Thursday, 14 May 2020

അന്ന് ദൈവം ടിഫിൻ ബോക്സുമായ് വന്നു

യാത്രികനാവാൻ പുറപ്പെട്ട് അധ്യാപകനായ ചരിത്രമുണ്ട് എനിക്ക്. ഹിമാലയ നിരകളുടെ വിളി കേട്ട് കാഠ്‌മണ്ഡുവിൽ എത്തിപ്പെട്ട എനിക്ക് എളുപ്പം കിട്ടിയ ജോലി അദ്ധ്യാപകനായിട്ടായിരുന്നു. ഹ്രസ്വകാലം മാത്രം എന്ന് ഉറപ്പിച്ച ജോലി സ്ഥിരമായി എന്ന് തോന്നുന്ന രീതിയിൽ തുടരേണ്ടി വന്നപ്പോൾ അദ്ധ്യാപനത്തിനുള്ള യോഗ്യതാ ബിരുദമായ ബി എഡ് ഇല്ലാത്തത് ഒരു കുറവായി മാറി. അപ്പോഴേക്കും നേപ്പാൾ വിട്ട് കർണാടകയിലെ ഗുൽബർഗ്ഗയിലായി ക്യാമ്പ്. അങ്ങിനെ വിദൂര പഠനത്തിനുള്ള കോഴ്‌സിന്ന് ചേർന്നു. തപാലിലൂടെയായിരുന്നു പാഠങ്ങൾ വന്നിരുന്നത്. പഠനത്തിൻറെ ഭാഗമായി രണ്ടാഴ്ച്ച അണ്ണാമലൈ ക്യാമ്പസിലെ ക്ലാസുകളിൽ പങ്കെടുക്കുക എന്നത് നിർബന്ധമായിരുന്നു. 
അങ്ങിനെയാണ് ചിദംബരത്തിൽ എത്തുന്നത്. 
താമസവും ഭക്ഷണവും എല്ലാം സുഖകരം. നല്ല പച്ചപ്പ് ഉള്ള ക്യാമ്പസായിരുന്നു. ക്ലാസ്സ് കഴിഞ്ഞ് തെരുവുകളിലൂടെ വെറുതെ നടക്കും. സന്ധ്യ കഴിഞ്ഞാൽ ചിദംബരക്ഷേത്രത്തിൽ പോയിരിക്കും കുറച്ച് നേരം. കറുത്ത് എണ്ണക്കറ പടർന്ന തൂണിൽ ചാരി ഇരിക്കുമ്പോൾ അതെ തൂണിൽ ഇതിന്ന് മുമ്പ് എത്ര തലമുറകൾ ചാരിയിരുന്നിട്ടുണ്ടാവും എന്നൊക്കെ വെറുതെ തോന്നാറുണ്ടായിരുന്നു. രാത്രിയിൽ മെസ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഹോട്ടലുകളിൽ ഭക്ഷണം. അഗ്രഹാരങ്ങളെ ഓർമ്മിപ്പിക്കുന്ന നിരവീടുകളുടെ ഉൾമുറികളിലായിരുന്നു അവ പ്രവർത്തിച്ചിരുന്നത്. കൺമുമ്പിൽ തയാറാവുന്ന ഭക്ഷണം. പൊറോട്ട ഉണ്ടാക്കുന്നത് ഒരു കലയാണ് എന്ന് മനസ്സിലായത് അപ്പോഴാണ്. 
മടക്കത്തിനുള്ള ദിവസം രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തി. ഒട്ടും തിരക്കുണ്ടായിരുന്നില്ല. ആകെ രണ്ടോ മൂന്നോ പേർ. പ്ലാറ്റുഫോമിൽ ഒരു വൃദ്ധ സ്ത്രീ ഇരുന്നു ഉച്ചത്തിൽ പുലമ്പുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചപ്പോൾ അവർ സകല ആളുകളെയും പ്രാകിക്കൊണ്ടിരിക്കയായിരുന്നു. അതും നല്ല തെറിവാക്കുകൾ കൊണ്ട്. അവരുടെ അടുത്ത് നിന്ന് സുരക്ഷിതമായ അകലം പാലിച്ച് നിൽക്കുന്നതിനിടയിൽ വണ്ടി വന്നു. ഒടുവിലത്തെ ഒരു കമ്പാർട്ട്മെന്റിലാണ് കയറിയത്. എന്റെ പിന്നാലെ കാക്കി ഷർട്ടിട്ട ഒരാളും കയറി. ജോലിക്ക് പോകുന്നത് സ്ഥിരമായി ഈ വണ്ടിക്കാവും. ആ പെട്ടിയിൽ ഞങ്ങളെക്കൂടാതെ വേറെ ആരും ഉണ്ടായിരുന്നില്ല. 
അപ്പോൾ ഉള്ളിൽ ഒരു കാളലോടെയാണ് നേരത്ത ഞാൻ കണ്ട ആ വൃദ്ധയും അതെ കമ്പാർട്ട്മെന്റിലേക്ക് കയറി വരുന്നത് കണ്ടത്. അവരുടെ തെറിപറച്ചിൽ കുറെ കൂടി ഉച്ചത്തിൽ ആയോ.. എന്തായാലും പുറത്തേക്കുള്ള വഴിയുടെ അരികിലായ് തറയിൽ ഇരിക്കുന്ന അവരുടെ ഭാഗത്തേക്ക് നോക്കാതിരിക്കാൻ  ശ്രദ്ധിച്ചു. 
പെട്ടെന്നാണ് എന്റെ കൂടെ വണ്ടികയറിയ ആൾ പ്ലാസ്റ്റിക് നൂലു കൊണ്ട് മെടഞ്ഞ തന്റെ സഞ്ചിയിൽ നിന്ന് ഒരു ചോറ്റുപാത്രം പുറത്തെടുക്കുന്നത്. അത് തുറന്ന് ആ വൃദ്ധയുടെ അടുത്തേക്ക് നീക്കി കൊടുത്തു. അയാളെ ഒന്ന് നോക്കി അവർ. എന്നിട്ട് ആ പാത്രം വാരി എടുത്ത് അത്‌ വരെ ഭക്ഷണം കാണാത്ത ഒരാളുടെ ആർത്തിയോടെ അത് മുഴുവൻ കാലിയാക്കി. അവർ ഇപ്പോൾ തികച്ചും ശാന്ത. ഒരക്ഷരം പോലും അവരുടെ വായിൽ നിന്ന് വരുന്നുണ്ടായിരുന്നില്ല. 
മറ്റേ ആൾ മെല്ലെ എണീറ്റു. ടിഫിൻ ബോക്സ് എടുത്ത് അവിടെയുണ്ടായിരുന്ന പൈപ്പിൽ കഴുകിയ ശേഷം അത് തിരികെ തൻറെ സഞ്ചിയിൽ തന്നെ വെച്ചു. ആരും ആരെയും നോക്കുകയോ ഒന്നും പറയുകയോ ഉണ്ടായില്ല. 
ട്രെയിൻ അപ്പോഴേക്കും പുറപ്പെട്ടിരുന്നു. ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. ഇളം വെയിൽ പരന്ന പച്ചപ്പാടങ്ങളിൽ ഒരു അഭൗമ സൗന്ദര്യം വന്നു നിറഞ്ഞു. 

 
 

2 comments:

  1. വിശപ്പിന് ഇങ്ങിനെയും ഒരു പ്രകടനഭേദം ഉണ്ട് ല്ലേ .

    ReplyDelete
  2. ഉണ്ട്‌ എന്ന് ഞാൻ അന്നാണു മനസ്സിലാക്കിയത്‌

    ReplyDelete