ബൈജുനാഥിനോട് സംസാരിച്ചിരിക്കെയാണ് പ്രേം കയറിവന്നത്. വെയിലത്ത് ഒരു "സ്റ്റോറി" ചെയ്തു വന്നതിന്റെ ആയാസം മുഖത്തുണ്ട്.
"കൃഷ്ണേട്ടാ, എൻ്റെ മുഖത്തു എണ്ണമിഴുക്ക് ഉണ്ടോ?"
ഞാൻ എന്ത് പറയണം എന്ന് ആലോചിക്കുന്നതിനിടയിൽ തന്നെ പ്രേം തുടർന്നു: "എന്താ ചെയ്യാ.. കോയക്കയുടെ പഴംപൊരി തിന്ന് തിന്ന് എണ്ണ പുറത്തേക്ക് ഒലിക്കാൻ തുടങ്ങി.."
കോയാക്ക എന്ന് പറയുന്നത് ഇന്ത്യാവിഷൻറെ കോഴിക്കോട് ഓഫീസ് നിൽക്കുന്ന കെട്ടിടത്തിന്റെ തൊട്ടു താഴെ ഉന്തുവണ്ടിയിൽ ചായയും എണ്ണപലഹാരവും ഉണ്ടാക്കി വിൽക്കുന്നയാൾ. ഇന്ത്യാവിഷന്റെ ശമ്പളമില്ലാക്കാലത്ത് കോഴിക്കോട് പ്രവർത്തിക്കുന്നവർ പിടിച്ചു നിന്നത് ഇങ്ങനെ കോയാക്ക നിറമനസ്സോടെ എടുത്തോളാൻ പറയുന്ന എണ്ണ പലഹാരങ്ങൾ കഴിച്ചിട്ടാണ്. ശമ്പളം കിട്ടുമ്പോ തന്നാ മതി എന്നെ കനിവോടെ. പ്രേം പറഞ്ഞത് തമാശ രൂപത്തിൽ ആണെങ്കിലും അതിൽ, പഴംപൊരിയിൽ നിന്ന് എണ്ണ എന്ന പോലെ, കിനിഞ്ഞിറങ്ങിയ വേദന ശ്രദ്ധിക്കാതിരുന്നില്ല.
അന്ന് ഇന്ത്യാവിഷനിലെ എല്ലാവരുടെയും അവസ്ഥ ഏകദേശം ഇങ്ങനെയൊക്ക തന്നെയായിരുന്നു. തിരുവനന്തപുരത്തെ സുഹൃത്തുക്കൾ ചക്കയും മാങ്ങയും തിന്നു വിശപ്പ് മാറ്റിയ കാര്യം പലരും അറിഞ്ഞതാണ്.
ഇന്ത്യാവിഷന്റെ ഔദ്യോഗിക ആരംഭ ദിനമായി ആചരിക്കുന്നത് പ്രക്ഷേപണം തുടങ്ങിയ ജൂലൈ 14 ആണെങ്കിലും, എനിക്ക് അത് ജൂൺ ഒന്നാണ്. രണ്ടായിരാമാണ്ടു ഈ ദിവസമാണ് ഇന്ത്യാവിഷനിലെ ആദ്യത്തെ ജീവനക്കാരനായി ഞാൻ ഓഫീസിൽ ഹാജർ രേഖപ്പെടുത്തുന്നത്. കൂടെത്തന്നെ രണ്ടാമനായി നൗഫലും. ഒരു മാസത്തിനിടയിൽ ഫിനാൻസ് മാനേജരായി ബൈജുനാഥും ഓഫീസ് അസിസ്റ്റന്റായി ജോളിയും ചേർന്നതോടെ ഓഫീസ് സജീവമായി. ഒലിവ് പബ്ളിക്കേഷന്സിന്റെ ഓഫീസിലെ ഒരു ഭാഗം ഉപയോഗിച്ചാണ് ഇന്ത്യാവിഷന്റെ ആദ്യ ഓഫിസ് പ്രവത്തനം ആരംഭിച്ചത്.
ജൂൺ ആറിനാണ് മുനീർ സാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഫണ്ട് ശേഖരത്തിനായ് ഗൾഫിലേക്ക് യാത്ര പോവുന്നത്. വാഗ്ദാനം കിട്ടിയ കോടികൾ മരുഭൂമിയിലെ മരീചിക പോലെ മായായി മാഞ്ഞത് അവിടെ ഇറങ്ങിയപ്പോഴാണ് ബോധ്യമായത്. അവിടുന്നങ്ങോട്ട് തുടങ്ങിയ ദുരിതങ്ങളുടെ ഘോഷയാത്രയിൽ സാധാരണ ജനങ്ങളിൽ നിന്ന് ലഭിച്ച ഉറച്ച പിന്തുണയാണ് ബലമായി നിന്നത്. അന്ന് ചെറിയ സംഖ്യകൾ മുതൽ മുടക്കിയ മനസ്സുകളുടെ തുടർച്ച പിന്നീട് കോയക്കമാരുടെ കരുതലിന്റെ രൂപത്തിൽ ഞങ്ങളോടൊപ്പം എന്നും ഉണ്ടായിരുന്നു.
