കൗമാരം മുതൽ തന്നെ ശവദാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത് കൊണ്ട് മരണത്തെ ഒരു തരം നിസ്സംഗതതയോടെ കാണാൻ പഠിച്ചു. അതിൽ കുറച്ച് ദേഹങ്ങളുടെ കുളിപ്പിക്കലും അത് കഴിഞ്ഞുള്ള ചുമക്കലും വേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസത്തിലധികം ചക്രശ്വാസം വലിച്ചു കിടന്ന ഒരു വ്യക്തി, ഒടുവിൽ മരണത്തിന്ന് കീഴ്പെടുന്നത് കണ്ടു നിന്നിട്ടുണ്ട്. നിസ്സംഗമായി കാണുമ്പോൾ തന്നെ എന്താണ് മരണം എന്ന് ആലോചിക്കാറുണ്ട്.
ജീവിതത്തെ കാറ്റും കോളുമുള്ള കടലിനോട് ഉപമിക്കുന്ന കവികൾ അക്കരെ ഉള്ള പ്രശാന്തമായ തീരമായ് മരണത്തെ കാണുന്നു. ജീവിതത്തെ ഏഴു രംഗങ്ങളുള്ള ഒരു നാടകത്തോട് ഉപമിക്കുന്ന ഷേക്സ്പിയർ, മരണമെന്ന വിസ്മൃതിയിലേക്കുള്ള അവസാന യാത്രയെ വിവരിക്കുന്നത് ഇങ്ങനെ: പല്ലില്ലാതെ, കണ്ണില്ലാതെ, രുചിയില്ലാതെ, ഒന്നുമില്ലാതെ.
ആദ്യത്തേതിൽ ജീവിതത്തിന്ന് അപ്പുറമുള്ള പ്രതീക്ഷ, മറ്റേതിൽ ജീവിതം കഴിഞ്ഞുള്ള ശൂന്യത. പത്തൊൻപതാം നൂറ്റാണ്ടിലെ ഡാർവിന്റെ സിദ്ധാന്തവും നീഷേയുടെ തത്ത്വശാസ്ത്ര പ്രഖ്യാപനങ്ങളും പാശ്ചാത്യ ജീവിത സങ്കല്പങ്ങളെ മാറ്റിമറച്ചിരുന്നു. ജീവിതം എന്നത് ജനനം മരണം അതിന്ന് ഇടക്കുള്ള സംഭോഗം എന്നതിൽ കവിഞ്ഞൊരു അർത്ഥമില്ലാത്ത ഏർപ്പാടായി മാറി. ജനനത്തിന് മുമ്പ് ശൂന്യത. മരണത്തിന്ന് ശേഷവും ശൂന്യത. എങ്കിൽ, ഇടയ്ക്കുള്ള ജീവിതത്തിന്ന് എന്ത് വില.
ജീവിതത്തിൽ മനുഷ്യനെ പിടിച്ചു നിർത്താൻ വിശ്വാസങ്ങൾ വേണ്ടിവരുന്നത് മറ്റു മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യന്ന് ആലോചിക്കാനുള്ള കഴിവ് ഉള്ളത് കൊണ്ടാവും. വിവിധ മതങ്ങൾ ശ്രമിക്കുന്നതും ഈ അർത്ഥമില്ലായ്മക്ക് അർത്ഥം കണ്ടുപിടിക്കാനാണ്. മിക്കവാറും എല്ലാ മതങ്ങളും മരണത്തിന്നപ്പുറമുള്ള ജീവിതത്തിന്റെ വാഗ്ദാനങ്ങളിൽ ഈ ജീവിതത്തിന്ന് അർത്ഥങ്ങൾ മെനയാൻ ശ്രമിക്കുന്നു. മരണത്തിന്ന് അപ്പുറമുള്ള ജീവിതം എന്നത് തന്നെ ഒരു വിരോധാഭാസമാണ്.
ആത്മാവിന് മരണമില്ല എന്ന് വിശ്വാസം പറയുമ്പോൾ, ദ്രവ്യത്തിന്ന് നാശമില്ല അത് രൂപാന്തരം പ്രാപിക്കുക മാത്രമാണ് എന്ന് ശാസ്ത്രം. വ്യക്തിയിൽ നിന്ന് വെറും ദ്രവ്യമായ് മാറുന്ന ശരീരത്തെ സംസ്ക്കരിക്കുന്നത് ബഹുമാനത്തോടെയാണ്. ശവത്തോടുള്ള അനാദരവ് ഒരു സംസ്കാരവും അനുവദിച്ച് തരുന്നില്ല. അത് ജീവിതത്തോടുള്ള ബഹുമാനമോ, മരണത്തോടുള്ള ഭയമോ...
ഓരോ മനുഷ്യനും അനശ്വരത കാംഷിക്കുന്നു എന്നൊരു മതമുണ്ട്. ജീവിതത്തിൽ മനുഷ്യന്റെ കളികളും കലകളും അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ്. മരണാനന്തരമുള്ള ആണ്ടോർമ്മാ ചടങ്ങുകൾ അനശ്വരതക്കുള്ള വഴികളിൽ ഒന്നാവാം. രണ്ട് തലമുറയ്ക്കപ്പുറം ഒരു വ്യക്തിയുടെ ജീവിതവും ഓർമ്മിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. പിന്നെ ആ വ്യക്തി ജീവിക്കുന്നത് അയാളുടെ സർഗ്ഗസൃഷ്ടികളിലൂടെയാണ്. അവയ്ക്ക് അപ്പോഴും പ്രസക്തിയുണ്ടെങ്കിൽ..
എനിക്ക് മരണത്തെയല്ല ഭയം, മരിക്കുന്നതിനെയാണ് ഞാൻ ഭയക്കുന്നത് എന്ന വാചകം എവിടെയോ വായിച്ചത് ഓർമ്മിക്കുന്നു. മരണം ഒരു അനിവാര്യതയാണ്. നമ്മൾ എങ്ങിനെ മരിക്കുന്നു എന്നതിലാണു കാര്യം. മരണം ഒഴിവാക്കാനാവാത്ത ഒരു യാഥാർഥ്യമാണെങ്കിൽ അത് നൽകുന്ന പാഠം ഒന്നേ ഉള്ളു: ജീവിതത്തെ സ്നേഹിക്കുക.
pic courtesy:
about:

This comment has been removed by the author.
ReplyDeleteVery thought provoking article. Is there a purpose in life, if it were to start and end with nothingness? Why are we afraid of dying, even when we know that death is the only certainty in life. More than the materialistic things, death takes all the experiences, knowledge, the goodness and everything else away with the individual and that certainly leaves a void! Thank you, Sir! I will read the other article later. Let this sink in slowly!
ReplyDeletethank you doctor
ReplyDelete