Saturday, 18 September 2021

ഒരു കഥ

 



അപ്പൊട്ടാമ (അപ്പു കുട്ടൻ അമ്മാമ) എന്ന് ഞങ്ങൾ വിളിക്കുന്ന മാനവിക്രമൻ തമ്പാൻ വൈകുന്നേരങ്ങളെ രസപ്രദമാക്കാൻ പറഞ്ഞു തരാറുള്ള അഗ്രശാലകഥകളിൽ നിന്നുള്ള ഒരു കഥ. 

പണ്ട് നടന്നതായി പറയപ്പെടുന്ന കഥയാണ്. പണ്ട് എന്ന് പറഞ്ഞാൽ മണ്ണിലൊക്കെ മനുഷ്യന്ന് വിശ്വാസം ഉണ്ടായിരുന്ന കാലം. അന്നൊക്കെ സമ്പന്നത പറ കൊണ്ടാണ് അളന്നിരുന്നത്. കുറച്ചൊക്കെ കാലികളും ഉണ്ടെങ്കിൽ കേമമായി. ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ ദരിദ്രനല്ലാ എന്ന് പറയാം.  

അക്കാലത്ത് പേരെടുത്ത ഒരു തറവാട്ടിലെ ഒരേ ഒരു മകനാണ് നമ്മുടെ നായകൻ. മകൻ എന്ന് പറഞ്ഞാൽ അമ്മ മാത്രമേ അയാൾക്ക് ഇപ്പൊ ഉള്ളു. അല്ലെങ്കിലും അച്ഛനൊക്കെ ആ കാലത്ത് ഒരു അലങ്കാരമായിരുന്നല്ലോ. 
അമ്മയ്ക്ക് അക്കാലത്തെ സ്ത്രീകളെപ്പോലെ നല്ല കാര്യപ്രാപ്‌തി ഉണ്ടായിരുന്നു. അത് കൊണ്ട് മകന് പ്രത്യേകിച്ച് പണി എടുക്കേണ്ടിയൊന്നും വന്നില്ല. അന്നൊക്കെ ജോലിയ്ക്ക് പോവുക എന്ന് പറഞ്ഞാൽ കുടുംബത്തിനെ ആകമാനം നാണംകെടുത്തുന്നതിന്ന് തുല്യമായിരുന്നു. 

മകന് കവിത എഴുതുന്ന അസ്‌കിത ഉണ്ടായിരുന്നു എന്ന് ആ അമ്മ കുറച്ച് വൈകിയാണ് മനസിലാക്കിയത്. അതിലേക്ക് നയിച്ച കാര്യങ്ങൾ രസകരമാണ്.

ഒഴിഞ്ഞ വിരസ പകലുകളും കരിമ്പടത്തിന്നടിൽ പെട്ട എലിയെ പോലെ ശ്വാസം മുട്ടിക്കുന്ന രാത്രികളും അയാളെ അസ്വസ്ഥമാക്കാൻ തുടങ്ങി. മരപ്പച്ചയും പാടങ്ങളും പൂക്കളും വെയിൽതിളക്കമേറ്റ വഴികളും നിലാവും നക്ഷത്രങ്ങളും അയാളിൽ എപ്പോഴോ കയറിക്കൂടിയിട്ടുണ്ടാവണം. അയാളിൽ കുറേശ്ശയായി കവിത കിനിയാൻ തുടങ്ങി.  

കേൾവിക്കാർ ഇല്ലാത്ത കവിത നടുക്കടലിൽ പെയ്യുന്ന മഴ പോലെയാണ്. ഇതറിയാവുന്ന നമ്മുടെ നായകൻ കേൾവിക്കാരെ തേടിപ്പോയി. പുറംപണിക്ക് വന്നവരോടൊക്കെ ഒന്ന് പയറ്റി നോക്കി. അവർ അയാളെ കണ്ടാൽ ഉടനെ കർമ്മ ചിത്തരായി മാറി. അല്ലെങ്കിലും അവരോട് കവിത പാടിയിട്ട് കാര്യമില്ല എന്ന് അയാൾ നിശ്ചയിച്ചു. അങ്ങിനെയാണ് അയാൾ കാര്യസ്ഥനെ കവിത കേൾപ്പിക്കാൻ തുടങ്ങിയത്. ഒന്ന് രണ്ട് ദിവസം കാര്യസ്ഥൻ സഹിച്ചു. എന്തായാലും തറവാട്ടിലെ ഉണ്ണിയല്ലേ. പക്ഷെ വീണ മരത്തിൽ ഉണ്ണി എന്നും ഓടിക്കേറാൻ തുടങ്ങിയതോടെ കാര്യസ്ഥൻ അധികം വരാതെയായി. 

