photograph credit: Right Livelihood Foundation
https://www.rightlivelihoodaward.org/laureates/the-chipko-movement/
ചില മരണങ്ങൾ അങ്ങിനെയാണ്. മരിച്ച് കഴിയുമ്പോഴാണ് ആൾ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് ഓർമ്മ വരിക. "ഞാൻ ഇയാൾ എന്നോ മരിച്ചു എന്ന ധാരണയിലായിരുന്നു" എന്ന് പറയുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല. കാലം അങ്ങിനെയാണ്. പഴയ ദീപസ്തംബങ്ങൾ പിഴുതെടുത്ത് പുതിയ വിളക്കുകാലുകൾ നട്ടു പിടിപ്പിക്കുന്നതിനിടയിൽ ഇതെല്ലം സ്വാഭാവികം.
ഞങ്ങൾ വളർന്ന് വന്ന കാലഘട്ടത്തിന്ന് വെളിച്ചം പകർന്ന കുറച്ച് മനുഷ്യരുണ്ടായിരുന്നു. അവർ ഞങ്ങൾക്ക് ഭൂതകാലം പറഞ്ഞു തന്നു. ദൂരെ ദൂരെ ഭാവിയിൽ സഹസ്രാബ്ദങ്ങൾക്ക് അപ്പുറത്തെ ഭൂമിയെ കാണിച്ച് തന്നു. മനുഷ്യന്റെ നിലനിൽപ്പ് മറ്റ് ജീവജാലങ്ങളുമായ് ഇഴുകിച്ചേർന്നിരിക്കുന്നത് എങ്ങിനെയാണ് എന്നവർ മനസിലാക്കി തന്നു. ക്ഷണികമായ ആയുസ്സിന്ന് അപ്പുറത്ത് കണ്ണെത്താത്തിടം വരെ പരന്നു കിടക്കുന്ന വിസ്തൃതിയായ ജീവിതമെന്ന അനന്തതയെ മനസിലാക്കി തന്നു. ജന്തുലതാതികൾക്കെല്ലാം ഒരു പോലെ ബാധകമായ ജീവിതം.
അത് ചിലപ്പോൾ വാക്കിലൂടെ. ചിലപ്പോൾ പ്രവർത്തിയിലൂടെ. നിഗൂഢ വനങ്ങൾക്ക് വേണ്ടി അവർ നിരാഹാരമിരുന്നു. സ്വാർത്ഥ മഴുവിന്ന് മുന്നിൽ സ്വന്തം ജീവൻ കാഴ്ച വെച്ച് അവർ മരങ്ങളെ പുണർന്ന് നിന്നു. വരണ്ടുണങ്ങിയ മനുഷ്യ മനസ്സുകളിലെ അവശേഷിച്ച തുരുത്തുകൾക്ക് അവർ കാവലിരുന്നു. അങ്ങിനെയും ഒരു കാലം.
ബാല്യത്തിലെ ഓർമ്മകൾ കയറി ഇരുന്നു വിലസിയിരുന്ന മരങ്ങളിൽ ബദാമിന്ന് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. അതിന്നടുത്ത് നിന്നിരുന്ന അരിനെല്ലി മരത്തിൽ നിന്ന് പറിച്ച നെല്ലിക്കായ്കളും താഴെ നിന്നു പെറുക്കി കാ ചതച്ചെടുത്ത പരിപ്പും ചവച്ച് അതിന്റെ ശാഖിയിൽ എത്രയോ അലസ അപരാഹ്നങ്ങൾ ചിലവാക്കിയിട്ടുണ്ട്. ആ ഓർമ്മകൾക്കൊരു സ്മാരകം എന്നോണം ക്ലബ്ബിലെ വൃക്ഷതൈ വിതരണത്തിനിടയിൽ അടിച്ചു മാറ്റിയ ബദാം ചെടി പത്തായപ്പുരയുടെ മുൻവശത്ത് തന്നെ നട്ടു. നാട് വിട്ട് പോകുമ്പോൾ ഞാൻ ലതയെ ഒരൊറ്റ കാര്യം മാത്രമാണ് ഏൽപ്പിച്ചത്: ഈ ചെടി വാടാതെ നോക്കണം. അവൾ വെള്ളമൊഴിച്ച് പരിപാലിച്ച് അതിനെ വലിയ ഒരു മരമാക്കി വളർത്തി. അടുത്തുണ്ടായിരുന്ന കൂവളം പോയപ്പോഴും ഇതങ്ങനെ തണൽ വിരിച്ച് പരന്നു നിന്നു. ഒരു കാലം കഴിഞ്ഞ് കാടു വെട്ടി തെളിക്കൽ നടപ്പു രീതിയായ് മാറിയപ്പോൾ ബദാമും വേരോടെ പിഴുതെറിയപ്പെട്ടു. ലതയോട് ആരും ചോദിച്ചില്ല. ഞാൻ ഒട്ട് അറിഞ്ഞുമില്ല.
