Wednesday, 27 May 2020

ജനകവിചാരം

 

കുട്ടികൾ വരയ്ക്കുന്ന പോലെ അഞ്ച് വരകളുടെ കൂടെ ഒരു വട്ടം കൂടി ആയാൽ ഏകദേശം അച്ഛന്റെ ആകാരമായി. രണ്ട് വരകൾ കൈയ്യിന്. രണ്ട് വരകൾ കാലിന്. ഒരു വര ഉടൽ. വട്ടം എന്ന് പറഞ്ഞാൽ മത്തൻറെ  വട്ടമല്ല. കുംബ്ലൻറെ വട്ടം. കാണുന്നവർ സഹതപിക്കുന്ന മെലിഞ്ഞ ശരീരത്തിലെ ഊർജ്ജം പക്ഷെ അത്ഭുതപ്പെടുത്തും. അവസാന കാലത്ത് പോലും വലിഞ്ഞു നടക്കുന്ന അച്ഛന്റെ ഒപ്പം നടന്നെത്താൻ ഒന്ന് കിതയ്ക്കേണ്ടിവരുമായിരുന്നു.

ശാന്തിക്കാരനായി തുടങ്ങി കുശനിക്കാരനായി മാറി വൈദ്യനായിത്തീർന്ന തൊഴിൽ പാരമ്പര്യമാണ് അച്ഛന്റേത്. എം എസ്സിനും വെച്ചു വിളമ്പിയിട്ടുണ്ട് എന്ന് ഇടയ്ക്ക് മേനി പറയുമായിരുന്നു.

വൈദ്യനായി അച്ഛൻ ഏറെ കാലം പ്രവർത്തിച്ചത് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയിൽ ആയിരുന്നു.

ആര്യ വൈദ്യ ഫാർമസിയുടെ ചികിത്സാലയത്തിൽ അച്ഛൻ വൈദ്യവൃത്തി തുടങ്ങുമ്പോൾ സ്ഥാപനം തുടങ്ങി അഞ്ചോ ആറോ കൊല്ലങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. ചികിത്സ കൂടാതെ സ്ഥാപകൻ പി വി രാമ വാര്യരുടേ സ്വകാര്യ ക്ഷേത്രത്തിലെ ശാന്തിയും അച്ഛൻ ഇടയ്ക്കൊക്കെ ചെയ്തിരുന്നു. കുടുംബത്തിന്ന് അച്ഛനോട് ഉണ്ടായിരുന്ന പ്രത്യേക അടുപ്പവും സ്നേഹവും അനിയേട്ടൻ എന്ന് ഞങ്ങൾ വിളിയ്ക്കുന്ന ഡോക്ടർ കൃഷ്ണകുമാർ അടക്കമുള്ളവർ എന്നോട് ഇന്നും കാണിക്കുന്നുണ്ട് എന്നുള്ളത്, അച്ഛൻ വഴി പകർന്ന് വന്ന കരുതലായേ എനിക്ക് തോന്നിയിട്ടുള്ളൂ.

വൈദ്യൻ എന്ന നിലയ്ക്ക് അച്ഛൻ പൊതുവെ അംഗീകാരം നേടിയിരുന്നു. പഞ്ചകർമ്മ ചികിത്സയിലായിരുന്നു അച്ഛന്റെ വൈദഗ്ദ്ധ്യം. ചികിത്സാലയത്തിൽ എത്തുന്ന പല പ്രമുഖരും അച്ഛന്റെ ചികിത്സ തന്നെ വേണം എന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പിന്നീട് ഷൊർണുർ സമാജത്തിലെ വൈദ്യനായിരുന്ന കാലത്ത് യേശുദാസ്, മമ്മൂട്ടി, ഗായകൻ ഉണ്ണി മേനോൻ എന്നിവരെ ചികിത്സിച്ചത് പത്രത്തിൽ വാർത്തയായിരുന്നു. ഇന്ത്യാവിഷൻ കാലം തൊട്ട് വി കെ ശ്രീരാമനെ പരിചയം ഉണ്ടെങ്കിലും എന്നെ അദ്ദേഹം ഓർക്കുന്നത് 'നമ്പൂരി വൈദ്യന്റെ മകൻ' എന്ന നിലയ്ക്കാണ്. പണ്ടൊരിക്കൽ യേശുദാസിൻ്റെ കൈപിടിച്ചു സ്വയം പരിചയപ്പെടുത്തിയത് അച്ഛന്റെ പേര് പറഞ്ഞിട്ടാണ്. അച്ഛനുമായി ഇടപഴകിയവരുടെ സ്നേഹം  ഉദ്ധേശ്യമായ് ഇന്നും എന്നിലേക്ക് എത്തുന്നുണ്ട് എന്ന് സാരം.