ഇന്ത്യാവിഷൻ ഒരു വിനോദ ചാനൽ എന്ന നിലയ്ക്കാണ് പ്രവർത്തനം തുടങ്ങിയത്. എറണാകുളത്ത് ഒരു വീട് വാടകയ്‌ക്കെടുത്ത് ഓഫീസ് തുടങ്ങി. കോഴിക്കോട് ചെറൂട്ടി റോഡിലെ വിശാലമായ പതിയ ഓഫീസിലേക്ക് മാറിയതോടെ പ്രവർത്തനങ്ങൾ സജീവമായി. പിന്നീട് ഓഫീസ് നിർവഹണത്തിന്റെ നെടുംതൂണായി മാറിയ സരിതയും സ്വീകർത്താവായി ശ്രീയും കമ്പനി സെക്രട്ടറിയായി യോഗിയും സാമ്പത്തിക മേധാവിയായി അരുണും സംഘത്തിന്റെ ഭാഗമാവുന്നത് ഇവിടെ വെച്ചാണ്.
എം ടി ഞങ്ങളുടെ പ്രോഗ്രാം മേധാവിയായി രംഗപ്രവേശം ചെയ്തത് ഞങ്ങളെ കുറച്ചൊന്നുമല്ല ആഹ്ളാദിപ്പിച്ചത്. എം ടിയുടെ സഹായിയായി എന്നെ നിയമിക്കുന്നതോടെ ഞാനും പ്രോഗ്രാം വിഭാഗത്തിന്റെ അവിഭാജ്യ ഘടകമായി മാറി. സീനിയർ തസ്തികയിൽ പിന്നീട് ശ്രീദേവിയും വന്നു. മാതൃഭൂമിയിൽ നിന്ന് വന്ന് സഹദേവൻ സാറും കുടുംബത്തിലെ അംഗമായി.
2001 ഏപ്രിൽ തൊട്ടു പരിപാടികൾ സജീവമായി ആസൂത്രണം ചെയ്യാൻ തുടങ്ങി.
സീരിയലുകളും സംഗീത പരിപാടികളും സിനിമയ്ക്ക് പകരം വെക്കാവുന്ന കഥാചിത്രങ്ങളും, കൂടാതെ യാത്ര പാചകം എന്നിങ്ങനെ ചേരുവകളുടെ ഒരു നീണ്ട നിര തന്നെ രൂപം കൊണ്ടു. നമ്മളുടെ അഭിരുചിക്കുള്ള പരിപാടികളല്ല സാമാന്യ ജനങ്ങൾക്ക് ഇഷ്ടമാവുന്ന പരിപാടികളാണ് നമ്മൾ കൊടുക്കേണ്ടത് എന്നായിരുന്നു എം ടിയുടെ നിർദേശം. അന്ന് സീരിയലുകൾക്ക് പ്രിയം തുടങ്ങുന്ന കാലമായിരുന്നു. സമൂഹത്തിന്റെ പല തട്ടിൽ നിന്നുള്ള, സീരിയൽ സ്ഥിരമായി കാണുന്ന, പത്തു സ്ത്രീകൾ ഉൾപ്പെട്ട ഒരു സംഘം കൂടി പൈലറ്റ് എപ്പിസോഡ് കണ്ട്, അവരുടെ അഭിപ്രായം കൂടി കേട്ട ശേഷമേ സീരിയലുകൾക്ക് അന്തിമാനുമതി ലഭിക്കയുള്ളു എന്നൊരു കീഴ്വഴക്കം ഉണ്ടാക്കി. അതിന് പ്രകാരം ആദ്യം വേണ്ട എന്ന് വെച്ച ഒരു സീരിയലിന്ന് അനുമതി കൊടുത്ത ചരിത്രവും ഉണ്ട്.
