Saturday, 10 April 2021

വിശറി

 

                                                                                                                                                                                                                                                                                                                                                     







pic courtesy


പക്ഷിയുടെ ചിറകിനെ സൂചിപ്പിക്കുന്ന പംഖ് എന്ന ഹിന്ദി പദത്തിൽ നിന്നാണത്രെ പങ്ക എന്ന വാക്ക് ഉണ്ടായത്. ഇന്ന് നമ്മൾ കാണുന്ന വിശറിയുടെ ആദ്യ രൂപം അതാവണം. പക്ഷിയുടെ ചിറകടിക്കുമ്പോൾ ഉണ്ടാവുന്ന ചെറു കാറ്റ് പോലെ, വീശുന്നയാൾക്ക് മാത്രം ലഭിക്കുന്ന കുളിർമ്മ. 

ദർബാറുകളുടെ പഴയ ചിത്രങ്ങളിൽ രാജാവിന്ന് പിന്നിൽ വിശറി വീശി നിൽക്കുന്നവരെ കൗതുകത്തോടെ നോക്കിയിട്ടുണ്ട്. വലിയ പങ്കകൾ കയറു വലിച്ച് ചലിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. യന്ത്രങ്ങൾ പോലെ സിംഹാസനങ്ങളെ തണുപ്പിച്ച് നിർത്തുന്ന പങ്കാവാലകളുടെ നിർജ്ജീവ മുഖങ്ങൾക്ക് പിന്നിൽ പല ദർബാർ കഥകളും മറഞ്ഞിരിക്കുന്നുണ്ടാവാം. 

ഇന്ന് വിശറി അഥവാ ഫാൻ എന്ന പദം തീവ്രമായ ആരാധനയുള്ളവരെ വിശേഷിപ്പിക്കാൻ കൂടി ഉപയോഗിക്കുന്നുണ്ട്. കാറ്റു കൊള്ളാൻ ഉപയോഗിക്കുന്ന വിശറിയും ആരാധകനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. മതഭ്രാന്തിനെ സൂചിപ്പിക്കുന്ന ഫനാറ്റിക് എന്ന വാക്കിന്റെ ലോപമാണ് ഈ ഫാൻ. പിന്നീട് തമിഴിലും മലയാളത്തിലും ഈ വാക്ക് നേരിട്ട് വിവർത്തിപ്പിക്കപ്പെട്ടപ്പോൾ ആരാധകൻ വിശറിയായി മാറി എന്ന് മാത്രം.

കോയമ്പത്തൂരിലെ വീട്ടിൽ ഫാൻ ഇല്ലായിരുന്നു. കേരളത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ ഈർപ്പം കുറവായതിനാലാവാം പുഴുങ്ങുന്ന ചൂട് അവിടെ ഇല്ല. അന്നൊക്കെ ഉഷ്ണവും ഇന്നത്തേത് പോലെയില്ല. വൈദ്യശാലയുടെ നടുത്തളത്തിൽ തട്ടിന്റെ മധ്യത്തിലായി തൂക്കിയിട്ട ജടായുവിനെപ്പോലെ കറങ്ങുന്ന ഒരു ഫാൻ ഉണ്ടായിരുന്നു. ചില രോഗികളുടെ മുറികളിൽ മേശപ്പുറത്തു കറങ്ങുന്ന ചെറിയ ഫാനും കണ്ടിട്ടുണ്ട്. 

നല്ല ഉഷ്ണം തോന്നിയാൽ ഗോപാൽ പൽപ്പൊടിയുടെ പരസ്യം പതിച്ച ഒരു കടലാസ്സ് വിശറിയായിരുന്നു ആശ്വാസത്തിനായി കൈയിൽ എടുത്തിരുന്നത്. 

പ്രൗഢമായ ഒരു വിശറി കണ്ടത് പുലാപ്പറ്റയിൽ ബാലരാമൻമാമയുടെ കൈയ്യിലായിരുന്നു. പക്ഷെ ഞങ്ങൾ കുട്ടികൾക്ക് അത് കാണുവാനുള്ള അനുവാദം മാത്രമേ ഉണ്ടായിരുന്നുള്ളു. ചിലപ്പോഴൊക്കെ അതിന്റെ പിടി കൊണ്ട് നല്ല അടിയും കിട്ടിയിട്ടുണ്ട്. 

