ഏകദേശം പതിനഞ്ച് വയസ്സൊക്കെ ആവുമ്പോൾ എനിക്ക് ഭഗന്തരം (ഇംഗ്ലീഷിൽ ഫിസ്റ്റുല) പിടിപെട്ടു. മരുന്ന് കൊണ്ട് വലിയ ഫലമില്ലാതെ വന്നപ്പോൾ ഡോക്റ്റർ ശസ്ത്രക്രിയ ശുപാർശ ചെയ്തു. അന്ന് കോയമ്പത്തൂരിലെ പ്രമുഖ ശസ്ത്രക്രിയാ വിദഗ്ദരിൽ ഒരാൾ എൻ്റെ ബന്ധുവും കുടുംബ സുഹൃത്തും ആയിരുന്നു. അദ്ദേഹം ആ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ അങ്ങിനെയാണ് ഞാൻ പ്രവേശിക്കപ്പെട്ടത്. എൻ്റെ ആദ്യത്തെ ആശൂപത്രി അനുഭവം എന്ന് വേണമെങ്കിൽ പറയാം.
ശസ്ത്രക്രിയാ വിഭാഗത്തിലെ ജനറൽ വാർഡിലായിരുന്നു പ്രവേശം. അവിടെ കണ്ട കാഴ്ചകൾ എനിക്ക് മനുഷ്യന്റെ അബലാവസ്ഥയെക്കുറിച്ചുള്ള ആദ്യ പാഠങ്ങളായി. തീർത്തും അവശരായ രോഗികൾ. അവരിൽ പ്രായം ഏറെ ആയവരും കുട്ടികളും ഉണ്ടായിരുന്നു.പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാത്ത എനിക്ക് കിടക്കയോട് കൂടിയ കട്ടിൽ കിട്ടിയപ്പോൾ ഉടൽ മുഴുവൻ വെന്തു തൊലിയിളകിയ നിലയിൽ ഒരാൾ വാർഡിനു പുറത്തുള്ള വരാന്തയിൽ വെറും പായയിൽ കിടന്ന് പുളയുന്നുണ്ടായിരുന്നു.
പ്രത്യേകിച്ച് വയ്യായ്ക ഇല്ലാത്തതാലും അടങ്ങി ഒതുങ്ങി ഇരിക്കുന്ന സ്വഭാവം ഇല്ലാത്തതു കൊണ്ടും ഞാൻ ആശുപത്രി മുഴുവൻ ചുറ്റിനടന്നു. ജീവിതത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയിലായിരുന്നു ഞാൻ എന്ന് ഇന്ന് മനസ്സിലാക്കുന്നു.
നടത്തിനിടയിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നതും അതിൽ നിന്ന് ഗർഭിണിയായ ഒരു സ്ത്രീയെ ഇറക്കുന്നതും കണ്ടു. വേദന കൊണ്ട് അവർ ഉറക്കെ കരയുകയായിരുന്നു. ബന്ധുക്കൾ അവരെ താങ്ങി നിർത്തുന്നതിനിടയിൽ രണ്ട് അറ്റെൻഡർമാർ സ്ട്രെറ്ച്ചറുമായ് വന്നു. രോഗിയെ അതിൽ കിടത്തി കൊണ്ടുപോകുന്നതിനിടയിൽ വിലപേശൽ നടന്നു. അവർ ആവശ്യപ്പെട്ട പണം നൽകാൻ കഴിയില്ല എന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതും അവർ രണ്ടു പേരും സ്ട്രെച്ചർ തറയിൽ വെച്ചു പോകാൻ തുടങ്ങി. മറ്റു ബന്ധുക്കൾ അവരെ സമാധാനിപ്പിച്ചു പൈസ കൈയിൽ വെച്ച് കൊടുത്തതിന് ശേഷം അവർ വീണ്ടും സ്ട്രെച്ചർ എടുത്ത് നടക്കാൻ തുടങ്ങി.
