Sunday, 10 May 2020

കഴുതക്കാര്യം











pic courtesy


ബാല്യം തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ ആയിരുന്നത് കൊണ്ട് ഞാൻ ആദ്യമേ കണ്ട് പരിചയിച്ച മൃഗങ്ങളിൽ ഒന്ന് കഴുതയായിരുന്നു. അലക്കുകാരുടെ ചുമട്ട് വാഹനമായി നടക്കാത്ത സമയം മുഴുവൻ അവ റോഡുകളിൽ വിഹരിച്ചിരുന്നു. സ്ഥിരമായ് കാണുന്ന കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്താറില്ല, കൗതുകം ഉണർത്താറുമില്ല. അത് കൊണ്ട് കഴുതകളും എന്നെ സംബന്ധിച്ച് നഗരദൃശ്യത്തിന്റെ ഭാഗമായിരുന്നു. നാട്ടിൽ നിന്ന് വിരുന്നു വരാറുള്ളവർ കഴുതകളെ കണ്ട് അത്ഭുതം പറയുമ്പോഴാണ് നാട്ടിൽ ഈ മൃഗം ഇല്ലല്ലോ എന്ന് ഓർത്തു പോവുന്നത്.

പൊതുവെ കഴുത ഒരു മ്ലേച്ച ജന്മമായാണ് കരുതപ്പെടുന്നത്. കുതിരകൾ ക്ഷത്രിയ കുലജാതരും. അഴുക്ക് ചുമക്കുന്നത് കൊണ്ടും അലക്കുകാർ ഉൾപ്പെടെ സമൂഹത്തിന്റെ പുറമ്പോക്കിൽ പണ്ട് കഴിയാൻ വിധിക്കപ്പെട്ട ആളുകളുടെ ഇടയിൽ കഴിയുന്നതും ഒക്കെയാവാം കാരണങ്ങൾ.  

പക്ഷെ കഴുതകൾ അത്ര നിസ്സാരക്കാരല്ല. കുതിരകളേക്കാൾ ബുദ്ധിയുള്ള ജീവികളാണ് കഴുതകൾ. നല്ല ഓർമ്മശക്തിയും ഉണ്ട്. 'കഴുതയെപ്പോലെ പിടിവാശി' എന്ന് ഉപമിക്കാറുണ്ട്. നിൽപ്പുറച്ച് കഴിഞ്ഞാൽ എത്ര മർദ്ദിച്ചാലും കഴുത ഒരടി മുന്നോട്ട് വെക്കില്ല എന്നത് കൊണ്ടാവാം ഇത്. പക്ഷെ അതിജീവന കലയിൽ ഈ മൃഗത്തെ രക്ഷിക്കുന്നത് ഈ സ്വഭാവം ആണ്. അത് കൊണ്ട് കുതിരകൾ പെട്ടെന്ന് ചെന്ന് ആപത്തിൽ ചാടുമ്പോൾ കഴുതകൾ അത്ര പെട്ടെന്ന് അപകടത്തിൽ പെടുന്നില്ല. ക്ഷമയും നിർവികാരതയുമാണ് അവയുടെ മുഖമുദ്ര. 

"പൊതു ജനം കഴുത" എന്ന പ്രയോഗം കൊണ്ട് എല്ലാം മറക്കുന്ന ബുദ്ധിശൂന്യമായ ഒരു വിഭാഗമാണ് ജനം എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ, അത് കഴുതകളോട് ചെയുന്ന അനീതിയാണ്. ജനങ്ങൾ പൊതുവെ വികാരജീവികളാണ്. ആൾക്കൂട്ടങ്ങൾ നയിക്കുന്നവരുടെ വാക്കുകൾക്കനുസരിച്ച് പെരുമാറുന്നത് അവരുടെ വൈകാരികതയിൽ തൊടുമ്പോഴാണ്. 