കാര്യസ്ഥനെ കാണാതായാപ്പോഴാണ് അമ്മയ്ക്ക് മകൻറെ വാസനയെക്കുറിച്ച് മനസ്സിലായത്‌. "എന്നാൽ ഉണ്ണിക്കവിത എന്നെ കേൾപ്പിച്ചോളു. വേറെ ആരെയും കേൾപ്പിക്കാൻ പോണ്ടാ."

അല്ലെങ്കിലും അമ്മമാർ ഭൂമിയേക്കാൾ ക്ഷമ ഉള്ളവരാണല്ലോ. 

ഉണ്ണി വീട് വിട്ടു പോവാതായതോടെ പാടത്തും വരമ്പത്തും വീണ്ടും കളിചിരി പടർന്നു. അമ്മയ്ക്ക് നിന്ന് തിരിയാൻ സമയമില്ലാതെയായി. ഉണ്ണി നിർത്താതെ കവിത ചുരത്താൻ തുടങ്ങി. അമ്മയാണെങ്കിലും മനുഷ്യനല്ലേ. മറ്റൊരു പോംവഴി ആലോചിച്ചു തുടങ്ങിയപ്പോഴാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്. മകൻ പുര നിറഞ്ഞ് നിൽക്കുകയാണ്. എന്നാ പിന്നെ ഒരു സമ്മന്തം കഴിപ്പിക്കാം. 

അധികം താമസിയാതെ ഉണ്ണിയ്ക്ക് കൂട്ട് കൂടാൻ ഒരു കുട്ടിയെ കിട്ടി. കുട്ടി എന്ന് പറഞ്ഞാൽ മറ്റൊരു വലിയ വീട്ടിലെ വലിയ കുട്ടി തന്നെ. കല്യാണമറിഞ്ഞ നാട്ടുകാർക്കൊക്കെ സന്തോഷമായി. സദ്യ ഉണ്ണുകയും ചെയ്യാം ഇനിയുള്ള കാലം സമാധാനമായി കഴിയുകയും ആവാം. മൂവന്തി കഴിഞ്ഞപ്പോൾ തുടങ്ങിയ സദ്യ കഴിയുമ്പോഴേക്കും കുറച്ച് വൈകി പോയി. വന്നവർ ദൂരെ നിന്ന് തന്നെ ഉണ്ണിയ്ക്ക് അഭിവാദ്യം അർപ്പിച്ച് പോകാൻ ശ്രദ്ധിച്ചു. 

ആളൊഴിഞ്ഞു കഴിഞ്ഞപ്പോൾ വിസ്തരിച്ച് എണ്ണതേച്ച് കുളിച്ച് ശുദ്ധിവരുത്തിയ ശേഷം ഉണ്ണി മണിയറയിലേക്ക് പുറപ്പെട്ടു. തനിച്ചെമ്പിന്റെ അലങ്കാരപ്പണികളോട് കൂടി ദീപ പ്രഭയിൽ തിളങ്ങിയ മരക്കതക് മെല്ലെ തള്ളി തുറന്നു. 

ആയിരം വസന്തങ്ങളുടെ സൗരഭ്യവുമായി വിടരാൻ കാത്തിരിക്കുന്ന താഴമ്പൂ മൊട്ടു പോലെ കസവിൽ മൂടിയ സ്വപ്നമായി കട്ടിലിൽ അവൾ...

* * * 
ധർമ്മഭൂമി പത്രത്തിന്റെ സ്വന്തം ലേഖകൻ (സ്വ. ലെ. എന്ന് ചുരുക്കപ്പേര്) പാക്കരൻ എന്ന ഭാസ്കരൻ തിരക്കിട്ടു കോടതി ലക്ഷ്യമാക്കി പോവുകയാണ്. അതിർത്തി തർക്കവും തേങ്ങാ മോഷണവും മാത്രം എഴുതി പിടിപ്പിച്ചിരുന്ന അയാൾക്ക് ഇന്ന് ശരിക്കും ഒരു അപൂർവ്വ അവസരമാണ് വന്നു ചേർന്നത്. അയാളുടെ ഓർമ്മയിൽ പ്രദേശത്തെ ആദ്യത്തെ വിവാഹ മോചന കേസ്. അതും രണ്ട് പ്രധാന കുടുംബങ്ങൾ തമ്മിൽ. 

