Tuesday, 12 May 2020

അതെ, ആ പഹയനെക്കുറിച്ച് തന്നെ

'എന്താ പേര്?'
'സൈഫുദീൻ'
'എന്താ ജോലി?'
 'ബിസിനസ്സാ'
'എന്ത് ബിസിനസ്സ്?'
'എക്സ്പോർട്ട് ആണ്'
'എന്ത്?'
'ഷാഡോ എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട്'
'ങേ?'
'അതെ. രാവിലെ വീട്ടിൽ നിന്ന് നിഴൽ കടത്തി ക്ലബ്ബിൽ കൊണ്ട് വെക്കും. ഉച്ചക്ക് അത് തിരിച്ച് വീട്ടിലിറക്കും.'
ചോദിച്ചയാൾക്ക് അപ്പോഴും കാര്യം മുഴുവൻ മനസിലായിട്ടുണ്ടാവില്ല. അത്ര ഗൗരവത്തോടെ അല്ലെ നീ അയാളോട് സംസാരിച്ചത്?

അല്ലെങ്കിലും നീ എന്നും അങ്ങിനെയായിരുന്നു.. ദുരിതങ്ങൾക്ക് മുമ്പിൽ പല്ലിളിച്ച് കാണിക്കും. അത് കൊണ്ട് തന്നെ കളിയും ചിരിയും കണ്ട് രസിച്ചവരിൽ കുറച്ച് പേര് മാത്രമേ നിന്റെ നീറ്റൽ അറിഞ്ഞിട്ടുള്ളു.

സ്വന്തം വിശ്വാസങ്ങൾക്കനുസരിച്ചുള്ള ജോലി മാത്രമേ എടുക്കു എന്ന് പറഞ്ഞ നിൻറെ യോഗ്യത ഒമ്പതാം ക്‌ളാസ്സായിരുന്നു. കമലഹാസനും അത്രയേ പഠിച്ചിട്ടുള്ളു എന്നും നീ കൂട്ടിച്ചേർക്കും. പക്ഷെ തടിച്ച് കുനുകുനാന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ അച്ചടിച്ച പുസ്തകങ്ങൾ വായിക്കാനോ അവയെക്കുറിച്ച് അറിവോടെ സംസാരിക്കാനോ നിനക്ക് അത് തടസ്സമായിരുന്നില്ല.
 
ഇരുട്ടിനെ പേടിയായിരുന്ന എന്നെ രാത്രി പത്ത് മണിക്ക് ഗ്രാമപാതയിലൂടെ നടത്തിച്ച് ശശിയുടെ വീട്ടിൽ എത്തിച്ചത് നീയാണ്. എല്ലാ വ്യാഴാഴ്ചയും ചടങ്ങുപോലെ ഉണ്ടായിരുന്ന ആ നടത്തം എനിക്ക് ഇരുട്ടിനെ പരിചയമാക്കിത്തന്നു. 

ഹിന്ദി കിളിർക്കാത്ത തമിഴ് മണ്ണിൽ നിന്ന് വന്ന എനിക്ക് ഹിന്ദിസംഗീതത്തിലേക്ക് വാതിൽ തുറന്ന് തന്നത് നീയാണ്. റാഫിയും ഗുലാം അലിയും നിന്നിലൂടെ എന്റെ ആസ്വാദനത്തിന്റെ ഭാഗമായി. (ഇതിൽ അനിയേട്ടന്റെ പങ്ക് നമ്മൾക്ക് വിസ്മരിക്കാൻ പറ്റുമോ ഡാ?)

ക്ലബ്ബിലെ കുരുന്നു പിള്ളാരുടെ കൂടെ എസ്തപ്പാനെപ്പോലെ കളിച്ച് നടന്ന നിനക്ക് അങ്ങിനെ ആറ്റ് നോറ്റ് ഒരു വിസ കിട്ടി. നിന്റെ ഭാഷയിൽ പറഞ്ഞാൽ, വയസ്സാൻകാലത്ത്. 