അച്ഛൻ വൈദ്യം പഠിച്ചത് വൈദ്യമഠത്തിലാണ്. ഗുരുകുല സമ്പ്രദായത്തിൽ. അന്ന് അച്ഛന്റെ സതീർഥ്യനായിരുന്ന വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുമായ് അവസാനം വരെ അച്ഛൻ അടുപ്പം സൂക്ഷിച്ചിരുന്നു. ലക്ഷണം നോക്കിയാണ് ആയുർവ്വേദം പണ്ട് രോഗ നിർണ്ണയം നടത്തിയിരുന്നത്. നാഡിമിടിപ്പ് നോക്കുവാൻ മാത്രമായിരുന്നു രോഗിയെ അച്ഛൻ സ്പര്ശിച്ചിരുന്നത്. പുതിയ സമ്പ്രദായങ്ങൾ വരുമ്പോഴും പഴയ രീതികൾ അച്ഛൻ മാറ്റിയില്ല. ചികിത്സക്ക് കൊണ്ട് വന്ന ഒരു വയോധികയെ വെറും ദശമൂലാരിഷ്ടം കൊടുത്ത് പറഞ്ഞുവിട്ടപ്പോൾ അച്ഛൻ അതിന്ന് പറഞ്ഞ കാരണം അവർ മരിക്കാറായിരിക്കുന്നു, എന്ത് കൊടുത്തിട്ടും കാര്യമില്ല എന്നാണ്. അതിനടുത്ത ദിവസം തന്നെ തെരുവിലൂടെ അവരുടെ ശവ ഘോഷ യാത്ര പോകുന്നത് കണ്ടത് ഇന്നും എനിക്ക് ഒരു അത്ഭുതമായി തോന്നുന്നു.

നമ്പൂരി സഹജമായ് പറയാറുള്ള ഫലിതം അച്ഛനും ഉണ്ടായിരുന്നു. എന്ത് പ്രശ്നത്തെയും ലാഘവത്തോടെയാണ് കണ്ടിരുന്നത്. പ്രശ്നം ഉണ്ടെങ്കിൽ അതിനൊരു പരിഹാരവും ഉണ്ടാവും. അത് കണ്ടെത്തണം എന്നാണ് പറയാറുള്ളത്. ഇത് പറയുമ്പോൾ തന്നെ അച്ഛന്റെ ദേഷ്യത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ

ദേഷ്യം വന്നാൽ കണ്ണ് കാണില്ല എന്ന സത്യം ഞാൻ അറിഞ്ഞത് അച്ഛനിലൂടെയാണ്. ഒരിക്കൽ അയൽവീട്ടിൽ വിരുന്ന് വന്ന എൻ്റെ പ്രായക്കാരൻ ഒരാളെ ഞാൻ ആണെന്ന് വിചാരിച്ച് പൊതിരെ തല്ലുന്നത് ചിരിയടക്കാനാവാതെ കണ്ട് നിന്നിട്ടുണ്ട്. ചുറ്റുമുള്ളവർ അത് ഞാൻ അല്ല എന്ന് പറഞ്ഞതൊന്നും അപ്പോൾ അച്ഛന്റെ തലയിൽ കേറിയില്ല.

അവസാന കാലം വേരറ്റ പോലെയായിരുന്നു. അമ്മ മരിച്ചതിനു ശേഷം, പ്രതേകിച്ചും. താമസം അധികവും നാട്ടിൽ, അച്ഛന്റെ ഏട്ടന്റെ മകന്റെ ഒപ്പം. കോഴിക്കോട്ടെ ഫ്ലാറ്റിലേക്ക് ഇടയ്ക്കൊക്കെ വരാറുണ്ടായിരുന്നു. അങ്ങിനെ ഒരിക്കൽ രണ്ടാഴ്ചകളോളം താമസിച്ചു മടങ്ങുന്നതിന്റെ തലേ ദിവസം കാണാൻ വന്ന എന്റെ ഒരു അമ്മാവൻ അച്ഛനൊട്, ഇനി തനിച്ചുള്ള യാത്രകൾ ഒകെ നിർത്താറായില്ലേ, വല്ല അപകടവും സംഭവിച്ചാൽ ആരാ അറിയാ എന്ന് ചോദിച്ചപ്പോൾ  അച്ഛന്റെ മറുപടി ഇങ്ങനെ: അപകടം സംഭവിച്ചാൽ അതോടെ തീരുമല്ലോ, എന്തിനാ ഇനി ഇങ്ങനെ ജീവിക്കുന്നത്. സൗദാമിനിയും (അമ്മ) പോയി..  

ആഴ്ച നാട്ടിൽ പതിവ് പോലെ വെറ്റില വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ അച്ഛനെ ഒരു ബസ്സ് മെല്ലെ ഒന്ന് തള്ളിയിട്ടു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായ അച്ഛന്ന് പിന്നീട് ബോധമുണ്ടായില്ല. തീവ്ര പരിചരണവും വെൻറ്റിലേറ്ററും കഴിഞ്ഞ് ദേഹം വെടിയുമ്പോൾ അച്ഛൻ പതിനെട്ട് ദിവസം ആശുപത്രിയിൽ കിടന്നിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ആശുപത്രിയിൽ പോകാത്ത മനുഷ്യൻ അങ്ങിനെ ചരിത്രമായി. അതൊരു മെയ് 28 ആയിരുന്നു. വർഷം 2001.

ഇതിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പ് അച്ഛൻ താമസിച്ചിരുന്ന വീട്ടിലെ ഏട്ടൻ എന്നെ വിളിച്ചു ഒന്ന് അടിയന്തിരമായി അങ്ങോട്ട് വരണം എന്ന് പറഞ്ഞു. തലേ ദിവസം രാത്രി അതിഭയങ്കര പനി വന്ന് അച്ഛൻ പിച്ചും പേയും പറയുന്നത് കേട്ട് അവർ പേടിച്ചിരുന്നു. ഞാൻ ചെന്നപ്പോൾ അച്ഛൻ പതിവ് പോലെ ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ വാക്കുകൾ ഇങ്ങനെ: ഇന്നലെ ഒരു രസണ്ടായി. രാത്രി രണ്ട് പേർ വന്നു പുവ്വല്ലേ എന്ന് ചോദിച്ചു. ഹേയ്, ഇന്നില്ല. ഇന്ന് ചൊവ്വാഴ്ചയാ എന്ന് ഞാൻ പറഞ്ഞു. ആട്ടെ, എന്തായാലും ഒന്ന് കൂടെ വര്യാ.. എന്നു പറഞ്ഞ അവർ എന്നെയും കൊണ്ട് കുറെ നടന്ന് ഇവിടെത്തന്നെ കൊണ്ടുവന്നാക്കിപ്പോയി. വഴിയിൽ കുറെ സ്ത്രീകൾ ഒരു പുഴക്കടവിൽ അലക്കുന്നത് കണ്ടു. കൂട്ടത്തിൽ സൗദാമിനിയും ഉണ്ടായിരുന്നോന്ന് സംശയം.

വൃത്തിയിലും ശുദ്ധിയിലും അതീവ ശ്രദ്ധാലുവായിരുന്ന അച്ഛൻ ആശുപത്രിയിലായിരുന്ന പതിനെട്ട് ദിവസവും കിടന്ന കിടപ്പിൽ തന്നെ വിസർജ്ജനവും നടത്തിയിരുന്നു. എൺപത്തിരണ്ട്കൊല്ലമായി ഒരു ഇൻജെക്ഷൻ പോലും എടുക്കാത്ത അച്ഛൻ ദേഹമാസകലം സൂചികൾ കൊണ്ട് പൊതിഞ്ഞു കിടന്നു. ഒടുവിൽ കൃത്രിമ ശ്വാസം നൽകുന്നത് നിർത്തി മരണം സ്ഥിരീകരിച്ചത് ഒരു ചൊവ്വാഴ്ച തന്നെയായിരുന്നു.

ഒരു മനുഷ്യൻ എങ്ങിനെയൊക്കെ മരിക്കരുത് എന്ന് വിചാരിക്കുന്നുവോ അങ്ങിനെ തന്നെ മരിപ്പിക്കുക എന്നത് വിധിയുടെ നേരമ്പോക്കുകളിൽ ഒന്നാവാം.


15 comments:

  1. Remember seeing him in the Vadyasala at Pulappatta in the evenings while coming from bank. The picture you have drawn is very vivid. My respects to him.

    ReplyDelete
  2. Thank you for writing Krishnetta. We can see your father and know him through your words.

    ReplyDelete
  3. വളരെ നന്നായി, കൃഷ്ണാ. അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ ഓർമ്മകളിൽ പച്ച പിടിച്ചു നില്ക്കുന്നു. ആ പാവനസ്മരണയിൽ സാദരം പ്രണമിയ്ക്കുന്നു.

    ReplyDelete
  4. That comment was from me, Krishna

    ReplyDelete
    Replies
    1. ithil enik unknown ennanu kanunnath? peru kananilla

      Delete
  5. I could know something about your father. Nice

    ReplyDelete
  6. ഓർമ്മകൾ ഒരുക്കിയത് വൃത്തിയായിടുണ്ട് .ഞാനും എന്റെ അച്ഛനിലൂടെ ഒന്ന് യാത്ര ചെയ്തു .2009 വരെ മാത്രം .എഴുതിയത് ഇഷ്ടപ്പെട്ടു കൃഷ്ണാ

    ReplyDelete
    Replies
    1. സുധാകരൻ ആണ് റിപ്ലൈ ചെയ്തത് ട്ടോ

      Delete
  7. 5.20ന് ഉള്ളത്

    ReplyDelete
  8. എഴുത്തിലൂടെ അച്ഛനെ നേരിൽ കാണാൻ സാധിച്ചു. അങ്ങനെ ഒരു പാരമ്പര്യം ഉള്ള അച്ഛന്റെ മകനാണ് അല്ലേ... ഭാഗ്യവാൻ... (രണ്ടു പേരും).

    ReplyDelete