അതിരാവിലെ മൂന്ന് മണിയോടുകൂടി അന്ന് ശസ്ത്രക്രിയ ഉള്ള എല്ലാവർക്കും എനിമ വെക്കാൻ നഴ്സുമാർ വന്നു. ലോകവും വാർഡും നിശ്ശബ്ദതയുടെ പുതപ്പിൽ ചുരുണ്ട് കൂടി കിടക്കുമ്പോൾ ലിസ്റ്റ് നോക്കിയുള്ള ആ വിളിയിൽ ഞാൻ ഞെട്ടി ഉണർന്നു. കാലൻ അന്നത്തെക്കണക്കിലുള്ള ആളുകളെ കൊണ്ട് പോകാൻ വന്നതാണ് എന്ന് തോന്നി. ഇടയ്ക്ക് മുരുഗൻ എന്നോ മറ്റോ ഒരു പേര് വിളിച്ചപ്പോൾ ഒരു ബാലൻ എന്തിനാണ് എന്നറിയാതെ എഴുന്നേറ്റ് വന്നു. കൂടെ അമ്മ മാത്രം. അവന്ന് അന്ന് ഓപ്പറേഷൻ ഇല്ല എന്നും ആളു മാറിയതാ എന്ന് അവർ വിളിച്ചു പറയുന്നത് വകവെയ്ക്കാതെ കരയുന്ന ആ ബാലനും അവർ എനിമ കൊടുത്തു.
* * *
ഏതാനും വർഷങ്ങൾക്ക് മുമ്പ്, ജോലി സംബന്ധമായി കോഴിക്കോട് താമസിക്കേണ്ടി വന്ന ഒരു രാത്രി, എനിക്ക് കലശലായ വയറു വേദന ഉണ്ടായി. എൻ്റെ സുഹൃത്തും ബന്ധുവും ചേർന്ന് എന്നെ അവിടുത്തെ പ്രബലമായ ആശൂപത്രിയിൽ എത്തിക്കുമ്പോൾ സമയം അർദ്ധ രാത്രി കഴിഞ്ഞിട്ടുണ്ടാവും. സ്വതവേ ഒരു അസിഡിക് രോഗിയായ എനിക്ക് ഇത്തരം വയറുവേദനകൾ ഇടക്കൊക്കെ വരാറുണ്ടെങ്കിലും അന്ന് വേദന സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വിദഗ്ധ ചികിത്സ ഏതു സമയത്തും വാഗ്ദാനം ചെയുന്ന ആശുപത്രിയിലെ പ്രീമിയം ക്യാഷുവാലിറ്റിയിലായിരുന്നു എന്നെ പ്രവേശിപ്പിച്ചത്. അസിഡിറ്റിക്കുള്ള മരുന്ന് അടിയന്തരമായി തരാൻ ഞാൻ അപേക്ഷിച്ചിട്ടും വിദഗ്ധ ഡോക്റ്റർ വന്നു പറഞ്ഞിട്ടേ ചികിത്സ തുടങ്ങു എന്ന് അവർ പറഞ്ഞു. വേദന കൊണ്ട് പുളയുന്നതിനിടയിൽ അവർ രണ്ടോ മൂന്നോ തവണ എന്നെ മയക്കി കിടത്തിയിരുന്നു. ഒരു ഒന്നര മണിക്കൂർ കഴിയുമ്പോൾ ബോധം വരും. വീണ്ടും വേദന. വീണ്ടും കുത്തിവെപ്പ്.
പുലർച്ചെ ഒരു ഡോക്റ്റർ വന്നു. അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണം എന്നും അല്ലെങ്കിൽ അപകടമാണെന്നും അയാൾ പറഞ്ഞപ്പോൾ ഞാനും കൂടെ വന്നവരും അങ്കലായ്പ്പിലായി. ശസ്ത്രക്രിയ ഒരു അഭിപ്രായം കൂടി കിട്ടിയ ശേഷം മതി എന്നും ആംബുലൻസിലായാലും ഞങ്ങൾ താമസിക്കുന്ന എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കണമെന്നും ഭാര്യ പറഞ്ഞപ്പോൾ, അവിടെ എത്തുമോ എന്ന കാര്യം പോലും സംശയമാണ് എന്ന് ഡോക്റ്റർ പറഞ്ഞു. എൻ്റെ സുഹൃത്തായ ഒരു ഡോക്റ്ററെ വിളിച്ച് ഉപദേശം ചോദിച്ചു. ആശുപത്രിയിലെ ഡോക്റ്റർ ആ കാര്യം തന്നെ അദ്ദേഹത്തോടും പറഞ്ഞു. എന്തായാലും സ്കാൻ നടത്തി അതിന്റെ ഫലം അറിഞ്ഞ ശേഷം തീരുമാനിക്കാം എന്ന് ധാരണയായി.