അവിടെ ചെന്നിട്ടും നിന്റെ കഷ്ടപ്പാടുകൾ തീർന്നില്ല എന്ന് ഞാൻ അറിഞ്ഞു. അതിനെക്കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല. നീ പറഞ്ഞതും ഇല്ല. മിസ്സ്ഡ് കാളുകൾ നിത്യേനെ എനിക്കും മറ്റു സുഹൃത്തുക്കൾക്കും വന്നു. നീ പറഞ്ഞത് അത് തിരിച്ച് വിളിക്കാൻ വേണ്ടിയല്ല, എനിക്കും ആരെങ്കിലും ഒക്കെ ഉണ്ട് എന്ന് സ്വയം സമാധാനിപ്പിക്കാനാണ് എന്നാണ്. 

കഷ്ടിച്ച് ഒരു ജോലിയായി, കാലിന്നടിയിലെ മണ്ണ് ഉറച്ചു എന്ന് തോന്നിയ സമയത്താണ് കോട്ടക്കലിലെ പാത്തിയിൽ കിടന്ന് നടുനിവർത്താൻ നീ വിമാനം കയറി വന്നത്. പക്ഷെ ആ വിമാനം നിന്നെ ഇറക്കിയത് ഞണ്ടുകളുടെ നാട്ടിലായിരുന്നു. അവിടെനിന്ന് ഒരു ഇടവേള നിനക്ക് ലഭിച്ചതുമില്ല.
 
അന്ത്യമായി എന്നെ അറിവോടെ ഭാര്യയുടെ കൈത്താങ്ങിൽ നീ കഴിയവേയാണ് നിന്നെ ഞാൻ അവസാനമായി കാണുന്നത്. സ്വന്തം വീടിന്നരികിലെ ഒരു പെങ്ങളുടെ വീട്ടിൽ. എറണാകുളത്തെ ആശുപത്രിയിൽ കണ്ട പ്രസന്നത കൈമോശം വന്നിരുന്നു. ആവേശത്തോടെ കളിക്കുന്നതിനിടയിൽ പരിക്ക് പറ്റി കോർട്ടിന് പുറത്തിരിക്കേണ്ടി വന്ന ഫുട്ബോൾ കളിക്കാരന്റെ മ്ലാനത ഞാൻ കണ്ടു. നിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ഞാൻ ആലോചിച്ചു, എങ്കിലും ചോദിച്ചില്ല. അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കിയില്ല. 

അത് കഴിഞ്ഞ് പതിനൊന്നു കൊല്ലമായി.

എത്ര കുടഞ്ഞാലും നിന്നെ കളയാനാവുന്നില്ലലോ പഹയാ.. 






5 comments:

  1. Vaapaku ennum epozhum kootukareyanu ettavum ishttam...vaapa enthayalum bagyam ulla vyakthiyanu...uncle poleyulla nalla friends ne alle kittiyath

    ReplyDelete
  2. Heart touching words.Vaappaane kurichu eazhuthiyathil valare sandhosham thonunnu.

    ReplyDelete
  3. കബറിടം വിശാലമാക്കി കൊടുക്കട്ടെ.

    ReplyDelete
  4. വേർപിരിഞ്ഞു വർഷങ്ങൾ ആയെങ്കിലും സൈഫു ഇപ്പോഴും നമ്മുടെയെല്ലാം മനസ്സിൽ ഒരു ദീപ്ത സ്മരണയ്ക്കായി നിലനിൽക്കുന്നു.
    ക്ലബ്ബ്മായി എന്നെ കൂട്ടിയിണക്കിയ കണ്ണിയായിരുന്നു സൈഫു. സ്മരണ ഗംഭീരമായി.

    ReplyDelete
  5. വർഷങ്ങൾ ഏറെ ആയെങ്കിലും സൈഫു നമ്മുടെ എല്ലാം മനസ്സിൽ ദീപ്തമായ ഒരു ഓർമ്മയായി നിലകൊള്ളുന്നു. സൈഫുവിനെ അനുസ്മരിച്ചത് ഉചിതമായി.

    ReplyDelete