Sunday, 9 January 2022

റസാഖ് കോട്ടക്കൽ

 


(ചിത്രം കടപ്പാട്: റസാഖിന് സമർപ്പിച്ച ഫേസ്ബുക് പേജ്)

അബദ്ധത്തിൽ അദ്ധ്യാപകനാവേണ്ടിവന്നവനാണ് ഞാൻ. കുട്ടിക്കാലത്തെ സിനിമാമോഹം ലക്ഷ്യ പ്രാപ്‌തി നേടുന്ന വരെ കെട്ടിയാടേണ്ട ഒരു വേഷം. പകരക്കാരനായി തൽക്കാലം വേഷം കെട്ടിയ നാടകക്കാരൻ, വേഷത്തിൽ നിന്ന് പുറത്തു കടക്കാനാവാതെ വീർപ്പുമുട്ടുന്ന പോലെ കഴിഞ്ഞിരുന്ന കാലത്ത് ഞാൻ ബാലൻ മാഷോട് എൻ്റെ അവസ്ഥ വിവരിച്ചു. ഫ്രണ്ട് ഫിലോസോഫർ ഗൈഡ് എന്ന് പറയാവുന്ന ഗണത്തിലുള്ള ആളായിരുന്നു എനിയ്ക്ക് ബാലൻ മാഷ്. അപ്പോൾ തന്നെ മാഷ് ഒരു പോംവഴി നിർദ്ദേശിച്ചു. മാഷുടെ പരിചയത്തിലുള്ള ഒരു ജമാലും സുഹൃത്തുക്കളും സിനിമയിൽ എത്തുന്നതിന്റെ ആദ്യ പടി എന്ന നിലയ്ക്ക് ഒരു പരസ്യ കമ്പനി തുടങ്ങിയിട്ടുണ്ട്. അവരുടെ കൂടെ കൂടാൻ താല്പര്യം ഉണ്ടോ?

അങ്ങിനെയാണ് ഞാൻ യോ ഹോ ഹോ എന്ന പരസ്യ കമ്പനിയിൽ ചേരുന്നതും ജമാലുമായുള്ള എൻ്റെ ബന്ധം തുടങ്ങുന്നതും. (റം തല്പരനായ ക്രീയേറ്റീവ് ഡയറക്ടർ ഇട്ട പേരാണ് യോ ഹോ ഹോ. പ്രചോദനം ട്രെഷർ ഐലൻഡ് എന്ന നോവലിലെ നാവിക ഗാനം: യോ ഹോ ഹോ ആൻഡ് എ ബോട്ടൽ ഓഫ് റം)

കമ്പനിയിൽ ചേർന്ന ദിവസം മുതൽ കേൾക്കാൻ തുടങ്ങിയ പേരാണ് റസാഖ് കോട്ടക്കൽ. റസാഖും ആ കമ്പനിയുടെ ഭാഗമായിരുന്നു. പക്ഷെ ഞാൻ ചേരുന്ന സമയം അയാൾ ദൂരെ ഒരു യാത്രയിലായിരുന്നു. ആഴ്ചപ്പതിപ്പുകളിലും മറ്റും അച്ചടിച്ച വന്ന റസാഖിന്റെ ചിത്രങ്ങളോട് എനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്നു. അത് കൊണ്ട് മറ്റുള്ളവരെക്കാൾ കൂടുതൽ ഞാൻ റസാഖിനെ പ്രതീക്ഷിച്ചിരുന്നു. 

അങ്ങിനെ ഒരു ദിവസം പുറത്തു നിന്ന് വന്നു കയറിയ എന്നോട് ജമാൽ പറഞ്ഞു: ഇതാ ങ്ങള് അന്വേഷിച്ച റസാഖ്. ടക്ക് ഇൻ ചെയ്‌ത്‌ മുട്ടോളം മടക്കി വെച്ച മുഴുക്കയ്യൻ ഷർട്ട്, ദീപ്തിവലയം പോലെ സമൃദ്ധമായി വളർന്ന് നിന്ന ചുരുണ്ട മുടിയും താടിയും, മുഖത്തിൻറെ കാണാവുന്ന ഭാഗത്ത് ഒരു ഗാന്ധികണ്ണട... ബക്കറ്റ് സീറ്റിലെ കുണ്ടിലിരുന്നു റസാഖ് ചിരിച്ചു. പ്രഥമ ദർശനത്തിലെ ഇഷ്ടമെന്ന് പറയുന്ന പോലെ തൽക്ഷണം അയാൾ എന്റെ സുഹൃത്തായി. അത് എൻ്റെ മാത്രം അനുഭവമല്ല. റസാക്കിനെ പരിചയപ്പെട്ട എല്ലാവരുടെയും സ്ഥിതി ഇത് തന്നെ. 