സർവത്ര വൈദ്യുതി വന്നതോട് കൂടി വിശറിയുടെ ആവശ്യം കുറഞ്ഞു, പിന്നെ തീരെ ഇല്ലാതായി. മിക്ക വീടുകളിലും ഫാൻ വന്നു. എയർ കൂളർ, എയർ കണ്ടീഷണർ എന്നിങ്ങനെ ഇന്ന് ഉഷ്ണത്തെ അതിജീവിക്കാൻ മാർഗ്ഗങ്ങൾ കുറെ ഉണ്ട്. നമ്മുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഏതും തിരഞ്ഞെടുക്കാം. 

എങ്കിലും അത്യുഷ്ണം ഉള്ള ചില സമയങ്ങളിൽ വൈദ്യുതി ഇല്ലാതെ വരും. അന്നേരത്തെ  പരാക്രമത്തിൽ മേൽ പറഞ്ഞ ഒരു ഉപകരണം കൊണ്ടും ഒരു ഉപയോഗവുമില്ല എന്ന സത്യം നമ്മൾ തിരിച്ചറിയും. നമ്മുടെ വീട്ടിലെ എളിയ അംഗമായിരുന്ന വിശറിയുടെ കാര്യം നാം ഓർക്കുക അപ്പോഴാണ്. 

ഒരു വിശറി വാങ്ങിക്കണം എന്ന ആഗ്രഹം കുറെ കാലമായുണ്ടെങ്കിലും ആഭ്യന്തര വകുപ്പിൻറെ താൽപ്പര്യക്കുറവുകൊണ്ടും നല്ല വിശറിയുടെ ലഭ്യതക്കുറവ് കൊണ്ടും അത് നടക്കാതെ ഇരിക്കയായിരുന്നു. അപ്പോഴാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. 

ഞങ്ങളുടെ ഗ്രാമം ഉൾപ്പെട്ട നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളിൽ ഒരാൾ അഴിമതിയാരോപണം നേരിടുന്ന ഒരു മുൻമന്ത്രിയുടെ പുത്രനാണ്. ഒറ്റ ദിവസത്തെ രാജാക്കന്മാരെ തേടി അധികാര മോഹികളെല്ലാം സമ്മാനങ്ങളുമായി എത്തുന്ന കാലമാണല്ലോ തിരഞ്ഞെടുപ്പ് കാലം. അങ്ങിനെ മേൽപ്പറഞ്ഞ കക്ഷിയുടെ വക ഞങ്ങൾക്കും കിട്ടി ഒരു സമ്മാനം. രണ്ട് വശവും കക്ഷിയുടെ ചിരിച്ച മുഖവും ചിഹ്നവും പതിച്ച മനോഹരമായ ഒരു കടലാസ്സ് വിശറി. ഒരു വീശിന്ന് അത് ഒടിഞ്ഞു പോയില്ല ട്ടോ. 

പെട്ടിയിൽ ഉറങ്ങുന്ന വോട്ടുകളിൽ എത്ര എണ്ണം അയാൾക്ക് കിട്ടും എന്നറിയില്ല. ജയപരാജയ സാധ്യതകളെക്കുറിച്ച് അറിയില്ല. അടുത്ത തിരഞ്ഞെടുപ്പിൽ അയാൾ സജീവമായി ഉണ്ടാവുമോ എന്നും അറിയില്ല.

എങ്കിലും ഒരു കാര്യം ഏകദേശം പറയാം. കുറച്ച് കാലത്തേക്കെങ്കിലും അയാളുടെ മുഖം പതിച്ച വിശറി ഞങ്ങൾക്ക് ഉഷ്ണത്തിൽ നിന്ന് ആശ്വാസം നൽകും. 









1 comment:

  1. പണ്ട് പൂരക്കാലത്ത് ലഭ്യമായിരുന്ന പട്ട വിശറി ഓർമ വന്നു.

    ReplyDelete