വീണ്ടും ഞാൻ മയങ്ങി ഉണർന്നപ്പോഴേക്കും വയറു വേദന സ്വപ്നം പോലെ അപ്രത്യക്ഷമായി. പിന്നീട് വന്ന വിദഗ്ധ ഡോക്റ്റർ, "ഒരു പ്രശ്നവുമില്ല, എന്തായാലും സ്കാൻ കൂടി നടത്തി ഉറപ്പു വരുത്തി പിറ്റേ ദിവസം പോകാം" എന്ന് പറഞ്ഞു.
പിറ്റേ ദിവസം രാവിലെ ഡിസ്ച്ചാർജിന്ന് മുമ്പേ അടക്കേണ്ടി വന്ന തുക ഏകദേശം പതിനേഴായിരത്തി ശിഷ്ടം രൂപ.
* * *
ഗുൽബർഗ്ഗയിലെ അദ്ധ്യാപന ജീവിതത്തിനിടയിൽ ഒരു ശിഷ്യന്റെ അച്ഛനുമായി സൗഹൃദത്തിലായി. അദ്ദേഹം ഒരു ഡോക്റ്ററായിരുന്നു. വൈകുന്നേരങ്ങളിൽ ഇടക്കൊക്കെ അദ്ദേഹത്തിന്റെ പരിശോധനാമുറിയിൽ കയറി ഇരിക്കും. ഞങ്ങളുടെ വർത്തമാനം മിക്കപ്പോഴും അവിടെ വെച്ചായിരുന്നു.
അങ്ങിനെ പതിവ് പോലെ ഒരു ദിവസം ആ മുറിയിൽ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പരിശോധിക്കാൻ വരുന്നവർ രണ്ട് രൂപ മുന്നിൽ വെച്ചു കുറിപ്പടി മേടിച്ച് പോകുന്നുണ്ടായിരുന്നു. അന്ന് പാലക്കാട് പരിശോധനക്കുള്ള ഫീസ് അമ്പതും നൂറും ഒക്കെ ആയിക്കഴിഞ്ഞിരുന്നത് കൊണ്ട് എനിക്ക് അത് കൗതുകമായിരുന്നു.
ഒരു വൃദ്ധൻ കയറി വന്നു. ഒറ്റ നോട്ടത്തിൽ തന്നെ ദാരിദ്ര്യം വിളംബരം ചെയുന്ന ഒരു മുഷിഞ്ഞ മുണ്ടുപോലുള്ള വേഷം മാത്രം. പരിശോധന കഴിഞ്ഞപ്പോൾ ഡോക്റ്റർ തന്റെ കൈവശം ഉള്ള ശേഖരത്തിൽ നിന്ന് മരുന്നു കൊടുത്തു അയാളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. അപ്പോൾ ആ വൃദ്ധൻ മടിക്കുത്തിൽ ചുരുട്ടി വെച്ചിരുന്ന നാണ്യശേഖരം എടുത്ത് അത് മുഴുവൻ ഡോക്റ്ററുടെ മേശപ്പുറത്തു വെച്ചു. ഡോക്റ്റർ എത്ര തടഞ്ഞിട്ടും ആ പൈസ അയാൾ തിരിച്ചെടുക്കാൻ തയാറായില്ല.
രോഗി പോയി കഴിഞ്ഞപ്പോൾ ഞാൻ അത് എടുത്ത് എണ്ണി നോക്കി. അതിൽ ആകെ പതിനേഴ് പൈസ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ. അൽപ്പം ജാള്യതയോടെ എന്നെ നോക്കി ഡോക്റ്റർ പറഞ്ഞു: എന്താ ചെയ്യാ, പൈസ വേണ്ട എന്ന് എത്ര പറഞ്ഞാലും ചിലർ കേൾക്കില്ല.

The line has a world or pain in it.....for all and sundry
ReplyDeleteആശുപത്രികളിലെ എഴുത്തുകാരൻ്റെ
ReplyDeleteഅനുഭവങ്ങൾ ഓരോന്നും വായനക്കാരൻ്റെ കൂടിയാണ്. വായനാസുഖം ഉള്ള രചനകൾ..അഭിനന്ദനങ്ങൾ! ആശംസകൾ!!
thank you
DeleteEnjoyed the blog, Sir! Thank you!
ReplyDeletethank you doctor
Delete