Monday, 11 May 2020

വായന

അക്ഷരങ്ങളോടുള്ള ആർത്തി കുട്ടികാലത്ത് തുടങ്ങിയതാണ്. പാഠ പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ അതല്ലാത്ത എന്തും വായിക്കാനായിരുന്നു താല്പര്യം. പലരും പറയാറുള്ള പോലെ, സാധങ്ങൾ പൊതിഞ്ഞു വരുന്ന കടാസുകൾ എല്ലാം ഞാനും വായിച്ചിരുന്നു. പക്ഷെ എൻ്റെ ചുറ്റുപാടിൽ പുസ്തകങ്ങളുടെ ലഭ്യതക്ക് ഒരു പരിമിതി ഉണ്ടായിരുന്നു. 
ആദ്യമായ് വ്യക്തിപരമായ പുസ്തക ശേഖരം കാണുന്നത് ഗുഡല്ലൂർ ഉള്ള അമ്മാവൻറെ വീട്ടിൽ വെച്ചാണ്. ഓരോ പുസ്തകമായി ഞാനും പ്രസാദും മറിച്ച് നോക്കിയിരുന്നത് ഓർമ്മയുണ്ട്. (പ്രസാദ്- മറ്റൊരു അമ്മാവൻറെ മകനും എൻ്റെ അടുത്ത കൂട്ടുകാരനും. ഞങ്ങൾ ഒരുമിച്ചാണ് അന്ന് എല്ലാ സ്ഥലത്തും യാത്ര ചെയ്തിരുന്നത്.) 
എന്ത് വായിക്കണം എന്നറിയാത്ത ഒരു കാലമായിരുന്നു അത്. 
പുസ്തകങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവ്‌ ഉണ്ടാവുന്നത് ബന്ധുവും പിന്നീട് അഭ്യുദയകാംക്ഷിയുമായ് മാറിയ നാരായണേട്ടന്റെ (കവി പി എം നാരായണൻ) വീട്ടിൽ വെച്ചാണ്. അവിടുന്നങ്ങോട്ടാണ് വായന എൻ്റെ സ്വത്വത്തിന്റെ ഭാഗമാവുന്നത്. വരണ്ട കണ്ണുകളുമായി ഇക്കാലത്തും വായന കൈവിടാതെ അങ്ങിനെ പോകുന്നു.  
വായന തികച്ചും വ്യക്തിപരമാണ് എനിക്ക്. സ്ഥിരമായ ചുറ്റുപാടിൽ സ്ഥിരമായ സ്ഥലത്ത് സ്ഥിരമായ കസേരയിൽ, നിശ്ശബ്ദമായി...

Reading Silhouette Images, Stock Photos & Vectors | Shutterstock

ചില പുസ്തകങ്ങൾ, പ്രത്യേകിച്ച് ഇംഗ്ലീഷിൽ അച്ചടിച്ച കുറച്ച് കാലപ്പഴക്കം ചെന്ന പുസ്തകങ്ങൾ, ഏടുകളുടെ നിറം കൊണ്ടും ഗന്ധം കൊണ്ടും ഗൃഹാതുരത ഉണർത്താറുണ്ട്. നമ്മുടെ ഭാഷാപുസ്തകങ്ങളിൽ അത് അങ്ങിനെ അനുഭവപ്പെടാറില്ല. ഓരോ പുസ്തകവും ഓരോ ലഹരിയാണ്. ആദ്യം നമ്മൾ കുറച്ച് കുറച്ചായി വായിച്ച് തുടങ്ങുന്നു. ഏതു നിമിഷവും നമ്മൾക്ക് അത് നിർത്തിവെക്കാം. ഏടുകൾ മറിയുന്തോറും പുസ്തകം ഒരു ചുഴി പോലെ നമ്മെ അതിൻറെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ട് പോകുന്നു. പിന്നെ അവസാന ഏടും മറിഞ്ഞു കഴിയുന്നത് വരെ നമ്മെ അത് അടിമപ്പെടുത്തി വെക്കുന്നു. വായന കഴിഞ്ഞാലും ഇംഗ്ലീഷിൽ "സ്റ്റോൺഡ്" എന്ന് പറയുന്ന മരവിച്ച അവസ്ഥയിൽ അത് നമ്മെ കെട്ടിയിടുന്നു. 

*
അറിവും വിനോദവുമാണ് വായനയുടെ പ്രധാന ഫലങ്ങളാവുന്നത്. അറിവിന് മാത്രമായ് വായിക്കാം. വിനോദത്തിന് മാത്രമായും വായിക്കാം. വിനോദിപ്പിച്ചുകൊണ്ട് അറിവ് നൽകുന്ന വായനയും ഉണ്ട്. അറിവ് ഉൾക്കാഴ്ച്ചയായ് മാറുമ്പോളാണ് വായന അർത്ഥവത്തതാവുന്നത്.  







2 comments:

  1. എഴുത്ത് നന്നായിടുണ്ട് .സൈഫ് നെ ഓർമപ്പെടുത്തിയതിൽ പ്രത്യേകിച്ച് .ഇംഗ്ലീഷ് ലും ഇടക്കൊക്കെ എഴുതു .

    ReplyDelete