ആൾക്കൂട്ട മനോഭാവത്തിന്ന് മികച്ച ഉദാഹരണം ഷേക്സ്പിയറിന്റെ ജൂലിയസ് സീസർ എന്ന നാടകത്തിൽ കാണാം. ജനങ്ങൾ ഏറെ ആരാധിച്ചിരുന്ന ജൂലിയസ് സീസറിന്റെ മരണം അയാൾക്ക് അർഹിച്ച ശിക്ഷയാണ് എന്ന് ബ്രൂട്ടസ് ആ ജനങ്ങളുടെ മുമ്പിൽ തന്നെ സമർത്ഥിക്കുന്നു. ജനാധിപത്യം ശ്വാസ വായുവായി കരുതുന്ന പുരാതന റോമിൽ ഏകാധിപതിയാവാൻ ശ്രമിച്ചു എന്ന കുറ്റമാണ് സീസറിൽ ആരോപിക്കപ്പെട്ടത്. അത് മരണം അർഹിക്കുന്ന ശിക്ഷയാണ് താനും. പിന്നാലെ സീസറുടെ ശവം ചുമന്ന് കൊണ്ട് മാർക്ക് ആൻറ്റണി വരുന്നു. സീസറിനെ അടക്കം ചെയാനാണ് താൻ വന്നത് എന്നും അല്ലാതെ അയാളെ വാഴ്ത്താൻ അല്ല എന്നും അയാൾ ആദ്യമേ പറയുന്നു. അത് കൊണ്ട് ജനം അയാളെ സംസാരിക്കാൻ അനുവദിക്കുന്നു. പക്ഷെ അയാൾ വളരെ വിദഗ്‌ധമായി ജനങ്ങളുടെ വികാരങ്ങളെ ഇളക്കി വിടുന്നു. സീസറിന്ന് എതിരായും ബ്രൂട്ടസിന്ന് അനുകൂലമായും ഉണ്ടായിരുന്ന ജനവികാരം നേരെ വിപരീത ദിശയിലേക്ക് തിരിച്ചു വിടുന്ന ആൻ്റണി കൈവെച്ചത് ജന വികാരത്തിലാണ്. അയാളുടെ പ്രകടനത്തിനൊടുവിൽ ജനം ബ്രൂട്ടസിനെ വധിക്കാൻ ഓടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

ഇന്നും ഇക്കാര്യത്തിൽ ഒരു മാറ്റവും ഇല്ല. വ്യക്തികൾ എന്ന നിലക്ക് അത്യാവശ്യം വിവേകം തോന്നിപ്പിക്കുന്നവർ, ആൾക്കൂട്ടത്തിന്റെ ഭാഗമായി മാറുമ്പോൾ വെറും വികാര ജീവികളായി മാറുന്നു. പിന്നീട് വിവേകം തിരിച്ചെത്തി ശാന്തരാവുമ്പോഴേക്കും നാശങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടാവും. ജനാധിപത്യം എന്ന് വിളിക്കുന്ന രാഷ്ട്രീയ പ്രക്രിയക്കും അടിസ്ഥാനം ഈ വികാര ചൂഷണം തന്നെയാണ്.  വികാര ജീവികൾ സംഘം ചേർന്ന് വരുമ്പോൾ വിവേകമുള്ള ജീവികൾ വഴിയിൽ നിന്ന് മാറി നിൽക്കുക എന്നതാണ് അതിജീവന പാഠം. 







3 comments:

  1. ജനത്തിന്റെ ഈ മനോനിലയെ ആണ് രാഷ്ട്രീയകാർ വേണ്ട വണ്ണം ഉപയോഗിച്ച് നേതാവാകുന്നത്

    ReplyDelete
  2. കഴുതയെപ്പറ്റി പറഞ്ഞപ്പോൾ ജോണ് അബ്രാമിനെയും അഗ്രഹാരത്തിൽ കഴുതയെയും M B ശ്രീനിവാസനെയും എല്ലാം ഓർത്തുപോയി.

    ReplyDelete