Tuesday, 2 March 2021

ഗിരീഷ് പുത്തഞ്ചേരി


 pic source wiki








ഔദ്യോഗിക ആവശ്യത്തിനായി എറണാകുളത്തേക്കുള്ള യാത്രയിൽ ആയിരുന്നു. കോഴിക്കോട് നിന്ന് പരശുറാമിൽ കയറി. വണ്ടി പുറപ്പെടാറായപ്പോളാണ് കയറിയത്. അനുവദിച്ച സീറ്റിൽ ഇരുന്നു. പിന്നീട് വണ്ടി നീങ്ങിത്തുടങ്ങി, ടോയ്‌ലറ്റ് ഭാഗത്തേക്ക് പോകുമ്പോൾ വലതു വശത്തെ സീറ്റിൽ നിന്ന് ഒരു വിളി കേട്ടു:

"ഡോ"

മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിന്റെ മധ്യത്തിൽ രാജകീയമായി ഇരിക്കുന്നു ഗിരീഷ്.

"തൻ്റെ നായർ എന്ത് പറയുന്നു?" 

നായർ എന്ന് ഗിരീഷ് ഉദേശിച്ചത് എം ടി വാസുദേവൻ നായരെയാണ്. അന്ന് ഇന്ത്യാവിഷന്റെ പ്രോഗ്രാം വിഭാഗം പ്രവർത്തിച്ചിരുന്നത് അദ്ദേഹത്തിൻ്റെ കീഴിലായിരുന്നു. ഞാൻ എം ടി സാറുടെ സഹായിയും. 

ഗിരീഷ് ഏറ്റവും അധികം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു എം ടി. ഇടയ്ക്കിടെ എം ടിയെ വിളിച്ച് വിശേഷങ്ങൾ പങ്കു വെക്കാറുണ്ടായിരുന്നു. നന്ദനത്തിലെ മൗലിയിൽ മയിൽ‌പ്പീലി ചാർത്തി എന്ന ഗാനത്തിന്ന് പ്രചോദനമായത് നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും എന്ന ഗാനമാണ് എന്ന് എം ടി സാറിനോട് പറഞ്ഞതായി അദ്ദേഹം തന്നെ എന്നോട് പറയുകയുണ്ടായി. 

എന്തായാലും ഞാൻ ഗിരീഷിന്റെ അടുത്തേക്ക് സീറ്റ് മാറി ഇരുന്നു. കുറ്റിപ്പുറം എത്തിയപ്പോൾ ട്രെയിൻ പിടിച്ചിട്ടു. അന്ന് ഷൊർണ്ണൂർ സ്റ്റേഷന്റെ അടുത്തായി ഇലക്ട്രിക്ക് കമ്പി പൊട്ടി വണ്ടികൾ ഓരോന്നായി പിടിച്ചിട്ട സമയമായിരുന്നു. സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചപ്പോൾ അടുത്തൊന്നും വണ്ടി വിടാനുള്ള സാധ്യത ഇല്ല എന്നറിഞ്ഞു. ഉച്ച കഴിയുമ്പോഴേക്കും എറണാകുളത്ത് എത്തേണ്ട ആവശ്യം എനിക്കുണ്ടായിരുന്നു. 

"എനിയ്ക്ക് ഒരു തിരക്കും ഇല്ല, എപ്പോ എത്തിയാലും കുഴപ്പമില്ല. താൻ വിട്ടോ." 

അങ്ങിനെ ഞാൻ ബസ്സിലും മറ്റുമായി യാത്ര തുടർന്നു. ഗിരീഷിനെ ഞാൻ അവസാനമായി കണ്ടത് അന്നായിരുന്നു. പിന്നീട് ഒന്നോ രണ്ടോ വട്ടം ഫോണിൽ സംസാരിച്ചിട്ടുണ്ട്. 

ഗിരീഷിനെ ആദ്യമായി കാണുന്നത് ഒലിവ് പബ്ലികേഷൻസിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുമ്പോഴാണ്. ഗിരീഷിന്റെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിക്കാൻ ഞങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. അത് പ്രസിദ്ധീകരിച്ചു കാണുവാനുള്ള തിടുക്കത്തിലായിരുന്നു അയാൾ. ഒരു കവി എന്ന നിലയ്ക്ക് തനിക്ക് അതിലൂടെ അംഗീകാരം ലഭിക്കും എന്ന വിശ്വാസം ഗിരീഷിനുണ്ടായിരുന്നു. 

ആയിടയ്ക്ക് എഴുതിയ ഒരു സിനിമ ഗാനത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന കാലമായിരുന്നു അത്. അതേക്കുറിച്ചു ചോദിക്കാൻ ചെന്നവരോടെല്ലാം കയർത്ത് സംസാരിക്കുന്ന കാലമായിരുന്നു. 

തികച്ചും അനർഹമായ ഒരു വിമർശനമാണത് എന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. വാണിജ്യപരമായി നിർമ്മിക്കുന്ന സിനിമയിൽ സംവിധായകന്റെ ആവശ്യാനുസരണം എഴുതിയ ഒരു പാട്ട് എന്നതിൽ കവിഞ്ഞ് കൂടുതലായൊന്നും അതിൽ ഇല്ല. 