പിന്നീടങ്ങോട്ട് റസാഖ് എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളായി. ചില സമയങ്ങളിൽ വീട്ടിലേക്ക് വരും. പെട്ടെന്ന് തന്നെ എൻ്റെ മക്കളെ പാട്ടിലാക്കും. കുട്ടികളെ റസാഖിന് വലിയ ഇഷ്ടമായിരുന്നു. കുട്ടികൾക്ക് തിരിച്ചും. രാത്രി ബസ്സ് സ്റ്റാൻഡിൽ കൊണ്ടുപോയി വിടുന്നതിന്ന് മുമ്പ് അതിനടുത്തുള്ള ബാറിൽ കയറി അയാളുടെ പ്രിയ ബ്രാൻഡായ സെലിബ്രേഷൻ മേടിച്ചു എപ്പോഴും കൂടെ ഉണ്ടാവുന്ന ബാഗിൽ നിക്ഷേപിക്കും. 

റസാഖ് ഒരു അവധൂതനെപ്പോലെയായിരുന്നു. അങ്ങിനെ ഇരിക്കുന്നതിനിടയിൽ അപ്രത്യക്ഷനാവും. പിന്നീട് ഏറെ കഴിഞ്ഞാവും കാണുക. അതിനിടയിൽ എത്ര ദേശങ്ങൾ ചുറ്റി എന്ന് അയാൾക്ക് മാത്രമേ അറിയൂ. 

ഭൂമിയുടെ സ്ഥായിയായ ഭാവം ഇരുട്ടാണ്. പകൽ എന്നത് വെറും പറ്റിക്കൽ മാത്രമാണ്. സൂര്യനെന്ന ജാലക്കാരന്റെ കരവിരുതിൽ മിന്നിമറയുന്ന നിറങ്ങളെല്ലാം മായ. കളിമതിയാക്കി അത് പോകുമ്പോൾ ലോകം വീണ്ടും അതിൻ്റെ സ്വത്വം കൈവരിക്കുന്നു. 

പഴയ കറുപ്പ് വെളുപ്പ് ചിത്രങ്ങൾ അനുഭവിപ്പിക്കുന്ന സത്യസന്ധമായ തീഷ്ണത കളർ ചിത്രങ്ങൾക്കില്ല എന്ന് എനിയ്ക്ക് തോന്നാറുണ്ട്. അവയിലെ കറുപ്പിന് എന്ത് ആഴമാ... തെളിയുന്ന രൂപങ്ങൾക്ക് എന്തൊരു സ്പഷ്ടതയാ.. 

റസാഖിന്റെ കല കറുപ്പിലും വെളുപ്പിലും കാവ്യങ്ങൾ തീർത്തു. പ്രമുഖ വ്യക്തികൾ പലരും റസാക്കിനാൽ ചിത്രീകരിക്കപ്പെടാൻ കാത്തുനിൽകാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ബഷീർ പോലുള്ള കുലപതികളുടെ ഏറ്റവും മികച്ച ചിത്രങ്ങൾ റസാക്കിന്റെതാണ്. റസാഖ് ഒരിക്കലും അവരെക്കൊണ്ട് പോസ് ചെയ്യിക്കാറില്ല. അവരുടെ കൂടെ ഇരുന്നും നടന്നും സമയം ചിലവാക്കുന്നതിന്റെ ഇടയിൽ എടുക്കുന്ന ചിത്രങ്ങൾ സ്വാഭാവികത കൊണ്ട് മികവ് നേടുന്നു. 

നിശ്ചല ചിത്രങ്ങൾ പകർത്താനുള്ള റസാഖിന്റെ ഉത്സാഹത്തിന്ന് കോട്ടം തട്ടാൻ തുടങ്ങുന്നത് കളർ ചിത്രങ്ങളുടെ വ്യാപനത്തോടുകൂടിയാണ് എന്ന് പറയാം. ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം റോൾ പോലും ലഭ്യമാകാതെ വന്നതോട് കൂടി റസാഖ് കൂടുതൽ ഖിന്നനായി. അതും കഴിഞ്ഞ് ഡിജിറ്റൽ ചിത്രങ്ങൾ വന്നതോട് കൂടി ചിത്രമെടുപ്പ് ആർക്കും ആവാമെന്ന അവസ്ഥയുണ്ടായി. ഓരോ ചിത്രവും ഒരു കലാസൃഷ്ടി ഉണ്ടാക്കുന്ന ശ്രദ്ധയോടെ പകർത്തിയിരുന്ന റസാക്കിനെ ഇത് അസ്വസ്ഥമാകി.  