കോയമ്പത്തൂരിനെ അപേക്ഷിച്ച് പുലാപ്പറ്റയെ ഞാൻ കൂടുതലായി ഇഷ്ടപെടാനുള്ള കാരണം അവിടുത്തെ പച്ചപ്പും ജലധാനങ്ങളുമായിരുന്നു. പത്തായപ്പുരയിലെ അടക്കം, തൊടികളിലെല്ലാം ധാരാളം ഫലവൃക്ഷങ്ങളും കളകളും വളർന്നിരുന്നു. കിളികൾ എന്ന പോലെ അതിന്മേലെല്ലാം അവകാശം സ്ഥാപിച്ച് കഴിഞ്ഞു കൂടിയിരുന്ന കുരങ്ങന്മാരുടെ ഒരു സമൂഹവും അവിടെ ഉണ്ടായിരുന്നു. ഫലവൃക്ഷങ്ങൾ മുറിച്ച് മാറ്റിയാൽ അവയുടെ ഉപദ്രവം ഇല്ലാതാവും എന്ന തത്വപ്രകാരം ആദ്യം ഫലവൃക്ഷങ്ങളെല്ലാം മുറിച്ച് മാറ്റി. കാലം തെറ്റാതെ ഞങ്ങൾക്ക് വേണ്ടി മധുരമുള്ള കുഞ്ഞു മാങ്ങകൾ പൊഴിച്ച് തന്നിരുന്ന തെക്കേ തൊടിയിലെ കൂറ്റൻ മാവും ചുളപറിക്കൽ ചടങ്ങുകൾക്ക് രുചി പകർന്നിരുന്ന തേൻവരിക്ക പ്ലാവും ഓർമ്മയായി.
ഫലമില്ലാത്ത മരങ്ങളിൽ ഒളിച്ചിരുന്നു കുരങ്ങന്മാർ അടുക്കളയിൽ കയറി ഇഡ്ഡലി മോഷ്ടിച്ച് തിന്നാൻ തുടങ്ങി. ഉച്ചക്ക് മുതിരയുപ്പേരി കൂട്ടി ചോറുണ്ണുന്നത് ശീലമാക്കി. ഫലമില്ലാത്ത മരങ്ങളും ഇല്ലാതാക്കിയതോടെ അവർ പുലാപ്പറ്റ അങ്ങാടിയിൽ കയറി താമസമുറപ്പിച്ച് നമ്മളെപ്പോലെ കടകളിൽ നിന്നുള്ള അരിയാഹാരം ശീലിച്ച് തുടങ്ങി. കുറെ കഴിയുമ്പോൾ അവർക്ക് റേഷൻ കാർഡ് കൂടി നൽകേണ്ടി വരുമോ?
നാലുകെട്ടിന്ന് ചുറ്റുമുള്ള ദേവസ്വം ഭൂമിയിൽ തേക്കും പ്ലാവും പേരറിയാ ചെടികളും മരങ്ങളും ധാരാളമായി ഉണ്ടായിരുന്നു. ഒരുനേരം ഇരുട്ടി വെളുത്തപ്പോൾ അതെല്ലാം പോയ് ഞങ്ങളുടെ കോട്ടയിലമ്മ റബ്ബർ തോട്ട മുതലാളിയായി. നടവരവ് ഇല്ലാതായ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായുള്ള അവസാനത്തെ അടവ് എന്നത് ന്യായം.
കളകൾ എന്ന് നമ്മൾ പറഞ്ഞ് തള്ളുന്ന ഓരോ ചെടിക്കും പ്രകൃതിയുടെ നടത്തിപ്പിൽ അതിൻറെതായ പ്രാധാന്യം ഉണ്ട്. പരസ്പര പൂരകങ്ങളായ അതിജീവന സമവാക്യങ്ങൾ അവയില്ലാതെ തുല്യത നേടില്ല. ഓരോ മണൽത്തരിയും രൂപപ്പെട്ടു വരാൻ സഹസ്രാബ്ദങ്ങൾ വേണ്ടിവരും എന്നാണ് കണക്ക്. ഓരോ വിത്തും വളർന്ന് വന്മരമായി വരാൻ നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് വേണ്ടിവരും. വെറും അറുപത് കൊല്ലത്തെ ആയുസ്സ് പോലും അവകാശപ്പെടാനില്ലാത്ത മനുഷ്യൻ എത്ര വേഗമാണ് ഇതെല്ലം ഇല്ലാതാക്കുന്നത്. കാലങ്ങൾ കഴിഞ്ഞ് വരുന്ന ഒരു തലമുറ ഇതിനെല്ലാം നമ്മളെ വിചാരണ ചെയ്യുമ്പോൾ അതിന്ന് ഉത്തരം പറയാൻ ഞാൻ ഉണ്ടാവില്ല എന്നതാണ് ഇതെല്ലാം ഓർക്കുമ്പോൾ തോന്നുന്ന ഏക ആശ്വാസം.