"നിനൈത്താലേ ഇനിക്കും" എന്ന തമിഴ് സിനിമയിൽ ഒരു ഗാന സന്ദർഭം ഉണ്ട്. ഒരു സംഗീത ട്രൂപ്പിലെ പ്രധാന ഗായകനായ നായകൻ സ്വയം മറന്ന് നായികയോട് സംസരിച്ച്കൊണ്ട് നിൽക്കുന്നു. ക്ഷമ കെട്ട കാണികൾ അക്രമാസക്തരാവുന്ന സന്ദർഭത്തിൽ ഗിറ്റാറിസ്റ്റിന് സ്റ്റേജിൽ കയറി പാടേണ്ടതായി വരുന്നു. സാഹിത്യപാരായ യാതൊരു അസ്ക്കിതയും ഇല്ലാത്ത കഥാപാത്രം പാടുന്ന "ശംഭോ ശിവ ശംഭോ" എന്ന ഗാനം "നോൺ സെൻസ് സോങ്സ്" എന്ന ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. ഇത് എഴുതിയതിന് കണ്ണദാസനെ ആരും പോരിന്ന് വിളിച്ചില്ല. അദ്ദേഹത്തിൻ്റെ മാറ്റിന് ഒട്ടും കുറവുണ്ടായതുമില്ല. പക്ഷെ ഇവിടെ ഗിരീഷിന്റെ അനുഭവം മറ്റൊന്നായിരുന്നു. 

അന്ന് ഗിരീഷിനെ കാണുന്നത് കോഴിക്കോട്ടെ മഹാറാണി ഹോട്ടലിലാണ്. കൂടെ ഒലിവിന്റെ നെടും തൂണുകളിൽ ഒന്നായ മധുവും ഉണ്ടായിരുന്നു. ഗിരീഷ് അന്ന് വടക്കുന്നാഥൻ എന്ന സിനിമയുടെ തിരക്കഥ എഴുതുകയായിരുന്നു. സംസാരത്തിനൊടുവിൽ ഊണും കഴിച്ചിട്ടേ ഞങ്ങളെ അവിടുന്ന് പോകാൻ അനുവദിച്ചുള്ളു. 

പുസ്തകം ഞങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ സാധിക്കാതെ വരികയും മറ്റൊരു പ്രമുഖ പ്രസാധകൻ അത് പുറത്തിറക്കുകയും ചെയ്തു. എങ്കിലും, അന്ന് തുടങ്ങിയ ഞങ്ങളുടെ സൗഹൃദം നില നിന്നു. 

ഇന്ത്യാവിഷൻ തുടങ്ങിയപ്പോൾ വിനോദ് മങ്കരയുടെ സംവിധാനത്തിൽ സംഗീത സംവിധായകൻ രാഘവൻ മാഷുമായുള്ള ഒരു അഭിമുഖം ചിത്രീകരിച്ചിരുന്നു. "കഥ രാഘവീയം" എന്ന പേരിൽ ചെയ്ത ആ പരിപാടിയിൽ മാഷുമായി അഭിമുഖ സംഭാഷണം നടത്തിയത് ഗിരീഷായിരുന്നു. കഥ പറഞ്ഞും മാഷുടെ പാട്ടുകൾ സ്വന്തം ശബ്ദത്തിൽ പാടിയും ഗിരീഷ് നടത്തിയ അഭിമുഖം അമൂല്യമായ ഒരു പരിപാടി ആയിരുന്നു. അത് പ്രക്ഷേപണം ചെയ്യാനായില്ല എന്ന് മാത്രമല്ല പിന്നീട് അന്വേഷിച്ചപ്പോൾ അതിൻ്റെ ടേപ്പ് പോലും കണ്ടെത്താനായില്ല. 

പിന്നീടും വിവിധ ആവശ്യങ്ങൾക്കായി ഗിരീഷുമായി സംസാരിക്കാറുണ്ടായിരുന്നു. ക്രമേണ അതും ഇല്ലാതായി. 

ഇതിൽ പറഞ്ഞതിൽ കൂടുതലായി എനിയ്ക്ക് ഗിരീഷുമായി ബന്ധം ഉണ്ടായിരുന്നില്ല. എങ്കിലും ഗിരീഷിന്റെ മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. അയാളുടെ അനേകം സുഹൃത്തുക്കൾക്ക് എന്ന പോലെ അത് ഇന്നും ഉള്ളിൽ ഒരു വിങ്ങലായി കിടക്കുന്നു. 

രാവിൻ തിരുവരങ്ങണയുന്നതിന്ന് മുമ്പ് മണ്ണിൽ വീണ് കിരീടമുടഞ്ഞൊരു ഭഗ്ന സൂര്യൻ. 

1 comment:

  1. മലയാള ചലച്ചിത്ര ഗാന ശാഖക്ക് സംഭവിച്ച അകാല നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അതിശയിപ്പിക്കുന്ന പദ സമ്പത്തിന്റെ ഉടമ.
    അനുസ്മരിച്ചത് നന്നായി.

    ReplyDelete