നിരവധി പ്രമുഖർ ഇന്ത്യാവിഷനുമായി സഹകരിക്കാൻ മുന്നോട്ടു വന്നു. ബാലചന്ദ്രമേനോൻ, ശോഭന, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, കാവാലം ശ്രീകുമാർ, സംഗീത് ശിവൻ, സന്തോഷ് ശിവൻ, മധുപാൽ - ചർച്ചകൾ നടത്തി സഹകരണം നൽകാൻ തയാറായവരുടെ നിര അങ്ങിനെ നീണ്ട് പോകുന്നു. അന്നത്തെ കണക്കിൽ ഏറ്റവും ചിലവേറിയ സീരിയലുകളിൽ ഒന്നാവുമായിരുന്ന ഗുരുവായൂരപ്പൻ എന്ന ഭക്തി സീരിയലും രൂപപ്പെട്ടു. ചൊവ്വല്ലൂരും മങ്കൊമ്പ് ഗോപാലകൃഷ്ണനും എം ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തിരക്കഥ ഒരുക്കി ചെയ്യാൻ ഉദ്ദേശിച്ച സീരിയലിന്റെ അമരത്ത് സംവിധായകൻ ജയരാജ് എത്താൻ തയാറായിരുന്നു. തമിഴിൽ ജയടീവിയുമായ് സഹകരിച്ചു ദ്വിഭാഷയിൽ ഇത് ചെയ്യാനും ആലോചന ഉണ്ടായി. അതിന് പ്രകാരം ഉണ്ടാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടുമായി ചെന്നൈയിലേക്ക് പോകാനുള്ള തയാറെടുപ്പ് നടത്തിക്കൊള്ളാൻ മുനീർ സർ പറഞ്ഞു.
ഒരു സ്വപ്നം കണക്കെ കാര്യങ്ങൾ പോകുമ്പോൾ ഒരു സ്വപ്നമായി തന്നെ അത് പൊലിഞ്ഞു പോകും എന്ന് ഞങ്ങൾ കരുതിയില്ല. സ്വപ്നങ്ങൾക്ക് ചാലക ശക്തിയായി പണം വേണം. അതിന്റെ മുട്ട് അനുഭവപ്പെട്ടതോടു കൂടി പദ്ധതികൾ നിർത്തി വെച്ചു. തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിൽ മലയാളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലാവാൻ തീരുമാനമായി. ആദ്യം സീനിയർ പത്രപ്രവർത്തകരുടെ നേതൃത്വത്തിൽ തുടങ്ങാനാണ് ആലോചിച്ചത് എങ്കിലും പുതിയവരെ കണ്ടെത്തി അവരുടെ ഊർജ്ജത്തിൽ തന്നെ തുടങ്ങുവാൻ ധാരണയായി. നികേഷ് അമരത്ത് എത്തുന്നതോടെ ഇന്ത്യാവിഷന്റെ ചരിത്ര കുതിപ്പ് തുടങ്ങുകയായി.
ഇന്ത്യാവിഷനിൽ പല കാലത്തായി പല മേഖലകളിൽ പ്രവർത്തിച്ചവർ ഉണ്ട്. അതിൽ ചിലരെങ്കിലും അത്ര സുഖകരമല്ലാത്ത രീതിയിലാണ് പിരിഞ്ഞു പോയതും. എങ്കിലും ഞങ്ങൾ എല്ലാവരും അന്ന് പുലർത്തിപ്പോന്ന സൗഹൃദവും സ്നേഹവും ഇന്നും നിലനിർത്തുന്നുണ്ട്. അതിൽ ഒരാൾക്ക് കഷ്ടപ്പാട് ഉണ്ടാവുമ്പോൾ അറിഞ്ഞു സഹായിക്കാൻ ഓടി എത്താറുണ്ട്. ഇന്ത്യാവിഷനിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ജോലിയിലേക്ക് പോയവരും എങ്ങും എത്താതെ നിന്നവരും ഇന്നും ശക്തമായ ഒരു ചരടിൽ കോർക്കപ്പെട്ടപോലെ സാഹോദര്യം കൊണ്ടാടുന്നു. കഷ്ടപാടുകളിൽ ഒരുമിച്ചവർ എന്നും ഒരുമിച്ച് നിൽക്കും എന്നതാവാം പാഠം.
ചാനൽ തുടങ്ങുന്നതിനു കുറെ മുമ്പ് വരുമാനത്തിനുള്ള വഴിയന്വേഷിക്കുന്ന കാലത്തു ജമാൽ എന്നോട് ഒരു ദിവസം പറഞ്ഞു, നമ്മക്കൊരു ചാനൽ തുടങ്ങിയാലോ? അന്ന് ഏഷ്യാനെറ്റിൽ ഒരു പരിപാടി ചെയ്യാൻ ഉള്ള പ്രൊപ്പോസൽ കൊടുത്തിരിക്കുന്ന സമയമായിരുന്നു. ചാനൽ എന്ന് ജമാൽ മാറിപ്പറഞ്ഞതാണ് എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.
ഇരുപത് കൊല്ലങ്ങൾക്ക് ഇപ്പുറം ചാനൽ തുടങ്ങുന്നതിന്ന് മുമ്പുള്ള അവസ്ഥയിൽ ജമാലും ഞാനും ഇരിക്കുമ്പോൾ, ആലോചിച്ച് പോകുന്നു.. ഞങ്ങൾ ഒരു സ്വപ്നം കണ്ട് തീർത്തതാണോ?
My first interview on retinal diseases was in IndiaVision and you were the main person in that show! Sad that Indiavision couldn't come up! But I am glad that the friendship that started off at Indiavision still continues and is growing stronger and stronger! Thank you!
ReplyDelete