വിദൂരമല്ലാത്ത ഭാവിയിൽ കടലെടുത്ത കരയുടെ ഒരറ്റത്ത് നിന്ന് ഒരു മുത്തശ്ശി താൻ അവിടെയെല്ലാം ഓടിനടന്ന കഥകൾ തൻ്റെ പേരക്കിടാങ്ങൾക്ക് പറഞ്ഞ് കൊടുക്കും. കണ്ണെത്താത്ത ഉയരത്തിലുള്ള കോൺക്രീറ്റ് കൂട്ടിൽ ഇരുന്ന് ഒരു മുത്തശ്ശൻ താഴെ താൻ കളിച്ച് ജീവിച്ച കാലത്തെ അയവിറക്കും. ഒരു അത്ഭുത കഥയെന്നോണം തലമുറകൾ ആ കഥകൾ കേട്ടുകൊണ്ടിരിക്കും. കാലമെത്രയായാലും കഥകൾക്ക് കേൾവിക്കാർ ഉണ്ടാവും. കഥയ്ക്കുള്ള കാരണങ്ങൾ അപ്പോൾ ഉണ്ടാവില്ലെങ്കിലും.
ഞാൻ പറയാൻ വന്നത് ഇത്രയേ ഉള്ളു. സുന്ദർ ലാൽ ബഹുഗുണ മരിച്ചു. ആദരാഞ്ജലികൾ.

നന്നായിട്ടുണ്ട് 👍
ReplyDeleteUnn pondror ullavarai iyarkkaikku illai maranam
ReplyDeletethanks sunil
Deleteആദരാഞ്ജലികൾകൾ 🌹 അത്തിമരച്ചോട്ടിൽനിന്ന് ....🌿🌿🌿🌿👍👍
ReplyDeletethanks imbi.
Deleteപരരേതന് ആദരാഞ്ജലികൾ.
ReplyDeletenice Das
ReplyDeletethank you
DeleteExcellent Krishna,an eye opening tribute.
ReplyDeletethank you suresh
DeleteThis comment has been removed by the author.
ReplyDeleteതറവാട്ടിലെ മുത്തശ്ശിമാവിൻ്റേയും, തേൻവരിക്ക പ്ലാവിൻ്റേയും ,അതിൽ വസിച്ചിരുന്ന കുരങ്ങന്മാരിലൂടേയും വലിയൊരു പരിസ്ഥിതി ആവാസ വ്യവസ്ഥയെക്കുറിച്ച് ചിന്തിപ്പിക്കാൻ പോന്ന എഴുത്ത് ,സുന്ദർലാൽ ബഹുഗുണ അനുസ്മരണം ഗംഭീരമായി by Ganesan Kottakkal
ReplyDeleteനന്ദി ഗണേശാ
Deleteകണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന
ReplyDeleteപോലെ തന്നെ മരമുള്ളപ്പോൾ മരത്തിന്റേയും വില അറിയാതെ മനുഷ്യർ.കുന്നുകൾ കുഴിക ളായപ്പോൾ വനങ്ങൾ മൊട്ടകുന്നുകളായപ്പോൾ
അവൻ ഞെളിഞ്ഞു നിന്നു പറഞ്ഞു ഞങ്ങൾ
പരിഷ്ക്കാരികളായി വികസനമാണ് ഇതൊക്കെ
എന്ന്. പിൻ തിരിഞ്ഞു നോക്കുമ്പോൾ പ്രപ ഞ്ചം പോലും ബാക്കി കാണുമോ എന്ന സംശ യം ബാക്കി. സുന്ദർലാൽ ബഹുഗുണ എന്ന പച്ച മനുഷ്യന് പ്രണാമം.
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന
ReplyDeleteപോലെ തന്നെ മരമുള്ളപ്പോൾ മരത്തിന്റേയും വില അറിയാതെ മനുഷ്യർ.കുന്നുകൾ കുഴിക ളായപ്പോൾ വനങ്ങൾ മൊട്ടകുന്നുകളായപ്പോൾ
അവൻ ഞെളിഞ്ഞു നിന്നു പറഞ്ഞു ഞങ്ങൾ
പരിഷ്ക്കാരികളായി വികസനമാണ് ഇതൊക്കെ
എന്ന്. പിൻ തിരിഞ്ഞു നോക്കുമ്പോൾ പ്രപ ഞ്ചം പോലും ബാക്കി കാണുമോ എന്ന സംശ യം ബാക്കി. സുന്ദർലാൽ ബഹുഗുണ എന്ന പച്ച മനുഷ്യന് പ്രണാമം.
athe. ravile maranam arinjppol muthal thoniyathayirunnu ezhuthiyath.. kandalum kondalum patikkatha manushyar
Deletethanks sasi
ReplyDelete