എങ്കിലും റസാഖിന്റെ ചിത്രങ്ങൾക്ക് സ്വീകാര്യത ഉണ്ടായിരുന്നു. തനിക്ക് കൂടി ബോധ്യമാവുന്ന തരത്തിലുള്ള ചിത്രപ്പകർച്ചയെ നടത്താറുള്ളു എന്ന് മാത്രം. സുഹൃത്തുക്കൾക്ക് വേണ്ടി വിഡിയോഗ്രഫിയും എറ്റെടുക്കാറുണ്ടായിരുന്നു. ജോഷി ജോസെഫ് പോലുള്ള സുഹൃത്തുക്കളുമായി ചേർന്ന് മികച്ച സൃഷ്ടികളുടെ ഭാഗമായിട്ടുമുണ്ട്. പക്ഷെ കറുപ്പും വെളുപ്പും ഇല്ലാതായതിന്റെ നഷ്ടബോധം റസാഖ് ഉള്ളിൽ കൊണ്ട് നടന്നിരുന്നു എന്ന് തോന്നിയിട്ടുണ്ട്.  

യോ ഹോ ഹോ കഴിഞ്ഞ് ഒലിവ് കാലത്തും ഇന്ത്യവിഷൻ കാലത്തും റസാഖുമായുള്ള സൗഹൃദം തുടരുകയും കൂടുതൽ ദൃഢമാവുകയും ചെയ്തു. ഇന്ത്യവിഷൻ വിട്ട ശേഷം ഉണ്ടായ അനിശ്ചിതത്വത്തിന്റെ കാലയളവിനൊടുവിൽ കോഴിക്കോട് ദർശന ചാനലിന്റെ പ്രോഗ്രാം വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്ത്, ജോലിയിൽ പ്രവേശിക്കാൻ പോകുന്ന യാത്രക്കിടയിൽ, റസാഖിന്റെ ഫോൺ വന്നു. റസാക്കും രാജഗോപാലും മീഡിയ വൺ ടെലിവിഷന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നു എന്നും ഞാനും അവരോടൊപ്പം ഉണ്ടാവണമെന്നും പറഞ്ഞു. ദർശനയിൽ ചേരാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ അവിടെ പറഞ്ഞതിനേക്കാൾ കൂടുതൽ ശമ്പളവും താമസ സൗകര്യവും തരാം എന്ന് പറഞ്ഞു. പക്ഷെ ചാനൽ ലോഞ്ച് ചെയാനുള്ള ചുമതലയുള്ളതിനാൽ അതിനു ശേഷം മാത്രമേ എനിയ്ക്ക് ആ കാര്യം ആലോചിക്കാൻ പറ്റു എന്ന് ഞാൻ പറഞ്ഞു.  

പിന്നീടും ചില പദ്ധതികളെപ്പറ്റി റസാഖ് സംസാരിച്ചിരുന്നു എങ്കിലും അവ യാഥാർഥ്യമായില്ല. ശാന്തിനികേതൻ മാതൃകയിൽ തുറസ്സായ ഒരു വിദ്യാലയമായിരുന്നു അവയിൽ ഒന്ന്. കുറെ കഴിഞ്ഞ് വയനാട് സ്ഥിരതാമസമാക്കിയ കാലത്ത് ഒരിക്കൽ എന്നോട് പറഞ്ഞു: എനിയ്ക്ക് നിങ്ങളുടെയും ഖാലിദിന്റെയും കാര്യത്തിൽ മാത്രമാണ് വിഷമമുള്ളത്. നമ്മുടെ കൂട്ടത്തിൽ എങ്ങും എത്താതെ പോയവർ നിങ്ങൾ രണ്ടു പേർ മാത്രമാണ്. 