പാക്കരൻ കോടതി സമക്ഷം ഹാജരാവുമ്പോഴേക്കും വാദി ഭാഗം കേൾക്കാൻ തുടങ്ങിയിരുന്നു. സാക്ഷി കൂട്ടിൽ കത്തിച്ച് വെച്ച അഞ്ചടി നിലവിളക്കു പോലെ പ്രകാശം പരത്തിയ അവൾ ന്യായാധിപൻറെ ചോദ്യങ്ങൾ നേരിടുകയായിരുന്നു. പ്രതികൂട്ടിൽ എണ്ണ തീർന്ന മൂട്ട വിളക്ക് പോലെ അപ്രസക്തനായി കവി. 

കല്യാണം കഴിഞ്ഞു അധികമായില്ലല്ലോ 
ഇല്ല 
ഭർത്താവ് സ്നേഹിക്കുന്നില്ലേ 
ഉണ്ട് 
അയാൾ ഉപദ്രവിക്കാറുണ്ടോ 
ഇല്ല 
ഉണ്ണാനും ഉടുക്കാനും തരാറില്ലേ 
ഉവ്വ് 
താമസിക്കുന്ന സ്ഥലത്ത് വല്ല സൗകര്യക്കുറവും ഉണ്ടോ 
ഇല്ല 
ഭർത്താവിന്റെ അമ്മയിൽ നിന്ന് വല്ല ശല്യവും..
അയ്യോ, ഇല്ലേ ഇല്ല. അവർ എനിയ്ക്ക് ദൈവത്തെപ്പോലെയാണ്..
പിന്നെ എന്താ ഇങ്ങനെ തോന്നാൻ..?
കവിത 
കവിതയോ 
അതെ സാർ.. 
തെളിച്ച് പറയാമോ 
കല്യാണം കഴിഞ്ഞ ആദ്യ രാത്രി തുടങ്ങിയതാ സാർ കവിത കേൾപ്പിക്കാൻ. ആ രാത്രി മുഴുവൻ കവിത കേട്ടിരുന്നു. അടുത്ത ദിവസവും അതിനു അടുത്ത ദിവസവും എന്നിങ്ങനെ എല്ലാ ദിവസവും ആയപ്പോൾ ഞാൻ കുറച്ചൊക്കെ മാറി നില്ക്കാൻ നോക്കി. അടുക്കളയിൽ പോയാൽ പിറകെ വരും. കഴിക്കാൻ ഇരുന്നാൽ മുന്നിൽ വന്നിരിക്കും. കുളിക്കാൻ പോയാൽ കടവിൽ വന്നിരിക്കും. അവസാനം നിക്കകളിയില്ലാതായപ്പോൾ കക്കൂസിൽ പോയി ഇരിക്കാൻ തുടങ്ങി. അതിന്ന് മുന്നിലും വന്നിരുന്നു കവിത കേൾപ്പിക്കാൻ തുടങ്ങി സാർ.. ഇനി എനിയ്ക്ക് വയ്യാ..

പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ പാക്കരൻ പത്രാപ്പീസ് ലക്ഷ്യമാക്കി കുതിച്ചു. 



























10 comments:

  1. കഥയും കേമം, അവതരിപ്പിച്ചതും മനോഹരം.

    ReplyDelete
  2. നർമ്മത്തിൽ ചാലിച്ച അവതരണം നന്നായിരിക്കുന്നു.

    ReplyDelete
  3. അപാരം, ആ അവസ്ഥ ഒന്നു ചിന്തിച്ചു പോയി.

    ReplyDelete
  4. അപ്പോട്ടാമയ്ക്ക് പിൻമുറക്കാരായി ഇത്തരം കവിതക്കമ്പക്കാരുടെ പരമ്പര തന്നെ ണ്ടായി. അറം പറ്റീ ന്നു ചുരുക്കം.

    ReplyDelete
  5. കവിയുടെ വേദന ആരും അറിയുന്നില്ല...

    ReplyDelete