മാതൃത്വം ഒരു സങ്കൽപ്പമാണ്. മനുഷ്യന്ന് സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃകയാവുന്നത് ഈ സങ്കൽപ്പമാണ്. പകൽ പറക്കാൻ ഇറങ്ങുന്ന പക്ഷി അന്തിക്ക് ചേക്കേറാൻ വരുന്ന കൂടാണ് അമ്മ. ബന്ധങ്ങളിൽ ഏറെ പവിത്രവും ശാശ്വതവുമായി കരുതപ്പെടുന്ന ബന്ധമാണ് മാതൃ-പുത്ര ബന്ധം. വിലമതിക്കേണ്ട ബന്ധങ്ങളുടെ പട്ടികയിലും പ്രഥമ സ്ഥാനം അമ്മയ്ക്കാണ്: മാതൃ ദേവോ ഭവ!
മറ്റു ജീവികളെ അപേക്ഷിച്ച് മാതൃഭാവം കൂടുതൽ കാണുന്നത് സസ്തനികളിലാണ്. കുഞ്ഞ് ജനിച്ച് കഴിഞ്ഞ് കുറച്ച് കാലമെങ്കിലും സംരക്ഷണം ആവശ്യമാവുന്നത് കൊണ്ടാവാം ഈ പ്രത്യേകത. കുഞ്ഞുങ്ങളെ കാക്കുന്ന കാര്യത്തിൽ, അമ്മമാർ കാണിക്കുന്ന ജാഗ്രതയാണ് ഏത് വർഗ്ഗത്തിൻറെയും നിലനിൽപ്പിന്റെ ആധാരം. വിത്ത് പാകുന്നതോടു കൂടി പുരുഷന്റെ കടമ കഴിയുന്നു. അതിന്ന് രൂപം ഉണ്ടാക്കി ലോകത്തിലേക്ക് ഇറക്കി വിട്ട് കാര്യപ്രാപ്തി ഉണ്ടാവുന്നത് വരെ കൂടെ വരുന്ന കരുതലിന്റെ പേരാണ് അമ്മ.
മറ്റ് ജീവികളിൽ അമ്മയുടെ ഭാഗം കുഞ്ഞിന്ന് കാര്യപ്രാപ്തിയാവുന്നതോടു കൂടി തീരും. അത് കഴിഞ്ഞാൽ രണ്ടും രണ്ട് വഴി. പക്ഷെ മനുഷ്യന്റെ കാര്യത്തിൽ അത് മരണം വരെയും, മരണാനന്തരവും നിലനിൽക്കുന്ന ബന്ധമാണ്.
എല്ലാ അമ്മമാരും മാലാഖമാരല്ല. എല്ലാ മക്കൾക്കും അമ്മ എന്നത് ഒരു കരുതലിന്റെ ഓർമ്മയുമല്ല. അമ്മയാണെങ്കിലും അടിസ്ഥാനപരമായി അവർ ഒരു വ്യക്തിയാണ്. അമ്മമാരിലും ഭിന്ന വ്യക്തിത്വങ്ങൾ ഉണ്ടാവാം. അതനുസരിച്ചുള്ള ബന്ധമാവും അവരും മക്കളും തമ്മിൽ രൂപപ്പെടുക. എങ്കിലും മനുഷ്യകുലത്തെ താങ്ങി നിർത്തുന്ന മൂല്യങ്ങളിൽ എന്നും പ്രഥമ സ്ഥാനം കല്പിക്കപെടുന്നത് മാതൃത്വത്തിനാണ്.
പുലാപ്പറ്റ എന്ന ഗ്രാമത്തിലെ ഒരു കൂട്ട് കുടുംബമാണ് എന്റേത്. ബന്ധുബലം കൊണ്ട് ഞങ്ങൾ സമ്പന്നരാണ്. പത്ത് നൂറ് അംഗങ്ങളുള്ള കുടുംബത്തിലെ മൂത്തവർ എല്ലാവരും ഏട്ടനോ ഒപ്പോളോ, ഇളയവർ എല്ലാവരും അനിയനോ അനിയത്തിയോയാണ്. അതിന് ഒരു അമ്മയുടെ വയറ്റിൽ തന്നെ ജനിക്കണം എന്നില്ല. എന്നെ പ്രസവിച്ച അമ്മയെ കൂടാതെ എനിക്ക് മൂന്ന് ചെറിയമ്മമാരും ഉണ്ട് അമ്മമാരായി. അവർ എല്ലാവരും കൂടിയാണ് എന്നെ വളർത്തിയതും. പ്രസവിച്ച അമ്മയെ കൂടാതെ രണ്ട് അമ്മമാർ നേരത്തെ പോയി - ശ്രീദേവി ചെറിയമ്മ, വിമലോപ്പോൾ (സ്ഥാനം കൊണ്ട് ചെറിയമ്മയാണെങ്കിലും ഓപ്പോൾ എന്നാണ് വിളിച്ച് ശീലം.)
ഇനി ഉള്ളത് സർവ്വം സഹ എന്ന തത്ത്വത്തിൽ ജീവിച്ചു പോരുന്ന സരള ഓപ്പോൾ.
മരിച്ചു പോയ അമ്മമാർക്ക് അഞ്ജലി. ജീവിച്ചിരിക്കുന്ന അമ്മയ്ക്കുള്ള അഭിവാദനമാണ് ഈ കുറിപ്പ്.

Happy Mother's day!
ReplyDelete🌹🙏
ReplyDelete