ഞങ്ങളുടെ
തറവാട്ടിലെ മരുമക്കത്തായ വ്യവസ്ഥയിൽ കോയമ്പത്തൂർ ഉള്ള കാലത്തോളം സ്ക്കൂൾ രേഖകളിലെ രക്ഷിതാവ്
അമ്മാവനായിരുന്നു. പിന്നീട് അദ്ദേഹം ഗൂഡല്ലൂർക്ക് താമസം മാറി. അച്ഛനുമായി നല്ല സൗഹൃദം
പുലർത്തിയിരുന്ന അദ്ദേഹത്തോട് ചോദിച്ചിട്ടേ എൻ്റെ കാര്യങ്ങളിൽ തീരുമാനം ഉണ്ടാവാറുള്ളു.
നല്ല നീണ്ട്
നിവർന്ന ശരീരം. ഖദർ പാൻറ്റ്സും ഖദർ ഷർട്ടും വേഷം. നടക്കുമ്പോൾ കൂട്ടിന്ന് അമ്മാവനെ
പോലെ തന്നെ നടു നിവർന്ന് കൂടെ നടക്കുന്ന ഒരു കാലൻ കുട. നടത്തത്തിൽ അദ്ദേഹത്തിൻ്റെ കൂടെ
നടന്നെത്താൻ പാട് പെടും. ആരോടും വിദ്വേഷം ഇല്ലാത്തത്കൊണ്ട് മുഖത്തു എപ്പോഴും പ്രസന്നത.
അടുത്ത് വരുമ്പോൾ പുറകോട്ട് ചീകിയ തലമുടിയിൽ നിന്നുള്ള നേരിയ ഹെയർ ഓയിൽ ഗന്ധം. വീട്ടിലാണെങ്കിലും
എപ്പോഴും വൃത്തിയുള്ള ഖദർ മുണ്ടും കൈയ്യില്ലാത്ത ഖദർ ബനിയനും. (ഞങ്ങൾ കുട്ടികൾ അതിനെ
അമ്പ്യാരമ്മാമയുടെ ഷിമ്മീസ് എന്ന് ഇടയ്ക്ക് പറഞ്ഞ് ചിരിക്കാറുണ്ട്.) കൃത്യം അഞ്ചരയ്ക്ക്
ഉണരും. യാതൊരു ദുശ്ശീലവും ഇല്ലാത്ത തികഞ്ഞൊരു ഗാന്ധിയൻ.
തികഞ്ഞ
കോൺഗ്രസ്സുകാരനായിരുന്നു.
ഗാന്ധിക്ക് ശേഷം നെഹ്രു പിന്നീട് ഇന്ദിരാ ഗാന്ധി എന്ന കണക്കിൽ കോൺഗ്രസ്സിലെ നേതാക്കളെ ആദരിച്ചു പോന്നു. പ്രായത്തിന്ന് മുമ്പേ മൂപ്പെത്തിയ എനിക്ക് രാഷ്ട്രീയവും സജീവ വായനാ വിഷയമായിരുന്നു. അമ്മാവനുമായി ഇടയ്ക്കൊക്കെ രാഷ്ട്രീയം ചർച്ച ചെയ്യാറുണ്ട്. കാലം മാറുന്നതിന്ന് അനുസരിച്ച് കോൺഗ്രസ്സും മാറി വന്നു. ഇടയിക്കിടയ്ക്ക് ഞാൻ അമ്മാവനോട് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് : ഇന്നത്തെ ഇന്ത്യ കാണുമ്പോൾ സ്വാതന്ത്ര്യത്തിന്ന് വേണ്ടി അന്ന് കഷ്ടപ്പെട്ടത് വെറുതെയായി എന്ന് തോന്നുന്നുണ്ടോ? ആദ്യകാലങ്ങളിലെല്ലാം ഹേ, ഇല്ല എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ് ക്രൂരതയുടെ കഥകൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോൾ വീണ്ടും ചോദിച്ചു. ഇല്ല എന്ന് പറഞ്ഞെങ്കിലും ശബ്ദത്തിന്ന് ഒരു ഉറപ്പ് പോരാ എന്ന് തോന്നി. ഇന്ദിരയോടുള്ള കൂറ് അപ്പോഴും തീർന്നിരുന്നില്ല. പക്ഷെ ആ വൻമരം വീണപ്പോൾ
ഉണ്ടായ കൂട്ടക്കുരുതി അമ്മാവന്ന് ദഹിക്കുന്നുണ്ടായിരുന്നില്ല.
അതിന്ന് ശേഷമുള്ള എൻ്റെ ചോദ്യങ്ങൾക്ക് മൗനമോ ദീർഘ നിശ്വാസമോ ഒക്കെയായിരുന്നു മറുപടി.
