാരസ്യാരും രാജേട്ടനും ഒക്കെ ഓർമ്മയായിക്കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ കാലത്ത് അനിയേട്ടനും പോയി. 

ചികിത്സാലയവും രാജ മന്ദിരവും അത് പ്രദാനം ചെയ്ത സ്നേഹവും സ്വാതന്ത്ര്യവും ഓർമ്മയുടെ പച്ചപ്പായി അവശേഷിക്കെ, ഫാർമസി എന്ന തായ്‌വേരു നൽകിയ ഊർജ്ജവുമായി ജീവിതം വർത്തമാന യാഥാർഥ്യങ്ങളുമായ് മുന്നോട്ട് തന്നെ. 



7 comments:

  1. ആ പഴയ 2 മുറി ക്വാർട്ടർസിൽ ആണ് ഞാൻ ആദ്യം വന്നത്. പിന്നീട് മറ്റേ വീട്ടിലും, വീട് മാറി റെയിൽവേ ട്രാക്കിന്റടുത്ത്. 👍👍💐

    ReplyDelete
  2. ആ പഴയ 2 മുറി ക്വാർട്ടർസിൽ ആണ് ഞാൻ ആദ്യം വന്നത്. പിന്നീട് മറ്റേ വീട്ടിലും, വീട് മാറി റെയിൽവേ ട്രാക്കിന്റടുത്ത്. 👍👍💐

    ReplyDelete
  3. Nostalgia... No words... Good reading..

    ReplyDelete
  4. പാലക്കാട് റീജിയണൽ ഓഫിസിൽ ജോലി ചെയ്യുമ്പോൾ കൃഷ്ണകുമാർ സാറിനെ പരിചയപ്പെടുകയുണ്ടായി. വളരെ സൗമ്യനായ മനുഷ്യൻ. ഓർമ കുറിപ്പുകൾ നന്നായി.

    ReplyDelete