മദ്യപാനം കാരണം ആരോഗ്യ നില തീർത്തും വഷളായ കാലത്ത് ചികിത്സക്കായി വൈറ്റിലയിലെ ഒരു ആശുപത്രിയിൽ റസാഖിനെ പ്രവേശിപ്പിച്ചിരുന്നു. അക്കാലത്തു ഒരു ദിവസം എന്നെ വിളിച്ചു. മരുന്നിന്ന് കുറച്ചു പൈസ ആവശ്യമുണ്ടെന്നും എനിയ്ക്ക് അത് തരാൻ പറ്റിയാൽ നന്ന് എന്നും പറഞ്ഞു. ഇത്രയും കാലത്തിനിടയിൽ റസാഖ് എന്നോട് ആദ്യമായി ഒരു സഹായം ആവശ്യപ്പെടുകയാണ്. ഉച്ച കഴിഞ്ഞു കാണാം എന്ന് പറഞ്ഞ് ഞാൻ നേരെ ജമാലിന്റെ മുറിയിലേക്ക് കയറി കാര്യം പറഞ്ഞു. റസാഖ് അവിടെ ആവാനുള്ള സാഹചര്യം വിശദീകരിച്ച ജമാൽ പൈസ മദ്യം വാങ്ങാനായിരിക്കും എന്നും പറഞ്ഞു. ഏതായാലും ഞാൻ പോവുകയും പൈസ കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞു റസാഖിനെ കാണാൻ പോയി. 

സംസാരത്തിനിടയിൽ പൈസ മരുന്നിനല്ല മദ്യത്തിനാണ് എന്ന് പറഞ്ഞ റസാഖ് എന്നെയും കൂട്ടി മദ്യം വാങ്ങാൻ പുറത്തിറങ്ങി. മദ്യത്തെ പറ്റിയും അതിൻ്റെ ലഹരിയുണർത്തുന്ന സർഗ്ഗോന്മാദത്തെപ്പറ്റിയും വിശദമായി സംസാരിച്ചു. മദ്യത്തിന്ന് ഇത്രയും സാധ്യത ഉണ്ടോ എന്ന് എനിയ്ക്കു തോന്നിപ്പോയി എന്നത് വാസ്തവമാണ്. മദ്യമില്ലാതെ തനിക്ക് അസ്തിത്വമില്ല എന്നും ഇവിടെ വരാൻ തയാറായത് സുഹൃത്തുക്കളുടെ ആത്മാർത്ഥത മാനിച്ചുമാണെന്ന് പറഞ്ഞു. നമ്മൾ കണ്ടതിന്റെ പിറ്റേ ദിവസം അവിടുന്ന് മുങ്ങാൻ പരിപാടിയിട്ടിട്ടുള്ള കാര്യവും പറഞ്ഞു. അത് പോലെ ചെയ്യുകയും ചെയ്തു എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. 

റസാഖിനെ ഞാൻ അവസാനമായി കാണുന്നത് അന്നായിരുന്നു. പിന്നീട് ഇടയ്ക്ക് സുഖവിവരങ്ങൾ അന്വേഷിച്ച് ഒന്നോ രണ്ടോ തവണ എന്നെ വിളിച്ചിരുന്നു. കുറെ കഴിഞ്ഞു കേട്ടത് മരണവാർത്തയാണ്. വയനാട്ടിലേക്ക് ജമാൽ അടക്കമുള്ള സുഹൃത്തുക്കൾ പോയിരുന്നു. എറണാകുളത്തായിരുന്ന ഞാൻ സമയത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണം പോയില്ല. നിശ്ചലനായി കിടക്കുന്ന റസാഖിനെ എങ്ങിനെയാണ് കാണുക.

സുഹൃത്തുക്കൾ എല്ലാ കൊല്ലവും നടത്തുന്ന റസാഖ് അനുസ്മരണത്തിൽ ഞാനും കൂടാറുണ്ട്. ഓർമ്മ പങ്കിട്ട് ആളുകൾ സംസാരിക്കുമ്പോഴൊക്കെ ഇടയ്ക്കിടക്ക് എൻ്റെ കണ്ണുകൾ വാതിൽക്കലിലേക്ക് നോക്കാറുണ്ട്. റസാഖ് എങ്ങാനും കയറിവരുമോ എന്നൊരു തോന്നൽ. ഏറെ കാലം കാണാതിരുന്നു അവിചാരിതമായി പ്രത്യക്ഷനാവുന്ന സ്വഭാവം അയാൾക്ക് പണ്ട് തൊട്ടേ ഉള്ളതാണല്ലോ. 






3 comments:

  1. റസാഖ് കോട്ടക്കൽ ധാരാളം കേട്ടറിഞ്ഞ പേര്.. പ്രണാമം ,

    ReplyDelete
  2. റസാക്കാനെയോർക്കാൻ" എനിയ്ക്ക്" അനുസ്മരണ ചടങ്ങിന് പോകേണ്ട.ഈ കമന്റെഴുതുന്നതും റസാക്കയുടെ ക്ലിന്റ് കോട്ടയ്ക്കലിലിരുന്നാണ്.

    ReplyDelete