സ്വാതന്ത്ര്യ ലബ്ദിയോടെ കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ ദൗത്യം പൂർത്തിയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ഉടൻ കോൺഗ്രസ്സ് പിരിച്ചു വിടണം എന്ന് ഗാന്ധി അന്ന് പറഞ്ഞത് അതിൻ്റെ ഭാവിയിലെ പതനം മുൻകൂട്ടി കണ്ടിട്ടാവണം. സ്വാതന്ത്ര്യ സമരം ലക്ഷ്യമാക്കി കോൺഗ്രസ്സ് എന്ന വലിയ കുടക്കീഴിൽ അണിനിരന്നവർ വ്യത്യസ്ഥ ചിന്താധാരയിൽ പെട്ടവരായിരുന്നു. ഇടത് പക്ഷ ചിന്തയുള്ള സോഷ്യലിസ്റ്റുകളും വലതുപക്ഷ ചിന്തയുള്ള ഹിന്ദു മുസ്ലിം മതസ്ഥരും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അവർ എല്ലാം അംഗീകരിച്ച ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ്സിന്റെ പ്രസക്തി സ്വാതന്ത്ര്യത്തോട് കൂടി ഇല്ലാതായി. കൂടെ നിന്നവർ വ്യത്യസ്ഥ വിശ്വാസധാരയുടെ ഭാഗമാവാൻ തിരിച്ച് പോയി. ആദർശത്തിൽ ഊന്നിയ തലമുറ കഴിഞ്ഞപ്പോഴേക്കും അധികാരത്തിൽ ഊറിപ്പോയ കോൺഗ്രസ്സും സ്വന്തം നേട്ടങ്ങൾക്ക് പിന്നാലെ പോകാൻ തുടങ്ങി. സ്വജന പക്ഷപാതവും അഴിമതിയും മൂത്തു സർവ്വാധികാരത്തിന്റെ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴാണ് പുതിയ കോൺഗ്രസ്സിന്റെ പൊള്ളത്തരം ആളുകൾക്ക് ബോധ്യമായത്.
ഈ മാറ്റങ്ങൾ അമ്മാവനും മനസ്സിലാക്കിയിരുന്നു. പിന്നീട് രാഷ്ട്രീയം സംസാരിക്കാൻ വലിയ ഉത്സാഹം കാണിച്ചിട്ടില്ല. യാത്രകളും കുടുംബക്കാരുമായുള്ള സൗഹൃദം പുതുക്കലുമൊക്കെയായി ശിഷ്ടകാലം.
എൻ്റെ കുടുംബത്തിലെ രണ്ടാമത്തെ അർബുദ രോഗിയായി മാറിയ ശേഷം യാത്രകൾ ഇല്ലാതായി. തൃശ്ശൂരുള്ള മൂത്ത മകളുടെ വീട്ടിൽ വെച്ച് അന്ത്യം വരിക്കുന്നതിന്ന് മുമ്പ് രണ്ട് മൂന്ന് തവണ കാണാൻ പോയിരുന്നു.
വിശ്വാസങ്ങൾക്കതീതമായി ആളെ കൊണ്ട് പോകുന്ന അർബുദം എന്ന രോഗം പോലെത്തന്നെയാണ് അധികാരത്തിൽ ഉറച്ച് പോയ കൂട്ടങ്ങളുടെ കഥയും. അലക്കിത്തേച്ച പ്രതീക്ഷയുടെ നാമ്പുമായ് വളർന്ന് വലുതായി വിരിഞ്ഞു നിൽക്കുമ്പോൾ വേരുകളിൽ കാർന്ന് തിന്നുന്ന ഞണ്ടുകളെ ശ്രദ്ധിച്ചെന്ന് വരില്ല. പിന്നീട് അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോഴും ഞാൻ ഓർത്തത് മഹാപ്രസ്ഥാനങ്ങളുടെ തകർച്ചയെ കുറിച്ചാണ്.

തലകെട്ടു അമ്പ്യാർ അമ്മാമ യും കാങ്കറേസും എന്നായിരുന്നു എങ്കിൽ കുറച്ചു കൂടി എനിക്ക് ഇഷ്ടപ്പെട്ടേനെ. നല്ല ശൈലീ. നന്ദി
ReplyDeletethanks. peru aadyame venda enn vechathayirunu..
Deleteതലകെട്ടു അമ്പ്യാർ അമ്മാമ യും കാങ്കറേസും എന്നായിരുന്നു എങ്കിൽ കുറച്ചു കൂടി എനിക്ക് ഇഷ്ടപ്പെട്ടേനെ. നല്ല ശൈലീ. നന്ദി
ReplyDeletethanks
ReplyDeleteനന്നായിട്ടുണ്ട്, ആ മഹാന് പ്രണാമം. കാണുമ്പോഴുളള ചിരി ഓർമ്മവന്നു.
ReplyDeletethank you sankara. reply late ayi. :(
Delete